മഹാഭാരതത്തിലെ 4 കാര്യങ്ങൾ
1. ദേവവ്രതന്റെ (ഭീഷ്മരുടെ) അച്ഛനായ ശന്തനുവിന് ഒരു മുക്കുവപെൺകൊടിയായ സത്യവതിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടാകുന്നു. സത്യവതിയുടെ മക്കൾ ഹസ്തിനപുരത്തിന്റെ രാജാവാകും എന്ന ഉറപ്പ് കിട്ടിയാൽ മാത്രമേ, വിവാഹത്തതിന് അനുവാദം നൽകൂ എന്നതിൽ, സത്യവതിയുടെ അച്ഛൻ ഉറച്ച് നിന്നു. ദേവവ്രതൻ അവിടെ ഉള്ളത് കൊണ്ട്, സത്യവതിയുടെ മക്കൾക്ക് രാജ്യാധികാരം കിട്ടില്ല എന്ന് തന്നെയായിരുന്നു, സത്യവതിയുടെ അച്ഛന്റെ വിശ്വാസം. പക്ഷെ, തന്റെ മകനായ ദേവവ്രതനെ തഴഞ്ഞ് ആ വിവാഹം കഴിക്കാൻ ശന്തനു തയ്യാറായില്ല. ഇതറിഞ്ഞ ദേവവ്രതൻ, തനിക്ക് രാജ്യം വേണ്ട എന്നും അതിനാൽ, ശന്തനുവും സത്യവതിയും തമ്മിലുള്ള വിവാഹം നടക്കണമെന്നും, അഭ്യർത്ഥിച്ചു. പക്ഷെ, ദേവവ്രതന്റെ മക്കൾ ഭാവിയിൽ രാജ്യാവകാശം ഉന്നയിച്ചാലോ, എന്നായി സത്യവതിയുടെ അച്ഛന്റെ വിഷമം. ആ പ്രശ്നത്തിന് പരിഹാരമായി, താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ദേവവ്രതൻ തീരുമാനിക്കുന്നു (അപ്പോൾ മുതലാണ്, ദേവവ്രതനെ ഭീഷ്മർ എന്ന് വിളിക്കപ്പെട്ടത്). അങ്ങനെ ശന്തനുവിന്റെയും സത്യവതിയുടെയും വിവാഹം നടക്കുന്നു.
2. മാദ്രിയുടെ സഹോദരനായ, ശാല്യൻ കൃഷ്ണന്'തുല്യനായ ഒരു പോരാളിയും, സാരഥിയുമായിരുന്നു. (സാരഥി എന്ന് പറഞ്ഞാൽ, രഥം നയിക്കുന്നവർ അല്ലെങ്കിൽ "തേരാളി". ഇവരെ വെറും ഡ്രൈവർ എന്ന രീതിയിൽ അല്ല അന്ന് കണ്ടിരുന്നത്. അക്കാലത്ത്, രഥിയേക്കാൾ [രഥി = പോരാളി] മാഹാത്മ്യം സാരഥികൾക്കായിരുന്നു. രഥികൾ തളർന്നാലോ അവശരായാലോ അവരെ ശാരീരികമായും മാനസികമായും ഉയർത്തേണ്ട ചുമതല സാരഥികൾക്കായിരുന്നു. അതാണ്, മഹാഭാരതയുദ്ധത്തിൽ കൃഷ്ണനെ സാരഥിയായി കിട്ടണമെന്ന് അർജുനൻ ആഗ്രഹിച്ചിരുന്നത്. അതിനെ സാർത്ഥമാക്കിക്കൊണ്ട്, തളർന്ന അർജുനനെ കൃഷ്ണൻ ഗീതോപദേശം വഴി യുദ്ധം ചെയ്യാൻ പ്രാപ്തനാക്കി). യുദ്ധത്തിൽ പാണ്ഡവരുടെ പക്ഷം ചേരാൻ പോയിരുന്ന ശാല്യനെ വളരെയധികം ആദിത്യമര്യാദയോടെ സ്വീകരിച്ചു. അതിൽ സന്തോഷിച്ച ശാല്യൻ, "യുധിഷ്ഠിരനെവിടെ?" എന്ന് ചോദിക്കുന്പോഴാണ്, "ഈ സ്വീകരണം മുഴുവൻ ദുര്യോധനൻ സൂത്രത്തിൽ ചെയ്തതാണെന്ന്" ശാല്യൻ മനസ്സിലാക്കുന്നത്. അങ്ങിനെ, ദുര്യോധനൻ ശാല്യനെ സൂത്രത്തിൽ തന്റെ പക്ഷം ചേർന്ന് യുദ്ധം ചെയ്യിപ്പിച്ചു.
3. മഹാഭാരത യുദ്ധം തുടങ്ങുന്നതിന് മുൻപ്, ദുര്യോധനനും അർജുനനും കൃഷ്ണന്റെ സഹായം തേടാൻ, കൃഷ്ണന്റെ അടുത്ത് ചെന്നു. "ഒന്നുകിൽ മുഴുവൻ നാരായണി സേന" അല്ലെങ്കിൽ "യുദ്ധം ചെയ്യാത്ത കൃഷ്ണൻ", ഇതിലേതാണ് വേണ്ടതെന്ന ചോദ്യത്തിന് "യുദ്ധം ചെയ്യാത്ത കൃഷ്ണനെ" മതി എന്നായിരുന്നു അർജുനന്റെ മറുപടി. "യുദ്ധം ചെയ്യാത്ത കൃഷ്ണനെ" കിട്ടിയിട്ടെന്താ കാര്യം, നാരായണി സേന മുഴവനെയും എനിക്ക് കിട്ടിയല്ലോ.. അത് ചോദിച്ച് വാങ്ങാത്ത അർജുനൻ വെറും മണ്ടൻ തന്നെയെന്നാണ് ദുര്യോധനൻ വിചാരിച്ചിരുന്നത്.
4. ദ്രൗപദി വസ്ത്രാക്ഷേപ സമയത്ത്, "താൻ സ്വാതന്ത്രയാണെന്ന" വാദത്തിന് എതിര് പറയാൻ പറ്റാതെ, കൗരവ സഭ ഒരു തീരുമാനമെടുക്കാൻ പറ്റാതായി. ദൃശ്യശക്തികൾ പരാജയപ്പെട്ടപ്പോൾ, ദൈവം അദൃശ്യശക്തികളുടെ രൂപത്തിൽ (കുറുക്കൻ ഓരിയിടൽ, കഴുകൻ പറക്കൽ etc.) പ്രത്യക്ഷപ്പെട്ടപ്പോൾ, അതിൽ പേടിച്ച ധൃതരാഷ്ട്രർ, ദ്രൗപദി സ്വതന്ത്ര ആണെന്ന് പ്രഖ്യാപിക്കുന്നു. ദ്രൗപദിയോട് ഇഷ്ടമുള്ള വരം ചോദിച്ചോളാൻ പറയുന്നു. ആ വരം വഴി, ദ്രൗപദി യുധിഷ്ഠിരനെ സ്വാതന്ത്രനാക്കുന്നു. ഇനിയും വരം ചോദിച്ചോളാൻ ധൃതരാഷ്ട്രർ പറയുന്നു. ആ വരം വഴി, ദ്രൗപദി ബാക്കി പാണ്ഡവരെയും സ്വതന്ത്രർ ആക്കുന്നു. ഇനിയും വരം ചോദിച്ചോളാൻ ധൃതരാഷ്ട്രർ ആവശ്യപ്പെടുന്നു. ദ്രൗപദി പറയുന്നു.. എനിക്കിനി വരം വേണ്ടായെന്ന്..
ഈ നാല് സംഭവങ്ങൾ തമ്മിലുള്ള സാദൃശ്യവും വ്യത്യാസവും എന്താണ്?
- അവനവൻ അർഹിക്കാത്തത് അടികൂടി വാങ്ങിയാലോ, ചതിയിലൂടെ നേടിയാലോ അത് നിലനിൽക്കില്ല എന്നതാണ് ഒന്നാമത്തെയും, രണ്ടാമത്തെയും സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
- അർഹതയുള്ളതെന്താണെന്നുള്ള തിരിച്ചറിവാണ് മൂന്നാമത്തെ സംഭവം സൂചിപ്പിക്കുന്നത്
- അർഹിക്കുന്നതിൽ കൂടുതൽ നേടേണ്ട ആവശ്യമില്ലെന്നാണ് നാലാമത്തെ സംഭവം സൂചിപ്പിക്കുന്നത്.
തന്റെ പേരക്കുട്ടികൾ രാജാക്കന്മാരാകണം എന്ന ആഗ്രഹം മൂത്ത്, ശന്തനുവിന്റെ മകനായ ദേവവ്രതനോ, ദേവവ്രതന്റെ മക്കൾക്കോ രാജാവാകാൻ പറ്റില്ല എന്ന ഉറപ്പ് നേടിയെടുത്താണ്, സത്യവതിയുടെ അച്ഛൻ മകളുടെ കല്യാണം നടത്തിയത്. എന്നിട്ടെന്തുണ്ടായി? സത്യവതിക്കുണ്ടായ രണ്ട്' മക്കൾ (വിചിത്രവീര്യൻ, ചിത്രാങ്കദൻ) ഹസ്തിനപുരത്തിന്റെ രാജാക്കന്മാരായിയെങ്കിലും രണ്ട് പേരും മക്കളില്ലാതെ മരിച്ചു. പിന്നീട്, വ്യാസനാണ് ഹസ്തിനപുരത്തിന്റെ അവകാശികളെ സൃഷ്ടിച്ചത്. അങ്ങിനെ ഉണ്ടായ കുട്ടികളും (പാണ്ഡു, ധൃതരാഷ്ട്രർ) അവരുടെ പിൻഗാമികളും തമ്മിലുണ്ടായ കുടുംബവഴക്ക് അവരുടെ കുലം മുടിച്ചു. ഭീഷ്മരുടെ കയ്യിൽനിന്നും, സത്യവതിയും അച്ഛനും രാജ്യം തട്ടിയെടുത്തെങ്കിലും, അവരൊക്കെ മണ്ണടിഞ്ഞപ്പോഴും ഭീഷ്മർ ഹസ്തിനപുരത്തുണ്ടായിരുന്നു. Basically, Bhishma outlived all of them. അത്യാഗ്രഹവും ആർത്തിയും കൊണ്ട് നേടിയെടുക്കുന്നതൊന്നും ശാശ്വതമായി നിലനിൽക്കില്ല.
ശാല്യനെ ചതിച്ചിട്ടാണ് ദുര്യോധനൻ തന്റെ പക്ഷത്ത് ചേർത്തത്. ദുര്യോധനൻ, തന്റെ സുഹൃത്തായ കർണ്ണനിലുള്ള വിശ്വാസം കൊണ്ടാണ് മഹാഭാരതയുദ്ധത്തിന് തയ്യാറായത്. അങ്ങനെയുള്ള കർണ്ണന്റെ മരണത്തിന്റെ കാരണക്കാരൻ ശാല്യൻ ആയിരുന്നു. കർണ്ണന്റെ സാരഥി ആയിരുന്ന ശാല്യൻ, രഥിയായ കർണ്ണനെ മാനസികമായി തളർത്തുന്ന രീതിയിലാണ് സംസാരിച്ചിരുന്നത്. അത് കർണ്ണന്റെ യുദ്ധവീര്യത്തെ ബാധിച്ചു. യുധിഷ്ഠിരന്റെ അഭ്യർത്ഥന മൂലമായിരുന്നു, ശാല്യൻ കർണ്ണനെ തേജോവധം ചെയ്തത്. അങ്ങിനെ, ദുര്യോധനൻ അർഹിക്കാത്തത്, ചതിയിലൂടെ നേടിയെടുത്തത്, തന്റെ തന്നെ നാശത്തിന് കാരണമായി.
യുദ്ധം ചെയ്യാത്ത കൃഷ്ണനാണ് ഏത് വലിയ സേനയെക്കാളും ശ്രേഷ്ഠം എന്നുള്ള തിരിച്ചറിവാണ്, അർജുനൻ കൃഷ്ണനെ തന്നെ മതിയെന്ന് പറയാൻ കാരണം. നല്ലതെന്താണ് എന്നും തനിക്കർഹതയുള്ളതെന്താണെന്നുമുള്ള തിരിച്ചറിവാണ് ഇത് സൂചിപ്പിക്കുന്നത്. യുദ്ധം ചെയ്യാത്ത കൃഷ്ണൻ തന്നെയാണ് മഹാഭാരതയുദ്ധത്തിന്റെ ജയപരാജയങ്ങൾ തീരുമാനിച്ചിരുന്നത്.
താൻ എന്ത് ധർമ്മസങ്കടത്തിലാണോ പെട്ടിട്ടുള്ളത്, അതിൽ നിന്ന് കരകയറുക എന്നതിനപ്പുറം കുരു സദസ്സിൽ നിന്ന് ഒന്നും നേടാനില്ലെന്നുള്ള ബോധമാണ്, കൂടുതൽ വരം വേണ്ട എന്ന് ദ്രൗപദി പറയാൻ കാരണം. ആ സദസ്സിൽ നിന്ന് താൻ അർഹിക്കുന്നത്, അവിടെ നിന്നുള്ള മോചനം മാത്രമാണെന്നും, അതിൽ കൂടുതലൊന്നും ആഗ്രഹിക്കേണ്ട ആവശ്യമില്ല എന്നും ദ്രൗപദിക്ക് അറിയാമായിരുന്നു.
PS: വരും തലമുറകളെ, ഇത് പോലെയുള്ള മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ പ്രചോദനം നൽകുന്നതാണ്, മഹാഭാരതമെന്ന ഇതിഹാസം.
[09292021]