Sunday, October 11, 2020

പുരുഷാർത്ഥം

ജീവിതത്തിൽ ആദ്യമായി 'പുരുഷാർത്ഥം' എന്ന വാക്കിനെ പറ്റി കേൾക്കുന്നത് 1987ൽ, ആ പേരിൽ ഒരു മലയാള സിനിമ വന്നപ്പോഴായിരുന്നു. അന്ന് ആ സിനിമ കണ്ടെങ്കിലും, സിനിമ കണ്ടു കഴിഞ്ഞപ്പപ്പോൾ "തലക്ക് മീതെ ശൂന്യാകാശം താഴെ മരുഭൂമി" എന്ന അവസ്ഥ ആയിരുന്നു. കാരണം, ഒരു ചുക്കും മനസ്സിലായില്ല.

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആണ് പുരുഷാർത്ഥം എന്നാൽ എന്താണെന്ന് മനസ്സിലാകുന്നത്. നല്ല രീതിയിൽ ഉള്ള ഒരു സമൂഹം നിലനില്കുന്നതിന് വേണ്ടി, മനുഷ്യന് നല്ല രീതിയിൽ ജീവിക്കാൻ മാർഗ്ഗദർശനം നല്കുന്ന, ഹിന്ദു ഫിലോസഫിയിലുള്ള ഒരു പ്രധാനപ്പെട്ട ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വാക്കാണ് "പുരുഷാർത്ഥം". "പുരുഷ", "അർത്ഥ" എന്നീ രണ്ടു സംസ്കൃത വാക്കുകൾ ചേർന്നുണ്ടായ ഈ വാക്കിലെ "പുരുഷ" എന്നത് മനുഷ്യനെയും (ആണ് പെണ്ണ് എന്ന വ്യത്യാസമില്ല) "അർത്ഥ" എന്നത് ലക്ഷ്യത്തെയും, അങ്ങിനെ "പുരുഷാർത്ഥം" എന്നത് "മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തേയും" സൂചിപ്പിക്കുന്നു. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് ലക്ഷ്യങ്ങൾ അല്ലെങ്കിൽ നാല് പുരുഷാർത്ഥങ്ങൾ ആണുള്ളത്. അവയെ ഒരുമിച്ച് "ധർമ്മാർത്ഥകാമമോക്ഷം" എന്ന് പറയുന്നു.
എന്താണെന്ന് വിശദീകരിക്കാം.
മോക്ഷം: മനുഷ്യന്റെ പരമമായതും ഏറ്റവും പ്രധാനമായതുമായ ലക്ഷ്യം "മോക്ഷം" ആണ്. പൊതുവെ മോക്ഷം എന്ന് പറഞ്ഞാൽ പുനർജ്ജന്മം ഇല്ലാത്ത അവസ്ഥ എന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്. പക്ഷെ ഇവിടെ പറയുന്ന 'മോക്ഷം', ജീവിച്ചിരിക്കുന്പോൾ തന്നെ നമുക്ക് ചുറ്റുമുള്ള എല്ലാത്തിൽ നിന്നും ഉള്ള ബന്ധനങ്ങൾ (bonding or attachment) ഒഴിവാക്കുക എന്നതാണ്. നമ്മൾ എല്ലാവരും നമ്മുടെ ജോലി, കുട്ടികൾ, വീട്, ഭാര്യ, മറ്റു വസ്തുക്കൾ എന്നിവക്ക് വേണ്ടി പരിശ്രമിക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ശരിയായാൽ "സന്തോഷം", അല്ലെങ്കിൽ "ദേഷ്യം", "ദുഃഖം" എന്നിവയോടു കൂടി ജീവിക്കുന്നു. അത് കൊണ്ടാണ് ജോലി, കുട്ടികൾ, വീട്, ഭാര്യ, മറ്റു വസ്തുക്കൾ എന്നിവയൊക്കെ നമുക്ക് ഈ ലോകത്തോടുള്ള ബന്ധനങ്ങൾ (attachment) ആണെന്ന് പറയുന്നത്. ആ ബന്ധനങ്ങൾ എല്ലാം ഇല്ലാതായാൽ, അതായത് അവക്കൊക്കെ (വീട്, കുട്ടികൾ.. etc) എന്ത് സംഭവിച്ചാലും നമുക്ക് അത്യാധികമായ സുഖമോ ദുഖമോ ഇല്ലാതെ ജീവിക്കാൻ പറ്റുന്ന അവസ്ഥയാണ് "മോക്ഷം" എന്ന് പറയുന്നത്. ആ ഒരു അവസ്ഥയിൽ എത്തിച്ചേരാൻ പറ്റിയാൽ, നമുക്ക് ശരിയായ ഈശ്വരനെ മനസ്സിലാക്കാം.. അല്ലെങ്കിൽ അങ്ങനെ നമുക്ക് ആത്മജ്ഞാനം നേടാം. ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്‌ഷ്യം.
കാമം: "മോക്ഷം" എന്നത് ആർക്കും അങ്ങിനെ ചാടിക്കേറി പെട്ടെന്ന് എത്താൻ പറ്റിയ ഒരു അവസ്ഥയല്ല. കാരണം, ഓരോ മനുഷ്യജീവിയും ജനിക്കുന്ന നിമിഷം മുതൽ സ്വന്തം മനസ്സിനെ ആഗ്രഹങ്ങൾ കൊണ്ട് നിറക്കുകയാണ് ചെയ്യുന്നത്. ആഗ്രഹത്തിന്റെ വിത്തുമായാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. നിലനിൽപ്പിനു വേണ്ടി ആണെങ്കിലും, മുലപ്പാലിനും സുരക്ഷിതത്വത്തിനും സ്വന്തം അമ്മയോട് ഒട്ടി നിൽക്കാനുഉള്ള ആഗ്രഹങ്ങളുമായാണ് എല്ലാവരും ജനിക്കുന്നത്. പിന്നീട് വളരുംതോറും മനുഷ്യന്റെ മനസ്സ് ആഗ്രഹങ്ങളെ കൊണ്ട് നിറയുന്നു. ഇങ്ങനെയുള്ള ആഗ്രഹങ്ങളെയാണ് "കാമം" എന്ന് പറയുന്നത്. നാം പൊതുവെ മനസ്സിലാക്കിയിട്ടുള്ള ലൈംഗികമായ ആഗ്രഹത്തെ മാത്രമല്ല "കാമം" എന്നത് കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. അത് സ്വത്തിനോടുള്ള ആഗ്രഹം ആകാം, സ്ഥലങ്ങൾ കാണാൻ ഉള്ള ആഗ്രഹം ആകാം, സ്വന്തം മകനെ പഠിപ്പിച്ച് IAS ഓഫിസർ ആക്കണം എന്ന ആഗ്രഹം ആകാം.
അർഥം: അർഥം എന്നത് കൊണ്ട് "meaning" എന്നല്ല ഉദ്ദേശിക്കുന്നത്. സന്പാദ്യം, പണം, അഭിവൃദ്ധി (wealth & prosperity) എന്നിവയെ ആണ് അർഥം എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. മുൻപ് പറഞ്ഞ "കാമം" തീരണമെങ്കിൽ നമുക്ക് വേണ്ട ഒരു പ്രധാന കാര്യം ആണ് "അർഥം". ചുരുക്കം പറഞ്ഞാൽ, കയ്യിൽ 4 കാശുണ്ടെങ്കിൽ മാത്രമേ മിക്കവാറും എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കാൻ പറ്റൂ, അല്ലെങ്കിൽ കാമത്തിന് ഒരു അവസാനം ഉണ്ടാകൂ.
ധർമ്മം: ഈ വാക്കിനെ പല രീതിയിലും വിശദീകരിക്കാം. "നാം മനസ്സിലാക്കുന്ന ഈ പ്രപഞ്ചത്തെ, അല്ലെങ്കിൽ പ്രപഞ്ചചക്രത്തെ തിരിയാനും തിരിയിക്കാനും ഉള്ള അചഞ്ചലമായ ഒരു വ്യവസ്ഥ ആണ് ധർമ്മം". ഭൂമി സൂര്യന് ചുറ്റും തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. സ്വയം തിരിയുകയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ.. ഈ രണ്ടു തിരിയലുകളും നിന്ന് പോകുന്ന ഒരു സമയം. നമ്മുടെയൊക്കെ നാശം ആ നിമിഷമോ ആ നിമിഷത്തിനു ശേഷമോ ഉണ്ടായിരിക്കും, പക്ഷെ ഇത് വരെ അങ്ങിനെ ഉണ്ടായിട്ടില്ല, അല്ലെങ്കിൽ ഭൂമിയുടെ തിരിയലുകൾ നിന്നിട്ടില്ല. അപ്പോൾ ഭൂമിയുടെ ധർമ്മം ആണ് "നിൽക്കാതെ ചുറ്റിത്തിരിയുക" എന്നത്. ഭൂമി മാത്രമാണോ ധർമ്മം പാലിക്കേണ്ടത്? അല്ല എന്നാണ് ഉത്തരം. ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങൾക്കും "ധർമ്മം പാലിക്കുക" അല്ലെങ്കിൽ "വ്യവസ്ഥക്ക് അനുസരിച്ച് ജീവിക്കുക" എന്നത് ബാധകമാണ്. എങ്കിൽ മാത്രമേ പ്രപഞ്ചചക്രത്തിന്റെ നിലനില്പ് സാധ്യമാകൂ. എങ്കിൽ മാത്രമേ ഈ പ്രപഞ്ചത്തിൽ ഒരു dust ന്റെ മാത്രം വലുപ്പമുള്ള ഭൂമിയുടെയും, ഭൂമിയിലെ എല്ലാത്തിന്റെയും നല്ല രീതിയിൽ ഉള്ള നിലനിൽപ്പ് ഉണ്ടാകൂ. മറ്റു ചില ഉദാഹരണങ്ങൾ..
ഉദാഹരണം 1 : ഒരാൾ മുളക് പൊടി ഉണ്ടാക്കി വിൽക്കുന്നു എന്ന് വിചാരിക്കുക. അയാൾക്ക് ഒരു കിലോ മുളകുപൊടി ഉണ്ടാക്കാൻ 100 രൂപ ചെലവാക്കേണ്ടി വരുന്നു, അയാൾ അത് 125 രൂപക്ക് വിൽക്കുന്നു. ലാഭം കിട്ടുന്ന 25 രൂപ കൊണ്ട് അയാൾക്ക് അയാളുടെ ബിസിനസ്സ് നടത്തിക്കൊണ്ടു പോകാനും നല്ലൊരു സന്പാദ്യം ഉണ്ടാക്കാനും പറ്റുന്നു എങ്കിൽ അയാൾ "ധാർമ്മികമായി" ആണ് ബിസിനസ്സ് നടത്തുന്നത് എന്ന് പറയാം. കുറെ ദിവസം കഴിയുന്പോൾ, ചുറ്റുവട്ടത്ത് വേറെ ആരും മുളക് കച്ചവടം നടത്തുന്നില്ല എന്നും, അതിനാൽ മുളകുപൊടി കൂടുതൽ വിലക്ക് വിറ്റാലും (ഉദാഹരണത്തിന് 200 രൂപക്ക് ) വാങ്ങിക്കാൻ ആൾക്കാർ ഉണ്ടാകും എന്ന് അയാൾ മനസ്സിലാക്കുന്നു. അങ്ങിനെ ചെയ്‌താൽ അയാൾ "ധാർമ്മികമായി" അല്ല ആ ബിസിനസ്സ് ചെയ്യുന്നത് എന്ന് പറയാം. കുറെ ദിവസം കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു കാര്യം മനസ്സിലാക്കി.. എന്താണെന്ന് വച്ചാൽ... മറ്റു ചില വിലകുറഞ്ഞ ചുവപ്പു നിറമുള്ള പൊടികൾ (മായം) ചേർത്താൽ ഒരു കിലോ മുളകുപൊടി 60 രൂപയ്ക്കു ഉണ്ടാക്കാമെന്നും അങ്ങിനെ ചെയ്‌താൽ തനിക്ക് കിട്ടുന്ന ലാഭം വർധിക്കുമെന്നും മനസിലാക്കുന്നു. അങ്ങിനെ ചെയ്‌താൽ അയാൾ "ധാർമ്മികമായി" അല്ല ആ ബിസിനസ്സ് ചെയ്യുന്നത് എന്ന് പറയാം. മറ്റൊരു സാഹചര്യം... സ്ഥിരമായി കൃത്യം കാശ് കൊടുത്ത് മുളകുപൊടി വാങ്ങിക്കൊണ്ടിരുന്ന ഒരാൾ, ഒരു ദിവസം കയ്യിൽ കാശില്ലാത്തതിനാൽ കടം പറയുന്നു എങ്കിൽ ധാർമ്മികമായ രീതിയിൽ പറഞ്ഞാൽ അയാൾക്ക് മുളകുപൊടി കടം കൊടുക്കേണ്ടതാണ്. പക്ഷെ എന്നും കടം പറഞ്ഞു തുടങ്ങിയാൽ മുളകുപൊടി കൊടുക്കേണ്ട ആവശ്യമില്ല താനും.
ഉദാഹരണം 2: കുട്ടികളെ പല വിഷയങ്ങളും പഠിപ്പിക്കുക എന്നതാണ് ഒരു ടീച്ചറുടെ ജോലി (ടീച്ചർ എന്നത് സ്ത്രീകളെയും പുരുഷന്മാരെയും represent ചെയ്യുന്നു). ഇക്കാലത്ത് പല സ്‌കൂളുകളിലും കോളേജുകളിലും അങ്ങിനെ ആണ് ടീച്ചർമാർ പഠിപ്പിക്കുന്നത്. പക്ഷെ പഠിപ്പിക്കുക, എന്നത് മാത്രമാണോ ടീച്ചർമാരുടെ "ധർമ്മം"? ടീച്ചർമാർ പഠിപ്പിക്കുന്ന കുട്ടികളാണ് നാളെ മന്ത്രിമാരായും, ഡോകർമാരായും, എഞ്ചിനീയർമാരായും, ഓട്ടോറിക്ഷ ഡ്രൈവർമാരായും മാറുന്നത്. അപ്പോൾ നല്ല ഒരു സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ നല്ല മന്ത്രിമാരും നല്ല ഡോക്ടർമാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ഒക്കെ ഉണ്ടാകണം. അങ്ങനെ ആകുന്ന മന്ത്രിമാർക്കും ഡോക്ടർമാർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും എഞ്ചിനീയർമാർക്കും, ധാർമ്മികമായി പ്രവർത്തിക്കുന്നതിന്റെ ആദ്യ ചവിട്ടുപടി കാണിച്ചു കൊടുക്കേണ്ടത് ടീച്ചർമാർ ആണ്. കുട്ടികളോട് അടുത്തിടപഴകി, അവരിലെ കുറവുകൾ കണ്ടെത്തി, പറ്റുന്ന പോലെ അവയെ നികത്തി, വേണ്ടത്ര പ്രോത്സാഹനം നൽകി, ശരിയായ വഴികളിലൂടെ മാത്രം സഞ്ചരിക്കാൻ പ്രേരിപ്പിച്ച് കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അതിനെ അതിന്റെ പാരമ്യത്തിലേക്ക് തൊടുത്തുവിടാനുള്ള ശക്തിയുടെ ആദ്യത്തെ വിത്തുകൾ കുട്ടികളുടെ മനസ്സിൽ തന്നെ പാകി ഇട്ട്, പറ്റാവുന്നത്ര ആത്മവിശ്വാസവും സപ്പോർട്ടും കൊടുക്കുക എന്നതൊക്കെ കൂടി ചെയ്‌താൽ മാത്രമേ ടീച്ചർമാർ അവരുടെ ധർമ്മം പാലിക്കുന്നുള്ളൂ.. ഇത്രയും എഴുതിയപ്പോൾ "എന്റമ്മോ, ഇതൊക്കെ ഒരു ടീച്ചർക്ക് ചെയ്യാൻ പറ്റുന്നതാണോ എന്ന് തോന്നും" (പറ്റുന്നത് തന്നെ... ഞാൻ പഠിച്ച സ്‌കൂളിൽ സി പി ഗോപിനാഥൻ എന്നൊരു മാഷ് അങ്ങിനെ ഉണ്ടായിരുന്നു എന്നത് തന്നെ തെളിവ്)
ധർമ്മം എന്നത് മേൽപ്പറഞ്ഞ ഉദാഹരണങ്ങളിലൂടെ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു.
അപ്പോൾ, പുരുഷാർത്ഥം എന്നാൽ എന്താണ്?
ധർമ്മ + അർത്ഥ + കാമ + മോക്ഷം = ധർമ്മാർത്ഥകാമമോക്ഷം
എന്ന് പറഞ്ഞാൽ "ധാർമ്മികമായ രീതിയിൽ വേണ്ടത്ര അർഥം (സന്പാദ്യം) സംഭരിച്ച് ആഗ്രഹങ്ങൾ (കാമം) മുഴുവൻ സഫലീകരിച്ച് മോക്ഷം നേടാൻ ശ്രമിക്കണം" എന്നാണ് മനസ്സിലാക്കേണ്ടത്. സന്തുഷ്ടമായ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന ജീവിതലക്ഷ്യങ്ങൾ ആണ് നാല് പുരുഷാർത്ഥങ്ങൾ. മനുഷ്യന്റെ പരമമായ ലക്ഷ്യത്തിൽ (മോക്ഷം) എത്തുന്നതിന് സഹായകമാക്കുന്ന മറ്റു മൂന്ന് ലക്ഷ്യങ്ങളാണ് "ധർമ്മം", "അർത്ഥം", "കാമം. എങ്കിലും, ഇവയെ ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന രീതിയിൽ കാണണ്ട. ഇവ നാലും ഒരു balanaced ആക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂരിഭാഗം ജനങ്ങളും ഇത് പോലെ പ്രവർത്തിച്ചാൽ, ലോകത്തിലെ ചതിയും കളവും കുറയും.. യുദ്ധങ്ങളും അക്രമങ്ങളും കുറയും... ശാന്തിയും സമാധാനവും വർദ്ധിക്കും..
പക്ഷെ എന്താണ് ഇക്കാലത്തെ അവസ്ഥ? ഇക്കാലത്തെ വിദ്യാഭ്യാസത്തിന്റെ ന്യൂനതകൾ വളരെ വ്യക്തമാണ്.
ഈ നാല് ലക്ഷ്യങ്ങളിൽ, "അർത്ഥവും കാമവും" മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. നല്ല ഒരു ജോലി കിട്ടാൻ വേണ്ടി മാത്രമാണ് മിക്കവാറും ആൾക്കാരും സ്‌കൂളിലും കോളേജിലും പഠിക്കുന്നത്. "ധർമ്മം മോക്ഷം" എന്നീ ഏറ്റവും പ്രാധാന്യമുള്ള ലക്ഷ്യങ്ങളെ പറ്റി ഒരു ബോധവും ഇല്ലാതെ അവയെ പറ്റി മനസ്സിലാക്കാതെ, വെറും "അർത്ഥവും കാമവും" മാത്രം ലക്ഷ്യമാക്കി പഠിക്കുന്നത് കൊണ്ടാണ്, ഈ ലോകത്തിൽ അഴിമതി നിറഞ്ഞ മന്ത്രിമാരും, കള്ളത്തരം കാണിക്കുന്ന എൻജിനീയർമാരും, ഡോക്ടർമാരും, ഓട്ടോറിക്ഷ ഡ്രൈവർമാരും ഒക്കെ ഉണ്ടാകുന്നത്. 50 വയസ്സിനോട് അടുത്തപ്പോൾ ആണ് ഞാൻ ഇതിനെ പറ്റി മനസ്സിലാക്കുന്നത്. പക്ഷെ ഈ കാലയളവിനുള്ളിൽ, ധാർമ്മികമായി പ്രവർത്തിക്കാതെ "അർത്ഥ കാമ" ലക്ഷ്യങ്ങളോടെ പ്രവർത്തിച്ച് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് എതിരായി, ഞാനും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടു മിക്ക ആൾക്കാരും അങ്ങിനെ തന്നെ.
ഇവിടെയാണ് പണ്ടത്തെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി...
ഇക്കാലത്ത് സയൻസ് എന്നതിന് അമിത പ്രാധാന്യം നൽകിയാണ് പഠനം. "അർത്ഥ കാമ" ലക്ഷ്യം മാത്രമേ ഇക്കാലത്തെ സയൻസ് നിറവേറ്റി തരുന്നുള്ളൂ. അതുകൊണ്ടാണ് സയൻസ് കണ്ടുപിടിച്ച ആറ്റം ബോംബും കെമിക്കൽ വെപ്പൺസും ഒക്കെ ജനങ്ങളുടെ മേൽ പ്രയോഗിച്ചത്. ഇതിഹാസങ്ങൾ നോക്കൂ.. പുരാണ കഥകൾ നോക്കൂ... അതികഠിന തപസ്സ് ചെയ്‌താൽ മാത്രമേ പലർക്കും അതിമാരകമായ ആയുധങ്ങൾ കിട്ടിയിരുന്നുള്ളൂ. അല്ലെങ്കിൽ അത്രയും ആത്മാർത്ഥമായി ധാർമ്മികമായി പ്രവർത്തിക്കുന്ന ഒരു ശിഷ്യന് മാത്രമേ, ഒരു ഗുരു അതിമാരക ആയുധങ്ങൾ ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ പഠിപ്പിച്ചു കൊടുത്തിരുന്നുള്ളൂ. (ഉദാഹരണം ദ്രോണർ അർജുനനെ ആണ് നല്ല ശിഷ്യനായി കണക്കാക്കിയിരുന്നത്.. അല്ലാതെ സ്വന്തം മകൻ അശ്വത്ഥാമാവിനെ അല്ല. അത് കൊണ്ട് അർജുനന് പഠിപ്പിച്ചു കൊടുത്ത പലതും അശ്വത്ഥാമാവിന് പഠിപ്പിച്ചു കൊടുത്തിട്ടില്ല). അതി കഠിന തപസ്സ് ചെയ്‌യുന്ന ഒരാൾക്കേ, അല്ലെങ്കിൽ ധാർമ്മികമായി പ്രവർത്തിക്കുന്ന ഒരാൾക്കേ, അതിമാരക ആയുധങ്ങൾ വേണ്ട സമയത്ത് മാത്രം ഉപയോഗിക്കാനുള്ള നിയന്ത്രണം ഉണ്ടാകൂ. ഈ ലോകത്തിന്റെ പുരോഗതി എന്നതിന്റെ അളവുകോൽ, ഉയർന്ന കെട്ടിടങ്ങളും വിലകൂടിയ കാറുകളും, GDPയും ഒക്കെ ആയി മാറുന്പോൾ "അർത്ഥ കാമ" ലക്ഷ്യങ്ങൾ നേടാനുള്ള ഓട്ടപ്പാച്ചിൽ ആണ് ഉണ്ടാക്കുന്നത്. ആ ഓട്ടപ്പാച്ചിലിനുള്ളിൽ ചിലർ മറ്റു ചിലരെ ചവിട്ടി ഞെരിക്കുന്നതാണ്, നമ്മൾ കാണുന്ന യുദ്ധങ്ങളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഒക്കെ.
ഇക്കാലത്തെ സയൻസ് (വിദ്യാഭ്യാസം) എന്ന് പറയുന്നത് പാശ്ചാത്യ ലോകം ചിട്ടപ്പെടുത്തിയ "അർത്ഥ കാമ" സഫലീകരണ മാർഗ്ഗം മാത്രമാണ്. അതിൽ ധർമ്മത്തിന്റെയോ മോക്ഷത്തിന്റെയോ ഒരു തരി പോലും കാണാൻ പറ്റില്ല. പക്ഷെ ഭാരതത്തിൽ വളരെ പണ്ടുണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾ "ധർമ്മ അർത്ഥ കാമ മോക്ഷ" ലക്ഷ്യങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു.
50 വയസ്സിനോടടുത്ത് എനിക്കുണ്ടായ ഈ വെളിപാട്, വളരെ ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസം, വരും തലമുറകൾക്ക് കിട്ടണേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു...
PS: ഭാഗവതം നാല് പുരുഷാർത്ഥങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. പ്രഹ്ലാദന്റെ അച്ഛനായ ഹിരണ്യകശിപു, തന്റെ രാജ്യത്തിൽ അർത്ഥവും കാമവും മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. പഠിപ്പിക്കുന്ന ടീച്ചർമാർ ഇല്ലാത്ത സമയത്ത്, പ്രഹ്ലാദൻ തന്റെ സഹപാഠികൾക്ക് ധർമ്മത്തെ പറ്റിയും മോക്ഷത്തെ പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഭാഗവതം വെറും കഥകളായി കാണുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമാണിത്. കഥകളിലൂടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഭാഗവതം എന്ത് കൊണ്ടും ശ്രേഷ്ഠമായ ഒരു ശാസ്ത്രം തന്നെയാണ്.

[09072020]

No comments:

Post a Comment