ശരീരം പ്രകൃതിയിൽ നിന്ന് വരുന്നു, മരിക്കുന്പോൾ അത് പ്രകൃതിയിലേക്ക് തന്നെ തിരിച്ചു പോകുന്നു. ഇവിടെ പ്രകൃതി എന്ന് പറഞ്ഞാൽ പഞ്ചഭൂതങ്ങളെയാണ് സൂചിപ്പിക്കുന്നത് (ഭൂമി, വെള്ളം, വായു, അഗ്നി, ആകാശം എന്നിവ). മനുഷ്യശരീരം
പഞ്ചഭൂത നിർമ്മിതമാണ്,
പഞ്ചഭൂത ആശ്രിതമാണ് (നിലനിൽക്കാൻ),
പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചു ചേരുന്നതാണ്.
ഒരു രീതിയിൽ നോക്കിയാൽ,
[ഉള്ളതിൽ നിന്നേ എന്തെങ്കിലും ഉണ്ടാവുകയുള്ളൂ],
[ഉള്ളത് തന്നെയാണ് ഉണ്ടായതിനെ നിലനിർത്തുന്നത്], മാത്രമല്ല
[ഉണ്ടായത് എന്തിൽ നിന്ന് വന്നുവോ അതിലേക്ക് തന്നെയാണ് തിരിച്ചു പോകുന്നത്].
അങ്ങനെ നോക്കിയാൽ, മനസ്സ് എവിടെ നിന്ന് വരുന്നു? അതെങ്ങോട്ടേക്ക് പോകുന്നു? മനസ്സിനെ ആര് നിലനിർത്തുന്നു? കണ്ണുകൾ കൊണ്ട് കാണാൻ പറ്റുന്ന സ്‌ഥൂലമായ ശരീരം എവിടെ നിന്ന് വന്നു, ആര് ശരീരത്തെ നിലനിർത്തുന്നു, ശരീരം എങ്ങോട്ടു പോയി എന്നൊക്കെ ഗ്രഹിക്കാൻ എളുപ്പമാണ്. പക്ഷെ, സൂക്ഷ്മമായ (പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റാത്ത) മനസ്സ് എവിടെ നിന്ന് വന്നു, എങ്ങോട്ടു പോകുന്നു, ആരാണ് മനസ്സിനെ നിലനിർത്തുന്നത് എന്നൊക്കെ ഗ്രഹിക്കാൻ എളുപ്പമല്ല.
ഭാരതീയ സംസ്കാരത്തെ ലോകത്തിലെ മറ്റുള്ള സംസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്നത് ഇതാണ്. മനസ്സ് എവിടെ നിന്ന് വന്നു, എങ്ങോട്ടു പോകുന്നു എന്ന ചോദ്യത്തിന്റെ അന്വേഷണവും അതിന്റെ കണ്ടെത്തലുകളുമൊക്കെയാണ് ഭാരതീയ സംസ്കാരത്തിന്റ അടിത്തറ. ആധുനിക ലോകവും പണ്ട് ഭാരത ദേശമല്ലാതെ മറ്റ് ദേശങ്ങളും ഭൗതിക കാര്യങ്ങളിൽ ഗവേഷണങ്ങളും, പുരോഗതിയും ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ആർഷഭാരതത്തിലെ ഋഷിമാർ മനസ്സിനെ തേടിയുള്ള അന്വേഷണമാണ് നടത്തിയിരുന്നത്. അവരുടെ കണ്ടെത്തലുകളാണ് വേദങ്ങളിൽ പ്രതിപാദിക്കുന്നത്. ഇക്കാലത്തു എത്രയൊക്കെ കാര്യങ്ങളിൽ ജനങ്ങൾ തമ്മിൽ വളരെയധികം വ്യത്യാസവും ഭേദങ്ങളും ഉണ്ടെങ്കിലും ഭാരതത്തെ ഒന്നിപ്പിച്ചു നിർത്തുന്നത് ഋഷിമാർ കണ്ടെത്തിയ സത്യങ്ങളുടെ ഒരംശം ജന്മജന്മങ്ങളായി പകർന്ന് വന്ന് ജനങ്ങളിൽ ഇപ്പോഴും ഉണ്ടെന്നതാണ്. അല്ലാതെ, ജനങ്ങളുടെ ഒത്തൊരുമയും പരസ്പര സഹനശേഷിയുമൊക്കെ നിയമം കൊണ്ടോ, ഡെമോക്രസി കൊണ്ടോ ഒന്നുമല്ല ഉണ്ടായിട്ടുള്ളത്.
--------
ശരീരം - ഉണ്ടാകുന്നു.. നിലനിർത്തപ്പെടുന്നു... തിരിച്ചു പോകുന്നു.. (എല്ലാത്തിനും ഉത്തരം പഞ്ചഭൂതങ്ങൾ). അതെ പോലെ മനസ്സിന്റെ കാര്യം നോക്കാം.
ആദ്യമായി മനസ്സ് [എവിടെ നിന്ന് വന്നു]? മനസ്സിനെ [ആര് നിലനിർത്തുന്നു] എന്ന് നോക്കാം.
ഉള്ളതിൽ നിന്നേ മറ്റൊന്ന് ഉണ്ടാവുകയുള്ളു എങ്കിൽ, മനസ്സ് മുൻപേ ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ.
- അങ്ങനെയാണെങ്കിൽ അത് നമ്മുടെ അച്ഛന്റെയോ അമ്മയുടേയോ മനസ്സിൽ നിന്നാണോ വന്നിരിക്കുന്നത്? ആണെന്ന് പറയാൻ പറ്റില്ല. കാരണം, അച്ഛനമ്മമാരുടെ മനസ്സും കുട്ടികളുടെ മനസ്സും അത്രക്കധികം വ്യത്യാസമുണ്ട്. കൂടാതെ, ഒരേ അച്ഛനമ്മമാരുടെ മക്കളുടെ മനസ്സുകൾ തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്.
- ശരീരം വന്നത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. അപ്പോൾ മനസ്സ് വന്നതും പഞ്ചഭൂതങ്ങളിൽ നിന്നാണോ? അതുമല്ല. മരിച്ചു കിടക്കുന്ന ഒരാളുടെ ശരീരം അവിടെയുണ്ട്, പക്ഷെ അത് വെറും ശവമാണ്. ശവത്തിന് ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം ആ ശരീരത്തിൽ മനസ്സില്ല.
- അപ്പോൾ ജീവനുള്ള ഒരാളുടെ അവസ്‌ഥ നോക്കുക. അയാൾ ഉറങ്ങുന്നു, ഉണരുന്നു, ഉറങ്ങുന്നു, ഉണരുന്നു... ഇതാണ് സ്‌ഥിരം നടക്കുന്നത്. ഉറങ്ങുന്ന സമയത്ത് അയാൾ ഒന്നും അറിയുന്നില്ല... (ഒരു ശവത്തിന്റെ അതെ അവസ്‌ഥ), ഉണരുന്പോൾ അയാൾ എല്ലാം അറിയുന്നു. കാരണം... ഉറങ്ങുന്പോൾ മനസ്സ് പ്രവർത്തിക്കുന്നില്ല, ഉണരുന്പോൾ മനസ്സ് പ്രവർത്തിക്കുന്നു.. ഉറങ്ങിയപ്പോൾ ഇല്ലാതായ മനസ്സ് ഉണരുന്പോൾ വീണ്ടും ഉണ്ടാകുന്നു. അല്ലെങ്കിൽ, ഉണരുന്പോൾ മനസ്സിനെ ഉണർത്തുന്നു. ആരാണ് മനസ്സിനെ ഉണർത്തുന്നത്? അതുപോലെ, ഉറങ്ങുന്പോൾ ആരാണ് മനസ്സിനെ നഷ്ടപ്പെടാതെ നിലനിർത്തിയത്? മനസ്സിനെ ഉണർത്തുന്നതും, നിലനിർത്തുന്നതും ഒരേ ഒരു ശക്തിയാണ്. ആ ശക്തിയാണ് അല്ലെങ്കിൽ ആ ചൈതന്യമാണ് ഈശ്വരൻ.
ഈശ്വരനില്ല എന്ന് പറഞ്ഞ് നടക്കുന്ന നിരീശ്വരവാദികളുടെ മനസ്സിനെയും നിലനിർത്തുന്ന ആ ശക്തിയാണ് ഈശ്വരൻ.
ശരീരം പ്രകൃതിയിൽ നിന്ന് വന്ന് പ്രകൃതിയിലേക്ക് തിരിച്ചു പോകുന്നത് പോലെ, ഈശ്വരനിൽ നിന്ന് വരുന്ന മനസ്സ്, ഈശ്വരനിലേക്ക് തന്നെ തിരിച്ചു പോകുന്നു. പക്ഷെ, തിരിച്ചുപോകുന്ന കാര്യത്തിൽ ശരീരവും മനസ്സും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നമ്മൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മരിച്ചു കഴിഞ്ഞാൽ ശരീരം പ്രകൃതിയിലേക്ക് തിരിച്ചു പോകും. പക്ഷെ, മനസ്സ് ഈശ്വരനിലേക്ക് തിരിച്ചു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈശ്വരനിലേക്ക് തിരിച്ചെത്താത്ത മനസ്സിന് മറ്റൊരു ശരീരമെടുത്തു വീണ്ടും ജനിക്കേണ്ടി വരുന്നു. ഇതിനെ പുനർജന്മം എന്ന് പറയുന്നു.
മനസ്സ്
എവിടെ നിന്ന് വന്നുവോ (ഈശ്വരനിൽ നിന്ന്) അവിടേക്ക് മനസ്സിനെ
തിരിച്ചെത്തിക്കുന്നതിനെ മോക്ഷമെന്നും പറയുന്നു. മോക്ഷമെന്നത് മരിക്കുന്പോൾ കിട്ടുന്നതല്ല, ജീവിക്കുന്പോൾ തന്നെയുണ്ടാകുന്നതാണ്. ജീവിക്കുന്പോൾ തന്നെ, മനസ്സിന് ഈശ്വരനിൽ ലയിക്കാം, ഈശ്വരനുമായി യോജിക്കാം... ഇങ്ങനെ മനസ്സിനെ ഈശ്വരനിൽ എത്തിക്കുന്നതിനെ, ഈശ്വരനുമായി യോജിപ്പിക്കുന്നതിനെയാണ്
യോഗം എന്ന് പറയുന്നത്. (യോഗ അല്ലെങ്കിൽ യോഗാസനങ്ങൾ ഒക്കെ മനസ്സിനെ
ഈശ്വരനിൽ എത്തിക്കുന്നതിന് വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താൻ
വേണ്ടിയുള്ള അഭ്യാസങ്ങളാണ്, ഇക്കാലത്ത് യോഗ എന്ന് പറഞ്ഞ് തലകുത്തിമറയുന്നവർ പലരും ഇത് മനസ്സിലാക്കാതെയാണ് എല്ലാ അഭ്യാസങ്ങളും ചെയ്യുന്നത്)
----
നമ്മൾ അനുചരിക്കേണ്ട ജീവിതരീതിയാണ് ധർമ്മം.
പ്രകൃതിയിൽ നിന്ന് വന്ന ശരീരം പ്രകൃതിയിലേക്ക് പോകുന്നത് വരെ അതിനെ
നിലനിർത്താൻ നമ്മൾ സ്വീകരിക്കേണ്ട ജീവിതരീതിയെ വ്യവഹാര ധർമ്മം എന്ന്
പറയുന്നു. ഭൂരിപക്ഷം മനുഷ്യരും മറ്റുള്ളവരുമായി ഇടപഴകുന്പോൾ പാലിക്കുന്ന ധർമ്മം. നമുക്കോരോരുത്തർക്കും സ്വയം വിലയിരുത്താം, നമ്മൾ ശരിയായിട്ടാണോ വ്യവഹാര ധർമ്മം പാലിക്കുന്നതെന്ന്.
മനസ്സിനെ എത്തിക്കേണ്ടത് നശിക്കാത്ത ശാശ്വതമായ സനാതനമായ ഈശ്വരനിലേക്കാണ്. അതിന് വേണ്ടുന്ന ജീവിതരീതിയാണ് പരമധർമ്മം അല്ലെങ്കിൽ സനാതന ധർമ്മം. വേദങ്ങളും, ഉപനിഷത്തുകളും, ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും, ഭഗവദ് ഗീതയും, ഭാഗവതവുമൊക്കെ കഥകളിലൂടെയും ജീവിതമുഹൂർത്തങ്ങളിലൂടെയും, ഈ പരമധർമ്മത്തെയാണ് കാണിച്ചു തരുന്നത്. മനസ്സിനെ ഈശ്വരനിലെത്തിക്കാൻ ഒരു മാർഗ്ഗമല്ല, കർമ്മം, ഭക്തി, ജ്ഞാനം, അഷ്ടാംഗയോഗം എന്നിങ്ങനെ അനവധി മാർഗ്ഗങ്ങൾ, ഈ ഗ്രന്ഥങ്ങൾ കാണിച്ചു തരുന്നു. ഇതാണ് ഭാരതീയ സംസ്കാരവും ലോകത്തിലെ മറ്റ് മത സംസ്കാരങ്ങളും തമ്മിലുള്ള വ്യത്യാസം. മറ്റ് മതങ്ങളിൽ, അവരുടെ പ്രവാചകൻ പറയുന്ന വഴിയല്ലാതെ മറ്റേത് വഴിയും അവർക്ക് സ്വീകാര്യമല്ല എന്ന സങ്കുചിതമനോഭാവം അവരുടെ മുഖമുദ്രയാകുന്നു. ഭാരതീയ സംസ്കാരം എന്നത് "ലക്ഷ്യമൊന്ന്, മാർഗം പലത്" എന്നതിൽ ഊന്നി നിൽക്കുന്നു.. അല്ലാതെ മറ്റു സംസ്കാരങ്ങളെ പോലെ ഒരു വ്യക്തിയിൽ ഊന്നി നിൽക്കുന്നതല്ല.
പക്ഷെ,
അങ്ങിനെയാണോ ഭൂരിഭാഗം മനുഷ്യരും ജീവിക്കുന്നത്? അല്ല... അത് കൊണ്ട് ശരീരം
മരിക്കുന്പോൾ, ശരീരം പ്രകൃതിയിലേക്ക് തിരിച്ചു പോകുമെങ്കിലും, ഈശ്വരനിൽ
നിന്ന് വന്ന മനസ്സ് ഈശ്വരനിൽ തിരിച്ചെത്തുന്നില്ല. ആ മനസ്സ് വീണ്ടും ഒരു
ശരീരമെടുത്ത് തിരിച്ചു വരുന്നു (പുനർജന്മം). പുതിയതായി ഉണ്ടായ ജന്മത്തിലും
മനസ്സ് ഈശ്വരനിൽ എത്തുന്നില്ല എങ്കിൽ, വീണ്ടും ആ മനസ്സ് പുനർജനിക്കുന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത,ഭാഗവതം എന്നിവയൊക്കെ. "സഹായിക്കുന്ന ഉപാധികൾ" മാത്രമാണ്. കാരണം, ഇവയൊക്കെ പഠിച്ചത് കൊണ്ട് മാത്രം മനസ്സ് ഈശ്വരനിൽ എത്തിച്ചേരില്ല. അതിന് അവനവൻ സ്വയം ശ്രമിക്കണം. ഈശ്വരനിൽ നിന്ന് മുഖം തിരിച്ച് ഭൗതികതയിലേക്ക് തിരിഞ്ഞു നിൽക്കുന്ന മനസ്സിനെ, ഈശ്വരനിലേക്ക് തിരിക്കാൻ ഈ ഗ്രന്ഥങ്ങൾ സഹായിക്കുന്നുവെന്ന് മാത്രം.
------
മുൻപ് പറഞ്ഞത് പോലെ,ഭാരതീയ സംസ്കാരം അന്വേഷണത്തിന്റെ സംസ്കാരമാണ്. രണ്ടു തരം അന്വേഷണങ്ങളുണ്ട്.
- മനസ്സു കൊണ്ട് മനസ്സിനെ കുറിച്ചുള്ള അന്വേഷണം (ആത്മീയത, ആത്മീയ ജ്ഞാനം)
- മനസ്സ് കൊണ്ട് മനസ്സല്ലാത്ത ലോകത്തെ കുറിച്ചുള്ള അന്വേഷണം (ഭൗതികത, ഭൗതിക ജ്ഞാനം)
സ്‌കൂളിൽ പഠിക്കുന്നതും, ജോലിസ്ഥലങ്ങളിൽ ചെയ്യുന്നതും, മറ്റുള്ളവരുമായി ഇടപഴകുന്പോൾ ഒക്കെ ഉള്ളത് ഭൗതികതയും ഭൗതിക ജ്ഞാനവും ആണ്. ഇതാണ് ഭൂരിപക്ഷം ആൾക്കാരും മനസ്സ് കൊണ്ട് നടത്തുന്ന അന്വേഷണം. പക്ഷെ, കൃഷ്ണൻ, രാമൻ, ശ്രീരാമകൃഷ്ണപരമഹംസൻ എന്നിവരൊക്കെ മനസ്സിനെ കുറിച്ചുള്ള അന്വേഷണമാണ് നടത്തിയിരുന്നത്... അവർക്കുണ്ടായ ജ്ഞാനം ആത്മീയജ്ഞാനമായിരുന്നു.
ചുരുക്കം
-----------
മോക്ഷം, പുനർജന്മം, ധർമ്മം, സനാതന ധർമ്മം, യോഗം, ആത്മീയത ഇവയൊക്കെ മനസ്സ് എവിടെ നിന്ന് വന്നു എന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കണ്ടെത്തലുകളാണ്. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ അതിലാണ് നിലനിൽക്കുന്നത്
[09292022]
No comments:
Post a Comment