Friday, February 19, 2021

മഹാഭാരതം: ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി

ഭാരതത്തിലെ ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും പറ്റി ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ അനവധിയാണ്. എന്തുകൊണ്ടാണ് ഈ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത് എന്നതിനെ പറ്റി, ചരിത്രം, ഇതിഹാസങ്ങൾ, തെറ്റിദ്ധാരണകൾ എന്ന ലേഖനത്തിൽ എഴുതിയിരുന്നു. മഹാഭാരതത്തെ പറ്റിയാണ് കൂടുതൽ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നത്. അതിലെ ഏകലവ്യനെ പറ്റിയും കർണ്ണനെ പറ്റിയുമുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്നതിനായി രണ്ട് ലേഖനങ്ങൾ എഴുതിയിരുന്നു. (ദ്രോണരും ഏകലവ്യനുംകർണ്ണനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ). കർണ്ണനെയും ഏകലവ്യനെയും അത്രക്ക് മഹത്വവൽക്കരിക്കപ്പെടേണ്ട ആവശ്യമില്ല എന്ന് മഹാഭാരതം തന്നെ കാട്ടിത്തരുന്നുണ്ട്. കർണ്ണന്റെ മോശമായ വശത്തെ കാണിക്കുന്പോൾ എതിർപ്പുകൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പക്ഷെ, എന്നെ അദ്ഭുതപ്പെടുത്തിയത്, ധർമ്മസംസ്ഥാപനത്തിന് വേണ്ടി നടന്ന മഹാഭാരതയുദ്ധത്തിൽ, ധർമ്മം കൗരവരുടെ ഭാഗത്തായിരുന്നുവെന്നും, കൃഷ്ണ-പാണ്ഡവന്മാർ അധർമ്മികൾ ആയിരുന്നുവെന്നും തെറ്റായി മനസ്സിലാക്കിയിരിക്കുന്നവരും ഉണ്ടെന്നാണ്. ഒരു കഥാപാത്രത്തെ പറ്റി തെറ്റായി മനസിലാക്കുന്നു എന്നതിലുപരി, സംഭവം മുഴുവനും തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്ന അവസ്ഥ. ഈ ആശയക്കുഴപ്പത്തിന്റെ മൂലകാരണം, ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി ആരാണെന്ന് ഒരു വ്യക്തത ഇല്ലാത്തതാണ്.  

എന്റെ അഭിപ്രായത്തിൽ, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ് (ഇതിൽ ചിലതൊക്കെ ആവർത്തനമാണ്)

1. ഇതിഹാസങ്ങൾ, നാം പിന്തുടരേണ്ട ജീവിതമൂല്യങ്ങൾ എന്താണെന്നും, പിന്തുടരാൻ പാടില്ലാത്ത ചീത്ത കാര്യങ്ങൾ ഏതാണെന്നും, കാണിച്ചു തരുന്നു. സമൂഹത്തിൽ പൊതുവെ നന്മതിന്മകൾ കുറഞ്ഞ കാലഘട്ടത്തിലുണ്ടായ രാമായണത്തിൽ നന്മതിന്മകൾ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ, സമൂഹത്തിൽ, തിന്മ നന്മയെക്കാൾ മേലെ ആയിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് മഹാഭാരതം ഉണ്ടായിട്ടുള്ളത്. അതിനാൽ, മഹാഭാരതത്തിൽ ശരിയും തെറ്റും ഇടകലർന്ന് കിടക്കുകയാണ്. ശരിയേതെന്നും തെറ്റെതെന്നും വ്യക്തമായി  മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ വ്യക്തീയമായി നോക്കേണ്ടി വരും, ചിലപ്പോൾ സമാജത്തിന്റെ വീക്ഷണകോണിലൂടെ നോക്കേണ്ടിവരും. വളരെ ബൃഹത്തായ മഹാഭാരതം ഒരാവർത്തിയെങ്കിലും  വായിച്ച് ശരിയും തെറ്റും നോക്കാനൊക്കെ വളരെയധികം സമയമെടുക്കും. അത് കൊണ്ട്, കേൾക്കേണ്ടത്  കേൾക്കേണ്ട രീതിയിൽ ജ്ഞാനികളിൽ നിന്നും കേട്ടില്ലെങ്കിൽ,  വളരെയധികം തെറ്റിദ്ധാരണകൾ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അങ്ങനെ, വില്ലൻ നായകനാണെന്നും, നായകൻ വില്ലനാണെന്നും തോന്നിയേക്കാം. 

2.  ജീവിതമൂല്യങ്ങൾ ശരിയായ രീതിയിൽ പറയാനോ, എഴുതാനോ ഉള്ള ആളുകളുടെ കുറവും, അത് ജനങ്ങളെ വ്യക്തമായി മനസ്സിലാക്കിപ്പിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണെന്ന് തോന്നുന്നു, ജീവിതമൂല്യങ്ങളെ മുഴുവൻ വലിച്ചെടുത്ത് കളഞ്ഞ് വെറുമൊരു കഥ പോലെ മഹാഭാരതത്തെ പുസ്തകങ്ങളിലും, വീഡിയോകളിലുമൊക്കെ അവതരിപ്പിക്കുന്നത്. വെറുമൊരു കഥാരൂപത്തിൽ കേൾക്കേണ്ടത് കുട്ടിക്കാലത്ത് മാത്രമാണ്. കാരണം, അക്കാലത്ത് എല്ലാ ജീവിത മൂല്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. നമ്മൾ വളരും തോറും, നമുക്കുണ്ടാകുന്ന സംശയങ്ങളെ പറ്റി വിചിന്തനം നടത്തണം.  കഥ എന്ന പോലെ മാത്രം കേട്ടാൽ, ആശയക്കുഴപ്പം ഉറപ്പാണ്. 

3. അതിനുപരി, ഈ നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ട് അയ്യായിരം വർഷം   മുൻപുള്ള മഹാഭാരതത്തെ നിരൂപണം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.  വെറുമൊരു കഥ പോലെ മാത്രം മഹാഭാരതത്തെ മനസ്സിലാക്കിയാൽ, ഇക്കാലത്തെ ജീവിതരീതികളോട് സാമ്യപ്പെടുത്തി ചിന്തിക്കുന്ന രീതിയാണ് അധികവും ഉണ്ടാകുന്നത്. അത്  മഹാഭാരത്തെ പറ്റിയുള്ള ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കഴിഞ്ഞു പോയ ആ കാലഘട്ടത്തിന്റെ രീതിയിൽ ചിന്തിപ്പിച്ച്, ഈ കാലഘട്ടത്തിൽ എങ്ങനെ ധർമ്മത്തിന് വിധേയമായി ജീവിക്കാം എന്ന് മനസ്സിലാക്കിപ്പിക്കാൻ, പുസ്തകങ്ങളോ, അമർ ചിത്രകഥയോ, മഹാഭാരതം സീരിയലോ സഹായിക്കുകയില്ല. അതിന്, ജ്ഞാനികളുടെ നല്ല തത്ത്വപ്രവചനങ്ങൾ തന്നെ കേൾക്കണം. പക്ഷെ, അതിന് സമയം കണ്ടെത്തുന്നവർ വളരെ കുറവാണ്.

ഈ ഒരു പാരഗ്രാഫിൽ ഉള്ളതിന് സമാനമായി മഹാഭാരതത്തെ തെറ്റായി മനസ്സിലാക്കുന്നവരുണ്ട്.  ശന്തനുവിന്റെയും സത്യവതിയുടെയും മക്കളായിരുന്ന ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലാതെ മരിച്ചുപോയി. രാജ്യത്തിനവകാശി ഇല്ലാത്തതിനാൽ, ഭീഷ്മരോട് വിചിത്രവീര്യന്റെ ഭാര്യമാരായിരുന്ന അംബികയെയും അംബാലികയെയും വിവാഹം കഴിക്കാൻ, സത്യവതി ആവശ്യപ്പെട്ടു. ഭീഷ്മർ അത് നിരസിച്ചു. പിന്നീട് സത്യവതിയുടെ പുത്രനായ വേദവ്യാസന്റെ നിയോഗം വഴി അംബികക്കും അംബാലികക്കും, പാണ്ഡുവും ധൃതരരാഷ്ട്രരും ജനിച്ചു. മൂത്തവനാണെങ്കിലും അന്ധനായ ധൃതരാഷ്ത്രരെ രാജാവാക്കാതെ, ഭീഷ്മരുടെ സമ്മതത്തോടെ അനുഗ്രഹത്തോടെ ഇളയവനായ ബുദ്ധിമാനായ പാണ്ഡുവിനെ രാജാവാക്കി. കുറെ നാൾ കഴിഞ്ഞപ്പോൾ പാണ്ഡു കാട്ടിലേക്ക് പോകുകയും ആ സമയത്ത് ധൃതരാഷ്ട്രരെ  രാജാവാക്കുകയും ചെയ്തു. പിന്നീട് പാണ്ഡു മരിക്കുകയും, പാണ്ഡുവിന്റേതെന്ന് പറയുന്നതും, പക്ഷെ പാണ്ഡുവുമായി രക്തബന്ധം ഇല്ലാത്തതുമായ 5 മക്കളുമായി, പാണ്ഡുവിന്റെ ഭാര്യ കുന്തി ഹസ്തിനപുരത്ത് എത്തി. പാണ്ഡവരും കൗരവരും ഒരുമിച്ച് വളർന്നു. ഒന്നും അർഹിക്കാത്ത പാണ്ഡവർക്ക് ധൃതരാഷ്ട്രർ രാജ്യത്തിന്റെ പകുതി കൊടുക്കുന്നു. ചൂതുകളിയിൽ എല്ലാം നഷ്ടപ്പെട്ടു 12 വർഷം വനവാസവും ഒരു വർഷം അജ്ഞാത വാസവും ചെയ്യുന്നു. തിരിച്ചുവന്ന് അവർ അവരുടെ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു. അതിന്റെ പേരിൽ യുദ്ധമുണ്ടാകുന്നു. പാണ്ഡുവുമായി രക്തബന്ധം പോലുമില്ലാത്ത പാണ്ഡവരാണ് മഹാഭാരതയുദ്ധത്തിന് കാരണം. ദുര്യോധനൻ, തനിക്കവകാശപ്പെട്ട രാജ്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ എല്ലാ രീതിയിലും പോരാടിയെന്നേയുള്ളൂ. ദുര്യോധനൻ ചെയ്തതിലൊന്നും ഒരു തെറ്റുമില്ല. 

ഹസ്തിനപുരത്തിന്റെ ശരിയായ അവകാശി ആരാണെന്ന ആശയക്കുഴപ്പം മാത്രമാണ്, ഈ ലേഖനത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
   
തെറ്റിദ്ധാരണ 1: <പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ല >
പാണ്ഡുവുമായി രക്തബന്ധമില്ലാത്തവരാണ് പാണ്ഡവർ എന്നത് കൊണ്ട്, പാണ്ഡവർ കുരു വംശജരല്ലെന്നും, അതിനാൽ പാണ്ഡവർക്ക് രാജ്യത്തിൽ ഒരവകാശവും ഇല്ലെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ആളാണ് ദുര്യോധനൻ.  യുദ്ധത്തിന് മുൻപ്, ദൂതുമായി കൃഷ്ണൻ ദുര്യോധനനെ കാണാൻ ചെന്നപ്പോൾ, പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ലെന്ന് ദുര്യോധനൻ ശക്തമായി വാദിച്ചിരുന്നു. പാണ്ഡവർ കുരുപരന്പരയിൽ പെട്ടവരല്ല എങ്കിൽ കൗരവരും കുരുപരന്പരയിൽ പെട്ടവരല്ല എന്ന് കൃഷ്ണൻ ദുര്യോധനനെ ഓർമ്മപ്പെടുത്തുന്നു. കാരണം, ധൃതരാഷ്ട്രരുടെ അച്ഛനായ. വ്യാസൻ കുരുപരന്പരയിൽ പെട്ട ആളല്ല. അപ്പോൾ, ധൃതരാഷ്ട്രർക്കും ദുര്യോധനനും കുരുപരന്പര എന്ന് പറഞ്ഞ് രാജ്യം അവകാശപ്പെടാൻ പറ്റില്ല. 

തെറ്റിദ്ധാരണ 2: <ബുദ്ധിസാമർഥ്യമുള്ള പാണ്ഡു ധൃതരാഷ്ട്രരെ പറ്റിച്ചാണ് രാജാവായത്>
കുരുവംശത്തിൽ, രാജാവാകാനുള്ള കഴിവിനാണ് ജനനം/വയസ്സ് എന്നിവയേക്കാൾ പ്രാധാന്യം കൊടുത്തിരുന്നത്. (ഉദാഹരണം, ഇവരുടെയൊക്കെ പൂർവ്വികനായ ഭരതൻ, തന്റെ ഇളയ മകനാണ് രാജ്യം നൽകിയത്, യയാതി തന്റെ ഇളയ മകനാണ് രാജ്യം നൽകിയത്). അന്ധനായ ധൃതരാഷ്ട്രർക്ക് രാജ്യം ഭരിക്കാൻ  ശാരീരികമായ കഴിവില്ല എന്നത് കൊണ്ട് മാത്രമല്ല, രാജാവാകാൻ പറ്റാതിരുന്നത്. മാനസികമായും വളരെയധികം വികലതയുള്ള ആളായിരുന്ന ധൃതരാഷ്ട്രർ. മഹാഭാരതത്തിൽ, എത്രയോ ഭാഗത്ത് അത് പ്രകടമാണ്... ദുര്യോധനന്റെ എല്ലാ ദുഷ്പ്രവർത്തികളെയും ധൃതരാഷ്ട്രർ ആദ്യം എതിർക്കുകയും, പിന്നീട് പുത്രവാത്സല്യം കാരണം അതിനൊക്കെ സമ്മതിക്കുകയും ചെയ്തിരുന്നത് കാണാം. അങ്ങനെയുള്ള ഒരാളെയാണോ, രാജാവാക്കേണ്ടത്. ഇത്, മുൻകൂട്ടി മനസ്സിലാക്കിയിരുന്നത് കൊണ്ടാണ്, ധൃതരാഷ്ട്രരെ രാജാവാക്കാതിരുന്നത്. (രാജ്യത്തെക്കാൾ സ്വന്തം മക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന ഏതെങ്കിലും ഭരണാധികാരിയെ ജനങ്ങൾ ആഗ്രഹിക്കുമോ?)

തെറ്റിദ്ധാരണ 3: <ദുര്യോധനനാണ് രാജ്യത്തിന്റെ ശരിയായ അവകാശി>
പാണ്ഡു കാട്ടിൽ പോയപ്പോൾ, ധൃതരാഷ്ട്രരെ രാജാവാക്കി. പണ്ട് രാജാവാക്കാതെ എന്തിനിപ്പോൾ രാജാവാക്കി എന്ന ചോദ്യം പലർക്കുമുണ്ട്.  ധൃതരാഷ്ട്രരെയും പാണ്ഡുവിനേയും ജനിപ്പിച്ച രീതി ഓർക്കുക. ആരെങ്കിലും രാജ്യാവകാശി ആയി ഉണ്ടാകാനാണ് പാണ്ഡുവിനേയും ധൃതരാഷ്ട്രരെയും ജനിപ്പിച്ചത്. അപ്പോൾ, പാണ്ഡു പോയാൽ ധൃതരാഷ്ട്രർ രാജാവ്. ധൃതരാഷ്ട്രരെ ഒരു caretaker രാജാവായി മാത്രമേ വച്ചിരുന്നുള്ളൂ. (ഭരിച്ചത് ഭീഷ്മരായിരുന്നു). ധൃതരാഷ്ട്രർ, ദുര്യോധനനെ യുവരാജാവ് എന്ന നിലയിൽ വളർത്തി. കുറെ നാൾ കഴിഞ്ഞ് പാണ്ഡു മരിച്ചപ്പോൾ കുട്ടികളായ പാണ്ഡവരും കുന്തിയും ഹസ്തിനപുരത്ത് എത്തി. വളരെ കൊച്ചുകുട്ടികളായിരുന്ന  പാണ്ഡവർ ഒരധികാരവും ചോദിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും, അവർ വലുതായാൽ, രാജ്യത്തിന്റെ അവകാശം ചോദിക്കുമോ എന്ന ഭയം, വെറും caretaker  ആയിരുന്ന ധൃതരാഷ്ട്രർക്കും, മകൻ ദുര്യോധനനമുണ്ടായി. അവരുടെ ആ ഭയമാണ്, ദുര്യോധനൻ പാണ്ഡവർക്കെതിരെ എന്നും ദ്രോഹങ്ങൾ ചെയ്യാൻ കാരണം.

ഇതിൽ, ദുര്യോധനനാണോ യുധിഷ്ഠിരനാണോ അവകാശി എന്നതാണ് എല്ലാവർക്കും ഉള്ള സംശയം.

A. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ ഒരു caretaker രാജാവായിരുന്നു> എന്ന് കരുതുക.
  ആ രീതിയിൽ നോക്കിയാൽ, പാണ്ഡുവിന്റെ മക്കൾക്കാണ് അവകാശം 

B. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ അഭിഷിക്തനായ രാജാവായിരുന്നു> എന്ന് കരുതുക. 
അപ്പോൾ രണ്ട് പേരുടെ മക്കൾക്കും തുല്യ അധികാരമുണ്ടെന്ന രീതിയിൽ ചിന്തിച്ചാൽ, ഉള്ള മക്കളിൽ മൂത്തവനായ യുധിഷ്ഠിരനാണ് രാജാവാകാൻ അവകാശം.യുധിഷ്ഠിരന് ശാരീരികമായോ മാനസികമായോ ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്ന കാരണം. 

C. <പാണ്ഡു രാജാവായിരുന്നു. ധൃതരാഷ്ട്രർ അഭിഷിക്തനായ രാജാവായിരുന്നു> എന്ന് കരുതുക. ഇപ്പോഴത്തെ രാജാവിന്റെ മകനാണ് രാജ്യത്തിന്റെ അവകാശിയെന്ന രീതിയിൽ ചിന്തിച്ചാൽ  ദുര്യോധനൻ ആണ് അവകാശി..  

മേല്പറഞ്ഞതിൽ, Point C യിൽ ഊന്നിയാണ്, പലരും ദുര്യോധനനാണ് അധികാരം കിട്ടേണ്ടതെന്ന് പറയുന്നത്. ഇതാണ്, തെറ്റായി മനസ്സിലാക്കുന്നവർ എത്തുന്ന conclusion.  താഴെ പറയുന്ന കാര്യങ്ങളാണ് Point C യെ support ചെയ്യാനായി പറയുന്നത് 
1. ധൃതരാഷ്ട്രർ caretaker രാജാവായിരുന്നില്ല, അഭിഷിക്ത രാജാവായിരുന്നു 
2. രാജാവായ ധൃതരാഷ്ട്രരുടെ മൂത്തമകനായത് കൊണ്ട്, ദുര്യോധനന് അധികാരം കിട്ടണം.
3. ധൃതരാഷ്ട്രരുടെ biological son ആയത് കൊണ്ട്, ദുര്യോധനന് തന്നെയാണ് അധികാരം കിട്ടേണ്ടത്. 

മുൻപ് എഴുതിയിരുന്ന പോലെ, മൂത്തമകനായത് കൊണ്ട് അധികാരം കിട്ടുമെന്ന രീതി അവരുടെ കുലത്തിൽ ഉണ്ടായിരുന്നില്ല. അതേ പോലെ തന്നെ, ധൃതരാഷ്ട്രർ കുരുവംശത്തിലെ biological സന്തതിയല്ല. അപ്പോൾ ദുര്യോധനനും കുരുവംശത്തിന്റെ biological സന്തതിയല്ല. അതിനാൽ,  ധൃതരാഷ്ട്രരുടെ biological son എന്നതിന് വലിയ പ്രസക്തിയില്ല. മേല്പറഞ്ഞ, മൂന്ന് കാര്യങ്ങളിലെ 2, 3 എന്നതിന് പ്രസക്തിയില്ലാതായി. ഇനി, ഏറ്റവും പ്രധാനപ്പെട്ട point 1. ധൃതരാഷ്ട്രർ തന്നെ ഉദ്യോഗപർവ്വത്തിന്റെ അവസാനത്തിൽ ദുര്യോധനനോട് പറയുന്നുണ്ട്,  "നീ രാജാവിന്റെ മകനല്ല, അതിനാൽ നിനക്ക് ഈ രാജ്യത്തിൽ അവകാശമില്ല. പാണ്ഡു മരിച്ചാൽ, പാണ്ഡുവിന്റെ മക്കൾക്കാണ് രാജ്യത്തിന്റെ അവകാശം. വളരെ നല്ലവനായ യുധിഷ്ഠിരനാണ് അവകാശി.... " പിന്നെയങ്ങോട്ട് യുധിഷ്ഠിരന്റെ ഗുണങ്ങളെപ്പറ്റിയും പറയുന്നു. ധൃതരാഷ്ട്രക്ക് താൻ ശരിയായ രാജാവല്ലെന്ന് അറിയാമെന്ന് മഹാഭാരതം തന്നെ പറയുന്നു. 

തെറ്റിധാരണ 3 ന്റെ വിവരണം ഇവിടെ അവസാനിക്കുന്നു. ശരിയായ അവകാശി പാണ്ഡവർ തന്നെയാണ്.

ഇനി മറ്റു കാര്യങ്ങൾ ആലോചിച്ചാൽ 

- വിചിത്രവീര്യൻ മരിച്ചപ്പോൾ, അംബികക്കും അംബാലികക്കും മക്കളില്ലാത്തത് കൊണ്ട് രാജ്യത്തിന് ഒരു അവകാശി ഇല്ലാത്ത അവസ്ഥ ഒഴിവാക്കാൻ,  സത്യവതി ശ്രമിച്ചപ്പോൾ...ശ്രമിച്ച ആ രീതിക്ക് (വ്യാസനുമായുള്ള നിയോഗം) അംഗീകാരം നൽകിയ ഭീഷ്മർ തന്നെയാണ്... ധൃതരാഷ്ട്രരെ caretaker ആക്കാനും, അതിനു ശേഷം യുധിഷ്ഠിരൻ രാജാവാകുമെന്നതുമൊക്കെ തീരുമാനിച്ചത്. ഹസ്തിനപുരത്തിന് വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് ജീവിച്ചിരുന്ന ഭീഷ്മർ, യുധിഷ്ഠിരനാണ് രാജാവാകാൻ യോഗ്യൻ എന്ന് കരുതിയിട്ടുണ്ടെങ്കിൽ, അത് തന്നെയാണ് ശരി.. അപ്പോൾ പിന്നെ ദുര്യോധനന് അതൊക്കെ അവകാശപ്പെട്ടതാണെന്ന് പറയാൻ ഒട്ടും അർഹതയില്ല.

- പാണ്ഡു മരിച്ചതിന് ശേഷം കുന്തിയും കുട്ടികളായ പാണ്ഡവരും ഹസ്തിനപുരത്ത് എത്തിയപ്പോൾ, വേദവ്യാസൻ സ്വന്തം അമ്മയായ സത്യവതിയോട്, ഇനിയിവിടെ ഈ കുലത്തിന്റെ നാശമാണ് ഉണ്ടാകാൻ പോകുന്നതെന്നും, അതിനാൽ സത്യവതിയും അംബികയും അംബാലികയും നാട് വിട്ട്  പൊയ്ക്കോളൂ എന്നും പറയുന്നുണ്ട്. കുന്തിയും പാണ്ഡവരും ഒരു കാര്യവും (രാജ്യമോ അധികാരമോ) അപ്പോൾ ആവശ്യപ്പെട്ടിരുന്നില്ല. വ്യാസനെ  അങ്ങിനെ തോന്നിപ്പിച്ചത്, അവിടെ ഉണ്ടായിരുന്ന ധൃതരാഷ്ട്രരുടെയും മക്കളുടെയും പെരുമാറ്റത്തിൽ നിന്നായിരിക്കണം. തങ്ങളർഹിക്കാത്ത കാര്യങ്ങൾ പിടിച്ചുവച്ചത് നഷ്ടപ്പെടുമോ എന്ന ഭയം ഉള്ളത് കൊണ്ടുള്ള പെരുമാറ്റം കാരണം.

- സംഭവപരന്പരയായി നോക്കുന്പോൾ... എപ്പോഴാണ് ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി പങ്ക് വച്ചത്?പാണ്ഡവർ ചോദിച്ചിട്ടാണോ അങ്ങനെ ചെയ്തത്? അല്ല. അരക്കില്ലത്തിലിട്ട് പാണ്ഡവരെ ചുട്ടുകൊല്ലാൻ ശ്രമിച്ചു. അതിൽ നിന്നും രക്ഷപ്പെട്ട് പാണ്ഡവർ ദ്രൗപദിയെ വിവാഹം കഴിച്ച് തിരിച്ച് ഹസ്തിനപുരത്തിലേക്ക് വന്നപ്പോൾ, ദുര്യോധനനും ശകുനിയും കൂടി ചെയ്ത നീചപ്രവർത്തിയിൽ നിന്ന് മുഖം രക്ഷിക്കാനും, ദുര്യോധനന് രാജാവാകാനും കൂടിയാണ്, ധൃതരാഷ്ട്രർ രാജ്യത്തിന്റെ പകുതി പാണ്ഡവർക്ക് കൊടുത്തത്. എന്നിട്ട് പറഞ്ഞത്.. "നിങ്ങൾ ഖാണ്ഡവപ്രസ്ഥാത്തിൽ പോയി ജീവിക്കൂ.. നിങ്ങളും നിങ്ങളുടെ cousins ഉം തമ്മിൽ ഇനി ഒരു പ്രശ്നമില്ലാതെ ജീവിക്കാൻ, നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ പോയി ജീവിക്കൂ". (ധൃതരാഷ്ട്രർ അവനവൻ ചെയ്ത പാപത്തിൽ നിന്ന് കൈ കഴുകി രക്ഷപ്പെടാൻ ചെയ്തത്)

ഇത് വരെ എഴുതിയതൊക്കെ, നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരണമായിരുന്നു. ഇനിയുള്ളത് ഭഗവദ് ഗീത സന്ദേശത്തിലൂടെ എന്ത് മനസ്സിലാക്കാം എന്നുള്ളതാണ്. 

ഭഗവദ് ഗീത 
----------------
മൂന്ന് വർഷം മുൻപ് വരെ, ഞാനും വളരെ തെറ്റായ രീതിയിലായിരുന്നു മഹാഭാരതത്തെ മനസ്സിലാക്കിയിരുന്നത്. എന്റെ ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കാൻ (മുഴുവനും ഇല്ലാതായി എന്ന് പറയുന്നില്ല, എങ്കിലും കുറഞ്ഞു കുറഞ്ഞു വരുന്നു) സഹായിച്ചത്, ഭഗവദ് ഗീതയാണ്.  യുദ്ധം ചെയ്യാൻ പറ്റാതെ തളർന്നിരുന്ന അർജുനന് കൃഷ്ണൻ കൊടുത്ത ഉപദേശമായിരുന്നു അത്. ഏതെങ്കിലും ആയുധം പ്രയോഗിക്കാനോ, യുദ്ധതന്ത്രങ്ങളോ ഒന്നുമല്ല കൃഷ്ണൻ പറഞ്ഞുകൊടുത്തത്. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന,  നമ്മൾ ഒരിക്കലും ശ്രദ്ധ കൊടുക്കാത്ത... മനസ്സിനെയും ബുദ്ധിയെയും പറ്റിയാണ്, കൃഷ്ണൻ അർജുനനോട് പറഞ്ഞത്. മനസ്സിനെയും ബുദ്ധിയെയും പറ്റി, പല വീക്ഷണകോണുകളിൽ നിന്നും പറയുന്നു. അർജുനന് കർമ്മം ചെയ്യാനുള്ള പ്രചോദനം ഉണ്ടാകുന്നു. ഇവിടത്തെ കർമ്മം യുദ്ധമായിരുന്നു. അർജുനൻ യുദ്ധം ചെയ്യുന്നു.  പലരും, ഭഗവദ് ഗീതയെ ഒരു കർമ്മയോഗമായി മാത്രം കരുതുന്നു. കർമ്മം, ഭക്തി, ജ്ഞാനം, ധ്യാനം, യജ്ഞം, തപസ്സ്, സന്യാസം, ഗുണങ്ങൾ, ഭക്ഷണം ഇവയൊക്കെ ഭഗവദ്ഗീതയിൽ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ അടിസ്ഥാനം മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ് എന്ന  സൂക്ഷഘടകങ്ങളാണ്. ആ രീതിയിൽ മനസ്സിലാക്കാൻ പറ്റിയാൽ (ആത്മാവ് എന്ന തലത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.. കുറഞ്ഞത്, മനസ്സ്/ബുദ്ധി/അഹങ്കാരം എന്ന തലത്തിൽ മനസ്സിലാക്കാൻ തുടങ്ങിയാൽ തന്നെ നല്ലത്), മഹാഭാരതത്തിലെ ശരി തെറ്റുകളെ വേണ്ടപോലെ മനസ്സിലാക്കാൻ എളുപ്പമാണ്, ധർമ്മം ആരുടെ ഭാഗത്താണ് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.  ഈ രീതിയിൽ മഹാഭാരതത്തെ വീക്ഷിക്കാൻ തുടങ്ങിയാൽ, ആരായിരുന്നു ഹസ്തിനപുരത്തിന്റെ അവകാശി എന്നതിനൊന്നും നമ്മൾ വിചാരിക്കുന്നയത്ര പ്രസക്തിയില്ല എന്ന് മനസ്സിലാകും.  ദുര്യോധനനായിരുന്നു ശരിയായിരുന്ന അവകാശി, അത് കൊണ്ട് ദുര്യോധനൻ ചെയ്തതൊക്കെ, സ്വന്തം അവകാശം രക്ഷിക്കാനല്ലേ എന്ന ചിന്താഗതി തന്നെ തെറ്റാണെന്ന് മനസ്സിലാകും,  ദുര്യോധനൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാകും.

PS: എനിക്ക് മനസ്സിലായി എന്ന് തോന്നുന്നതാണ് എഴുതാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ ഒരു തുടക്കക്കാരനാണ്. ചെറിയ തെറ്റുകളൊക്കെ ഉണ്ടാകാം. നമ്മളൊക്കെ ഇതിഹാസങ്ങൾ വേണ്ട പോലെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്ന ആ പ്രധാന കാര്യത്തിൽ തെറ്റൊന്നുമില്ല. 

PS: പാണ്ഡവർ എന്തിനു യുദ്ധം ചെയ്തു എന്നതിനെ പറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടില്ല. അത് പിന്നീടാകാം 

[02192021]

 

Thursday, February 11, 2021

കർണ്ണനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ

മഹാഭാരതത്തിലെ പാണ്ഡു മഹാരാജാവിന്റെ പത്നിയും, പാണ്ഡവരിൽ യുധിഷ്ഠിരൻ-ഭീമൻ-അർജുനൻ എന്നിവരുടെ അമ്മയും, കൃഷ്ണപിതാവായ വസുദേവരുടെ സഹോദരിയും ആയിരുന്നു, കുന്തി. മഥുരയിലെ രാജാവായിരുന്ന ശൂരസേനന്റെ മകളായി ജനിച്ച പൃഥ തന്നെയാണ് ഈ കുന്തി.  മക്കളില്ലാതിരുന്ന കുന്തിഭോജന് പ്രഥയെ ദത്തുപുത്രിയായി കൊടുത്തപ്പോഴാണ്, കുന്തി എന്ന പേര് വന്നത്. ഒരിക്കൽ, ശൂരസേനന്റെ കൊട്ടാരത്തിൽ വന്ന ദുർവാസാവ് മഹർഷിയെ പൃഥ നല്ല പോലെ പരിചരിച്ചു. അതിന്റെ സന്തോഷത്തിൽ ദുർവാസാവ്,  ഇഷ്ടമുള്ള ദൈവത്തെ പ്രസാദിപ്പിച്ച്  മക്കളുണ്ടാകുന്നതിനുള്ള ഒരു പ്രത്യേക മന്ത്രം, പൃഥക്ക് പറഞ്ഞുകൊടുത്തു. ഈ മന്ത്രം ശരിക്കും പ്രവർത്തിക്കുമോ എന്നറിയാൻ സൂര്യഭഗവാനെയോർത്ത് പൃഥ മന്ത്രം ചൊല്ലുകയും അങ്ങനെ സൂര്യഭഗവാന്റെ പുത്രനായി കർണ്ണൻ ജനിക്കുകയും ചെയ്തു.  വിവാഹം കഴിക്കാത്ത തനിക്ക് കുട്ടിയുണ്ടായതിലുണ്ടായ നാണക്കേടോർത്ത്, ആ കുട്ടിയെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. ആ കുട്ടിയെ, ഒരു തേരാളിയായിരുന്ന (സൂതൻ) അതിരഥനും അതിരഥന്റെ ഭാര്യ രാധാദേവിയും ചേർന്ന് എടുത്തുവളർത്തി. അങ്ങനെ കർണ്ണൻ സൂതപുത്രനായി വളർന്നു. പിന്നീട്, ദുര്യോധനന്റെ ചങ്ങാതിയായി, കൗരവരുടെ സന്തത സഹചാരിയായി, ദുര്യോധനൻ കൊടുത്ത അംഗരാജ്യം ഭരിച്ച്  കർണ്ണൻ ജീവിച്ചു.   മഹാഭാരതയുദ്ധത്തിന്  മുൻപ്  കൃഷ്ണനും  കുന്തിയും കർണ്ണനെ  യുദ്ധത്തിൽ  നിന്ന്  പിന്മാറാനോ അല്ലെങ്കിൽ പാണ്ഡവപക്ഷത്തിൽ ചേർന്ന് പോരാടാനോ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. തന്റെ കഷ്ടകാല സമയത്ത് കൂടെ നിന്ന ദുര്യോധനനെ ചതിക്കാൻ കർണ്ണൻ തയ്യാറായിരുന്നില്ല.   യുദ്ധത്തിനിടൽ, ചളിയിൽ പൂണ്ടുപോയ രഥചക്രം പുറത്തെടുക്കുന്നതിനിടയിൽ, അർജുനന്റെ ശരമേറ്റ് കർണ്ണൻ മരിക്കുന്നു. കർണ്ണന്റെ മരണശേഷം, കർണ്ണൻ നിങ്ങളുടെയൊക്കെ ജ്യേഷ്ഠനായിരുന്നുവെന്ന്,  കുന്തി പഞ്ചപാണ്ഡവരെ അറിയിക്കുന്നു. ഇതറിഞ്ഞ യുധിഷ്ഠിരൻ ആകെ തകർന്ന് പോകുന്നു. 

നമുക്കിതുവരെ ലഭ്യമായിട്ടുള്ള മിക്കവാറും പുസ്തകങ്ങളും ലേഖനങ്ങളും  പ്രഭാഷങ്ങണളുമൊക്കെ, മുകളിൽ എഴുതിയത് പോലെ ആയിരിക്കും കർണ്ണനെ പറ്റി പ്രതിപാദിക്കുന്നത്. കർണ്ണനെന്ന  വാക്ക് കേട്ടാൽ ആളുകൾക്കുണ്ടാകുന്ന തെറ്റിദ്ധാരണകളെ രണ്ടായി തരാം തിരിക്കാം. 1) ജനിച്ച് വളർന്ന രീതി കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയുള്ള തെറ്റിദ്ധാരണ  2) വളരെ നല്ല  വില്ലാളിവീരനായിരുന്നിട്ടും മറ്റുള്ളവരിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയുള്ള തെറ്റിദ്ധാരണ

തെറ്റിദ്ധാരണ 1: ക്ഷത്രിയനായി ജനിച്ചിട്ടും, തന്റേതല്ലാത്ത കുറ്റം കൊണ്ട് പരിഹാസവും, അപമാനവും സഹിച്ച് വേണ്ടത്ര പരിഗണ കിട്ടാതെ വളരേണ്ടി വന്ന ഒരാൾ.  അമ്മ ഉപേക്ഷിച്ച കുഞ്ഞ്,  സൂതപുത്രനെന്ന ആക്ഷേപം സഹിക്കേണ്ടി വന്നവൻ,   ക്ഷത്രിയനെന്ന അർഹിക്കേണ്ട പരിഗണന കിട്ടാതെയുള്ള ബാല്യ-കൗമാര-യവ്വന ജീവിതം നയിക്കേണ്ടി വന്നവൻ  എന്നൊക്കെ.   ജനനവും മരണവും അതിനിടയിലുള്ള ജീവിതവുമൊന്നും അനുകൂലമല്ലാത്ത രീതിയിലുണ്ടായ ഒരു ദുരന്ത കഥാപാത്രം.

തെറ്റിദ്ധാരണ 2: യുദ്ധത്തിന് മുൻപ്, കർണ്ണൻ എതിർ പക്ഷത്ത് ഉണ്ടായാൽ അത് പാണ്ഡവർക്ക് പരാജയം ഉണ്ടാക്കുമോ എന്ന പേടി കൊണ്ട്, കൃഷ്ണൻ കർണ്ണനനെ കൂറ് മാറാൻ പ്രേരിപ്പിച്ചുവെന്നാണ് പലരും കരുതുന്നത്. വളരെ നല്ല വില്ലാളിയായിട്ടും, ദാനശീലനായിട്ടും,  സ്വന്തം 'അമ്മ നിർബന്ധിച്ചപ്പോൾ പോലും സുഹൃത്തായ ദുര്യോധനനെ ഒറ്റിക്കൊടുക്കുവാൻ വിസമ്മതിച്ച വിശ്വസ്തൻ, ധാർമ്മികമല്ലാത്ത രീതിയിൽ വധിക്കപ്പെട്ടവൻ.  ചളിയിൽ രഥചക്രം താഴ്ന്നു പോയില്ലായിരുന്നെങ്കിൽ കർണ്ണൻ അർജുനനെ വധിച്ചേനെ. കർണ്ണനെ  ധാർമ്മികമല്ലാത്ത രീതിയിൽ വധിച്ച അർജുനൻ/കൃഷ്ണൻ/പാണ്ഡവർ ഒക്കെ ധർമ്മിഷ്ഠർ ആണെന്ന് പറയാൻ പറ്റില്ല.  അതുകൊണ്ട് മഹാഭാരതയുദ്ധം, ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമായിരുന്നുവെന്നും പറയാൻ പറ്റില്ല. 

കർണ്ണനോട് ഇത്രയും സഹതാപം ഉണ്ടാകേണ്ട കാര്യമുണ്ടോ? കർണ്ണനെ അത്രക്കും മഹത്വപ്പെടുത്തുന്നതിന്റെ ആവശ്യമുണ്ടോ? കർണ്ണൻ അത്രയും വലിയ മഹാത്മാവ് ആയിരുന്നെങ്കിൽ, അത്രയും വലിയ മഹാത്മാവിനോട് അനീതി കാണിച്ച  മഹാഭാരതം  ധർമ്മസംസ്ഥാപനത്തിന് വേണ്ടിയായിരുന്നു എന്ന് പറയാൻ പറ്റുമോ? ശരിയായ സത്യം മനസ്സിലാക്കണമെങ്കിൽ,  കർണ്ണൻ എന്ന ആ കഥാപാത്രത്തിനെ വളരെ ആഴത്തിൽ വിശകലനം ചെയ്യണം. 

തെറ്റിദ്ധാരണ 1
---------------------
പൊതുവെ എല്ലാവർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ഒരു ചിന്ത ആയിരിക്കും "Life is not fair". Life അങ്ങനെയാണോ? ആണെന്നും പറയാം അല്ലെന്നും പറയാം.  ഉദാഹരണത്തിന്, വെള്ളത്തിലുള്ള ഒരു ബോട്ട്, അതിനെ ഏത് ദിശയിലേക്ക് ഓടിക്കുന്നു എന്നതിനനുസരിച്ചാണ് പോകുക. ചിലപ്പോൾ ബോട്ട് ഓടിക്കുന്നയാളുടെ നിയന്ത്രണത്തിൽ അല്ലാത്ത ശക്തികളായ,  വെള്ളത്തിന്റെ ഒഴുക്ക്, കാറ്റിന്റെ ശക്തി എന്നിവയൊക്കെ ബോട്ടിന്റെ ഗതിയെ തീരുമാനിക്കുന്നു. അത് പോലെയാണ് ജീവിതവും. എല്ലാവരുടെയും ജീവിതത്തിൽ "എന്തെങ്കിലും സംഭവിക്കുന്നു" എല്ലാവരും "അതിനോട് പ്രതികരിക്കുന്നു".  സംഭവിക്കുന്ന കാര്യങ്ങളോട് നമ്മൾ എങ്ങിനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാണ് ജീവിതം fair ആണോ അല്ലയോ എന്ന ചിന്ത ഉണ്ടാകുന്നത്.  (What happens to us and how we respond to them decides whether life is fair or not). കർണ്ണന്റെ കാര്യത്തിൽ ഇത് വളരെ പ്രസക്തമാണ്. 

കർണ്ണന്റെ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നു ദുര്യോധനൻ. കർണ്ണന്റെ ജീവിതത്തെ ദുര്യോധനന്റെയത്ര വേറെയാരും സ്വാധീനിച്ചിട്ടുണ്ടാകില്ല. കർണ്ണനും ദുര്യോധനനും തമ്മിലുള്ള ബന്ധം എങ്ങനെയുണ്ടായി? 

താൻ പഠിപ്പിച്ച ശിഷ്യന്മാരുടെ അസ്ത്രശസ്ത്രപാടവം പ്രകടിപ്പിക്കാനുള്ള ഒരു പ്രദർശനമത്സരം ദ്രോണർ സംഘടിപ്പിച്ചപ്പോൾ, അതിൽ ശിഷ്യനായ അർജുനനാണ് എല്ലാവരേക്കാളും മുന്നിൽ എത്തിയത്. അത് കണ്ട കർണ്ണൻ, തനിക്ക് അർജ്ജുനനേക്കാൾ മെച്ചപ്പെട്ട രീതിയിൽ എല്ലാം ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും, അർജുനന്റെ അതെ പോലെ മാത്രമേ എല്ലാ കഴിവുകളും പ്രദർശിപ്പിക്കാൻ പറ്റിയുള്ളൂ. അപ്പോൾ, അർജുനനുമായി മാത്രം ഒരു മത്സരം നടത്തണമെന്ന ആവശ്യം കർണ്ണൻ ഉന്നയിച്ചെങ്കിലും, തുല്യമായ കുലപരന്പരയിൽ പെട്ടവർ മാത്രമേ ഒരുമിച്ചു മത്സരം നടത്താൻ പറ്റൂ എന്നത് കൊണ്ട്, അർജുനനെ പോലെ ക്ഷത്രിയ പാരന്പര്യം ഇല്ലാത്ത കർണ്ണൻ ആ ദ്വന്ദമത്സരത്തിന് അർഹനല്ലാതായി. അപമാനിതനായ കർണ്ണനെ അംഗരാജ്യത്തെ രാജാവാക്കി പ്രഖ്യാപിച്ച് ദുര്യോധനൻ കർണ്ണന്റെ മാനം രക്ഷിക്കുന്നു. ഇതിന് പകരമായി എന്ത് ചെയ്യണമെന്ന് കർണ്ണൻ ചോദിച്ചപ്പോൾ, സുഹൃദ്  ബന്ധം മാത്രമേ എനിക്ക് വേണ്ടതുളളൂ എന്ന് ദുര്യോധനനും, തന്റെ അവസാന ശ്വാസം വരെ ദുര്യോധനന്റെ സുഹൃത്ത് ആയിരിക്കുമെന്ന് കർണ്ണനും പറഞ്ഞു. ഈ ഒരു സംഭവമാണ് കർണ്ണനെ ദുര്യോധനനോട് അടുപ്പിക്കുന്നത്. പാണ്ഡവന്മാരെ ഒരിക്കലും ഒന്നിലും തോൽപ്പിക്കാൻ പറ്റാത്ത ദുര്യോധനന്, പാണ്ഡവരെ മുട്ടികുത്തിക്കാൻ ഒരാളെ കിട്ടിയല്ലോ എന്ന ദുഷ്ചിന്തയാണ്,  കർണ്ണനോട് താല്പര്യം തോന്നാൻ കാരണം. പക്ഷെ കർണ്ണൻ  അതറിയുന്നില്ല.  ഈ ഒരു കടപ്പാടാണ് കർണ്ണൻ ദുര്യോധനന് വേണ്ടി അനവധി തെറ്റായ കാര്യങ്ങൾ ചെയ്തതിനു കാരണം.

തുടക്കത്തിൽ, കർണ്ണന്റെ ധാർമ്മികത ദുര്യോധനന്റെ പ്രവർത്തികളെ അംഗീകരിച്ചിരുന്നില്ല. ദുര്യോധനനും ശകുനിയും കൂടി പാണ്ഡവരെ അരക്കില്ലത്തിലിട്ട് ദഹിപ്പിച്ച് കൊല്ലാൻ പദ്ധതിയിടുന്പോൾ, അത് ശരിയല്ലെന്നും "പാണ്ഡവരെ യുദ്ധത്തിന് വിളിച്ച് യുദ്ധത്തിൽ തോൽപ്പിക്കുന്നതാണ് ശരിയായ രീതി" എന്നുമാണ് കർണ്ണൻ പറഞ്ഞിരുന്നത്. പക്ഷെ,  പതിയെ പതിയെ ദുര്യോധനന്റെയും ശകുനിയുടെയും കൂടെയുള്ള ദുഷ്ടസംസർഗം കർണ്ണനെ പല ചീത്ത കാര്യങ്ങളും ചെയ്യിപ്പിച്ചു. അതിന്റെ ചില ഉദാഹരണങ്ങൾ 

1) യുധിഷ്ഠിരൻ രാജസൂയയാഗം നടത്താൻ തീരുമാനിച്ചത് ദുര്യോധനന് ഇഷ്ടമായില്ല. യാഗം നടത്തിയാൽ യുധിഷ്ഠിരന് കിട്ടാൻ പോകുന്ന കീർത്തിയായിരുന്നു ദുര്യോധനന്റെ പ്രശ്നം. പക്ഷെ, രാജസൂയയാഗം കുരുവംശത്തിന്റെ കീർത്തി വർദ്ധിപ്പിക്കുന്നത് കൊണ്ടും ദുര്യോധനൻ  കുരുവംശത്തിൽ പെട്ടവനായത് കൊണ്ടും, ദുര്യോധനന് ആ യാഗത്തെ എതിർക്കാൻ പറ്റിയിരുന്നില്ല. ദുര്യോധനൻ കർണ്ണനോട്, യുധിഷ്ഠിരനെ എതിർക്കാൻ പറയുകയും, അതിന്റെ ഭാഗമായി ഭീമനും കർണ്ണനും തമ്മിൽ ഘോരയുദ്ധം ഉണ്ടാകുകയും ചെയ്തും. അവസാനം ഭീമൻ  വിജയിക്കുകയും ചെയ്തു.  തന്റേതായ സ്വാർത്ഥതക്ക് വേണ്ടി,  സ്വന്തം കുലത്തിന് വേണ്ടി സത്കർമ്മം ചെയ്യുന്ന ഒരാളെ എതിർത്ത, ദുഷ്ടമനസ്സായ ദുര്യോധനനെ സഹായിച്ച കർണ്ണൻ ഇക്കാര്യത്തിൽ ചെയ്തത് ശരിയാണോ? എന്ത് കടപ്പാടിന്റെ അടിസ്ഥാനത്തിലായാലും. 

2) പിന്നീട്, ദുര്യോധനനും ശകുനിയും ചൂതുകളി മത്സരത്തിന്റെ പദ്ധതിയിട്ടപ്പോൾ, കർണ്ണൻ അതിനെ എതിർത്തിട്ടൊന്നുമില്ല. അത് മാത്രമല്ല, ചൂതുകളി സമയത്ത്, പാണ്ഡവരെ അപമാനിച്ച് സംസാരിക്കുകയും, ദ്രൗപദിയെ വേശ്യയെന്ന് വിളിച്ച് അപമാനിക്കുകയും, ദ്രൗപദിയുടെ വസ്ത്രം വലിച്ച് കീറാൻ പരസ്യമായി തന്നെ ദുശ്ശാസനനോട് പറയുകയും ചെയ്തു. കൂടാതെ, അവിടെ നടന്നതൊക്കെ തെറ്റാണെന്നും, ശകുനി കള്ളകളി കളിച്ചുവെന്നും, പാണ്ഡവരെ വെറുതെ വിട്ട് അവർക്ക് രാജ്യം തിരികെ കൊടുക്കണമെന്നും പറഞ്ഞ വികർണ്ണനെ (ദുര്യോധനന്റെ സഹോദരൻ, 101 പേരിൽ ഏറ്റവും നല്ലവൻ) തന്റെ വാക്‌സാമർത്ഥ്യം കൊണ്ട് നിശ്ശബ്ദനാക്കുന്നു. വികർണ്ണൻ പറഞ്ഞത് സദസ്സ് മുഴുവൻ അംഗീകരിച്ച സമയത്താണ് കർണ്ണൻ അതിനെ നിർവീര്യമാക്കിയത്. അങ്ങനെ, തെറ്റായ കാര്യത്തിന് കൂട്ടുനിൽക്കുക മാത്രമല്ല, തെറ്റായ കാര്യം ശരിയാക്കാൻ ഉണ്ടായ ശ്രമത്തെ  (വികർണ്ണൻ) തടയുകയും ചെയ്തു. ഇത് ശരിയാണോ? എന്ത് കടപ്പാടിന്റെ അടിസ്ഥാനത്തിലായാലും..

3) പാണ്ഡവരുടെ വനവാസം കഴിയാറായ സമയത്തു, ഭീഷ്മരും ദ്രോണരും, രാജ്യം പങ്കിട്ട് സമാധാനമായി ജീവിക്കാൻ ദുര്യോധനനെ ഉപദേശിക്കുന്പോൾ, യുദ്ധം വഴി പാണ്ഡവരെ ഇല്ലാതാക്കണമെന്നും, ഭീഷ്മരും ദ്രോണരും സത്യസന്ധരല്ലെന്നും ഭീരുക്കളാണെന്നും പറഞ്ഞ് അവരെ അപമാനിച്ചയാളാണ്  കർണ്ണൻ. കർണ്ണന്റെ നിർബന്ധവും, കർണ്ണനിലുള്ള വിശ്വാസവുമായിരുന്നു, ദുര്യോധനൻ മഹാഭാരതയുദ്ധത്തിന് തയ്യാറാകാൻ കാരണം.  ദുഷ്ടപ്രവർത്തികൾ ചെയ്യാനുള്ള ദുര്യോധനന്റെ ആഗ്രഹങ്ങളെ ആളിക്കത്തിക്കുവാൻ പറ്റുന്ന നിലയിൽ കർണ്ണൻ എത്തിയിരുന്നു. തുടക്കത്തിൽ ധാർമ്മികതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന കർണ്ണന്റെ മനസ്സിൽ ആരൊക്കെയാണോ ദുഷ്ടതയുടെ വിത്തുകൾ പാകിയത്, അവരുടെയൊക്കെ  മനസ്സിൽ വർഷങ്ങൾക്ക് ശേഷം ദുഷ്ടത ആളിക്കത്തിക്കാൻ പറ്റുവോളം കർണ്ണൻ വളർന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇവിടെയും കർണ്ണൻ ചെയ്തത് ശരിയാണോ? എന്ത് കടപ്പാടിന്റെ അടിസ്ഥാനത്തിലായാലും..

കടപ്പാടിന്റെയും നന്ദിയുടെയും പേരിൽ മറ്റ് ജീവിതമൂല്യങ്ങളെ അവഗണിക്കാൻ പറ്റുമോ? പല രാജ്യങ്ങളിലും, ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ കിട്ടാത്തവർക്ക് ഭക്ഷണം കൊടുത്ത്  അവരെ തീവ്രവാദികളാക്കുന്ന കാലമാണിത്. ആ തീവ്രവാദികൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നു. തീവ്രവാദികൾ അവരുടെ അന്നദാതാക്കളോട് കടപ്പാടും നന്ദിയുമുള്ളവരായിരിക്കും.  പക്ഷെ, ആ തീവ്രവാദികൾക്ക് സഹതാപമർഹിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അവരുടെ ഇപ്പോഴത്തെ ക്രൂരപ്രവർത്തികളെ ന്യായീകരിക്കാൻ പറ്റില്ലല്ലോ. അത് പോലെ തന്നെയാണ് കർണ്ണന്റെ പ്രവർത്തികളെയും കാണേണ്ടത്. 

ഇത് കൂടാതെ, കർണ്ണന്റെ കിരീടത്തിൽ വക്കാൻ പറ്റിയ പൊൻതൂവലായി, ഒരു കാര്യം കൂടിയുണ്ട്.

4) ബ്രാഹ്മണൻ ആണെന്ന് നുണ പറഞ്ഞ് കർണ്ണൻ പരശുരാമന്റെ അടുത്ത് ആയുധവിദ്യ പഠിക്കാൻ പോയി.  പിന്നീട് പരശുരാമൻ സത്യാവസ്ഥ മനസ്സിലാക്കുകയും കർണ്ണനെ ശപിക്കുകയും ചെയ്തു. നമുക്ക് കർണ്ണനോട് സഹതാപം തോന്നാമെങ്കിലും,  ക്ഷത്രിയന്മാരോട് അത്രക്കും ദേഷ്യമായിരുന്ന പരശുരാമൻ അങ്ങനെ ചെയ്തതിൽ എന്താണ് തെറ്റ്. കർണ്ണൻ ഒരുക്ഷത്രീയനാണെന്ന് പറഞ്ഞിരുന്നെങ്കിൽ പരശുരാമൻ പഠിപ്പിക്കുമായിരുന്നോ? കർണ്ണൻ ചെയ്തത് വലിയൊരു തെറ്റ് തന്നെയല്ലേ? ( ഡൊണേഷൻ കൊടുത്ത് സ്‌കൂളുകളിലും, കോളേജുകളിലും അഡ്മിഷൻ വാങ്ങിക്കുന്ന ഇക്കാലത്ത്, ചോദ്യപ്പേപ്പറുകൾ ചോർത്തിയും കോപ്പിയടിച്ചും പരീക്ഷകൾ എഴുതുന്ന ഇക്കാലത്ത്, വിദ്യാഭ്യാസം വെറും ഒരു വില്പനച്ചരക്കായ ഇക്കാലത്ത്, ശരിയായ 'ഗുരു-ശിഷ്യ' ബന്ധമില്ലാത്ത ഇക്കാലത്ത്...  കർണ്ണൻ ചെയ്ത ഈ തെറ്റ് ജനങ്ങൾക്ക് മനസ്സിലാവാൻ കുറച്ച് ബുദ്ധിമുട്ടാണ്) 

തെറ്റിദ്ധാരണ 1 : Conclusion  
---------------------------------
ഭാരതത്തിലെ ഇതിഹാസ ഗ്രൻഥങ്ങളായ മഹാഭാരതവും രാമായണവും അതിന്റെ വെറും കഥ എന്നതിനപ്പുറം അനവധി ജീവിതമൂല്യങ്ങൾ കാണിച്ചുതരുന്നതാണ്. ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു തരുന്ന ഗ്രൻഥങ്ങളാണവ. (How to face adversity with Intergrity?). അത് പഠിപ്പിച്ച് തരുന്ന രീതി രണ്ട് തരത്തിലാണ് . നല്ല വ്യക്തികളുടെ സദ് പ്രവർത്തികൾ കാണിച്ച് അവ നാം പാലിക്കേണ്ടതാണെന്നും  (e.g. രാമായണത്തിലെ രാമൻ, ലക്ഷ്മണൻ - മഹാഭാരതത്തിലെ കൃഷ്ണൻ, ഭീഷ്മർ, യുധിഷ്ഠിരൻ), ചീത്ത വ്യക്തികളുടെ ദുഷ് പ്രവർത്തികൾ കാണിച്ച് അവ നാം പിന്തുടരേണ്ടതല്ലെന്നും (e.g. രാമായണത്തിലെ രാവണൻ, കൈകേയി - മഹാഭാരതത്തിലെ ദുര്യോധനൻ, ശകുനി, കർണ്ണൻ, ധൃതരാഷ്ട്രർ) പഠിപ്പിച്ചു തരുന്നു. ജനന സാഹചര്യമോ, ജീവിത സാഹചര്യങ്ങളോ, കടപ്പാടോ, നന്ദിയോ ഒന്നും തന്നെ മനുഷ്യന്റെ ദുഷ്ടപ്രവർത്തികളെ ന്യായീകരിക്കാൻ സഹായിക്കുന്നതല്ല എന്നാണ് കർണ്ണന്റെ കഥാപാത്രം കാണിച്ചു തരുന്നത്. അതുകൊണ്ടു , കർണ്ണൻ ദുര്യോധനന്റെയത്ര ദുഷിച്ച വ്യക്തി ആയിരുന്നില്ലെങ്കിലും, പൊതുവെ ജനങ്ങൾ കാണിക്കുന്ന അമിതമായ സഹതാപത്തിന് അർഹനനല്ല.


തെറ്റിദ്ധാരണ 2 
--------------------
കർണ്ണനെ പേടിച്ചിട്ടാണ് കൃഷ്ണൻ കർണ്ണനെ കൂറുമാറാൻ പ്രേരിപ്പിച്ചത്,  കർണ്ണനെ വധിച്ച രീതി  ധാർമ്മികമല്ല, എല്ലാം fair ആയി നടന്നിരുന്നെകിൽ കർണ്ണൻ അർജുനനെ വധിച്ചേനെ എന്നതൊക്കെയാണ് ഈ category ലെ തെറ്റിദ്ധാരണകൾ. ഈ തെറ്റിദ്ധാരണകളുണ്ടാകാനുള്ള കാരണം രണ്ടാണ്.  
1. കർണ്ണൻ അർജ്ജുനനേക്കാൾ കേമനായിരുന്നുവെന്ന ശരിയല്ലാത്ത അറിവ്.
2. മഹാഭാരതയുദ്ധത്തിൽ എന്തായിരുന്നു യുദ്ധധർമ്മമെന്നും ആരൊക്കെ എപ്പോഴൊക്കെ ധർമ്മാനുസൃതമല്ലാതെ യുദ്ധം ചെയ്തുവെന്നുമുള്ള അറിവില്ലായ്മ.

കർണ്ണൻ നല്ല ഒരു വില്ലാളി ആയിരുന്നെങ്കിലും അർജ്ജുനനേക്കാൾ കേമനായിരുന്നുവെന്നത് വെറും തെറ്റിദ്ധാരണയാണ്. അത് തെളിയിക്കാൻ നാല് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് 

1. ദ്രോണർ സംഘടിപ്പിച്ച അസ്ത്രശാസ്ത്രപാടവമത്സരത്തിൽ, അർജ്ജുനനേക്കാൾ നന്നായി എല്ലാ കഴിവുകളും പ്രകടിപ്പിക്കുമെന്നാണ് കർണ്ണൻ വീന്പിളക്കിയത്. പക്ഷെ അർജുനന്റെ അതെ നിലവാരത്തിൽ മാത്രമാണ് കർണ്ണന് കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചത്. ഇതിൽ, അവർ രണ്ടു പേരും തുല്യർ ആയിരുന്നു എന്ന നിലയിൽ കരുതാം 
2. ദ്രോണർ തന്റെ ശത്രു ആയ ദ്രുപദനെ പിടിച്ചു കെട്ടിക്കൊണ്ടുവരാൻ പറഞ്ഞപ്പോൾ ദുര്യോധനന്റെ നേതൃത്വത്തിൽ കൗരവന്മാർ ചാടിപ്പുറപ്പെട്ടു. കൂടെ കർണ്ണനും പോവുകയുണ്ടായി. പിന്നീട് നടന്ന പോരാട്ടത്തിൽ ദ്രുപദൻ കൗരവരെയും കർണ്ണനെയും തോല്പിച്ചോടിപ്പിച്ചു. പിന്നീട്, അർജുനനനും ഭീമനും ചേർന്നാണ് ദ്രുപദനെ പിടിച്ചു കെട്ടിക്കൊണ്ടുവന്നത്. കർണ്ണന് ചെയ്യാൻ പറ്റാത്തത് അർജുനനെ കൊണ്ട് ചെയ്യാൻ പറ്റി എന്നത് കൊണ്ട് അർജുനനൻ കർണ്ണനേക്കാൾ ഒരു പടി മേലെ തന്നെ ആയ്യിരുന്നുവെന്ന് കരുതണം.
3. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതങ്ങൾ കാണാൻ വേണ്ടി ദുര്യോധനനും കർണ്ണനും പരിവാരവും കാട്ടിലേക്ക് പോയി.  ഗന്ധർവൻമാർ ദുര്യോധനനെ പിടിച്ചുകെട്ടി. വളരെയധികം മുറിവ് പറ്റിയ കർണ്ണൻ പേടിച്ചോടിയപ്പോൾ അർജുനനനും ഭീമനുമാണ് ദുര്യോധനനെ ഗന്ധർവ്വൻമാരിൽ നിന്ന് രക്ഷിച്ചത്. കർണ്ണൻ അർജുനനെക്കാൾ മിടുക്കൻ ആയിരുന്നെങ്കിൽ, ഗന്ധർവന്മാരോട് പോരാടി ദുര്യോധനനെ രക്ഷിക്കണമായിരുന്നു.
4. പാണ്ഡവന്മാരുടെ അജ്ഞാതവാസം കഴിയാറായ സമയത്തു, ദുര്യോധനനും കർണ്ണനും ഭീഷ്മരും ദ്രോണരുമൊക്കെ ചേർന്ന്, പാണ്ഡവർ അജ്ഞാതവാസം നടത്തിയിരുന്ന വിരാടരാജ്യത്തെ ആക്രമിച്ചു. പാണ്ഡവർ.. പ്രത്യേകിച്ച് അർജുനൻ, കൗരവരെ തോല്പിച്ചൊടിച്ചു. ആ യുദ്ധത്തിൽ അർജുനനും കർണ്ണനും തമ്മിൽ നേരിട്ട് പോരാട്ടമുണ്ടാകുകയും അതിൽ കർണ്ണനെ അർജുനൻ തോൽപ്പിക്കുകയും ചെയ്തു. 

മേല്പറഞ്ഞ നാല് കാര്യങ്ങളിൽ നിന്നും, കർണ്ണൻ എന്ത് കൊണ്ടും അർജുനനെക്കാളും മേലെ ആയിരുന്നില്ലായെന്നും, അസ്ത്രശസ്ത്രപാടവത്തിൽ തീർച്ചയായും അർജുനനെക്കാൾ താഴെ തന്നെയായിരുന്നുവെന്നും  മനസ്സിലാക്കാം. അത് കൊണ്ട് തന്നെ, കൃഷ്ണന് കർണ്ണനെ പറ്റി  പ്രത്യേകിച്ച് പേടി (കർണ്ണൻ കൗരവപക്ഷത്ത് ഉണ്ടെങ്കിൽ പാണ്ഡവർ തോറ്റേക്കുമെന്ന പേടി) ഉണ്ടാകേണ്ട കാര്യമൊന്നുമില്ലെന്നും, എല്ലാം fair ആയി നടന്നാലും അർജുനൻ കർണ്ണനാൽ വധിക്കപ്പെടുകയില്ലായിരുന്നെന്നും മനസ്സിലാക്കാം. അങ്ങനെയാണെങ്കിൽ കൃഷ്ണൻ എന്തിനാണ് കർണ്ണനെ പ്രത്യേകിച്ച് കാണാൻ പോയത്. ദുര്യോധനനും ശകുനിയും കർണ്ണനും ഒഴികെ ബാക്കിയുള്ളവർക്കൊന്നും പാണ്ഡവരോട് വിരോധമുണ്ടായിരുന്നില്ല (ഭീഷ്മർ, ദ്രോണർ, കൃപാചാര്യർ, അശ്വത്ഥാമാവ്...). കർണ്ണനിലുള്ള വിശ്വാസം കൊണ്ടാണ് ദുര്യോധനൻ യുദ്ധം പ്രഖ്യാപിച്ചത്. കർണ്ണൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയോ കൂറ് മാറുകയോ ചെയ്‌താൽ, ദുര്യോധനൻ യുദ്ധത്തിൽ നിന്നും പിന്മാറിയേക്കുമെന്നും അങ്ങിനെ സമാധാനപരമായി എല്ലാം ചെയ്തുതീർക്കാമെന്നുമുള്ള  ചിന്തയാണ്, കൃഷ്ണൻ കർണ്ണനോട് മാത്രമായി  പ്രത്യേകിച്ച് സംസാരിക്കാൻ കാരണം. 

കർണ്ണനെ വധിച്ചത് ധാർമികമായ രീതിയിലാണോ?

മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുൻപ് കൗരവരുടെ സേനാപതിയായിരുന്ന ഭീഷ്മരും പാണ്ഡവരുടെ സേനാപതിയായിരുന്ന ധൃഷ്ടദ്യുമ്നനും കുരുക്ഷേത്രത്തിൽ കണ്ടുമുട്ടി. ധാർമ്മികമായി യുദ്ധം ചെയ്യണമെന്ന് ഭീഷ്മർ ധൃഷ്ടദ്യുമ്നനോട് പറഞ്ഞു. ധർമ്മാനുസൃതമല്ലാതെ അനവധി കാര്യങ്ങൾ ചെയ്തിട്ടുള്ള കൗരവ പക്ഷത്തിൽ നിന്നാണ് ഇങ്ങനെ കേട്ടത് (ഭീഷ്മരല്ല അധർമ്മി,, ദുര്യോധനൻ ശകുനി എന്നിവരാണ് അധർമ്മികൾ). ഞങ്ങളായിട്ട്  ധാർമ്മികമല്ലാത്ത രീതിയിലുള്ള യുദ്ധമോ  പ്രവർത്തികളോ തുടങ്ങിവക്കില്ലെന്നും,  കൗരവർ ധാർമ്മികമല്ലാത്ത രീതിയിൽ യുദ്ധമോ പ്രവർത്തികളോ ചെയ്‌താൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് ധാർമ്മികമായ യുദ്ധമോ പ്രവർത്തികളോ പ്രതീക്ഷിക്കേണ്ടെന്നും ധൃഷ്ടദ്യുമ്നൻ മറുപടി നൽകി. 

അർജുനൻ കർണ്ണനെ വധിച്ചപ്പോൾ 2 ധർമ്മങ്ങളെയാണ് ലംഘിച്ചത്‌
---> ചളിയിൽ താഴ്ന്നുപോയ രഥത്തിന്റെ ചക്രം പുറത്തെടുക്കാൻ ശ്രമിക്കുന്ന കർണ്ണൻ നിലത്തും അർജുനൻ തേരിലുമായിരുന്നു.  യുദ്ധം ചെയ്യുന്നവർ തുല്യ നിലയിൽ ഉള്ളവർ ആയിരിക്കണമെന്നായിരുന്നു ധർമ്മം. തേരിലുള്ളവർ നിലത്ത് നിൽക്കുന്നവരെ ആക്രമിക്കാൻ പാടില്ലായെന്ന ധർമ്മത്തെയാണ് അർജുനൻ ലംഘിച്ചത്‌.
---> നിരായുധനായ കർണ്ണനെ അർജുനൻ അന്പെയ്‌തു കൊന്നു. നിരായുധനുമായി യുദ്ധം ചെയ്യരുത് എന്ന ധർമ്മത്തെയാണ്  ഇവിടെ ലംഘിച്ചത്‌. 

പക്ഷെ, ഈ രണ്ട് ധർമ്മങ്ങളെയും ആദ്യം ലംഘിച്ചത്  കൗരവന്മാരാണ്. 
1) ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽ ചെന്ന് പോരാടിയ അഭിമന്യുവിനെ കർണ്ണനും മറ്റു കൗരവരും ദ്രോണരും ആക്രമിക്കുന്പോൾ,  അഭിമന്യു സ്വന്തം തേര് തകർന്ന് ഭൂമിയിലാണ് നിന്നിരുന്നത്. കർണ്ണനും ബാക്കി ഉള്ളവരും അവരവുടെ തേരുകളിൽ നിന്നാണ് അഭിമന്യുവിനെ ആക്രമിച്ചു കൊന്നത്. അഭിമന്യു നിരായുധനായിരുന്നുവെന്നു തോന്നുന്നു. അങ്ങിനെ, തേരിലുള്ളവർ നിലത്ത് നിൽക്കുന്നവരെ ആക്രമിക്കാൻ പാടില്ലായെന്നതും, നിരായുധരെ ആക്രമിക്കാൻ പാടില്ല എന്നുമുള്ള  ധർമ്മങ്ങളെയൊക്കെ ആദ്യം ലംഘിച്ചത്‌ കൗരവരാണ്. 
2) ജയദ്രഥനെ വധിക്കാൻ അർജുനൻ കൗരവപക്ഷത്തേക്ക് പാഞ്ഞുകയറി. വളരെയധികം നേരം ധീരമായി യുദ്ധം ചെയ്തു. അതിനിടയിൽ, അർജുനന്റെ രഥത്തിലെ തളർന്നുപോയ കുതിരകളുടെ വിശ്രമത്തിനായി രഥം നിർത്തിയപ്പോൾ, നിലത്ത് നിന്നിരുന്ന അർജുനനോട് കൗരവർ യുദ്ധം ചെയ്തു.  അപ്പോൾ അർജുനൻ നിലത്തും കൗരവർ രഥത്തിലും ആയിരുന്നു. അർജുനൻ അതിൽ പരാതി പറയാതെ ധീരമായി യുദ്ധം ചെയ്ത് പിടിച്ചു നിന്നു. ഇതും, കൗരവന്മാരുടെ ധർമ്മലംഘനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. 
3) മഹാഭാരതയുദ്ധത്തിന്റെ പതിനേഴാമത്തെ ദിവസം. അന്നാണ് കർണ്ണൻ വധിക്കപ്പെട്ടത്. അതിന് മുൻപ്, അർജുനനു നേരെ കർണ്ണൻ നാഗാസ്ത്രം തൊടുത്തുവിട്ടു. തന്റെ ശരീരത്തിൽ കൊള്ളില്ല എന്നുറപ്പുള്ളതും, തന്റെ യുദ്ധകവചം തടുത്ത് നിർത്തുമെന്നും ഉറപ്പായിട്ടുള്ള അസ്ത്രങ്ങളെ അർജുനൻ അവഗണിക്കാറുണ്ടായിരുന്നു. ഈ നാഗാസ്ത്രവും നിസ്സാരമായ ഒന്നാണെന്ന് തെറ്റായി മനസ്സിലാക്കിയ അർജുനൻ, അതിനെ അവഗണിച്ചുനിൽക്കുകയായിരുന്നു. പക്ഷെ,  കാര്യം മനസ്സിലാക്കിയ കൃഷ്ണൻ, ശക്തമായി ഭൂമിയിൽ ചവിട്ടി രഥത്തെ മണ്ണിലേക്ക് താഴ്‌ത്തി. കഴുത്തിൽ കൊണ്ട് അർജുനന്റെ തല തെറിപ്പിക്കേണ്ടിയിരുന്ന നാഗാസ്ത്രം, അർജുനന്റെ കിരീടത്തെ തട്ടിത്തെറിപ്പിച്ചു. മണ്ണിൽ താഴ്ന്നു പോയ, അനങ്ങാൻ പറ്റാത്ത രഥത്തിലിരിക്കുന്ന അർജുനനെതിരെ കർണ്ണൻ തുരുതുരാ അസ്ത്രങ്ങൾ എയ്തുകൊണ്ടിരുന്നു. അർജുനൻ പരാതി പറഞ്ഞില്ല. (മരിക്കുന്നതിന്മു തൊട്ട് മുൻപ് കർണ്ണന്റെ അവസ്ഥയും ഇത് പോലെ തന്നെയായിരുന്നില്ലേ?)

തെറ്റിദ്ധാരണ 2: Conclusion 
-----------------------------------
യുദ്ധത്തിൽ ആദ്യമായി ധർമ്മം ലംഘിച്ചത് കൗരവർ ആയതുകൊണ്ടും,  കൗരവർ ധർമ്മം ലംഘിച്ചാൽ, പിന്നീട് ധർമ്മാനുസൃതമായി യുദ്ധം ചെയ്തേക്കില്ല എന്നും മുൻപേ കൂട്ടി പറഞ്ഞു വച്ചിട്ടുള്ളതിനാലും, കർണ്ണനെ വധിച്ച രീതിയിൽ അധർമ്മം ഉണ്ടെന്ന് പറയാൻ പറ്റില്ല. കൂടാതെ, കർണ്ണൻ യുദ്ധപാടവത്തിൽ അർജുനനെക്കാൾ താഴെ തന്നെയായിരുന്നു. കൃഷ്ണന് കർണ്ണനെ പേടിക്കേണ്ടത്ര ശക്തിയൊന്നും കർണ്ണനുണ്ടായിരുന്നുമില്ല. 

ഇതുവരെ എഴുതിയതൊക്കെ കർണ്ണന്റെ പ്രവർത്തികളെ കുറിച്ചായിരുന്നു. പ്രവർത്തികളെ കൊണ്ട് തന്നെ,  മഹത്വവൽക്കരിക്കേണ്ടതോ സഹതപിക്കേണ്ടതോ ആയ ഒരു വ്യക്തിത്വമല്ല എന്ന് സ്വയം  തെളിയിച്ചയാളാണ് കർണ്ണൻ. കുന്തി സൂര്യഭഗവാനെയോർത്ത് മന്ത്രം ചൊല്ലിയുണ്ടായതാണ് കർണ്ണൻ, എന്നതിൽ നിന്നാണ്, അധികം ആൾക്കാരും കർണ്ണനെ പറ്റി കേട്ട് തുടങ്ങുന്നത്. കർണ്ണന്റെ മുൻജന്മം എന്താണെന്ന് കൂടി മനസ്സിലാക്കിയാൽ  (മുൻജന്മം ഉണ്ടോ ഇല്ലയോ എന്നത് വേറെ ചോദ്യം), കർണ്ണൻ തെറ്റായ രീതികളിൽ പ്രവർത്തിക്കുവാനുണ്ടായ കാരണമെന്താണെന്ന് മനസ്സിലാകും. 

കർണ്ണന്റെ മുൻ ജന്മം 
---------------------------
ത്രേതായുഗത്തിൽ, ധംബോദ്ഭവൻ എന്നൊരു രാക്ഷസരാജാവ്, സൂര്യഭഗവാനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. എന്ത് വരം വേണമെന്ന് ചോദിച്ചപ്പോൾ, ശരീരത്തിൽ 1000 കവചങ്ങൾ (പടച്ചട്ട) ഉണ്ടാകണമെന്നും, ഈ കവചങ്ങൾ ഏതെങ്കിലും ഒരെണ്ണം ആരെങ്കിലും തകർക്കണമെങ്കിൽ, അയാൾ 1000 കൊല്ലം തപസ്സും അതിനു ശേഷം 1000 കൊല്ലം യുദ്ധവും ചെയ്യണമെന്നും, കവചം തകർത്തയാൾ ഉടനെ മരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ എല്ലാ കവചങ്ങളും നഷ്ടപ്പെട്ടാൽ മാത്രമേ തന്നെ കൊല്ലാൻ പറ്റൂ എന്ന വരവും ചോദിച്ചുറപ്പിച്ചു. വരം കിട്ടിയ ധംബോദ്ഭവനെ സഹസ്രകവചൻ എന്ന് വിളിച്ചു. സഹസ്രകവചന്റെ ദുഷ്പ്രവർത്തികളെ കൊണ്ട് ജനം പൊറുതിമുട്ടി. സഹസ്രകവചനെ കൊല്ലുവാനായി നര എന്നും നാരയണൻ എന്നും രണ്ട് ഋഷിമാർ തീരുമാനിച്ചു. (വിഷ്ണുവിന്റെ ഒരു അവതാരമാണ് നര നാരായണന്മാർ. ഹിരണ്യകശിപുവിനെ കൊന്നതിന് ശേഷം, നരസിംഹത്തിന്റ തല നാരായണന്റെ രൂപവും ശരീരം നരന്റെ രൂപവും എടുത്തു എന്നും പറയുന്നു). 1000 കൊല്ലം നര-നാരായണന്മാർ തപസ്സ് ചെയ്തു. നര സഹസ്രകവചനുമായി 1000 കൊല്ലം പോരാടി ഒരു കവചം തകർക്കുകയും ഉടനെ മരിക്കുകയും ചെയ്തു. നാരായണൻ മൃത്യഞ്ജയ മന്ത്രം ചൊല്ലി നരനെ ജീവിപ്പിച്ചു. എന്നിട്ട് നാരായണൻ സഹസ്രകവചനുമായി 1000 കൊല്ലം പോരാടുകയും അതെ സമയം നര 1000 കൊല്ലം തപസ്സു ചെയ്യുകയും ചെയ്തു. 1000 കൊല്ലം കഴിഞ്ഞപ്പോൾ, നാരായണൻ സഹസ്രകവചന്റെ മറ്റൊരു കവചം തകർക്കുകയും, ഉടനെ തന്നെ മരിക്കുകയും ചെയ്തു. നര മൃത്യുഞ്ജയ മന്ത്രം ചൊല്ലി നാരായണനെ ജീവിപ്പിച്ചു. എന്നിട്ട് നര വീണ്ടും സഹസ്രകവചനുമായി 1000 കൊല്ലം പോരാടി മറ്റൊരു കവചം തകർത്തു, അതെ സമയം നാരായണൻ 1000 കൊല്ലം തപസ്സു ചെയ്തു... ഇങ്ങനെ നര-നാരായണന്മാർ മാറി മാറി സഹസ്രകവചന്റെ 999 കവചങ്ങളും തകർത്തു. ബാക്കി ഒരു കവചം മാത്രമായപ്പോൾ സഹസ്രകവചൻ  സൂര്യഭഗവാന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭയം പ്രാപിച്ചു. നര-നാരായണന്മാർ സഹസ്രകവചനെ വിട്ടുതരണമെന്ന് പറഞ്ഞെങ്കിലും, തന്നെ അഭയം പ്രാപിച്ച സഹസ്രകവചനെ വിട്ടുകൊടുക്കാൻ സൂര്യ ഭഗവാൻ തയ്യാറായില്ല. സഹസ്രകവചൻ കുറെ നാൾ സൂര്യഭഗവാന്റെ കൂടെ താമസിച്ചു. ഇതെല്ലാം നടന്നത് ത്രേതായുഗത്തിന്റെ അന്ത്യത്തിൽ ആയിരുന്നു. തുടർന്നുണ്ടായ ദ്വാപരയുഗത്തിൽ എല്ലാവരും പുനർജനിച്ചു. സഹസ്രകവചൻ കർണ്ണനായും (അതുകൊണ്ടാണ് കർണ്ണന് കവച കുണ്ഡലങ്ങൾ ഉണ്ടായിരുന്നത്), നര-നാരായണന്മാർ അർജുനനും കൃഷ്ണനുമായും പുനർജനിച്ചു. കർണ്ണനെ കൊന്നാൽ, കർണ്ണന്റെ കവച കുണ്ഡലങ്ങൾ തകർത്താൽ അർജുനൻ മരിക്കും എന്നത് മനസ്സിലാക്കിയിട്ടാണ്, അർജുനന്റെ പിതാവായ ഇന്ദ്രൻ ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ചെന്ന് കർണ്ണന്റെ കവചകുണ്ഡലങ്ങൾ ചോദിച്ചു വാങ്ങിയത്. സൂര്യഭഗവാന്റെ കൂടെ കുറെ നാൾ അടുത്തിടപഴകിയത് കൊണ്ടാണ് സഹസ്രകവചന്റെ പുനർജന്മമായ കർണ്ണന്, പല നല്ല ഗുണങ്ങളും ഉണ്ടായിരുന്നത്. സഹസ്രകവചന്റെ സ്വഭാവമാണ് കർണ്ണന്റെ തെറ്റായ പ്രവർത്തികൾക്ക് കാരണം.

PS: ആരെങ്കിലും ഇത് വരെ വായിച്ചെങ്കിൽ അവരോട് വളരെയധികം നന്ദി. സ്വാമി ഭൂമാനന്ദതീർഥയുടെ ഭഗവദ് ഗീത തത്വപ്രവചനങ്ങൾ കേട്ടതിന് ശേഷമാണ്, കർണ്ണനെ പറ്റിയുള്ള എന്റെ തെറ്റിദ്ധാരണ മാറിയത്. അതിനെ പറ്റി എഴുതാൻ തുടങ്ങിയപ്പോൾ ചില കാര്യങ്ങളെ പറ്റിയുള്ള ഗൂഗിൾ സെർച്ച്, ISKONലെ സ്വാമി ചൈതന്യ ചരൺ പ്രഭുവിന്റെ ഇതേ വിഷയത്തെപ്പറ്റിയുള്ള ഈ പ്രഭാഷണത്തിൽ എത്തിച്ചു (https://www.youtube.com/watch?v=XjSL8aQRZlM). ഞാൻ എഴുതാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നല്ല clarity യോട് കൂടി ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് അത് കാണാം കേൾക്കാം. അദ്ദേഹം പറയുന്നത്തിന്റെ ഭൂരിഭാഗവും, ചുരുക്കത്തിൽ ഞാൻ മുകളിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്. 

ലോകാ സമസ്ത സുഖിനോ ഭവന്തു...

[02112021]