പാലാഴിയിൽ കിടക്കുന്ന ആയിരം ഫണമുള്ള അനന്തന്റെ മുകളിൽ കിടക്കുന്ന നാരായണന്റെ/മഹാവിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഉണ്ടായിട്ടുള്ള താമരയിൽ ഇരിക്കുന്ന ബ്രഹ്‌മാവ്. ഇത് പല അന്പലങ്ങളിലും പലയിടത്തും ചിത്രങ്ങളായോ കൊത്തുപണികളായോ ഒക്കെ കാണാറുണ്ട്. ഒറ്റ നോട്ടത്തിൽ യാതൊരു യുക്തിയുമിലാത്ത അന്ധമായ ഭക്തിയെ പ്രചരിപ്പിക്കുന്ന ഒരു കാര്യമായിട്ടേ ഇതിനെ കാണാൻ പറ്റൂ.
--------
പക്ഷെ, ഇത് സൃഷ്ടിയുടെ ഒരു ചിത്രീകരണമാണ്.
ആയിരം ഫണമുള്ള അനന്തൻ - ആയിരം നാളങ്ങളുള്ള അഗ്നി
പാലാഴി - വെള്ളം
നാരായണൻ - ചൈതന്യം/ഈശ്വരൻ
താമരത്തണ്ട് - പ്രാണൻ
താമര - മനസ്സ്
ബ്രഹ്‌മാവിന്റെ 4 തലകൾ - അന്തക്കരണം (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം)
----------
അഗ്നി (അനന്തൻ) -
ഏതൊരു രൂപം ഉണ്ടാകണമെങ്കിലും അഗ്നി വേണം. (ഉദാഹരണം, ഭക്ഷണം പാചകം ചെയ്യാൻ, ദഹിക്കാൻ, അത് ചോരയാകാൻ, ചോരയിൽ നിന്നും ബീജം ഉണ്ടാകാൻ, ആ ബീജം അഗ്നി വഴി ഉണ്ടായ അണ്ഡവുമായി ചേരാൻ, അങ്ങനെ ഉണ്ടായ കുട്ടി ഗർഭപാത്രത്തിൽ ചൂടോടുകൂടി വളരാൻ... നമ്മുടെ വസ്ത്രം, പാത്രം, വാഹനങ്ങൾ ഉണ്ടാക്കാൻ.... ഇങ്ങനെയിങ്ങനെ... ഏത് രൂപം ഉണ്ടാവണമെങ്കിലും അഗ്നി വേണം). അതുകൊണ്ടു ശരീരം അഗ്നിയോടു കടപ്പെട്ടിരിക്കുന്നു.
വെള്ളം (പാലാഴി) -
ഏത് ജീവി ജനിക്കണമെങ്കിലും വെള്ളത്തിന്റെ സാന്നിധ്യം വേണം. (ബീജം, അണ്ഡം ഒക്കെ വെള്ളം). ശരീരം വെള്ളത്തോടും കടപ്പെട്ടിരിക്കുന്നു.
[ 4 തരത്തിൽ ജീവൻ പ്രകടമാകുന്നു - ഗർഭത്തിലൂടെ, മുട്ടയുടെ, വിത്തിലൂടെ, ഈർപ്പത്തിലൂടെ. അഗ്നിയും വെള്ളവും ഉണ്ടെങ്കിൽ മാത്രമേ ജീവന് പ്രകടമാക്കാൻ പറ്റുകയുള്ളൂ.]
ചൈതന്യം (നാരായണൻ) -
അഗ്നിയും വെള്ളവും ഉണ്ടായത് കൊണ്ട് മാത്രം ജീവന് പ്രകടമാകാൻ പറ്റില്ല. ചൈതന്യം കൂടി ചേർന്നാലേ, ജീവൻ ഉണ്ടാവുകയുള്ളൂ.
[അഗ്നിയും, വെള്ളവും, ചൈതന്യവും ചേർന്ന് ഒരു രൂപം (ശരീരം) ഉണ്ടായി എന്ന അവസ്ഥ. പക്ഷെ, മനസ്സ് പ്രവർത്തിക്കാത്ത ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല]
പ്രാണൻ (താമരത്തണ്ട്), മനസ്സ് (താമര) -
താമരത്തണ്ട് ഉണ്ടെങ്കിലേ താമരക്ക് നിലനിൽക്കാൻ പറ്റൂ. അതുപോലെ, പ്രാണൻ ഉണ്ടെങ്കിലേ മനസ്സ് നിലനിൽക്കൂ. പ്രാണൻ പോയാൽ മനസ്സിന് നിലനിൽപ്പില്ല. പ്രാണനും മനസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ. പ്രാണനിലൂടെ മനസ്സിനെയും മനസ്സിലൂടെ പ്രാണനെയും നിയന്ത്രിക്കാം (പ്രാണായാമത്തിന്റെ അടിസ്ഥാനം)
അന്തക്കരണം (ബ്രഹ്‌മാവ്) -
താമരയിലിരിക്കുന്ന 4 തലയുള്ള ബ്രഹ്‌മാവ്, മനസ്സിന്റെ 4 തരത്തിലുള്ള പ്രവർത്തനങ്ങളെ/ഘടകങ്ങളെ (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം) സൂചിപ്പിക്കുന്നു. മനസ്സ് (നമ്മളെ ഉണർത്തുന്ന, പ്രവർത്തിപ്പിക്കുന്ന, സ്നേഹം, ദേഷ്യം ഒക്കെ ഉണ്ടാകുന്ന പ്രവർത്തനം/ഘടകം), ബുദ്ധി (പ്രശ്ന പരിഹാരം നടത്തുന്ന പ്രവർത്തനം, യുക്തി എന്ന പ്രവർത്തനം/ഘടകം), ചിത്തം (കണ്ടെത്തിയ അനുഭവങ്ങളെ ഓർത്ത് വയ്ക്കുന്ന പ്രവർത്തനം/ഘടകം), അഹങ്കാരം (മനസ്സ്-ബുദ്ധി-ചിത്തം എന്ന മൂന്നിലും ചേർന്നിരിക്കുന്ന ഞാൻ എന്ന ഭാവം, വ്യക്തിത്വം എന്ന പ്രവർത്തനം/ഘടകം). ഈ നാലിനേയും ഒരുമിച്ചു അന്തഃകരണം എന്ന് പറയുന്നു, ഇതാണ് സൂക്ഷ്മശരീരം.
അന്ധകാരണത്തിന്റെ പ്രസക്തി ഇങ്ങിനെയാണ്... ഏത് സൃഷ്ടി ഉണ്ടാകണമെങ്കിലും മനസ്സിൽ കാമമെന്ന വികാരം (ലൈംഗികമായ ആഗ്രഹമെന്നല്ല, എന്തും ചെയ്യാനുള്ള ഒരു ചോദന) ഉണ്ടാകണം. എത്ര വേണം, എങ്ങനെ വേണം, എന്തിനു വേണമെന്നൊക്കെയുള്ള തീരുമാനത്തിന് ബുദ്ധി വേണം. ചിത്തത്തിൽ നിറഞ്ഞിരിക്കുന്ന മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ പ്രവർത്തിക്കുക. അവനവന്റേതായ വ്യക്തിത്വം അല്ലെങ്കിൽ 'ഞാനെന്ന' ഭാവമില്ലെങ്കിൽ സൃഷ്ടി നടക്കില്ല. അതുകൊണ്ടു, ബ്രഹ്‌മാവ് സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാൽ, അന്തക്കരരണത്തിന്റെ പ്രവർത്തനം എന്നാണ് ഉദ്ദേശിക്കുന്നത്. അന്തക്കരണത്തെ ഒരുമിച്ച് മനസ്സ് എന്നും വിളിക്കുന്നു.. അതിനാൽ ബ്രഹ്‌മാവിന്റെ സൃഷ്ടി എന്ന് പറഞ്ഞാൽ മനസ്സിന്റെ സൃഷ്ടി എന്ന് സൂചിപ്പിക്കുന്നു. സൃഷ്ടി എന്നാൽ ഒരു മനുഷ്യക്കുഞ്ഞിനെ ഉണ്ടാക്കുക എന്ന് മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മൾ ഉണ്ടാക്കുന്നന്ന വസ്തുക്കൾ, ആശയങ്ങൾ ഒക്കെ.. നമ്മുടെ മനസ്സിന്റെ സൃഷ്ടി അല്ലെങ്കിൽ ബ്രഹ്‌മാവിന്റെ സൃഷ്ടി തന്നെയാണെന്ന് പറയാം.
-------
എല്ലാം കൂട്ടി യോജിപ്പിക്കുന്പോൾ
ജീവൻ പ്രകടമാകാൻ അവശ്യമായ അഗ്നിയിലും (അനന്തൻ) വെള്ളത്തിലും (പാലാഴി) ചൈതന്യത്തിന്റെ (നാരായണൻ) പ്രകടനമുണ്ടാകുന്പോൾ ഉണ്ടാകുന്ന രൂപത്തിൽ (ശരീരത്തിൽ) പ്രാണൻ (താമരത്തണ്ട്) വഴി നിലനിർത്തപ്പെടുന്ന മനസ്സിന് (താമര), 'മനസ്സ്,ബുദ്ധി,ചിത്തം,അഹങ്കാരം" എന്നീ നാല് ഘടകങ്ങളുണ്ട് (4 തലയുള്ള ബ്രഹ്‌മാവ്). ഇപ്പറഞ്ഞെതെല്ലാം (അഗ്നി, വെള്ളം, ചൈതന്യം, പ്രാണൻ, മനസ്സ്, അന്തഃകരണം) ചേർന്നാലേ സൃഷി ഉണ്ടാകുകയുള്ളു. അന്തഃകരണത്തിലുണ്ടാകുന്ന ചലനങ്ങളാണ് (വികാരങ്ങൾ, ചിന്തകൾ, ഓർമ്മ, ഞാനെന്ന ഭാവം) നമ്മളെ കൊണ്ട് എന്തും പ്രവർത്തിപ്പിക്കാൻ (കർമ്മം ചെയ്യാൻ) പ്രേരിപ്പിക്കുന്നത്.. അങ്ങനെയാണ് സൃഷ്ടികൾ ഉണ്ടാകുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ജീവികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യന്ത്രതുല്യനായ ഒരു മനുഷ്യനോ ദേവനോ ഒന്നുമല്ല ബ്രഹ്‌മാവ്. നമ്മുടെ മനസ്സ് തന്നെയാണ് ബ്രഹ്‌മാവ്
ചുരുക്കം
-----------
അനന്തശയനം എന്നത് സൃഷ്ടിയെ സൂചിപ്പിക്കുന്നു.
[10122022]
No comments:
Post a Comment