Sunday, October 11, 2020

നവോത്ഥാനവും ഇതിഹാസങ്ങളും

ഈ പോസ്റ്റ് എഴുതാനുള്ള കാരണം ആദ്യം പറയാം...

ഈയടുത്ത് (ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്ത്, അതായത് 2019 ലോകസഭ തിരഞ്ഞെടുപ്പിനൊക്കെ മുൻപ്) ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു ചർച്ച ഉണ്ടായി. ഇക്കാലത്തെ ചർച്ചകൾ മുഴുവൻ ഹിന്ദുക്കളെ നവോത്ഥാനം ചെയ്യാനുള്ളതല്ലേ? ഹിന്ദു ആചാരങ്ങളെയും ഹിന്ദു പ്രതീകങ്ങളെയും കളിയാക്കാനും നിരൂപണം ചെയ്യാനും ഉള്ള താല്പര്യം കൂടുതൽ ആണ്. (നിരൂപണം ആവശ്യം തന്നെ എന്നാണ് എന്റെ അഭിപ്രായം.. പക്ഷെ കളിയാക്കുന്ന രീതിയിൽ ആകരുത് എന്ന് മാത്രം). മിക്കവാറും ഹിന്ദുക്കളും അത് കേട്ട് മിണ്ടാതിരിക്കും, ചിലർ കൂടെ ചേർന്ന് കളിയാക്കും... ചർച്ച തുടർന്നു... പ്രധാനമായി മൂന്ന് പേർ ആണ് അങ്ങോട്ടും ഇങ്ങോട്ടും വാദങ്ങൾ ഉന്നയിച്ചിരുന്നത്. ബാക്കി മുപ്പതോളം പേർ വെറും വായനക്കാർ മാത്രമായി സൈഡിൽ നിൽക്കുന്നു. അതിനിടയിൽ ഒരു പോയിന്റ് ആയി ഞാൻ എഴുതി "You never see mockery on Jesus or Mohammad, since these Gods are protected". അത്രയും നേരം ചർച്ചയിൽ ഒട്ടും പങ്കെടുക്കാതെ ഒന്നും മിണ്ടാതെ വെറും വായനക്കാരനായി മാത്രം സൈഡിൽ നിന്നിരുന്ന ഒരു മുസ്ലിം സുഹൃത്ത് ഉടനെ ചാടി വന്നു "Just a correction: Muslims do not consider Mohammad as a God"... മറ്റൊരു മുസ്ലിം സുഹൃത്ത് ചൂണ്ടിക്കാട്ടി "This is incorrect, Mohammad is a prophet, NOT God! Basic education is needed here".
ശരിയാണ്... ഹിന്ദുക്കൾക്ക് മതപരമായ കാര്യങ്ങളിൽ Basic education ഇല്ല.. വേണ്ടത്ര വിദ്യാഭ്യാസം ഇല്ല. അമർ ചിത്രകഥകളിൽ നിന്ന് വായിച്ചിട്ടുള്ള പോലത്തെ അറിവ് മാത്രമേ മിക്കവാറും ഹിന്ദുക്കൾക്കുള്ളു. അത് കൊണ്ട് മതപരമായ ചർച്ചകളിൽ ഇടപെടുമ്പോൾ ഹൈന്ദവമായ കാര്യങ്ങളെ പറ്റി ഉയരുന്ന ചോദ്യങ്ങൾക്ക് വേണ്ട പോലെ ഉത്തരം നൽകാൻ ഹിന്ദുക്കൾക്ക് കഴിയുന്നില്ല. പക്ഷെ മുസ്ലിങ്ങളും കൃസ്ത്യാനികളും കുട്ടിക്കാലം മുതൽക്ക് തന്നെ മതപരമായ പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അവരുടെ മതങ്ങളെ പറ്റി ആരെങ്കിലും തെറ്റായി പറഞ്ഞാൽ ഉടനെ തന്നെ തിരുത്താൻ ഉള്ള ഒരു പ്രാഥമിക അറിവ് എങ്കിലും അവർക്കുണ്ട്.
മറ്റു മതക്കാർക്ക് ബൈബിളും ഖുറാനും ഒക്കെയാണ് ഉള്ളതെങ്കിൽ ഹിന്ദുക്കൾക്കുള്ളത് വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും ആണ്. വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനുള്ള സാധ്യതകൾ ബ്രിട്ടീഷുകാർ പണ്ടേ നുള്ളി കളഞ്ഞു.. സംസ്കൃതം എന്ന ഭാഷയെ ചവിട്ടിത്താഴ്‌ത്തി, അതിൽ സവർണ്ണ അവർണ്ണ ചിന്തകൾ കുത്തിക്കയറ്റി പടിയടച്ചു പിണ്ഡം വച്ചു എന്നത് തന്നെ കാരണം. പിന്നെ ബാക്കിയുള്ളത് ഇതിഹാസങ്ങളും പുരാണങ്ങളും ആണ്. അതിനെയൊക്കെ പറ്റി ജനങ്ങൾക്ക് വേണ്ട വിധം മനസ്സിലാക്കാനുള്ള വഴികളും കുറവാണ്
ഇക്കാലത്ത് ഇതിഹാസങ്ങളായ മഹാഭാരതത്തെ പറ്റിയും രാമായണത്തെ പറ്റിയും ഉള്ള അനവധി പുസ്തകങ്ങൾ വാങ്ങിക്കാൻ കിട്ടും. അത് പോലെ പുരാണങ്ങളെ പറ്റിയും ഉള്ള പുസ്തകങ്ങളും ഉണ്ട്. മഹാഭാരതത്തിലെ പ്രധാന ഭാഗം ഭഗവത് ഗീത തന്നെ. അതിനെ പറ്റിയും അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കുന്നത് നല്ലത് തന്നെ. പക്ഷെ ആ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഉള്ള മൂല്യങ്ങൾ, ജീവിത തത്വങ്ങൾ, ധർമ്മസംഹിത എന്നിവയൊക്കെ നന്നായി മനസ്സിലാക്കണമെങ്കിൽ, അത് വെറും വായന കൊണ്ട് ഗ്രഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവയൊക്കെ നന്നായി മനസ്സിലാക്കണമെങ്കിൽ, ഇതിഹാസങ്ങളും പുരാണങ്ങളും നന്നായി മനസ്സിലാക്കിയിട്ടുള്ള ആൾക്കാരുടെ തത്ത്വപ്രവചനങ്ങൾ കേൾക്കണം.
ഇങ്ങനെ തോന്നാൻ കാരണം, ഞാൻ കഴിഞ്ഞ കുറച്ചു നാളുകളായി സ്വാമി ഭൂമാനന്ദതീർത്ഥയുടെ ഭഗവത് ഗീത തത്ത്വപ്രവചനങ്ങൾ (മുക്തിസുധാകരം) കേട്ട് കൊണ്ടിരിക്കുന്നു എന്നതാണ്. ഇദ്ദേഹത്തിന്റെ വിജ്ഞാനത്തിനു മുന്നിൽ തല കുനിക്കുന്നു. ഭഗവത് ഗീതയാണ് വിഷയം എങ്കിലും, സ്നേഹസമ്പന്നനായ ഒരു മുത്തശ്ശനെ പോലെ, വിശദമായി, സർവ ചരാചരങ്ങളെ പറ്റിയും തത്ത്വപ്രവചനങ്ങളിൽ പ്രതിപാദിക്കുന്നു. ഇപ്പോൾ 98 മണിക്കൂറോളം ഉള്ള എപ്പിസോഡുകൾ കേട്ടു. ആദ്യത്തെ അൻപതോളം മണിക്കൂർ മഹാഭാരതം ആണ് പറയുന്നത്. ഇത്രയും കാലം മഹാഭാരതം കേട്ടപ്പോഴും വായിച്ചപ്പോഴും ഉള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമർ ചിത്രകഥയിൽ ഇല്ലാത്ത (അതിനെ കുറ്റം പറയാൻ പറ്റില്ല... കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രകഥയല്ലേ അമർ ചിത്ര കഥ), മറ്റു പുസ്തങ്ങകളിൽ കാണാൻ സാധ്യത ഇല്ലാത്ത (കുറഞ്ഞത് എനിക്കറിയാത്ത) എത്രയോ കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു... ചില ഉദാഹരണങ്ങൾ
1. വേദങ്ങൾ പ്രപഞ്ചത്തെ പറ്റി മുഴുവൻ പറയുന്നു. അതിൽ ആത്മീയമായിട്ടുള്ളതും ആചാരപരമായിട്ടുള്ളതും ആയ എല്ലാം അടങ്ങിയിരിക്കുന്നു. പക്ഷെ ആചാരങ്ങളിൽ അമിതമായി പ്രാധാന്യം കൊടുക്കുന്നതിൽ വലിയ കാര്യം ഇല്ല എന്ന ചിന്തകളാണ് ഉപനിഷത്തുകൾ ഉണ്ടാകാൻ കാരണം. ( വേദങ്ങളുടെ അവസാനം ഉള്ളത്... അതായത് വേദങ്ങളുടെ അന്തം... വേദാന്തം... ആണ് ഈ ഉപനിഷത്തുകൾ) ... വേദങ്ങളിലെ ആത്മീയമായ വിജ്ഞാനങ്ങളുടെ മുത്തുമണികളാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുകളുടെ ഒരു ലഘുവായ വിവരണം ആണ് ഭഗവത് ഗീത.
2. മഹാഭാരതയുദ്ധം ഒരു ധർമ്മയുദ്ധം ആണ്. അതായത് ധർമ്മസംസ്ഥാപനത്തിന് വേണ്ടിയുള്ള യുദ്ധം. പാണ്ഡവന്മാരുടെ ഭാഗത്താണ് ധർമ്മം. പൊതുവെ ഇക്കാലത്തെ ചർച്ചകളിൽ, പാണ്ഡവന്മാരെ പറ്റി കുറെ നല്ലത് പറഞ്ഞാൽ, ഉടനെ കർണ്ണന്റെ കാര്യം കൊണ്ട് വരും... "പാവം കർണ്ണൻ... ക്ഷത്രിയനായി ജനിച്ച് സൂതപുത്രനായി ജീവിക്കേണ്ടി വന്ന കർണ്ണൻ..." അങ്ങനെ പലതും. അതായത്, കർണ്ണനോടുള്ള സഹതാപം പറഞ്ഞ് പാണ്ഡവന്മാർ ചെയ്ത യുദ്ധത്തിന് പ്രസക്തിയില്ലാതാക്കുന്ന വാദഗതികൾ. മഹാഭാരതത്തിലെ ഓരോരുത്തരും നിത്യ ജീവിതത്തിൽ നാം കാണുന്ന ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്നു. ദുര്യോധനോടുള്ള കടപ്പാട് കാരണം പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് കർണ്ണൻ പാഞ്ചാലിയെ ആക്ഷേപിച്ചതും, മഹാഭാരതയുദ്ധത്തിന്റെ പ്രധാന ഉദ്ദേശത്തെക്കാൾ അർജുനനോട് പൊരുതാൻ കർണ്ണൻ വെമ്പൽ കാണിച്ചതും ഒക്കെ കർണ്ണന്റെ, അപക്വമായ മനസ്സിനെ കാണിക്കുന്നു. ചുരുക്കം പറഞ്ഞാൽ, ജീവിതത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നാലും അതൊന്നും ധർമ്മത്തിനും സത്യത്തിനും എതിരെ നിൽക്കാനുള്ള ന്യായങ്ങൾ ആകുന്നില്ല എന്ന് പഠിപ്പിച്ചു തരുന്ന കഥാപാത്രമാണ് കർണ്ണൻ.
3. എപ്പോഴും ഉണ്ടാകുന്ന മറ്റൊരു ചോദ്യം... ദുര്യോധനൻ ഇത്രയൊക്കെ ദുഷ്ടനാണെന്ന് മനസ്സിലായിട്ടും ഭീഷ്മരും, ദ്രോണരും ഒക്കെ എന്ത് കൊണ്ട് ദുര്യോധനന് വേണ്ടി യുദ്ധം ചെയ്തു? ഹസ്തിനപുരത്തിന് വേണ്ടി സ്വന്തം ജീവിതത്തിലെ സുഖങ്ങൾ മുഴുവൻ ത്യാഗം ചെയ്തു കൊണ്ട് നിലനിന്നിരുന്ന ആളാണ് ഭീഷ്മർ. അങ്ങനെയുള്ളവർക്ക് പെട്ടെന്നൊരു ദിവസം അതെ രാജ്യത്തിനെതിരെ പോരാടാൻ പറ്റില്ല. പക്ഷെ, "ദുര്യോധനാ, ഒരു ഭീഷ്മർ അല്ല, ഒരായിരം ഭീഷ്മർ വന്നാലും നിനക്ക് വിജയം ഉണ്ടാകില്ല" എന്ന് പറഞ്ഞാണ് ഭീഷ്മർ, ദുര്യോധനന് വേണ്ടി യുദ്ധം ചെയ്യുന്നത്. ഇക്കാലത്ത് നമുക്കൊക്കെ ജീവിതത്തിൽ എത്രയോ പ്രാവശ്യം, അത് ഓഫിസിലാകട്ടെ വീട്ടിലാകട്ടെ, നമുക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരും.. അത് ചെയ്യുന്ന സമയം മുഴുവൻ നമ്മുടെ യോഗത്തെ കഷ്ടകാലത്തെ പ്രാകി ആയിരിക്കും കാര്യങ്ങൾ ചെയ്യുക... അങ്ങനെയുള്ള സന്ദർഭങ്ങളിൽ, നമുക്ക് ഇഷ്ടമല്ലെങ്കിലും... ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യുക.. ഭീഷ്മരെ ഓർക്കുക... ഭീഷ്മർക്ക് ഉണ്ടായ അത്ര ഒരു ബുദ്ധിമുട്ട് നമുക്കൊന്നും ഉണ്ടാകാൻ വഴിയില്ല.
ഇനിയും പലതും ഉണ്ട്... (എല്ലാം ഞാൻ മനസ്സിലാക്കിയിട്ടില്ല.. അത് കൊണ്ട് ആരെങ്കിലും കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകുകയേ ഉള്ളൂ).
കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളത് "മഹാഭാരതം വീട്ടിൽ വക്കരുത്.. അത് കുടുംബ കലഹത്തിന് കാരണം ആകും. അച്ഛനും മക്കളും തമ്മിലും, ചേട്ടനിയന്മാർ തമ്മിലും ഒക്കെ കലഹം ഉണ്ടാകും.." എന്നൊക്കെ ആണ്. പക്ഷെ മഹാഭാരതവും ഭഗവത് ഗീതയും നല്ല രീതിയിൽ മനസ്സിലാക്കിയാൽ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകാനാണ് സാധ്യത. കലഹം ഉണ്ടാകുന്ന സമയങ്ങളിൽ ധർമ്മത്തിന് വിധേയമായി പ്രവർത്തിക്കാൻ ചേട്ടനിയന്മാർക്കും, അച്ഛനും അമ്മയ്ക്കും, സഹോദരിമാർക്കും സാധിച്ചാൽ, അത് എന്ത് കൊണ്ടും നന്നായിരിക്കും. പക്ഷെ, മഹാഭാരതത്തിനെ പറ്റിയുള്ള തെറ്റായ പ്രചാരണം കാരണം (അത് ആര് തുടങ്ങി വച്ചതാണെങ്കിലും) , ജനങ്ങളെ ധർമ്മത്തിന്റെ പാതയിൽ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. തെറ്റിദ്ധാരണകളുടെ മറ്റൊരു കാരണം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ട് അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപുള്ള മഹാഭാരത കഥാപാത്രങ്ങളെ നിരൂപണം ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ്. കഴിഞ്ഞു പോയ ആ കാലഘട്ടത്തിന്റെ രീതിയിൽ ചിന്തിപ്പിച്ച് ഈ കാലഘട്ടത്തിൽ എങ്ങനെ ധർമത്തിന് വിധേയമായി ജീവിക്കാം എന്ന് മനസ്സിലാക്കണമെങ്കിൽ നല്ല തത്ത്വപ്രവചനങ്ങൾ ആയിരിക്കും പുസ്തകങ്ങളേക്കാൾ കൂടുതൽ സഹായിക്കുക എന്നതാണ് എന്റെ അഭിപ്രായം.
ഇതേ അവസ്ഥ തന്നെ രാമായണത്തിലും കാണാം, രാമായണത്തിലെ പ്രസക്തമായ മൂല്യങ്ങളും തത്വങ്ങളും പഠിക്കുന്നതിനു പകരം, ഒരു തെറ്റായ രീതിയിൽ നോക്കിക്കാണാനാണ് പലർക്കും വ്യഗ്രത. "രാമനെ എന്ത് കൊണ്ട് ഒരു ഉത്തമ പുരുഷനായി കരുതുന്നു?" എന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ "എന്ത് കൊണ്ട് രാമൻ സീതയെ ഉപേക്ഷിച്ചു? സീതയെ അഗ്നി പ്രവേശം ചെയ്യിപ്പിച്ചു? അത് കൊണ്ട് രാമൻ ഒരു നല്ല ഭർത്താവാണോ?" എന്നൊക്കെയാണ് ചിന്തകളും ചർച്ചകളും. പണ്ട് എം എഫ് ഹുസൈൻ സീതയെ നഗ്നയാക്കി വരച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പലരും അയാളെ പിന്തുണച്ചു. പക്ഷെ, സീതയും രാമനും ഒക്കെയാണ് ഹിന്ദുക്കളെ നല്ല ജീവിതം നയിക്കാൻ പഠിപ്പിച്ചു കൊടുക്കുന്ന വിഗ്രഹങ്ങൾ. അവയെ മോശമായി ചിത്രീകരിക്കുന്നത്, "മഹാഭാരതം കലഹം ഉണ്ടാക്കാൻ സഹായിക്കുന്ന ഗ്രന്ഥം എന്ന അഭിപ്രായ രൂപീകരണം പോലെ രാമായണത്തെയും ഭാവിയിൽ മോശമായി കാണിക്കാൻ പ്രേരകമാക്കും" എന്നതിൽ സംശയമില്ല.
ആരുടെ തത്ത്വപ്രവചനങ്ങൾ കേൾക്കണം എന്നത് പലപ്പോഴും ഒരു സംശയം ഉണ്ടാക്കുന്ന കാര്യം ആയിരിക്കും. അതിന് വ്യക്തമായ ഉത്തരം ഇല്ല. ഞാൻ സ്വാമി ഭൂമാനന്ദതീർത്ഥയുടെ തത്ത്വപ്രവചനങ്ങൾ കേൾക്കുന്നു. അത് കൊണ്ട് അദ്ദേഹത്തിന്റെ തത്ത്വപ്രവചനങ്ങൾ മാത്രമാണ് നല്ലത് എന്ന് പറയുന്നില്ല. അതിനെ complement ചെയ്യാൻ സ്വാമി സർവപ്രിയനാന്ദ (ശ്രീ രാമകൃഷ്ണ മിഷൻ), സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവരുടെ പ്രഭാഷണങ്ങൾ ഒക്കെ കേൾക്കാറുണ്ട്. മേൽ പറഞ്ഞത് എന്റെ വഴി... മറ്റുള്ളവർ അവരുടെ വഴി കണ്ടെത്തുക...
മറ്റു ചില ഇന്ത്യക്കാരോട് സംസാരിക്കുന്പോൾ, "ഞാൻ പിടിച്ച സ്വാമിജിക്ക് 2 കൊന്പ്" എന്ന രീതിയിൽ ഉള്ള മറുപടികൾ കേൾക്കാറുണ്ട്. അങ്ങനെ പിടിവാശി കാണിക്കാതിരിക്കുക... ഓരോരുത്തരുടെയും receiptivity level different ആണ്. ഒരാൾക്ക് മനസിലാക്കാനും പൊരുത്തപ്പെടാനും പറ്റുന്ന തത്ത്വപ്രവചനങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റണം എന്നില്ല. മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്ന് പൊരുത്തപ്പെടാനുള്ള മനസ്സ് പോലെ അനവധി നല്ല സ്വാമിമാരുടെ തത്ത്വപ്രവചനങ്ങൾ ഉണ്ടെന്നതിനോട് പൊരുത്തപ്പെടാനുള്ള മനസ്സും ഉണ്ടാകേണ്ടതാണ്. (കള്ള സ്വാമിമാരെ തിരിച്ചറിയണം എന്ന് മാത്രം)
ഒരു രാഷ്ട്രീയ പാർട്ടി ആഹ്വാനം ചെയ്യുന്ന നവോത്ഥാനം കൊണ്ട് താത്കാലികമായ മാറ്റങ്ങൾ ഉണ്ടാക്കിയാലും, കാലം അതിന്റെ വൃണങ്ങൾ പുറത്തു കാണിക്കും... അത് കൊണ്ട് നല്ല തത്ത്വപ്രവചനങ്ങൾ/പ്രഭാഷണങ്ങൾ കേൾക്കൂ... സ്വയം മനസ്സിൽ ഒരു നവോത്ഥാനം ഉണ്ടാക്കൂ... അത് നല്ലൊരു വ്യക്തിയെ സൃഷ്ടിക്കും... നല്ല വ്യക്തികൾ നല്ലൊരു സമൂഹത്തെയും...

[06092019]

No comments:

Post a Comment