Tuesday, August 30, 2022

മരം, മരം വെട്ടുകാരൻ, കിളി

ഒരു മരം വെട്ടുകാരൻ മരം വെട്ടുന്നു. മരം വീഴുന്നതിനു മുൻപ് ആ മരത്തിലിരിക്കുന്ന ഒരു കിളി   അവിടെനിന്ന് പറന്നു പോകുന്നു. 
 
നമ്മളൊക്കെ എങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കിത്തരാൻ വേദവ്യാസൻ ഭാഗവതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഉദാഹരണമാണിത്. ഇതിൽ, 
- മരം എന്നത് നമ്മുടെ ശരീരവും
- മരം വെട്ടുകാരൻ എന്നത് കാലവും 
- കിളി എന്നത് നമ്മുടെ മനസ്സും 
ആയി കണക്കാക്കാം.
 
- മരം വെട്ടുകാരൻ മരത്തെ വെട്ടി അതിന്റെ സ്ഥിരത നഷ്ടപ്പെടുത്തുന്ന പോലെ, കാലം നമ്മുടെ ശരീരത്തെ ദിനം പ്രതി ദുർബലമാക്കിക്കൊണ്ടിരിക്കുന്നു. 
 
- അവസാനം മരം വീഴുന്നത് പോലെ, നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം നിലക്കുന്നു, മരിക്കുന്നു.
 
- മരം വീഴുന്നതിന് മുൻപ് കിളി അതിന്റെ കുട്ടികളെയും, കൂടും, സംഭരിച്ചു വച്ച ഭക്ഷണവുമൊക്കെ വിട്ട് പറന്നകലുന്നു. മരിക്കുന്നതിന് മുൻപ് തന്നെ മനസ്സിന് ശരീരവുമായും (മരം), ശരീരവുമായി ബന്ധപ്പെട്ട ആൾക്കാരുമായും (കിളിക്കുഞ്ഞുങ്ങൾ), ശരീരവുമായി ബന്ധപ്പെട്ട വസ്തുക്കളുമായുമുള്ള (സംഭരിച്ച ഭക്ഷണം) ഉള്ള ബന്ധനങ്ങളിൽ (attachments) നിന്ന് വിമുക്തമാവാൻ പറ്റുകയാണെങ്കിൽ മാത്രമേ, മനസ്സിന് ശരീരത്തെ വിട്ട് ഭഗവാനിലേക്ക് ഉയരാൻ (മോക്ഷം) സാധിക്കുകയുള്ളൂ. 
അതിനാൽ, സ്വന്തം ശരീരത്തോടും, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ എന്നിവരോടും, വീട്/കാർ എന്നിവയോടുമൊക്കെ ഉള്ള ബന്ധനങ്ങൾ ഉപേക്ഷിച്ചു ജീവിച്ചാൽ വളരെ നല്ലത്. (ഇതിന്റെ അർഥം, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ ഇവർക്ക് വേണ്ടി ഒന്നും ചെയ്യരുതെന്നോ  ലൗകിക സൗകര്യങ്ങൾ നേടരുതെന്നോ അല്ല.  വളരെ ആത്മാർത്ഥതയോടെ അവർക്കൊക്കെ വേണ്ടി എല്ലാം ചെയ്യണം,.. ലൗകിയ സൗകര്യങ്ങൾ ഒക്കെ നേടിയെടുക്കണം. പക്ഷെ, അവരോടൊക്കെയുള്ള പെരുമാറ്റങ്ങൾ ഉണ്ടാക്കുന്ന സുഖദുഃഖങ്ങളിലും ലൗകിക സൗകര്യങ്ങൾ വഴി ഉണ്ടാകുന്ന സുഖദുഃഖങ്ങളിലും മനസ്സിനെ കുരുക്കിയിടരുതെന്നു മാത്രം). 
 
എത്രയും നേരത്തെ attachments ൽ നിന്ന് മോചനം ലഭിക്കുന്നുവോ അന്ന് മുതൽ ശാന്തിയും സമാധാനവുമായി ജീവിക്കാം. ജീവിച്ചിരിക്കുന്പോൾ തന്നെ ഉണ്ടാകുന്ന ഈ അവസ്ഥയെ ജീവന്മുക്തി എന്ന് പറയുന്നു. 

[08302022]

No comments:

Post a Comment