മഹാഭാരത യുദ്ധം തുടങ്ങുന്നതിന് മുൻപ്, അന്ധനായ ധൃതരാഷ്ട്രർക്ക് യുദ്ധം കാണാൻ വേണ്ടി ഒരു പ്രത്യേക ദൃഷ്ടി നൽകാൻ വേദവ്യാസൻ തയ്യാറായിരുന്നുവെങ്കിലും, അത് സ്വീകരിക്കുവാൻ ധൃതരാഷ്ട്രർ തയ്യാറായിരുന്നില്ല. തന്റെ ഭാഗത്തും മക്കളുടെ ഭാഗത്തും അധർമ്മം ആണ് ഉള്ളതെന്നും, അവരുടെ പൂർവികനായ കുരു തപസ്സ് ചെയ്ത് ധന്യമാക്കിയ കുരുക്ഷേത്രഭൂമിയിൽ ധർമ്മം മാത്രമേ ജയിക്കൂ എന്നും, അതിനാൽ തന്റെ മക്കളുടെ അന്ത്യം സുനിശ്ചിതമാണെന്ന് അറിയാമായിരുന്നത് കൊണ്ടും, ആ കാഴ്ച്ച കാണാനുള്ള ശക്തി ഇല്ലാതിരുന്നത് കൊണ്ടുമാണ്, യുദ്ധം കാണാനുള്ള പ്രത്യേക ദൃഷ്ടി വേണ്ട എന്ന് ധൃതരാഷ്ട്രർ പറഞ്ഞത്. അതിന് പകരം ആ ദിവ്യദൃഷ്ടി വിശ്വസ്തനായ സഞ്ജയന് നൽകാനും, സഞ്ജയൻ വഴി യുദ്ധവിവരണം കേൾക്കാനും ധൃതരാഷ്ട്രർ തയ്യാറായി.
അങ്ങനെയുള്ള സഞ്ജയനോട്, ധൃതരാഷ്ട്രർ ചോദിക്കുന്ന ഒരു ചോദ്യ ശ്ലോകത്തോടെയാണ് ഭഗവദ് ഗീത തുടങ്ങുന്നത്. ആദ്യത്തെ ആ ശ്ലോകമാണ്
"ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഹ
മാമകാ പാണ്ഡവൈശ്ച കിമകുർവത സഞ്ജയ"
ഈ ശ്ലോകത്തിന്റെ നേരെയുള്ള അർഥം ഇങ്ങനെയാണ്.. "തങ്ങളുടെ പൂർവികൻ കുരു തപസ്സ് ചെയ്ത് ധർമ്മക്ഷേത്രമാക്കിയ, അതായത് ധർമ്മം മാത്രം ജയിക്കുന്ന, ധർമ്മം മാത്രം വിളയുന്ന ആ കുരുക്ഷേത്രഭൂമിയിൽ, യുദ്ധം ചെയ്യാൻ വെന്പി നിൽക്കുന്ന എന്റെ ആൾക്കാരായ കൗരവരും പിന്നെ പാണ്ഡുവിന്റെ മക്കളും, കൂടിച്ചേർന്ന് എന്താണ് ചെയ്തത്?"
ഈ ശ്ലോകത്തിന്റെ വെറും അർഥം എടുത്താൽ ഇതൊരു മണ്ടൻ ചോദ്യം പോലെ തോന്നും. യുദ്ധം തുടങ്ങുന്നതിനു തൊട്ട് മുൻപ് ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണ്? യുദ്ധ ഭൂമിയിൽ യുദ്ധം അല്ലാതെ പിന്നെ എന്ത് ചെയ്യാൻ? അപ്പോൾ എന്താണ് ഈ ചോദ്യത്തിന്റെ പ്രസക്തി?
ധൃതരാഷ്ട്രരുടെ ഈ ഒരൊറ്റ ചോദ്യത്തിന്റെ മറുപടിയാണ് ഭഗവദ് ഗീതയിലെ ബാക്കി 699 ശ്ലോകങ്ങൾ.
ഒരു പ്രധാന കാര്യം, യുദ്ധം തുടങ്ങുന്നതിന്റെ തൊട്ടു മുൻപല്ല ധൃതരാഷ്ത്രർ ഈ ചോദ്യം ചോദിച്ചത്. യുദ്ധം തുടങ്ങിയ ഉടനെ സഞ്ജയൻ യുദ്ധഭൂമിയിൽ പോയി ആദ്യം മുതലേ കാര്യങ്ങളെല്ലാം കണ്ടു മനസ്സിലാക്കി. പക്ഷെ അപ്പപ്പോൾ ധൃത്രരാഷ്ട്രരെ വിവരങ്ങൾ അറിയിച്ചിരുന്നില്ല. യുദ്ധത്തിന്റെ പത്താം ദിവസം, അർജുനന്റെ ശരങ്ങളേറ്റ് ഭീഷ്മപിതാമഹൻ താഴെ വീണത് ഇരുപക്ഷങ്ങളെയും നടുക്കിക്കളഞ്ഞിരുന്നു. സഞ്ജയൻ ഉടനെ ധൃത്രരാഷ്ട്രരുടെ അടുത്തേക്ക് പോകുകയും വിവരം അറിയിക്കുകയും ചെയ്തു. ഭീഷ്മപിതാമഹൻ വീണ വിവരം കേട്ട ധൃതരാഷ്ട്രർ ആകെ വിഷമത്തിലായി. അർജുനനാണ് അത് ചെയ്തത് എന്ന് കൂടി അറിഞ്ഞപ്പോൾ, ധൃതരാഷ്ട്രർ ആശയക്കുഴപ്പത്തിലായി. തന്റെ മക്കൾ ഭീഷ്മപിതാമഹനെ കൊന്നാലും അർജുനൻ അത് ചെയ്യില്ല എന്ന് തന്നെയായിരുന്നു ധൃതരാഷ്ട്രർ വിശ്വസിച്ചിരുന്നത്. കാരണം ഭീഷ്മപിതാമഹന് അർജുനനോടുള്ള വാത്സല്യം കണക്കിലെടുത്താൽ, അർജുനന് അങ്ങിനെ ചെയ്യാൻ പറ്റുകയില്ല എന്ന് തന്നെയാണ് ധൃതരാഷ്ട്രർ കരുതിയിരുന്നത്. അർജുനന് അങ്ങനെ ചെയ്യാനുള്ള മനോധൈര്യം എങ്ങിനെ കിട്ടി? അർജുനൻ പതറിയില്ലേ? ആ ശരങ്ങൾ തൊടുക്കാനുള്ള ശക്തി എങ്ങിനെ കിട്ടി? ഇത് പോലെയുള്ള ചോദ്യങ്ങൾ ധൃതരാഷ്ത്രരുടെ മനസ്സിനെ അലട്ടി.
അത് കൊണ്ട്, "കുരുക്ഷേത്രത്തിൽ യുദ്ധമല്ലാതെ വേറെയെന്തെങ്കിലും നടന്നിട്ടുണ്ടോ", എന്നാണ് ധൃതരാഷ്ട്രരുടെ ആ ചോദ്യ ശ്ലോകത്തിന്റെ ശരിയായ അർഥം. "വേറെയെന്തെങ്കിലും" എന്ന് വച്ചാൽ.. "എന്തെങ്കിലും ധർമ്മസംവാദം നടന്നിട്ടുണ്ടോ?" എന്നാണ് ചോദിക്കുന്നത്. ഏതെങ്കിലും രീതിയിൽ ഉള്ള ഒരു ധർമ്മസംവാദം വഴിയല്ലാതെ അർജുനന് ഭീഷ്മപിതാമഹനെ തട്ടി താഴെയിടാനുള്ള ശക്തിയും മനോധൈര്യവും കിട്ടില്ല എന്ന് ധൃതരാഷ്ട്രർക്ക് തോന്നി എന്നതാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ കാരണം. അതിന്റെ മറുപടിയായിട്ടാണ്, കൃഷ്ണ-അർജുന സംവാദമായ, ധർമ്മമെന്താണെന്ന് വിശദീകരിക്കുന്ന ഭഗവദ് ഗീതയെ പറ്റി, സഞ്ജയൻ ധൃതരാഷ്ട്രർക്ക് പറഞ്ഞു കൊടുക്കുന്നത്.
PS: Scriptures ൽ ഉള്ള ശ്ലോകങ്ങളുടെ ശരിയായ അർത്ഥം പറഞ്ഞു തരാൻ അധികം ആൾക്കാർ ഇല്ലാത്തതു കൊണ്ടാണ്, ഹിന്ദു ഫിലോസോഫിയിലെ കാതലായ പല കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്തത്. അത് കൊണ്ടാണ് അനവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നത്
[09252021]
No comments:
Post a Comment