- ലൗകികമായ/ഭൗതികമായ കാര്യങ്ങൾ വഴി (worldly pleasures)
- ആത്മീയമായ വഴി (spiritual)
ഭൂരിപക്ഷം ആൾക്കാരും ലൗകികകാര്യങ്ങൾ വഴിയാണ് ഇതിനുള്ള പരിശ്രമം നടത്തുക (വീട്, ഭാര്യ, കുട്ടികൾ, മദ്യപാനം, സിനിമ.. എന്നിവയൊക്കെ ഉദാഹരണങ്ങൾ). ആത്മീയമായ വഴിയിൽ വളരെ കുറച്ച് പേരെ സഞ്ചരിക്കാറുള്ളൂ. ഇതിൽ ആത്മീയമായ വഴിയുടെ പ്രാധ്യാന്യം അർജുനനും ദുര്യോധനനും തമ്മിലുള്ള താരതമ്യത്തിലൂടെ മഹാഭാരതവും ഭഗവദ് ഗീതയും കാണിച്ചു തരുന്നു
1) മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുൻപ് കൃഷ്ണന്റെ സഹായം ചോദിക്കാൻ ദുര്യോധനൻ ആദ്യം തന്നെയെത്തി. കൃഷ്ണൻ ഉറക്കം നടിച്ച് കിടന്നു. എഴുന്നേൽക്കുന്പോൾ ആദ്യം എന്നെ തന്നെ കാണണം എന്ന ചിന്തയോടെ, ദുര്യോധനൻ കൃഷ്‍ണന്റെ തലയുടെ ഭാഗത്തിരുന്നു. കുറച്ചു കഴിഞ്ഞു അർജുനനും അവിടെ വന്നു. കൃഷ്ണൻ ഉറങ്ങുന്നത് കണ്ടപ്പോൾ കൃഷ്‍ണന്റെ കാലിന്റെയടുത്ത് നിന്നു. കള്ളയുറക്കത്തിൽ നിന്ന് എഴുന്നേറ്റ കൃഷ്ണൻ ആദ്യം കണ്ടത് അർജുനനെ ആണെന്നും, പ്രായത്തിൽ ഇളയത് അർജുനൻ ആണെന്നുമുള്ള ന്യായത്തിന്റ പേരിൽ ആദ്യം സഹായം ചോദിക്കാൻ അർജുനനെ അനുവദിച്ചു. കൃഷ്ണൻ യുദ്ധം ചെയ്യില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് കൃഷ്ണനെ മാത്രം മതിയെന്ന് അർജുനൻ പറഞ്ഞു. വെറും കൃഷ്‍ണനെ കിട്ടിയിട്ട് എന്ത് കാര്യമെന്നും, അർജുനൻ ഒരു മരമണ്ടനാണെന്നും സ്വയം ആലോചിച്ച്, ദുര്യോധനൻ കൃഷ്ണന്റെ സൈന്യത്തെ മുഴുവൻ ആവശ്യപ്പെട്ടു. കൃഷ്ണൻ കൊടുക്കുകയും ചെയ്തു,
സാധാരണ ചിന്താഗതി അനുസരിച്ച്, ഭൗതികമായാത് മാത്രമേ നമുക്ക് വിജയം തരൂ എന്ന സാധാരണ ബുദ്ധിയാണ് ദുര്യോധനൻ കാണിച്ചത്. കൃഷ്ണന്റെ ദൈവീക വശം അപ്പോൾ അർജുനൻ മനസ്സിലാക്കിയിരുന്നില്ലയെങ്കിലും, ലൗകിക/ഭൗതിക മാർഗങ്ങളെ ഉപേക്ഷിച്ച്, ദൈവീകമായ വഴിയിലൂടെ ചിന്തിച്ച അർജുനൻ കൃഷ്ണനെ മാത്രമേ ചോദിച്ചുള്ളൂ. അന്തിമവിജയം അർജ്ജുനന്റേതുമായിരുന്നു. (ഭൗതിക കാര്യങ്ങളുടെ പിന്നാലെ ഓടുന്ന നമ്മൾക്ക് അർജുനൻ കാണിച്ച വിവേകത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നല്ലൊരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കുമെന്നുറപ്പാണ്)
2) മഹാഭാരത യുദ്ധത്തിന് മുൻപ് സന്ധിസംഭാഷണത്തിന് കൃഷ്ണൻ പോയപ്പോൾ, ദുര്യോധനനെ കണ്ട്, ദുര്യോധനൻ ചെയ്യുന്നത് അധർമ്മമാണെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നു. തന്നെ ഉപദേശിക്കണ്ട എന്നും, ഏതാണ് ശരി/തെറ്റ് എന്നൊക്കെ തനിക്കറിയാമെന്നും, താൻ ചെയ്യുന്നത് ശരിയല്ലാത്തത് ആണെന്ന ബോധ്യമുണ്ടെന്നും, പക്ഷെ തനിക്ക് ശരി ചെയ്യാൻ തോന്നുന്നില്ലെന്നുമാണ് ദുര്യോധനൻ പറഞ്ഞത്. ഇനി അർജുനന്റെ കാര്യം നോക്കാം. യുദ്ധത്തിന് തൊട്ടുമുൻപ് തനിക്ക് യുദ്ധം ചെയ്യണ്ട എന്ന് പറഞ്ഞ് തളർന്ന അർജുനന് ഗീതോപദേശം കൊടുക്കുന്നതിനിടയിൽ, "ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ആ തെറ്റുകൾ ചെയ്യുന്നത്? അങ്ങനെ തെറ്റുകൾ ചെയ്യാതിരിക്കാൻ എന്താണ് മാർഗം?" എന്ന് അർജുനൻ കൃഷ്ണനോട് ചോദിക്കുന്നു. മാനസികമായി അധഃപതിച്ച അവസ്ഥയിൽ നിന്ന് എങ്ങനെ മോചനം നേടാമെന്ന ഈ ചോദ്യം, അർജുനന്റെ ആത്മീയമായ ഉയർച്ചയെ കാണിക്കുന്നു. കാരണം ഇതിൽ നിന്നുള്ള മോചനം മനസ്സിന്റെയും ബുദ്ധിയുടെയും വികാസം വഴിയാണ്. പക്ഷെ, താൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് വരാൻ ദുര്യോധനൻ തയ്യാറായിരുന്നില്ല.
[11142022]
No comments:
Post a Comment