Friday, February 19, 2021

മഹാഭാരതം: ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി

ഭാരതത്തിലെ ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും പറ്റി ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ അനവധിയാണ്. എന്തുകൊണ്ടാണ് ഈ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത് എന്നതിനെ പറ്റി, ചരിത്രം, ഇതിഹാസങ്ങൾ, തെറ്റിദ്ധാരണകൾ എന്ന ലേഖനത്തിൽ എഴുതിയിരുന്നു. മഹാഭാരതത്തെ പറ്റിയാണ് കൂടുതൽ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നത്. അതിലെ ഏകലവ്യനെ പറ്റിയും കർണ്ണനെ പറ്റിയുമുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്നതിനായി രണ്ട് ലേഖനങ്ങൾ എഴുതിയിരുന്നു. (ദ്രോണരും ഏകലവ്യനുംകർണ്ണനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ). കർണ്ണനെയും ഏകലവ്യനെയും അത്രക്ക് മഹത്വവൽക്കരിക്കപ്പെടേണ്ട ആവശ്യമില്ല എന്ന് മഹാഭാരതം തന്നെ കാട്ടിത്തരുന്നുണ്ട്. കർണ്ണന്റെ മോശമായ വശത്തെ കാണിക്കുന്പോൾ എതിർപ്പുകൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പക്ഷെ, എന്നെ അദ്ഭുതപ്പെടുത്തിയത്, ധർമ്മസംസ്ഥാപനത്തിന് വേണ്ടി നടന്ന മഹാഭാരതയുദ്ധത്തിൽ, ധർമ്മം കൗരവരുടെ ഭാഗത്തായിരുന്നുവെന്നും, കൃഷ്ണ-പാണ്ഡവന്മാർ അധർമ്മികൾ ആയിരുന്നുവെന്നും തെറ്റായി മനസ്സിലാക്കിയിരിക്കുന്നവരും ഉണ്ടെന്നാണ്. ഒരു കഥാപാത്രത്തെ പറ്റി തെറ്റായി മനസിലാക്കുന്നു എന്നതിലുപരി, സംഭവം മുഴുവനും തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്ന അവസ്ഥ. ഈ ആശയക്കുഴപ്പത്തിന്റെ മൂലകാരണം, ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി ആരാണെന്ന് ഒരു വ്യക്തത ഇല്ലാത്തതാണ്.  

എന്റെ അഭിപ്രായത്തിൽ, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ് (ഇതിൽ ചിലതൊക്കെ ആവർത്തനമാണ്)

1. ഇതിഹാസങ്ങൾ, നാം പിന്തുടരേണ്ട ജീവിതമൂല്യങ്ങൾ എന്താണെന്നും, പിന്തുടരാൻ പാടില്ലാത്ത ചീത്ത കാര്യങ്ങൾ ഏതാണെന്നും, കാണിച്ചു തരുന്നു. സമൂഹത്തിൽ പൊതുവെ നന്മതിന്മകൾ കുറഞ്ഞ കാലഘട്ടത്തിലുണ്ടായ രാമായണത്തിൽ നന്മതിന്മകൾ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ, സമൂഹത്തിൽ, തിന്മ നന്മയെക്കാൾ മേലെ ആയിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് മഹാഭാരതം ഉണ്ടായിട്ടുള്ളത്. അതിനാൽ, മഹാഭാരതത്തിൽ ശരിയും തെറ്റും ഇടകലർന്ന് കിടക്കുകയാണ്. ശരിയേതെന്നും തെറ്റെതെന്നും വ്യക്തമായി  മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ വ്യക്തീയമായി നോക്കേണ്ടി വരും, ചിലപ്പോൾ സമാജത്തിന്റെ വീക്ഷണകോണിലൂടെ നോക്കേണ്ടിവരും. വളരെ ബൃഹത്തായ മഹാഭാരതം ഒരാവർത്തിയെങ്കിലും  വായിച്ച് ശരിയും തെറ്റും നോക്കാനൊക്കെ വളരെയധികം സമയമെടുക്കും. അത് കൊണ്ട്, കേൾക്കേണ്ടത്  കേൾക്കേണ്ട രീതിയിൽ ജ്ഞാനികളിൽ നിന്നും കേട്ടില്ലെങ്കിൽ,  വളരെയധികം തെറ്റിദ്ധാരണകൾ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അങ്ങനെ, വില്ലൻ നായകനാണെന്നും, നായകൻ വില്ലനാണെന്നും തോന്നിയേക്കാം. 

2.  ജീവിതമൂല്യങ്ങൾ ശരിയായ രീതിയിൽ പറയാനോ, എഴുതാനോ ഉള്ള ആളുകളുടെ കുറവും, അത് ജനങ്ങളെ വ്യക്തമായി മനസ്സിലാക്കിപ്പിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണെന്ന് തോന്നുന്നു, ജീവിതമൂല്യങ്ങളെ മുഴുവൻ വലിച്ചെടുത്ത് കളഞ്ഞ് വെറുമൊരു കഥ പോലെ മഹാഭാരതത്തെ പുസ്തകങ്ങളിലും, വീഡിയോകളിലുമൊക്കെ അവതരിപ്പിക്കുന്നത്. വെറുമൊരു കഥാരൂപത്തിൽ കേൾക്കേണ്ടത് കുട്ടിക്കാലത്ത് മാത്രമാണ്. കാരണം, അക്കാലത്ത് എല്ലാ ജീവിത മൂല്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. നമ്മൾ വളരും തോറും, നമുക്കുണ്ടാകുന്ന സംശയങ്ങളെ പറ്റി വിചിന്തനം നടത്തണം.  കഥ എന്ന പോലെ മാത്രം കേട്ടാൽ, ആശയക്കുഴപ്പം ഉറപ്പാണ്. 

3. അതിനുപരി, ഈ നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ട് അയ്യായിരം വർഷം   മുൻപുള്ള മഹാഭാരതത്തെ നിരൂപണം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.  വെറുമൊരു കഥ പോലെ മാത്രം മഹാഭാരതത്തെ മനസ്സിലാക്കിയാൽ, ഇക്കാലത്തെ ജീവിതരീതികളോട് സാമ്യപ്പെടുത്തി ചിന്തിക്കുന്ന രീതിയാണ് അധികവും ഉണ്ടാകുന്നത്. അത്  മഹാഭാരത്തെ പറ്റിയുള്ള ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കഴിഞ്ഞു പോയ ആ കാലഘട്ടത്തിന്റെ രീതിയിൽ ചിന്തിപ്പിച്ച്, ഈ കാലഘട്ടത്തിൽ എങ്ങനെ ധർമ്മത്തിന് വിധേയമായി ജീവിക്കാം എന്ന് മനസ്സിലാക്കിപ്പിക്കാൻ, പുസ്തകങ്ങളോ, അമർ ചിത്രകഥയോ, മഹാഭാരതം സീരിയലോ സഹായിക്കുകയില്ല. അതിന്, ജ്ഞാനികളുടെ നല്ല തത്ത്വപ്രവചനങ്ങൾ തന്നെ കേൾക്കണം. പക്ഷെ, അതിന് സമയം കണ്ടെത്തുന്നവർ വളരെ കുറവാണ്.

ഈ ഒരു പാരഗ്രാഫിൽ ഉള്ളതിന് സമാനമായി മഹാഭാരതത്തെ തെറ്റായി മനസ്സിലാക്കുന്നവരുണ്ട്.  ശന്തനുവിന്റെയും സത്യവതിയുടെയും മക്കളായിരുന്ന ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലാതെ മരിച്ചുപോയി. രാജ്യത്തിനവകാശി ഇല്ലാത്തതിനാൽ, ഭീഷ്മരോട് വിചിത്രവീര്യന്റെ ഭാര്യമാരായിരുന്ന അംബികയെയും അംബാലികയെയും വിവാഹം കഴിക്കാൻ, സത്യവതി ആവശ്യപ്പെട്ടു. ഭീഷ്മർ അത് നിരസിച്ചു. പിന്നീട് സത്യവതിയുടെ പുത്രനായ വേദവ്യാസന്റെ നിയോഗം വഴി അംബികക്കും അംബാലികക്കും, പാണ്ഡുവും ധൃതരരാഷ്ട്രരും ജനിച്ചു. മൂത്തവനാണെങ്കിലും അന്ധനായ ധൃതരാഷ്ത്രരെ രാജാവാക്കാതെ, ഭീഷ്മരുടെ സമ്മതത്തോടെ അനുഗ്രഹത്തോടെ ഇളയവനായ ബുദ്ധിമാനായ പാണ്ഡുവിനെ രാജാവാക്കി. കുറെ നാൾ കഴിഞ്ഞപ്പോൾ പാണ്ഡു കാട്ടിലേക്ക് പോകുകയും ആ സമയത്ത് ധൃതരാഷ്ട്രരെ  രാജാവാക്കുകയും ചെയ്തു. പിന്നീട് പാണ്ഡു മരിക്കുകയും, പാണ്ഡുവിന്റേതെന്ന് പറയുന്നതും, പക്ഷെ പാണ്ഡുവുമായി രക്തബന്ധം ഇല്ലാത്തതുമായ 5 മക്കളുമായി, പാണ്ഡുവിന്റെ ഭാര്യ കുന്തി ഹസ്തിനപുരത്ത് എത്തി. പാണ്ഡവരും കൗരവരും ഒരുമിച്ച് വളർന്നു. ഒന്നും അർഹിക്കാത്ത പാണ്ഡവർക്ക് ധൃതരാഷ്ട്രർ രാജ്യത്തിന്റെ പകുതി കൊടുക്കുന്നു. ചൂതുകളിയിൽ എല്ലാം നഷ്ടപ്പെട്ടു 12 വർഷം വനവാസവും ഒരു വർഷം അജ്ഞാത വാസവും ചെയ്യുന്നു. തിരിച്ചുവന്ന് അവർ അവരുടെ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു. അതിന്റെ പേരിൽ യുദ്ധമുണ്ടാകുന്നു. പാണ്ഡുവുമായി രക്തബന്ധം പോലുമില്ലാത്ത പാണ്ഡവരാണ് മഹാഭാരതയുദ്ധത്തിന് കാരണം. ദുര്യോധനൻ, തനിക്കവകാശപ്പെട്ട രാജ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ എല്ലാ രീതിയിലും പോരാടിയെന്നേയുള്ളൂ. ദുര്യോധനൻ ചെയ്തതിലൊന്നും ഒരു തെറ്റുമില്ല. 

ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി ആരാണെന്ന ആശയക്കുഴപ്പം മാത്രമാണ്, ഈ ലേഖനത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
   
തെറ്റിദ്ധാരണ 1: <പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ല >
പാണ്ഡുവുമായി രക്തബന്ധമില്ലാത്തവരാണ് പാണ്ഡവർ എന്നത് കൊണ്ട്, പാണ്ഡവർ കുരു വംശജരല്ലെന്നും, അതിനാൽ പാണ്ഡവർക്ക് രാജ്യത്തിൽ ഒരവകാശവും ഇല്ലെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ആളാണ് ദുര്യോധനൻ.  യുദ്ധത്തിന് മുൻപ്, ദൂതുമായി കൃഷ്ണൻ ദുര്യോധനനെ കാണാൻ ചെന്നപ്പോൾ, പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ലെന്ന് ദുര്യോധനൻ ശക്തമായി വാദിച്ചിരുന്നു. പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ല എങ്കിൽ കൗരവരും കുരുപരന്പരയിൽ പെട്ടവരല്ല എന്ന് കൃഷ്ണൻ ദുര്യോധനനെ ഓർമ്മപ്പെടുത്തുന്നു. കാരണം, ധൃതരാഷ്ട്രരുടെ അച്ഛനായ. വ്യാസൻ കുരുപരന്പരയിൽ പെട്ട ആളല്ല. അപ്പോൾ, ധൃതരാഷ്ട്രർക്കും ദുര്യോധനനും കുരുപരന്പര എന്ന് പറഞ്ഞ് രാജ്യം അവകാശപ്പെടാൻ പറ്റില്ല. 

തെറ്റിദ്ധാരണ 2: <ബുദ്ധിസാമർഥ്യമുള്ള പാണ്ഡു ധൃതരാഷ്ട്രരെ പറ്റിച്ചാണ് രാജാവായത്>
കുരുവംശത്തിൽ, രാജാവാകാനുള്ള കഴിവിനാണ് ജനനം/വയസ്സ് എന്നിവയേക്കാൾ പ്രാധാന്യം കൊടുത്തിരുന്നത്. (ഉദാഹരണം, ഇവരുടെയൊക്കെ പൂർവ്വികനായ ഭരതൻ, തന്റെ ഇളയ മകനാണ് രാജ്യം നൽകിയത്, യയാതി തന്റെ ഇളയ മകനാണ് രാജ്യം നൽകിയത്). അന്ധനായ ധൃതരാഷ്ട്രർക്ക് രാജ്യം ഭരിക്കാൻ  ശാരീരികമായ കഴിവില്ല എന്നത് കൊണ്ട് മാത്രമല്ല, രാജാവാകാൻ പറ്റാതിരുന്നത്. മാനസികമായും വളരെയധികം വികലതയുള്ള ആളായിരുന്ന ധൃതരാഷ്ട്രർ. മഹാഭാരതത്തിൽ, എത്രയോ ഭാഗത്ത് അത് പ്രകടമാണ്... ദുര്യോധനന്റെ എല്ലാ ദുഷ്പ്രവർത്തികളെയും ധൃതരാഷ്ട്രർ ആദ്യം എതിർക്കുകയും, പിന്നീട് പുത്രവാത്സല്യം കാരണം അതിനൊക്കെ സമ്മതിക്കുകയും ചെയ്തിരുന്നത് കാണാം. അങ്ങനെയുള്ള ഒരാളെയാണോ, രാജാവാക്കേണ്ടത്. ഇത്, മുൻകൂട്ടി മനസ്സിലാക്കിയിരുന്നത് കൊണ്ടാണ്, ധൃതരാഷ്ട്രരെ രാജാവാക്കാതിരുന്നത്. (രാജ്യത്തെക്കാൾ സ്വന്തം മക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന ഏതെങ്കിലും ഭരണാധികാരിയെ ജനങ്ങൾ ആഗ്രഹിക്കുമോ?)

തെറ്റിദ്ധാരണ 3: <ദുര്യോധനനാണ് രാജ്യത്തിന്റെ ശരിയായ അവകാശി>
പാണ്ഡു കാട്ടിൽ പോയപ്പോൾ, ധൃതരാഷ്ട്രരെ രാജാവാക്കി. പണ്ട് രാജാവാക്കാതെ എന്തിനിപ്പോൾ രാജാവാക്കി എന്ന ചോദ്യം പലർക്കുമുണ്ട്.  ധൃതരാഷ്ട്രരെയും പാണ്ഡുവിനേയും ജനിപ്പിച്ച രീതി ഓർക്കുക. ആരെങ്കിലും രാജ്യാവകാശി ആയി ഉണ്ടാകാനാണ് പാണ്ഡുവിനേയും ധൃതരാഷ്ട്രരെയും ജനിപ്പിച്ചത്. അപ്പോൾ, പാണ്ഡു പോയാൽ ധൃതരാഷ്ട്രർ രാജാവ്. ധൃതരാഷ്ട്രരെ ഒരു caretaker രാജാവായി മാത്രമേ വച്ചിരുന്നുള്ളൂ. (ഭരിച്ചത് ഭീഷ്മരായിരുന്നു). ധൃതരാഷ്ട്രർ, ദുര്യോധനനെ യുവരാജാവ് എന്ന നിലയിൽ വളർത്തി. കുറെ നാൾ കഴിഞ്ഞ് പാണ്ഡു മരിച്ചപ്പോൾ കുട്ടികളായ പാണ്ഡവരും കുന്തിയും ഹസ്തിനപുരത്ത് എത്തി. വളരെ കൊച്ചുകുട്ടികളായിരുന്ന  പാണ്ഡവർ ഒരധികാരവും ചോദിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും, അവർ വലുതായാൽ, രാജ്യത്തിന്റെ അവകാശം ചോദിക്കുമോ എന്ന ഭയം, വെറും caretaker  ആയിരുന്ന ധൃതരാഷ്ട്രർക്കും, മകൻ ദുര്യോധനനമുണ്ടായി. അവരുടെ ആ ഭയമാണ്, ദുര്യോധനൻ പാണ്ഡവർക്കെതിരെ എന്നും ദ്രോഹങ്ങൾ ചെയ്യാൻ കാരണം.

ഇതിൽ, ദുര്യോധനനാണോ യുധിഷ്ഠിരനാണോ അവകാശി എന്നതാണ് എല്ലാവർക്കും ഉള്ള സംശയം.

A. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ ഒരു caretaker രാജാവായിരുന്നു> എന്ന് കരുതുക.
  ആ രീതിയിൽ നോക്കിയാൽ, പാണ്ഡുവിന്റെ മക്കൾക്കാണ് അവകാശം 

B. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ അഭിഷിക്തനായ രാജാവായിരുന്നു> എന്ന് കരുതുക. 
അപ്പോൾ രണ്ട് പേരുടെ മക്കൾക്കും തുല്യ അധികാരമുണ്ടെന്ന രീതിയിൽ ചിന്തിച്ചാൽ, ഉള്ള മക്കളിൽ മൂത്തവനായ യുധിഷ്ഠിരനാണ് രാജാവാകാൻ അവകാശം.യുധിഷ്ഠിരന് ശാരീരികമായോ മാനസികമായോ ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്ന കാരണം. 

C. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ അഭിഷിക്തനായ രാജാവായിരുന്നു> എന്ന് കരുതുക. ഇപ്പോഴത്തെ രാജാവിന്റെ മകനാണ് രാജ്യത്തിന്റെ അവകാശിയെന്ന രീതിയിൽ ചിന്തിച്ചാൽ  ദുര്യോധനൻ ആണ് അവകാശി..  

മേല്പറഞ്ഞതിൽ, Point C യിൽ ഊന്നിയാണ്, പലരും ദുര്യോധനനാണ് അധികാരം കിട്ടേണ്ടതെന്ന് പറയുന്നത്. ഇതാണ്, തെറ്റായി മനസ്സിലാക്കുന്നവർ എത്തുന്ന conclusion.  താഴെ പറയുന്ന കാര്യങ്ങളാണ് Point C യെ support ചെയ്യാനായി പറയുന്നത് 
1. ധൃതരാഷ്ട്രർ caretaker രാജാവായിരുന്നില്ല, അഭിഷിക്ത രാജാവായിരുന്നു 
2. രാജാവായ ധൃതരാഷ്ട്രരുടെ മൂത്തമകനായത് കൊണ്ട്, ദുര്യോധനന് അധികാരം കിട്ടണം.
3. ധൃതരാഷ്ട്രരുടെ biological son ആയത് കൊണ്ട്, ദുര്യോധനന് തന്നെയാണ് അധികാരം കിട്ടേണ്ടത്. 

മുൻപ് എഴുതിയിരുന്ന പോലെ, മൂത്തമകനായത് കൊണ്ട് അധികാരം കിട്ടുമെന്ന രീതി അവരുടെ കുലത്തിൽ ഉണ്ടായിരുന്നില്ല. അതേ പോലെ തന്നെ, ധൃതരാഷ്ട്രർ കുരുവംശത്തിലെ biological സന്തതിയല്ല. അപ്പോൾ ദുര്യോധനനും കുരുവംശത്തിന്റെ biological സന്തതിയല്ല. അതിനാൽ,  ധൃതരാഷ്ട്രരുടെ biological son എന്നതിന് വലിയ പ്രസക്തിയില്ല. മേല്പറഞ്ഞ, മൂന്ന് കാര്യങ്ങളിലെ 2, 3 എന്നതിന് പ്രസക്തിയില്ലാതായി. ഇനി, ഏറ്റവും പ്രധാനപ്പെട്ട point 1. ധൃതരാഷ്ട്രർ തന്നെ ഉദ്യോഗപർവ്വത്തിന്റെ അവസാനത്തിൽ ദുര്യോധനനോട് പറയുന്നുണ്ട്,  "നീ രാജാവിന്റെ മകനല്ല, അതിനാൽ നിനക്ക് ഈ രാജ്യത്തിൽ അവകാശമില്ല. പാണ്ഡു മരിച്ചാൽ, പാണ്ഡുവിന്റെ മക്കൾക്കാണ് രാജ്യത്തിന്റെ അവകാശം. വളരെ നല്ലവനായ യുധിഷ്ഠിരനാണ് അവകാശി.... " പിന്നെയങ്ങോട്ട് യുധിഷ്ഠിരന്റെ ഗുണങ്ങളെപ്പറ്റിയും പറയുന്നു. ധൃതരാഷ്ട്രക്ക് താൻ ശരിയായ രാജാവല്ലെന്ന് അറിയാമെന്ന് മഹാഭാരതം തന്നെ പറയുന്നു. 

തെറ്റിധാരണ 3 ന്റെ വിവരണം ഇവിടെ അവസാനിക്കുന്നു. ശരിയായ അവകാശി പാണ്ഡവർ തന്നെയാണ്.

ഇനി മറ്റു കാര്യങ്ങൾ ആലോചിച്ചാൽ 

- വിചിത്രവീര്യൻ മരിച്ചപ്പോൾ, അംബികക്കും അംബാലികക്കും മക്കളില്ലാത്തത് കൊണ്ട് രാജ്യത്തിന് ഒരു അവകാശി ഇല്ലാത്ത അവസ്ഥ ഒഴിവാക്കാൻ,  സത്യവതി ശ്രമിച്ചപ്പോൾ...ശ്രമിച്ച ആ രീതിക്ക് (വ്യാസനുമായുള്ള നിയോഗം) അംഗീകാരം നൽകിയ ഭീഷ്മർ തന്നെയാണ്... ധൃതരാഷ്ട്രരെ caretaker ആക്കാനും, അതിനു ശേഷം യുധിഷ്ഠിരൻ രാജാവാകുമെന്നതുമൊക്കെ തീരുമാനിച്ചത്. ഹസ്തിനപുരത്തിന് വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് ജീവിച്ചിരുന്ന ഭീഷ്മർ, യുധിഷ്ഠിരനാണ് രാജാവാകാൻ യോഗ്യൻ എന്ന് കരുതിയിട്ടുണ്ടെങ്കിൽ, അത് തന്നെയാണ് ശരി.. അപ്പോൾ പിന്നെ ദുര്യോധനന് അതൊക്കെ അവകാശപ്പെട്ടതാണെന്ന് പറയാൻ ഒട്ടും അർഹതയില്ല.

- പാണ്ഡു മരിച്ചതിന് ശേഷം കുന്തിയും കുട്ടികളായ പാണ്ഡവരും ഹസ്തിനപുരത്ത് എത്തിയപ്പോൾ, വേദവ്യാസൻ സ്വന്തം അമ്മയായ സത്യവതിയോട്, ഇനിയിവിടെ ഈ കുലത്തിന്റെ നാശമാണ് ഉണ്ടാകാൻ പോകുന്നതെന്നും, അതിനാൽ സത്യവതിയും അംബികയും അംബാലികയും നാട് വിട്ട്  പൊയ്ക്കോളൂ എന്നും പറയുന്നുണ്ട്. കുന്തിയും പാണ്ഡവരും ഒരു കാര്യവും (രാജ്യമോ അധികാരമോ) അപ്പോൾ ആവശ്യപ്പെട്ടിരുന്നില്ല. വ്യാസനെ  അങ്ങിനെ തോന്നിപ്പിച്ചത്, അവിടെ ഉണ്ടായിരുന്ന ധൃതരാഷ്ട്രരുടെയും മക്കളുടെയും പെരുമാറ്റത്തിൽ നിന്നായിരിക്കണം. തങ്ങളർഹിക്കാത്ത കാര്യങ്ങൾ പിടിച്ചുവച്ചത് നഷ്ടപ്പെടുമോ എന്ന ഭയം ഉള്ളത് കൊണ്ടുള്ള പെരുമാറ്റം കാരണം.

- സംഭവപരന്പരയായി നോക്കുന്പോൾ... എപ്പോഴാണ് ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി പങ്ക് വച്ചത്?പാണ്ഡവർ ചോദിച്ചിട്ടാണോ അങ്ങനെ ചെയ്തത്? അല്ല. അരക്കില്ലത്തിലിട്ട് പാണ്ഡവരെ ചുട്ടുകൊല്ലാൻ ശ്രമിച്ചു. അതിൽ നിന്നും രക്ഷപ്പെട്ട് പാണ്ഡവർ ദ്രൗപദിയെ വിവാഹം കഴിച്ച് തിരിച്ച് ഹസ്തിനപുരത്തിലേക്ക് വന്നപ്പോൾ, ദുര്യോധനനും ശകുനിയും കൂടി ചെയ്ത നീചപ്രവർത്തിയിൽ നിന്ന് മുഖം രക്ഷിക്കാനും, ദുര്യോധനന് രാജാവാകാനും കൂടിയാണ്, ധൃതരാഷ്ട്രർ രാജ്യത്തിന്റെ പകുതി പാണ്ഡവർക്ക് കൊടുത്തത്. എന്നിട്ട് പറഞ്ഞത്.. "നിങ്ങൾ ഖാണ്ഡവപ്രസ്ഥാത്തിൽ പോയി ജീവിക്കൂ.. നിങ്ങളും നിങ്ങളുടെ cousins ഉം തമ്മിൽ ഇനി ഒരു പ്രശ്നമില്ലാതെ ജീവിക്കാൻ, നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ പോയി ജീവിക്കൂ". (ധൃതരാഷ്ട്രർ അവനവൻ ചെയ്ത പാപത്തിൽ നിന്ന് കൈ കഴുകി രക്ഷപ്പെടാൻ ചെയ്തത്)

ഇത് വരെ എഴുതിയതൊക്കെ, നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരണമായിരുന്നു. ഇനിയുള്ളത് ഭഗവദ് ഗീത സന്ദേശത്തിലൂടെ എന്ത് മനസ്സിലാക്കാം എന്നുള്ളതാണ്. 

ഭഗവദ് ഗീത 
----------------
മൂന്ന് വർഷം മുൻപ് വരെ, ഞാനും വളരെ തെറ്റായ രീതിയിലായിരുന്നു മഹാഭാരതത്തെ മനസ്സിലാക്കിയിരുന്നത്. എന്റെ ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കാൻ (മുഴുവനും ഇല്ലാതായി എന്ന് പറയുന്നില്ല, എങ്കിലും കുറഞ്ഞു കുറഞ്ഞു വരുന്നു) സഹായിച്ചത്, ഭഗവദ് ഗീതയാണ്.  യുദ്ധം ചെയ്യാൻ പറ്റാതെ തളർന്നിരുന്ന അർജുനന് കൃഷ്ണൻ കൊടുത്ത ഉപദേശമായിരുന്നു അത്. ഏതെങ്കിലും ആയുധം പ്രയോഗിക്കാനോ, യുദ്ധതന്ത്രങ്ങളോ ഒന്നുമല്ല കൃഷ്ണൻ പറഞ്ഞുകൊടുത്തത്. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന,  നമ്മൾ ഒരിക്കലും ശ്രദ്ധ കൊടുക്കാത്ത... മനസ്സിനെയും ബുദ്ധിയെയും പറ്റിയാണ്, കൃഷ്ണൻ അർജുനനോട് പറഞ്ഞത്. മനസ്സിനെയും ബുദ്ധിയെയും പറ്റി, പല വീക്ഷണകോണുകളിൽ നിന്നും പറയുന്നു. അർജുനന് കർമ്മം ചെയ്യാനുള്ള പ്രചോദനം ഉണ്ടാകുന്നു. ഇവിടത്തെ കർമ്മം യുദ്ധമായിരുന്നു. അർജുനൻ യുദ്ധം ചെയ്യുന്നു.  പലരും, ഭഗവദ് ഗീതയെ ഒരു കർമ്മയോഗമായി മാത്രം കരുതുന്നു. കർമ്മം, ഭക്തി, ജ്ഞാനം, ധ്യാനം, യജ്ഞം, തപസ്സ്, സന്യാസം, ഗുണങ്ങൾ, ഭക്ഷണം ഇവയൊക്കെ ഭഗവദ്ഗീതയിൽ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ അടിസ്ഥാനം മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ് എന്ന  സൂക്ഷഘടകങ്ങളാണ്. ആ രീതിയിൽ മനസ്സിലാക്കാൻ പറ്റിയാൽ (ആത്മാവ് എന്ന തലത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.. കുറഞ്ഞത്, മനസ്സ്/ബുദ്ധി/അഹങ്കാരം എന്ന തലത്തിൽ മനസ്സിലാക്കാൻ തുടങ്ങിയാൽ തന്നെ നല്ലത്), മഹാഭാരതത്തിലെ ശരി തെറ്റുകളെ വേണ്ടപോലെ മനസ്സിലാക്കാൻ എളുപ്പമാണ്, ധർമ്മം ആരുടെ ഭാഗത്താണ് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.  ഈ രീതിയിൽ മഹാഭാരതത്തെ വീക്ഷിക്കാൻ തുടങ്ങിയാൽ, ആരായിരുന്നു ഹസ്തിനപുരത്തിന്റെ അവകാശി എന്നതിനൊന്നും നമ്മൾ വിചാരിക്കുന്നയത്ര പ്രസക്തിയില്ല എന്ന് മനസ്സിലാകും.  ദുര്യോധനനായിരുന്നു ശരിയായിരുന്ന അവകാശി, അത് കൊണ്ട് ദുര്യോധനൻ ചെയ്തതൊക്കെ, സ്വന്തം അവകാശം രക്ഷിക്കാനല്ലേ എന്ന ചിന്താഗതി തന്നെ തെറ്റാണെന്ന് മനസ്സിലാകും,  ദുര്യോധനൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാകും.

PS: എനിക്ക് മനസ്സിലായി എന്ന് തോന്നുന്നതാണ് എഴുതാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ ഒരു തുടക്കക്കാരനാണ്. ചെറിയ തെറ്റുകളൊക്കെ ഉണ്ടാകാം. നമ്മളൊക്കെ ഇതിഹാസങ്ങൾ വേണ്ട പോലെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്ന ആ പ്രധാന കാര്യത്തിൽ തെറ്റൊന്നുമില്ല. 

PS: പാണ്ഡവർ എന്തിനു യുദ്ധം ചെയ്തു എന്നതിനെ പറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടില്ല. അത് പിന്നീടാകാം 

[02192021]

 

No comments:

Post a Comment