ജാഗ്രത്, സുഷുപ്തി, സ്വപ്നം എന്ന മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകുന്നതാണ് മനുഷ്യജീവിതം. "ജാഗ്രത്" എന്നത് ഉണർന്നിരിക്കുന്ന അവസ്ഥയും "സുഷുപ്തി" എന്നത് ഉറങ്ങുന്ന അവസ്ഥയും "സ്വപ്നം" എന്നത് ജാഗ്രത്തിനും സുഷുപ്തിക്കും ഇടയിലുള്ള ഒരവസ്ഥയും ആണ്. ഉണർന്നിരിക്കുന്ന അവസ്ഥയുടെയും, ഉറങ്ങുന്ന അവസ്ഥയുടെയും ആവശ്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. ഉണർന്നിരിക്കാതെയോ ഉറങ്ങാതെയോ ആർക്കും നേരെ ചൊവ്വേ ജീവിക്കാൻ പറ്റില്ല. പക്ഷെ, സ്വപ്നം എന്ന അവസ്ഥയുടെ ആവശ്യം എന്താണ്? സ്വപ്നമെന്ന അവസ്ഥ ഉണ്ടായില്ലെങ്കിൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? സ്വപ്നം കാണാത്ത ആൾക്കാർ ഉണ്ടാവില്ല എങ്കിലും സ്വപ്നം കണ്ടില്ലെങ്കിലും ജീവിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അപ്പോൾ സ്വപ്നം എന്ന അവസ്ഥയുടെ ആവശ്യമെന്താണ്?
ആത്മാവ്
------------
"ആത്മാവ്" എന്ന വാക്കിനെ ഉപയോഗിച്ചു കൊണ്ട് മറ്റു പല വാക്കുകൾ പറയാറുണ്ടെങ്കിലും (ഉദാഹരണം: ആത്മാർഥത, ആത്മവിശ്വാസം, ആത്മനിർവൃതി), "ആത്മാവ്" എന്നത് എന്താണെന്ന് ആലോചിക്കാനോ, അതെന്താണെന്നു മനസ്സിലാക്കാനോ അധികം പേരും ശ്രമിക്കാറില്ല.. ശ്രമിച്ചാൽ വിജയിക്കാറുമില്ല. ആത്മസാക്ഷാത്ക്കാരത്തിന്.. അതായത് ആത്മാവ് എന്താണെന്ന് മനസ്സിലാക്കാനായി മനുഷ്യന് തന്നിട്ടുള്ള ഒരു താക്കോൽ പോലെയാണ് സ്വപ്നമെന്ന അവസ്ഥ.
ആത്മാവ് എന്നത് എന്താണെന്ന് define ചെയ്യാൻ പറ്റില്ലെങ്കിലും, അതെന്താണെന്ന് അനവധി ഉദാഹരണങ്ങൾ വഴി മനസ്സിലാക്കാൻ പറ്റുന്നതാണ്. ആത്മാവിനെ പറ്റി ഒരു ചെറിയ ഐഡിയ കിട്ടിയാൽ, ഉദാഹരണങ്ങളൊക്കെ ആ ഐഡിയയെ നമ്മുടെ ബുദ്ധിയിൽ ഉറപ്പിച്ചു തരും.
അടിസ്ഥാനപരമായ 2 കാര്യങ്ങൾ മനസ്സിലാക്കിയാലേ, ആത്മാവ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റൂ.. (അത് കൊണ്ട് മാത്രം മനസ്സിലാകും എന്നല്ല ഉദ്ദേശിച്ചത്)
1. നമ്മൾ കാണുന്ന, അറിയുന്ന ഈ ലോകം നിലനിൽക്കുന്നില്ല.. ലോകം സ്ഥിരമല്ല
2. സ്ഥിരമെന്ന് നമ്മൾ വിചാരിക്കുന്ന ഈ ലോകം സ്ഥിരമല്ലെങ്കിൽ പിന്നെന്താണ് ഇവിടെ സ്ഥിരമായിട്ടുള്ളത്? ആ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നതാണ്, ഇവിടെ സ്ഥിരമായി, മാറാതെ നിലനിൽക്കുന്നത് ഒന്നേയുള്ളൂ.. അതാണ് ആത്മാവ്
ഇതിൽ ഒന്നാമത്തേത് (ഈ ലോകം നിലനിൽക്കുന്നില്ല, അല്ലെങ്കിൽ സ്ഥിരമല്ല) എളുപ്പത്തിൽ മനസ്സിലാക്കിത്തരാൻ സ്വപ്നം എന്ന അവസ്ഥ സഹായിക്കുന്നു.
മനുഷ്യന്റെ പ്രവർത്തനം എങ്ങിനെയാണ്?
------------------------------------------------------
മിക്കവാറും ആൾക്കാർക്കും, "മനുഷ്യൻ" എന്ന് പറഞ്ഞാൽ/കേട്ടാൽ ശരീരത്തെ ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാനോ കാണാനോ സാധിക്കുകയുള്ളൂ. പക്ഷെ മനുഷ്യൻ വെറും ശരീരം മാത്രമല്ല. പഞ്ചേന്ദ്രിയങ്ങൾ (ആ പഞ്ചേന്ദ്രിയങ്ങളെ ഒട്ടിച്ചുവക്കാൻ മാത്രമായ ശരീരം), മനസ്സ്, ബുദ്ധി, അഹങ്കാരം (ego) എന്നിവയും അതിനൊക്കെ ആധാരമായി നിൽക്കുന്ന ആത്മാവും കൂടി ചേർന്നതാണ് ഒരു മനുഷ്യൻ.
- പഞ്ചേന്ദ്രിയങ്ങൾ എന്തൊക്കെ sense ചെയ്താലും, അത് മനസ്ഥലത്തിൽ (മനസ്സിൽ) എത്തിയാൽ മാത്രമേ നമ്മൾ അറിയുകയുള്ളൂ. (ഉറങ്ങുന്ന ഒരാളുടെ കണ്ണ് തുറന്ന് ഒരു ആപ്പിൾ കാണിച്ചു കൊടുത്താൽ അയാൾ അതറിയുന്നില്ല. കണ്ണ് കാണുന്നുണ്ട്.. പക്ഷെ മനസ്സ് അത് അറിഞ്ഞിട്ടില്ല.. കാരണം, ഉറങ്ങുന്പോൾ മനസിന്റെ പ്രവർത്തനം ഇല്ല).
- അത് പോലെ, മനോമണ്ഡലത്തിൽ (മനസ്സിൽ) എന്തെങ്കിലും എത്തിയാലും (എന്തോ കണ്ടു എന്ന അനുഭവം മാത്രം), അതെന്താണെന്നറിയാൻ ബുദ്ധി പ്രവർത്തിക്കണം. ബുദ്ധി എന്ന് പറഞ്ഞാൽ ജീവിതാനുഭവങ്ങളിലൂടെ ഉണ്ടായിട്ടുള്ള അനുഭവ വിജ്ഞാന സന്പത്തും ആ അനുഭവ സന്പത്തുകളെ എങ്ങനെ ഉപയോഗിക്കണം എന്ന ധാരണയും ആണ് (മനോമണ്ഡലത്തിൽ എന്തോ ഒരു സാധനം കണ്ടു എന്ന തോന്നൽ എത്തിയാലും, അതൊരു ആപ്പിൾ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്, "എന്താണ് ഒരു ആപ്പിൾ? അതെങ്ങനെയിരിക്കും?" എന്നൊക്കെയുള്ള പൂർവകാല അനുഭവസന്പത്ത് കാരണമാണ്).
- എല്ലാവരിലും ഉള്ളതാണ് "ego" അല്ലെങ്കിൽ അഹങ്കാരം.. "എന്ത് കണ്ടു" എന്നത് പഞ്ചേന്ദ്രിയങ്ങളും, മനസ്സും ബുദ്ധിയും കൂടി അറിയിച്ചു തരുന്നു. .. പക്ഷെ "ആരാണ് കണ്ടത്?". "ഞാൻ കണ്ടു" എന്ന് പറയുന്പോൾ അതിലെ "ഞാൻ" എന്ന് പറയുന്നതാണ് ego അല്ലെങ്കിൽ അഹങ്കാരം. ഇപ്പറഞ്ഞ ഈ "ഞാൻ" --> "എന്റെ സാധനം", "എന്റെ കഴിവ്", "എന്റെ കാർ" എന്നൊക്കെ പറയുന്പോൾ ഉദ്ദേശിക്കുന്ന ആ "ഞാൻ" ആണ്. ആ അഹങ്കാരത്തിന്റെ പ്രകടനം ആണ് ബുദ്ധിയിലൂടെ മനസ്സിലും മനസ്സിലൂടെ ഇന്ദ്രിയങ്ങളിലും പ്രകടം ആകുന്നത്. ("ഞാൻ എന്തോ വലിയൊരു സംഭവം ആണെന്ന്", അല്ലെങ്കിൽ "ഇതെല്ലാം ഏന്റെയാണ്", "എന്റെ കുട്ടികൾ മിടുക്കന്മാരാകണം" എന്നൊക്കെ കരുതി ജീവിക്കുന്ന ആൾക്കാർ ഉദ്ദേശിക്കുന്ന തരത്തിലുള്ള "ഞാൻ" or False Self)
- പഞ്ചേന്ദ്രിയങ്ങൾക്ക് അധിഷ്ഠാനമായി മനസ്സും, മനസ്സിന് അധിഷ്ഠാനമായി ബുദ്ധിയും, ബുദ്ധിക്ക് അധിഷ്ഠാനമായി അഹങ്കാരവും നിലനിൽക്കുന്നു. ("ഒന്നിന് അധിഷ്ഠാനം മറ്റൊന്ന്" എന്നത് "കപ്പലിന്റെ അധിഷ്ഠാനം നങ്കൂരം" എന്ന പോലെ കണക്കാക്കാം). മാറ്റത്തിന് വിധേയമായ എന്തിനും, മാറ്റമില്ലാത്ത (അല്ലെങ്കിൽ മാറ്റം താരതമ്യേന കുറഞ്ഞ) ഒരു അധിഷ്ഠാനം ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു വൃത്തം വരക്കണമെങ്കിൽ, അതിന്റെ സെന്റർ പോയന്റിൽ കോംപസ്സ് സ്‌ഥിരമായി കുത്തിനിർത്തി വേണം വരക്കാൻ, എന്ന പോലെ.. പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും അപ്പുറത്താണ്, ഇപ്പറഞ്ഞ എല്ലാറ്റിനും fundamental ആയിട്ടുള്ള അധിഷ്ഠാനം ആയിട്ടുള്ള ആത്മാവ് ഉള്ളത്. ആ ആത്മാവ് ആണ് ശരിയായ "ഞാൻ". (True Self). അതിന് യാതൊരു മാറ്റവുമില്ല... കുലുങ്ങാത്ത, ഇളകാത്ത നങ്കൂരമാണത്.
മനുഷ്യൻ --> ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ്
ജാഗ്രത്, സുഷുപ്തി, സ്വപ്നം എന്നീ അവസ്ഥകളിലെ മനുഷ്യന്റെ പ്രവർത്തനം
---------------------------------------------------------------------------------------------
ഇത് വരെ എഴുതിയത്
- മനുഷ്യന്റെ പ്രവർത്തനങ്ങളിൽ പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും (ego) ഉള്ള റോൾ
- ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന മനുഷ്യന്റെ മൂന്ന് അവസ്ഥകൾ
ഓരോ അവസ്ഥയിലും ഏതൊക്കെ ഘടകങ്ങൾ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
ജാഗ്രത്തിൽ --> പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, അഹങ്കാരവും പ്രവർത്തിക്കുന്നു. (നമ്മൾ ഉണർന്നിരിക്കുന്പോൾ കണ്ണ്, മൂക്ക്, ചെവി, ത്വക്ക്, നാക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടും, മണത്തിട്ടും, കേട്ടും, സ്പർശിച്ചും, രുചിച്ചും ചുറ്റുപാടുകളോട് ഇടപഴകുന്നു. മനസ്സ് വഴി ഇന്ദ്രിയങ്ങൾ എന്തോ sense ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. ബുദ്ധിയുടെ സഹായം വഴി മനസ്സിൽ sense ചെയ്തത് എന്താണെന്ന് അറിയുന്നു)
സുഷുപ്തിയിൽ --> പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, അഹങ്കാരവും പ്രവർത്തിക്കുന്നില്ല (നല്ല ഉറക്കത്തിലാണെങ്കിൽ ചുറ്റുവട്ടത്തിൽ എന്തുണ്ടായാലും നമ്മളറിയില്ല. അതിനു കാരണം, പഞ്ചേന്ദ്രിയങ്ങൾ ചുറ്റുപാടുമായി ഇടപഴകുന്നില്ല എന്നതാണ്. മനസ്സും ബുദ്ധിയും പ്രവർത്തിക്കുന്നുമില്ല)
സ്വപ്നത്തിൽ --> പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നില്ല. പക്ഷെ, മനസ്സും, ബുദ്ധിയും, അഹങ്കാരവും പ്രവർത്തിച്ചേക്കും. (ഉറക്കത്തിനിടയിലെ ഒരവസ്ഥയാണ് സ്വപ്നം. പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കാത്തത് കൊണ്ട്, സ്വപ്നത്തിൽ ചുറ്റുവട്ടത്ത് നടക്കുന്നതൊന്നും നമ്മൾ അറിയുന്നില്ല. പക്ഷെ, മനസ്സിന്റെയും ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും പ്രകടനങ്ങൾ കാരണമാണ് പലതും സ്വപ്നത്തിൽ കാണുന്നത്)
ആത്മാവ് എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി മനസ്സിലാക്കേണ്ട 2 അടിസ്ഥാനകാര്യങ്ങളിൽ ആദ്യത്തേതിലേക്ക് കടക്കാം....
നമ്മൾ കാണുന്ന ലോകം സ്ഥിരമല്ല.. അത് നിലനിൽക്കുന്നില്ല
----------------------------------------------------------------------------------
സ്വപ്നത്തിൽ, ഓരോരുത്തരും വേറെയെന്തോക്കെയോ ആകുന്നു. നമ്മൾ കാണാത്ത കാര്യങ്ങൾ കാണുന്നു. വേറെയൊരു ചുറ്റുപാടിൽ എത്തുന്നു. സ്വപ്നം എന്ന അവസ്ഥയിൽ നിന്ന് പുറത്തു വന്നാൽ, അത് വരെ സ്വപ്നത്തിൽ കണ്ട ലോകം പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. അപ്പോൾ അത് വരെ സ്വപനത്തിൽ കെട്ടിപ്പൊക്കിയ ലോകം എന്തായിരുന്നു? സ്വപ്നം കാണുന്ന സമയത്ത് എല്ലാം ശരി എന്ന് തോന്നിപ്പിക്കുന്ന സ്ഥിരമായി നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ആ ലോകം, ഒരു സ്വിച്ച് ഇട്ടപോലെ പെട്ടെന്ന് ഇല്ലാതാകുന്നു. അതായത്, സ്വപ്നത്തിൽ കാണുന്ന ആ ലോകം സ്ഥിരമല്ല.. അത് നിലനിൽക്കുന്നില്ല. സ്വപ്നത്തിൽ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നില്ല... മനസ്സും ബുദ്ധിയും അഹങ്കാരവും കൊണ്ട് ഉള്ളിൽ രചിച്ച ലോകമാണത്. ആ ലോകത്തിന് സ്ഥിരത ഇല്ല. അപ്പോൾ സ്വപ്നത്തിൽ കാണുന്ന ലോകം എന്താണ്? നമ്മൾ എവിടേക്കും പോകാതെ, കിടക്കുന്ന സ്ഥലത്ത് തന്നെ കിടന്ന്, ബാഹ്യമായ ഒന്നിന്റെയും ഇടപെടലുകൾ ഇല്ലാതെ ഉണ്ടാകുന്ന ആ ലോകം... നമ്മുടെ ഒരംശം തന്നെയാണ്.. ചുരുക്കത്തിൽ പറഞ്ഞാൽ, സ്വപ്നത്തിൽ നമ്മൾ കാണുന്നത് "നമ്മളെ" തന്നെയാണ്... അല്ലെങ്കിൽ സ്വപ്നത്തിൽ നമ്മൾ കാണുന്ന ലോകം "നമ്മൾ" തന്നെയാണ്.
ചുരുക്കം: സ്വപ്നലോകത്തിൽ കാണുന്ന ലോകത്തിന് സ്ഥിരതയില്ല... സ്വപ്നത്തിൽ കാണുന്ന ലോകം നമ്മൾ തന്നെയാണ്..
ജാഗ്രത് : ഉണർന്നിരിക്കുന്പോഴും ഇത് തന്നെയല്ലേ സംഭവിക്കുന്നത്. ആകെയുള്ള വ്യത്യാസം, ഉണർന്നിരിക്കുന്പോൾ പഞ്ചേന്ദ്രിയങ്ങൾ വഴി ഉണ്ടാകുന്ന sensations അനുസരിച്ച് മനസ്സും ബുദ്ധിയും അഹങ്കാരവും നമ്മുടെ ഉള്ളിൽ ഒരു ലോകം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്.. ഡൊണാൾഡ് ട്രംപ് നല്ലവനാണോ അല്ലയോ എന്നത്..? ഡൊണാൾഡ് ട്രംപ് ചെയ്തു കൊണ്ടിരുന്ന കാര്യം ഏതായാലും, ഓരോരുത്തരുടെയും മനസ്സിന്റെയും ബുദ്ധിയുടെയും അവസ്ഥ അനുസരിച്ച്, ചിലർ "അയാൾ നല്ലവനാണെന്നും", "ചിലർ അയാൾ ചീത്തയാൾ" ആണെന്നും പറയുന്നു. അങ്ങിനെ, ഈ ദൃശ്യലോകത്തിൽ (അല്ലെങ്കിൽ ബാഹ്യലോകത്തിൽ) എല്ലാവരും കാണുന്ന/കേൾക്കുന്ന ഡൊണാൾഡ് ട്രംപ് ഒരാളെ ഉള്ളൂ, പക്ഷെ അവനവന്റെ മനസ്സും, ബുദ്ധിയും, അഹങ്കാരവും വഴി ഉള്ളിൽ ഓരോരുത്തരും ഉണ്ടാക്കുന്ന/രചിക്കുന്ന ലോകം വേറെ ആകുന്നു എന്ന് മാത്രം. അതായത്, നമ്മുടെ ശരീരത്തിന് പുറത്തു നാം കാണുന്ന ഈ ലോകത്തിൽ (ദൃശ്യലോകം അല്ലെങ്കിൽ ബാഹ്യ ലോകം) എന്തൊക്കെ ഉണ്ടായലും, നമ്മുടെ ലോകം എന്ന് പറയുന്നത്, നാം തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്നതാണ്. സ്വപ്നലോകത്തിന് സ്ഥിരത ഇല്ല എന്ന് പറഞ്ഞ പോലെ, ജാഗ്രത് അവസ്ഥയിൽ ഉള്ള നമ്മുടെ ലോകത്തിനും സ്ഥിരത ഇല്ല.. ജാഗ്രത് അവസ്ഥയിൽ കാണുന്ന ലോകം ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയല്ലേ? ഉദാഹരണത്തിന്, ബാല്യത്തിൽ കണ്ടപോലെ അല്ല പലതും കൗമാരത്തിലും യവ്വനത്തിലും വാർദ്ധക്യത്തിലും കാണുന്നത്. അത് പോലെ ഇന്ന് ഡൊണാൾഡ് ട്രംപിനെ സപ്പോർട്ട് ചെയ്തവർ പിന്നീട് അയാളെ സപ്പോർട്ട് ചെയ്യുന്നില്ല എന്നതും..
ചുരുക്കം: സ്വപ്നലോകത്തിലെന്ന പോലെ ജാഗ്രത്തിൽ കാണുന്ന ലോകത്തിനും സ്ഥിരതയില്ല... ജാഗ്രത്തിൽ കാണുന്ന ലോകവും നമ്മൾ തന്നെയാണ്... (പഞ്ചേന്ദ്രിയ പ്രേരിതമായി ജാഗ്രത്തിൽ ലോകമുണ്ടാകുന്നു.. എന്നേയുള്ളൂ... ലോകം സൃഷ്ടിക്കുന്നത് മനസ്സും ബുദ്ധിയും അഹങ്കരവുമാണ്... അത് നമ്മൾ തന്നെയാണ്)
ചുരുക്കം:
- "ഉണർന്നിരിക്കുന്പോൾ പഞ്ചേന്ദ്രിയങ്ങളുടെ influence കാരണം മനസ്സും ബുദ്ധിയും അഹങ്കാരവും ഒരു ലോകം ഉള്ളിൽ രചിക്കുന്നു". പക്ഷെ, "സ്വപ്നത്തിൽ, പഞ്ചേന്ദ്രിയങ്ങളുടെ influence ഇല്ല്ലാതെ തന്നെ മനസ്സും ബുദ്ധിയും അഹങ്കാരവും ഒരു ലോകം ഉള്ളിൽ രചിക്കുന്നു".
- സ്വപ്നം എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ആ ലോകം സ്‌ഥിരത ഇല്ലാത്തതാണെന്ന് നമുക്കറിയാം.. അത് പോലെ ഉണർന്നിരിക്കുന്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ലോകം സ്‌ഥിരത ഇല്ലാത്തതാണ്.
- "സ്വപ്നം എന്ന അവസ്ഥയിൽ ഉണ്ടാക്കിയ ആ ലോകം നമ്മൾ തന്നെയാണ്", അത് പോലെ "ഉണർന്നിരിക്കുന്പോൾ നമ്മൾ ഉണ്ടാക്കിയ ലോകവും നമ്മൾ തന്നെയാണ്'. ഏത് അവസ്ഥയായാലും നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ലോകം നമ്മൾ തന്നെയാണ്.
ഈ സത്യങ്ങൾ മനസ്സിലാക്കിത്തരാനാണ് "സ്വപ്നം" എന്ന ഒരവസ്ഥ... സ്വപ്നം എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലോകത്തിന് സ്ഥിരത ഇല്ലെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. അത് വഴി ഉണർന്നിരിക്കുന്ന അവസ്ഥയിലുണ്ടാകുന്ന ലോകത്തിനും സ്ഥിരത ഇല്ലെന്ന് മനസ്സിലാക്കാം. ഉണർന്നിരിക്കുന്ന അവസ്ഥ മാത്രമേ ഉള്ളൂ എങ്കിൽ ഇങ്ങനെ താരതമ്യം ചെയ്തു എളുപ്പത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
(ഇതിന്റെ ചില പ്രായോഗിക വശങ്ങൾ...
നമ്മൾ ഒരാളെ വെറുക്കുന്നു. അയാളെ പറ്റി മോശമായ കാര്യങ്ങൾ പറയുന്നു. മറ്റെയാൾ ഇതൊന്നും അറിയുന്നില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ തന്നെയാണ് സ്വയം ദുഷിക്കുന്നത് എന്ന സന്ദേശത്തോടെയുള്ള മെസ്സേജുകൾ സോഷ്യൽ മീഡിയയിലും ബുക്കുകളിലും കണ്ടിട്ടുണ്ടാകും. എന്താണ് അവിടെ സംഭവിക്കുന്നത്? മുൻപ് എഴുതിയ പോലെ, "നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ലോകം - മറ്റൊരാളെ പറ്റി മോശമായി കാണുന്ന ലോകം - നമ്മൾ തന്നെയാണ്"... അതായത്, നമ്മൾ തന്നെയാണ് അവിടെ "മോശമായ ഘടകം")
സുഷുപ്തി : ഉറങ്ങുന്ന സമയത്ത് ഉള്ളിൽ ഒരു ലോകമേ ഇല്ല. ഉണർന്നിരിക്കുന്പോൾ ഉണ്ടായിരുന്ന ആ ലോകം പൂർണ്ണമായി അതില്ലാതാകുന്നു.പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും ഒന്നും അവിടെ പ്രവർത്തിക്കുന്നില്ല.
ജാഗ്രത്തിൽ --> നമ്മൾ ഇടപഴകുന്ന സ്ഥിരമായ ഒരു ലോകമുണ്ടെന്ന് തോന്നുന്നു
സുഷുപ്തിയിൽ --> ജാഗ്രത്തിൽ കണ്ടിരുന്ന സ്ഥിരമായ ലോകം ഇല്ലാതാകുന്നു.
സ്വപ്നത്തിൽ --> ഉണ്ടാകുന്ന, സ്ഥിരമെന്ന് തോന്നിപ്പിക്കുന്ന ലോകം, സ്വപ്നത്തിൽ നിന്ന് പുറത്തു വന്നാൽ പെട്ടെന്ന് ഇല്ലാതാകുന്നു.
ഏതാവസ്ഥയായാലും നമ്മൾ കാണുന്ന, ഉള്ളിൽ രചിക്കുന്ന, സ്ഥിരമായി നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ലോകം.. അത് സ്‌ഥിരമല്ല.
സ്‌ഥിരമല്ലാത്തതിന് നിലനിക്കണമെങ്കിൽ, അതിനേക്കാൾ സ്ഥിരമായ ഒരു അധിഷ്ഠാനം ആവശ്യമാണ്. വൃത്തം വരക്കാൻ കോംപസ്സ് സെന്റർ പോയിന്റിൽ ഉറപ്പിച്ചു പിടിക്കുന്ന പോലെ. ആകാശത്തു പറക്കുന്ന പട്ടത്തിന്റെ നൂല് താഴെ നിന്ന് പിടിക്കുന്ന പോലെ. (സെന്റർ പോയിന്റിൽ നിന്ന് കോംപസ്സ് മാറിയാൽ വൃത്തമാകില്ല വരക്കപ്പെടുന്നത്... നൂലിന്മേലുള്ള പിടി വിട്ടാൽ പട്ടം അതിന്റെ വഴിക്കു പോകും). ഈ ഒരറിവ്, സ്‌ഥിരമായ ആ അധിഷ്ഠാനത്തെ മനസ്സിലാക്കാൻ ആവശ്യമാണ്. ആ അറിവ് ഉണ്ടാക്കിത്തരുന്നതിന് സ്വപ്നം എന്ന അവസ്ഥ സഹായിക്കുന്നു. സ്വപ്നത്തിലുണ്ടാകുന്ന ലോകത്തിനെന്ത് പറ്റുന്നു (സ്ഥിരത ഇല്ലായ്മ) എന്ന് മനസ്സിലാക്കി ബാക്കി അവസ്ഥകളിലും ഉണ്ടാകുന്ന ലോകത്തിനു എന്ത് പറ്റുന്നു (അതിനും സ്ഥിരത ഇല്ലായ്മ) എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നു..
സ്ഥിരമെന്ന് കരുതപ്പെടുന്ന ലോകം സ്ഥിരമല്ലെങ്കിൽ പിന്നെന്താണ് ഇവിടെ സ്ഥിരമായിട്ടുള്ളത്?
സ്‌ഥിരമായി നിൽക്കുന്നതാണ് ആത്മാവ്
----------------------------------------------------
സുഷുപ്തി: ഉറക്കത്തിൽ ഇന്ദ്രിയങ്ങളും, ബുദ്ധിയും, മനസ്സും, അഹങ്കാരവും പ്രവർത്തിക്കുന്നില്ല. പക്ഷെ ഉറക്കമെണീറ്റാൽ ഉറങ്ങി എന്ന് നമുക്കറിയാം. അപ്പോൾ ഉറങ്ങുന്ന സമയത്ത്, ഉറങ്ങാതെ നിൽക്കുന്ന എന്തോ ഉള്ളിലുള്ളത് കൊണ്ടാണ്, ഉറക്കമെണീറ്റാൽ ഉറങ്ങി എന്ന് മനസ്സിലാക്കിത്തരുന്നത്. അതായത്, ഉറക്കത്തിന് സാക്ഷിയായി നിൽക്കുന്ന എന്തോ നമ്മുടെ ഉള്ളിലുണ്ട്... അതാണ് ആത്മാവ്..
സ്വപ്നം: ഇതേ ആത്മാവ് തന്നെയാണ് സ്വപ്നം കാണുന്പോൾ നമ്മുടെ ഉള്ളിൽ സാക്ഷി ആയി നിൽക്കുന്നത്. മനസ്സും ബുദ്ധിയും അഹങ്കാരവും സ്വപ്നത്തിന് കാരണം ആയേക്കാമെങ്കിലും, ചിലപ്പോൾ സ്വപ്നത്തിൽ നിന്നെണീറ്റ ഉടനെ സ്വപ്നം കണ്ടെന്ന് മനസ്സിലാകുമെന്നു മാത്രമല്ല, സ്വപ്നത്തിൽ എന്താണ് കണ്ടതെന്ന് വ്യക്തമായി ഓർമ്മയുമുണ്ടാകും. അങ്ങനെയുള്ള അവസ്ഥയിൽ സ്വപ്നത്തിന്റെ ഒരു impression ബുദ്ധിയിൽ (ചിത്തം ഓർ മെമ്മറിയിൽ) പതിഞ്ഞിരിക്കുന്നു എന്നർത്ഥം. മറ്റു ചിലപ്പോൾ, സ്വപ്നത്തിൽ നിന്നെണീറ്റ ഉടനെ സ്വപ്നം കണ്ടെന്ന് മനസ്സിലാകുകയും പക്ഷെ സ്വപ്നത്തിൽ എന്താണ് കണ്ടതെന്ന് ഓർമ്മയുണ്ടാകുകയുമില്ല. എന്താണ് സ്വപ്നം കണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നത് ബുദ്ധി (ചിത്തം ഓർ മെമ്മറി) ആണെങ്കിലും, സ്വപ്നം കണ്ടു എന്ന് മനസ്സിലാക്കിത്തരുന്നത് മനസ്സോ ബുദ്ധിയോ അല്ല. അത് മനസ്സിലാക്കിത്തരുന്നത് , സ്വപ്നത്തിന് സാക്ഷി ആയി നിൽക്കുന്ന ആത്മാവാണ്
ജാഗ്രത്: ഇത് തന്നെയാണ് ഉണർന്നിരിക്കുന്പോഴും സംഭവിക്കുന്നത്. ഉറക്കത്തിൽ പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, അഹങ്കാരവും ഒന്നും പ്രവർത്തിക്കുന്നില്ലെങ്കിലും, ആ ഒന്നുമില്ലാത്ത അവസ്ഥക്ക് ആത്മാവ് സാക്ഷി ആയി നിൽക്കുന്നു. സ്വപ്നത്തിൽ, പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിലും, പ്രവർത്തിക്കുന്ന മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും സാക്ഷി ആയി ആത്മാവ് നിൽക്കുന്നു. ഇതിനെ ഒന്ന് കൂടി extend ചെയ്‌താൽ, ജാഗ്രത്തിൽ എന്ത് നടക്കുന്നു എന്ന് മനസ്സിലാകും. പഞ്ചേന്ദ്രിയങ്ങളുടെയും, മനസിന്റെയും, ബുദ്ധിയുടെയും, അഹങ്കാരത്തിന്റെയും പ്രവത്തനങ്ങൾക്ക് ആത്മാവ് സാക്ഷി ആയി നിൽക്കുന്നു.
എല്ലാറ്റിനും സാക്ഷി ആയി നിൽക്കുന്ന ആത്മാവ് തന്നെയാണ് എല്ലായിപ്പോഴും എല്ലാം നമ്മളെ അറിയിച്ചു തരുന്നത്.
ജാഗ്രത്തിൽ - ഉണർന്നിരിക്കുന്നവൻ
സുഷുപ്തിയിൽ - ഉറങ്ങുന്നവൻ
സ്വപ്നത്തിൽ - സ്വപ്നം കാണുന്നവൻ
ഉണർന്നിരിക്കുന്നവനും, ഉറങ്ങുന്നവനും, സ്വപ്നം കാണുന്നവനും അല്ലാതെ നാലാമതായി എന്തോ "എപ്പോഴും" ഉള്ളിലുണ്ട്.. അതിനെ "തൂരിയം" എന്ന് അറിയപ്പെടുന്നു.. അത് തന്നെയാണ് ആത്മാവ്..
PS: എനിക്ക് മനസ്സിലായി എന്ന് തോന്നിയത് എഴുതിയെന്നേ ഉള്ളൂ. നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിൽ അത് ഈ വിഷയത്തിന്റെയോ നിങ്ങളുടെയോ പ്രശ്നമല്ല. എന്റെ വിവരണത്തിന്റെ പ്രശ്നമാണ്. സ്വാമി സർവപ്രിയാനന്ദയുടെ "Who Am I" എന്ന പ്രഭാഷണം (https://www.youtube.com/watch?v=eGKFTUuJppU&t=4521s ) കേട്ടാൽ എല്ലാം വളരെ വ്യക്തമാകും