Tuesday, October 4, 2022

ഗയാ ശ്രാദ്ധം

ഈയടുത്ത് ബീഹാറിലെ ഗയയിൽ പോയിരുന്നു. ബുദ്ധന് ബോധോദയം വന്ന ബോധ് ഗയയിൽ നിന്നും15 കിലോമീറ്റർ അകലെയുള്ള, ഫൽഗു നദിയുടെ തീരത്തുള്ള സ്‌ഥലമാണ് ഗയ. ഗയയിൽ പോയി ശ്രാദ്ധം ഊട്ടി, അവിടുത്തെ വിഷ്ണുണപാദ ക്ഷേത്രത്തിലുള്ള, വിഷ്ണുപാദത്തിൽ പിണ്ഡച്ചോറു സമർപ്പിച്ചാൽ, ആർക്കു വേണ്ടിയാണോ ശ്രാദ്ധം ഊട്ടിയത്, അവരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം (ഇതാണത്രേ ഏറ്റവും ഫലപ്രദമായ പരിപാവനമായ ശ്രാദ്ധകർമ്മം). ഞാനും എന്റെ അച്ഛനമ്മമാർക്ക് വേണ്ടി ഗയാശ്രാദ്ധം ഊട്ടി. ശ്രാദ്ധകർമ്മം കഴിഞ്ഞ് ഏതെങ്കിലും ഒരു ബ്രാഹ്മണന് ദക്ഷിണ കൊടുത്ത് അച്ഛന് മോക്ഷം കിട്ടിയോ, അമ്മക്ക് മോക്ഷം കിട്ടിയോ എന്ന് ചോദിക്കണം. അങ്ങനെ ചോദിച്ചപ്പോൾ ബ്രാഹ്മണൻ പറഞ്ഞു.. കിട്ടി.. രണ്ടു പേർക്കും മോക്ഷം കിട്ടിയെന്ന്. ആ ചോദ്യോത്തരത്തിലെ നാടകീയത, ഭാഗവതത്തിലെ ഒരു കഥയെ ഓർമ്മിപ്പിച്ചു. 

ബ്രാഹ്മണ ദന്പതികളായിരുന്ന ആത്മദേവനും ദുന്ദുലിക്കും കുട്ടികളുണ്ടായിരുന്നില്ല.  ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ആത്മദേവൻ കാട്ടിലേക്ക് പോയപ്പോൾ, അവിടെ വച്ച് ഒരു  സന്യാസിയെ കണ്ടുമുട്ടി. താനൊരു വാഴ വച്ചാൽ അത് കുലക്കില്ലെന്നും, ചെടികൾ വച്ചാൽ പൂക്കളുണ്ടാകില്ലെന്നും, വീട്ടിലെ പശുവിനും തനിക്കും കുട്ടികളില്ലെന്നുമൊക്കെ, ആത്മദേവൻ തന്റെ സങ്കടം സന്യാസിയോട് പറഞ്ഞു. ആത്മദേവന്റെ തലവര നോക്കി, മുൻജന്മപാപം കാരണം അയാൾക്ക് കുട്ടികളുണ്ടാകില്ല എന്ന് സന്യാസി പറഞ്ഞു. ഉപദേശം തരാതെ, എനിക്ക് കുട്ടിയെ തന്നില്ലെങ്കിൽ തൻറെ ആത്മഹത്യക്ക് സന്യാസിയാകും കാരണക്കാരനെന്ന് ആത്മദേവൻ ഭീഷണിപ്പെടുത്തി. കണ്ടാലറിയാത്തവൻ കൊണ്ടാലേ അറിയൂ എന്ന് തീരുമാനിച്ച സന്യാസി, ധ്യാനിച്ച് പൂജിച്ച് ഒരു പഴം ആത്മദേവന് കൊടുത്തു. അത് ആത്മദേവന്റെ ഭാര്യക്ക് കൊടുക്കാനും, അവരോടു ഭക്ഷണനിയന്ത്രണം നടത്താനും സന്യാസി നിർദ്ദേശിച്ചു. 
 
വീട്ടിൽ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദുന്ദുലീ ആദ്യമത് സമ്മതിച്ചെങ്കിലും, പഴം കഴിക്കാനോ, ഭക്ഷണം നിയന്ത്രിക്കാനോ, പ്രസവിക്കാനോ ഒന്നും ദുന്ദുലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ്, അഞ്ചോ ആറോ കുട്ടികളുള്ള ദുന്ദുലിയുടെ സഹോദരി അവിടെ വന്നത്. തന്റെ ഭർത്താവിന് കുറച്ച് പണം കൊടുത്താൽ കുട്ടിയെ തരാമെന്ന ആശയം സഹോദരി അവതരിപ്പിച്ചു. ദുന്ദുലി സഹോദരിക്ക് പണം കൊടുത്തു. പഴം പശുവിനും കൊടുത്തു. പിന്നീട് 10 മാസം ഗർഭമുള്ളതായി ദുന്ദുലി അഭിനയിച്ചു. സഹോദരി പ്രസവിച്ചപ്പോൾ, കുട്ടിയെ ദുന്ദുലിക്ക് കൊടുത്തു. അച്ഛനായത്തിന്റെ സന്തോഷത്തിൽ ആത്മദേവൻ, ദാനകർമ്മങ്ങളും പൂജകളും നടത്തി. ആ കുഞ്ഞിന് ദുന്ദുകാരി എന്ന പേരിട്ടു. ഇതിനിടയിൽ, പഴം കഴിച്ച പശു, പശുവിന്റെ ചെവികളും മനുഷ്യന്റെ ശരീരവുമായിട്ടുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ആ കുട്ടിക്ക് ഗോകർണ്ണൻ എന്ന പേരിട്ടു.

ദുന്ദുകാരി കുരുത്തം കെട്ടവനും ഗോകർണ്ണൻ ആത്മീയമായി ഉയർന്നവനുമായിരുന്നു. ഒരിക്കൽ ദുന്ദുകാരിയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോഴാണ്, ആത്മദേവന്, പണ്ട് സന്യാസി പറഞ്ഞത്തിന്റെ അർഥം (മുജ്ജന്മ പാപം കാരണം കുട്ടികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശം) മനസിലായത്. ആത്മദേവൻ അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും, ഗോകർണ്ണൻ ആത്മോപദേശം കൊടുത്ത് അച്ഛനെ ഉപദേശിച്ച് മാനസികമായി ഉയർത്തുകയും ചെയ്തു. ദുന്ദുകാരിയുടെ പെരുമാറ്റം ദിനംപ്രതി മോശമായപ്പോൾ, അച്ഛൻ പോയതിന് ശേഷം ഗോകർണ്ണനും സ്‌ഥലം വിട്ടു. പിന്നീട്, ദുന്ദുകാരി കുറെ വേശ്യകളെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഇത് ചോദ്യം ചെയ്ത സ്വന്തം അമ്മ ദുന്ദുലിയെ, ദുന്ദുകാരി മർദിച്ചു. ഇതിൽ മനം നൊന്ത ദുന്ദുലി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അതിന് ശേഷം എവിടെനിന്നോ മോഷ്ടിച്ച കുറെയധികം ആഭരണങ്ങൾ ദുന്ദുകാരി വീട്ടിലുള്ള വേശ്യകൾക്ക് സമ്മാനിച്ചു. ഇതെങ്ങാനും രാജാവ് കണ്ടുപിടിച്ചാൽ തങ്ങളുടെ സ്വർണ്ണമൊക്കെ നഷ്ടപ്പെടുമെന്ന് ഭയന്ന വേശ്യകൾ, മോഷ്ടിച്ച സ്വർണത്തെ പറ്റി അറിയാവുന്ന ദുന്ദുകാരിയെ കൊന്നു കളഞ്ഞു.
 
ഒരിക്കൽ, ഗോകർണ്ണൻ തന്റെ വീട്ടിൽ ഇരിക്കുന്പോൾ എന്തോ ഒരു വിചിത്രമായ ശബ്ദം കേൾക്കുകകയും അവിടെ ആരോ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു.  വായുവിലേക്ക് നോക്കി, ആരാണെന്ന് ചോദിച്ചപ്പോൾ, ഇത് ഞാൻ ദുന്ദുകാരി ആണെന്ന് മറുപടി കിട്ടി. ക്രൂരനും ദുഷ്ടനായ തനിക്ക് മോക്ഷം കിട്ടിയിട്ടില്ലെന്നും, തന്നെ രക്ഷിക്കണമെന്നും ദുന്ദുകാരി അപേക്ഷിച്ചു. ഗോകർണ്ണൻ തന്റെ സഹോദരന് വേണ്ടി ഗയ ശ്രാദ്ധം നടത്തി. അത് നടത്തിക്കഴിഞ്ഞാൽ ദുന്ദുകാരിക്ക് മോക്ഷം കിട്ടുമെന്നാണ് ഗോകർണ്ണൻ കരുതിയത്. വീട്ടിൽ വീണ്ടും വിചിത്രശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ദുന്ദുകാരിക്ക് മോക്ഷം കിട്ടിയിട്ടില്ലയെന്ന് മനസ്സിലായ ഗോകർണ്ണൻ ദുന്ദുകാരിക്ക് വേണ്ടി 100 ഗയ ശ്രാദ്ധം നടത്തിയെങ്കിലും, ദുന്ദുകാരിക്ക് മോക്ഷം കിട്ടിയില്ല. തന്നെ രക്ഷിക്കണമെന്ന് വീണ്ടും അപേക്ഷിച്ച ദുന്ദുകാരിയോട്, താൻ 100 ഗയാശ്രാദ്ധം ഊട്ടിയതാണ്, എന്നിട്ടും എന്തുകൊണ്ടാണ്  ദുന്ദുകാരിക്ക് മോക്ഷം കിട്ടാത്തതെന്ന് ചോദിച്ചു. അപ്പോൾ, താൻ അത്രയും വലിയ പാപിയും, ക്രൂരനുമാണെന്നും, തനിക്ക് വേണ്ടി നൂറല്ല, ആയിരം ഗയാശ്രാദ്ധം നടത്തിയാലും മോക്ഷം ലഭിക്കില്ലെന്ന്, ദുന്ദുകാരി മറുപടി പറഞ്ഞു.  

ഗോകർണ്ണൻ ആശയക്കുഴപ്പത്തിലായി. ഏറ്റവും പവിത്രവും ഫലപ്രദവുമായ ഗയാശ്രാദ്ധം നടത്തിയിട്ടും മോക്ഷം കിട്ടാത്ത തന്റെ സഹോദരനെ എങ്ങനെ രക്ഷിക്കണമെന്ന് ഗോകർണ്ണൻ തലപുകഞ്ഞാലോചിച്ചു. ഗോകർണ്ണൻ സൂര്യഭഗവാനെ ധ്യാനിച്ചപ്പോൾ കിട്ടിയ പരിഹാരമായിരുന്നു, ഭാഗവതം. ഭാഗവതോപദേശം വഴി ദുന്ദുകാരിക്ക് മോക്ഷം നേടിക്കൊടുക്കാൻ സാധിക്കുമെന്ന്  സൂര്യഭഗവാനിലൂടെ ഗോകർണ്ണന് മനസ്സിലായി. അങ്ങിനെ, ഗോകർണ്ണൻ ഉപദേശിച്ചു കൊടുത്ത ഭാഗവതം കേട്ട് ദുന്ദുകാരിക്ക് മോക്ഷം കിട്ടി.

ചുരുക്കം 
-----------
ഭാഗവതം ഉണ്ടാക്കിത്തരുന്ന മോക്ഷപ്രാപ്തിയുടെ (ജീവിച്ചിരിക്കുന്പോൾ തന്നെ കിട്ടുന്ന മോക്ഷം) മുൻപിൽ കർമ്മങ്ങളും ശ്രാദ്ധങ്ങളും ഗയാ ശ്രാദ്ധവുമൊക്കെ വെറും നിസ്സാരം. എന്ന് വച്ച്, ശ്രാദ്ധം ചെയ്യണ്ട എന്നല്ല. മരിച്ചവർക്ക് വേണ്ടിയല്ല, നാം നമുക്ക് വേണ്ടി തന്നെയാണ് ഈ ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്നത്...  എന്ന് മനസ്സിലാക്കി ശ്രാദ്ധം ചെയ്യുന്നത് നന്നായിരിക്കും.

[10042022]

No comments:

Post a Comment