Saturday, August 14, 2021

ഓണവും തെറ്റിദ്ധാരണകളും

അങ്ങനെ ഒരു ഓണക്കാലം കൂടി മുന്നിലെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി മഹാബലിയുടെ കാര്യം കുറച്ച് കഷ്ടമാണ്. പ്രളയം, പ്രളയം, കോവിഡ്, കോവിഡ് അങ്ങനെ ഓരോരോ പ്രശ്നങ്ങൾ കാരണം, പതിവ് പോലെ പ്രജകളെ കാണാൻ പറ്റാത്ത അവസ്ഥ. പക്ഷെ, അതൊന്നുമല്ല ഇവിടുത്തെ വിഷയം.

ഓണം എന്നത്, മഹാബലിയുടെ ചവുട്ടിത്താഴ്‌ത്തപ്പെടലും, പിന്നീട് മഹാബലി എല്ലാ കൊല്ലവും തന്റെ പ്രജകളെ കാണാൻ വരുന്നതുമായിട്ടാണ് കണക്കാക്കുന്നത്. കുട്ടിക്കാലം മുതലേ കേട്ട് ശീലിച്ച ഈ കഥയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന ഒരു വിവരം അറിഞ്ഞത്, അമേരിക്കയിൽ വന്നതിന് ശേഷമാണ്.

- അതെന്തായിരുന്നു എന്ന് വച്ചാൽ, മഹാബലി ഉണ്ടായിരുന്നത് നർമ്മദാ നദീ തീരത്തായിരുന്നുവെന്നും അവിടെ വച്ചാണ് മഹാബലിയും വാമനനും കണ്ട് മുട്ടിയതുമെന്നാണ്.  കേരളം എവിടെ കിടക്കുന്നു? നർമ്മദാ നദിയൊഴുകുന്ന മദ്ധ്യപ്രദേശ് എവിടെ കിടക്കുന്നു? അപ്പൊ പിന്നെ.. നമ്മുടെ ഓണം? എങ്കിലും,  ആ കേട്ടതിലൊന്നും  വിശ്വസിക്കാതെ പിന്നെയും കുറെ കൊല്ലം, കുട്ടിക്കാലം മുതലേ കേട്ട, victim മഹാബലി കഥ ഓർത്ത്,  ഓണം ആഘോഷിച്ചു. 

- പിന്നെ കുറെ നാൾ കഴിഞ്ഞാണ് മറ്റൊരു വിവരം അറിയുന്നത്. ബലിപ്രതിപാദ എന്നൊരു ആഘോഷം (ദീപാവലി സമയത്തുള്ളത്) ഇന്ത്യയിൽ പല ഭാഗത്തും ആഘോഷിക്കുന്നു. പക്ഷെ, അവിടെയും സംഭവം ഇത് തന്നെ.. വിഷ്ണു ഭക്തനായിരുന്ന ബലീ എന്നൊരു രാജാവിന്റെ തിരിച്ചുവരലും, മൂന്നടി മണ്ണ് ചോദിക്കലുമൊക്കെ തന്നെ. പക്ഷെ അവരൊക്കെ അതിനെ ആഘോഷിക്കുന്നത്, വാമനൻ അല്ലെങ്കിൽ വിഷ്ണുവിന്റെ വിജയം ആയിട്ടാണ്. ഈ വിവരവും അടിച്ചൊരു മൂലക്കിട്ടു.. ഇത്രക്കും പ്രബുദ്ധതയുള്ള കേരളത്തിൽ ഞങ്ങൾ ആഘോഷിക്കുന്ന രീതി.. ഹ്മ്മ്... അതന്നെ ശരി..

- പിന്നെയും കുറെ നാൾ കഴിഞ്ഞാണ്, അമിത് ഷാ കേരളത്തിൽ വന്ന്, ഓണം വാമനജയന്തി ആയിട്ടാണ് ആഘോഷിക്കേണ്ടത് എന്ന രീതിയിൽ സംസാരിച്ചത്. കേരളത്തിലെ കപടപ്രബുദ്ധതയുടെ അടിത്തറയിലെ കല്ലിളക്കുന്ന പോലത്തെ proposal ആയിപ്പോയില്ലേ അത്? കപടപ്രബുദ്ധത തിളച്ച് മറയുന്ന പലരുടെയും അണ്ണാക്കിലൂടെ "മാവേലീ ധീരാ നേതാവേ, ലക്ഷം ലക്ഷം പിന്നാലെ" പോലത്തെ arguments ഉം വാദഗതികളും ഒഴുകി വന്നു.

ഇത് കൂടി ആയപ്പോൾ,  ഇതിന്റെ പിന്നിലെ വാസ്തവമെന്താണെന്ന്  മനസ്സിലാക്കണമെന്ന്  തീരുമാനിച്ചു. കുറെ നാളുകൾക്ക് ശേഷം അത് മനസ്സിലായി. അമിത് ഷാ തന്നെയാണ് ശരി.. ഉത്തരേന്ത്യക്കാർ തന്നെയാണ് ശരി... എന്നാണ് എനിക്ക് മനസ്സിലായത് 

മഹാബലി ധീരനായ നല്ല ഒരു രാജാവായിരുന്നു, വിഷ്ണു ഭക്തനായിരുന്നു. നല്ല ദാനശീലനായിരുന്നു. എല്ലാറ്റിലും തികഞ്ഞവൻ.. പക്ഷെ, ദാനശീലത്തിൽ അധികം അഹങ്കാരവും പ്രൗഢിയും ഉണ്ടായിരുന്നു. തന്റെയടുത്ത് വന്ന ഒരാൾ മറ്റൊരിടത്ത് പോകേണ്ടി വരരുത് എന്ന് അതിരുവിട്ട രീതിയിൽ ആഗ്രഹിച്ചിരുന്നു.  തന്നെക്കാൾ വലിയൊരു ദാനശീലൻ എവിടെയും ഉണ്ടാകരുത് എന്ന്‌ ആഗ്രഹിച്ചിരുന്നു. (മൂന്ന് തരത്തിലുള്ള ദാനമുണ്ട്... സാത്വികം, രാജസം, താമസം. മഹാബലിയുടേത്, രാജസ ദാനത്തിൽ പെട്ട ദാനങ്ങൾ ആയിരുന്നു).  വളരെയധികം perfect ആയിരുന്ന മഹാബലിയിൽ ഉണ്ടായിരുന്ന ഒരേയൊരു കളങ്കം അതായിരുന്നു. വാമനൻ മൂന്നടി മണ്ണ് ചോദിച്ച്, അത്  കൊടുക്കാൻ പറ്റാതായപ്പോൾ ആണ് മഹാബലിക്ക് തന്റെ അഹങ്കാരത്തെ പറ്റിയും പ്രൗഡിയെ പറ്റിയും ബോധം വന്നത്... അങ്ങിനെ ആ ഒരു കളങ്കം ഇല്ലാതാകുകയും ചെയ്തു. അങ്ങനെ ആയ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്‌ത്തുകയൊന്നുമല്ല ചെയ്തത്. ദേവന്മാരും അസുരന്മാരും എല്ലാവരും പോകാൻ ആഗ്രഹിക്കുന്ന, എന്നാൽ ഒരിക്കലും പോകാൻ പറ്റാത്ത, സുതലത്തിലേക്ക് പോയി അവിടെ താമസിക്കാനുള്ള ഒരു golden offer ആണ് വാമനൻ, മഹാബലിക്ക് കൊടുത്തത്. കൂടാതെ, മഹാവിഷ്ണു തന്നെ മഹാബലിക്ക് കാവൽ നിൽക്കുമെന്ന offer ഉം. അങ്ങിനെ മഹാവിഷ്ണു മഹാബലിയെ ചവുട്ടി താഴ്‌ത്തുകയല്ല, ആർക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വലിയൊരു നിലയിലേക്ക് മഹാബലിയെ ഉയർത്തുകയാണ് ചെയ്തത്. മഹാബലി ഇതെല്ലാം മനസ്സിലാക്കി വളരെ സന്തോഷത്തോടെയാണ് സുതലത്തിലേക്ക് പോയത്. തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് മഹാബലി വരുന്നു എന്ന് മാത്രം.  അങ്ങിനെ,  അജ്ഞാനവും അഹങ്കാരവും കൊണ്ടുള്ള അന്ധത ഇല്ലാതാക്കിയത് വാമനൻ അല്ലെങ്കിൽ മഹാവിഷ്ണുവാണ്. അത് കൊണ്ട്, അതിനെ വാമനന്റെ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെ പേരിൽ തന്നെയാണ് ആഘോഷിക്കേണ്ടത്. (അത് കൊണ്ട് തന്നെയായിരിക്കണം ബാലിപ്രതിപാദ ദീപാവലി സമയത്ത് ആഘോഷിക്കുന്നത്. ദീപങ്ങളുടെ ആഘോഷം... പ്രകാശം കൊണ്ട് അന്ധത or ഇരുട്ട് മാറ്റുന്ന ആഘോഷം.. മഹാബലിയുടെ ഇരുട്ട് മാറ്റിയതിന്റെ ആഘോഷം)

ഇതിനെ, അമേരിക്കയും ഇറാഖും തമ്മിലുള്ള ഗൾഫ് വാർ (ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം) പോലെ കാണുന്നത് കൊണ്ടാണ്, പലർക്കും ഇതിന്റെ ശരിയായ സന്ദേശവും ഉദ്ദേശവും മനസ്സിലാക്കാൻ പറ്റാത്തത്. 

തോന്നുന്ന ചില കാര്യങ്ങൾ..
1.  സന്തോഷത്തോടെ സുതലത്തിലേക്ക് പോകാൻ തയ്യാറായി നിന്നിരുന്ന മഹാബലിയുടെ കൂടെയുള്ള പല അസുരന്മാരും ഇതിനെ ശരിയായ രീതിയിൽ മനസ്സിലാക്കാതെ, വാമനനെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ആ അസുരന്മാരുടെ പിൻഗാമികൾ ആയിരിക്കണം "വാമനൻ ഗോ ബാക്ക്" എന്നും,  "Fxxk വാമനൻ" എന്നൊക്കെ, ഇക്കാലത്ത് പറഞ്ഞുകൊണ്ടിരിക്കുന്നത്. 

2. കപട പ്രബുദ്ധതയുള്ള അനവധി മലയാളികൾ കേരളത്തിലുണ്ട്. ഇവർക്ക് എന്തിന് എന്തിനോട് എങ്ങിനെ പ്രതിഷേധിക്കണമെന്നൊന്നും അറിയില്ല. ഉത്തരേന്ത്യയിൽ പശു എന്ന് കേട്ടാൽ ഉടനെ തന്നെ കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തുന്ന, സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞവരെ തെറി കൊണ്ട് അഭിഷേകം ചെയ്യുന്ന കുറെ അസുരഗണങ്ങൾ കേരളത്തിലിപ്പോഴുമുണ്ട്.  ഇവരുടെ കപടപ്രബുദ്ധതയുള്ള മുൻഗാമികൾ, കാര്യം ശരിക്കും മനസ്സിലാക്കാതെ, "നർമ്മദാ നദീ തീരത്ത്  മഹാബലിയെ അന്യായമായി വാമനൻ ചവിട്ടി താഴ്‌ത്തി",  എന്ന് പറഞ്ഞ് തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കാം, കേരളത്തിൽ ഓണം തുടങ്ങിയതിന് കാരണം.

3. കുട്ടിക്കാലം മുതലേ മഹാബലിയെ ഒരു കുടവയറനായ കോമാളിയെ പോലെ കളിയാക്കുന്ന രീതിയിലാണ് ന്യൂസ് പേപ്പറിലും, ടി വി യിലും ഒക്കെ കണ്ടിരുന്നത്. "ദേ മാവേലി കൊന്പത്ത്" എന്ന മിമിക്രിയും കേട്ടിട്ടുണ്ട്.  പക്ഷെ, മഹാബലിയുടെ ഗുണവിശേഷങ്ങൾ ശരിയായി മനസ്സിലാക്കാൻ ശ്രമിച്ചാൽ , ഈ കോമാളിത്തരങ്ങൾ ഒന്നും ചെയ്യാൻ പാടില്ലാത്തതാണെന്ന്    മനസ്സിലാകും. 

4. ഓണം എന്നത് കേരളത്തിൽ ഒരു ദേശീയ ഉത്സവം ആയി ആഘോഷിക്കുന്നത് കൊണ്ട്, ഓണത്തിന്റെ അടിസ്ഥാനമായി പറയപ്പെടുന്ന കഥകളിൽ ഒരു correction വേണമെങ്കിൽ,  ഇടത്/വലത് രാഷ്ട്രീയ പാർട്ടികളുടെയും , മുസ്ലിം ലീഗിന്റെയും, എന്തിന് പറയുന്നു... ഇടവക പള്ളീലച്ഛന്റെയും കൂടി സമ്മതമുണ്ടെങ്കിലേ നടക്കൂ.. അല്ലാതെ, ആ അടിസ്ഥാന കഥ പ്രതിപാദിക്കുന്ന ഭാഗവതം പറയുന്നതൊന്നും കേരളത്തിൽ വിലപ്പോവില്ല... 

[08/08/2021]

No comments:

Post a Comment