Sunday, October 24, 2021

വിഷ്ണുസഹസ്രനാമം vs ഭഗവദ്ഗീത

ഭഗവദ് ഗീത മഹാഭാരതത്തിൽ ഉള്ളതാണെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. പക്ഷെ, വിഷ്ണുസഹസ്രനാമം ഉണ്ടെന്ന് അറിയാമെങ്കിലും, പലരും അത് ചൊല്ലുമെങ്കിലും, അതിന്റെ ഉത്ഭവവും മഹാഭാരതം വഴിയാണെന്ന് പലർക്കും അറിയില്ല. 

ഭഗവദ് ഗീത - മഹാഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടു മുന്പ്, തന്റെ മുത്തച്ഛനേയും ഗുരുവിനെയും ബന്ധുക്കളെയും വധിച്ച് യുദ്ധം ജയിക്കുന്നതിൽ അർത്ഥമില്ലായെന്നും അതിനാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ  പോയി സന്യസിക്കാൻ പോകുകയാണെന്നും പറഞ്ഞ്,  മാനസികമായി തളർന്ന്, കയ്യിലെ ഗാണ്ടീവവും അന്പുകളും ഒക്കെ ഉപേക്ഷച്ച്, രഥത്തിൽ  തളർന്നിരുന്ന  അർജുനനെ,  കൃഷ്ണൻ ഉപദേശിക്കുന്നതാണ് ഭഗവദ് ഗീത. അത്രയും കാലം പഠിച്ച ശാസ്ത്രങ്ങളും, അന്പെയ്ത്ത് വിദ്യകളും ഒന്നും അവിടെ അർജുനനെ സഹായിച്ചില്ല. അത്രയും കാലം പഠിക്കാതിരുന്ന, ഒട്ടും ശ്രദ്ധിക്കാതിരുന്ന മനോ-ബുദ്ധി മേഖലയെ പറ്റിയുള്ള ജ്ഞാനം (Inner Engineering) ആണ് അർജുനനെ വീണ്ടും ശക്തനാക്കിയത്. (ഇക്കാലത്തുള്ള ആൾക്കാർക്കും പറ്റുന്നത് ഇത് തന്നെ... Outer ആയിട്ടുള്ള എല്ലാറ്റിനെ പറ്റിയും അറിയാം, expert ആകാം.. പക്ഷെ അവനവന്റ ഉള്ളിനെ പറ്റി.. മനസ്സ്-ബുദ്ധി തലത്തെ പറ്റി ആരും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.. അതാണ് ഈ ലോകത്തിൽ നടക്കുന്ന എല്ലാ കോലാഹലങ്ങൾക്കും കാരണം)

വിഷ്ണുസഹസ്രനാമം - മഹാഭാരതയുദ്ധം അവസാനിച്ചു. കർണ്ണൻ തന്റെ ജ്യേഷ്ഠനായിരുന്നെന്ന് അറിഞ്ഞ യുധിഷ്ഠിരൻ,  താൻ ഈ യുദ്ധം ജയിച്ചതിൽ അർത്ഥമില്ലെന്നും അതിനാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ പോകുകായാണെന്നും പറഞ്ഞ് വിലപിച്ചു. കൃഷ്ണൻ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ശരശയ്യയിൽ കിടക്കുന്ന മുത്തച്ഛനെ കാണുന്നതാണ് ഉചിതമെന്ന്, വേദവ്യാസൻ ഉപദേശിച്ചു. പക്ഷെ, മുത്തച്ഛനെ എങ്ങിനെ അഭിമുഖീകരിക്കുമെന്നുള്ള വിഷമത്തിലായിരുന്നു യുധിഷ്ഠിരൻ. കാരണം, മുത്തച്ഛനെ എങ്ങിനെ തട്ടിത്താഴെയിടണമെന്ന് പാണ്ഡവർ ചോദിച്ചപ്പോൾ, ഭീഷ്മൻ തന്നെയാണ്  ആ വഴി പറഞ്ഞുകൊടുത്തത്. ആ വഴി ഉപയോഗിച്ച് തട്ടി താഴെയിട്ട ഭീഷ്മനെ എങ്ങിനെ അഭിമുഖീകരിക്കും? തന്നെ ഭീഷ്മരുടെ അടുത്ത് കൊണ്ടുപോയി കാര്യങ്ങൾ അവതരിപ്പിക്കാൻ, യുധിഷ്ഠിരൻ കൃഷ്ണനോട് അഭ്യർത്ഥിച്ചു. അങ്ങിനെ അവർ ഭീഷ്മരുടെ അടുത്ത് പോയി, കൃഷ്ണൻ പൗത്രന്റെ വിഷമം അറിയിച്ചു. മനസ്സിന്റെ വിഷമം മാറ്റാൻ, മറ്റെന്തെങ്കിലും പുതിയതായി ചെയ്ത് തുടങ്ങുക എന്നതാണ് ചെയ്യേണ്ടതെന്നും, അതിനായി അശ്വമേധയാഗം ചെയ്യണമെന്നും, ഭീഷ്മൻ യുധിഷ്ഠിരനോട് പറഞ്ഞു.  അശ്വമേധയാഗം നടത്തുവാൻ ഒരു വർഷത്തെ തയ്യാറെടുപ്പ് ആവശ്യമാണെന്നും, അത് ചെയ്യുന്നത് വഴി മനസ്സിന്റെ വിഷമം മാറുമെന്നും ഭീഷ്മൻ പറഞ്ഞു. അത് കേട്ടപ്പോൾ യുധിഷ്ഠിരന് ആശ്വാസം തോന്നിയെങ്കിലും, ഉള്ളിലുണ്ടായ ഒരു സംശയം മുത്തച്ഛനോടു ചോദിച്ചു "രാജാക്കാന്മാർക്ക് മാത്രമേ, അശ്വമേധയാഗം പോലെ വലിയൊരു കാര്യം ചെയ്യാൻ പറ്റുകയുള്ളൂ. പക്ഷെ, എന്റെ അതേ അവസ്ഥയിൽ പെട്ടിരിക്കുന്ന ഒരു സാധാരണക്കാരന് അശ്വമേധയാഗമൊന്നും ചെയ്യാൻ പറ്റില്ല. അങ്ങിനെയുള്ള ഒരാൾ, അയാൾക്ക് മനസ്സമാധാനം കിട്ടണമെങ്കിൽ എന്ത് ചെയ്യണം?". പരമശിവൻ പാർവതിക്ക് ഉപദേശിച്ച് കൊടുത്ത, ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന/സംരക്ഷിക്കുന്ന ആ ശക്തിയെ പ്രതിനിധാനം ചെയ്യുന്ന വിഷ്ണുവിന്റെ ആയിരം നാമങ്ങൾ (വിഷ്ണുസഹസ്രനാമം) പണ്ടേ ഉള്ളതാണെന്നും,  അത് ജപിക്കുന്നത് അശ്വമേധയാഗത്തിനു തുല്യമാണെന്നും ഭീഷ്മൻ യുധിഷ്ഠിരനോട് പറഞ്ഞു. യുധിഷ്ഠിര-ഭീഷ്മ സംവാദമാണ് വിഷ്ണുസഹസ്രനാമത്തെ നമ്മളിൽ എത്തിക്കുന്നത്  

---
ഭഗവദ് ഗീത - യുദ്ധത്തിന് തൊട്ടു മുന്പ് ഉണ്ടായത് 
വിഷ്ണുസഹസ്രനാമം - യുദ്ധത്തിന്റെ അവസാനം ഉണ്ടായത് 
---
ഭഗവദ് ഗീത - കൃഷ്ണാർജ്ജുന സംവാദം  
വിഷ്ണുസഹസ്രനാമം - ഭീഷ്മ യുധിഷ്ഠിര സംവാദം 
---
ഭഗവദ് ഗീത - മാനസികമായി തളർന്ന അർജുനന്നെ ശക്തനാക്കുന്നതിന്റെ ഭാഗം 
വിഷ്ണുസഹസ്രനാമം - മാനസികമായി തളർന്ന യുധിഷ്ഠിരനെ ശക്തനാക്കുന്നതിന്റെ ഭാഗം 
---
ഭഗവദ് ഗീത - ഒരു കർമ്മശാസ്ത്രം. 
വിഷ്ണുസഹസ്രനാമം -  ഒരു ജപാനുഷ്ഠാനം. 
---
ഭഗവദ് ഗീത - മനസ്സിനെയാണ് ചികിൽസിക്കുന്നത്, ശാന്തമാക്കുന്നത്.  അത് വഴി, കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  

വിഷ്ണുസഹസ്രനാമവും മനസ്സിനെയാണ് ചികിൽസിക്കുന്നത്, ശാന്തമാക്കുന്നത്.  ജപിക്കുന്നത് വഴി മനസ്സിന് സമാധാനം ഉണ്ടാക്കുന്നത്. മനസ്സിനെ സഹസ്ര നാമം എന്ന ഭാവനാ മണ്ഡലത്തിൽ വിനിയോഗിച്ച്, നമുക്ക് വേണ്ട ഗുണങ്ങൾ, നേട്ടങ്ങൾ, ഐശ്വര്യങ്ങളും, പ്രഭാവങ്ങൾ, പ്രതാപങ്ങൾ ഒക്കെ സന്പാദിക്കാനുള്ള വഴി. 
---
ഭഗവദ് ഗീത - കൃഷ്ണന് അർജുനനെ ഉപദേശിച്ച് ശക്തനാക്കാൻ പറ്റി 
വിഷ്ണുസഹസ്രനാമം - കൃഷ്ണന് യുധിഷ്ഠിരനെ ഉപദേശിച്ച് ശക്തനാക്കാൻ പറ്റിയില്ല.

(ഇത്, മഹാഭാരതത്തിൽ കൃഷ്ണൻ നമ്മളെ പോലെ ഒരു മനുഷ്യൻ തന്നെയായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കൃഷ്ണൻ ഒരു ദൈവം ആയിരുന്നെങ്കിൽ, യുധിഷ്ടിരനെയും ഉപദേശിച്ച് ശക്തമാക്കാൻ പറ്റുമായിരുന്നു. പക്ഷെ, കൃഷ്ണൻ enlightened ആയ ഒരു മനുഷ്യനായിരുന്നു എന്നതാണ് നമ്മളും കൃഷ്ണനും തമ്മിലുള്ള വ്യത്യാസം. Enlightened ആയ ഒരാൾ ഒരു സന്യാസിയോ, ഹിമാലയത്തിലെ ഗുഹകളിലോ ജീവിക്കേണ്ടതാണെന്നാണ് പൊതുവെയുള്ള ഒരു ധാരണ. പക്ഷെ, enlightened ആയ ഒരാൾക്ക്,  ധർമ്മസംസ്ഥാപനത്തിനുള്ള പ്രവർത്തികളും ചെയ്യാൻ പറ്റും എന്നാണ് കൃഷ്ണന്റെ ജീവിതം കാണിച്ച് തരുന്നത്)
---
ഭഗവദ് ഗീത - കൃഷ്ണനല്ല ഇതിന്റെ രചയിതാവ്. കൃഷ്ണൻ തന്നെ പറയുന്നുണ്ട്, ഭഗവദ് ഗീതയിലുള്ളത് പണ്ടേ ഉള്ളതാണെന്ന്. (പണ്ടേ ഉള്ള ഉപനിഷദ് തത്വങ്ങൾ)

വിഷ്ണുസഹസ്രനാമം -  ഭീഷ്മൻ അല്ല ഇതിന്റെ രചയിതാവ്. പരമശിവൻ പാർവതിക്ക് പണ്ടേ ഉപദേശിച്ചിട്ടുള്ളതാണെന്ന് ഭീഷ്മൻ പറയുന്നു. 
(മഹാഭാരതം, ഇവ രണ്ടും നമ്മളിലേക്ക് എത്തിക്കുന്നുവെന്ന് മാത്രം)
----

നമ്മുടെ ജീവിതത്തിൽ, വിദ്യ/ഐശ്വര്യം/സന്പത്ത്/യശസ്സ് ഇവയൊക്കെ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് വിഷ്ണുസഹസ്രനാമം. 

വിശ്വം വിഷ്ണുർ വഷാത്കാരോ ഭൂത ഭവ്യ ഭവത് പ്രഭുഃ 
ഭൂതകൃത് ഭൂതഹൃദ് ഭാവോ ഭൂതാത്മാ ഭൂതഭാവനഃ 
.....
.....

[10242021]

No comments:

Post a Comment