Sunday, October 11, 2020

മനുഷ്യനും മൃഗങ്ങളും ഭഗവദ് ഗീതയും

മനുഷ്യനും മൃഗങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടോ? സാമ്യം ഉണ്ടോ?

സ്ഥൂലമായ (physical) കാര്യങ്ങളിലെ വ്യത്യാസം
----------------------------------------------
ബാഹ്യമായും ആന്തരവുമായുമുള്ള വ്യത്യാസങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പറയാൻ പറ്റുന്നതാണ്. മൃഗങ്ങൾക്ക് വാലുള്ളത് പോലെ മനുഷ്യന്മാർക്ക് വാലില്ല എന്നതും, ആനയുടെ തുന്പിക്കൈ പോലത്തെ മൂക്കുള്ള ആരും ഈ ലോകത്തിലില്ല എന്നതും, ബാഹ്യമായ വ്യത്യാസങ്ങളുടെ ഉദാഹരണങ്ങൾ ആണ്. അതുപോലെ, സിംഹത്തിന്റെ നാവ് പോലെയല്ല മനുഷ്യന്റെ നാവ്, ഹൃദയത്തിന്റെ ഘടനയിലും ശ്വാസകോശത്തിന്റെ ഘടനയിലുമൊക്കെ ഉള്ള വ്യത്യാസങ്ങൾ എന്നിവയൊക്കെ ആന്തരമായ വ്യത്യാസങ്ങളുടെ ഉദാഹരണങ്ങളാണ്. ബാഹ്യമായും ആന്തരമായും ഉള്ള ഈ വ്യത്യാസങ്ങളൊക്കെ സ്ഥൂലം (physical existence ഉള്ളത്) ആയ ശരീരഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളാണ്. അതായത്, ആ വ്യത്യാസങ്ങളെ നമ്മുടെ കണ്ണ് കൊണ്ട് കാണാം (ശരീരം വെട്ടി മുറിച്ചാൽ ഉള്ളിലുള്ളതൊക്കെ കാണാം), വേണമെങ്കിൽ ആ വ്യത്യാസങ്ങളെയൊക്കെ തൊട്ടറിയാം.
സൂക്ഷ്മമായ (non-physical) കാര്യങ്ങളിലെ സാമ്യം
-------------------------------------------------
പക്ഷെ നമുക്ക് കാണാൻ പറ്റാത്ത കാര്യങ്ങളിലോ? അങ്ങനെ കാണാൻ പറ്റാത്ത ഘടകങ്ങളുണ്ടോ? "ഉണ്ട്" എന്നാണു ഉത്തരം.. എന്താണ് മനുഷ്യരിലും മൃഗങ്ങളിലും കാണാൻ പറ്റാത്തതായി, തൊടാൻ പറ്റാത്തതായി ഉള്ളത്? അങ്ങനെയുള്ളതിനെ സൂക്ഷ്മമായ (non-physical) ഘടകങ്ങളായി കണക്കാക്കാം.
മിക്കവാറും ആൾക്കാർക്കും, "മനുഷ്യൻ" എന്ന് പറഞ്ഞാൽ/കേട്ടാൽ ശരീരത്തെ ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാനോ കാണാനോ സാധിക്കുകയുള്ളൂ. പക്ഷെ മനുഷ്യൻ വെറും ശരീരം മാത്രമല്ല. പഞ്ചേന്ദ്രിയങ്ങൾ (ആ പഞ്ചേന്ദ്രിയങ്ങളെ ഒട്ടിച്ചുവക്കാൻ മാത്രമായ ശരീരം), മനസ്സ്, ബുദ്ധി, അഹങ്കാരം (ego) എന്നിവയും അതിനൊക്കെ ആധാരമായി നിൽക്കുന്ന ആത്മാവും കൂടി ചേർന്നതാണ് ഒരു മനുഷ്യൻ.
- പഞ്ചേന്ദ്രിയങ്ങൾ എന്തൊക്കെ sense ചെയ്താലും, അത് മനസ്ഥലത്തിൽ (മനസ്സിൽ) എത്തിയാൽ മാത്രമേ നമ്മൾ അറിയുകയുള്ളൂ. (ഉറങ്ങുന്ന ഒരാളുടെ കണ്ണ് തുറന്ന് ഒരു ആപ്പിൾ കാണിച്ചു കൊടുത്താൽ അയാൾ അതറിയുന്നില്ല. കണ്ണ് കാണുന്നുണ്ട്.. പക്ഷെ മനസ്സ് അത് അറിഞ്ഞിട്ടില്ല.. കാരണം, ഉറങ്ങുന്പോൾ മനസിന്റെ പ്രവർത്തനം ഇല്ല).
- അത് പോലെ, മനോമണ്ഡലത്തിൽ (മനസ്സിൽ) എന്തെങ്കിലും എത്തിയാലും, അതെന്താണെന്നറിയാൻ ബുദ്ധി പ്രവർത്തിക്കണം. ബുദ്ധി എന്ന് പറഞ്ഞാൽ ജീവിതാനുഭവങ്ങളിലൂടെ ഉണ്ടായിട്ടുള്ള അനുഭവ വിജ്ഞാന സന്പത്തും ആ അനുഭവ സന്പത്തുകളെ എങ്ങനെ ഉപയോഗിക്കണം എന്ന ധാരണയും ആണ് (മനോമണ്ഡലത്തിൽ എന്തോ ഒരു സാധനം കണ്ടു എന്ന തോന്നൽ എത്തിയാലും, അതൊരു ആപ്പിൾ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്, "എന്താണ് ഒരു ആപ്പിൾ? അതെങ്ങനെയിരിക്കും?" എന്നൊക്കെയുള്ള പൂർവകാല അനുഭവസന്പത്ത് കാരണമാണ്).
- എല്ലാവരിലും ഉള്ളതാണ് "ego" അല്ലെങ്കിൽ അഹങ്കാരം.. "എന്ത് കണ്ടു" എന്നത് പഞ്ചേന്ദ്രിയങ്ങളും, മനസ്സും ബുദ്ധിയും കൂടി അറിയിച്ചു തരുന്നു. .. പക്ഷെ "ആരാണ് കണ്ടത്?". "ഞാൻ കണ്ടു" എന്ന് പറയുന്പോൾ അതിലെ "ഞാൻ" എന്ന് പറയുന്നതാണ് ego അല്ലെങ്കിൽ അഹങ്കാരം. ഇപ്പറഞ്ഞ ഈ "ഞാൻ" --> "എന്റെ സാധനം", "എന്റെ കഴിവ്", "എന്റെ കാർ" എന്നൊക്കെ പറയുന്പോൾ ഉദ്ദേശിക്കുന്ന ആ "ഞാൻ" ആണ്. ആ അഹങ്കാരത്തിന്റെ പ്രകടനം ആണ് ബുദ്ധിയിലൂടെ മനസ്സിലും മനസ്സിലൂടെ ഇന്ദ്രിയങ്ങളിലും പ്രകടം ആകുന്നത്. ("ഞാൻ എന്തോ വലിയൊരു സംഭവം ആണെന്ന്", അല്ലെങ്കിൽ "ഇതെല്ലാം ഏന്റെയാണ്", "എന്റെ കുട്ടികൾ മിടുക്കന്മാരാകണം" എന്നൊക്കെ കരുതി ജീവിക്കുന്ന ആൾക്കാർ ഉദ്ദേശിക്കുന്ന തരത്തിലുള്ള "ഞാൻ" or False Self)
- പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും അപ്പുറത്താണ്, അവക്കൊക്കെ അധിഷ്ഠാനം ആയിട്ടുള്ള ആത്മാവ് ഉള്ളത്. ആ ആത്മാവ് ആണ് ശരിയായ "ഞാൻ". (True Self).
നമുക്ക് മുന്നിൽ കാണുന്ന ദൃശ്യപ്രപഞ്ചത്തിൽ മുഴുകി ജീവിക്കുന്ന മിക്കവാറും മനുഷ്യന്മാരും ഇന്ദ്രിയതലത്തിൽ മാത്രമേ ചിന്തിക്കാറുള്ളൂ.. മനസ്സിലാക്കാറുള്ളൂ.. കുറച്ച് പേർ മനസ്ഥലത്തിലും.. അതിലും കുറച്ച് പേർ ബുദ്ധി തലത്തിലും കാര്യങ്ങളെ വിശകലനം ചെയുന്നു. മനസ്സിലും ബുദ്ധിയിലും വിശാലതയോടെ എല്ലാവരെയും ഒന്നായി കണക്കാക്കി ജീവിക്കാൻ ശ്രമിച്ചാലും, മിക്കവാറും ആൾക്കാരും അഹങ്കാരം or ego എന്നതിന്റെ പിടിയിൽ പെട്ട് പോകും. അപ്പോൾ, മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും അടിസ്ഥാനം ആയിരിക്കുന്ന ആത്മാവിന്റെ ആ തലത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യാൻ പറ്റുന്നവർ വളരെ വളരെ കുറവായിരിക്കും. (ഉദാഹരണത്തിന്..
- ലോകം മുഴുവൻ ഒരു "rat race" ആയിരിക്കുന്ന ഈ കാലത്ത്.. മിക്കവാറും മാതാപിതാക്കളും സ്വന്തം കുട്ടി മറ്റുള്ളവരെക്കാൾ നന്നാകണം എന്ന ചിന്തയോടെ മാത്രമായിട്ടായിരിക്കും ജീവിക്കുന്നത്. മനസ്ഥലത്തിലും ബുദ്ധിതലത്തിലുമുള്ള ഇടുങ്ങിയ വീക്ഷണവും അഹങ്കാരത്തിന്റെ വിളയാട്ടവുമാണിത്.
- മാതാപിതാക്കൾക്ക് കുറച്ച് വിശാല മനസ്കതയും വിശാല ബുദ്ധിയും ഉണ്ടെങ്കിൽ മറ്റു കുട്ടികളും നമ്മുടെ കുട്ടിയെ പോലെ നന്നായി വരണം എന്നാഗ്രഹിക്കും.. പക്ഷെ ഏതെങ്കിലും ഒരു critical ഘട്ടം വന്നാൽ.. മറ്റു കുട്ടികൾ താഴെ ആയാലും സ്വന്തം കുട്ടി നന്നായി വരണം എന്ന് തന്നെ ആയിരിക്കും അവരും ചിന്തിക്കുക. ഇതാണ്.. മനസ്ഥലത്തിലും ബുദ്ധിതലത്തിലും വളരെ വിശാലമായ അളവുകോൽ ഉള്ളവർ അഹങ്കാരം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന അവസ്ഥ
- ആത്മതലത്തിൽ എത്തിയിട്ടുള്ള മാതാപിതാക്കൾ ആണെങ്കിൽ, മറ്റുകുട്ടികളും സ്വന്തം കുട്ടികളും എല്ലാം ഒന്ന് പോലെ എന്ന രീതിയിൽ കണക്കാക്കാനും, സ്വന്തം കുട്ടി മറ്റുള്ളവരെക്കാൾ മേലെ എത്തിയാൽ അതിൽ അമിതമായി സന്തോഷിക്കാതിരിക്കാനും, അത് പോലെ സ്വന്തം കുട്ടി മറ്റുള്ളവരെക്കാൾ വളരെ താഴെ ആയാൽ അമിതമായി വിഷമിക്കാതിരിക്കാനും, പറ്റുന്നവർ ആയിരിക്കും. ഇതാണ്, മനസ്ഥലത്തെയും ബുദ്ധിത്തലത്തെയും അഹങ്കാരത്തിന്റെ വിളയാട്ടത്തെയും എല്ലാം കവച്ചുവെച്ച് ആത്മതലത്തിൽ വിശകലനം ചെയ്യുന്ന അവസ്ഥ.
)
മനുഷ്യൻ --> ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ്
മൃഗങ്ങളുടെ കാര്യം എടുത്താലും ഇത് തന്നെയാണ് ഉള്ളത്. മൃഗങ്ങൾക്കും ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും അഹങ്കാരവും ഉണ്ട്. അവയുടെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും അധിഷ്ഠാനം ആത്മാവ് തന്നെ.
സൂക്ഷ്മമായ (non-physical) കാര്യങ്ങളുടെ ഉപയോഗത്തിലെ വ്യത്യാസം
-------------------------------------
പക്ഷെ, മൃഗങ്ങൾ അവയുടെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും ഉപയോഗിക്കുന്നത് വളരെ പരിമിതമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് - ഭക്ഷണം കിട്ടാൻ (ഇര പിടിക്കാൻ), അവ ജീവിക്കുന്ന territory അവയുടേതാണെന്ന് ഉറപ്പിക്കാൻ, ഇണയെ കിട്ടാൻ.. ഉദാഹരണത്തിന് - National Geographic ചാനലിൽ, പാത്തും പതുങ്ങിയും പുലി മാനിനെ പിടിക്കാൻ പോകുന്നത്, കണ്ടിട്ടുണ്ടായിരിക്കുമെന്ന് കരുതുന്നു. പുലിയുടെ മനസ്സും ബുദ്ധിയും ആ ഭക്ഷണം കിട്ടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. വയർ നിറഞ്ഞാൽ, പുലി എവിടെയെങ്കിലും പോയി വിശ്രമിക്കും. അതിന്റെ വാസസ്ഥലത്ത് ("എന്റെ വാസസ്ഥലത്ത്" - "ഞാൻ എന്ന അഹങ്കാരം") വേറെ ഏതെങ്കിലും ജീവി വന്നാൽ അതിനെ അവിടെ നിന്നോടിക്കും. പ്രകൃതിയിയുടെ പ്രേരണകൾ കൊണ്ട് ഇണ ചേരാനും പുലി ശ്രമിക്കും. ഇതിനപ്പുറം അധികം കാര്യങ്ങളൊന്നും പുലി ചെയ്യുന്നുണ്ടാവില്ല. ഇത് തന്നെയാണ് മിക്കവാറും മൃഗങ്ങളുടെയും കാര്യം.
എന്നാൽ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അഹങ്കാരത്തിനും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഒരു പരിധിയും ഇല്ല. എത്ര വേണമെങ്കിലും നല്ലത് ചെയ്യാനും ചീത്ത ചെയ്യാനും ഉള്ള കഴിവ് മനുഷ്യനുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാൻ റെഡി ആയി നിൽക്കുന്ന മനുഷ്യൻ ഭീകരപ്രവർത്തനങ്ങളിലൂടെ ഏത്രയോ പേരെ കൊല്ലുന്നു. നമ്മൾ ഹിറ്റ്‌ലറെയോ സദ്ദാം ഹുസൈനെയോ ഒക്കെ ദുഷ്ടരായി കണക്കാക്കുന്പോൾ അവരുടെ ശരീരമല്ല അവരെ കൊണ്ടു ആ ദുഷ്ടതയൊക്കെ ചെയ്യിച്ചിട്ടുള്ളത്. അവരുടെ മനസ്സും ബുദ്ധിയും അഹങ്കാരവുമാണ്. സ്വയം ഒന്ന് ആലോചിച്ചു നോക്കിയാൽ മതി... മറ്റുള്ളവരെ പറ്റി നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തകൾ, മറ്റുള്ളവരെ പറ്റി നമ്മൾ ബുദ്ധിയിൽ സൂക്ഷിച്ചിരിക്കുന്ന ചീത്തയായ കാര്യങ്ങൾ, "നമ്മൾ എന്തോ വലിയ ഒരു സംഭവം" ആണ് എന്ന അഹങ്കാരത്തോടെ പ്രവർത്തിക്കുന്ന സമയങ്ങൾ ഒക്കെ. ഇങ്ങനെയുള്ള ഓരോ തെറ്റായ ചിന്തയും തെറ്റായ ആലോചനയും അഹങ്കാരം നിറഞ്ഞ പ്രവർത്തനങ്ങളുമൊക്കെ തന്നെയാണ്, പരസ്പരം വിരോധങ്ങൾ ഉണ്ടാക്കുന്നതിനും, അങ്ങനെയങ്ങനെ ലോകത്തിൽ യുദ്ധം, ഭീകരാക്രമണങ്ങൾ, പിടിച്ചുപറി എന്നിവയൊക്കെ ഉണ്ടാക്കുന്നതിനും കാരണങ്ങൾ.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം - "പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, അഹങ്കാരവുമൊക്കെ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ" ആണ്.
ഭഗവദ് ഗീതയുടെ പ്രാധാന്യം
---------------------------
ബാഹ്യമായ കാര്യങ്ങളിലെ പൊലിമ മാത്രമാണ് വികസനം എന്ന തെറ്റായ ധാരണയിൽ മുന്നോട്ടു പോകുന്നവരാണ് മനുഷ്യർ. ഗവേഷണം മുഴുവനും ബാഹ്യവസ്തുക്കളെ പറ്റി ചെയ്യുന്ന മനുഷ്യർ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തേടുന്നത് ബാഹ്യവസ്തുക്കളിൽ നിന്നും മറ്റു ആൾക്കാരിൽ നിന്നുമൊക്കെയാണ്. പക്ഷെ, ശരിയായ പരിഹാരം കിടക്കുന്നത് അവനവന്റെ ഉള്ളിൽ ആണെന്നും, പ്രശ്നപരിഹാരങ്ങക്ക് പുറത്തേക്കല്ല, അകത്തേക്കാണ് നോക്കേണ്ടതെന്നും പലർക്കും അറിയില്ല. (materials നെ പറ്റിയല്ല പ്രശ്നം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, , മനസ്സിലെ സുഖം അല്ലെങ്കിൽ ദുഃഖം..എന്നതിനെ പറ്റി )
മനുഷ്യ മനസ്സിനെയും ബുദ്ധിയേയും അഹങ്കാരത്തെയും കാട് കയറാതെ നല്ല രീതിയിലേക്ക് കൊണ്ട് വരാനും, അല്ലെങ്കിൽ നല്ല രീതിയിൽ തന്നെ പറ്റാവുന്നിടത്തോളം നിലനിർത്താനും ഉള്ള വഴിയാണ് ഭഗവദ് ഗീത പറഞ്ഞു തരുന്നത്. കാട്ടാനയെ മെരുക്കി നാട്ടാനയാക്കുന്ന പോലെ, കാട് കയറിയ മനസ്സിനെയും ബുദ്ധിയെയും അഹങ്കാരത്തെയും മെരുക്കി ഒതുക്കി മാറ്റാനുള്ള വഴികൾ ആണ് അതിലുള്ളത്. അത് മനസ്സിലാക്കുന്നത് വഴി, മനുഷ്യർക്ക് മനസ്സും ബുദ്ധിയും അഹങ്കാരവും ഒക്കെ എന്തിന് ഉപയോഗിക്കണം.. എങ്ങിനെ ഉപയോഗിക്കണം... എന്നത് മനസ്സിലാക്കാൻ പറ്റുന്നു. (വില്ലാളിവീരനായ അർജുനൻ അസ്ത്രശസ്ത്രവിദ്യകളിൽ നിപുണനായിരുന്നുവെങ്കിലും മനസ്സിനെയും ബുദ്ധിയെയും സംയമനത്തിൽ കൊണ്ടുവരാൻ പറ്റാത്ത ഒരാളായിരുന്നു. കൃഷ്ണൻ പറഞ്ഞു കൊടുത്ത ഭഗവദ് ഗീത സന്ദേശം മനസ്സിലാക്കിയിട്ടാണ് അർജുനന് മനസ്സിനെയും ബുദ്ധിയെയും സംയമനത്തിലാക്കാൻ പറ്റിയത്. അതെ അർജുനന്റെ അവസ്ഥയാണ് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യർക്കും.. ബുദ്ധിമാൻ ആയതു കൊണ്ടോ കുറെ ഡിഗ്രി എടുത്തത് കൊണ്ടോ ഏതെങ്കിലും വിഷയത്തിൽ നിപുണൻ ആയത് കൊണ്ടൊന്നും അയാൾക്ക് മനോബുദ്ധിമേഖലയിൽ സംയമനം ഉണ്ടെന്ന് പറയാൻ പറ്റില്ല. ചുരുക്കത്തിൽ അങ്ങനെയുള്ള ബുദ്ധിമാന്മാരും, അനവധി വിഡ്ഢിത്തവും ക്രൂരകൃത്യങ്ങളും ചെയ്തുകൂട്ടുന്നുണ്ട് എന്നതിൽ സംശയമില്ല)
ശരിയായ ഉദാഹരണം അല്ലെങ്കിലും, ഒരമ്മ പെറ്റ മക്കൾ തമ്മിൽ കലഹിക്കുന്ന നിലയിൽ എത്തണമെങ്കിൽ കുറെ സമയം എടുക്കും, മിക്കവാറും എത്തുകയുമില്ല. പക്ഷെ വേറെയൊരമ്മ പെറ്റ ഒരാളോട് കലഹിക്കുന്ന നിലയിൽ പിന്നെയും വേഗത്തിൽ എത്തിയേക്കും. എന്താണ് ഈ വ്യത്യാസത്തിന് കാരണം? നമ്മൾ ഒരേ അമ്മയുടെ വയറ്റിൽ നിന്നാണ് വന്നത് എന്ന ആ "ഒരുമ", നമ്മൾ അറിയാതെ തന്നെ പരസ്പരം ഒരു bonding (ഒരമ്മയിൽ നിന്നുണ്ടായവർ എന്ന bonding) ഉണ്ടാക്കുന്നുണ്ട്. പക്ഷെ, വേറെയൊരമ്മ പെറ്റ ഒരാളോട് അങ്ങനെ ഒരു bonding ഉണ്ടാവുകയുമില്ല. നമ്മുടെ സഹോദരങ്ങളോട് bonding ഉണ്ടാകുന്നു.. വേറെ ഒരാളോട് ആ bonding ഉണ്ടാകുന്നില്ല. എവിടെയാണ് ഈ bonding ഉണ്ടാകുന്നത്? അത് ശരീരത്തിലോ ഇന്ദ്രിയങ്ങളിലോ അല്ലോ. മനസ്സിലും ബുദ്ധിയിലും ആണ് ആ bonding ഉണ്ടാകുന്നത്. പുറമെ ഉള്ള ഒരാളെ, അയാളും എന്റെ അമ്മ പെറ്റ പോലെ തന്നെ എന്ന രീതിയിൽ നമ്മുടെ മനസ്സിലും ബുദ്ധിയിലും (ബുദ്ധിമുട്ടാണെങ്കിലും) ഉറപ്പിക്കാൻ പറ്റിയാൽ, അയാളും നമ്മുടെ സഹോദരങ്ങളും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതാകും. പിന്നെ സ്വന്തം സഹോദരങ്ങളോട് എന്ന പോലെ അയാളോടും നമുക്ക് കലഹിക്കാൻ ബുദ്ധിമുട്ടാകും. ചുരുക്കം പറഞ്ഞാൽ, "ഒരമ്മയിൽ നിന്നുണ്ടായവർ ഞങ്ങൾ" എന്ന ആ bonding പൊട്ടിച്ചുകളഞ്ഞത് "എല്ലാവരും ഒരേപോലെ" എന്ന രീതിയിൽ കാണാൻ സാധിപ്പിച്ചു.
ഇത് പറയാൻ എളുപ്പമാണ്. പക്ഷെ പ്രവർത്തിയിൽ കൊണ്ട് വരാൻ വളരെ വിഷമമാണ്.
അവിടെയാണ്, ഭഗവദ് ഗീതയുടെ പ്രാധാന്യം. മനുഷ്യന്മാർ മാത്രമല്ല, മൃഗങ്ങളും, വൃക്ഷങ്ങളും, ഭൂമിയും, മറ്റു ഗോളങ്ങളും, സൂര്യനും, നക്ഷത്രങ്ങളും എല്ലാം ഉണ്ടായിട്ടുള്ളത് ഒന്നിൽ നിന്നാണ് (ആ ഒന്നിനെയാണ് ആത്മാവ് or ബ്രഹ്മം എന്ന് പറയുന്നത്), "എല്ലാം ഒന്നും തന്നെ" എന്ന ഒരു ബോധമാണ് ഭഗവദ് ഗീത ഉണ്ടാക്കിത്തരുന്നത്. നേരത്തെ എഴുതിയ ഉദാഹരണത്തിൽ, സ്വന്തം സഹോദരങ്ങളും വേറെയൊരാളും ഒന്നിൽ നിന്ന് തന്നെയാണ് ഉണ്ടായത് എന്ന ബോധം വന്നാൽ പിന്നെ (അല്ലെങ്കിൽ എല്ലാവരും ഒന്ന് തന്നെ എന്ന ബോധം വന്നാൽ പിന്നെ), പരസ്പരം വിദ്വേഷവും കലഹവും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. അങ്ങനെ ഉണ്ടാകുന്ന ആ ബോധത്തിനെയാണ് ആത്മജ്ഞാനം എന്ന് പറയുന്നത്. എല്ലാ ദിവസവും സുഖമായി പുട്ടടിച്ച് സുഖിച്ച് കഴിയുന്നവർക്കും എന്നും കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളിൽ മുഴുകി കഴിയുന്നവർക്കൊന്നും ആ നിലയിൽ പെട്ടെന്ന് എത്താൻ പറ്റില്ല. "സുഖം", "കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യം" എന്നിവയൊക്കെ മനസ്സിലും ബുദ്ധിയിലും പ്രകടമാകുന്ന ലക്ഷണങ്ങൾ ആണ്. ആ ദുർലക്ഷണങ്ങളെ തുടച്ചുമാറ്റാൻ പറ്റില്ല എന്നാണ് ഒട്ടു മിക്ക ആൾക്കാരും വിചാരിക്കുന്നത്. പക്ഷെ ഭഗവദ് ഗീത മനസ്സിലാക്കുന്നതിലൂടെ പതിയെ പതിയെ ഓരോന്നും തുടച്ചുമാറ്റപ്പെടുന്നു. നമ്മുടെ മനസ്സുകളിൽ ഇത്രയും കാലത്തെ അഴുക്കുകൾ കുമിഞ്ഞു കൂടിയിരിക്കുന്നത് കാരണം, എല്ലാം പെട്ടെന്ന് flush out ആയി എന്ന് വരില്ല. പക്ഷെ, നമ്മുടെ ശ്രമം കൊണ്ട് കുറച്ചെങ്കിലും അഴുക്കുകൾ കളയാൻ പറ്റിയാൽ, അത്രക്കും നല്ലത് എന്ന് കരുതാം.
അതിന് ഭഗവദ് ഗീതയിൽ അനവധി വഴികൾ പറയുന്നു - കർമ്മയോഗം, ഭക്തിയോഗം, സാംഖ്യയോഗം എന്നിങ്ങനെ. ഓരോ വ്യക്തിക്കും അനുയോജ്യമായ വഴി അവർക്ക് സ്വീകരിക്കാം. മുഴുവൻ സമയവും മുറിയുടെ വാതിൽ അടച്ച് അതിനകത്ത് കണ്ണുമടച്ചിരിക്കുകയൊന്നും വേണ്ട.. ഈ ലോകത്തിൽ എല്ലാവരോടും ഇടപഴകി ജീവിച്ചും ആത്മജ്ഞാനം കിട്ടാൻ പറ്റുന്നതാണ്.
വാസ്തുശാസ്ത്രം
------------------
എല്ലാം ഒന്നിൽ നിന്നുണ്ടായതാണ്, എല്ലാം ഒന്നാണ് എന്ന തോന്നൽ വന്നാൽ പിന്നെ മനുഷ്യരെ മാത്രമല്ല, മറ്റു ജീവികളെയും വൃക്ഷങ്ങളെയും ഒന്നും നമുക്ക് നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം നശിപ്പിക്കാൻ തോന്നുകയില്ല. അങ്ങിനെ, ഈ പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിക്കാനും.. മറ്റ് മനുഷ്യർക്കും മറ്റ് ജീവികൾക്കും സസ്യങ്ങൾക്കും എല്ലാറ്റിനും ഇവിടെ പരസ്പരം ഇണങ്ങി ചേർന്ന് ജീവിക്കാനും മനുഷ്യനെ പഠിപ്പിച്ചു തരുന്നു. ഇതേ idea തന്നെയാണ് വാസ്തുശാസ്ത്രത്തിന്റെ പിന്നിലും ഉള്ളത്. നാം ഒരു വീട് പണിയുന്പോൾ അത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്നതാകണം എന്ന ചിന്ത. ഭൂമിയുടെ അടിയിലുള്ള നീരുറവകളെ ശല്യപ്പെടുത്താതെ, കാറ്റിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെ, കാന്തിക തലങ്ങളെ ശല്യപ്പെടുത്താതെ, energy flows നെ ശല്യപ്പെടുത്താതെയൊക്കെ കെട്ടിടങ്ങൾ പണിയാനുള്ള നിർദ്ദേശങ്ങൾ ആണ് വാസ്തുശാസ്ത്രം പറഞ്ഞു തരുന്നത്.
ഒരു മനുഷ്യൻ ഒരു കെട്ടിടം തോന്നിയ പോലെ പണിതാൽ പ്രകൃതിക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന തോന്നലാണ് മിക്കവർക്കും. ഇത്രയും വലിയ ഭൂമിയിൽ ഇത്രയും ചെറിയ മനുഷ്യൻ ഇത്രയും ചെറിയ ഒരു കെട്ടിടം ഉണ്ടാക്കിയാൽ, ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന ചിന്ത. അവിടെയാണ് ഏറ്റവും വലിയ വിരോധാഭാസം.. "താൻ ഒരു സംഭവം ആണെന്ന് കരുതുന്ന" മനുഷ്യൻ ഈ ലോകം മുഴുവൻ തന്റെ കൈപ്പിടിയിൽ ആണെന്ന് കരുതി ജീവിക്കുന്നു. ഇത്രയും വലിയവനാണെന്ന് ഭാവിക്കുന്ന അതേ മനുഷ്യന്‌, "സ്വയം ഈ ലോകത്തെ ഭൂമിയെ പ്രകൃതിയെ നശിപ്പിക്കാൻ പറ്റും" എന്ന് ചിന്തിക്കാൻ പറ്റുന്നില്ല.
നമ്മൾ വലുതോ ചെറുതോ എന്നതിനൊക്കെ അപ്പുറം നമ്മളും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്, നമ്മുടെ ഓരോ പ്രവർത്തിയും ഈ പ്രപഞ്ചത്തെ influence ചെയ്യുന്നു എന്നൊരു ബോധോദയവും ആത്മജ്ഞാനത്തോട് കൂടി ഉണ്ടാകുന്നു.
എന്നാൽ ശരി...
---------------
വികസനത്തിന്റെ പേരും (progressive thinking) പറഞ്ഞ്, മനസ്സും ബുദ്ധിയും അഹങ്കാരവും ഉണ്ടാക്കി തീർത്ത സ്വാർത്ഥ താല്പര്യങ്ങൾ കാരണം, ഓസോൺ ലെയർ ഓട്ടയായി... അങ്ങനെ ആഗോള താപനം ഉണ്ടാകുന്നു... climate change കാരണം കാട്ടുതീ വന്നു.. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കൂ... പേപ്പർ ഉപയോഗിക്കരുത് മരങ്ങളെ രക്ഷിക്കൂ... എന്നൊക്കെ പറഞ്ഞ് ടീവിയിലും ഇന്റർനെറ്റിലും തുള്ളിക്കൊണ്ടിരിക്കുന്ന കോമരങ്ങളെ കാണുന്പോൾ സഹതാപം തോന്നുന്നു. (ആ വ്യ്കതികളോടല്ല സഹതാപം തോന്നുന്നത്..) മനുഷ്യരാശിയുടെ നിലനിൽപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ദൈനം ദിനം ജീവിക്കാൻ പഠിപ്പിച്ചിരുന്ന സംസ്കാരങ്ങളെ, പഴഞ്ചൻ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ്... ഏച്ചുകൂട്ടിയപോലത്തെയുള്ള ആധുനിക ശാസ്ത്രത്തിന്റെ അടിമകൾ ആയി നമുക്കെല്ലാവർക്കും ജീവിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചാണ് സഹതാപം തോന്നുന്നത്

[09262020]

No comments:

Post a Comment