Sunday, January 8, 2023

മതങ്ങളുണ്ടാകുന്നതെങ്ങനെ?

ഈ ചോദ്യത്തിന് പല ഉത്തരങ്ങളുമുണ്ടാകാം. അതിലെ ഒരു ഉത്തരമായി ഇവിടെ എഴുതിയതിനെ കരുതാം.  ഇതിങ്ങിനെയാണെന്നൊക്കെ ഒരു ബോധമുണ്ടായാൽ, നമുക്ക് മറ്റ് മതങ്ങളോട് എന്തെങ്കിലും എതിർപ്പുണ്ടെകിൽ, ആ എതിർപ്പിന്റെ കാഠിന്യം കുറക്കാൻ  സഹായിച്ചേക്കും. കുറഞ്ഞത്..  ഓരോ മതങ്ങളും സ്‌ഥാപിച്ചവരോടെങ്കിലും നമുക്ക് ഒരു ബഹുമാനം വളർത്താൻ പറ്റുമെന്ന് കരുതുന്നു.

മതം വരുന്ന വഴി ഇങ്ങനെയാണ്...  
അനുഭവം --> പ്രകടനം --> വ്യാഖ്യാനം  
(Experience --> Expression --> Interpretation)

എല്ലാ മതങ്ങളും ആരെങ്കിലും ഒരാളിൽ നിന്നും തുടങ്ങിയതായിരിക്കും. ക്രിസ്തുമതം ക്രിസ്തുവിൽനിന്നും, ബുദ്ധമതം ബുദ്ധനിൽ നിന്നും ഉണ്ടായ പോലെ ഹിന്ദു മതം ആരിൽ നിന്നാണ് ഉണ്ടായത്? ഹിന്ദുമതത്തിന് സ്‌ഥാപകരില്ല എന്നാണ് പലരും കരുതുന്നത്. ഹിന്ദുമതം ഉണ്ടായത് ഒരാളിൽ നിന്നല്ല അനവധി ആളുകളിൽ നിന്നാണെന്ന് മാത്രം.. അനവധി ഋഷികളിൽ നിന്നാണ് ഹിന്ദുമതം ഉണ്ടായിരിക്കുന്നത്. (അത് കൊണ്ട് തന്നെ, മറ്റ് മതങ്ങളെക്കാൾ, ഹിന്ദുമതത്തിന്റെ സഹവർത്തിത്വവും inclusiveness ഉം ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. മാത്രമല്ല, ഹിന്ദുമതത്തിനെ മറ്റു മതങ്ങളെ പോലെ ഒരു 'മതം' എന്ന് പറയാനും പറ്റില്ല)

അനുഭവം (Experience) 
-----------------------------
എല്ലാ മതങ്ങളുടെയും സ്‌ഥാപകരായവർക്ക് ഒരു ദിവ്യ അനുഭവം ഉണ്ടാകുന്നു. ഋഷിമാർക്കും ബുദ്ധനുമൊക്കെ അതുണ്ടായിട്ടുണ്ട്  (ക്രിസ്തുവിനും അതുണ്ടായിരിക്കണം). നമ്മൾ - ശരീരമോ മനസ്സോ ബുദ്ധിയോ - ഒന്നുമല്ല അതിനപ്പുറത്തുള്ള ഒന്നാണെന്നും, ആ തലത്തിൽ നമ്മൾ കണ്ട് ചിന്തിച്ച് പ്രവർത്തിക്കേണ്ടതാണെന്നും, ആ തലത്തിൽ മനുഷ്യനടക്കമുള്ള സകലചരാചരങ്ങളും തുല്യരാണെന്നുമുള്ള അനുഭവം... താനും മറ്റുള്ളവരും ഒന്ന് തന്നെയാണെന്നുള്ള അനുഭവം. എല്ലാവർക്കുണ്ടായ ഈ ദിവ്യ അനുഭവം ഒന്ന് തന്നെ. 
 
[[[ അപ്പോൾ മതങ്ങൾ സ്‌ഥാപിച്ചവരുടെ കാഴ്ചപ്പാടിൽ വേറെ വേറെ മതങ്ങളൊന്നുമില്ല. ]]]
 
പ്രകടനം (Expression)
---------------------------
മത സ്‌ഥാപകർക്കുണ്ടായ ഈ അനുഭവം ഭാഷ കൊണ്ട് വിവരിക്കാൻ പറ്റുന്നതോ, വിശദീകരിക്കാൻ പറ്റുന്നതോ ഒന്നുമല്ല. (അത് ഭഗവദ് ഗീതയിൽ വ്യക്തമായി പറയുന്നുണ്ട്...  അവ്യക്തം, അചിന്ത്യം എന്നൊക്കെ). അപ്പോൾ, അനുഭവസ്‌ഥർ അവരുടെ ജീവിതരീതികൾ, അക്കാലത്തെ സമൂഹത്തിന്റെ അവസ്ഥ എന്നതിനനുസരിച്ച്, ആ അനുഭവത്തെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കും.
 
ഉദാഹണത്തിന് 
- ഹിന്ദുയിസത്തിൽ ആ അനുഭവത്തെ ആത്മസാക്ഷാത്കാരം, ബ്രഹ്മനിർവാണം എന്നൊക്കെ പറയുന്നു. അതായത് നമ്മൾ സാക്ഷാത്കരിക്കേണ്ടത് ആത്മാവിനെ അല്ലെങ്കിൽ ബ്രഹ്‌മത്തെയാണെന്നും, അത് തന്നെയാണ് എല്ലാറ്റിനും അടിസ്‌ഥാനമെന്നും, അത് തന്നെയാണ് ദൈവമെന്നുമൊക്കെ പറയുന്നു.  ഉപനിഷത്തുകളിലൊന്നും, ബ്രഹ്മം അല്ലെങ്കിൽ ആത്മാവ് എന്നത് എന്താണെന്ന് നിർവചിച്ചിട്ടില്ല. അത് 'ഇതല്ല', 'അതല്ല' എന്ന രീതിയിൽ, എന്തൊക്കെയല്ല എന്ന് പറഞ്ഞ് ബാക്കി എന്തുണ്ടോ അതാണ്, എന്ന രീതിയിലാണ് ഉപനിഷത്തുകളിൽ, ആത്മാവ്/ബ്രഹ്‌മം എന്നതിനെ പറ്റി പറയാൻ ശ്രമിച്ചിട്ടുള്ളത്. ഈ Expression നെ സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള ജനത ഭാരത ദേശത്തുണ്ടായിരുന്നതിനാൽ, ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുയിസം വളർന്നു വന്നു. 
 
-പക്ഷെ, ക്രിസ്തുവിന്റെ കാലത്തുള്ള സമൂഹം,  ഋഷിമാർ Express ചെയ്ത ഉപനിഷത്ത് രീതിയിലുള്ള expression, സ്വീകരിക്കാനോ മനസ്സിലാക്കാനോ പറ്റാത്ത അവസ്ഥയിലുള്ളവർ ആയിരുന്നിരിക്കണം. 'എനിക്കുണ്ടായ ദിവ്യാനുഭവത്തിന്റെ തലത്തിൽ ഞാനും നീയും നിന്റെ അയൽക്കാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല' എന്നൊക്കെ പറഞ്ഞാൽ സ്വീകരിക്കാൻ പറ്റാത്ത ഒരു സമൂഹമായിരിക്കണം അന്നത്തേത്..  അത് കൊണ്ടായിരിക്കാം, ക്രിസ്തു "നിന്നെ പോലെ നിന്റെ അയൽക്കാരനെയും  സ്നേഹിക്കുക" എന്ന് പറഞ്ഞത്.. . നീയും അയൽക്കാരനും തമ്മിൽ ആ ദിവ്യാനുഭവത്തിന്റെ തലത്തിൽ ഒരു വ്യത്യാസവുമില്ല.. എന്നത് തന്നെയായിരിക്കണം 

- ദൈവ/ആത്മസാക്ഷാത്കാരത്തിന് വേണ്ട ആദ്യത്തെ ചവിട്ടുപടി മാത്രമായ ആചാരങ്ങളിൽ (പൂജ, യാഗം, ബലി  etc) മുഴുകി കുത്തഴിഞ്ഞിരുന്ന ഹിന്ദുസമൂഹത്തിൽ നിന്നാണ് ബുദ്ധനും ബുദ്ധമതവും ഉണ്ടാകുന്നത്.  'ആത്മസാക്ഷാത്കാരത്തിന് വേണ്ടി അനാചാരങ്ങൾ' എന്ന അവസ്ഥ. ഒരു പക്ഷെ അത് കൊണ്ടായിരിക്കാം 'അനാത്മ' എന്ന ആശയം ബുദ്ധിസത്തിൽ വന്നത്. (അനാത്മ - ആത്മാവ് ഇല്ല). സമൂഹത്തിന്റെ അപ്പോഴത്തെ അവസ്ഥ അനുസരിച്ച്, ഒരേ ദിവ്യാനുഭവത്തിന്റ വ്യത്യസ്ത രീതിയിലുള്ള Expression.

[[[ അങ്ങനെ ആദ്യമായി, സ്‌ഥാപകർക്കുണ്ടായ അനുഭവമൊന്നാണെങ്കിലും അതിന്റെ expression വ്യത്യസ്തമായതിനാൽ, സ്‌ഥാപകരെ പിന്തുടരുന്നവരിൽ, ഒരേ ആശയത്തെ പറ്റി വ്യത്യസ്തമായ ബോധം ഉണ്ടാകുന്നു. (മതം ഉണ്ടാകുന്നതിന്റെ ആദ്യ പടി ഇവിടെയാണ്) ]]]
 
വ്യഖ്യാനം (Interpretation) 
--------------------------------  
മതസ്‌ഥാപകർ മരിച്ചു കഴിഞ്ഞാൽ, അവരുടെ പിൻഗാമികൾ, മതസ്‌ഥാപകരുടെ വ്യത്യസ്തമായ expression നെ, അതാണ് ശരിയായ ദൈവമെന്നും അവരുടെ സ്‌ഥാപകൻ പറഞ്ഞതാണ് ശരിയായ ദിവ്യ അനുഭവമെന്നുമൊക്കെ പറഞ്ഞ് അവരുടെ നിലപാട് കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നു (ഉദാഹരണം: ക്രിസ്തുവിലൂടെ മാത്രമേ ദൈവത്തിലെത്താൻ പറ്റൂ എന്നൊക്കെ പറഞ്ഞ് അനവധി Conversion activist കൾ ഇവിടെ വരാറുണ്ട്). അതിന് വേണ്ടി, അവർ അവരുടെ സ്‌ഥാപകൻ പറഞ്ഞതിനെ പല രീതിയിലും Interpret ചെയ്യുന്നു. അവർ പിന്തുടരുന്ന സ്‌ഥാപകന്റെ Expression ന് ചുറ്റും ഒരു വേലി കെട്ടി അതിനെ protect ചെയ്യാൻ ശ്രമിക്കുന്നു. അതോട് കൂടി, ഒരു ദിശയിൽ മാത്രം നോക്കാൻ കഴിയുന്ന മതം സ്‌ഥാപിതമായി എന്ന് പറയാം. 
 
ഒരേ സ്‌ഥാപകന്റെ പിൻഗാമികൾ തന്നെ വ്യത്യസ്ത വ്യഖ്യാനങ്ങൾ (Interpretations) കൊണ്ട് വ്യത്യസ്ത ദിശയിലേക്ക് തിരിഞ്ഞ് തമ്മിൽ തല്ലുന്നതും കാണാം.  ഉദാഹരണത്തിന് ഹിന്ദുയിസത്തിൽ - അദ്വൈതം (ശങ്കരാചാര്യ), ദ്വൈതം (മാദ്ധ്വാചാര്യ), വിശിഷ്ടഅദ്വൈതം (രാമാനുജാചാര്യ), അചിന്ത്യ ഭേദ അഭേദ (ചൈതന്യ മഹാ പ്രഭു), ശൈവർ/വൈഷ്ണവർ  എന്നിങ്ങനെ അനവധി വിഭാകങ്ങൾ, ..... ബുദ്ധിസത്തിൽ  - മഹായാന, തേരാവാദ, വജ്രായാന എന്നിങ്ങനെയുള്ള വിഭാകങ്ങൾ..

[[[ ഒരേ അനുഭവത്തെ (Experience നെ), പല രീതിയിൽ പ്രകടിപ്പിച്ചപ്പോൾ (Expression) ഉണ്ടായ വ്യത്യാസങ്ങളെ നിലനിർത്താൻ പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ (interpretation) വന്നപ്പോൾ പല മതങ്ങളുമുണ്ടായി. ]]]
 
PS1: അനവധി ഋഷിമാരിൽനിന്ന് ഉണ്ടായത് കൊണ്ടായിരിക്കാം, ഹിന്ദുമതം മറ്റു മതങ്ങളെക്കാൾ കുറെ കൂടി തുറന്ന മനസ്സുള്ളതായതും, ആ ദിവ്യാനുഭവത്തിലെത്താൻ തങ്ങളുടെ ഋഷിമാർ പറഞ്ഞു തന്ന അനവധി മാർഗങ്ങളുടെ കൂടെ പുതിയൊരു മാർഗ്ഗമുണ്ടെങ്കിൽ (അത് ക്രിസ്തുവിന്റേയോ ബുദ്ധന്റേയോ വഴിയാകട്ടെ) അതും ഞങ്ങൾക്ക് സ്വീകാര്യമാണെന്ന രീതിയിൽ മറ്റ് മതങ്ങളോട് വിമുഖത കാണിക്കാതിരുന്നതും.
 
PS2: മതപരമായി, ഹിന്ദുക്കൾ എന്തെങ്കിലും ഇടുങ്ങിയ മനോഭാവം കാണിക്കുന്നുണ്ടെങ്കിൽ, അത് ആ ഹിന്ദുക്കളുടെ അറിവില്ലായ്‌മയാണെന്നും, ഹിന്ദുമതസ്‌ഥാപകരായിരുന്ന ഋഷിമാർ പറഞ്ഞത് ഇതൊന്നുമല്ലെന്നും, മറ്റു മതസ്ഥർക്ക് ചിന്തിക്കാവുന്നതേയുള്ളു... അത് പോലെ, ക്രിസ്ത്യാനികൾ പള്ളിയും പള്ളീലച്ചനും എന്ന വഴി കാണിക്കാൻ ശ്രമിക്കുന്നതൊന്നും ക്രിസ്തു സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരിക്കുമെന്നും... കരുതാവുന്നതേയുള്ളൂ..
 
PS3: ഇപ്പറഞ്ഞതൊക്കെ ലോകത്തിലുള്ള മറ്റ് പല മതങ്ങളുടെ കാര്യത്തിലും ശരി തന്നെ. സദുദ്ദേശത്തോടെ എഴുതിയ ഈ കുറിപ്പിലെ വല്ല അക്ഷരപ്പിശക് കൊണ്ടോ, അല്ലെങ്കിൽ വായിക്കുന്നവൻ ശരിയായി മനസ്സിലാക്കാത്തത് കൊണ്ടോ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതിനാൽ, ക്രിസ്തുമതവും ബുദ്ധമതവും ഹിന്ദുമതവും ഉദാഹരണമായി എടുത്തുവെന്ന് മാത്രം. 
 
PS4: ഇത് Jay Lakhani യുടെ ഒരു പ്രഭാഷണത്തിൽ നിന്നും മനസ്സിലാക്കിയത്. 
 
-- 
ലോകാ സമസ്താ സുഖിനോ ഭവന്തു

[01082023]




No comments:

Post a Comment