ഇതിഹാസങ്ങളിലെ സംഭവങ്ങളെ പറ്റി പലർക്കും തെറ്റിദ്ധാരണ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന്, "ചരിത്രം, ഇതിഹാസങ്ങൾ, തെറ്റിദ്ധാരണകൾ" എന്ന ലേഖനത്തിൽ ഞാൻ എഴുതിയിരുന്നു. ജീവിതമൂല്യ സംപുഷ്ടമായ ചരിത്രവിവരണമാണ് ഇതിഹാസങ്ങൾ. അതിലെ ജീവിതമൂല്യങ്ങളെ മുഴുവൻ തഴഞ്ഞ്, വെറും സംഭവങ്ങൾ നിറഞ്ഞ ചരിത്രമാക്കി പറയുന്നത് കൊണ്ടാണ് പലർക്കും ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത്.
അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് മഹാഭാരതത്തിലെ ദ്രോണരും ഏകലവ്യനും തമ്മിലുള്ള ബന്ധം.
ഒരു കാട്ടാളനായിരുന്ന ഏകലവ്യൻ അസ്ത്രശസ്ത്ര വിദ്യ പഠിക്കാനുള്ള ആഗ്രഹവുമായി ദ്രോണരെ സമീപിക്കുന്നു. ഏകലവ്യൻ ഒരു താഴ്ന്ന ജാതിയിൽ പെട്ട ആളായതുകൊണ്ടു ദ്രോണർ അസ്ത്രശസ്ത്ര വിദ്യകൾ പഠിപ്പിക്കാൻ വിസമ്മതിക്കുന്നു. ഏകലവ്യൻ ദ്രോണരുടെ ഒരു പ്രതിമയുണ്ടാക്കി അതിനെ സാക്ഷി നിർത്തി സ്വയം അസ്ത്രശസ്ത്ര വിദ്യ പഠിച്ച് അർജുനനേക്കാളും മിടുക്കാനാകുന്നു. ഏകലവ്യൻ ഇങ്ങനെ പഠിക്കുന്നത് ദ്രോണർ അറിയുന്നില്ല. ഒരു ദിവസം ദ്രോണരും അർജുനനും ഇത് മനസ്സിലാക്കുന്നു. അസ്ത്രശസ്ത്ര വിദ്യയിൽ തന്നേക്കാൾ മിടുക്കനായ മറ്റൊരാളെ കണ്ട, മനസമാധാനം നഷ്ടപ്പെട്ട അർജുനന്റെ നിർബന്ധപ്രകാരം ദ്രോണർ ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി ചോദിക്കുന്നു. ദ്രോണരോട് അതി തീവ്രമായ ഗുരുഭക്തിയുള്ള ഏകലവ്യൻ യാതൊരു മടിയും കൂടാതെ തള്ളവിരൽ മുറിച്ചുകൊടുക്കുന്നു. അങ്ങനെ അർജുനൻ ഏറ്റവും നിപുണനായ വില്ലാളിയായി തുടർന്നു. (ഏതാണ്ട് ഇതുപോലെയൊക്കെ ആയിരിക്കും മിക്ക ആൾക്കാരും മനസ്സിലാക്കിയിരിക്കുന്നത്)
ഈ ബന്ധത്തെ പറ്റി പലർക്കും പല തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട്. അതിൽ ചിലത്..
- ജാതീയമായ അവഗണന. ഇതിനെ, രാഷ്രീയമായി വ്യാഖ്യാനിച്ച്, ഒരു കാട്ടാളനായ (താഴ്ന്ന ജാതിക്കാരനായ) ഏകലവ്യനോട് ഉന്നത കുലജാതനായ (ബ്രാഹ്മണൻ) ദ്രോണർ വളരെ അനീതി കാണിച്ചു എന്ന് വ്യാഖ്യാനിച്ച് സംതൃപ്തി നേടുന്നവരുണ്ട്. രാഷ്രീയക്കാരുടെയും മറ്റു പലരുടെയും പ്രിയപ്പെട്ട ഒരു പോയിന്റ് ആണിത്.
- അർജുനനോടുള്ള ദ്രോണരുടെ അതിരുകടന്ന പക്ഷപാതം (അത് കൊണ്ടാണ് ദ്രോണർ ഏകലവ്യന്റെ തള്ളവിരൽ ചോദിച്ചതും, ഏകലവ്യനെ അന്പെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കിയതും)
- മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട്, ദ്രോണർ ഒരു നല്ല വ്യക്തിയല്ല. ഒരു നല്ല ഗുരുവല്ല.
- ചോദിച്ചപ്പോഴേക്കും വിരൽ മുറിച്ചുകൊടുത്ത ഏകലവ്യൻ എത്ര നല്ലവൻ... ഇങ്ങനെ ഏകലവ്യനെ പോലെയുള്ള നല്ലവരെ ചതിച്ച കഥാപാത്രങ്ങളുള്ള മഹാഭാരതം അത്രക്ക് നല്ലതൊന്നുമല്ല.
താഴ്ന്ന ജാതി, മേലെയുള്ള ജാതി
------------------------------------------
ഏകലവ്യൻ ഒരു താണ ജാതിക്കാരനാണോ? ഏകലവ്യൻ നിഷാദ രാജാവ് ഹിരണ്യധനുസ്സിന്റെ (വളർത്തച്ഛൻ) പുത്രനാണ്... ഒരു രാജകുമാരനാണ്. അവർ ദളിതരെപോലെയുള്ളവരൊന്നുമല്ല. ക്ഷത്രിയരോട് തുല്യർ തന്നെയാണ്. അപ്പോൾ ദ്രോണർ ജാതീയമായി അവഗണിച്ചു എന്ന് പറയുന്നതിലൊന്നും കാര്യമില്ല.
ദ്രോണർ എന്ത് കൊണ്ട് ഏകലവ്യനെ പഠിപ്പിച്ചില്ല?
--------------------------------------------------------------
ദ്രോണർ പിന്നെ എന്തുകൊണ്ട് ഏകലവ്യനെ പഠിപ്പിച്ചില്ല. ദ്രോണർ ഏകലവ്യനോട് പറഞ്ഞത് ഏതാണ്ടിതുപോലെയാണ്.. "ഞാൻ നിന്നെ പഠിപ്പിക്കില്ല. കാരണം, നീ നിഷാദവംശത്തിൽ പെട്ട നിഷാദപുത്രനാണ്. നിനക്ക് നിന്റേതായ ഒരു പാരന്പര്യമുണ്ട്, പൈതൃകമുണ്ട്. അതെപ്പോഴും മുന്നിൽ നിൽക്കും.. ഇന്നത് മുന്നിൽ കാണുന്നില്ലെങ്കിലും ഭാവിയിൽ തീർച്ചയായും അതുണ്ടാകും. ഞാൻ പഠിപ്പിക്കുന്ന ഹസ്തിനപുരത്തിലെ കൗരവരുടെയും പാണ്ഡവരുടെയും പൈതൃകവും പാരന്പര്യവും വേറെയാണ്. അതുകൊണ്ട്, നിന്റെ ജീവിതവും കൗരവപാണ്ഡവരുടെ ജീവിതവും വേറെ തരത്തിലാണ്. നിങ്ങൾ തമ്മിൽ ആശയസംഘട്ടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഞാനിപ്പോൾ പഠിപ്പിക്കുന്ന ശിഷ്യന്മാരുടെ (കൗരവരുടെയും പാണ്ഡവരുടെയും) നന്മയെ ഓർത്ത് നിന്നെ ശിഷ്യനായി സ്വീകരിക്കുന്നില്ല".
ഇങ്ങനെ ദ്രോണർ പറഞ്ഞതിലെന്താണ് തെറ്റ്. വേറൊരു രീതിയിൽ നോക്കിയാൽ.. വളരെ കാലങ്ങൾക്ക് ശേഷം, മഗധ രാജ്യത്തിലെ രാജാവായിരുന്ന ജരാസന്ധൻ, യുധിഷ്ഠിരൻ ചെയ്ത അശ്വമേധ യാഗത്തിനുള്ള ഒരു പ്രധാന എതിരാളിയായിരുന്നു. ഈ ജരാസന്ധനെയാണ് ഭീമൻ കൃഷ്ണന്റെ സഹായത്തോടെ വധിച്ചിട്ടുള്ളത്. കൂടാതെ ജരാസന്ധൻ കർണ്ണനുമായി യുദ്ധം ചെയ്ത് തോറ്റിട്ടുണ്ട്. ഈ ജരാസന്ധന്റെ സേനാധിപതി ആയിരുന്നു ഏകലവ്യന്റെ വളർത്തച്ഛനായ ഹിരണ്യധനുസ്സ്. അതുകൊണ്ട്, പാണ്ഡവരും കൗരവരുമായി ആശയസംഘട്ടനങ്ങൾ ഉണ്ടായിരുന്ന മറുഭാഗത്തിന്റെ പരന്പരയിൽ പെട്ടയാളാണ് ഏകലവ്യൻ. അങ്ങനെയൊക്കെ ആയിത്തീരാൻ സാധ്യതയുള്ള ഒരാളെ പഠിപ്പിക്കുന്നത് എന്തുകൊണ്ടും കൗരവർക്കും പാണ്ഡവർക്കും ഭാവിയിൽ പ്രശ്നമാകുമെന്ന് ദ്രോണർക്ക് ദീർഘദൃഷ്ടി ഉണ്ടായിരുന്നു.
ജനാധിപത്യ ഭരണമുള്ള ഇക്കാലത്ത്, ആർക്കെങ്കിലും വിദ്യാഭ്യാസം നിരസിച്ചു എന്ന് കേട്ടാൽ ചോര തിളക്കും. പക്ഷെ, മഹാഭാരതം ജനാധിപത്യ ഭരണമുള്ള കാലത്തല്ല ഉണ്ടായിട്ടുള്ളത്. രാജഭരണം ഉള്ള കാലത്തായിരുന്നു.കൂടാതെ, ദ്രോണർ പഠിപ്പിച്ചു കൊടുത്തിരുന്നത് (a+b)^2 = a^2 + 2ab + b^2 അല്ല. ആളെ കൊല്ലുന്ന വിദ്യയാണ് പഠിപ്പിച്ചു കൊടുത്തിരുന്നത്. അത് ഒരിക്കൽ പഠിപ്പിച്ചു കൊടുത്താൽ തിരിച്ചെടുക്കാൻ പറ്റില്ല. അക്കാലത്ത് ഗുരുക്കൾ, ആത്മസംയമനവും മനോനിയന്ത്രണവും ഉള്ള ശിഷ്യർക്ക് മാത്രമേ മാരകമായ ആയുധങ്ങളും വിദ്യകളും പഠിപ്പിച്ചു കൊടുത്തിരുന്നുള്ളൂ. ഉദാഹരണത്തിന്, ദ്രോണർ സ്വന്തം മകനായ അശ്വത്ഥാമാവിന് പഠിപ്പിച്ചു കൊടുക്കാത്ത പല വിദ്യകളും അർജുനന് പഠിപ്പിച്ചു കൊടുത്തിരുന്നു. കാരണം, അർജുനന് ആ അസ്ത്രശസ്ത്ര വിദ്യകൾ വേണ്ട സമയത്ത് മാത്രം ഉപയോഗിക്കാനുള്ള സംയമനം ഉണ്ടായിരുന്നു. അശ്വത്ഥാമാവിന് അങ്ങനെയുള്ള ഒരു സംയമനം ഉണ്ടായിരുന്നില്ലെന്ന് ദ്രോണർക്ക് അറിയാമായിരുന്നു. ഭാവിയിൽ ഏകലവ്യൻ കാണിച്ചുകൂട്ടിയ കാര്യങ്ങൾ നോക്കുന്പോൾ ഏകലവ്യന് അസ്ത്രശസ്ത്ര വിദ്യകൾ പഠിപ്പിച്ചു കൊടുക്കുന്നത് എന്ത് കൊണ്ടും സമൂഹത്തിനും കുരുവംശത്തിനും ഹസ്തിനപുരത്തിനും അപകടം വരുത്താൻ സാധ്യത ഉണ്ടാകുമായിരുന്നു എന്ന ദ്രോണരുടെ ദീർഘ ദൃഷ്ടിയെ നമുക്ക് മനസ്സിലാക്കിത്തരുന്നു.
ഏകലവ്യന്റെ തിരസ്കാരം
------------------------------
ദ്രോണർ ഏകലവ്യനെ തിരസ്കരിച്ചു. അതുകൊണ്ടല്ലേ, ദ്രോണരുടെ പ്രതിമ വച്ച് ഏകലവ്യൻ വിദ്യ അഭ്യസിച്ചത്. ഇക്കാലത്തെ ജീവിതം വച്ച് നോക്കുന്പോൾ അതിൽ വലിയ തെറ്റൊന്നും തോന്നില്ലെങ്കിലും, ദ്രോണർ എന്ന ഒരു ഗുരു ഇല്ലായിരുന്നെങ്കിൽ ഏകലവ്യൻ ഇങ്ങനെ വിദ്യ പഠിക്കില്ലായിരുന്നു. അപ്പോൾ ദ്രോണർ തിരസ്കരിച്ചാൽ.. പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ.. പിന്നെ ഏകലവ്യൻ ദ്രോണരെ ആലോചിച്ച് വിദ്യ സന്പാദിക്കുന്നത് ശരിയല്ല. അതായത് ദ്രോണർ ഏകലവ്യനെ തിരസ്കരിച്ച പോലെ ഏകലവ്യൻ ദ്രോണന്റെ തിരസ്കാരത്തെ തിരസ്കരിച്ചു..
ഏകലവ്യനും കൃഷ്ണനും
-----------------------------
കൃഷ്ണന്റെ cousin ആണ് ഏകലവ്യൻ. അധർമ്മത്തിന്റെ പ്രതീകങ്ങളായ ജരാസന്ധനും ശിശുപാലനും വേണ്ടി ഏകലവ്യൻ കൃഷ്‌ണനെ ദ്രോഹിച്ചിട്ടുണ്ട്. ഏകലവ്യനെ വധിച്ചത് കൃഷ്ണനാണ്. ഞാനിത് വായിച്ചറിയുന്നത് ഈയടുത്തിടെയാണ്. പലർക്കും ഇതറിയാനും വഴിയില്ല. കൃഷ്ണൻ വധിച്ചു എന്നറിഞ്ഞാൽ എന്തായാലൂം വധിക്കപ്പെട്ടയാൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് എല്ലാവരും ആലോചിക്കും. പക്ഷെ ഇതൊന്നും അറിയാത്ത ആൾക്കാർ എന്നും ഏകലവ്യന് നേരിടേണ്ടി വന്ന സ്ഥിതിയാലോചിച്ച് പരിതപിക്കും.
ഗുരുദക്ഷിണ
-----------------
അർജുനനെ സന്തോഷിപ്പിക്കാനാണ് ദ്രോണർ ഏകലവ്യന്റെ തള്ളവിരൽ ചോദിച്ചതെന്നാണ് അധികം പേരും കരുതുന്നത്. പക്ഷെ, അതങ്ങനെയല്ല. ദ്രോണർ ഹസ്തിനപുരത്തിലെ ഗുരുവാണ്.. ഒരു ജോലിക്കാരനാണ്.. ഹസ്തിനപുരത്തിന് വേണ്ടി നല്ല പോരാളികളേയും വില്ലാളികളേയും ഉണ്ടാക്കുക എന്നതാണ് ദ്രോണരുടെ ജോലി. താൻ പഠിപ്പിച്ച ശിഷ്യന്മാരേക്കാളും മിടുക്കനായ മറ്റൊരു വില്ലാളി എന്തുകൊണ്ടും ഹസ്തിനപുരത്തിന് ഭീഷണിയാണ്. ഇക്കാലത്ത് ന്യൂക്ലിയർ പവർ ആയ രാജ്യങ്ങൾ മറ്റു രാജ്യങ്ങൾ ന്യൂക്ലിയർ പവർ ആകാതിരിക്കാൻ ശ്രമിക്കുന്നപോലെ. അത് കൊണ്ടാണ് ദ്രോണർ ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി ചോദിച്ച് ഏകലവ്യനെ ശക്തനായി പോരാടാൻ പറ്റാതാക്കിയത്. ഹസ്തിനപുരത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് ദ്രോണർ അങ്ങിനെ ചെയ്തത്, അല്ലാതെ അർജുനനോടുള്ള വാത്സല്യം കൊണ്ടൊന്നുമല്ല.
ഏകലവ്യൻ കാണിച്ച് തരുന്ന മൂല്യങ്ങൾ
---------------------------------------------------
ദ്രോണർ ചെയ്തതൊക്കെ ശരിയാണെന്ന് പറഞ്ഞാലും ഏകലവ്യൻ പ്രകടമാക്കിയ ജീവിതമൂല്യങ്ങൾ വളരെ വിലപ്പെട്ടതാണ്.
1. ശ്രദ്ധ: ഭഗവദ് ഗീതയിൽ പതിനേഴാമത്തെ അദ്ധ്യായം ശ്രദ്ധയെ പറ്റിയാണ്. പൊതുവെ, ശ്രദ്ധ എന്ന് പറയുന്പോൾ കാത് കൂർപ്പിച്ച് കേൾക്കാനോ സൂക്ഷ്മമായി നോക്കാനോ ഒക്കെയായിരിക്കും ഉദ്ദേശിക്കുന്നത്. പക്ഷെ, ശ്രദ്ധ എന്നത് പൂർണമാകണമെങ്കിൽ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളോട് കൂടി ചേരണം. അസ്ത്രശസ്ത്ര വിദ്യയിൽ ഏകലവ്യൻ കാണിച്ചിരുന്ന ശ്രദ്ധ കൊണ്ട് മാത്രമാണ്, ഏകലവ്യന് അതിൽ നിപുണൻ ആകാൻ പറ്റിയത്. നമുക്കെല്ലാവർക്കും പിന്തുടരാൻ പറ്റിയ ഒരു ജീവിതമൂല്യമാണത്. ചെയ്യുന്ന കാര്യം മനസ്സും ബുദ്ധിയും ശരീരവും ഒക്കെ ഒന്നായി ചെയ്യുന്പോളാണ് ഏറ്റവും കൂടുതൽ ശ്രദ്ധയോടെ അക്കാര്യം ചെയ്യാൻ പറ്റുന്നതും, ചെയ്യുന്ന കാര്യത്തിൽ വളരെ നല്ല രീതിയിൽ വിജയമുണ്ടാകുന്നതും.
2. ഗുരുഭക്തി: ദ്രോണർ ചോദിച്ചപ്പോഴേക്കും ഏകലവ്യൻ തന്റെ തള്ളവിരൽ മുറിച്ചുകൊടുത്തത്, ഏകലവ്യന് ദ്രോണരോട് അതിതീവ്രമായ ഗുരുഭക്തിയുള്ളതു കൊണ്ടായിരുന്നു. ഗുരു ദൈവതുല്യമാണെന്നതിനെ ആ പ്രവർത്തിയിലൂടെ ഏകലവ്യൻ നമുക്ക് കാട്ടിത്തരുന്നു.
ദ്രോണർ നല്ല വ്യക്തിയല്ല... മഹാഭാരതം നല്ലതൊന്നുമല്ല
-----------------------------------------------------------------------
മഹാഭാരതം എല്ലാ തരത്തിലുള്ള ആൾക്കാരെയും കാണിച്ചു തരുന്നു. ചിലർ നല്ലവർ.. ചിലർ വളരെ ചീത്ത ആൾക്കാർ. ഓരോരുത്തരും നാം പിന്തുടരേണ്ട മൂല്യങ്ങളെയോ അല്ലെങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പോലത്തെ കാര്യങ്ങളെയോ കാണിച്ചുതരുന്നു. ഹസ്തിനപുരത്തിന്റെ നന്മക്കും നല്ലതിനും വേണ്ടി ഏതൊരാളും ചെയ്യുന്നതേ, ദ്രോണരും ചെയ്തിട്ടുള്ളൂ. ദ്രോണരുടെ രാജ്യതന്ത്രവും, അപകടം മുൻകൂട്ടിയറിയാനുള്ള ദീർഘവീക്ഷണവും ആണ് ഇതിലൂടെ പ്രകടമാകുന്നത്. അതുപോലെ, സഹതാപത്തോടെ നോക്കിക്കാണേണ്ട കഥാപാത്രമല്ല ഏകലവ്യന്റേത്. ഏകലവ്യന് തന്റേതായ ഒരു ചീത്തവശമുണ്ടെങ്കിലും - ശ്രദ്ധ, ഗുരുഭക്തി എന്നീ മൂല്യങ്ങൾ നിറഞ്ഞ ആ വ്യക്തിത്വത്തെയാണ് എല്ലാവരും കണ്ടുപഠിക്കേണ്ടതും അനുകരിക്കേണ്ടതും.
ഇതിഹാസങ്ങളിൽ വേണ്ടത് നോക്കാനോ, അതിൽ കണ്ടത് വേണ്ട പോലെ പറഞ്ഞു തരാനോ ഉള്ള ആൾക്കാർ വളരെ കുറവാണ്. ഉള്ളവരാകട്ടെ, നോക്കിക്കാണേണ്ടതിന്റെ opposite കാണുന്നു..തെറ്റായ കാര്യങ്ങളെ പൊലിപ്പിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ജനങ്ങൾക്ക് എല്ലാ തരത്തിലുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുന്നു.
[01232021]