Sunday, October 11, 2020

18 ന്റെ പ്രാധാന്യം

18 പർവ്വങ്ങളാണ് മഹാഭാരതത്തിലുള്ളത്

18 അധ്യായങ്ങളാണ് ഭഗവത് ഗീതയിലുള്ളത്
18 പുരാണങ്ങളാണുള്ളത്
18 ഉപപുരാണങ്ങളാണുള്ളത്
18 ദിവസങ്ങളാണ് മഹാഭാരതയുദ്ധം നടന്നത്
18 അക്ഷൗഗണികളാണ് മഹാഭാരതയുദ്ധത്തിൽ ഉണ്ടായിരുന്നത്
18 പടികളാണ് ശബരിമലയിലുള്ളത്
(അക്ഷൗഗണി എന്ന വാക്ക് യുദ്ധസന്നാഹങ്ങളുമായി ബന്ധപ്പെട്ടതാണ്. മഹാഭാരത യുദ്ധത്തിലെ 18 അക്ഷൗഗണികളിൽ, 11 അക്ഷൗഗണി കൗരവന്മാർക്കും 7 അക്ഷൗഗണി പാണ്ഡവന്മാർക്കും. ആയിരുന്നത്രേ. 11+7=18. From വിക്കിപീഡിയ... അക്ഷൗഗണി എന്ന് പറഞ്ഞാൽ ഒരു battle formation ആണ്. ഒരു അക്ഷൗഗണിയിൽ, 21870 ആനകൾ, 21870 രഥങ്ങൾ, 65610 കുതിരകൾ, 109350 കാലാൾ പോരാളികൾ ഉണ്ടാകുമെന്നു പറയുന്നു. ഈ സംഖ്യകളിലെ അക്കങ്ങൾ കൂട്ടിയാൽ 18 കിട്ടും)
18 ആകുന്ന മറ്റനവധി കാര്യങ്ങളും ഉണ്ട്. ഓരോന്നിനും "സാഹചര്യങ്ങൾക്ക"നുസരിച്ചുള്ള വിശദീകരണങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ശബരിമല അന്പലത്തിന് ചുറ്റും 18 മലകൾ ഉള്ളത് കൊണ്ടാണ്, അവിടെ 18 അവിടെ പടികൾ ഉള്ളത് എന്നാണ് ഒരു വിശദീകരണം. എങ്കിലും, എല്ല്ലാ സാഹചര്യങ്ങൾക്കും അതീതമായി, എല്ലാത്തിനും അടിസ്ഥാനമായേക്കാവുന്ന ഒരു വിശദീകരണം കേട്ടത് ആണ് താഴെ എഴുതിയിരിക്കുന്നത്...
"18 തത്വങ്ങൾ കൊണ്ട്, ഈ ലോകത്തെ ചുരുങ്ങിയ രൂപത്തിൽ പൂർണ്ണമായി വിവരിക്കാം എന്നതാണ് 18 ന്റെ പ്രാധാന്യം"
ശരിയായ വിവരണം കേൾക്കണമെങ്കിൽ ഇതാ വീഡിയോ (സ്വാമി ഭൂമാനന്ദ തീർത്ഥ )
(From minute 4 - 13 )
അദ്ദേഹം പറഞ്ഞത് തന്നെയാണ് താഴെ എഴുതിയിരിക്കുന്നത്. വിഷയം കുറച്ച് dry ആയേക്കാം.. അതിനാൽ താല്പര്യമുണ്ടെങ്കിൽ താഴോട്ട് വായിച്ചാൽ മതി.
[ മുൻ‌കൂർ ജാമ്യം: ഈ വിഷയത്തിൽ എനിക്ക് അത്രക്ക് വലിയ വിവരമൊന്നുമില്ല. എങ്കിലും, മനസ്സിലായി എന്ന് തോന്നിയത് ഒന്നെഴുതി നോക്കി എന്ന് മാത്രം. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. ചില കാര്യങ്ങളിൽ എനിക്കും സംശയങ്ങൾ ഉണ്ട്]
എങ്ങിനെയാണ് 18 തത്വങ്ങൾ കൊണ്ട് ഈ ലോകത്തെ പൂർണ്ണമായി വിവരിക്കാൻ പറ്റുക എന്ന് നോക്കാം. ഈ ലോകത്തെ ചുരുങ്ങിയ രൂപത്തിൽ പൂർണ്ണമായി വിവരിക്കാൻ ഉള്ള ആ 18 തത്വങ്ങൾ താഴെ പറയുന്നവയാണ്
ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്ന പഞ്ചഭൂതങ്ങൾ
കാത്, ത്വക്ക് , നാക്ക് , കണ്ണ്, മൂക്ക് എന്ന പഞ്ചേന്ദ്രിയങ്ങൾ
ശബ്ദം, സ്പർശം, രസം, രൂപം, ഗന്ധം, എന്ന പഞ്ചതന്മാത്രകൾ
മനസ്സ്, ബുദ്ധി, അഹങ്കാരം എന്നത് മൂന്ന്
ഇതെല്ലം ചേർന്നാൽ 18 എണ്ണം ആയി..
5 + 5 + 5 + 3 = 18
ഇതെല്ലാം കൂടെ എങ്ങനെയാണ് ഈ ലോകത്തെ വിവരിക്കുന്നത്?
ദൃശ്യലോകം അല്ലെങ്കിൽ ബാഹ്യലോകം
==============================
പഞ്ചഭൂതങ്ങൾ : ഈ ലോകത്തിൽ എന്തുണ്ടായാലും അതെല്ലാം പഞ്ചഭൂതങ്ങളിൽ നിന്നുണ്ടായതാണ്. ഈ ലോകത്തിലെ എന്ത് സാധനം എടുത്താലും അതൊക്കെ പഞ്ചഭൂതങ്ങളിൽ എല്ലാതും ചേർന്നതോ അല്ലെങ്കിൽ പഞ്ചഭൂതങ്ങളിൽ ചിലതൊക്കെ ചേർന്നതോ ആയിരിക്കും. നമ്മുടെ ശരീരം പോലും ഈ പഞ്ചഭൂതങ്ങളിൽ നിന്നുണ്ടായതാണ്. Our body is just an accumulation of food.
പഞ്ചേന്ദ്രിയങ്ങൾ : പഞ്ചഭൂതങ്ങൾ കൊണ്ടുണ്ടായ ഈ ലോകത്തെ നാം അറിയുന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. കണ്ണും ചെവിയും ഇല്ലാത്ത അവസ്ഥ ആലോചിച്ച് നോക്കൂ. അങ്ങനെ ഉള്ള ഒരാൾക്ക് പലതും അറിയാൻ പറ്റില്ല. അപ്പോൾ അഞ്ച് ഇന്ദ്രിയങ്ങളും ഇല്ലാത്ത അവസ്ഥയിൽ ഒന്നിനെയും അറിയാൻ പറ്റില്ല.
പഞ്ചതന്മാത്രകൾ : തന്മാത്ര എന്നത് molecule എന്ന അർഥത്തിലല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും കൂടിച്ചേർന്ന് നമ്മിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് പഞ്ചതന്മാത്രകൾ. ഒരാളെ സംബന്ധിച്ചിടത്തോളം പഞ്ചേന്ദ്രിയങ്ങൾ ഇല്ലെങ്കിൽ അയാൾക്ക് പഞ്ചഭൂതങ്ങൾ ഒന്നും ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പഞ്ചേന്ദ്രിയങ്ങൾ ഉണ്ടായാൽ മാത്രമേ പഞ്ചഭൂതങ്ങളെ കണ്ടറിയാനും/കേട്ടറിയാനും/ രുചിച്ചറിയാനും/സ്പർശിച്ചറിയാനും/മണത്തറിയാനും പറ്റൂ.. അങ്ങനെ പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും ഉണ്ടെങ്കിൽ മാത്രമേ പഞ്ചതന്മാത്രകൾ ഉണ്ടാകുന്നുള്ളൂ.. ഉദാഹരണത്തിന് ഒരാനയെ കണ്ടു എന്ന് വിചാരിക്കുക. അതിലെ "കണ്ടു" എന്ന പ്രക്രിയ മാത്രമാണ് "കാണൽ" എന്ന തന്മാത്രയെ കൊണ്ട് സൂചിപ്പിക്കുന്നത്. അതിൽ എന്തിനെ കണ്ടു എന്നത് തന്മാത്ര അല്ല. "പാട്ട് കേട്ടു" എന്നതിൽ "കേൾക്കൽ" എന്നത് മാത്രമാണ് തന്മാത്ര. എന്ത് കേട്ടു എന്നത് തന്മാത്ര അല്ല. ( ഇവിടെ "കണ്ടു" എന്ന് പറയുന്പോൾ കണ്ണ് പ്രവർത്തിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂ. കണ്ണിന്റെ ലെൻസിലൂടെ പ്രകാശ് റെറ്റിനയിൽ പതിച്ച് brain ലേക്ക് signal പോയി എന്ന അവസ്ഥ... അത് പോലെ "കേട്ടു" എന്നതിന് ശബ്ദം eardrum ൽ തട്ടി brain ലേക്ക് signal പോയി എന്ന അവസ്ഥ )
~~~~~~
ചുരുക്കി പറഞ്ഞാൽ നാം ഈ കാണുന്ന, അല്ലെങ്കിൽ അറിയുന്ന ഈ ലോകത്തെ (ദൃശ്യലോകത്തെ, ബാഹ്യലോകത്തെ ) ഇപ്പറഞ്ഞ 15 ഘടകങ്ങൾ കൊണ്ട് വിവരിക്കാവുന്നതാണ്. പക്ഷെ, ശരിയായ ലോകം ഉണ്ടാകുന്നത് നമ്മുടെ ഉള്ളിലാണ്. അല്ലെങ്കിൽ "ഈ ലോകം എന്നത് എന്താണ്" എന്ന് രചിക്കുന്നത് നമ്മുടെ ഉള്ളിലാണ്. മേല്പറഞ്ഞ പഞ്ചതന്മാത്രകളെ നമ്മുടെ മനസ്സ് മനനം ചെയ്യുന്നു, അതിനെ ബുദ്ധി കൊണ്ട് ബോധനം ചെയ്യുന്നു, അഹങ്കാരം നമുക്ക് ഒരു identity നൽകുന്നു. (താഴെ ഉള്ള ഭാഗത്തിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട് )
നമ്മുടെ ഉള്ളിലെ ലോകം
===================
മനസ്സ്, ബുദ്ധി : "എന്തിനെ കണ്ടു", "എന്ത് കേട്ടു" എന്നത് മനസ്സിലാക്കി തരുന്നത് "മനസ്സും", "ബുദ്ധിയും" ആണ്. ഉദാഹരണത്തിന്, ചിലപ്പോൾ നമ്മൾ എന്തെകിലും ആലോചിച്ച് ഇരിക്കുകയായിരിക്കും. ആരെങ്കിലും അപ്പോൾ നമ്മുടെ മുന്നിൽ വന്നാൽ, നമ്മൾ കണ്ണ് കൊണ്ട് അവരെ കണ്ടിട്ടുണ്ടെങ്കിലും അവർ വന്നതായി നമ്മൾ അറിയുകയോ, അവരോട് സംസാരിക്കാൻ തുടങ്ങുകയോ ചെയ്യില്ല. ഇന്ദ്രിയമായ "കണ്ണ്" വഴി തന്മാത്രയായ "കാണൽ" ഉണ്ടായി എന്നതല്ലാതെ നമ്മുടെ "മനസ്സും, ബുദ്ധിയും" അവിടെ പ്രവർത്തിച്ചിട്ടില്ല എന്നതാണ് കാര്യം.
മറ്റൊരു ഉദാഹരണം, കുട്ടികൾ വീഡിയോ ഗെയിം ഒക്കെ കളിക്കുന്പോൾ അവരോടു ഹോംവർക് ചെയ്യേണ്ട കാര്യമോ, കുളിക്കേണ്ട കാര്യമോ പറഞ്ഞാൽ ഒരു മറുപടിയും കിട്ടില്ല... പക്ഷെ ഐസ്ക്രീം കഴിച്ചാലോ എന്ന് ചോദിച്ചാൽ ഉടനെ മറുപടി വരുകയും ചെയ്യും. ഹോം വർക്കിന്റെ കാര്യം പറയുന്പോഴും ഐസ്ക്രീമിന്റെ കാര്യം പറയുന്പോഴും കുട്ടികൾ കേൾക്കുന്നുണ്ട്. ഐസ്ക്രീമിന്റെ കാര്യം പറയുന്പോൾ ആയിരിക്കും അവരുടെ മനസ്സും ബുദ്ധിയും പ്രവർത്തിച്ച് "വേണം" എന്ന മറുപടി പറയുന്നത്. (എല്ലാം കേട്ടിട്ട് മനസ്സും ബുദ്ധിയും ഉപയോഗിച്ച് ഏതിനു മറുപടി പറയണം എന്ന് തീരുമാനിച്ച് മറുപടി പറയുന്ന സൂത്രക്കാരായ കുട്ടികളും ഉണ്ട്. അങ്ങനെയുള്ള കുട്ടികളുടെ കാര്യമല്ല പറഞ്ഞത് )
ഒരു ഉദാഹരണം കൂടി.. കിടന്നുറങ്ങുന്ന ആളുടെ കണ്ണ് തുറന്ന് ഒരു ആപ്പിൾ കാണിച്ചു എന്ന് വിചാരിക്കുക.അയാൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞ് ആപ്പിൾ കണ്ടിരുന്നോ എന്ന് ചോദിച്ചാൽ, ഇല്ല എന്നായിരിക്കും ഉത്തരം. അവിടെയും, ഇന്ദ്രിയമായ "കണ്ണ്" വഴി തന്മാത്രയായ "കാണൽ" ഉണ്ടായി എന്നതല്ലാതെ നമ്മുടെ "മനസ്സും, ബുദ്ധിയും" അവിടെ പ്രവർത്തിച്ചിട്ടില്ല എന്നതാണ് കാര്യം.
അതായത്, നാം എന്തൊക്കെ കണ്ടാലും, കേട്ടാലും, രുചിച്ചാലും, സ്പർശിച്ചാലും, ശ്വസിച്ചാലും അതെന്താണെന്ന് അറിയണമെങ്കിൽ "മനസ്സും, ബുദ്ധിയും " കൂടി ഒരുമിച്ച് പ്രാവർത്തിച്ചാലേ പറ്റൂ.
മനസ്സും ബുദ്ധിയും തമ്മിലുള്ള വ്യത്യാസത്തിലേക്ക് കടക്കാം
മനസ്സ്: നേരത്തെ പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം. "എന്തെങ്കിലും ആലോചിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ മുന്നിൽ ഒരാൾ വരുന്നു". കണ്ണ് കൊണ്ട് ഒരാളെ കണ്ടാലും, ആലോചനയിൽ നിന്ന് പുറത്ത് വന്ന് "മനസ്സ്" കൊണ്ട് "മനനം" ചെയ്‌താൽ മാത്രമേ, "നാം കണ്ടു"എന്നത് നമ്മുടെ ഉള്ളിൽ register ചെയ്യുകയുള്ളൂ. ആ registration നടത്തിത്തരുന്നതാണ് മനസ്സിന്റെ ജോലി.
ബുദ്ധി: "നാം എന്തോ കണ്ടു" എന്ന് ഉള്ളിൽ register ചെയ്യിപ്പിച്ചത് മനസ്സ് ആണ്. പക്ഷെ "എന്തിനെ കണ്ടു" എന്നത് അറിയണമെങ്കിൽ "ബുദ്ധി" പ്രവർത്തിക്കണം. ഉദാഹരണത്തിന് മുൻപിൽ വന്നത് ഒരു അപരിചിതൻ ആണ് എന്ന് വിചാരിക്കുക. വന്ന ആളെ എനിക്ക് അറിയില്ല എന്ന് ബോധ്യപ്പെടുത്തി തരുന്നത് "ബുദ്ധി" ആണ്. അതായത്, നമ്മുടെ ഉള്ളിൽ ഉള്ള "നാം ഇത്രയും നാൾ കണ്ട ആൾക്കാരുടെ database ൽ", ഇപ്പോൾ കണ്ട ആൾ ഇല്ല എന്ന "ബോധനം" ഉണ്ടാക്കി തരുന്നത് നമ്മുടെ "ബുദ്ധി" ആണ്. ഒരു സുഹൃത്ത് ആണ് മുൻപിൽ വന്നതെങ്കിൽ, "ആ കുട്ടപ്പാ, കണ്ടിട്ട് എത്ര നാളായി" എന്ന് നമ്മളെ കൊണ്ട് പറയിപ്പിക്കുന്നതും "ബുദ്ധി" ആണ്.... ഈ വന്നയാളെ ഞാൻ മുൻപ് കണ്ടിട്ടുണ്ടെന്നും, അയാളുടെ പേര് കുട്ടപ്പൻ ആണെന്നും, അയാളെ കണ്ടിട്ട് നാൾ കുറെ ആയി എന്നും ഉള്ള "ബോധനം" ഉണ്ടാക്കിത്തരുന്നത് ബുദ്ധി ആണ്.
അഹങ്കാരം: അഹങ്കാരം എന്നത് "അവൻ ഒരു അഹങ്കാരി ആണ്" എന്ന അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്. പഞ്ചേന്ദ്രിയങ്ങൾ വഴി ഉണ്ടാകുന്ന പഞ്ചതന്മാത്രകൾ "കണ്ടു", "കേട്ടു", "രുചിച്ചു", "ശ്വസിച്ചു", "സ്പർശിച്ചു" എന്നത് മാത്രമാണ്. മനസ്സും ബുദ്ധിയും പ്രവർത്തിച്ചത് വഴി "എന്തിനെ കണ്ടു", "എന്ത് കേട്ടു/രുചിച്ചു/ശ്വസിച്ചു/സ്പർശിച്ചു", എന്നത് വ്യകതമാകുന്നു. പക്ഷെ "ആരാണ് കണ്ടത്", അല്ലെങ്കിൽ "ആരാണ് കേട്ടത്/രുചിച്ചത് /സ്പർശിച്ചത്" എന്നതിന് ഉത്തരമാണ്, "ഞാൻ ആണ് കണ്ടത്/കേട്ടത്/രുചിച്ചത്/സ്പർശിച്ചത്/ശ്വസിച്ചത്". ആ ഉത്തരത്തിലെ "ഞാൻ" ആണ് "അഹങ്കാരം" എന്നത് കൊണ്ട് സൂചിപ്പിച്ചത്. (ഈ പറയുന്ന "ഞാൻ", നമ്മുടെ ശരീരത്തെയോ, മനസ്സിനെയോ, ബുദ്ധിയെയോ ഒന്നുമല്ല പ്രതിനിധാനം ചെയ്യുന്നത് )
~~~~~~
"ഞാൻ ഒരു നല്ല കാർ കണ്ടു" എന്ന് പറഞ്ഞാൽ... 18 അടിസ്ഥാന തത്വങ്ങളെയും ഒരുമിച്ചു ചേർത്ത് പറഞ്ഞാൽ ഏകദേശം അടുത്ത വാചകത്തിലെ പോലെ ഉണ്ടാകും
[പഞ്ചഭൂതങ്ങളിൽ] നിന്നുണ്ടായ വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയ ഒരു സാധനത്തെ [പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കണ്ണ്] കൊണ്ട് [ഞാൻ] [കണ്ടു] എന്ന് [എന്റെ] [മനസ്സ്] കൊണ്ട് അറിയുകയും, [എന്റെ] [ബുദ്ധി] അതാണ് ഒരു കാർ എന്നും, അത് ഒരു "നല്ല" കാർ ആണെന്നും ബോധ്യപ്പെടുത്തി തരുകയും ചെയ്തു
square brackettil ഉള്ളതൊക്കെ 18 തത്വങ്ങളെ കാണിച്ചു തരുന്നു
[പഞ്ചഭൂതങ്ങളിൽ]
[പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കണ്ണ്]
[കണ്ടു] - ഇതാണ് പഞ്ചതന്മാത്രകയിൽ ഒന്ന്
[മനസ്സ്]
[ബുദ്ധി]
[ഞാൻ], [എന്റെ] - ഇതാണ് അഹങ്കാരം
അവനവന്റെ ലോകം
===============
ആ കണ്ട "കാർ" "നല്ലതാണ്" എന്ന് എനിക്ക് തോന്നി. പക്ഷെ വേറൊരാൾക്ക് അത് "നല്ലതായി" തോന്നണം എന്നില്ല. അത് പോലെ, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾക്കൊക്കെ ഓരോരുത്തർക്കും ഓരോ പോലെ ആയിരിക്കും അഭിപ്രായം ഉണ്ടാകുക. ഡൊണാൾഡ് ട്രംപ് നല്ല ആളാണോ അല്ലയോ എന്നത് ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. അതായത്, നേരത്തെ പറഞ്ഞ ഉദാഹരണത്തിൽ "കാറും", "ഡൊണാൾഡ് ട്രംപും" ഒരേ വസ്തുവും അല്ലെങ്കിൽ ഒരേ ആളും തന്നെ. പക്ഷെ ഓരോരുത്തർക്കും അവരുടെ അഭിപ്രായം - നല്ലത് അല്ലെങ്കിൽ ചീത്ത - ആണെന്ന് മാത്രം. ഈ അഭിപ്രായ വ്യത്യാസം ഉണ്ടായത് എങ്ങിനെ? മേല്പറഞ്ഞ 18 തത്വങ്ങളിൽ, "ബുദ്ധി" (അവനവന്റെ ഓർമ്മ, അനുഭവം എന്നതൊക്കെ) ആണ് അതിനെ തീരുമാനിക്കുന്നത്.
അങ്ങിനെ, ഈ ദൃശ്യലോകത്തിൽ (അല്ലെങ്കിൽ ബാഹ്യലോകത്തിൽ) എല്ലാവരും കാണുന്ന/കേൾക്കുന്ന കാറും ഡൊണാൾഡ് ട്രംപും ഒന്നു തന്നെ, പക്ഷെ അവനവന്റെ ഉള്ളിൽ ഓരോരുത്തരും ഉണ്ടാക്കുന്ന/രചിക്കുന്ന ലോകം വേറെ ആകുന്നു എന്ന് മാത്രം. അതായത്, നമ്മുടെ ശരീരത്തിന് പുറത്തു നാം കാണുന്ന ഈ ലോകത്തിൽ (ദൃശ്യലോകം അല്ലെങ്കിൽ ബാഹ്യ ലോകം) എന്തൊക്കെ ഉണ്ടായലും, നമ്മുടെ ലോകം എന്ന് പറയുന്നത്, നാം തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്നതാണ്.
നമ്മുടെ ലോകം പുറത്തല്ല... നമ്മുടെ ഉള്ളിൽ തന്നെയാണ്

[09152019]

No comments:

Post a Comment