Saturday, September 25, 2021

ദൈവം

ഭൂരിപക്ഷം മനുഷ്യരും, "മനുഷ്യൻ" എന്ന വാക്കിനെ ശരീരവുമായി ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാറുള്ളൂ. പക്ഷെ, വെറും ശരീരം മാത്രമാണോ മനുഷ്യൻ? 

"മനുഷ്യൻ =  ശരീരം + മനസ്സ് + ബുദ്ധി".

മനസ്സും ബുദ്ധിയും പ്രവർത്തിക്കാതെ ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. സ്ഥൂലമായ (physical) ശരീരത്തിനെ പ്രവർത്തിപ്പിക്കണമെങ്കിൽ സൂക്ഷ്മമായ മനസ്സും ബുദ്ധിയും വിചാരിക്കണം. ശരീരത്തെ കാണാമെങ്കിലും, മനസ്സിനെയും ബുദ്ധിയെയും കാണാൻ പറ്റില്ല. അപ്പോൾ, കാണാൻ പറ്റാത്ത ഘടകങ്ങൾക്ക്, കാണാൻ പറ്റുന്ന മറ്റൊന്നിനെ നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കും.  അത് പോലെയുള്ള കാണാൻ പറ്റാത്ത ഒന്നാണ് ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും. പ്രപഞ്ചത്തെ മുഴുവൻ നിലനിർത്തുന്നതും, പക്ഷെ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടോ, മനസ്സ് കൊണ്ടോ, ബുദ്ധി കൊണ്ടോ ഗ്രഹിക്കാൻ പറ്റാത്തതുമായ ആ ചൈതന്യത്തെയാണ് ദൈവം or  Consciousness or  Supreme Lord  (അതിനെ വിഷ്ണുവെന്നോ, ശിവനെന്നോ, യേശുവെന്നോ.. വിളിക്കാം). 

രാമായണത്തിലും മഹാഭാരത്തിലും ഉള്ള ചില സംഭവങ്ങൾ (3  സംഭവങ്ങൾ),  മുകളിൽ പറഞ്ഞ സത്യത്തെ വെളിപ്പെടുത്താനുള്ളതാണ്. ഈ മൂന്ന് സംഭവങ്ങളിലും, ദൃശ്യശക്തികൾ (മനുഷ്യർ) പരാജിതരായപ്പോൾ  അദൃശ്യശക്തികൾ (ദൈവം) പ്രവർത്തിച്ചു എന്നാണ് കാണിക്കുന്നത്. അദൃശ്യമായ മനസ്സും ബുദ്ധിയും ശരീരത്തെ പ്രവർത്തിപ്പിക്കുന്ന പോലെ, ഈ പ്രപഞ്ചത്തെ മുഴുവൻ ഗ്രസിച്ച് നിൽക്കുന്ന അദൃശ്യമായ ദൈവമെന്ന ഘടകവും പ്രവർത്തിക്കും എന്നാണ് ഇത് കാണിച്ചു തരുന്നത്. 

1. മഹാഭാരതത്തിൽ, ദുശ്ശാസനൻ എത്ര പിടിച്ചു വലിച്ചിട്ടും ദ്രൗപദിയുടെ വസ്ത്രം മുഴുവൻ അഴിച്ച് മാറ്റാൻ പറ്റിയില്ല. കൃഷ്ണൻ ദ്രൗപദിയെ രക്ഷിച്ചു എന്ന പൊതുവെയുള്ള ധാരണ തെറ്റാണ്.  ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടക്കുന്ന സമയത്ത്, കൃഷ്ണൻ ദ്വാരകയിൽ ശൽവനുമായി യുദ്ധം ചെയ്യുകയായിരുന്നു. അവിടെ ഇല്ലാതിരുന്ന കൃഷ്ണൻ ദ്രൗപദിയെ എങ്ങിനെ രക്ഷിക്കാനാണ്. അപ്പോൾ ആരാണ് ദ്രൗപദിയെ രക്ഷിച്ചത്?  മഹാഭാരതത്തിൽ കൃഷ്ണൻ നമ്മളെല്ലാവരെയും പോലെ വെറും മനുഷ്യനാണ് (അത് സൂചിപ്പിക്കുന്ന അനവധി ഭാഗങ്ങളുണ്ട്). 2 പ്രാവശ്യം വിശ്വരൂപം കാണിച്ചു എന്നതാണ് കൃഷ്ണന്റെ ദൈവീക ഭാവം കാണിച്ചു എന്ന രീതിയിൽ പറയപ്പെടുന്നത്. (അതിനും വിശദീകരണങ്ങൾ ഉണ്ട്). കുരു സദസ്സിലെ ആരും (ഭീഷ്മർ വരെ.. അതിനും വിശദീകരണങ്ങളുണ്ട്) തന്നെ രക്ഷിക്കാൻ ഇല്ലാതായപ്പോൾ, അധർമ്മം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ, അദൃശ്യമായ ആ ധർമ്മം (ശക്തി, ഈശ്വരൻ) ദ്രൗപദിയെ രക്ഷിച്ചു.    (അത് കൊണ്ട്, ക്രോസിൻ കഴിച്ചാൽ എല്ലാവരുടെയും പനി മാറും എന്ന പോലെ,  എല്ലാ സ്ത്രീകളെയും എപ്പോഴും രക്ഷിക്കും എന്നല്ല.)

2. മഹാഭാരതത്തിൽ, ചൂത് കളിയിൽ പാണ്ഡവന്മാർ തോറ്റിരിക്കുന്ന സമയം. യുധിഷ്ഠിരൻ, തന്റെ രാജ്യത്തെയും  സഹോദരന്മാരെയും പണയം വച്ചു. സ്വന്തമായി തന്നെ തന്നെ പണയം വച്ചു. പണയം വക്കാൻ ഇനിയെന്തെന്ന് എല്ലാവരും ആലോചിക്കുന്ന സമയത്ത് കർണ്ണൻ (കർണ്ണൻ ആണെന്ന് തോന്നുന്നു) പറഞ്ഞു, "സ്വതന്ത്രയായി നിൽക്കുന്ന ദ്രൗപദിയെ പണയം വക്കാനുണ്ടെന്ന്". അങ്ങിനെ ദ്രൗപദിയെ പിടിച്ച് വലിച്ച് സദസ്സിൽ കൊണ്ട് വന്ന് വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചു. ദ്രൗപദി ഉന്നയിച്ച ഒരു ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ, രാജസദസ്സ് ഒരു തീരുമാനവും എടുക്കാൻ പറ്റാതെ സ്തംഭിച്ച അവസ്ഥയിലായി. ചോദ്യം ഇതായിരുന്നു. "സ്വയം പണയം വച്ച് എല്ലാം നഷ്ടപ്പെട്ട്  അടിമയായിക്കഴിഞ്ഞ യുധിഷ്ഠിരന് എന്നെ പണയം വക്കാൻ സാധിക്കില്ല.  അപ്പോൾ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളെന്നോട് അപമര്യാദയായി പെരുമാറുന്നത്?".  (ഇത് തന്നെയാണ്, കർണ്ണൻ അറിയാതെ "സ്വതന്ത്രയായി നിൽക്കുന്ന ദ്രൗപദി" എന്ന് പറഞ്ഞതിന്റെ പൊരുൾ).  ദ്രൗപദിയുന്നയിച്ച ചോദ്യത്തിന് മറുപടി പറയാൻ പറ്റാതെ, രാജസദസ്സ് സന്ദിഗ്ധാവസ്ഥയിലായപ്പോൾ, ഹസ്തിനപുരത്തിൽ കഴുകൻ പറക്കുകയും, കുറുക്കൻ ഓരിയിടുകയും, കിളികൾ അശുഭമായി ചിലക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ചാണ്, ധൃതരാഷ്ട്രർ ദ്രൗപദിയെ സ്വതന്ത്ര ആക്കിയത്. തനിക്ക് കിട്ടിയ വരം വഴി, ദ്രൗപദി, തന്റെ ഭർത്താക്കന്മാരെ സ്വതന്ത്രരാക്കുകയും ചെയ്തു.  കുരുസദസ്സിലെ  ദൃശ്യശക്തികൾക്ക്  (മനുഷ്യർ അല്ലെങ്കിൽ ശരീരം, മനസ്സ്, ബുദ്ധി)  പ്രശ്നം പരിഹരിക്കാൻ പറ്റാതായപ്പോൾ, അദൃശ്യശക്തിയായ ദൈവം, മറ്റു ജന്തുക്കളിലൂടെ പ്രശ്ന പരിഹാരം നടത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

3. രാമായണത്തിൽ, കുട്ടികളില്ലാതിരുന്ന ദശരഥൻ,  ഒരു യാഗം നടത്തി. അതിന്റ  പ്രസാദമായി ഉണ്ടാക്കിയ പായസം കഴിച്ച ദശരഥന്റെ പത്നികൾക്ക് കുട്ടികളുണ്ടായി. ഇക്കാലത്ത് ആൺകുട്ടിയുണ്ടായാലും പെൺകുട്ടിയുണ്ടായാലും എല്ലാം ഒരേ പോലെ തന്നെ. പക്ഷെ, ദശരഥന്റെ കാലത്ത്,  ആൺകുട്ടിയുണ്ടായാൽ മാത്രമേ രാജ്യത്തിന് ഒരു അനന്തരാവകാശി ഉണ്ടാകുകയുള്ളൂ. അതിന് വേണ്ടി ദശരഥൻ, പല പ്രയത്നങ്ങളും നടത്തി. 3 കല്യാണം കഴിച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായില്ല. അപ്പോഴാണ് പുത്രകാമേഷ്ടി യാഗം നടത്തുന്നത്.  അതിന്റെ ഭാഗമായി ദശരഥന് കുട്ടികളുണ്ടായി. ദൃശ്യമണ്ഡലത്തിൽ എല്ല്ലാ പരിശ്രമങ്ങളും നടത്തി പരാജിതനായപ്പോൾ, അദൃശ്യമണ്ഡലം പ്രവർത്തിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  

"താൻ പാതി, ദൈവം പാതി" എന്ന് പറയുന്നത് പോലെ.  നമ്മളൊക്കെ ചൊവ്വയിലേക്ക് റോക്കറ്റ് വിടുകയോ, കുറെ കണ്ടുപിടുത്തങ്ങൾ നടത്തുകയോ ഒക്കെ ചെയ്താലും, ദൈവം എന്ന ഒരു ഘടകം കൂടി പ്രവർത്തിച്ചാലേ, കാര്യങ്ങൾ നടക്കേണ്ട രീതിയിൽ നടക്കുകയുള്ളൂ. 

[09232021]

No comments:

Post a Comment