Sunday, October 24, 2021

വിഷ്ണുസഹസ്രനാമം vs ഭഗവദ്ഗീത

ഭഗവദ് ഗീത മഹാഭാരതത്തിൽ ഉള്ളതാണെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. പക്ഷെ, വിഷ്ണുസഹസ്രനാമം ഉണ്ടെന്ന് അറിയാമെങ്കിലും, പലരും അത് ചൊല്ലുമെങ്കിലും, അതിന്റെ ഉത്ഭവവും മഹാഭാരതം വഴിയാണെന്ന് പലർക്കും അറിയില്ല. 

ഭഗവദ് ഗീത - മഹാഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടു മുന്പ്, തന്റെ മുത്തച്ഛനേയും ഗുരുവിനെയും ബന്ധുക്കളെയും വധിച്ച് യുദ്ധം ജയിക്കുന്നതിൽ അർത്ഥമില്ലായെന്നും അതിനാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ  പോയി സന്യസിക്കാൻ പോകുകയാണെന്നും പറഞ്ഞ്,  മാനസികമായി തളർന്ന്, കയ്യിലെ ഗാണ്ടീവവും അന്പുകളും ഒക്കെ ഉപേക്ഷച്ച്, രഥത്തിൽ  തളർന്നിരുന്ന  അർജുനനെ,  കൃഷ്ണൻ ഉപദേശിക്കുന്നതാണ് ഭഗവദ് ഗീത. അത്രയും കാലം പഠിച്ച ശാസ്ത്രങ്ങളും, അന്പെയ്ത്ത് വിദ്യകളും ഒന്നും അവിടെ അർജുനനെ സഹായിച്ചില്ല. അത്രയും കാലം പഠിക്കാതിരുന്ന, ഒട്ടും ശ്രദ്ധിക്കാതിരുന്ന മനോ-ബുദ്ധി മേഖലയെ പറ്റിയുള്ള ജ്ഞാനം (Inner Engineering) ആണ് അർജുനനെ വീണ്ടും ശക്തനാക്കിയത്. (ഇക്കാലത്തുള്ള ആൾക്കാർക്കും പറ്റുന്നത് ഇത് തന്നെ... Outer ആയിട്ടുള്ള എല്ലാറ്റിനെ പറ്റിയും അറിയാം, expert ആകാം.. പക്ഷെ അവനവന്റ ഉള്ളിനെ പറ്റി.. മനസ്സ്-ബുദ്ധി തലത്തെ പറ്റി ആരും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.. അതാണ് ഈ ലോകത്തിൽ നടക്കുന്ന എല്ലാ കോലാഹലങ്ങൾക്കും കാരണം)

വിഷ്ണുസഹസ്രനാമം - മഹാഭാരതയുദ്ധം അവസാനിച്ചു. കർണ്ണൻ തന്റെ ജ്യേഷ്ഠനായിരുന്നെന്ന് അറിഞ്ഞ യുധിഷ്ഠിരൻ,  താൻ ഈ യുദ്ധം ജയിച്ചതിൽ അർത്ഥമില്ലെന്നും അതിനാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ പോകുകായാണെന്നും പറഞ്ഞ് വിലപിച്ചു. കൃഷ്ണൻ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ശരശയ്യയിൽ കിടക്കുന്ന മുത്തച്ഛനെ കാണുന്നതാണ് ഉചിതമെന്ന്, വേദവ്യാസൻ ഉപദേശിച്ചു. പക്ഷെ, മുത്തച്ഛനെ എങ്ങിനെ അഭിമുഖീകരിക്കുമെന്നുള്ള വിഷമത്തിലായിരുന്നു യുധിഷ്ഠിരൻ. കാരണം, മുത്തച്ഛനെ എങ്ങിനെ തട്ടിത്താഴെയിടണമെന്ന് പാണ്ഡവർ ചോദിച്ചപ്പോൾ, ഭീഷ്മൻ തന്നെയാണ്  ആ വഴി പറഞ്ഞുകൊടുത്തത്. ആ വഴി ഉപയോഗിച്ച് തട്ടി താഴെയിട്ട ഭീഷ്മനെ എങ്ങിനെ അഭിമുഖീകരിക്കും? തന്നെ ഭീഷ്മരുടെ അടുത്ത് കൊണ്ടുപോയി കാര്യങ്ങൾ അവതരിപ്പിക്കാൻ, യുധിഷ്ഠിരൻ കൃഷ്ണനോട് അഭ്യർത്ഥിച്ചു. അങ്ങിനെ അവർ ഭീഷ്മരുടെ അടുത്ത് പോയി, കൃഷ്ണൻ പൗത്രന്റെ വിഷമം അറിയിച്ചു. മനസ്സിന്റെ വിഷമം മാറ്റാൻ, മറ്റെന്തെങ്കിലും പുതിയതായി ചെയ്ത് തുടങ്ങുക എന്നതാണ് ചെയ്യേണ്ടതെന്നും, അതിനായി അശ്വമേധയാഗം ചെയ്യണമെന്നും, ഭീഷ്മൻ യുധിഷ്ഠിരനോട് പറഞ്ഞു.  അശ്വമേധയാഗം നടത്തുവാൻ ഒരു വർഷത്തെ തയ്യാറെടുപ്പ് ആവശ്യമാണെന്നും, അത് ചെയ്യുന്നത് വഴി മനസ്സിന്റെ വിഷമം മാറുമെന്നും ഭീഷ്മൻ പറഞ്ഞു. അത് കേട്ടപ്പോൾ യുധിഷ്ഠിരന് ആശ്വാസം തോന്നിയെങ്കിലും, ഉള്ളിലുണ്ടായ ഒരു സംശയം മുത്തച്ഛനോടു ചോദിച്ചു "രാജാക്കാന്മാർക്ക് മാത്രമേ, അശ്വമേധയാഗം പോലെ വലിയൊരു കാര്യം ചെയ്യാൻ പറ്റുകയുള്ളൂ. പക്ഷെ, എന്റെ അതേ അവസ്ഥയിൽ പെട്ടിരിക്കുന്ന ഒരു സാധാരണക്കാരന് അശ്വമേധയാഗമൊന്നും ചെയ്യാൻ പറ്റില്ല. അങ്ങിനെയുള്ള ഒരാൾ, അയാൾക്ക് മനസ്സമാധാനം കിട്ടണമെങ്കിൽ എന്ത് ചെയ്യണം?". പരമശിവൻ പാർവതിക്ക് ഉപദേശിച്ച് കൊടുത്ത, ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന/സംരക്ഷിക്കുന്ന ആ ശക്തിയെ പ്രതിനിധാനം ചെയ്യുന്ന വിഷ്ണുവിന്റെ ആയിരം നാമങ്ങൾ (വിഷ്ണുസഹസ്രനാമം) പണ്ടേ ഉള്ളതാണെന്നും,  അത് ജപിക്കുന്നത് അശ്വമേധയാഗത്തിനു തുല്യമാണെന്നും ഭീഷ്മൻ യുധിഷ്ഠിരനോട് പറഞ്ഞു. യുധിഷ്ഠിര-ഭീഷ്മ സംവാദമാണ് വിഷ്ണുസഹസ്രനാമത്തെ നമ്മളിൽ എത്തിക്കുന്നത്  

---
ഭഗവദ് ഗീത - യുദ്ധത്തിന് തൊട്ടു മുന്പ് ഉണ്ടായത് 
വിഷ്ണുസഹസ്രനാമം - യുദ്ധത്തിന്റെ അവസാനം ഉണ്ടായത് 
---
ഭഗവദ് ഗീത - കൃഷ്ണാർജ്ജുന സംവാദം  
വിഷ്ണുസഹസ്രനാമം - ഭീഷ്മ യുധിഷ്ഠിര സംവാദം 
---
ഭഗവദ് ഗീത - മാനസികമായി തളർന്ന അർജുനന്നെ ശക്തനാക്കുന്നതിന്റെ ഭാഗം 
വിഷ്ണുസഹസ്രനാമം - മാനസികമായി തളർന്ന യുധിഷ്ഠിരനെ ശക്തനാക്കുന്നതിന്റെ ഭാഗം 
---
ഭഗവദ് ഗീത - ഒരു കർമ്മശാസ്ത്രം. 
വിഷ്ണുസഹസ്രനാമം -  ഒരു ജപാനുഷ്ഠാനം. 
---
ഭഗവദ് ഗീത - മനസ്സിനെയാണ് ചികിൽസിക്കുന്നത്, ശാന്തമാക്കുന്നത്.  അത് വഴി, കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  

വിഷ്ണുസഹസ്രനാമവും മനസ്സിനെയാണ് ചികിൽസിക്കുന്നത്, ശാന്തമാക്കുന്നത്.  ജപിക്കുന്നത് വഴി മനസ്സിന് സമാധാനം ഉണ്ടാക്കുന്നത്. മനസ്സിനെ സഹസ്ര നാമം എന്ന ഭാവനാ മണ്ഡലത്തിൽ വിനിയോഗിച്ച്, നമുക്ക് വേണ്ട ഗുണങ്ങൾ, നേട്ടങ്ങൾ, ഐശ്വര്യങ്ങളും, പ്രഭാവങ്ങൾ, പ്രതാപങ്ങൾ ഒക്കെ സന്പാദിക്കാനുള്ള വഴി. 
---
ഭഗവദ് ഗീത - കൃഷ്ണന് അർജുനനെ ഉപദേശിച്ച് ശക്തനാക്കാൻ പറ്റി 
വിഷ്ണുസഹസ്രനാമം - കൃഷ്ണന് യുധിഷ്ഠിരനെ ഉപദേശിച്ച് ശക്തനാക്കാൻ പറ്റിയില്ല.

(ഇത്, മഹാഭാരതത്തിൽ കൃഷ്ണൻ നമ്മളെ പോലെ ഒരു മനുഷ്യൻ തന്നെയായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കൃഷ്ണൻ ഒരു ദൈവം ആയിരുന്നെങ്കിൽ, യുധിഷ്ടിരനെയും ഉപദേശിച്ച് ശക്തമാക്കാൻ പറ്റുമായിരുന്നു. പക്ഷെ, കൃഷ്ണൻ enlightened ആയ ഒരു മനുഷ്യനായിരുന്നു എന്നതാണ് നമ്മളും കൃഷ്ണനും തമ്മിലുള്ള വ്യത്യാസം. Enlightened ആയ ഒരാൾ ഒരു സന്യാസിയോ, ഹിമാലയത്തിലെ ഗുഹകളിലോ ജീവിക്കേണ്ടതാണെന്നാണ് പൊതുവെയുള്ള ഒരു ധാരണ. പക്ഷെ, enlightened ആയ ഒരാൾക്ക്,  ധർമ്മസംസ്ഥാപനത്തിനുള്ള പ്രവർത്തികളും ചെയ്യാൻ പറ്റും എന്നാണ് കൃഷ്ണന്റെ ജീവിതം കാണിച്ച് തരുന്നത്)
---
ഭഗവദ് ഗീത - കൃഷ്ണനല്ല ഇതിന്റെ രചയിതാവ്. കൃഷ്ണൻ തന്നെ പറയുന്നുണ്ട്, ഭഗവദ് ഗീതയിലുള്ളത് പണ്ടേ ഉള്ളതാണെന്ന്. (പണ്ടേ ഉള്ള ഉപനിഷദ് തത്വങ്ങൾ)

വിഷ്ണുസഹസ്രനാമം -  ഭീഷ്മൻ അല്ല ഇതിന്റെ രചയിതാവ്. പരമശിവൻ പാർവതിക്ക് പണ്ടേ ഉപദേശിച്ചിട്ടുള്ളതാണെന്ന് ഭീഷ്മൻ പറയുന്നു. 
(മഹാഭാരതം, ഇവ രണ്ടും നമ്മളിലേക്ക് എത്തിക്കുന്നുവെന്ന് മാത്രം)
----

നമ്മുടെ ജീവിതത്തിൽ, വിദ്യ/ഐശ്വര്യം/സന്പത്ത്/യശസ്സ് ഇവയൊക്കെ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് വിഷ്ണുസഹസ്രനാമം. 

വിശ്വം വിഷ്ണുർ വഷാത്കാരോ ഭൂത ഭവ്യ ഭവത് പ്രഭുഃ 
ഭൂതകൃത് ഭൂതഹൃദ് ഭാവോ ഭൂതാത്മാ ഭൂതഭാവനഃ 
.....
.....

[10242021]

Monday, October 18, 2021

ഹൈന്ദവ ദാർശനിക ശാസ്ത്രം (Hindu Philosophy)

ശരീരം, ശരീരത്തിലെ ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയൊക്കെ ഒത്തുചേർന്നതാണ് മനുഷ്യൻ. ഇവയൊക്കെ ഒത്തുചേർന്ന് പ്രവർത്തിക്കുന്പോഴേ ഒരു മനുഷ്യന് പ്രവർത്തിക്കാൻ പറ്റൂ. പ്രവർത്തനങ്ങൾ പുറമെ പ്രകടമാകുന്നത് ശരീരത്തിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും ആണെങ്കിലും, പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മനസ്സും ബുദ്ധിയുമാണ്. മനസ്സും ബുദ്ധിയും പവിത്രമാണെങ്കിൽ സദ് പ്രവർത്തികൾ ചെയ്യാൻ തോന്നും, അല്ലെങ്കിൽ ദുഷ് പ്രവർത്തികൾ ചെയ്യാൻ തോന്നും.  പരീക്ഷകളിൽ വിജയിക്കണമെങ്കിൽ, എത്ര തടിമാടനാണെങ്കിലും ഗുസ്തിയിൽ ജയിക്കണമെങ്കിൽ, ചൊവ്വയിലേക്ക് റോക്കറ്റ് വിടണമെങ്കിൽ ഒക്കെ, മനുഷ്യന്റെ മനസ്സും ബുദ്ധിയും പ്രവർത്തിക്കണം. Nuclear reaction കണ്ടുപിടിച്ചത് മനുഷ്യമനസ്സിന്റെയും ബുദ്ധിയുടെയും വൈഭവമാണ്. അത് പോലെയുള്ള മനുഷ്യ മനസ്സുകളും ബുദ്ധികളും തന്നെയാണ്, nuclear ബോംബ് ഉണ്ടാക്കി മറ്റ് മനുഷ്യരെ കൊന്നത്.  മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെയാണ്. മൃഗങ്ങൾ പ്രധാനമായി, ഭക്ഷണത്തിനും, പാർപ്പിടത്തിനും മാത്രമേ അവയുടെ മനസ്സും ബുദ്ധിയും ഉപയോഗിക്കുന്നുള്ളൂ. മനുഷ്യന് മാത്രമാണ്, മനസ്സും ബുദ്ധിയും ഉപയോഗിച്ച് എന്തും ചെയ്യാനുള്ള കഴിവുള്ളത്. 

തനിക്കും സമൂഹത്തിനും, രാജ്യത്തിനും, ലോകത്തിനും ഗുണമാകുന്ന രീതിയിൽ പ്രവർത്തിക്കാൻ വേണ്ടി ഓരോ മനുഷ്യന്റെയും മനസ്സിനെയും ബുദ്ധിയെയും മെരുക്കി നിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ് Hindu Philosophy യിൽ പറയുന്നത്.  പുരോഗതി എന്ന പേരിൽ Civil/Mechanical/Electrical/Computer  എഞ്ചിനീയറിംഗ് കൊണ്ട്  ലോകത്തിൽ എന്തും മനുഷ്യ മനസ്സുകൾക്കും ബുദ്ധികൾക്കും ഉണ്ടാക്കാം, പക്ഷെ അത് കൊണ്ട് ലോകത്തിന് നന്മയാണോ തിന്മയാണോ ഉണ്ടാകുന്നത് എന്ന് ആലോചിച്ച് പ്രവർത്തിക്കാനുള്ള Inner Engineering നെ പറ്റി ആരും പഠിക്കുന്നില്ല.. പഠിപ്പിക്കുന്നുമില്ല. Hindu Philosophy പറയുന്നത് ആ Inner  Engineering നെ പറ്റിയാണ്.  (അവനവന്റെ വ്യക്തിത്വത്തിന്റെ ശുചീകരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്)

Hindu Philosophy യുടെ അങ്ങേയറ്റം വരെ പോയാൽ, അതായത് ആത്മസാക്ഷാത്കാരം, ബ്രഹ്മജ്ഞാനം ഉണ്ടായാൽ, ചുറ്റും കാണുന്ന ഈ ഭൂമിയും, ആകാശവും, ഗ്രഹങ്ങളും, നമ്മളും ഒക്കെ ഉണ്ടായത് ഒന്നിൽ നിന്നാണെന്ന് മനസ്സിലാകും ആ "ഒന്നിനെയാണ്" ദൈവം എന്ന് പറയുന്നത്. എല്ലാം ഒന്നിൽ നിന്ന് ഉണ്ടായതാണെന്ന്  മനസ്സിലായാൽ, നമ്മളും ചുറ്റുവട്ടം കാണുന്നതൊന്നും  തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് മനസ്സിലാകും.  (ശാന്തമായ നടുക്കടലിൽ നിന്ന് തീരത്തേക്ക് വരുന്ന തിരമാലകളെ പോലെയാണ് എല്ലാം. തിരമാലയും കടലും ഒന്ന് തന്നെ എന്ന ബോധം വരുന്ന അവസ്ഥ). ആ ചിന്താഗതിയിൽ ആയാൽ നമുക്ക് മറ്റൊന്നിനെ ദ്രോഹിക്കാനോ, ആക്രമിക്കാനോ കഴിയില്ല. (ആക്രമിക്കില്ല എന്നല്ല, തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരിക്കലും ആക്രമിക്കില്ല. ലോക നന്മക്ക് വേണ്ടി മാത്രമേ അങ്ങനെയൊക്കെ ചെയ്യൂ). ആ ഒരു നിലയിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. അതിന് വേണ്ടിയുള്ള ഒരു ചെറിയ ശ്രമം പോലും നമ്മളിൽ വളരെ വലിയൊരു മാറ്റം ഉണ്ടാക്കും. ആ ഒരു ശ്രമത്തിന് മനുഷ്യനെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും, Hindu Philosophy യുടെ കഥാരൂപത്തിലുള വിവരണമാണ്.  

എല്ലാം ഒന്ന് എന്ന് മനസ്സിലാക്കാൻ പറ്റുന്ന അവസ്ഥയിലെ തുല്യതക്ക് മുന്നിൽ ഇക്കാലത്തെ  ഡെമോക്രസിയും, കമ്മ്യൂണിസവുമൊക്കെ പൊക്കിപ്പിടിക്കുന്ന തുല്യത വെറും നിസ്സാരം. 

[10182021]

Sunday, October 17, 2021

വിശ്വാമിത്രൻ - ഒരു തെറ്റിദ്ധാരണ

1. "വിശ്വാമിത്രൻ ആരാണെന്നറിയാമോ?"
2. "എന്താണ് വിശ്വാമിത്രനെ പറ്റിയുള്ള അഭിപ്രായം?"

എന്നീ ചോദ്യങ്ങൾ, കഴിഞ്ഞ കുറച്ച നാളുകളായി പലരുടെയടുത്തും ഞാൻ ചോദിച്ചു. വിശ്വാമിത്രനെ പറ്റി അറിയാത്തവർ ആരുമില്ലയെങ്കിലും, പൊതുവെ മോശമായ  അഭിപ്രായമാണുള്ളത്. "ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നയാൾ. പെണ്ണുങ്ങളെ കണ്ടാൽ നിയന്ത്രണമില്ലാത്തവൻ (മേനക, രംഭ), ഇയാളെ പോലെയുള്ളവരാണ് മിക്കവാറൂം സന്യാസിമാർ, യോഗികൾ.." ഇങ്ങനെ, പുച്ഛത്തോടും ഒരു കള്ളച്ചിരിയോടും കൂടി വളരെ നെഗറ്റീവ് ആയിട്ടുള്ള മറുപടികൾ മാത്രമാണ് ലഭിച്ചത്.

ഋഷി എന്നാൽ എന്താണ്? ഋഷിമാരുടെ categorization എങ്ങിനെയാണ്? ഇവ രണ്ടും മനസ്സിലായപ്പോഴാണ്,  "ബ്രഹ്മർഷികൾ" ആണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരെന്നും, വിശ്വാമിത്രൻ ഒരു ബ്രഹ്മർഷിയായിരുന്നെന്നും മനസ്സിലാക്കിയത്. പരബ്രഹ്മത്തെ മനസ്സിലാക്കിയ, ആത്മനിയന്ത്രണം നേടിയ, senses and passions ൽ വളരെ നിയന്ത്രണമുള്ള ബ്രഹ്മർഷി വിഭാഗത്തിൽ പെടുന്ന വിശ്വാമിത്രനെ എന്തുകൊണ്ട് ആളുകൾ ഒരു ദേഷ്യക്കാരനായും, സ്ത്രീകളെ കണ്ടാൽ ഇളക്കം വരുന്നവനും ആയി കരുതുന്നു? (ഋഷി - ഋഷിക)

വീണ്ടും വീണ്ടും ആവർത്തിക്കുന്നു. രാമായണമോ മഹാഭാരതമോ വേണ്ട പോലെ പഠിക്കാനോ പറഞ്ഞു കൊടുക്കാനോ അധികം ആൾക്കാരില്ല, അതിനെ വേണ്ട പോലെ പ്രോത്സാഹിപ്പിക്കാൻ ഭരണാധികാരികളുമില്ല.  അമർ ചിത്രകഥ ലെവലിൽ ഉള്ള വിവരമേ ഭൂരിപക്ഷം ആൾക്കാർക്കും ഉള്ളൂ. പക്ഷെ, ഇവയിലേക്കു ആഴത്തിൽ ഇറങ്ങിച്ചെന്നാൽ, നമ്മളൊക്കെ ഇത്രയും കാലം മനസ്സിലാക്കിയ പലതും മണ്ടത്തരമായിരുന്നുവെന്ന് തിരിച്ചറിവുണ്ടാകും. 

വിശ്വാമിത്രന്റെ കഥ 
-------------------------
വിശ്വാമിത്രൻ വീരനും ധീരനും ധർമിഷ്ഠനുമായ ഒരു ക്ഷത്രിയരാജാവായിരുന്നു.  ഒരിക്കൽ, ലോകസഞ്ചാരത്തിന്റെ ഭാഗമായി, തന്റെ സൈന്യവും പാരാവാരവുമായി വിശ്വാമിത്രൻ ബ്രഹ്മർഷിയായ വസിഷ്ഠനെ സന്ദർശിച്ചു. ലഭ്യമായ കായ്കനികളും പഴവർഗ്ഗങ്ങളും കൊടുത്ത് വസിഷ്ടൻ വിശ്വാമിത്രനെ സ്വീകരിച്ചു. അവർ രണ്ടു പേരും സംസാരിച്ചു. വസിഷ്ഠനും ശിഷ്യന്മാർക്കും വേണ്ട സൗകര്യങ്ങളും വിഭവങ്ങളും കിട്ടുന്നില്ലേ, എന്ന് വിശ്വാമിത്രൻ ക്ഷേമാന്വേഷണങ്ങൾ നടത്തി. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുവെന്നും, യാദൃശ്ചികമായി വന്നതിനാൽ വേണ്ടത്ര സൽക്കരിക്കാൻ പറ്റിയില്ല എന്നും, നന്നായി ആതിഥ്യമര്യാദയോടെ ക്ഷത്രിയ തേജസ്സ് തുടിക്കുന്ന ബലവാനും യോഗ്യനുമായ വിശ്വാമിത്രനെ സൽക്കരിക്കണമെന്നുണ്ട് എന്നും, വസിഷ്ഠൻ വിശ്വാമിത്രനോട് പറഞ്ഞു. തന്നെയും തന്റെ സൈന്യത്തെയും വേണ്ടപോലെ സൽക്കരിക്കാനുള്ള വിഭവങ്ങൾ വസിഷ്ഠന്റെ കുടീരത്തിൽ ഉണ്ടാകില്ല എന്നറിയാവുന്നത് കൊണ്ട്,  ഇത് വരെ സൽക്കരിച്ച രീതിയും, തന്നെ പറ്റി സദ് വചനങ്ങൾ പറഞ്ഞതുമൊക്കെ തന്നെ, നല്ലൊരു സൽക്കാരം തന്നെയാണെന്ന് വിശ്വാമിത്രൻ മറുപടി പറഞ്ഞു.  കൂടാതെ, ഞങ്ങളെ സ്നേഹത്തോടെ യാത്രയാക്കിയാൽ മാത്രം മതിയെന്നും വിശ്വാമിത്രൻ കൂട്ടിച്ചേർത്തു. (ഇത് വരെ വിശ്വാമിത്രന് വസിഷ്ഠനോട് ബഹുമാനവും ആദരവുമാണ് ഉണ്ടായിരുന്നത്). പക്ഷെ, സൽക്കരിക്കണമെന്ന്  നിർബന്ധം പിടിച്ച വസിഷ്ഠൻ, തന്റെ പക്കലുള്ള ശബല എന്ന പേരുള്ള കാമധേനുവായ പശുവിനോട് (എന്ത് ചോദിച്ചാലും കൊടുക്കാൻ കഴിവുള്ള ഒരു പശു), വിശ്വാമിത്രനും സൈന്യത്തിനും പാരാവാരത്തിനുമുള്ള സൽക്കാരം ഒരുക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെ ശബല, വിശ്വാമിത്രനെയും  സൈന്യത്തിനെയും അവർ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള ഒരു സൽക്കാരം നടത്തി അദ്‌ഭുതപ്പെടുത്തി. ഗംഭീരമായ സൽക്കാരം കഴിഞ്ഞപ്പോൾ, എന്ത് വേണമെങ്കിലും ഞൊടിയിടയിൽ നൽകാൻ കഴിവുള്ള ശബല എന്ന പശുവിനെ തനിക്ക് വേണമെന്ന ആഗ്രഹം വിശ്വാമിത്രനെ അലട്ടി. അതിനായി എന്ത് വേണമെങ്കിലും തരാൻ തയ്യാറാണെന്ന് വിശ്വാമിത്രൻ വസിഷ്ഠനോട് പറഞ്ഞു. പക്ഷെ, ശബല തനിക്ക് പ്രിയപ്പെട്ടതാണെന്നും എന്ത് തന്നാലും ശബലയെ തരാൻ പറ്റില്ലെന്നും വസിഷ്ഠൻ അറിയിച്ചു. ഇത് വരെ വസിഷ്ഠനോട് സ്നേഹവും ബഹുമാനവും തോന്നിയിരുന്ന വിശ്വാമിത്രന്റെ മട്ട് മാറി. ബലമായി ശബലയെ പിടിച്ചുകൊണ്ടുപോകുവാൻ വിശ്വാമിത്രൻ തയ്യാറായി (മനുഷ്യന്റെ സ്വഭാവം മാറാൻ ഒരു നിമിഷം പോലും വേണ്ട). ശബല വസിഷ്ഠന്റെ അടുത്ത് വന്ന്, തനിക്ക് വിശ്വാമിത്രന്റെ  കൂടെ പോകണ്ട എന്ന് പറഞ്ഞു. വേണ്ട പോലെ കാര്യങ്ങൾ ചെയ്ത് വിശ്വാമിത്രനെ തടുത്തുനിർത്താൻ വസിഷ്ഠൻ ശബലക്ക് അനുവാദം കൊടുത്തു. ശബല ഞൊടിയിടയിൽ ഒരു സൈന്യത്തെ സൃഷ്ടിച്ച് വിശ്വാമിത്രനെയും സൈന്യത്തെയും തോൽപ്പിച്ചു. 

തപസ്സ് 1 :  തോറ്റു നാണം കേട്ട വിശ്വാമിത്രൻ ശിവനെ തപസ്സ് ചെയ്ത് വളരെ ശക്തമായ ആയുധങ്ങൾ നേടിയെടുത്തു (ഇങ്ങനെയുള്ള തപസ്സ് - താമസിക് ആയ തപസ്സാണ് - മറ്റുള്ളവരുടെ നാശത്തിന് വേണ്ടി ചെയ്യുന്ന തപസ്സ്). ആ ആയുധങ്ങളുമായി വിശ്വാമിത്രൻ വസിഷ്ഠനെ ആക്രമിച്ചു. വസിഷ്ഠൻ തന്റെ ബ്രഹ്മശക്തി കൊണ്ടും, തന്റെ കയ്യിലുള്ള ബ്രഹ്മദണ്ഡ് കൊണ്ടും വിശ്വാമിത്രനെ വീണ്ടും തോൽപ്പിച്ചു. 

തപസ്സ് 2 : തന്റെ ക്ഷത്രിയ ശക്തിയും ആയുധങ്ങളുമൊക്കെ ബ്രഹ്മശക്തിക്കു മുൻപിൽ വെറും നിസ്സാരമാണെന്ന ബോധോദയമുണ്ടായ വിശ്വാമിത്രൻ വസിഷ്ഠനെ പോലെ ഒരു ബ്രഹ്മർഷി ആകുവാൻ വേണ്ടി വീണ്ടും തപസ്സ് ചെയ്തു. വളരെ കാലം തപസ്സ് ചെയ്തപ്പോൾ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രനെ രാജർഷിയായി പ്രഖ്യാപിച്ചു. താൻ ഇത്രയും കാലം തപസ്സ് ചെയ്തിട്ടും ബ്രഹ്മർഷിയാകാൻ പറ്റിയില്ല, വെറും രാജർഷിയാകാനേ പറ്റിയുള്ളൂ എന്ന പരിഭവമായിരുന്നു വിശ്വാമിത്രന്. ആ പരിഭവം തന്നെയാണ് പ്രശ്നമെന്ന് ബ്രഹ്മാവ്‌ വിശ്വാമിത്രനോട് പറഞ്ഞു. (തപസ്സ് എന്നത് മനസ്സിനും ബുദ്ധിക്കും ആണ് ശുദ്ധി ഉണ്ടാക്കുന്നത്. മനസ്സിനും ബുദ്ധിക്കും ഏറ്റവും ശുദ്ധി ഉള്ളവരാണ് ബ്രഹ്മർഷികൾ)

തപസ്സ് 3 :  "എനിക്ക് കിട്ടിയില്ലല്ലോ" എന്ന പരിഭവം മനസ്സിന്റെ ശുദ്ധിയില്ലായ്മയാണെന്ന് മനസ്സിലാക്കിയ വിശ്വാമിത്രൻ, അത് മാറ്റാനായി വീണ്ടും വളരെ കാലം തപസ്സ് ചെയ്തു.  അതിനിടയിൽ മേനക വന്ന് വിശ്വാമിത്രന്റെ തപസ്സ് മുടങ്ങി. വിശ്വാമിത്രനും മേനകയും ഒരുമിച്ച് ജീവിച്ചു. കുറെ നാൾ കഴിഞ്ഞപ്പോൾ, ബ്രഹ്മർഷിയാകാനുള്ള തപസ്സിൽ നിന്നും താൻ വഴി മാറിപ്പോയിയെന്ന്,  വിശ്വാമിത്രന് ബോധ്യമായി.  മേനകയെ സ്നേഹത്തോടെ പറഞ്ഞയച്ചു. 

തപസ്സ് 4 : മനസ്സ് കാമത്തിന് അടിമയായതാണ് തന്റെ തപസ്സിന് മുടക്കം വരുത്തിയതെന്നും, അല്ലാതെ മേനകയല്ല തപസ്സ് മുടക്കിയതെന്നും മനസ്സിലാക്കിയ വിശ്വാമിത്രൻ, കാമത്തെ അതിജീവിക്കാൻ വളരെയധികം നാൾ വീണ്ടും തപസ്സ് ചെയ്തു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ട് വിശ്വാമിത്രനെ ഋഷിമുഖ്യൻ (മഹർഷി) ആയി പ്രഖ്യാപിച്ചു. അപ്പോൾ താൻ ജിതേന്ദ്രിയൻ (ഇന്ദ്രിയങ്ങളെ ജയിച്ചവൻ... ഇന്ദ്രിയങ്ങൾ വഴി മനസ്സിനുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയനല്ലാതെ ജീവിക്കാൻ പറ്റുന്നവൻ) ആയോ എന്ന് വിശ്വാമിത്രൻ ബ്രഹ്മാവിനോട് ചോദിച്ചു. "കാമം" എന്ന വികാരത്തിനെ താൻ അതിജീവിച്ചിരിക്കുന്നു എന്ന ബലത്തിലാണ് വിശ്വാമിത്രൻ അങ്ങിനെ ചോദിച്ചത്. വിശ്വാമിത്രൻ ജിതേന്ദ്രിയൻ ആയിട്ടില്ലെന്നും അതിന് ഇനിയും പരിശ്രമിക്കണമെന്നും ബ്രഹ്മാവ് പറഞ്ഞു.

തപസ്സ് 5 : ജിതേന്ദ്രിയനാകുവാൻ, വിശ്വാമിത്രൻ വീണ്ടും കുറെ കാലം തപസ്സ് ചെയ്തു. അതിനിടയിൽ രംഭ വിശ്വാമിത്രന്റെ തപസ്സ് മുടക്കുവാൻ വന്നു. ഇപ്രാവശ്യം വിശ്വാമിത്രൻ കാമത്തിന് അടിമയായില്ല. പക്ഷെ, ദേഷ്യത്തോടെ രംഭയെ ശപിച്ച് ഒരു കല്ലാക്കി മാറ്റി. പക്ഷെ, ഉടനെ തന്നെ, തന്റെ മനസ്സ് ക്രോധത്തിന് അടിമയായിരുന്നുവെന്ന് (അത് കൊണ്ടാണ് ജിതേന്ദ്രിയൻ ആയിട്ടില്ലെന്ന് ബ്രഹ്‌മാവ്‌ പറഞ്ഞത്)  മനസ്സിലാക്കിയ വിശ്വാമിത്രൻ, ഇനി ആരോടും ഒന്നിനും ദേഷ്യപ്പെടില്ല എന്ന നിലയിലെത്താൻ വേണ്ടി, വീണ്ടും തപസ്സു ചെയ്തു. 

തപസ്സ് 6 : അങ്ങിനെ സൗശീല്യം വളർത്തിയെടുക്കാൻ കുറെ നാൾ നീണ്ട്  നിന്ന തപസ്സ് കഴിഞ്ഞ്, വിശന്ന് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് ഇന്ദ്രൻ  ബ്രാഹ്മണന്റെ വേഷത്തിൽ വന്ന് ഭക്ഷണം ചോദിച്ചു. താൻ കഴിക്കാനിരുന്ന ഭക്ഷണം ബ്രാഹ്മണന് കൊടുത്ത് വിശ്വാമിത്രൻ വീണ്ടും തപസ്സ് ചെയ്തു.

തപസ്സ് 7 : വളരെ കാലം വീണ്ടും തപസ്സ് ചെയ്തപ്പോൾ ബ്രഹ്മാവ്‌ വീണ്ടും പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രന് ബ്രഹ്മർഷി പദം കൊടുത്തു. "എന്റെ ജീവിതത്തിലെ പരമമായ ആഗ്രഹം ബ്രഹ്മർഷിയായ വസിഷ്ഠൻ എന്നെ ബ്രഹ്മർഷിയാണെന്ന്  വിളിക്കുന്നതാണെന്നും, അങ്ങനെ സാധിച്ചാൽ ഞാൻ കൃതാർത്ഥനാകുമെന്നും" വിശ്വാമിത്രൻ ബ്രഹ്മാവിനോട് പറഞ്ഞു. വസിഷ്ഠൻ അവിടെ പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രൻ ബ്രഹ്മർഷിയായിക്കഴിഞ്ഞിരിക്കുന്നുവെന്നും  ഇനി മുതൽ താനും വിശ്വാമിത്രനും തമ്മിൽ ഒരു വ്യത്യാസവുമുണ്ടായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. (കുട്ടിക്കാലത്ത് ഇതിനെ പറ്റി കേട്ടിരിക്കുന്നത്, വസിഷ്ഠന്റെ വായിൽ നിന്ന് തന്നെ "ബ്രഹ്മർഷി" എന്ന് കേൾക്കാൻ വിശ്വാമിത്രൻ വാശി പിടിച്ചുവെന്നാണ്. പക്ഷെ വാശി പിടിക്കുകയല്ല.. അപേക്ഷിക്കുകയാണ് വിശ്വാമിത്രൻ ചെയ്തിട്ടുള്ളത്)

Summary 
------------
ലോകത്തിൽ മനുഷ്യന്മാരെ കൊണ്ട് എല്ലാ കുരുത്തക്കേടുകളും ചെയ്യിപ്പിക്കുന്നത്, "കാമ-ക്രോധ-ലോഭ-മദ-മാത്സര്യം" ആണ്. ഇവയിൽ നിന്നും മോചനം കിട്ടിയാൽ മാത്രമേ, പരബ്രഹ്മത്തെ അറിയാനും ആത്മസാക്ഷാത്‍കാരം ഉണ്ടാകാനും പറ്റുകയുള്ളൂ. (At least, നമുക്കെല്ലാവർക്കും നല്ലൊരു വ്യക്തിത്വം ഉണ്ടാകണമെങ്കിൽ ഇവയിൽ നിന്നും മോചനം നേടേണ്ടത് ആവശ്യമാണ്). വിശ്വാമിത്രൻ ഘട്ടം ഘട്ടമായി ഇപ്പറഞ്ഞ "കാമ-ക്രോധ-ലോഭ-മദ-മാത്സര്യ" ങ്ങളിലെ ഓരോന്നിൽ നിന്നും മോചനം നേടുന്നത് കാണാം. മനസ്സിന്റെയും ബുദ്ധിയുടെയും ശുദ്ധീകരണം  വഴിയാണ്, ഈ മോചനം നേടുന്നത്. ആ ശുദ്ധീകരണമാണ് തപസ്സ് ഉണ്ടാക്കി തരുന്നത് (സാത്വിക തപസ്സ് ചെയ്യുന്നത് മനസ്ഥലത്തിലും ബുദ്ധിതലത്തിലും ആയിരിക്കും). വസിഷ്ഠന്റെ ബ്രഹ്മശക്തിയുടെയും ബ്രഹ്മദണ്ഡിന്റെയും മുന്നിലെ തോൽവി, "ലോഭ-മദ-മാത്സര്യ" ങ്ങളിൽ നിന്നുള്ള മോചനത്തിന് വഴി തെളിച്ചു. പിന്നീട് വിശ്വാമിത്രൻ ബ്രഹ്മർഷിയാകാനാണ് (ബ്രഹ്മജ്ഞാനത്തിന്) പരിശ്രമിച്ചത്. മേനകയുമായുള്ള സഹവാസത്തിന് ശേഷം ചെയ്ത തപസ്സ് വഴി, "കാമ" ത്തിൽ നിന്ന് മോചനം നേടി. രംഭയെ ശപിച്ചതിന് ശേഷം ചെയ്ത തപസ്സ് വഴി, "ക്രോധത്തിൽ" നിന്ന് മോചനം നേടി. 

വിശ്വാമിത്രൻ ഒരു ക്ഷത്രിയനായിരുന്നു. ക്ഷത്രിയന്മാർക്ക് 4 ആശ്രമങ്ങളായ "ബ്രഹ്മചര്യം-ഗാർഹസ്ഥ്യം-വാനപ്രസ്ഥം-സന്യാസം" എന്നിവയിൽ വാനപ്രസ്ഥം വരെയെത്താനേ പറ്റൂ എന്നും, സന്യാസത്തിലേക്ക് എത്തിച്ചേരാൻ പറ്റില്ലായെന്നുമാണ്  പൊതുവെ കരുതുന്നത്. പക്ഷെ, വിശ്വാമിത്രൻ എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് "സന്യാസം" എന്നതിൽ എത്തുകയും, അതിന്റെ പരമോന്നതിയിൽ എത്തുകയും ചെയ്തു. 

കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങൾ ഓരോന്നോരോന്നായി തരണം ചെയ്യുന്നതിനിടയിലും വിശ്വാമിത്രൻ ഒരു തപോധനനും, ഋഷിയും, രാജർഷിയും, മഹർഷിയുമൊക്കെ തന്നെയായിരുന്നു. "വിശ്വാമിത്രൻ ആരായിരുന്നു? എന്തായി? എങ്ങിനെയാണ് ആയത്" എന്നത് മുഴുവൻ മനസ്സിലാക്കിയാൽ തെറ്റിധാരണകൾ ഉണ്ടാകില്ല. അവിടന്നവിടന്ന് ഓരോ സംഭവങ്ങൾ മാത്രമെടുത്ത് നോക്കുന്പോൾ ആണ് എല്ലാ തെറ്റിദ്ധാരണകളും ഉണ്ടാകുന്നത്. മേനകയുടെ കൂടെ കഴിഞ്ഞു എന്ന് വച്ച്, പെണ്ണിനെ കണ്ടാൽ പെട്ടെന്ന് അടിതെറ്റുന്ന പോലെ ചിത്രീകരിക്കേണ്ട ആളല്ല വിശ്വാമിത്രൻ. അത് പോലെ, ദേഷ്യം കൊണ്ട് രംഭയെ ശപിച്ച് കല്ലാക്കി എന്ന് കരുതി, ഒരു കോപിഷ്ഠനായി ചിത്രീകരിക്കേണ്ട ആളല്ല വിശ്വാമിത്രൻ.  ഒരു ക്ഷത്രീയനായ വിശ്വാമിത്രന് കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങളെ തരണം ചെയ്ത് ആത്മസാക്ഷാത്കാരം നേടാൻ പറ്റുമെങ്കിൽ, ആർക്കും ഈ നിലയിലേക്ക് എത്തിച്ചേരാൻ പറ്റുമെന്നാണ് വിശ്വാമിത്രന്റെ ജീവിതം കാണിച്ചു തരുന്നത്.  

ഇനി നമുക്കേവർക്കും ചിന്തിക്കാം.. നമ്മളും കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങൾക്ക് അടിമകളല്ലേ? ആണെന്നറിഞ്ഞിട്ടും അതിനെ തരണം ചെയ്യാൻ നമ്മൾ ശ്രമിക്കുന്നുണ്ടോ?

PS: രാമായണത്തിൽ സീതാസ്വയവരത്തിന് വിശ്വാമിത്രൻ രാമനെ ജനകന്റെ രാജസദസ്സിൽ കൊണ്ടുപോയപ്പോൾ, ജനകന്റെ പുരോഹിതൻ ശതാനന്ദൻ വിശ്വാമിത്രനെ പറ്റി വിവരിക്കുന്നതാണ് മുകളിൽ എഴുതിയിരിക്കുന്നത്. അതിൽ നിന്നാണ് വിശ്വാമിത്രന്റെ മാഹാത്മ്യം മനസ്സിലാക്കുന്നത്. അതാണ് രാമായണത്തെ പറ്റി ശരിയായ അറിവ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം. 

[10172021]

Friday, October 15, 2021

ഋഷി - ഋഷിക

ഋഷി എന്ന വാക്ക്,  "ഋഷ്" എന്ന ധാതുവിൽ നിന്ന് ഉണ്ടായതാണെന്ന് പറയുന്നു. "ഋഷ്" എന്നാൽ  "അറിയുക" എന്നർത്ഥം. എല്ലാം അറിയുന്നവർ ഋഷി എന്ന് അറിയപ്പെടുന്നു. ഋഷി എന്നത് പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നത്. വളരെ വളരെ പണ്ട് (വേദകാലത്ത്), സ്ത്രീകളും ആ വിഭാഗത്തിൽ ഉണ്ടായിരുന്നു. അവരെയാണ് ഋഷിക എന്ന് വിളിച്ചിരുന്നത്. അതായത് വേദകാലത്ത്, വേദം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അനുസരിക്കുന്നതിനും, സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരുന്നില്ല.  

ഋഗ്വേദത്തിൽ 27 ഋഷികമാരെ പറ്റി പറയുന്നുണ്ട്. അവരെ 3 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു 
- ദേവന്മാരെ സ്തുതിക്കുക - എന്നത് മാത്രം ചെയ്തിരുന്നവർ. വേദകർമ്മങ്ങൾ ചെയ്യാത്തവർ. 
- ഋഷിമാരും ദേവതകളുമായി സംവദിച്ചിരുന്നവർ.  
- തപസ്സു ചെയ്തവർ, അറിവിൽ മുന്തി നിന്നവർ. അവരെ ദേവതകളായി കണക്കാക്കിയിരുന്നു. 

ഋഷിമാരുടെ തരം തിരിവ് ഇങ്ങനെ 
- ബ്രഹ്മർഷി --  ഏറ്റവും ശ്രേഷ്ഠം,  പരബ്രഹ്മത്തെ മനസ്സിലാക്കിയവർ. ആത്മസാക്ഷാത്കാരം നേടിയവർ. തങ്ങളുടെ senses and passions ൽ വളരെ നിയന്ത്രണം ഉള്ളവർ.  ബ്രഹ്മർഷികളിൽ നിന്നാണ് ഗോത്രങ്ങൾ ഉണ്ടായിട്ടുള്ളത്  (ഉദാഹരണം - വസിഷ്ഠൻ, വിശ്വാമിത്രൻ, ആംഗീരസ്)
- മഹർഷി - ജ്ഞാനം, അറിവ് എന്നതിൽ മികച്ചവർ. ഇവർ ബ്രഹ്മർഷികൾക്ക് താഴെയാണ്.  (ബൃഹസ്പതി, ശുക്രൻ, വ്യാസൻ, വാല്മീകി)
- ദേവർഷി - ബ്രഹ്മർഷിമാരുടെ സന്ദേശങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്നവർ (കണ്വൻ, നാരദൻ)
- പരമർഷി - (ഭേലൻ)
- കാണ്ഡർഷി - (ജൈമിനി)
- സുദർഷി  - വേദമല്ലാത്ത വിഷയങ്ങൾ പഠിച്ച നിപുണർ (സുശ്രുതൻ - വൈദ്യശാസ്ത്രം)
- രാജർഷി -  ഋഷിയായ ക്ഷത്രിയ രാജാവ്. ബ്രഹ്മർഷികളുടെ തത്വങ്ങൾ നടപ്പിലാക്കുന്നവർ  (ജനകൻ)

PS: മുകളിൽ എഴുതിയതിൽ നിന്നും ചെറിയ വ്യത്യാസത്തോടെയുള്ള വിവരങ്ങൾ കാണാം. ഏതാണ് 100% ശരി എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ, അവരവരുടെ ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും അടിസ്ഥാനത്തിൽ ഇതുപോലെയുള്ള categorization ഉണ്ടായിരുന്നു എന്നത് വാസ്തവം. 

[10152021]

ഭഗവാൻ

ഭഗവാൻ എന്നാൽ എന്താണ്? പൊതുവെ ഈശ്വരന്റെ (ദൈവത്തിന്റെ) ഒരു പര്യായമായിട്ടാണ്  ഭഗവാൻ എന്ന വാക്കിനെ ഉപയോഗിക്കുന്നത്. പക്ഷെ, ആ വാക്ക് ഉണ്ടായിട്ടുള്ളത് ഈശ്വരനെ സൂചിപ്പിക്കാനല്ല. കാലാകാലങ്ങളായി ഉപയോഗിച്ചുപയോഗിച്ച് അതിന്റെ ശരിയായ അർത്ഥമെന്താണെന്ന് ശ്രദ്‌ധിക്കാതായി. 

"ഭഗം" എന്നറിയപ്പെടുന്ന ആറ് മനോഗുണങ്ങൾ ഉള്ള ഒരാളെയാണ് ഭഗവാൻ എന്ന് വിളിക്കുന്നത്. ഇതിന്റെ അടിസ്ഥാനം, വിഷ്ണുപുരാണത്തിലെ ഒരു ശ്ലോകമാണ് 

"ഐശ്വര്യസ്യ സമഗ്രസ്യ 
വീര്യസ്യ യശസ്സശ്രിയഹ 
ജ്ഞാനവൈരാഗ്യയോശ്ചൈവ 
ഷണ്ണാം ഭഗ ഇതീരണ"

സമഗ്രമായ ഐശ്വര്യം (great wealth), വീര്യം (strength), യശസ്സ് (fame), ശ്രീ (spelndour), ജ്ഞാനം (ആത്മജ്ഞാനം or ബ്രഹ്മജ്ഞാനം - Supreme knowledge of absolute reality, Brahman,), വൈരാഗ്യം (dispassion or detachment) - എന്ന ഈ ആറ് ഗുണങ്ങൾ ഉള്ളവർ ആരാണോ, അവരെയാണ് ഭഗവാൻ എന്ന് വിളിക്കുന്നത്. (ചിലയിടത്ത്, "വീര്യസ്യ" എന്നതിന് പകരം "ധർമ്മസ്യ" എന്നാണ് ഉപയോഗിക്കുന്നത്). 

ഉദാഹരണം 
1. ശ്രീകൃഷ്ണൻ -  മഹാഭാരതത്തിൽ കൃഷ്ണൻ വെറുമൊരു മനുഷ്യൻ മാത്രം.. പക്ഷെ ഈ ആറ് ഗുണങ്ങൾ ഉണ്ടായിരുന്നതിനാൽ, ഭഗവാൻ എന്ന് വിളിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള "ഭഗവാൻ" കൃഷ്ണൻ ഒരു "ഗീതം" (ഗീതം എന്നാൽ പാട്ട്.. മറ്റുള്ളവരെ ഉറക്കുന്ന, മറ്റുള്ളവരുടെ സങ്കടം/ദുഃഖം/വിഷമം മാറ്റാൻ സഹായിക്കുന്നത്) പോലെ അർജുനന് പറഞ്ഞുകൊടുത്തതാണ് "ഭഗവദ്" ഗീത. 
2. ശ്രീരാമൻ  
3. വേദവ്യാസൻ 

ഭഗം എന്ന് പറയുന്ന ഈ ആറ് ഗുണങ്ങൾ materialistic ആയിട്ടുള്ളതല്ല. മനസ്സിനും ബുദ്ധിക്കും ഉണ്ടാകേണ്ട ഗുണങ്ങളാണ്. ആ ഗുണങ്ങൾ ഉണ്ടാകാനും, ഉണ്ടെങ്കിൽ അതിനെ   ഉദ്ദീപിപ്പിക്കാനും  സഹായിക്കുന്നതാണ് ഭഗവദ് ഗീത. 

(ഭഗവാൻ എന്ന വാക്കിന് ഇനിയും വേറെ നിർവ്വചനങ്ങൾ ഉണ്ടാകാം. പക്ഷെ, പൊതുവെ നമ്മളെല്ലാവരും വിചാരിക്കുന്നത് പോലെ ഈശ്വരനെയല്ല ആ വാക്ക് സൂചിപ്പിക്കുന്നത്

വിഷ്ണുപുരാണത്തിൽ തന്നെ, വേറെയൊരു നിർവചനമുണ്ട് 

"ഉത്പത്തിം പ്രളയം ചൈവ ഭൂതാനാമഗതിം 
വേത്തി വിധ്യാമാവിധ്യവും ച സ വാച്യോ ഭഗവാനിതി"

ഉത്പത്തി (creation or ഉത്ഭവം), പ്രളയം (destruction or dissolution), ജീവജാലങ്ങൾ ഉണ്ടാകുന്നത്   ഇല്ലാതാകുന്നത്, വിദ്യ (wisdom), അവിദ്യ (ignorance) - ഇവയൊക്കെ അറിയുന്നവനെ ഭഗവാനെന്ന് വിളിക്കണം )

[10092021]