Thursday, May 19, 2022

ത്രിവേണി സംഗമം

ഇക്ഷ്വാകു വംശത്തിലെ രാജാവായിരുന്ന ശ്രീരാമന്റെ ഒരു മുൻഗാമി ആയിരുന്നു സഗര രാജാവ്. 60000 പുത്രന്മാർ ഉണ്ടായിരുന്ന സഗരരാജാവ്  ഒരിക്കൽ അശ്വമേധയാഗം ചെയ്യുന്പോൾ, യാഗാശ്വത്തിനെ കാണാതായി. യാഗാശ്വമില്ലാതെ യാഗം പൂർത്തീകരിക്കാൻ പറ്റില്ല. ഇന്ദ്രൻ യാഗാശ്വത്തെ കട്ടുകൊണ്ടുപോയതാണെന്ന് കരുതുന്നു. യാഗാശ്വത്തിനെ കിട്ടാൻ സഗര രാജാവിന്റെ 60000 മക്കളും ഭൂമി മുഴുവൻ അരിച്ചുപെറുക്കി. അതിനിടയിൽ അവർ അവിടവിടെ കുഴിച്ചുനോക്കിയതാണ് സമുദ്രങ്ങൾ (സാഗരങ്ങൾ) ആയിത്തീർന്നതെന്ന് പറയുന്നു. കുതിരയെ അന്വേഷിച്ച് സഗര രാജാവിന്റെ മക്കൾ, കപിലമഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ, അദ്ദേത്തിന്റെ തപസ്സ് മുടങ്ങി. കപില മഹർഷിയുടെ ദേഷ്യത്തിൽ 60000 പേരും കത്തിച്ചാന്പലായി. ഗംഗാ നദിയെ ഭൂമിയിലേക്ക് കൊണ്ടുവന്നാൽ മാത്രമേ അവർക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് മനസ്സിലാക്കിയെങ്കിലും, സഗര രാജാവിന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ പറ്റിയില്ല. പിന്നീട് സഗര രാജാവിന്റെ പിൻഗാമികളിൽ ഒരുവനായ ഭഗീരഥൻ കഠിനതപസ്സ് ചെയ്താണ് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ഗംഗ താഴേക്ക് വരുന്നത് താങ്ങാനുള്ള ശക്തി ഭൂമിക്ക് ഇല്ലാതിരുന്നത് കൊണ്ട് പരമശിവൻ ആണ് ഗംഗയുടെ പതനത്തെ സ്വീകരിച്ചത്. അതിനായി ഭഗീരഥൻ പരമശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തിയിരുന്നു. ശിവൻ തന്റെ ജടയിൽ സ്വീകരിച്ച ഗംഗയുടെ ഒരു ചെറിയ അംശം മാത്രമാണ് ഭൂമിയിലേക്ക് വിട്ടത്. അത് തന്നെ വളരെ ശക്തമായ ഒഴുക്കും ശക്തിയിലുള്ളതും ആയിരുന്നു. ആ ഒഴുക്കിൽ ഗംഗ ജാഹ്‌ന മഹർഷിയുടെ ആശ്രമം നശിപ്പിച്ചു. ഇതിൽ കോപം പൂണ്ട ഗംഗയെ ജാഹ്‌ന മഹർഷി കുടിച്ചു കളഞ്ഞു. ഭഗീരഥന്റെ അപേക്ഷ പ്രകാരം മഹർഷി ഗംഗയെ തന്റെ ചെവിയിലൂടെ പുറത്ത് വിട്ടു. (ചില പൂജകൾക്കിടയിൽ, ചെറുവിരൽ കൊണ്ട് ചെവി തൊട്ട് ശുദ്ധം ആക്കാറുണ്ടെന്ന് പറയുന്നു. ചെറുവിരൽ എന്നത് ശരീരത്തിന്റെ പ്രതീകമാണ്. ചെറുവിരൽ കൊണ്ട് ചെവി തൊടുക.. എന്നത് കൊണ്ട് 'ശരീരം ഗംഗയിൽ മുങ്ങി ശുദ്ധം ആക്കുന്നതിന്' തുല്യമായി കരുതുന്നു). അങ്ങനെ ഭഗീരഥൻ ഗംഗയെ തന്റെ പൂർവികരുടെ ചിതാഭസ്മത്തിലൂടെ ഒഴുക്കുകയൂം അവർക്ക് മോക്ഷം ലഭിക്കുകയും ചെയ്തു.
 
ഇതാണ് ഗംഗയുടെ ഉത്ഭവത്തിന് പിന്നിലുള്ള കഥ. 

----
 
ഗംഗാ നദി എന്നത് അനവധി നദികൾ കൂടിച്ചേർന്നതാണ്. അല്ലെങ്കിൽ ഗംഗ നദി പല  സ്‌ഥലങ്ങളിൽ  പല പേരിലും അറിയപ്പെടുന്നു. ബദരീനാഥിൽ അളകനന്ദ, കേദാർനാഥിൽ മന്ദാകിനി. ഗംഗോത്രിയിൽ ഭാഗീരഥി, യമുനോത്രിയിൽ യമുന, ബദരീനാഥിന് മേലെ ഒരു സ്‌ഥലത്തു സരസ്വതി... എന്നിങ്ങനെ പല സ്‌ഥലത്ത് പല പേരിൽ അറിയപ്പെടുന്നു. (സരസ്വതി എന്ന നദി ഇപ്പോൾ ഇല്ല)
 
പ്രയാഗിൽ (മുൻപത്തെ അലഹബാദ്) ഗംഗയും യമുനയും സരസ്വതിയും ഒന്നിച്ച് ചേരുന്നതാണ് ത്രിവേണി സംഗമം. 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്നത് ഇവിടെയാണ്. ഇതൊരു പുണ്യസ്‌ഥലമായി കണക്കാക്കുന്നു. അവിടുത്തെ വെള്ളത്തിൽ മുങ്ങിയാൽ എല്ലാ പാപങ്ങളും തീരുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു. 
 
----

എന്താണ് ഇതിന്റെ പിന്നിലുള്ള തത്വം..
 
നമ്മുടെ ശരീരവും പുറമെയുള്ള ഭൗതിക വസ്തുക്കളും വ്യക്തികളുമൊക്ക നശ്വരമാണ്. നമ്മെ നിലനിർത്തുന്ന ആ ചൈതന്യം (ഈശ്വരൻ) മാത്രമാണ് എന്നും നമ്മുടെ കൂടെയുള്ളത്.  ആ ചൈതന്യത്തെ കണ്ടെത്തി അതിൽ ലയിക്കുന്നതിനെയാണ് ആത്മസാക്ഷാത്കാരം എന്ന് പറയുന്നത്. പക്ഷെ അങ്ങനെ ഒരു ചൈതന്യം ഉള്ളിൽ ഉണ്ടെന്ന് കണ്ടെത്തി അനുഭവിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ, ശ്രമിച്ചാൽ പറ്റും. അതിന് വേണ്ട ചില പ്രക്രിയകളാണ് 

ഭക്തി - ജ്ഞാനം - വൈരാഗ്യം 
 
ഭക്തി - എന്ന് പറഞ്ഞാൽ, ഇക്കാലത്ത് അന്പലത്തിൽ പോയി നമ്മൾ കാണിച്ചു കൂട്ടുന്ന ഭക്തിയല്ല. നമ്മുട ശ്രദ്ധ ഈശ്വരനിലേക്ക് (ആ ചൈതന്യത്തിലേക്കു) തിരിക്കുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. നാം ചെയ്യുന്നതെന്തും ഈശ്വരന് വേണ്ടി എന്ന മനോഭാവത്തോടെ  ചെയ്യുന്ന അവസ്‌ഥ. "ചെയ്യുന്നതെന്തും" എന്ന് പറഞ്ഞാൽ - ഉദാഹരണം: ഭക്ഷണം കഴിക്കുന്നത്, ക്രിക്കറ്റ് കളിക്കുന്നത്. ഓഫിസിൽ ജോലി ചെയ്യുന്നത്, മറ്റുള്ളവരെ സഹായിക്കുന്നത് - ഇവയൊക്കെ ഈശ്വരന് വേണ്ടി മാത്രമാണ് ചെയ്യുന്നത് എന്ന മനോഭാവത്തിൽ എത്തിയാൽ, ആ വ്യക്തി യഥാർത്ഥ ഭക്തനായി എന്ന് പറയാം 
 
ജ്ഞാനം - ഇത് നമ്മുടെ ചുറ്റുപാടുകളെ പറ്റിയോ ഭൗതികവസ്തുക്കളെ പറ്റിയോ ഉള്ള അറിവ് അല്ല. ഈശ്വരൻ (ചൈതന്യം) തന്നെയാണ് ഇപ്പോഴും നമ്മുടെ കൂടെ ഉള്ളത് എന്നുള്ള അറിവിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. കൂടെ ഭാര്യയോ മക്കളോ നല്ല വീടോ കാറോ ഒക്കെ ഉണ്ടായിട്ടെന്ത് കാര്യം. അവരാരും നമ്മുടെ കൂടെ എന്നും ഉണ്ടാകില്ല. നമ്മുടെ കൂടെയുള്ള ചൈതന്യം ഇല്ലെങ്കിൽ നമ്മൾ വെറും ശവം. അതോടെ നമ്മുടെ ലോകം അവസാനിക്കും. എന്നും നിലനിക്കുന്നത് സത്യം (സത്), ബാക്കിയുള്ളതൊക്കെ എന്നും നിലനിൽക്കാത്തത്  (അസത്) എന്നുള്ള അറിവ്. 
 
വൈരാഗ്യം - മുൻപ്  എഴുതിയ ജ്ഞാനത്തിലൂടെ ഉണ്ടാകുന്ന വിരക്തിയെയാണ് വൈരാഗ്യം  (detachment) എന്ന് പറയുന്നത്. അല്ലാതെ,  മറ്റുള്ളവരോടുള്ള ദേഷ്യത്തെയല്ല ഇത് കൊണ്ട് സൂചിപ്പിക്കുന്നത്.  ജ്ഞാനം വഴി ഈശ്വരൻ ആണ് ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുന്നത് എന്ന് ബോധ്യം വന്നാൽ, ചുറ്റുവട്ടത്തുള്ള ഭൗതികമായ (ഉദാഹരണം: ഭാര്യ, കുട്ടികൾ, കാർ) എല്ലാറ്റിനോടും ഉള്ള ബന്ധനം (attachment) കുറയുന്നു
 
ഭക്തി വഴി [ഈശ്വരനിലേക്ക് ശ്രദ്ധ തിരിച്ച്] ജ്ഞാനം വഴി [ഈശ്വരൻ മാത്രമാണ് നമ്മുടെ കൂടെ ഇപ്പോഴും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി] വൈരാഗ്യം വഴി [ഭൗതിക ലോകത്തോട് വിരക്തി വരുന്നു] ആ അവസ്‌ഥയിൽ എത്തിയാൽ, പിന്നെ നമുക്ക് ചുറ്റും കാണുന്ന എല്ലാറ്റിനെയും നിലനിർത്തുന്നത്, തന്നെ നിലനിർത്തുന്ന തന്റെ കൂടെയുള്ള ഈശ്വരൻ (ചൈതന്യം)  തന്നെയാണെന്ന് സാക്ഷാത്കാരം ഉണ്ടാകുന്നു (ആത്മസാക്ഷാത്‍കാരം). അപ്പോൾ ചുറ്റും കാണുന്ന എന്തും നമ്മളിൽ നിന്ന് വ്യത്യസ്തമല്ല എന്ന് ബോധ്യമാകുന്നു. നമുക്ക് ഇവിടുന്ന് ഒന്നും നേടാനും കൊടുക്കാനും ഇല്ല എന്ന് ബോധ്യമാകുന്നു. ശരീരം പോലും തന്റെയല്ല എന്നത്  ബോധ്യമാകുന്നു. ജീവിച്ചിരിക്കുന്പോൾ തന്നെ നമ്മൾ എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തമാകുന്നു. അതാണ് മോക്ഷം.. ജീവന്മുക്തി.. (liberation while alive)
 
---- 
ഇനി ത്രിവേണി സംഗമത്തിലേക്ക് കടക്കാം.
 
ഗംഗ - ജ്ഞാനം : ഹിമാലയ സാനുക്കളിലൂടെ, തപോഭൂമികളിലൂടെ, ജ്ഞാനത്തിന്റെ വഴികളിലൂടെ ഒഴുകിവരുന്ന ഗംഗ, ജ്ഞാനത്തിന്റെ പ്രതീകം ആണ് 
 
യമുന - ഭക്തി : ഭക്തിയുടെ നാട്ടിലൂടെ ഒഴുകിവരുന്നത് കൊണ്ട് യമുനയെ, ഭക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. 
 
സരസ്വതി - വൈരാഗ്യം : വിരക്തി അല്ലെങ്കിൽ വൈരാഗ്യം (detachment) ഉള്ള ആളുകൾ തപസ്സു ചെയ്ത സ്‌ഥലങ്ങളിലൂടെ ഒഴുകി വന്നിരുന്നത് കൊണ്ട് സരസ്വതിയെ, വൈരാഗ്യത്തിന്റെ പ്രതീകമായി കണക്കാണുന്നു.
 
ആത്മീയമായി ഉയരണമെങ്കിൽ, ജീവന്മുക്തി/മോക്ഷം  കിട്ടണമെങ്കിൽ വേണ്ട "ഭക്തി - ജ്ഞാനം - വൈരാഗ്യം", എന്നിവയുടെ സംഗമസ്‌ഥലമായിട്ടാണ്, അല്ലെങ്കിൽ പ്രതീകമായിട്ടാണ്,  ത്രിവേണി സംഗമത്തെ കണക്കാക്കുന്നത്. അവിടെ പോയി വെറുതെ ഒന്ന് മുങ്ങിയത് കൊണ്ട് മാത്രം ഇതൊന്നും നടക്കാൻ പോകുന്നില്ല.  ലോകത്തിലെ ചളി മുഴുവൻ നിറഞ്ഞിരിക്കുന്ന നമ്മുടെയൊക്കെ മനസ്സിനെ ആത്മീയമായി ഉയർത്തി ജീവന്മുക്തി/മോക്ഷം കിട്ടണമെങ്കിൽ "ഭക്തി - ജ്ഞാനം - വൈരാഗ്യം" എന്നിവക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമം ഉണ്ടാവേണ്ടതാണ് 
 
[05192022]

No comments:

Post a Comment