Monday, August 14, 2023

സ്വാതന്ത്ര്യദിനാശംസകൾ

ഇന്ന് ആഗസ്റ്റ്‌ 15. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം 

അർക്കാനലാദി വെളിവോക്കെ ഗ്രഹിക്കുമൊരു
കണ്ണിന്ന് കണ്ണ് മനമാകുന്ന കണ്ണതിന്
കണ്ണായിരുന്ന പൊരുൾ താനെന്നുറക്കു-
മളവാനെന്തമെന്തു ഹരി നാരായണായ നമ

ഹരിനാമകീർത്തനത്തിൽനിന്നുള്ള എഴുത്തച്ഛന്റെ വരികളാണ്.

സൂര്യൻ, അഗ്നി (അർക്കൻ, അനലൻ) എന്ന് തുടങ്ങി (ആദി) ചുറ്റുപാടും കാണുന്ന ലോകത്തെ (വെളിവോക്കെ) മനസ്സിലാക്കിത്തരുന്നതാണ്/കാണിച്ചുതരുന്നതാണ് നമ്മുടെ കണ്ണുകൾ (ഗ്രഹിക്കുമൊരു കണ്ണിന്). മുഖത്തുള്ള ആ കണ്ണുകൾക്ക് കണ്ണാകുന്നത് or മുഖത്തുള്ള കണ്ണുകൾക്ക് കാണിച്ചുകൊടുക്കുന്നത് മനസ്സാകുന്ന കണ്ണാണ് (കണ്ണ് മനമാകുന്ന). മനസ്സെന്ന കണ്ണിന് കാണിച്ചുകൊടുക്കുന്നത് എന്താണോ (കണ്ണതിന് കണ്ണായിരുന്ന പൊരുൾ), അത് താൻ - ഞാൻ - ആത്മാവ് - തന്നെയാണെന്ന് പരിപൂർണ്ണ ബോധ്യമാകുന്പോൾ (താനെന്നുറക്കുന്പോൾ) ഉണ്ടാകുന്ന ആനന്ദം അളവുറ്റതാണ്...  നാരായണായ നമ..

ഇതിൽ കണ്ണ് എന്ന ഇന്ദ്രിയത്തെ പറ്റിയാണ് പറയുന്നതെങ്കിലും, ചെവി/ത്വക്ക്/നാക്ക്/മൂക്ക് എന്ന ബാക്കി നാല് ഇന്ദ്രിയങ്ങൾക്കും ഇത് ബാധകമാണ്. ഈ ലോകത്തെ നമ്മൾ അനുഭവിക്കുന്നത്/അറിയുന്നത്  ഇന്ദ്രിയങ്ങളിൽ കൂടിയാണ്. ഇന്ദ്രിയങ്ങൾ വഴി അറിയുന്നത് അറിയിപ്പിച്ചുതരുന്നത് മനസ്സാണ്. മനസ്സിനെ അറിയിപ്പിക്കുന്നത് ഉള്ളിലെ നിത്യചൈതന്യമാണ്.. ആത്മാവാണ്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളുടെയും അകക്കണ്ണ് "ആത്‌മാവ്‌-ഞാൻ" തന്നെയാണ്

ഈ അറിവ് ബോധ്യമായാൽ, ഈ അറിവിൽ ഉറച്ച് നിൽക്കാൻ പറ്റിയാൽ, സ്വന്തം മനസ്സിനെ അറിയിപ്പിക്കുന്ന ആത്മാവ് തന്നെയാണ് ബാക്കി എല്ലാ ജീവജാലങ്ങളെയും അവയുടെയൊക്കെ മനോമണ്ഡലങ്ങളെയും അറിയിപ്പിക്കുന്നത് എന്ന് ബോധ്യമാകും. ആ തലത്തിൽ നിന്ന് നോക്കുന്പോൾ, നമ്മളും ബാക്കി ജീവജാലങ്ങളുമൊക്കെ ഒന്ന് തന്നെ.. ഇവിടെ ഒന്ന് മാത്രമേയുള്ളൂ എന്ന് ബോധ്യമാകും. അപ്പോൾ പിന്നെ ഇവിടെ എന്ത് നേടാൻ? എന്ത് നഷ്ടപ്പെടാൻ? ആര് ശത്രു? ആര് മിത്രം? അതാണ് പരിപൂർണ്ണസ്വാതന്ത്ര്യം.. ദേശ-കാല-വസ്തുക്കൾക്ക് അതീതമായ സ്വാതന്ത്ര്യം..

ലോകാ സമസ്താ സുഖിനോ ഭവന്തു.. 
 
[08152023]

No comments:

Post a Comment