എല്ലാ മനുഷ്യന്മാർക്കും, പല ധർമ്മങ്ങളുമുണ്ടാകും. മകന്റെ ധർമ്മം, ഭർത്താവിന്റെ ധർമ്മം, അച്ഛന്റെ ധർമ്മം, ജോലിസ്ഥലത്ത് ഒരു ടീച്ചറുടെ ധർമ്മം എന്നിങ്ങനെ പല വ്യവഹാര ധർമ്മങ്ങളും ഒരാൾക്ക് ഒരേ സമയം പാലിക്കേണ്ടതായി വരും. എല്ലാ ധർമ്മങ്ങളും അനുസരിച്ച് ചെയ്യേണ്ട കർമ്മം അല്ലെങ്കിൽ എടുക്കേണ്ട തീരുമാനം ഒരേ ദിശയിലേക്കുള്ളതാണെങ്കിൽ വലിയ ആശയക്കുഴപ്പമുണ്ടാവില്ല. പക്ഷെ, ജീവിതത്തിൽ പലപ്പോഴും അങ്ങിനെയാവില്ല എന്നതാണ് വാസ്തവം. ഉദാഹരണം: ജഡ്ജിയായി ഒരാൾക്ക് കുറ്റവാളിയെ തൂക്കിക്കൊല്ലാൻ വിധിക്കേണ്ടി വരുന്നു. പക്ഷെ ആ കുറ്റവാളി സ്വന്തം മകനാണെങ്കിലോ? തന്റെ ജോലിയിലെ ധർമ്മവും അച്ഛനെന്ന ധർമ്മവും വിവിധ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്ത് ചെയ്യുമെന്നത് തീരുമാനിക്കാൻ വളരെ വിഷമമാണ്. ധർമ്മിഷ്ടനാകണമെന്ന് പറയാൻ എളുപ്പമാണെങ്കിലും, അത് പ്രായോഗികമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പോലെ അനവധി അവസരങ്ങളിലൂടെ രാമന് കടന്നു പോകേണ്ടി വന്നു.
അങ്ങിനെയുള്ള 2 സന്ദർഭങ്ങളാണ്
- രാജ്യം ഉപേക്ഷിച്ച് രാമൻ കാട്ടിൽ പോയത്
- അങ്ങനെ പണ്ട് ഉപേക്ഷിച്ച രാജ്യത്തിന് വേണ്ടി പിന്നീട് സീതയെ ഉപേക്ഷിച്ചത്
ഈ സന്ദർഭങ്ങളിൽ രാമൻ എടുത്ത തീരുമാനങ്ങൾ ശരിയല്ല. അതിനാൽ, രാമൻ ആദരിക്കപ്പെടേണ്ടവനല്ല, മര്യാദാപുരുഷോത്തമനല്ല.. എന്ന രീതിയിലുള്ള വാദങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. അതൊക്കെ, രാമായണം വ്യക്തമായി മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്
2 സന്ദര്ഭങ്ങളിലും, പാലിക്കേണ്ട ധർമ്മങ്ങളിൽ ആശയക്കുഴപ്പം വന്നപ്പോൾ, അതിൽ കൂടുതൽ പ്രാധ്യാന്യമുള്ള ധർമ്മമേതാണോ അത് രാമൻ പാലിച്ചു എന്നതാണ് സംഭവിച്ചത്. ഇക്കാലത്തെ മാനസികാവസ്ഥയോടെ ഇതിനെ നോക്കിക്കാണരുത്. അക്കാലത്തെ സാമൂഹ്യ സ്ഥിതിയുടെ തലത്തിൽ നിന്ന് വേണം കാര്യങ്ങൾ മനസ്സിലാക്കാൻ.
രാജ്യം ഉപേക്ഷിച്ച് രാമൻ കാട്ടിൽ പോയത്
-----------------------------------------------------
രാജ്യം ഉപേക്ഷിച്ച് കാട്ടിൽ പോകേണ്ടി വന്നപ്പോൾ, രാമന്റെ മുന്നിൽ പ്രധാനമായി രണ്ട് ധർമ്മങ്ങളായിരുന്നു ഉണ്ടായിരുന്നത്.
- പുത്രധർമ്മം (അച്ഛനുവേണ്ടി അനുസരിക്കേണ്ടത്)
- രാജധർമ്മം (രാജ്യത്തിന് വേണ്ടി ചെയ്യേണ്ടത്).
രാമൻ സ്വീകരിച്ചത് പുത്രധർമ്മമായിരുന്നു. അച്ഛൻ കൈകേയിക്ക് കൊടുത്ത വാക്ക് പാലിക്കാൻ, രാമൻ കാട്ടിൽ പോയി. പക്ഷെ, "രാജാവ് സ്ത്രീകൾക്ക് അടിമയും ഉന്മത്തനുമായി രാജഭരണം താറുമാറായി" എന്ന അവസ്ഥ വന്നാൽ യുവരാജാവിന് രാജാവിനെ തുറുങ്കലിൽ അടച്ച് ഭരണമേറ്റെടുക്കാം എന്ന രാജധർമ്മം ഉണ്ടായിരുന്നെങ്കിലും (അങ്ങനെ ചെയ്യാൻ ലക്ഷ്മണൻ രാമനോട് പറഞ്ഞിരുന്നു) , രാമന് അത് ചെയ്യുവാൻ പറ്റുമായിരുന്നില്ല. കാരണം, രാമൻ യുവരാജാവ് ആയിട്ടുണ്ടായിരുന്നില്ല.. യുവരാജാവാകാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനാൽ, രാജധർമ്മത്തേക്കാൾ, രാമന്റെ മുന്നിൽ പുത്രധർമ്മമാണ് നിന്നിരുന്നത്. അത് കൊണ്ട് രാജ്യമുപേക്ഷിച്ച് രാമൻ കാട്ടിൽ പോയി. (അധികാരത്തിന് വേണ്ടി എന്ത് തോന്നിവാസവും കാണിക്കുന്ന ഇക്കാലത്ത് രാമൻ ചെയ്തത് ഒരു മണ്ടത്തരമല്ലേ എന്ന് ചിന്തിക്കാനേ അധികം പേർക്കും സാധിക്കൂ)
സീതയെ ഉപേക്ഷിച്ച സന്ദർഭം.
--------------------------------------
ഇക്കാലത്ത്, രാജ്യത്തെ ഭരണാധികാരികൾക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മനസ്സിലാക്കി, ജനങ്ങൾ അടിമകളെ പോലെയാണ് കഴിയുന്നത്. ഇന്നത്തെ ഭരണാധികാരികൾ അത്രക്കും സ്വതന്ത്രർ ആണ്.. അവർക്ക് ഇഷ്ടമുള്ള എന്തും ചെയ്യാം. പക്ഷെ, ധർമ്മശാലിയായ രാമൻ, സ്വതന്ത്രൻ ആയിരുന്നില്ല. ചാരന്മാർ കൊണ്ടുവരുന്ന വിവരങ്ങൾക്കനുസരിച്ച് വേണ്ട തീരുമാനങ്ങൾ എടുക്കാൻ രാജാവ് ബാധ്യസ്ഥനായിരുന്നു. അങ്ങനെ ഒരു ചാരനിൽ നിന്നും, സീതയുടെ ചാരിത്ര്യത്തിൽ രാജ്യത്തെ ഒരു പൗരനെങ്കിലും സംശയമുണ്ടെന്നറിഞ്ഞപ്പോൾ, അതിന് പരിഹാരം ചെയ്യേണ്ടത് രാമന്റെ കടമയായിരുന്നു. രാമന്റെ മുന്നിൽ രണ്ട് ധർമ്മങ്ങളായിരുന്നു ഉണ്ടായിരുന്നത്
- രാജധർമ്മം
- ഭർത്താവിന്റെ ധർമ്മം
സീത പരിശുദ്ധയാണെന്ന് രാമന് അറിയാം . അങ്ങനെ ഭർത്താവിന്റ ധർമ്മത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ രാജ്യം ഉപേക്ഷിക്കണം. മറിച്ച്, രാജധർമ്മത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സീതയെ ഉപേക്ഷിക്കണം. "ഒരു കുടുംബത്തിന് വേണ്ടി ഒരു കുടുംബാംഗത്തെയും, ഒരു ഗ്രാമത്തിന് വേണ്ടി ഒരു കുടുംബത്തേയും, ഒരു രാജ്യത്തിന് വേണ്ടി ഒരു ഗ്രാമത്തെയും ത്യജിക്കണം" എന്നതനുസരിച്ച് രാജ്യത്തിന് വേണ്ടി സീതയെ ഉപേക്ഷിച്ചു (ഫാമിലി പൊളിറ്റിക്സ് ഒക്കെ കണ്ട് ശീലിച്ച ആൾക്കാരുടെ ചിന്ത, "രാമൻ ചെയ്ത പോലെ ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ" എന്നുള്ളതാണ്, സീതയെയും രാജ്യത്തെയും കൂടെ വക്കേണ്ടതായിരുന്നുവെന്നുള്ള അഭിപ്രായവുമുണ്ട്). ലക്ഷ്മണനോ ഭരതനോ ഒന്നും ഭരിച്ചാൽ ശരിയാവില്ല, രാജ്യം അനാഥമായി പോകും എന്നറിയാവുന്നത് കൊണ്ടാണ് രാമൻ രാജധർമ്മം പാലിച്ചത്. സീതയെ ഉപേക്ഷിച്ച് രാമൻ അർമാദിച്ച് ജീവിച്ചോ? "ഇല്ല".. എന്താണ് രാമൻ പിന്നെ ചെയ്തത്..
- മഹർഷിമാരുടെ ആശ്രമത്തിനടുത്ത് ജീവിക്കണമെന്ന ആഗ്രഹം സീത മുൻപേ പറഞ്ഞിരുന്നത് കൊണ്ട്, സീതയെ വാല്മീകിയുടെ ആശ്രമത്തിന് അടുത്ത് ഉപേക്ഷിച്ചു.
- രാമന് ആരെ വേണമെങ്കിലും കല്യാണം കഴിക്കാമായിരുന്നു. അക്കാലത്ത് പലരും രാമനെ നിർബന്ധിച്ചിട്ടുണ്ടാകും. 4 ഭാര്യമാരുള്ള അച്ഛനെ കണ്ടിട്ടാണ് രാമൻ വളർന്നത്. പക്ഷെ, സീത പോയതിൽ പിന്നെ രാമൻ 'മുനിവൃതത്തിൽ' ആണ് ജീവിച്ചത്. ഏകപത്നീവൃതത്തിൽ ഉറച്ചു നിന്നയാളാണ് രാമൻ.
- യജ്ഞം നടന്ന സമയത്ത്, സ്വന്തം പത്നി ഇരിക്കേണ്ട സ്ഥാനത്ത് സീതയുടെ പ്രതിമ നിർമ്മിച്ച് വച്ചാണ്, രാമൻ യജ്ഞം നടത്തിയത്.
- ഒരു രാജാവ് എന്ന രീതിയിൽ രാമൻ കരുത്താനായിരുന്നു.. പക്ഷെ, സീതയുടെ അഭാവത്തിൽ ഒരു ഭർത്താവ് എന്ന രീതിയിൽ രാമൻ കരഞ്ഞിരുന്നു.
ഇത് പോലെ രാമായണത്തിലെ പല സന്ദർഭങ്ങളും നാല് പുരുഷാർത്ഥങ്ങളെയും എടുത്ത് കാണിച്ചു തരുന്നു.
--
അങ്ങനെ ഈ രാമായണമാസത്തിൽ കഥക്കും ഭക്തിക്കുമപ്പുറത്ത് രാമായണം കാണിച്ചു തരുന്ന മൂല്യങ്ങൾ മനസ്സിലാക്കാനുള്ള ആർജ്ജവം എല്ലാവർക്കുമുണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു
PS: ഇവിടെ എഴുതിയത്, സ്വാമി ചിദാനന്ദപുരിയുടെ ഈ പ്രഭാഷണത്തിൽ നിന്നും (https://youtu.be/eQK4KL9nOA4 ) എടുത്തതാണ്. സ്വാമിജി, വളരെ നല്ല രീതിയിൽ ഇതിനെ പറ്റി പറയുന്നു. കേൾക്കുന്നത് നല്ലതായിരിക്കും.
[08102023]
No comments:
Post a Comment