എന്താണ് ചരിത്രം? എന്താണ് ഇതിഹാസങ്ങൾ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിന് മുന്പ് തെറ്റിദ്ധാരണകൾ എന്താണെന്ന് മനസ്സിലാക്കണം. ഭാരതത്തിലുള്ള രണ്ട് മഹദ് ഗ്രന്ഥങ്ങളാണ് രാമായണവും മഹാഭാരതവും. ഈ രണ്ട് ഗ്രന്ഥങ്ങളിലെയും പല സംഭവങ്ങളെയും പല കഥാപാത്രങ്ങളേയും പറ്റി പലരും മനസ്സിലാക്കുന്നത് വളരെ തെറ്റായ രീതിയിലാണ്. ഉദാഹണത്തിന്
1. പാണ്ഡവർ അവരുടെ രാജ്യം തിരിച്ചുകിട്ടാൻ വേണ്ടി ചെയ്തതാണ് മഹാഭാരതയുദ്ധം.
2. എല്ലാവരും ബഹുമാനിക്കുന്ന ജ്ഞാനിയായ ഭീഷ്മർ ദുഷ്ടന്മാരായ കൗരവർക്ക് വേണ്ടി പോരാടിയത് ശരിയല്ല.
3. കർണ്ണനെയും ഭീഷ്മരെയും ദ്രോണരെയും പാണ്ഡവർ വധിച്ചത് ധർമ്മാനുസൃതമല്ല.
4. ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി ദ്രോണർ ചോദിച്ചത് ശരിയായില്ല.
5. ശ്രീരാമൻ സീതയെ ഉപേക്ഷിച്ചത് ഒട്ടും ശരിയല്ല.
"എന്തുകൊണ്ടാണ് പലർക്കും ഇങ്ങനെ തോന്നുന്നത്?" എന്നതിന്റെ കാരണം മാത്രമാണ് ഇവിടെ എഴുതാൻ ശ്രമിച്ചിട്ടുള്ളത്. (മുൻപേ എഴുതിയ ഉദാഹരണങ്ങളിലൊക്കെയുള്ള തെറ്റിദ്ധാരണകളെ എങ്ങിനെ തിരുത്താമെന്നത് പിന്നീടെഴുതാം)
"ചരിത്രം", "ഇതിഹാസം" എന്നീ വാക്കുകൾ എല്ലാവരും കേട്ടിട്ടുള്ളതും ഉപയോഗിക്കുന്നതുമാണ്. ഇവയെ പറ്റിയുള്ള രണ്ടു പൊതുധാരണകൾ ഇങ്ങനെയാണ്.
- "ചരിത്രം" എന്ന വാക്ക് കേട്ടാൽ, ഉടനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, ഗാന്ധിജിയും, ജാലിയൻവാലാബാഗും, ബ്രിട്ടീഷുകാരുടെ ഭരണപരിഷ്കാരങ്ങളും, ലോകമഹായുദ്ധങ്ങളുമൊക്കെ മനസ്സിൽ ഓടിയെത്തും. "ഇതിഹാസം" എന്ന് കേട്ടാൽ, അതെന്താണെന്ന് ആദ്യം ഒരു സംശയം വന്നേക്കാം. ആരെങ്കിലും ക്ലൂ തന്നാലേ, രാമായണവും മഹാഭാരതവും ഭാരതത്തിലെ രണ്ട് ഇതിഹാസങ്ങളായിരുന്നുവെന്ന് ഓർമ്മ വരൂ.
- ചരിത്രവും ഇതിഹാസങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്നലോചിച്ചാൽ, "ചരിത്രം" പണ്ടുണ്ടായി എന്നുറപ്പുള്ള സംഭവങ്ങളാണെന്നും, "ഇതിഹാസം"എന്നത് വെറും കഥകളുമാണെന്നുമുള്ള അനുമാനത്തിലെത്താനേ വഴിയുള്ളൂ.
പക്ഷെ, രാമായണവും മഹാഭാരതവും, ഭാരതത്തിന്റെ പൂർവ്വകാല ചരിത്രം തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. (ഉദാഹരണം: രാമേശ്വരത്തേയും ശ്രീലങ്കയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിനടിയിൽ കിടക്കുന്ന രാമസേതു, രാമായണത്തെ ഒരു ചരിത്ര സംഭവമായി കണക്കാക്കുന്നതിനെ സപ്പോർട്ട് ചെയ്യുന്നു). ചരിത്രമാണെങ്കിൽ അവയെ ചരിത്രമെന്നു തന്നെ പറഞ്ഞുകൂടേ? പക്ഷെ എന്തുകൊണ്ടാണ് രാമായണത്തെയും മഹാഭാരതത്തെയും ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം, മഹാഭാരതത്തെ പറ്റിയും രാമായണത്തെ പറ്റിയും, പലർക്കുമുള്ള തെറ്റിദ്ധാരണകളുടെ കാരണത്തെ വ്യക്തമാക്കാൻ സഹായിക്കും.
ചരിത്രവും ഇതിഹാസവും എന്താണെന്ന് നോക്കാം.
ചരിത്രം
----------
ചരിത്രമെന്ന് പറഞ്ഞാൽ, മുൻപ് നടന്നിട്ടുള്ള സംഭവങ്ങളുടെ ഒരു വിവരണം മാത്രമാണ്. ഓരോ കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങൾ, ഭരണാധികാരികളുടെ ഭരണപരിഷ്കാരങ്ങൾ, മനുഷ്യന്മാരെ ചൂഷണം ചെയ്ത കാര്യങ്ങൾ എന്നിവയൊക്കെയായിരിക്കും അധികവും ചരിത്രത്തിലുണ്ടാകുക. രണ്ടു രീതിയിൽ ചരിത്രത്തെ രേഖപ്പെടുത്താം -
1. വളരെ വളരെ കാലം മുൻപ് നടന്ന സംഭവങ്ങൾ അവ രേഖപ്പെടുത്തിയ മറ്റു പുസ്തകങ്ങളോ, സ്ഥലങ്ങളോ, സാധനങ്ങളോ ഒക്കെ നോക്കി പഠിച്ച് ഉണ്ടാക്കുന്ന നിഗമനങ്ങൾ ചരിത്രമായി രേഖപ്പെടുത്താം. ഉദാഹരണം - സിന്ധുനദീതട സംസ്കാരത്തിന്റെ ചരിത്രം
2. ഓരോ കാലഘട്ടത്തിലും അക്കാലത്ത് നടന്ന സംഭവങ്ങൾ അപ്പോൾ തന്നെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുക. അത് പിന്നീട് ചരിത്രമാകുന്നു. ഉദാഹരണം: രണ്ടാം ലോക മഹായുദ്ധം.
ചരിത്രത്തിന്റെ പ്രശ്നങ്ങൾ
---------------------------------
പണ്ടെന്ത് നടന്നു എന്ന് മനസ്സിലാക്കാൻ ചരിത്രം സഹായിക്കും. "ഒരു സമൂഹമെന്നെ നിലയിൽ പണ്ട് കാലത്ത് എന്തായിരുന്നു പൊതുവായ വികാരമെന്ന്" എന്ന ചെറിയ ഒരു ഐഡിയ ചരിത്രത്തിലൂടെ കിട്ടുമെങ്കിലും, ചില പ്രശ്നങ്ങളുണ്ട്. എങ്ങനെയാണ് ചരിത്രം എഴുതിയത് എന്നത് തന്നെയാണ് പ്രശ്നം.
a. വളരെ കാലം മുൻപുണ്ടായ സംഭവങ്ങളെ പറ്റി ഉണ്ടാക്കിയ നിഗമനങ്ങളാണ് ഒരു തരത്തിലുള്ള ചരിത്രം (പോയിന്റ് 1). ആ നിഗമനങ്ങൾ ശരിയാകണമെന്നില്ല. ഇപ്പോൾ ശരിയാണെന്ന് തോന്നുമെങ്കിലും നാളെ അത് മാറാം. (സിന്ധു നദീതട സംസ്കാരമാണ് ഭാരത ദേശത്തെ ഏറ്റവും പഴയ സംസ്കാരം എന്ന് കരുതുന്നുണ്ടെങ്കിലും, വരും കാലങ്ങളിൽ ഭാരതത്തിൽ വേറെ എവിടെയെങ്കിലും സിന്ധുനദീതട സംസ്കാരത്തിനേക്കാൾ പഴയ മറ്റൊരു സംസ്കാരത്തെ കണ്ടെത്തിയേക്കാം)
b. നടക്കുന്ന സംഭവങ്ങൾ അത് പോലെ രേഖപ്പെടുത്തിയുണ്ടാക്കുന്ന ചരിത്രം. എല്ലാ സംഭവങ്ങളും മുന്നിൽ നടക്കുന്നത് കൊണ്ട് ഇതിൽ നിഗമനങ്ങൾ കുറവായിരിക്കും. ഇങ്ങനെ ചരിത്രം എഴുതുന്നവർ സംഭവ വികാസങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ആയിരിക്കുമെങ്കിലും, അവർ സംഭവങ്ങളുടെ ഭാഗമാകാതെ വെറും ദൃക്‌സാക്ഷികൾ ആകാനാണ് സാദ്ധ്യത. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആരാണോ ജയിച്ചത്, അവരെഴുതുന്ന ചരിത്രം വളരെ പക്ഷഭേദം ഉള്ളതായിരിക്കും. എഴുതുന്നവർ/ജയിച്ചവർ അവരുടെ ചീത്ത വശങ്ങളെ പറ്റിയോ, കുറവുകളെ പറ്റിയോ എഴുതാൻ സാധ്യത കുറവാണ്. History is always written in favor of the victorious..
ഇതിഹാസങ്ങൾ
----------------------
ഇതിഹാസങ്ങളും ചരിത്രവും തമ്മിൽ 2 തരത്തിലുള്ള വ്യത്യാസങ്ങളുണ്ട്.
- രചയിതാക്കളിലുള്ള വ്യത്യാസം (Author's influence )
- രചനയിലുള്ള വ്യത്യാസം (Difference of Content)
രചയിതാക്കളിലുള്ള വ്യത്യാസം (Author's influence )
********************************************
രചയിതാക്കൾ കാരണം ചരിത്രത്തിനുണ്ടാകുന്ന കുറവുകൾ മുകളിൽ എഴുതിയിരുന്നല്ലോ. ആ കുറവുകൾ ഇല്ലാത്തതാണ് ഇതിഹാസങ്ങൾ. ഇതിഹാസ രചനയിൽ നിഗമനങ്ങളും പക്ഷഭേദവും ഇല്ല.. (അല്ലെങ്കിൽ വളരെ വളരെ കുറവാണ്)
1. രണ്ട് ഇതിഹാസങ്ങളും എഴുതിയത് അക്കാലത്ത് ജീവിച്ചിരുന്നവർ തന്നെയാണ്. മഹാഭാരതകാലത്ത് ഉണ്ടായിരുന്ന വ്യാസനാണ് മഹാഭാരതം എഴുതിയത്, അതുപോലെ രാമൻ ജീവിച്ചിരുന്ന കാലത്താണ് വാല്മീകിയും ഉണ്ടായിരുന്നത്. അതിനാൽ നിഗമനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.
2. വ്യാസന്റെ കുടുംബത്തിൽ, സ്വന്തം സന്തതിപരന്പരകൾ തമ്മിലുണ്ടായ സംഘർഷമാണ് മഹാഭാരതം. അത് പോലെ വാല്മീകി, രാമന്റെ മക്കളെയും രാമന്റെ ഭാര്യയായ സീതയെയും സംരക്ഷിച്ച ആളാണ്. അതായത്, രണ്ട് പേരും അക്കാലത്തെ സംഭവങ്ങളുടെ വെറും ദൃക്‌സാക്ഷികളല്ല.. ആ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
3. History is always written in favor of the victorious.. എന്നും പറയാൻ പറ്റില്ല.
മഹാഭാരതം: മഹാഭാരതത്തിന്റെ കാര്യത്തിൽ, യുദ്ധത്തിലേർപ്പെട്ട രണ്ടു ഭാഗങ്ങളും (കൗരവരും പാണ്ഡവരും) രചയിതാവിന്റെ (വ്യാസന്റെ) സന്തതി പരന്പരകൾ ആയതിനാൽ പക്ഷഭേദം ഉണ്ടാകാൻ സാധ്യത കുറവാണ്. പൊതുവെ, മഹാഭാരതത്തെ തെറ്റായ രീതിയിൽ ചിലർ വ്യാഖ്യാനിക്കുന്ന രീതി വച്ച് ആ പക്ഷഭേദമില്ലായ്മ മനസ്സിലാക്കാം. കർണ്ണനെ വധിച്ച രീതിയും, ഭീഷ്മരെ വധിച്ച രീതിയും ചൂണ്ടിക്കാട്ടി പാണ്ഡവരും അധർമ്മികൾ ആണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ചളിയിൽ രഥത്തിന്റെ ചക്രം താഴ്ന്നു പോയപ്പോഴാണ് അർജുനൻ കർണ്ണനെ അന്പെയ്‌തത് കൊന്നത്.. അത് പോലെ ശിഖണ്ഡിയെ മുൻനിർത്തയാണ് അർജുനൻ ഭീഷ്മരെ അന്പെയ്‌തു വീഴ്‌ത്തിയത്. മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കുന്ന പോലെ, അത് അധർമ്മമാണെന്ന് തന്നെ കരുതുക.. അപ്പോൾ മനസ്സിലാക്കാം വ്യാസന്റെ പക്ഷഭേദമില്ലായ്മ... വ്യാസൻ ജയിച്ചവർക്ക് വേണ്ടിയോ അല്ലെങ്കിൽ പാണ്ഡവർക്ക് വേണ്ടിയോ എഴുതിയതാണ് മഹാഭാരതമെങ്കിൽ, വ്യാസന് കർണ്ണന്റെ വധത്തെയും ഭീഷ്മരുടെ വധത്തെയും പാണ്ഡവർക്ക് അനുകൂലമായ രീതിയിൽ എഴുതാമായിരുന്നു. പക്ഷെ വ്യാസൻ അങ്ങിനെ ചെയ്തിട്ടില്ല എന്നത് വ്യാസന് ആരോടും പക്ഷഭേദം ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കാം. (കർണ്ണനെ വധിച്ച രീതിയിലും ഭീഷ്മരെ വധിച്ച രീതിയിലും അധർമ്മം ഇല്ലായെന്ന് പിന്നീട് വിശദീകരിക്കാം)
രാമായണം: രാമന്റെ കഥയായ രാമായണത്തെയും രാമന്റെ പ്രവർത്തികളെയും തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. രാമൻ ചെയ്തത് ശരിയല്ലെന്ന് കരുതുന്ന രീതിയിലൂടെ നോക്കിയാൽ വാല്മീകിയുടെ പക്ഷഭേദമില്ലായ്മ മനസ്സിലാക്കാം. രാമൻ ഉപേക്ഷിച്ച സീതയെയും മക്കളെയും സംരക്ഷിച്ച വാല്മീകി, രാമനെപറ്റി മോശമായി എഴുതാനാണ് കൂടുതൽ സാധ്യത. പക്ഷെ, രാമനെ മര്യാദാ പുരുഷോത്തമനായിട്ടും നല്ലവനായിട്ടുമാണ് വാല്മീകി രാമായണത്തിൽ എഴുതിയിട്ടുള്ളത്. അതിൽ നിന്നും വാല്മീകി പക്ഷഭേദം കാണിച്ചിട്ടില്ല എന്ന് അനുമാനിക്കാം.
അങ്ങനെ, ഇതിഹാസങ്ങളെഴുതിയവർ ചരിത്രം എഴുതുന്നവരേക്കാൾ സത്യസന്ധരും നിഷ്പക്ഷരുമാണെന്ന് മനസ്സിലാക്കാം.
രചനയിലുള്ള വ്യത്യാസം (Difference of Content)
*****************************************
പൂർവ്വകാല സംഭവങ്ങൾ, യുദ്ധങ്ങൾ, ഭരണപരിഷ്കാരങ്ങൾ, ക്രൂരതകൾ ഇതൊക്കെയാണ് ചരിത്രത്തിന്റെ ഉള്ളടക്കം. എന്തൊക്കെയായിരുന്നു സമൂഹത്തിന്റെ ലക്ഷ്യം അല്ലെങ്കിൽ യുദ്ധത്തിന്റെ/സമരത്തിന്റെ ലക്ഷ്യം എന്നതും ആ ലക്ഷ്യത്തിൽ എത്തിയോ ഇല്ലയോ എന്നതും, ലക്ഷ്യത്തിൽ എത്തിയവർ എന്തൊക്കെ ഭരണപരിഷ്കാരങ്ങളോടെ രാജ്യം ഭരിച്ചു, ഈ ഒരു യാത്രയിൽ ആർക്കൊക്കെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു എന്നൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണും. ഇതിൽ നിന്നും മനുഷ്യന് ഒരു സമൂഹമെന്ന നിലയിൽ ചില കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുമെങ്കിലും, സ്വയം ഒരു വ്യക്തി എന്ന നിലയിൽ എന്ത് ചെയ്യണമെന്നോ, എങ്ങനെ പെരുമാറണമെന്നോ ഉള്ള സൂചനകൾ കിട്ടാൻ സാധ്യത കുറവാണ്.
അവിടെയാണ് ഇതിഹാസങ്ങളുടെ content ൽ ഉള്ള വ്യത്യാസം. ഇതിഹാസവും പണ്ടത്തെ ചരിത്രം തന്നെയാണ് പറയുന്നതെങ്കിലും, ആ ചരിത്രവിവരണം ജീവിതമൂല്യങ്ങൾ കൊണ്ട് സംപുഷ്ടമാണ്. രാമായണത്തിൽ, സീതയെ അപഹരിച്ച രാവണനെ തോല്പിച്ച് രാമൻ വിജയിച്ചു എന്നതിനപ്പുറം... രാമന്റെ ഗുണങ്ങൾ (നന്മ, ധീരത, ത്യാഗം, യുദ്ധസാമർഥ്യം, മനുഷ്യരോടുള്ള അലിവ്) എല്ലാം കാണിച്ച് രാമൻ എങ്ങിനെ മര്യാദാപുരുഷോത്തമൻ ആയിയെന്ന് കാണിച്ചു തരുന്നു. രാമായണം മനസ്സിലാക്കുന്നവർക്ക്, ആ ചരിത്രം മനസ്സിലാക്കുന്നതിനോടൊപ്പം, അവരവരുടെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാൻ ശ്രമിക്കേണ്ട മൂല്യങ്ങൾ കാണിച്ചുകൊടുക്കുന്നു(രാമൻ ജീവിച്ചു കാണിച്ചുകൊടുത്ത മൂല്യങ്ങൾ). അതെ പോലെ, വളരെയധികം പഠിച്ചവനായ രാവണന്റെ ക്രൂരത, അഹങ്കാരം, ഗർവ്, മദം, മോഹം എന്നീ ചീത്ത ഗുണങ്ങൾ, വ്യക്തമായി തുറന്നു കാട്ടുന്നത് വഴി... ആ ദുഷിച്ച പ്രകൃതിയില്ലാതെ ജീവിക്കാനുള്ള മാർഗദർശനമാണ് നൽകുന്നത്. ഇതേ പോലെ തന്നെയാണ്... മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളും... ഭീഷ്മരും, യുധിഷ്ഠിരനും.. ദുര്യോധനനും കർണ്ണനും, ശകുനിയും... ഒക്കെ.. ചിലർക്ക് നല്ല ഗുണങ്ങളും മറ്റു ചിലർക്ക് ചീത്ത പ്രകൃതിയും.
മനുഷ്യൻ എന്നാൽ ഭൗതികമായ ശരീരം മാത്രമല്ല.... നമുക്ക് കാണാൻ പറ്റാത്ത മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ് എന്നിവയും കൂടിയതാണ് എന്ന തിരിച്ചറിവുണ്ടാക്കാൻ സഹായിക്കുന്ന (ആത്മജ്ഞാനത്തിന് വഴി കാട്ടിത്തരുന്ന) ഭാഗങ്ങൾ ഇതിഹാസങ്ങളിലുണ്ട് (രാമായണത്തിൽ യോഗവാസിഷ്ഠം, മഹാഭാരതത്തിൽ ഭഗവദ് ഗീത). ചരിത്രം ഭൗതികമായ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നതാണ്. പക്ഷെ ഇതിഹാസങ്ങൾ, ഭൗതികമായ കാര്യങ്ങളെ പ്രതിപാദിക്കുന്പോൾ തന്നെ അതിനിടയിൽ ഭൗതികമല്ലാത്ത തലത്തിൽ ( മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ്) നടക്കുന്ന കാര്യങ്ങളെ കൂടി വിശദമായി പ്രതിപാദിക്കുന്നു. ഒരു മനുഷ്യൻ നന്നാവണമെങ്കിൽ അവന്റെ മനസ്സും ബുദ്ധിയും അഹങ്കാരവും നന്നാവണം.. ചരിത്രവിവരണം കൊണ്ട് അത് നടക്കുന്നില്ല. പക്ഷെ, ശരിയായ രീതിയിൽ ഇതിഹാസങ്ങൾ മനസ്സിലാക്കിയാൽ മനസ്സും ബുദ്ധിയും അഹങ്കാരവും കൂടുതൽ pure ആകാൻ സഹായിക്കും.
ഇതിഹാസങ്ങളിൽ വ്യക്‌തികളെ കേന്ദ്രീകരിച്ചാണ് ചരിത്രവിവരണം. ചരിത്രത്തിലാകട്ടെ, വ്യക്തികളെ പറ്റി പറയുന്നുണ്ടെങ്കിലും നടന്ന സംഭവ വികാസങ്ങൾക്കാണ് മുൻതൂക്കം. അത് കൊണ്ടാണ്. നാം സ്‌കൂളിൽ പഠിച്ച, മുൻപ് നടന്നിരുന്ന സംഭവ വികാസങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പഠിച്ചിരുന്ന ചരിത്രത്തിന്റെ, അതെ അളവുകോൽ വച്ച് നോക്കുന്പോൾ, ഇതിഹാസത്തെ വെറും കഥ പോലെ തോന്നുന്നത്. പക്ഷെ, ഇതിഹാസങ്ങൾ വ്യക്തീയമായ വിവരണത്തിലൂടെ ചരിത്രം എന്താണെന്ന് പറഞ്ഞ്... ആ ചരിത്രവിവരണത്തിനിടയിലൂടെ സമൂഹത്തിൽ വ്യക്തീയമായി ഓരോരുത്തരുടെയും മനസ്സിലും ബുദ്ധിയിലും ഉണ്ടാകേണ്ട ഉന്നമനത്തെയും ലക്‌ഷ്യം വക്കുന്നു..
തെറ്റിദ്ധാരണക്ക് കാരണം
---------------------------------
ഭൂരിപക്ഷം ആൾക്കാർക്കും ഇതിഹാസങ്ങളെ പറ്റി അമർ ചിത്രകഥ ലെവലിൽ ഉള്ള അറിവേ ഉണ്ടാകൂ. കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ ആയതിനാൽ, അത് ശരിക്കുമുള്ള ഇതിഹാസവിവരണമല്ല. അത് കൊണ്ടാണ്, പലർക്കും "കർണ്ണനെ വധിച്ച രീതിയും, ഭീഷ്മരെ വധിച്ച രീതിയുമൊക്കെ അധർമ്മം ആയി തോന്നുന്നത്", "രാമൻ സീതയെ ഉപേക്ഷിച്ചത് ശരിയല്ല എന്ന് തോന്നുന്നത്".
ചുരുക്കം പറഞ്ഞാൽ, ജീവിതമൂല്യങ്ങളും ചരിത്രവും കൂടിക്കലർന്നിട്ടുള്ള ഇതിഹാസങ്ങളിലെ ജീവിതമൂല്യങ്ങളെ ഒരു vaccum cleaner വച്ച് എടുത്ത് കളഞ്ഞ്.. വെറും സംഭവങ്ങൾ അല്ലെങ്കിൽ വെറും ചരിത്രം മാത്രമാക്കി വിവരിക്കുന്നതാണ് അമർ ചിത്രകഥകൾ ... അതെ ലെവലിൽ തന്നെയാണ് മുതിർന്ന പലരും ഇപ്പോഴും ഇതിഹാസങ്ങളെ മനസ്സിലാക്കുന്നത്... അതുകൊണ്ട്, പലരും ചരിത്രത്തെ വ്യാഖ്യാനിക്കുന്ന പോലെ ഇതിഹാസത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ടും ജീവിതാനുഭവങ്ങൾ കൊണ്ടും, ചരിത്രത്തിന്റെ അളവുകോൽ വച്ച്, അയ്യായിരത്തിലേറെ വർഷങ്ങൾക്ക് മുൻപുള്ള ഇതിഹാസ കഥാപാത്രങ്ങളെ നിരൂപണം ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു തെറ്റ്.
ജീവിതമൂല്യങ്ങളോട് കൂടി ഇതിഹാസങ്ങളെ വിവരിക്കാൻ പറ്റുന്നവർ പറയുന്നത് കേട്ടാലേ, ഇതിഹാസങ്ങളെന്താണെന്ന് പൂർണ്ണമായി മനസ്സിലാകൂ.. അപ്പോൾ, കർണ്ണനെയും ഭീഷമരെയും വധിച്ച രീതിയിലൊന്നും അധർമ്മം ഇല്ലായെന്നും.... രാമൻ മര്യാദ പുരുഷോത്തമൻ ആയിരുന്നെന്നും മനസ്സിലാകും.
പലർക്കുമുള്ള തെറ്റിദ്ധാരണകളിൽ, തെറ്റിദ്ധാരണക്ക് വകയില്ലയെന്നത് പിന്നീടെഴുതാം... അതിന് കുറെ എഴുതേണ്ടതുണ്ട്....
[01162021]
No comments:
Post a Comment