Tuesday, May 24, 2022

പരശുരാമൻ + മഴു + കേരളം - ഒരു തെറ്റിദ്ധാരണ

പരശുരാമൻ മഴുവെറിഞ്ഞപ്പോൾ പൊങ്ങിവന്നതാണ് കേരളം എന്ന് കുട്ടിക്കാലം മുതലേ കേൾക്കുന്നതാണ്. പരശുരാമൻ കർണാടക അതിർത്തിയിൽ നിന്ന് ഒരു മഴു എറിയുന്നു, അതാ കാസർഗോഡും, മലപ്പുറവും, തൃശൂരും, തിരുവന്തപുരവും, സഹ്യപർവതവും ഇടുക്കിയുമൊക്കെ ഇങ്ങനെ പൊങ്ങിവരുന്നു. ഒരു ലോജിക്കിനും വിശദീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണിത്. ഈയടുത്താണ് ഇതിന്റെ പിന്നിലെ ശരിയായ കാര്യമെന്താണെന്ന് മനസ്സിലായത്. 
 
പരശുരാമനെ പറ്റി ഉള്ള കഥ ഇങ്ങനെയാണ്. ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും നാലാമത്തെ പുത്രനായിരുന്നു പരശുരാമൻ. ഒരിക്കൽ ഹൈഹേയ രാജാവായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ വന്നു. രാജാവിനെ സ്വീകരിക്കാൻ ജമദഗ്നി തന്റെ പശുവായ, എന്തും തരുന്ന കാമധേനുവിനെ, ആശ്രയിച്ചു. ചോദിക്കുന്നതെന്തും തരുന്ന കാമധേനുവിനെ കാർത്തവീര്യാർജ്ജുനൻ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി. ജമദഗ്നിക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഇതറിഞ്ഞ പരശുരാമൻ, തന്റെ മഴുവെടുത്ത് കാർത്തവീര്യാർജ്ജുനനെ വധിച്ച് കാമധേനുവിനെ തിരികെ കൊണ്ടുവന്ന് ജമദഗ്നിക്ക് കൊടുത്തു. ഇതിന്റെ പ്രതികാരമായി കാർത്തവീര്യാർജുനന്റെ മകനും സൈന്യവും ജമദഗ്നിയെ വധിച്ചു. അതിന് പ്രതികാരമായി പരശുരാമൻ ക്ഷത്രിയന്മാരെ ഉന്മൂലനം ചെയ്ത് ഭൂമിയുടെ ഭാരം കുറക്കുമെന്ന് ശപഥം ചെയ്തു. പരശുരാമൻ അങ്ങനെ ക്ഷത്രിയന്മാരെ കൊന്നൊടുക്കി, അവിടെയൊക്കെ ബ്രാഹ്മണന്മാരെ സ്‌ഥാപിച്ചു. ഇതൊരു ക്ഷത്രിയ-ബ്രാഹ്‌മണ കലഹം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പോലെയാണ്, പരശുരാമന്റെ കഥ കേട്ടിട്ടുള്ളത്. 
 
എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ ശരിയായ സന്ദേശം? ഇതിന്റെ താത്വികമായ വിശദീകരണം കൊടുക്കുന്പോൾ പരിഗണിക്കേണ്ട രണ്ടു കാര്യങ്ങളാണ്, കർമ്മവും ജ്ഞാനവും.
---
ജ്ഞാനം - തന്നെ നിലനിർത്തുന്ന ചൈതന്യം (ഈശ്വരൻ) തന്നെയാണ് എപ്പോഴും കൂടെയുള്ളതെന്ന അറിവ്. ആ ചൈതന്യം മാത്രമാണ് അനശ്വരമായി നിലനിൽക്കുന്നതെന്നും ബാക്കി ഉള്ള സകലചരാചരങ്ങളും നശ്വരമാണെന്നുമുള്ള അറിവ്. എന്നും നിലനിൽക്കുന്നതിനാൽ, ആ ചൈതന്യത്തെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ്. ഈ അറിവുകളൊക്കെയാണ് ജ്ഞാനം എന്ന് പറയുന്നത്.
 ---
കർമ്മം എന്നത്, എല്ലാ പ്രവർത്തികളെയും സൂചിപ്പിക്കുന്നു. എല്ലാ കർമ്മങ്ങൾക്കും 2 ഫലങ്ങൾ ഉണ്ടാകും. ഭൗതികമായ (materialistic) ഫലവും സൂക്ഷ്മമായ ഫലവും. സൂക്ഷ്മമായ ഫലം നമ്മുടെ ഉള്ളിലും (മനസ്സിൽ), ഭൗതികമായ ഫലം ശരീരത്തിന് പുറത്തുമുണ്ടാകുന്നു. 
ഉദാഹരണം:
കർമ്മം = പരീക്ഷ എഴുതി
ഭൗതികമായ ഫലം =100/100 മാർക്ക്സ് കിട്ടി. പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു
സൂക്ഷ്മമായ ഫലം = മനസ്സിൽ അതിരു കവിഞ്ഞ സന്തോഷം ഉണ്ടായി. അല്ലെങ്കിൽ സുഖമുണ്ടായി.
--
മറ്റൊരു ഭൗതികമായ ഫലം = 0 മാർക്ക് കിട്ടി. പരീക്ഷയിൽ തോറ്റു.
സൂക്ഷ്മമായ ഫലം = മനസ്സിൽ നിയന്ത്രിക്കാൻ പറ്റാത്ത വിഷമം ഉണ്ടായി. അല്ലെങ്കിൽ ദുഖമുണ്ടായി.

ഭൗതികമായ ഫലം എന്തായാലും, സൂക്ഷ്മായ ഫലത്തിൽ അതിരുകടന്ന സുഖമോ ദുഖമോ ഇല്ലാതെ ജീവിക്കണം എന്നതാണ് 'കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനാ" എന്ന് ഭഗവദ് ഗീതയിൽ  പറയുന്നത്. ഭൗതികഫലം എന്തായാലും മനസ്സിൽ സുഖത്തിന്റെയും ദുഖത്തിന്റെയും ഒരു സമഭാവം നിലനിർത്തണം എന്ന് സൂചിപ്പിക്കുന്നു (അല്ലാതെ, പരീക്ഷയിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ല എന്നല്ല. പരീക്ഷയിൽ നല്ല മാർക്ക് കിട്ടി ജയിക്കണം എന്നത് തന്നെയായിരിക്കണം ലക്‌ഷ്യം. പക്ഷെ, ജയിച്ചാലും തോറ്റാലും മനസ്സിലെ സമഭാവം നഷ്ടപ്പെടാതിരിക്കണമെന്ന് മാത്രം). ഏത് കർമ്മം ചെയ്താലും അതിന്റെ ഭൗതിക ഫലം എന്തായാലും, ഇതേ പോലെ മനസ്സിൽ സമഭാവം നിലനിർത്താൻ സാധിച്ചാൽ, താൻ ചെയ്യുന്ന കർമ്മങ്ങളൊന്നും തനിക്ക് വേണ്ടി ചെയ്യുന്നതല്ല, എല്ലാം ഈശ്വരന് വേണ്ടി ചെയ്യുന്നതാണ് എന്ന നിലയിലേക്ക് മനസ്സ് ഉയരും. അങ്ങനെ ഈശ്വരൻ (ചൈതന്യം) മാത്രമാണ് ശാശ്വതമായി നിലനിക്കുന്നത് എന്ന് മനസ്സിലാകും. ആ ഈശ്വരനെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ് (ജ്ഞാനം) ഉണ്ടാകും.
 
ചുരുക്കം പറഞ്ഞാൽ, മനസ്സിൽ സമഭാവം നിലനിർത്തി നിരന്തരം കർമ്മങ്ങൾ ചെയ്‌താൽ, ആ വ്യക്തിക്ക് ജ്ഞാനമുണ്ടാകും. അതായത്, കർമ്മമാർഗ്ഗത്തിലൂടെ ജ്ഞാനമാർഗത്തിൽ എത്തിച്ചേരും. 
---
പക്ഷെ, സമഭാവത്തോടെ കർമ്മങ്ങൾ ചെയ്യാൻ പറ്റാതായാൽ, ആ വ്യക്തിയിൽ ഭൗതികമായ ഫലങ്ങൾ, അതിയായ സന്തോഷമോ (സുഖമോ) വിഷമമോ (ദുഖമോ) ഉണ്ടാക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തി, സുഖത്തിന്റെയോ ദുഖത്തിന്റെയോ വലയത്തിൽ പെട്ട്, കൂടുതൽ കുഴപ്പങ്ങൾ ചെയ്തുകൂട്ടുന്നു. അത് ഒരു ഭോഗ സംസ്കാരത്തിലേക്കോ വെറുപ്പിന്റെ സംസ്കാരത്തിലേക്കോ വഴി തെളിക്കുന്നു. അങ്ങനെയുള്ള വ്യക്തികൾ നിറഞ്ഞ ഒരു സമൂഹത്തിൽ അനീതികളും അരാജകത്വവും ഉണ്ടായിക്കൊണ്ടിരിക്കും. 

അതിന്റെ ഒരു ഉദാഹരണമാണ്, ജമദഗ്നിയുടെയും-കാമധേനുവിന്റെയും കഥ. ഒരു കുറ്റവും ചെയ്യാത്ത ജമദഗ്നി വധിക്കപ്പെട്ടു. ഇങ്ങനെ സമൂഹത്തിൽ ഭോഗസംസ്കാരവും വെറുപ്പിന്റെ സംസ്കാരവും അഴിച്ചുവിട്ട ക്ഷത്രിയന്മാരെയാണ് ഭഗവാന്റെ അവതാരമായ പരശുരാമൻ ഇല്ലാതാക്കിയത്. എന്നിട്ട് അവിടെയൊക്കെ ബ്രാഹ്മണരെ കൊണ്ട് വന്ന് സ്‌ഥാപിച്ചത്, ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുങ്ങിയ സമൂഹത്തെ ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുവാൻ വേണ്ടിയാണ്. അന്നത്തെ കാലത്ത് ഏറ്റവും വലിയ ജ്ഞാനം (ബ്രഹ്മജ്ഞാനം) നേടിയവർ ബ്രാഹ്മണരായിരുന്നുവെന്നത് കൊണ്ട്, ബ്രാഹ്മണർക്ക് മാത്രമേ ഇത്രയും താണ ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമായിരുന്നത്  (അല്ലാതെ ബ്രാഹ്മണനായ പരശുരാമൻ, സ്വാർത്ഥമായി തന്റെ ആൾക്കാരെ കൊണ്ട് സ്‌ഥാപിച്ചതല്ല). 

കേരളത്തിലെ ഒട്ടുമിക്കവാറും അന്പലങ്ങൾ പരശുരാമന്റെ കാലത്ത് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വെറുതെ പ്രാർത്ഥിക്കാനോ പൂജിക്കാനോ മാത്രമായിരുന്നില്ല, മറിച്ച് സത്‌സംഗങ്ങൾ നടത്താനുള്ള ഒരു വേദിയായിട്ടാണ്, അക്കാലത്ത് ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്. ബ്രാഹ്മണന്മാരെ കൊണ്ടുവന്ന് അവിടെ സ്‌ഥാപിച്ചത്‌, പൂജാരികൾ ആയിട്ടല്ല.  ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുഴുകിയ ജനതയെ, ബ്രാഹ്മണന്മാരുമായുള്ള സത്‌സംഗങ്ങളിലൂടെ, ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു പരശുരാമന്റെ ലക്‌ഷ്യം. പരശു എന്നാൽ മഴു എന്നർത്ഥം. ഭോഗത്തിലും വെറുപ്പിലും മുങ്ങിക്കിടന്നിരുന്ന കേരളസംസ്കാരത്തെ  (കേരളത്തിലെ ജനങ്ങളുടെ മനസ്സുകളെ) ജ്ഞാനമാകുന്ന മഴു (പരശു) കൊണ്ട് വെട്ടി മാറ്റി, അവരെ (ആ മനസ്സുകളെ) മഹത്തരമായ ഒരു നിലയിലേക്ക് (ഈശ്വരനിലേക്ക്) ഉയർത്തി അല്ലെങ്കിൽ പൊക്കിക്കൊണ്ടുവന്നു, എന്നതാണ് "പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തിനെ പൊക്കിക്കൊണ്ടുവന്നു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
 
[From Swami Udit Chaithanya Bhagavathamrutham - Episode 62]
 
[05242022]

Thursday, May 19, 2022

ത്രിവേണി സംഗമം

ഇക്ഷ്വാകു വംശത്തിലെ രാജാവായിരുന്ന ശ്രീരാമന്റെ ഒരു മുൻഗാമി ആയിരുന്നു സഗര രാജാവ്. 60000 പുത്രന്മാർ ഉണ്ടായിരുന്ന സഗരരാജാവ്  ഒരിക്കൽ അശ്വമേധയാഗം ചെയ്യുന്പോൾ, യാഗാശ്വത്തിനെ കാണാതായി. യാഗാശ്വമില്ലാതെ യാഗം പൂർത്തീകരിക്കാൻ പറ്റില്ല. ഇന്ദ്രൻ യാഗാശ്വത്തെ കട്ടുകൊണ്ടുപോയതാണെന്ന് കരുതുന്നു. യാഗാശ്വത്തിനെ കിട്ടാൻ സഗര രാജാവിന്റെ 60000 മക്കളും ഭൂമി മുഴുവൻ അരിച്ചുപെറുക്കി. അതിനിടയിൽ അവർ അവിടവിടെ കുഴിച്ചുനോക്കിയതാണ് സമുദ്രങ്ങൾ (സാഗരങ്ങൾ) ആയിത്തീർന്നതെന്ന് പറയുന്നു. കുതിരയെ അന്വേഷിച്ച് സഗര രാജാവിന്റെ മക്കൾ, കപിലമഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ, അദ്ദേത്തിന്റെ തപസ്സ് മുടങ്ങി. കപില മഹർഷിയുടെ ദേഷ്യത്തിൽ 60000 പേരും കത്തിച്ചാന്പലായി. ഗംഗാ നദിയെ ഭൂമിയിലേക്ക് കൊണ്ടുവന്നാൽ മാത്രമേ അവർക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് മനസ്സിലാക്കിയെങ്കിലും, സഗര രാജാവിന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ പറ്റിയില്ല. പിന്നീട് സഗര രാജാവിന്റെ പിൻഗാമികളിൽ ഒരുവനായ ഭഗീരഥൻ കഠിനതപസ്സ് ചെയ്താണ് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ഗംഗ താഴേക്ക് വരുന്നത് താങ്ങാനുള്ള ശക്തി ഭൂമിക്ക് ഇല്ലാതിരുന്നത് കൊണ്ട് പരമശിവൻ ആണ് ഗംഗയുടെ പതനത്തെ സ്വീകരിച്ചത്. അതിനായി ഭഗീരഥൻ പരമശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തിയിരുന്നു. ശിവൻ തന്റെ ജടയിൽ സ്വീകരിച്ച ഗംഗയുടെ ഒരു ചെറിയ അംശം മാത്രമാണ് ഭൂമിയിലേക്ക് വിട്ടത്. അത് തന്നെ വളരെ ശക്തമായ ഒഴുക്കും ശക്തിയിലുള്ളതും ആയിരുന്നു. ആ ഒഴുക്കിൽ ഗംഗ ജാഹ്‌ന മഹർഷിയുടെ ആശ്രമം നശിപ്പിച്ചു. ഇതിൽ കോപം പൂണ്ട ഗംഗയെ ജാഹ്‌ന മഹർഷി കുടിച്ചു കളഞ്ഞു. ഭഗീരഥന്റെ അപേക്ഷ പ്രകാരം മഹർഷി ഗംഗയെ തന്റെ ചെവിയിലൂടെ പുറത്ത് വിട്ടു. (ചില പൂജകൾക്കിടയിൽ, ചെറുവിരൽ കൊണ്ട് ചെവി തൊട്ട് ശുദ്ധം ആക്കാറുണ്ടെന്ന് പറയുന്നു. ചെറുവിരൽ എന്നത് ശരീരത്തിന്റെ പ്രതീകമാണ്. ചെറുവിരൽ കൊണ്ട് ചെവി തൊടുക.. എന്നത് കൊണ്ട് 'ശരീരം ഗംഗയിൽ മുങ്ങി ശുദ്ധം ആക്കുന്നതിന്' തുല്യമായി കരുതുന്നു). അങ്ങനെ ഭഗീരഥൻ ഗംഗയെ തന്റെ പൂർവികരുടെ ചിതാഭസ്മത്തിലൂടെ ഒഴുക്കുകയൂം അവർക്ക് മോക്ഷം ലഭിക്കുകയും ചെയ്തു.
 
ഇതാണ് ഗംഗയുടെ ഉത്ഭവത്തിന് പിന്നിലുള്ള കഥ. 

----
 
ഗംഗാ നദി എന്നത് അനവധി നദികൾ കൂടിച്ചേർന്നതാണ്. അല്ലെങ്കിൽ ഗംഗ നദി പല  സ്‌ഥലങ്ങളിൽ  പല പേരിലും അറിയപ്പെടുന്നു. ബദരീനാഥിൽ അളകനന്ദ, കേദാർനാഥിൽ മന്ദാകിനി. ഗംഗോത്രിയിൽ ഭാഗീരഥി, യമുനോത്രിയിൽ യമുന, ബദരീനാഥിന് മേലെ ഒരു സ്‌ഥലത്തു സരസ്വതി... എന്നിങ്ങനെ പല സ്‌ഥലത്ത് പല പേരിൽ അറിയപ്പെടുന്നു. (സരസ്വതി എന്ന നദി ഇപ്പോൾ ഇല്ല)
 
പ്രയാഗിൽ (മുൻപത്തെ അലഹബാദ്) ഗംഗയും യമുനയും സരസ്വതിയും ഒന്നിച്ച് ചേരുന്നതാണ് ത്രിവേണി സംഗമം. 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്നത് ഇവിടെയാണ്. ഇതൊരു പുണ്യസ്‌ഥലമായി കണക്കാക്കുന്നു. അവിടുത്തെ വെള്ളത്തിൽ മുങ്ങിയാൽ എല്ലാ പാപങ്ങളും തീരുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു. 
 
----

എന്താണ് ഇതിന്റെ പിന്നിലുള്ള തത്വം..
 
നമ്മുടെ ശരീരവും പുറമെയുള്ള ഭൗതിക വസ്തുക്കളും വ്യക്തികളുമൊക്ക നശ്വരമാണ്. നമ്മെ നിലനിർത്തുന്ന ആ ചൈതന്യം (ഈശ്വരൻ) മാത്രമാണ് എന്നും നമ്മുടെ കൂടെയുള്ളത്.  ആ ചൈതന്യത്തെ കണ്ടെത്തി അതിൽ ലയിക്കുന്നതിനെയാണ് ആത്മസാക്ഷാത്കാരം എന്ന് പറയുന്നത്. പക്ഷെ അങ്ങനെ ഒരു ചൈതന്യം ഉള്ളിൽ ഉണ്ടെന്ന് കണ്ടെത്തി അനുഭവിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ, ശ്രമിച്ചാൽ പറ്റും. അതിന് വേണ്ട ചില പ്രക്രിയകളാണ് 

ഭക്തി - ജ്ഞാനം - വൈരാഗ്യം 
 
ഭക്തി - എന്ന് പറഞ്ഞാൽ, ഇക്കാലത്ത് അന്പലത്തിൽ പോയി നമ്മൾ കാണിച്ചു കൂട്ടുന്ന ഭക്തിയല്ല. നമ്മുട ശ്രദ്ധ ഈശ്വരനിലേക്ക് (ആ ചൈതന്യത്തിലേക്കു) തിരിക്കുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. നാം ചെയ്യുന്നതെന്തും ഈശ്വരന് വേണ്ടി എന്ന മനോഭാവത്തോടെ  ചെയ്യുന്ന അവസ്‌ഥ. "ചെയ്യുന്നതെന്തും" എന്ന് പറഞ്ഞാൽ - ഉദാഹരണം: ഭക്ഷണം കഴിക്കുന്നത്, ക്രിക്കറ്റ് കളിക്കുന്നത്. ഓഫിസിൽ ജോലി ചെയ്യുന്നത്, മറ്റുള്ളവരെ സഹായിക്കുന്നത് - ഇവയൊക്കെ ഈശ്വരന് വേണ്ടി മാത്രമാണ് ചെയ്യുന്നത് എന്ന മനോഭാവത്തിൽ എത്തിയാൽ, ആ വ്യക്തി യഥാർത്ഥ ഭക്തനായി എന്ന് പറയാം 
 
ജ്ഞാനം - ഇത് നമ്മുടെ ചുറ്റുപാടുകളെ പറ്റിയോ ഭൗതികവസ്തുക്കളെ പറ്റിയോ ഉള്ള അറിവ് അല്ല. ഈശ്വരൻ (ചൈതന്യം) തന്നെയാണ് ഇപ്പോഴും നമ്മുടെ കൂടെ ഉള്ളത് എന്നുള്ള അറിവിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. കൂടെ ഭാര്യയോ മക്കളോ നല്ല വീടോ കാറോ ഒക്കെ ഉണ്ടായിട്ടെന്ത് കാര്യം. അവരാരും നമ്മുടെ കൂടെ എന്നും ഉണ്ടാകില്ല. നമ്മുടെ കൂടെയുള്ള ചൈതന്യം ഇല്ലെങ്കിൽ നമ്മൾ വെറും ശവം. അതോടെ നമ്മുടെ ലോകം അവസാനിക്കും. എന്നും നിലനിക്കുന്നത് സത്യം (സത്), ബാക്കിയുള്ളതൊക്കെ എന്നും നിലനിൽക്കാത്തത്  (അസത്) എന്നുള്ള അറിവ്. 
 
വൈരാഗ്യം - മുൻപ്  എഴുതിയ ജ്ഞാനത്തിലൂടെ ഉണ്ടാകുന്ന വിരക്തിയെയാണ് വൈരാഗ്യം  (detachment) എന്ന് പറയുന്നത്. അല്ലാതെ,  മറ്റുള്ളവരോടുള്ള ദേഷ്യത്തെയല്ല ഇത് കൊണ്ട് സൂചിപ്പിക്കുന്നത്.  ജ്ഞാനം വഴി ഈശ്വരൻ ആണ് ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുന്നത് എന്ന് ബോധ്യം വന്നാൽ, ചുറ്റുവട്ടത്തുള്ള ഭൗതികമായ (ഉദാഹരണം: ഭാര്യ, കുട്ടികൾ, കാർ) എല്ലാറ്റിനോടും ഉള്ള ബന്ധനം (attachment) കുറയുന്നു
 
ഭക്തി വഴി [ഈശ്വരനിലേക്ക് ശ്രദ്ധ തിരിച്ച്] ജ്ഞാനം വഴി [ഈശ്വരൻ മാത്രമാണ് നമ്മുടെ കൂടെ ഇപ്പോഴും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി] വൈരാഗ്യം വഴി [ഭൗതിക ലോകത്തോട് വിരക്തി വരുന്നു] ആ അവസ്‌ഥയിൽ എത്തിയാൽ, പിന്നെ നമുക്ക് ചുറ്റും കാണുന്ന എല്ലാറ്റിനെയും നിലനിർത്തുന്നത്, തന്നെ നിലനിർത്തുന്ന തന്റെ കൂടെയുള്ള ഈശ്വരൻ (ചൈതന്യം)  തന്നെയാണെന്ന് സാക്ഷാത്കാരം ഉണ്ടാകുന്നു (ആത്മസാക്ഷാത്‍കാരം). അപ്പോൾ ചുറ്റും കാണുന്ന എന്തും നമ്മളിൽ നിന്ന് വ്യത്യസ്തമല്ല എന്ന് ബോധ്യമാകുന്നു. നമുക്ക് ഇവിടുന്ന് ഒന്നും നേടാനും കൊടുക്കാനും ഇല്ല എന്ന് ബോധ്യമാകുന്നു. ശരീരം പോലും തന്റെയല്ല എന്നത്  ബോധ്യമാകുന്നു. ജീവിച്ചിരിക്കുന്പോൾ തന്നെ നമ്മൾ എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തമാകുന്നു. അതാണ് മോക്ഷം.. ജീവന്മുക്തി.. (liberation while alive)
 
---- 
ഇനി ത്രിവേണി സംഗമത്തിലേക്ക് കടക്കാം.
 
ഗംഗ - ജ്ഞാനം : ഹിമാലയ സാനുക്കളിലൂടെ, തപോഭൂമികളിലൂടെ, ജ്ഞാനത്തിന്റെ വഴികളിലൂടെ ഒഴുകിവരുന്ന ഗംഗ, ജ്ഞാനത്തിന്റെ പ്രതീകം ആണ് 
 
യമുന - ഭക്തി : ഭക്തിയുടെ നാട്ടിലൂടെ ഒഴുകിവരുന്നത് കൊണ്ട് യമുനയെ, ഭക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. 
 
സരസ്വതി - വൈരാഗ്യം : വിരക്തി അല്ലെങ്കിൽ വൈരാഗ്യം (detachment) ഉള്ള ആളുകൾ തപസ്സു ചെയ്ത സ്‌ഥലങ്ങളിലൂടെ ഒഴുകി വന്നിരുന്നത് കൊണ്ട് സരസ്വതിയെ, വൈരാഗ്യത്തിന്റെ പ്രതീകമായി കണക്കാണുന്നു.
 
ആത്മീയമായി ഉയരണമെങ്കിൽ, ജീവന്മുക്തി/മോക്ഷം  കിട്ടണമെങ്കിൽ വേണ്ട "ഭക്തി - ജ്ഞാനം - വൈരാഗ്യം", എന്നിവയുടെ സംഗമസ്‌ഥലമായിട്ടാണ്, അല്ലെങ്കിൽ പ്രതീകമായിട്ടാണ്,  ത്രിവേണി സംഗമത്തെ കണക്കാക്കുന്നത്. അവിടെ പോയി വെറുതെ ഒന്ന് മുങ്ങിയത് കൊണ്ട് മാത്രം ഇതൊന്നും നടക്കാൻ പോകുന്നില്ല.  ലോകത്തിലെ ചളി മുഴുവൻ നിറഞ്ഞിരിക്കുന്ന നമ്മുടെയൊക്കെ മനസ്സിനെ ആത്മീയമായി ഉയർത്തി ജീവന്മുക്തി/മോക്ഷം കിട്ടണമെങ്കിൽ "ഭക്തി - ജ്ഞാനം - വൈരാഗ്യം" എന്നിവക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമം ഉണ്ടാവേണ്ടതാണ് 
 
[05192022]

Saturday, May 14, 2022

പാലാഴിമഥനം - ശരിയായ സന്ദേശം

കോപിഷ്ഠനായ ദുർവാസാവ് മഹർഷിക്ക് ഭഗവാൻ പാരിജാതപ്പൂവിന്റെ ഒരു മാല കൊടുത്തു. ദുർവാസാവ് ആ മാല ഇന്ദ്രന് കൊടുത്തു, ഇന്ദ്രൻ അത്  ഐരാവത്തിന് കൊടുത്തു. മാലയിലെ പൂവിന്റെ നല്ല ഗന്ധം അനവധി ഈച്ചകളെയും വണ്ടുകളെയും തേനീച്ചകളെയും ആകർഷിച്ചു. അവയുടെ ശല്യം കാരണം, ഐരാവതം ആ മാല നിലത്തിട്ട് ചവിട്ടിയരച്ചു. ഇത്  കണ്ട് കോപിഷ്ഠനായ ദുർവാസാവ്, "നിങ്ങൾക്കെല്ലാവർക്കും ജരാനര ബാധിക്കട്ടെ" എന്ന് ഇന്ദ്രനെയും എല്ലാ ദേവന്മാരെയും ശപിച്ചു. ഒരു പരിഹാരത്തിന് വേണ്ടി ഇന്ദ്രൻ ദുർവ്വാസാവിന്റെ കാല് പിടിച്ചു.  പാലാഴി കടഞ്ഞെടുത്ത് അമൃത് കുടിച്ചാൽ ജരാനര മാറിക്കിട്ടുമെന്ന് ദുർവാസാവ് ഇന്ദ്രനെ അറിയിച്ചു. എങ്ങനെ അത് ചെയ്യണമെന്ന് പറഞ്ഞുമില്ല. ദേവന്മാർ ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു.  ബ്രഹ്‌മാവ്‌ അവരെ ഭഗവാന്റെ (മഹാവിഷ്ണു) അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പാലാഴി കടഞ്ഞെടുത്ത് കിട്ടുന്ന അമൃത് തന്നെയാണ് പരിഹാരം എന്ന് ഭഗവാനും സമ്മതിച്ചു. മന്ഥര പർവതത്തെ കടകോലായി ഉപയോഗിച്ച് വാസുകി എന്ന പാന്പിനെ കയറായി ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞു. (ജരാനര ബാധിച്ച ദേവന്മാർ അസുരന്മാരെ സഹായിക്കാൻ പ്രേരിപ്പിച്ചിരുന്നത് കൊണ്ട് അസുരന്മാരും ഈ പ്രവർത്തിയിൽ ഭാഗമായി). കടയുന്നതിനിടയിൽ മന്ഥര പർവതം താഴ്ന്നുപോയപ്പോൾ ഭഗവാൻ ഒരു ആമയുടെ രൂപമെടുത്ത് പർവതത്തെ പൊക്കിക്കൊണ്ടുവന്നു. അങ്ങിനെ കുറെ കഴിഞ്ഞപ്പോൾ, പാലാഴിയിൽ നിന്ന് കാളകൂട വിഷം പൊന്തിവന്നു. അത് പരമശിവന് കൊടുത്തു. ശിവൻ അത് കുടിച്ചു. വിഷം കഴുത്തിനെ  നീലനിറമാക്കി മാറ്റിയപ്പോൾ അത് ശിവന് ഒരു അലങ്കാരമായി. (ശിവന്റെ ഭാര്യ കഴുത്തിൽ പിടിച്ചത് കൊണ്ടാണ് വിഷം കഴുത്തിൽ നിന്നത് എന്നൊന്നും മൂലഭാഗവതത്തിൽ ഇല്ല എന്ന് പറയുന്നു). അതിന് ശേഷം പൊന്തിവന്ന പലതും, പലരും എടുത്തു. അവസാനം അമൃത് പൊന്തിവന്നതും അസുരന്മാർ അത് കൊണ്ടോട്ടി. ഭഗവാൻ മോഹിനിയുടെ രൂപമെടുത്ത് അസുരന്മാരിൽ നിന്നും അമൃതെടുത്ത് ദേവന്മാർക്ക് കൊടുത്തു. ദേവന്മാർ ജരാനരയിൽ നിന്നും മുക്തരായി. 

ഇങ്ങനെ ഒരു കഥയായി മാത്രമാണ് പാലാഴിമഥനത്തെ പറ്റി കേട്ടിരുന്നത്. ദേവന്മാർ അസുരന്മാരെ പറ്റിച്ചു എന്ന ഒരു അനീതിയുടെ ഉദാഹരണമായും, അതിനായി വന്ന മോഹിനിയുമൊക്കെയാണ് കഥയുടെ പ്രധാന ഭാഗങ്ങളായി മനസ്സിലാക്കിയിരുന്നത്.

പക്ഷെ ഇതിന്റെ പിന്നിലുള്ള സന്ദേശം അല്ലെങ്കിൽ തത്വം വളരെ മഹത്തരമായിട്ടുള്ളതാണ്. ആദ്യം അതിലെ വാക്കുകൾ എന്താണെന്ന് വിശദീകരിക്കാം, അതിനു ശേഷം എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന സന്ദേശമെന്താണെന്നും എഴുതാം. 
----
പാലാഴി - പാലാഴി എന്നത് മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അനവധി സംസ്കാരങ്ങൾ നിറഞ്ഞ, സത്വ-രജസ്സ്‌-തമോ ഗുണങ്ങൾ നിറഞ്ഞ, അറ്റമില്ലാത്ത ആഴമേറിയ ഒരു സാഗരമാണ് ഓരോ മനുഷ്യമനസ്സും
----
മന്ഥര പർവതം - വിവേകബുദ്ധി. ശരിയെന്തെന്നും തെറ്റെന്തെന്നും തിരിച്ചറിയാൻ സഹായിക്കുന്ന ബുദ്ധി.
----
വാസുകി എന്ന പാന്പ് - നാമ സങ്കീർത്തനം, പ്രാണായാമം എന്ന പ്രവർത്തികൾ. 
----
ദേവന്മാർ, അസുരന്മാർ - മനസ്സിന്റെ രണ്ട് ഭാവങ്ങൾ. ഉയരണമെന്നും നന്നാവണമെന്നും എല്ലാം ചെയ്യാൻ പറ്റുമെന്നും ചിന്തിക്കുന്ന മനോഭാവത്തെ ദേവന്മാർ ആയും, ആലസ്യം നിറഞ്ഞതും സംശയം നിറഞ്ഞതുമായ മനോഭാവത്തെ അസുരന്മാർ ആയും കണക്കാക്കുന്നു. (for simplicity consider these as positive mindset and negative mindset)
----
കാളകൂട വിഷം - സ്വാർത്ഥത. 
----
അമൃത് - ഇത് കുടിക്കാൻ ഉള്ള ഒരു പാനീയമല്ല. അമൃത് എന്നാൽ 'മൃതം അല്ലെങ്കിൽ മരണം അല്ലെങ്കിൽ നാശം' ഇല്ലാത്തത്. അതാണ് നമ്മളെയും ഈ പ്രപഞ്ചത്തെയും നിലനിർത്തുന്ന ചൈതന്യം അല്ലെങ്കിൽ ഭഗവാൻ..
----

ഇനി ഇവയൊക്കെ ചേർത്താൽ.. പാലാഴി മഥനം എന്നാൽ 

ദേവാസുര ഭാവങ്ങൾ നിറഞ്ഞ മനുഷ്യർ. നാമസങ്കീർത്തനം/പ്രാണായാമം (വാസുകി എന്ന കയർ) എന്നീ പ്രക്രിയകളിലൂടെ അവനവന്റെ വിവേകബുദ്ധിയെ  (മന്ഥര പർവതം) ഉദ്ദീപിപ്പിച്ചാൽ (കടഞ്ഞാൽ), ആഴമേറിയ അനവധി സംസ്കാരങ്ങൾ നിറഞ്ഞ മനസ്സിൽ നിന്ന് (പാലാഴിയിൽ നിന്ന്) ആദ്യം തന്നെ അവനവന്റെ സ്വാർത്ഥത ഇല്ലാതാകുകയും (കാളകൂടവിഷം പുറത്തുവരുന്നു), അങ്ങനെ പരിശുദ്ധമായ മനസ്സിന് മൃതമല്ലാത്ത ഭഗവാനെ/ചൈതന്യത്തെ മനസ്സിലാക്കാനും അതിനോട് ലയിക്കാനും (അമൃത് കുടിക്കൽ) സാധിക്കുന്നു. 

ഇതൊക്കെ നടക്കേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മൾ വെറുതെ അന്പലത്തിൽ പോയി പൂജയും വെടിവഴിപാടും നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ഭഗവാനോട് അടുക്കണമെങ്കിൽ ലയിക്കണമെങ്കിൽ അതിനു വേണ്ടമാറ്റങ്ങൾ നടക്കേണ്ടത് ഓരോരുത്തരുടേയും മനസ്സിലാണ്. പരിവർത്തനം വരുത്തേണ്ടത് മനസ്സിലാണ്. അതിന് വേണ്ട ഉപാസനയെ ആണ് പാലാഴിമഥനം കൊണ്ട് സൂചിപ്പിക്കുന്നത്. 

മറ്റു രണ്ട് കാര്യങ്ങൾ 
- പാലാഴി കടയുന്പോൾ, മന്ഥര പർവതം താഴ്ന്നു പോകുന്പോൾ ഭഗവാൻ ആമയുടെ രൂപമെടുത്ത്  പർവതത്തെ പൊക്കിക്കൊണ്ടുവരുന്നു. മന്ഥര പാർവ്വതമെന്നാൽ വിവേക ബുദ്ധി. നമ്മുടെ ബുദ്ധിയെ (വിവേക ബുദ്ധി) ഉറപ്പിച്ചു നിർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബുദ്ധിയെ ഉറപ്പിച്ച് നിർത്താൻ വേണ്ടത് സംയമനമാണ്. ആമ - കൂർമ്മം - സംയമനത്തിന്റെ പ്രതീകമാണ്. ബുദ്ധിയെ ഉറപ്പിച്ച് നിർത്താൻ പറ്റാതായാൽ (പർവതം താഴ്ന്ന് പോയാൽ) സംയമനം പാലിച്ച് ബുദ്ധിയെ ഉറപ്പിച്ച് നിർത്തേണ്ടതാണ് (ആമയെ പോലെ പൊക്കി കൊണ്ട് വരേണ്ടതാണ്)

- ശിവൻ കാളകൂട വിഷം കഴിക്കുന്നു. നാമസങ്കീർത്തനത്തിലൂടെയൊക്കെ മനസ്സ് ഭഗവാനോട് അടുത്താൽ (ശിവം എന്നാൽ ഭഗവാൻ തന്നെ.. ചൈതന്യം തന്നെ) നമ്മുടെ സ്വാർത്ഥത നമുക്ക് തന്നെ ഒരു അലങ്കാരമാകുന്നു. എന്ന് വച്ചാൽ, മനസ്സ് ഭഗവാനോട് അടുത്താൽ, എല്ലാവരെയും നിലനിർത്തുന്ന ചൈതന്യം ഒന്ന് തന്നെ എന്ന് ബോധ്യം വരുകയും, അതിന് ശേഷം തനിക്കായി ഒന്നും നേടാനോ കരുതി വക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ലായെന്നുമെന്ന നിലയിലെത്തുകയും ചെയ്യും. പിന്നെയും നമുക്ക് എന്തെങ്കിലും ചെയ്യണമെന്നോ നേടണമെന്നോ ഉള്ള സ്വാർത്ഥത ഉണ്ടെങ്കിൽ അത് സമൂഹത്തിനോ ലോകനന്മക്കോ വേണ്ടിയുള്ളതായിരിക്കും.. അത് കൊണ്ട് ആ സ്വാർത്ഥത ഒരു അലങ്കാരമായിത്തീരുന്നു. 

ചുരുക്കം പറഞ്ഞാൽ പാലാഴി മഥനം എന്നത് എല്ലാവരും ചെയ്യേണ്ട ഒരു ഉപാസനയാണ്. അല്ലാതെ "പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ' എന്നതിലല്ല പ്രാധാന്യം. 

[From Swami Udit Chaithanya Bhagavathamrutham - Episode 55]

[05142022]