Monday, February 7, 2022

വരാഹ അവതാരം

വരാഹ അവതാരത്തെ പറ്റി കേൾക്കാത്തവർ ഉണ്ടാവില്ല. ഹിരണ്യാക്ഷൻ ഭൂമിയെ സമുദ്രത്തിലേക്ക് (Cosmic Ocean) വലിച്ചു താഴ്‌ത്തി. മഹാവിഷ്ണു ഒരു പന്നിയുടെ അവതാരം എടുത്ത് ഭൂമിയെ സമുദ്രത്തിൽ നിന്ന് തിരിച്ചെടുത്ത് അതിന്റെ സ്‌ഥാനത്ത്‌  പ്രതിഷ്ഠിച്ചു. ഹിരണ്യാക്ഷനെ കൊല്ലുകയും ചെയ്തു.
 
വരാഹ അവതാരത്തെപ്പറ്റി, ഇങ്ങനെ ഒരു കഥയായി മാത്രമേ കേൾക്കാറുള്ളൂ. പക്ഷെ, ഇതിൽ അടങ്ങിയിരിക്കുന്ന കാതലായ സന്ദേശം മഹത്തരമാണ്. 
 
ആദ്യം ഇത്തിരി ഫിലോസഫി. എന്നിട്ട് കഥയിലേക്ക് കടക്കാം.

മനുഷ്യൻ എന്നത് വെറും ശരീരം മാത്രമല്ല. മനസ്സ് കൂടിയുണ്ട്. മനസ്സ് എന്നത് കൊണ്ട് - മനസ്സ്, ബുദ്ധി, അഹങ്കാരം (ഞാൻ എന്ന ചിന്ത, എന്റെ എന്ന ചിന്ത) ഇവയൊക്കെ കൂടിയതായി കണക്കാക്കാം.  മനസ്സ് അധികവും ശരീരത്തോടും, പുറംലോക വസ്തുക്കളോടും, പുറമെയുള്ള ആൾക്കാരിലും ഒട്ടി നിൽക്കുന്നു. നമ്മുടെ വിഷമങ്ങളും സന്തോഷങ്ങളും നിശ്ചയിക്കുന്നത് നമ്മുടെ ശരീരമോ (e.g. ശരീര സൗന്ദര്യം)  , മറ്റെന്തെങ്കിലും സാധനമോ (e.g. ടെലിവിഷൻ, Whatsapp) , അല്ലെങ്കിൽ മറ്റ് ആൾക്കാരോ (e.g. ഭാര്യ, കുട്ടികൾ) ആണ്. ഈ സുഖങ്ങളും ദുഖങ്ങളും മനസ്സിൽ എത്തുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്. അപ്പോൾ, അടിസ്‌ഥാനപരമായി ഇന്ദ്രിയങ്ങളോടാണ് മനസ്സ് ഒട്ടി നിൽക്കുന്നത്. പക്ഷെ, "ശരീരം-മറ്റു വസ്തുക്കൾ-മറ്റ് ആൾക്കാർ",  എന്നിവ സന്തോഷം തന്നാലും അത് ഉള്ളിൽ അനുഭവിക്കണമെങ്കിൽ, നമ്മുടെ ഉള്ളിൽ ഒരു ചൈതന്യം ഉണ്ടാകണം. ആ ചൈതന്യമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല.. അതായത്, ഉള്ളിലെ ചൈതന്യം ഇല്ലെങ്കിൽ, പിന്നെ സൗന്ദര്യമോ-ടെലിവിഷനോ-കുട്ടികളോ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല, സന്തോഷവും ദുഖവുമൊന്നും അനുഭവിക്കാൻ പറ്റില്ല. ആ ചൈതന്യമാണ് 'ഈശ്വരൻ'. നമ്മളെ എല്ലാവരെയും ജീവിപ്പിച്ചു നിർത്തുന്ന ആ ശക്തിയാണ് ഈശ്വരൻ (മരിക്കുന്നത് വരെ നമ്മുടെ കൂടെയുള്ളതും, മരിച്ചാൽ ശരീരത്തിൽ നിന്ന് ഇല്ലാതാകുന്നതും ആയ ആ ശക്തി). ഏറ്റവും പ്രധാനമായ ആ ഈശ്വരനെ മനസ്സിലാക്കാനോ, ആ ഈശ്വരന് പ്രാധാന്യം കൊടുത്തു ജീവിക്കാനോ, മിക്കവാറും ആൾക്കാരും ശ്രമിക്കില്ല. മനസ്സ് പഞ്ചേന്ദ്രിയങ്ങളോടും ശരീരത്തോടുമല്ല ഒട്ടി നിൽക്കേണ്ടത്, മറിച്ച് നമ്മളെ ജീവിപ്പിച്ച് നിർത്തുന്ന ഈശ്വരനോടാണ് ഒട്ടി നിൽക്കേണ്ടത്. അങ്ങിനെ നമ്മുടെ മനസ്സിനെ ഈശ്വരനോട് അടുപ്പിക്കാൻ പറ്റിയാൽ,  ഈശ്വരനെ മനസ്സിൽ സാക്ഷാത്ക്കരിക്കാൻ പറ്റിയാൽ, സകലചരാചരങ്ങളെയും  നിലനിർത്തുന്നത് ഒരേ ഈശ്വരൻ തന്നെയാണെന്ന് മനസ്സിലാകും. പിന്നെ "ഞാൻ-നീ" എന്നത് മാറി "നമ്മൾ എല്ലാവരും ഒന്ന് തന്നെ" എന്ന നിലയിലെ എല്ലാം കാണാൻ പറ്റൂ. അപ്പോൾ ആരെയും വെറുക്കാനോ, മറ്റുള്ളവരോട് ദേഷ്യപ്പെടാനോ ഒന്നും തോന്നില്ല.  അങ്ങനെ,  ഏറ്റവും വലിയ ശാന്തിയും സമാധാനവും നമുക്കുണ്ടാകും. 

അപ്പോൾ 3 കാര്യങ്ങൾ - [പഞ്ചേന്ദ്രിയങ്ങൾ - മനസ്സ് - ഈശ്വരൻ]
അതവിടെ നിൽക്കട്ടെ.
 
ഇനി ഹിരണ്യാക്ഷന്റെ കാര്യത്തിലേക്കു വരാം. അവിടെയും മൂന്ന് കാര്യങ്ങളാണുള്ളത് 
[ഹിരണ്യാക്ഷൻ - ഭൂമി - (യജ്ഞ)വരാഹം]

ഹിരണ്യാക്ഷൻ 
-------------------
ഹിരണ്യം എന്നാൽ സ്വർണ്ണം. അപ്പോൾ ഹിരണ്യാക്ഷൻ എന്നാൽ സ്വർണ്ണം പോലത്തെ കണ്ണുള്ളവൻ എന്നോ സ്വർണ്ണത്തിൽ അതിയായ ആഗ്രഹം ഉള്ളവൻ എന്നോ പറയാം. സ്വർണ്ണത്തിൽ - അതായത് സന്പത്തിൽ, പുറം ലോക വസ്തുക്കളിൽ - അതിയായ ആഗ്രഹം ഉണ്ടായിരുന്നവൻ. ശരീരവും, വസ്തുക്കളും, മറ്റ് വ്യകതികളുമൊക്കെയാണ് എല്ലാ സുഖങ്ങൾക്കും അടിസ്‌ഥാനം എന്ന് കരുതി ജീവിച്ചിരുന്നവനായിരുന്നു ഹിരണ്യാക്ഷൻ. മനസ്സാണല്ലോ നമ്മളെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത്.  ഹിരണ്യാക്ഷന്റെ മനസ്സ്, 'ശരീരം-വസ്തുക്കൾ-വ്യക്തികൾ' എന്നിവക്ക് അടിമയായിരുന്നു. ഇന്ദ്രിയങ്ങൾ വഴി 'ശരീരം-വസ്തുക്കൾ-വ്യക്തികൾ' എന്നിവയോട്  മനസ്സ് ഒട്ടിനിന്നിരുന്ന അവസ്‌ഥ.  അതായത്, മനസ്സ് ഇന്ദ്രിയങ്ങളോട് അമിതമായി ഒട്ടി നിന്നിരുന്ന അവസ്‌ഥ.  മനസ്സ് ഇന്ദ്രിയങ്ങളുടെ അടിമയായിരുന്നത് കാരണം മറ്റുള്ളവരെ ദ്രോഹിച്ചോ, കൊന്നോ ഒക്കെ ഹിരണ്യാക്ഷൻ എല്ലാം കൈക്കലാക്കിയിരുന്നു. കാരണം, കൈക്കലാക്കുന്നതൊക്കെയാണ് സുഖം തരുന്നതെന്ന രീതിയിലാണ്, ഇന്ദ്രിയങ്ങൾക്ക് അടിമയായ മനസ്സ് ഹിരണ്യാക്ഷനെ കൊണ്ട് പ്രവർത്തിപ്പിച്ചിരുന്നത്. അതിന്റെ അങ്ങേയറ്റമെത്തി ഭൂമിയെ സമുദ്രത്തിലേക്ക് താഴ്ത്തി. 
 
ഭൂമി  
-----
ഭൂമി എന്നാൽ മനസ്സ് എന്നൊരു അർത്ഥമുണ്ട്. ഭൂമിയെ സമുദ്രത്തിൽ താഴ്‌ത്തി എന്നാൽ "ഇന്ദ്രിയങ്ങൾക്ക് അടിമയായ മനസ്സിനെ താഴ്‌ത്തി അല്ലെങ്കിൽ അധഃപതിപ്പിച്ചു' എന്ന് സൂചിപ്പിക്കുന്നു. 

അതായത്, "ഹിരണ്യാക്ഷൻ ഭൂമിയെ സമുദ്രത്തിലേക്ക് താഴ്‌ത്തി" എന്ന് പറഞ്ഞാൽ "സ്വർണ്ണത്തിൽ-സന്പത്തിൽ-വസ്തുക്കളിൽ-വ്യക്തികളിൽ-ശരീരത്തിൽ അഭയം തേടുന്നവർ ഇന്ദ്രിയങ്ങൾക്ക് അടിമകളായി തന്റെ മനസ്സിനെ അധഃപതിപ്പിക്കുന്നു", എന്നർത്ഥം 
 
വരാഹത്തെ, യജ്ഞവരാഹം എന്നാണ് പറയുന്നത്.

യജ്ഞം
----------
യജ്ഞം എന്ന് പറഞ്ഞാൽ, നാം സ്‌ഥിരം കരുതുന്ന യാഗം, ഹോമം എന്ന പോലത്തെ യജ്ഞങ്ങൾ അല്ല. യജ്ഞം എന്നാൽ "കൂട്ടായ കർമ്മം". പ്രപഞ്ചം നിലനിൽക്കുന്നത് യജ്ഞം (കൂട്ടായ കർമ്മം) വഴിയാണ്. ഉദാഹരണം: ചെടികൾ ഓക്സിജൻ പുറത്തേക്ക് വിടുന്നു, മനുഷ്യൻ ഓക്സിജൻ ശ്വസിക്കുന്നു, കാർബൺ ഡയോക്‌സൈഡ് പുറത്തുവിടുന്നു. ചെടികൾ അത് ശ്വസിക്കുന്നു. ഇനിയും പരസ്പര ആശ്രയത്തോടെ ജീവിക്കുന്ന അനവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാം. ഇത് പോലെ, പ്രപഞ്ചത്തിൽ കാണുന്ന കാര്യമാണ് 
- എടുക്കുക 
- കൊടുക്കുക 
എല്ലാം വേണ്ടത് എടുക്കുന്നു, വേണ്ടാത്തതും അധികമുള്ളതും കൊടുക്കുന്നു. ഇതാണ് കൂട്ടായ കർമ്മം അല്ലെങ്കിൽ യജ്ഞം. ഏതെങ്കിലും ഒന്ന് ആരെങ്കിലും കൊടുക്കാതെ എടുത്ത് വക്കാൻ എന്ന് തുടങ്ങിയോ, അന്ന് മുതൽ പ്രശ്നങ്ങൾ തുടങ്ങി. നമ്മൾ എല്ലാ മനുഷ്യന്മാരും അങ്ങനെയല്ലേ, അവനവന് വേണ്ടി മത്സരിച്ച് എടുത്ത് വക്കാൻ നോക്കുന്നത് കൊണ്ടല്ലേ, സ്വാർത്ഥതയും പരസ്പരം കലഹവും യുദ്ധങ്ങളും ഉണ്ടാകുന്നത്. അപ്പോൾ ശരിയായ യജ്ഞം എന്ന് പറയുന്നത്, "എടുക്കുക, കൊടുക്കുക, അവനവനെന്ന് കരുതി എടുത്ത് വക്കാതിരിക്കുക", എന്നതാണ്. അങ്ങനെ യജ്ഞമായി എല്ലാ കർമ്മങ്ങളും ചെയ്‌താൽ, മനസ്സിന് ശുദ്ധി വരും... മനസ്സിന്റെ സ്വാർത്ഥ സ്വഭാവം ഇല്ലാതാകും,  ഇന്ദ്രിയങ്ങളോട് ഒട്ടി നിൽക്കാതെ, 'വസ്തുക്കൾ-വ്യക്തികൾ-ശരീരം' ഇവയിൽ ഒട്ടിനിൽക്കാതെ, "മനസ്സ് ഈശ്വരനോട് അടുക്കും". 

വരാഹം 
----------
വരാഹം എന്ന് പറഞ്ഞാൽ 'വരാൻ അഹം', 
'വരാൻ' - കൈവരാൻ - കൈവരിക്കാൻ 
'അഹം' - ഞാൻ - ഉള്ളിലെ ചൈതന്യം - ഈശ്വരൻ 

അപ്പോൾ. "ഹിരണ്യാക്ഷനെ കൊന്നു സമുദ്രത്തിൽ താഴ്ന്നു പോയ ഭൂമിയെ യജ്ഞവരാഹം പൊക്കിയെടുത്ത് വേണ്ടിടത്ത് വച്ചു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് ഇതാണ് 
"ഇന്ദ്രിയങ്ങളോടുള്ള അമിതമായ ഒട്ടൽ വഴി അധഃപതിച്ച [മനസ്സിനെ], [കർമ്മങ്ങളെല്ലാം യജ്ഞമാകുന്ന രീതിയിൽ ചെയ്ത്] [ഇന്ദ്രിയനിഗ്രഹം നടത്തി] (മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഒട്ടൽ ഇല്ലാതാക്കി) ഉയർത്തിക്കൊണ്ടുവന്നാൽ, [ഈശ്വരനെ കൈവരിക്കാൻ പറ്റും]"


[യജ്ഞം വഴി] -  "എടുക്കുക, കൊടുക്കുക, തനിക്ക് വേണ്ടി എടുത്ത് വക്കാതിരിക്കുക" - ഇങ്ങനെ ജീവിക്കുക 
[ഇന്ദ്രിയനിഗ്രഹം]  - "ഹിരണ്യാക്ഷനെ വധിച്ചു എന്ന് പറഞ്ഞാൽ ഇന്ദ്രിയനിഗ്രഹം ആണ് സൂചിപ്പിക്കുന്നത്. അതായത്, മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഒട്ടൽ ഇല്ലാതാക്കി.
[മനസ്സിനെ] -  ഭൂമിയെ
[ഈശ്വരനെ കൈവരിക്കാം ] -  വരാഹം

PS: ഇത് പോലെ തന്നെ ബാക്കി ഉള്ള അവതാരങ്ങൾ നൽകുന്ന സന്ദേശങ്ങളും മഹത്തരമാണ്. ഈ സന്ദേശങ്ങൾ മനസ്സിലാക്കാതെയാണ് മിക്കവാറും ആൾക്കാരും അവതാരങ്ങളുടെ കഥ മാത്രം കേട്ട് രസിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു നാൾ മുൻപ് മഹാബലിയെ കുറിച്ചുള്ള  തെറ്റിദ്ധാരണകളെ പറ്റി എഴുതിയിരുന്നു. (https://puttunninotes.blogspot.com/2021/08/blog-post.html)

[2/7/2022]

No comments:

Post a Comment