Monday, January 23, 2023

മരണം

ലോകത്തിൽ എന്നും നടക്കുന്ന സംഭവം. എത്ര പേർ മരിച്ചാലും എങ്ങനെ മരിച്ചാലും അതൊന്നും നമ്മളെ ബാധിക്കില്ല.  ഉദാഹണത്തിന്, ഉക്രൈനിലും റഷ്യയിലും എത്രയോ പേർ മരിക്കുന്നു. അതിനൊക്കെ, കേട്ട് തള്ളാവുന്ന പ്രാധാന്യമേ മിക്കവാറും ആൾക്കാർക്കും തോന്നുകയുള്ളു. മരണം നമ്മുടെ അടുത്തെത്തുന്പോഴേ അതിന്റെ ചൂടറിയുകയുള്ളൂ. 'അടുത്ത്' എന്ന് പറഞ്ഞാൽ മാനസികമായ അടുപ്പമാകാം, നമ്മുടെ സമീപത്ത് ഉണ്ടായതാകാം. കഴിഞ്ഞയാഴ്ച ഒരേ ദിവസം രണ്ട് സൃഹൃത്തുക്കളുടെ മരണവാർത്ത അറിഞ്ഞപ്പോൾ, ഉണ്ടായ വിഷമം ചെറുതൊന്നുമല്ല.. ആദ്യമുണ്ടായ വിഷമത്തിന്റെ ഇരന്പലിന്  ശേഷം ഓർമ്മ വന്നത് "ഭഗവദ് ഗീത, അദ്ധ്യായം 2 സാംഖ്യയോഗം, ശ്ലോകം 13" ആണ്.

"ദേഹിനോസ്മിൻ യഥാ ദേഹേ കൗമാരം യവ്വനം ജരാ
 തഥാ ദേഹാന്തര പ്രാപ്തി ധീര തത്ര ന മുഹ്യതി"

ഈ ശ്ലോകത്തിന്റെ അർത്ഥം ഇങ്ങനെയാണ്...
ദേഹം - ശരീരം, ദേഹി - ശരീരത്തിൽ വസിക്കുന്നത്.. എന്ന് പറഞ്ഞാൽ ആത്മാവ് or Soul.
"കൗമാരം, യവ്വനം, വാർദ്ധക്യം എന്നീ അവസ്‌ഥകളിലൂടെ ശരീരം അനവധി മാറ്റങ്ങൾക്ക് വിധേയമാകുന്പോൾ ഒരു മാറ്റവുമില്ലാതെ എങ്ങനെയാണോ ആത്മാവ് ഈ അവ
സ്‌ഥകളിലൂടെ കടന്നുപോകുന്നത് (അതായത് ഒരവസ്‌ഥയിൽ നിന്ന് മറ്റേ അവസ്‌ഥയിലേക്ക് പ്രവേശിക്കുന്നത്), അതേ പോലെ മരിക്കുന്പോൾ ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ആത്മതലത്തിൽ നോക്കിയാൽ മരണമെന്നത് ഒരവസ്‌ഥയിൽ നിന്ന് മറ്റൊരു അവസ്‌ഥയിലേക്കുള്ള ഒരു പ്രവേശനം മാത്രം... അറിവുള്ളവർക്ക് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടാകില്ല"

നമ്മൾ ഈ ലോകത്തിലുള്ള വ്യക്തികളോടും വസ്തുക്കളോടും നമ്മുടെ തന്നെ ശരീരത്തോടും ഇടപഴകുന്പോൾ ഉണ്ടാകാവുന്ന വാസനകളാണ് (Tendencies) കാമ-ക്രോധ-ലോഭ-മദ-മോഹ-മാത്സര്യം. ഉദാഹരണത്തിന്, ഒരാൾക്ക് മറ്റൊരാളോട് ക്രോധം ഉണ്ടാകുന്ന എന്നത് സ്വാഭാവികമാണ്.. കുറച്ച് കഴിയുന്പോൾ അതില്ലാതാകുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ, ക്രോധം ഇപ്പോഴും ഉള്ളിൽ നിറഞ്ഞ് നിന്നാൽ അതൊരു 'വാസനയായി' നമ്മുടെയുള്ളിൽ പതിയുന്നു. ഇത്  പോലെ തന്നെയാണ് ബാക്കിയുള്ള മറ്റ് വാസനകളും. മരിക്കുന്ന സമയത്ത് ഈ വാസനകൾ ഉണ്ടെങ്കിൽ അത് പൂർത്തീകരിക്കാൻ, ആത്മാവിനോട് കൂടെ ഈ വാസനകളും പുതിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പറയുന്നു. വളരെ ചെറിയ കുട്ടികൾ പാട്ടിലും, നൃത്തത്തിലുമൊക്കെ പ്രകടിപ്പിക്കുന്ന കഴിവുകൾ, ഇത്ര കുഞ്ഞുപ്രായത്തിലെ എവിടെ നിന്ന് കിട്ടിയെന്ന് ചിലപ്പോൾ നമുക്ക് തോന്നാറുണ്ട്. അതൊക്കെ മുൻ ജന്മ വാസനകളുടെ തുടർച്ചയാണ്. അത് പോലെ, കുട്ടിക്കാലം മുതലേ ക്രൂരത, മോഷണം എന്നിവ കാണിക്കുന്നതും മുൻ ജന്മ വാസനകളുടെ തുടർച്ചയാണ് (ചിലപ്പോൾ അതൊക്കെ ജീവിത സാഹചര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാകാം. പക്ഷെ, അങ്ങനെയല്ലാതെ കേസുകളും ഉണ്ട്).ഇതൊക്കെയാണ് പുരാണങ്ങളിലും മറ്റു ക്രൂരരായ കഥാപാത്രങ്ങൾ ഏതെങ്കിലും ഒരു അസുരന്റെ പുനർജന്മമായിരുന്നു എന്നൊക്കെ പറയുന്നത്.'ക്രൂരത' എന്ന വാസന മുൻ ജന്മത്തിൽ നിന്നും ഈ ജന്മത്തിലേക്ക് വന്നിരിക്കുന്നുവെന്നർത്ഥം.

അതിന് നമ്മളിപ്പോൾ എന്ത് ചെയ്യണം?

നമ്മൾ ഇവിടേക്ക് ഒന്നും കൊണ്ട് വന്നിട്ടില്ല, കൊണ്ട് പോകാനുമില്ല..
നമ്മൾ ആരോടും കടപ്പെട്ടിരിക്കുന്നില്ല, 
ആരും നമ്മളോടും കടപ്പെട്ടിരിക്കുന്നില്ല..
നമുക്ക് ഒന്നും ചെയ്ത് തീർക്കാനില്ല..
നമുക്ക് സഫലീകരിക്കാത്ത ആഗ്രഹങ്ങളില്ല
നമുക്ക് ആരോടും വിരോധമില്ല... ദേഷ്യമില്ല..
...
...
അതായത്..  
 
ഈ ലോകത്തിലെ വ്യക്തികളോടോ, വസ്തുക്കളോടോ, സ്വന്തം ശരീരത്തോടോ ഒന്നിനോടും ഒരു ബന്ധനവുമില്ലാതെ, കാമ-ക്രോധ-ലോഭ-മദ-മോഹ-മാത്സര്യം എന്നീ വാസനകൾ എല്ലാം ഇല്ലാതാക്കി, നമുക്ക് ശരീരം വെടിയാൻ  പറ്റുമെങ്കിൽ, അതായിരിക്കും ഏറ്റവും ശാന്തമായ മരണം... ഏറ്റവും സുഖകരമായ മരണം... ആ സ്‌ഥിതിയിലെത്തിയവർക്ക്, അവർ മരിക്കുന്നു എന്ന തോന്നൽ പോലുമുണ്ടാകില്ല. 
 
അതിനുള്ള വഴിയാണ്.. ഭാഗവതം.. 7 ദിവസത്തിനുള്ളിൽ തക്ഷകൻ കടിച്ച് മരിക്കുമെന്ന ശാപം കിട്ടിയ പരീക്ഷിത്ത്, ശുകമഹർഷി ഉപദേശിച്ച ഭാഗവതം കേട്ട്, എല്ലാ വാസനകളും വെടിഞ്ഞ് ഒന്നിനോടും ബന്ധനമില്ലാതെ, തക്ഷകൻ വരുന്നതിന് മുൻപേ തന്നെ ശരീരം വിട്ടു പോയിരുന്നു... തക്ഷകൻ നശിപ്പിച്ചത്  പരീക്ഷിത്തിന്റെ ശരീരത്തെ മാത്രം...
 
---
 
ലോകാ സമസ്താ സുഖിനോ ഭവന്തു 
 
[01232023 ]



No comments:

Post a Comment