Tuesday, August 30, 2022

മരം, മരം വെട്ടുകാരൻ, കിളി

ഒരു മരം വെട്ടുകാരൻ മരം വെട്ടുന്നു. മരം വീഴുന്നതിനു മുൻപ് ആ മരത്തിലിരിക്കുന്ന ഒരു കിളി   അവിടെനിന്ന് പറന്നു പോകുന്നു. 
 
നമ്മളൊക്കെ എങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കിത്തരാൻ വേദവ്യാസൻ ഭാഗവതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഉദാഹരണമാണിത്. ഇതിൽ, 
- മരം എന്നത് നമ്മുടെ ശരീരവും
- മരം വെട്ടുകാരൻ എന്നത് കാലവും 
- കിളി എന്നത് നമ്മുടെ മനസ്സും 
ആയി കണക്കാക്കാം.
 
- മരം വെട്ടുകാരൻ മരത്തെ വെട്ടി അതിന്റെ സ്ഥിരത നഷ്ടപ്പെടുത്തുന്ന പോലെ, കാലം നമ്മുടെ ശരീരത്തെ ദിനം പ്രതി ദുർബലമാക്കിക്കൊണ്ടിരിക്കുന്നു. 
 
- അവസാനം മരം വീഴുന്നത് പോലെ, നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം നിലക്കുന്നു, മരിക്കുന്നു.
 
- മരം വീഴുന്നതിന് മുൻപ് കിളി അതിന്റെ കുട്ടികളെയും, കൂടും, സംഭരിച്ചു വച്ച ഭക്ഷണവുമൊക്കെ വിട്ട് പറന്നകലുന്നു. മരിക്കുന്നതിന് മുൻപ് തന്നെ മനസ്സിന് ശരീരവുമായും (മരം), ശരീരവുമായി ബന്ധപ്പെട്ട ആൾക്കാരുമായും (കിളിക്കുഞ്ഞുങ്ങൾ), ശരീരവുമായി ബന്ധപ്പെട്ട വസ്തുക്കളുമായുമുള്ള (സംഭരിച്ച ഭക്ഷണം) ഉള്ള ബന്ധനങ്ങളിൽ (attachments) നിന്ന് വിമുക്തമാവാൻ പറ്റുകയാണെങ്കിൽ മാത്രമേ, മനസ്സിന് ശരീരത്തെ വിട്ട് ഭഗവാനിലേക്ക് ഉയരാൻ (മോക്ഷം) സാധിക്കുകയുള്ളൂ. 
അതിനാൽ, സ്വന്തം ശരീരത്തോടും, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ എന്നിവരോടും, വീട്/കാർ എന്നിവയോടുമൊക്കെ ഉള്ള ബന്ധനങ്ങൾ ഉപേക്ഷിച്ചു ജീവിച്ചാൽ വളരെ നല്ലത്. (ഇതിന്റെ അർഥം, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ ഇവർക്ക് വേണ്ടി ഒന്നും ചെയ്യരുതെന്നോ  ലൗകിക സൗകര്യങ്ങൾ നേടരുതെന്നോ അല്ല.  വളരെ ആത്മാർത്ഥതയോടെ അവർക്കൊക്കെ വേണ്ടി എല്ലാം ചെയ്യണം,.. ലൗകിയ സൗകര്യങ്ങൾ ഒക്കെ നേടിയെടുക്കണം. പക്ഷെ, അവരോടൊക്കെയുള്ള പെരുമാറ്റങ്ങൾ ഉണ്ടാക്കുന്ന സുഖദുഃഖങ്ങളിലും ലൗകിക സൗകര്യങ്ങൾ വഴി ഉണ്ടാകുന്ന സുഖദുഃഖങ്ങളിലും മനസ്സിനെ കുരുക്കിയിടരുതെന്നു മാത്രം). 
 
എത്രയും നേരത്തെ attachments ൽ നിന്ന് മോചനം ലഭിക്കുന്നുവോ അന്ന് മുതൽ ശാന്തിയും സമാധാനവുമായി ജീവിക്കാം. ജീവിച്ചിരിക്കുന്പോൾ തന്നെ ഉണ്ടാകുന്ന ഈ അവസ്ഥയെ ജീവന്മുക്തി എന്ന് പറയുന്നു. 

[08302022]

Wednesday, August 24, 2022

മഹാബലി (ഭഗവാന്റെ ദൃഷ്ടിയിൽ)

അങ്ങനെ മറ്റൊരു ഓണം കൂടി ഇതാ എത്തിയിരിക്കുന്നു. അസുരചക്രവർത്തിയായ മഹാബലിയെ വരവേൽക്കാൻ. 
 
മലയാളികൾ ഓണം ആഘോഷിക്കുന്നതിന്റെ അടിസ്‌ഥാനം വെറും പൊള്ളയാണ്. ഇതിനെ പറ്റി മുൻപൊരിക്കൽ എഴുതിയിരുന്നു (https://puttunninotes.blogspot.com/2021/08/blog-post.html). വാമനനെയാണ് നാം പൂജിക്കേണ്ടത്, ആദരിക്കേണ്ടത് എന്ന സത്യം വിശദീകരിച്ചപ്പോൾ ചില സുഹൃത്തുക്കളിൽ നിന്നും അതിശക്തമായ എതിർപ്പുണ്ടായി. ശീലിച്ചതേ പാലിക്കൂ എന്നതിൽ നിന്ന് സത്യാന്വേഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ആ ആർജ്ജവം ഒട്ടുമിക്കവാറും  മലയാളികളും കാണിക്കാത്ത ഇക്കാലത്ത്, എങ്ങനെയാണ് "ഭഗവാൻ മഹാബലിയെ വിലയിരുത്തിയിരുന്നത്" എന്ന് നോക്കാം. 
----
 ഭഗവാൻ ശ്രീകൃഷ്ണൻ, ഗുരുസ്‌ഥാനത്ത് നിന്ന് തന്റെ ശിഷ്യരായ അർജുനനെയും ഉദ്ധവരെയും, ഉയർത്തുന്നതാണ് മഹാഭാരതത്തിലെ ഭഗവദ് ഗീതയും ഭാഗവതത്തിലെ ഉദ്ധവ ഗീതയും. രണ്ടു ശിഷ്യന്മാരുടെയും മാനസികമായ തളർച്ചയെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം. 
 
- യുദ്ധത്തിന് തൊട്ടു മുൻപ്, ശത്രുപക്ഷത്ത് നിന്നിരുന്ന ഭീഷ്മരെയും ദ്രോണരെയും കണ്ട് തളർന്ന്, യുദ്ധം ചെയ്യില്ലെന്ന് വാശി പിടിച്ച അർജുനനെ തളർച്ചയിൽ നിന്നുയർത്തി യുദ്ധം ചെയ്യിക്കാൻ വേണ്ടി കൊടുത്ത ഉപദേശമായിരുന്നു, ഭഗവദ് ഗീത 
- കൃഷ്ണന്റെ മരണമടുത്ത സമയത്ത് ദ്വാരക വിട്ടു പോകാൻ കൃഷ്‌ണൻ ഒരുങ്ങിയപ്പോൾ, "കൃഷ്ണനില്ലാതായാൽ ഉണ്ടാകുന്ന വിരഹത്തെ" ഓർത്ത് തളർന്നവശനായ ഉദ്ധവരെ, ഉയർത്തി ശക്തനാക്കാൻ കൊടുത്ത ഉപദേശമായിരുന്നു ഉദ്ധവ ഗീത. 
 
രണ്ട് ഗീതയിലും ഉള്ള ഉപദേശത്തിന്റെ സാരം ഒന്ന് തന്നെ.
 
ഈ ഉപദേശത്തിന്റെ ഭാഗമായി, മനസ്സ്-ബുദ്ധി-ഈഗോ-ആത്മാവ്-ബ്രഹ്മം എന്നൊക്കെയുള്ളതിനെ പറ്റി വളരെ ശാസ്ത്രീയമായി വിശദീകരിച്ചു. ബ്രഹ്മം തന്നെയാണ് ഭഗവാൻ അല്ലെങ്കിൽ ഈശ്വരൻ. ജ്ഞാനം (knowledge, ബ്രഹ്മത്തെ പറ്റിയുള്ള ജ്ഞാനം) നേടി അത് വിജ്ഞാനമായി (knowledge turned to wisdom through experience) മാറിയാൽ മാത്രമേ, ബ്രഹ്മത്തെ (ഭഗവാനെ)  അനുഭവിച്ചറിയാൻ പറ്റുകയുള്ളൂ എന്നും ബ്രഹ്മം എന്നത് നിർഗുണമായതാണെന്നും പറയുന്നു. (നിർഗുണം എന്ന് വച്ചാൽ ഒരു ഗുണവും ഇല്ലാത്ത useless എന്ന് കരുതരുത്. നാം പൊതുവേ - വലുത്-ചെറുത്-പ്രകാശമുള്ളത്-നീളമുള്ളത്-മിനുസമുള്ളത് എന്നിങ്ങനെ അനവധി സ്വഭാവ വിശേഷങ്ങളെ കൊണ്ടാണ്, നമുക്ക് ചുറ്റുമുള്ള വ്യക്തികളെയും സാധനകളെയും മനസ്സിലാക്കുന്നത്. പക്ഷെ ബ്രഹ്മം എന്നാൽ അങ്ങനെ യാതൊരു സ്വഭാവ വിശേഷവും ഇല്ലാത്തതാണ്)

ഈ രീതിയിലുള്ള ശാസ്ത്രീയവിശദീകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ അർജുനനും ഉദ്ധവരും, "ഭഗവാനെ, അങ്ങയുടെ വിഭൂതികൾ (manifestations) ഏതാണെന്ന് പറഞ്ഞാലും", എന്ന് ചോദിച്ചിരുന്നു. വിഭൂതികളെ പറ്റി മനസ്സിലാക്കി, അങ്ങനെ ഭഗവാനിലേക്കു/ബ്രഹ്മത്തിലേക്ക് ശ്രദ്ധ തിരിച്ച് ഭഗവാനെ മനസിലാക്കുക, എന്നതായിരുന്നു ഉദ്ദേശം. വിഭൂതി എന്ന് പറഞ്ഞാൽ - "One above the many manifests as one among the many". "One above the many" എന്നത് ഭഗവാൻ/ഈശ്വരൻ/ബ്രഹ്മം  ആകുന്നു. "One among the many" ആയി manifest ചെയ്തതാണ് വിഭൂതികൾ. അപ്പോൾ കൃഷ്ണൻ, തന്റെ (ഭഗവാന്റെ) അനവധി വിഭൂതികൾ വിശദീകരിച്ചു. 
 
അതിൽ ചിലത് 
- യുഗങ്ങളിൽ ഞാൻ സത്യയുഗമാണ് (most moral yuga among 4 yugas)
- ദേവന്മാരിൽ ഞാൻ ഇന്ദ്രനാണ് (ഏറ്റവും ശക്തൻ ഇന്ദ്രൻ)
- യക്ഷന്മാരിൽ ഞാൻ കുബേരനാണ്  (ഏറ്റവും സന്പന്നൻ)
- കുതിരകളിൽ ഞാൻ ഉച്ചൈശ്രവസ്സാണ് (സമുദ്രത്തിൽ നിന്നും പൊന്തിവന്നവൻ, ചിരഞ്ജീവി )
- ആനകളിൽ ഞാൻ ഐരാവതമാണ് 
- ആയുധങ്ങളിൽ ഞാൻ ഇടിമിന്നലാണ് 
- നദികളിൽ ഞാൻ ഗംഗയാണ്
ഇങ്ങനെ അനവധി വിഭൂതികൾ വിവരിച്ചു. 
 
നമ്മുടെ ചുറ്റുപാട് എടുത്താൽ കാണാവുന്ന വിഭൂതികൾ

- നമുക്ക് ചുറ്റും നല്ലൊരു ചിത്രകാരനോ, പാട്ടുകാരനോ, സിനിമാനടനോ ഉണ്ടെന്ന് കരുതുക. അവരുടെ കഴിവുകൾ - ചിത്രം വരക്കാനുള്ള കഴിവ്, പാട്ട് പാടാനുള്ള കഴിവ്, അഭിനയിക്കാനുള്ള കഴിവ് - ഒക്കെ ഭഗവാന്റെ വിഭൂതിയാണ്. 
- നമ്മളിൽ ഉള്ളതോ മറ്റുള്ളവരിൽ കാണുന്നതോ ആയ - വിജയം, സാഹസികത, ശക്തി, ക്ഷമ ഇവയൊക്കെ ഭഗവാന്റെ വിഭൂതികളാണ്. 
- ഞാൻ നല്ലൊരു ഫോട്ടോ എടുത്തു എങ്കിൽ ആ കഴിവ് ഭഗവാന്റെ ഒരു വിഭൂതിയാണ്. 
- ഞാൻ ഭാഗവതവും ഭഗവദ് ഗീതയും മനസ്സിലാക്കാൻ ശ്രമിക്കുന്നു. അതിന് എനിക്കുള്ള പ്രചോദനം ഭഗവാന്റെ വിഭൂതിയാണ്. 
-----
വിഭൂതികളെ പറ്റി ഇത്രയും പറഞ്ഞു... വിഭൂതിയും മഹാബലിയും തമ്മിലുള്ള ബന്ധമെന്താണ്? 
 
ഉദ്ധവ ഗീതയിൽ കൃഷ്ണൻ പറയുന്ന ഒരു വിഭൂതിയാണ് (ഭഗവാന്റെ manifestation)
- ബ്രാഹ്മണരിൽ ഞാൻ ബലിയാണ്... മഹാബലിയാണ്. 
 
ജന്മം കൊണ്ട് മഹാബലി അസുരനാണെങ്കിലും ഒരു ബ്രാഹ്മണശ്രേഷ്ഠൻ ആയിട്ടാണ്, ഭഗവാൻ കണക്കാക്കുന്നത്. ജന്മം കൊണ്ടല്ല ഒരാൾ ബ്രാഹ്മണൻ ആകുന്നത് എന്നതും ഇവിടെ വ്യക്തമാകുന്നു.
-----
ഇനി നമ്മൾ മലയാളികളുടെ കാര്യം നോക്കാം..
 
ഭഗവാൻ വളരെ ശ്രേഷ്ഠൻ (തന്റെ വിഭൂതി or manifestation) ആയി കണക്കാക്കുന്ന മഹാബലിയെ, നമ്മൾ മലയാളികൾ അങ്ങനെയാണോ കാണുന്നത്? മഹാബലിയെ അവഹേളിക്കുന്ന കാർട്ടൂണുകളും, തമാശകളും (കുന്പവയറില്ലാത്ത മഹാബലി അപൂർവ്വം) പ്രചരിപ്പിച്ച് ആഹ്ലാദിക്കുന്ന മലയാളികൾ, മഹാബലി ആരാണെന്നോ മഹാബലി എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നോ ചിന്തിക്കുന്നുപോലുമില്ല.
 
ഈ ഓണക്കാലത്ത്, നമ്മൾ ഓരോരുത്തരും മഹാബലിയെ പറ്റിയുള്ള കാർട്ടൂണുകളും ചിത്രങ്ങളും വീഡിയോയും മറ്റൊരാൾക്ക് ഷെയർ ചെയ്യില്ല.. അയക്കില്ല.. എന്ന തീരുമാനമെടുത്താൽ...  മഹാബലിയോടുള്ള അവഹേളനങ്ങൾ കുറക്കാനെങ്കിലും സാധിക്കും..
 -----
 ലോകാ സമസ്താ സുഖിനോ ഭവന്തു.

[08242022]

Thursday, August 18, 2022

ശ്രീകൃഷ്ണജയന്തി (കൃഷ്ണനെ അറിയാതെ)

അങ്ങനെ ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തിയും കഴിഞ്ഞു. 

ഭഗവാൻറെ അവതാരങ്ങളിൽ പൂർണ്ണാവതാരമായിട്ടുള്ളത് കൃഷ്ണൻ മാത്രം (അവതാരങ്ങളെ പറ്റി മുൻപ് എഴുതിയിരുന്നു. വേണമെങ്കിൽ  വായിക്കാം https://puttunninotes.blogspot.com/2021/11/blog-post.html). നമ്മളൊക്കെയും ഭഗവാന്റെ അവതാരങ്ങൾ തന്നെ. അതായത് നമ്മളേവരിലും ഈശ്വരന്റെ പ്രഭാവമുണ്ട്.  പക്ഷെ, നമ്മൾ അതറിയുന്നില്ല. എന്ത് കൊണ്ട്? 
 
അതിന് കാരണം ഇതാണ് - മിക്കവാറും മനുഷ്യന്മാരുടെ ശ്രദ്ധ താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലാണ്. ഇവയെ താപത്രയം എന്ന് പറയുന്നു
- ശരീരം
- ശരീരവുമായി ബന്ധപ്പെട്ട വ്യക്തികൾ (ഭാര്യ, മക്കൾ, മാതാപിതാക്കൾ)
- അവനവന്റെ വസ്തുക്കൾ (കാർ, ഫോൺ, ജോലി, പദവി) 
 
ഇവ മൂന്നിലുമാണ് മനുഷ്യന്റെ ചിന്തകൾ വ്യാപാരിക്കുന്നത്. അതിനാൽ അവന്റെ ആശ്രയം എല്ലായിപ്പോഴും ഈ മൂന്ന് കാര്യങ്ങളിലാണ്. സ്വന്തം സുഖത്തിനു വേണ്ടിയും, ദുഖമോ/വിഷമമോ ഉണ്ടാകുന്പോൾ സമാധാനത്തിന് വേണ്ടിയും ഈ മൂന്ന് കാര്യങ്ങളെയാണ് മനുഷ്യൻ ആശ്രയിക്കുന്നത്. (ഉദാഹരണം: വിഷമം വന്നാൽ സിനിമ കാണുന്നു, അല്ലെങ്കിൽ സുഹൃത്തുക്കളോട് സംസാരിക്കുന്നു. സന്തോഷം ഉണ്ടാവാൻ കൂട്ടുകാരെ ആശ്രയിച്ച് ഒരു ടൂറിന് പോകുന്നു, അല്ലെങ്കിൽ മുഖത്ത് makeup ഇടുന്നു). പക്ഷെ ഇതൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല. അത് ജീവിതാനുഭവങ്ങളിൽ നിന്ന് എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ. (ഉദാഹരണം: കൂട്ടുകാർ എന്നും കൂടെ ഉണ്ടായിരിക്കണമെന്നില്ല, എത്ര makeup ഇട്ടാലും സൗന്ദര്യം കൂടാത്ത അവസ്ഥയിൽ ശരീരം എത്തിച്ചേരും, ആശ്രയമായി കരുതുന്ന ഭാര്യയോ ഭർത്താവോ എന്ന് വേണമെങ്കിലും മരിച്ചു പോയേക്കാം). നാം ആശ്രയമായി കരുതുന്നതൊന്നും നമുക്ക് ശാശ്വത സമാധാനം തരുന്നില്ല എന്ന് മാത്രമല്ല, അത് മനസ്സിലാകാത്ത മനുഷ്യൻ അവയുടെ പിന്നാലെ  നിർത്താതെ ഓട്ടപ്പാച്ചിൽ നടത്തിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള ഓട്ടാപ്പാച്ചിലിൽ (അല്ലെങ്കിൽ മായയിൽ), അവനവനിൽ ഉള്ള ഈശ്വരപ്രഭാവത്തെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ്, നമ്മളിലൊക്കെ ഈശ്വരപ്രഭാവമുണ്ടെങ്കിലും, നമ്മുടെ വാക്കിലോ, പ്രവർത്തികളിലോ ഒന്നും ആ പ്രഭാവം പ്രകടമാകാത്തത്.
 
ശ്രീരാമനും, പരശുരാമനുമൊക്കെ ഭഗവാന്റെ അവതാരങ്ങളായിരുന്നെങ്കിലും അവരൊന്നും പൂർണ്ണാവതാരമായിരുന്നില്ല. ജീവിതത്തിന്റെ അപൂർവ്വം ചില സന്ദർഭങ്ങളിൽ അവർക്ക് വികാരത്തിന് അടിമപ്പെടേണ്ടി വന്നിട്ടുണ്ട്. വിവേകത്തിൽ നിന്ന് മാറി വികാരം ജീവിതത്തെ നിയന്ത്രിക്കുന്ന അവസ്ഥ. (ഉദാഹരണം: ദശരഥന്റെ മരണവാർത്ത കേട്ട് ശ്രീരാമൻ തകർന്നു. ശ്രീരാമന് ദുഃഖമെന്ന വികാരത്തിന് കീഴടങ്ങേണ്ടി വന്നു. സീതയെ രാവണൻ അപഹരിച്ചപ്പോൾ ശ്രീരാമൻ തകർന്നു). പക്ഷെ, ജീവിതത്തിൽ എന്ത് വന്നാലും ഒരിക്കൽ പോലും വിവേകത്തിൽ നിന്ന് മാറി വികാരത്തിന് കൃഷ്ണൻ വശംവദനായിട്ടില്ല. അതിനാൽ തന്നെ, ഈശ്വരന്റെ പരിപൂർണ്ണ പ്രകടനമായിരുന്നു കൃഷ്ണന്റെ ജീവിതം മുഴുവൻ. കൃഷ്ണന്റെ വാക്കിലും പ്രവർത്തിയിലും ചിന്തകളിലും ഒക്കെ ഈശ്വരപ്രഭാവം നിറഞ്ഞ് നിന്നിരുന്നു. അത് കൊണ്ടാണ് കൃഷ്ണനെ പൂർണ്ണാവതാരമായി കണക്കാക്കുന്നത്. 
 
പക്ഷെ, ഇതൊന്നും മനസ്സിലാക്കിയിട്ടുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളൊന്നുമല്ല മിക്കവാറും ആൾക്കാരും കൊണ്ടാടുന്നത്. അമ്പലത്തിൽ പോകുക, മധുരപലഹാരങ്ങൾ ഉണ്ടാക്കുക, കൃഷ്ണന്റെ ബാലലീലകളെ ഓർക്കുക.. അങ്ങനെ, വളരെ primitive ആയ ആഘോഷങ്ങൾ മാത്രമാണ് എല്ലാ കൊല്ലവും ഉണ്ടാകുന്നത്. അത് കൂടാതെ, മറ്റു ചിലർ കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടായിരുന്നുവെന്നും, ചിലർ അത് പൊക്കിക്കൊണ്ടുവന്ന് കൃഷ്ണനെ ഇടിച്ച് താഴ്‌ത്തിയും ഒക്കെ പോസ്റ്റുകളിടുന്നു. ഭാരതീയർക്ക് ഭാരതത്തിന്റെയും ആ സംസ്കാരത്തിന്റെയും വില അറിയില്ല എന്ന രീതിയിലുള്ള ആഘോഷങ്ങളും മെസ്സേജുകളും മാത്രം. 
 
കൃഷ്ണൻ ആരാണ്.. എന്താണ് എന്ന് വ്യക്തമായി മനസ്സിലാകണമെങ്കിൽ ഭാഗവതം പത്തും, പതിനൊന്നും സ്കന്ദങ്ങൾ മനസ്സിലാക്കണം.
 
- പത്താം സ്കന്ധത്തിൽ, കൃഷ്‍ണന്റെ ജനനം, കൗമാരം, യവ്വനം എന്നീ സമയത്തുള്ള കൃഷ്ണന്റെ ജീവിതത്തെ കാണിക്കുന്നു. കൃഷ്ണൻ വെണ്ണ കക്കുന്നതും, ഗോപികമാരുടെ കൂടെ രാസലീല ആടുന്നതുമൊക്കെ പത്താം സ്കന്ധത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ഓരോന്നിന്റെ പിന്നിലും വളരെ ആഴത്തിലുള്ള ഫിലോസഫി ഉണ്ടെന്നുള്ളതാണ് വാസ്തവം. രാസലീലക്ക് പിന്നിലും, കൃഷ്ണൻ പല അസുരന്മാരെ കൊല്ലുന്നതിന്റെ പിന്നിലും, നാം മനസ്സിലാക്കേണ്ട പല തത്വങ്ങളുമുണ്ട്. അതൊന്നും മനസ്സിലാക്കാതെ പെണ്ണുങ്ങളുടെ പിന്നാലെ കാമവെറി പൂണ്ടു ഓടി നടന്ന കോമാളിയായിരുന്നു കൃഷ്ണനെന്ന പോലെയാണ് പല മെസ്സേജുകളും. ഇതിന്റെ പിന്നിലെ തത്വങ്ങൾ മനസ്സിലാക്കുന്നവർക്ക് അവരുടെ മനസ്സിലെ അനവധി വികലതകളെ ഇല്ലാതാക്കാൻ സാധിക്കും. 
 
- പതിനൊന്നാം സ്കന്ധത്തിൽ (ഇതിനെ മുക്തിസ്കന്ധം എന്ന് പറയുന്നു), സ്വന്തം കുലം തമ്മിൽ തല്ലി  നശിച്ചുകൊണ്ടിരിക്കുന്പോൾ കൃഷ്ണൻ ദ്വാരക വിട്ടു പോകാറായപ്പോൾ, കൃഷ്ണന്റെ ഏറ്റവും നല്ല സുഹൃത്തായ ഉദ്ധവൻ തകർന്നു. അർജുനൻ പോലും ഉദ്ധവരുടെയത്ര കൃഷ്ണനോട് അടുത്തിരുന്നില്ല. കൃഷ്ണൻ ഇല്ലാതായാൽ എന്ന ചിന്ത ഉദ്ധവരെ തകർത്തു. അങ്ങനെയുള്ള ഉദ്ധവരെ ഉയർത്താൻ, കൃഷ്ണൻ ഉദ്ധവർക്ക് കൊടുക്കുന്ന ഉപദേശമാണ് ഉദ്ധവ ഗീത. ഇത് ഭഗവദ് ഗീതയെക്കാൾ ഗംഭീരം തന്നെ. (ഇങ്ങനെയൊരു ഉദ്ധവനുണ്ടെന്നും ഉദ്ധവഗീതയുണ്ടെന്നും മിക്കവർക്കും അറിയില്ല).
 
പത്താം സ്കന്ധത്തിലെ, കൃഷ്ണന്റെ ബാലലീലകളും, രാസലീലയുമൊക്കെ മറ്റുള്ളവരെ കൃഷ്‌ണനിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടി ഉള്ളതാണ്. ഒരിക്കൽ ആകർഷിക്കപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആ ബാലലീലകളെ വിട്ട് തത്വങ്ങളിലേക്ക് കടക്കണം. പക്ഷെ, ഭൂരിപക്ഷം ആൾക്കാരും ബാലലീല, രാസലീല, ഗോപികമാർ എന്നിവയിലെ "തത്വത്തെ ഊറ്റിക്കളഞ്ഞ ചണ്ടിയായ കഥകൾ" എന്ന ആദ്യത്തെ പടിയിൽ തന്നെ നിൽക്കുന്നു. മുകളിലോട്ടുള്ള സ്റ്റെപ്പ് വയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ആ സ്റ്റെപ്പ് വച്ചാൽ മാത്രമേ, പതിനൊന്നാം സ്കന്ധത്തിലൂടെ - 'കൃഷ്ണൻ ഒരു ഗുരുവാണ്' - എന്ന വളരെ പ്രധാനമായ ഒരു കാര്യത്തെ മനസ്സിലാക്കാൻ സാധിക്കൂ. നമ്മളെ ഉയർത്തുന്നവനാണ് ഗുരു. അത് കൊണ്ട്, കൃഷ്ണനെ ഗുരുവായി സ്വീകരിച്ചാൽ, കൃഷ്ണൻ ജീവിച്ച് കാണിച്ച് തന്ന തത്വങ്ങൾ മനസ്സിലാക്കിയാൽ നമ്മളും ഉയരും.. എങ്ങോട്ടു ഉയരും? നമ്മൾ ഈശ്വരനിലേക്ക് ഉയരും.. എന്ന് പറഞ്ഞാൽ, താപത്രയത്തിൽ മുങ്ങിത്തപ്പുന്ന നമ്മൾ ഉയർന്ന്, നമ്മളിലെ ഈശ്വരപ്രഭാവത്തെ തിരിച്ചറിയും. ഇപ്പോൾ ഉള്ള രാക്ഷസസ്വഭാവങ്ങൾ ഇല്ലാതായി നമ്മളുടെ വാക്കിലും പ്രവർത്തികളിലും ഈശ്വരീയത നിറയും.
 
അടുത്ത ശ്രീകൃഷ്ണജയന്തി ആവുന്പോഴേക്കും, കൃഷ്ണൻ എന്താണ് ആരാണ് എന്നൊക്കെ മനസ്സിലാക്കി.. കൃഷ്ണനെ നിന്ദിക്കാതെ, ഒരു ആശ്രയമായി, ഗുരുവായി കണ്ട്, തന്നിലുള്ള ഈശ്വരപ്രഭാവത്തെ തിരിച്ചറിയാനുള്ള ശ്രമം നടത്താൻ നമ്മളെല്ലാവർക്കും പ്രചോദനമുണ്ടാകട്ടെ, എന്ന് ആശംസിച്ചുകൊണ്ട്.. നിർത്തുന്നു 
 
[08182022]