1. "വിശ്വാമിത്രൻ ആരാണെന്നറിയാമോ?"
2. "എന്താണ് വിശ്വാമിത്രനെ പറ്റിയുള്ള അഭിപ്രായം?"
എന്നീ ചോദ്യങ്ങൾ, കഴിഞ്ഞ കുറച്ച നാളുകളായി പലരുടെയടുത്തും ഞാൻ ചോദിച്ചു. വിശ്വാമിത്രനെ പറ്റി അറിയാത്തവർ ആരുമില്ലയെങ്കിലും, പൊതുവെ മോശമായ അഭിപ്രായമാണുള്ളത്. "ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നയാൾ. പെണ്ണുങ്ങളെ കണ്ടാൽ നിയന്ത്രണമില്ലാത്തവൻ (മേനക, രംഭ), ഇയാളെ പോലെയുള്ളവരാണ് മിക്കവാറൂം സന്യാസിമാർ, യോഗികൾ.." ഇങ്ങനെ, പുച്ഛത്തോടും ഒരു കള്ളച്ചിരിയോടും കൂടി വളരെ നെഗറ്റീവ് ആയിട്ടുള്ള മറുപടികൾ മാത്രമാണ് ലഭിച്ചത്.
ഋഷി എന്നാൽ എന്താണ്? ഋഷിമാരുടെ categorization എങ്ങിനെയാണ്? ഇവ രണ്ടും മനസ്സിലായപ്പോഴാണ്, "ബ്രഹ്മർഷികൾ" ആണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരെന്നും, വിശ്വാമിത്രൻ ഒരു ബ്രഹ്മർഷിയായിരുന്നെന്നും മനസ്സിലാക്കിയത്. പരബ്രഹ്മത്തെ മനസ്സിലാക്കിയ, ആത്മനിയന്ത്രണം നേടിയ, senses and passions ൽ വളരെ നിയന്ത്രണമുള്ള ബ്രഹ്മർഷി വിഭാഗത്തിൽ പെടുന്ന വിശ്വാമിത്രനെ എന്തുകൊണ്ട് ആളുകൾ ഒരു ദേഷ്യക്കാരനായും, സ്ത്രീകളെ കണ്ടാൽ ഇളക്കം വരുന്നവനും ആയി കരുതുന്നു?
(ഋഷി - ഋഷിക)
വീണ്ടും വീണ്ടും ആവർത്തിക്കുന്നു. രാമായണമോ മഹാഭാരതമോ വേണ്ട പോലെ പഠിക്കാനോ പറഞ്ഞു കൊടുക്കാനോ അധികം ആൾക്കാരില്ല, അതിനെ വേണ്ട പോലെ പ്രോത്സാഹിപ്പിക്കാൻ ഭരണാധികാരികളുമില്ല. അമർ ചിത്രകഥ ലെവലിൽ ഉള്ള വിവരമേ ഭൂരിപക്ഷം ആൾക്കാർക്കും ഉള്ളൂ. പക്ഷെ, ഇവയിലേക്കു ആഴത്തിൽ ഇറങ്ങിച്ചെന്നാൽ, നമ്മളൊക്കെ ഇത്രയും കാലം മനസ്സിലാക്കിയ പലതും മണ്ടത്തരമായിരുന്നുവെന്ന് തിരിച്ചറിവുണ്ടാകും.
വിശ്വാമിത്രന്റെ കഥ
-------------------------
വിശ്വാമിത്രൻ വീരനും ധീരനും ധർമിഷ്ഠനുമായ ഒരു ക്ഷത്രിയരാജാവായിരുന്നു. ഒരിക്കൽ, ലോകസഞ്ചാരത്തിന്റെ ഭാഗമായി, തന്റെ സൈന്യവും പാരാവാരവുമായി വിശ്വാമിത്രൻ ബ്രഹ്മർഷിയായ വസിഷ്ഠനെ സന്ദർശിച്ചു. ലഭ്യമായ കായ്കനികളും പഴവർഗ്ഗങ്ങളും കൊടുത്ത് വസിഷ്ടൻ വിശ്വാമിത്രനെ സ്വീകരിച്ചു. അവർ രണ്ടു പേരും സംസാരിച്ചു. വസിഷ്ഠനും ശിഷ്യന്മാർക്കും വേണ്ട സൗകര്യങ്ങളും വിഭവങ്ങളും കിട്ടുന്നില്ലേ, എന്ന് വിശ്വാമിത്രൻ ക്ഷേമാന്വേഷണങ്ങൾ നടത്തി. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുവെന്നും, യാദൃശ്ചികമായി വന്നതിനാൽ വേണ്ടത്ര സൽക്കരിക്കാൻ പറ്റിയില്ല എന്നും, നന്നായി ആതിഥ്യമര്യാദയോടെ ക്ഷത്രിയ തേജസ്സ് തുടിക്കുന്ന ബലവാനും യോഗ്യനുമായ വിശ്വാമിത്രനെ സൽക്കരിക്കണമെന്നുണ്ട് എന്നും, വസിഷ്ഠൻ വിശ്വാമിത്രനോട് പറഞ്ഞു. തന്നെയും തന്റെ സൈന്യത്തെയും വേണ്ടപോലെ സൽക്കരിക്കാനുള്ള വിഭവങ്ങൾ വസിഷ്ഠന്റെ കുടീരത്തിൽ ഉണ്ടാകില്ല എന്നറിയാവുന്നത് കൊണ്ട്, ഇത് വരെ സൽക്കരിച്ച രീതിയും, തന്നെ പറ്റി സദ് വചനങ്ങൾ പറഞ്ഞതുമൊക്കെ തന്നെ, നല്ലൊരു സൽക്കാരം തന്നെയാണെന്ന് വിശ്വാമിത്രൻ മറുപടി പറഞ്ഞു. കൂടാതെ, ഞങ്ങളെ സ്നേഹത്തോടെ യാത്രയാക്കിയാൽ മാത്രം മതിയെന്നും വിശ്വാമിത്രൻ കൂട്ടിച്ചേർത്തു. (ഇത് വരെ വിശ്വാമിത്രന് വസിഷ്ഠനോട് ബഹുമാനവും ആദരവുമാണ് ഉണ്ടായിരുന്നത്). പക്ഷെ, സൽക്കരിക്കണമെന്ന് നിർബന്ധം പിടിച്ച വസിഷ്ഠൻ, തന്റെ പക്കലുള്ള ശബല എന്ന പേരുള്ള കാമധേനുവായ പശുവിനോട് (എന്ത് ചോദിച്ചാലും കൊടുക്കാൻ കഴിവുള്ള ഒരു പശു), വിശ്വാമിത്രനും സൈന്യത്തിനും പാരാവാരത്തിനുമുള്ള സൽക്കാരം ഒരുക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെ ശബല, വിശ്വാമിത്രനെയും സൈന്യത്തിനെയും അവർ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള ഒരു സൽക്കാരം നടത്തി അദ്‌ഭുതപ്പെടുത്തി. ഗംഭീരമായ സൽക്കാരം കഴിഞ്ഞപ്പോൾ, എന്ത് വേണമെങ്കിലും ഞൊടിയിടയിൽ നൽകാൻ കഴിവുള്ള ശബല എന്ന പശുവിനെ തനിക്ക് വേണമെന്ന ആഗ്രഹം വിശ്വാമിത്രനെ അലട്ടി. അതിനായി എന്ത് വേണമെങ്കിലും തരാൻ തയ്യാറാണെന്ന് വിശ്വാമിത്രൻ വസിഷ്ഠനോട് പറഞ്ഞു. പക്ഷെ, ശബല തനിക്ക് പ്രിയപ്പെട്ടതാണെന്നും എന്ത് തന്നാലും ശബലയെ തരാൻ പറ്റില്ലെന്നും വസിഷ്ഠൻ അറിയിച്ചു. ഇത് വരെ വസിഷ്ഠനോട് സ്നേഹവും ബഹുമാനവും തോന്നിയിരുന്ന വിശ്വാമിത്രന്റെ മട്ട് മാറി. ബലമായി ശബലയെ പിടിച്ചുകൊണ്ടുപോകുവാൻ വിശ്വാമിത്രൻ തയ്യാറായി (മനുഷ്യന്റെ സ്വഭാവം മാറാൻ ഒരു നിമിഷം പോലും വേണ്ട). ശബല വസിഷ്ഠന്റെ അടുത്ത് വന്ന്, തനിക്ക് വിശ്വാമിത്രന്റെ കൂടെ പോകണ്ട എന്ന് പറഞ്ഞു. വേണ്ട പോലെ കാര്യങ്ങൾ ചെയ്ത് വിശ്വാമിത്രനെ തടുത്തുനിർത്താൻ വസിഷ്ഠൻ ശബലക്ക് അനുവാദം കൊടുത്തു. ശബല ഞൊടിയിടയിൽ ഒരു സൈന്യത്തെ സൃഷ്ടിച്ച് വിശ്വാമിത്രനെയും സൈന്യത്തെയും തോൽപ്പിച്ചു.
തപസ്സ് 1 : തോറ്റു നാണം കേട്ട വിശ്വാമിത്രൻ ശിവനെ തപസ്സ് ചെയ്ത് വളരെ ശക്തമായ ആയുധങ്ങൾ നേടിയെടുത്തു (ഇങ്ങനെയുള്ള തപസ്സ് - താമസിക് ആയ തപസ്സാണ് - മറ്റുള്ളവരുടെ നാശത്തിന് വേണ്ടി ചെയ്യുന്ന തപസ്സ്). ആ ആയുധങ്ങളുമായി വിശ്വാമിത്രൻ വസിഷ്ഠനെ ആക്രമിച്ചു. വസിഷ്ഠൻ തന്റെ ബ്രഹ്മശക്തി കൊണ്ടും, തന്റെ കയ്യിലുള്ള ബ്രഹ്മദണ്ഡ് കൊണ്ടും വിശ്വാമിത്രനെ വീണ്ടും തോൽപ്പിച്ചു.
തപസ്സ് 2 : തന്റെ ക്ഷത്രിയ ശക്തിയും ആയുധങ്ങളുമൊക്കെ ബ്രഹ്മശക്തിക്കു മുൻപിൽ വെറും നിസ്സാരമാണെന്ന ബോധോദയമുണ്ടായ വിശ്വാമിത്രൻ വസിഷ്ഠനെ പോലെ ഒരു ബ്രഹ്മർഷി ആകുവാൻ വേണ്ടി വീണ്ടും തപസ്സ് ചെയ്തു. വളരെ കാലം തപസ്സ് ചെയ്തപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രനെ രാജർഷിയായി പ്രഖ്യാപിച്ചു. താൻ ഇത്രയും കാലം തപസ്സ് ചെയ്തിട്ടും ബ്രഹ്മർഷിയാകാൻ പറ്റിയില്ല, വെറും രാജർഷിയാകാനേ പറ്റിയുള്ളൂ എന്ന പരിഭവമായിരുന്നു വിശ്വാമിത്രന്. ആ പരിഭവം തന്നെയാണ് പ്രശ്നമെന്ന് ബ്രഹ്മാവ് വിശ്വാമിത്രനോട് പറഞ്ഞു. (തപസ്സ് എന്നത് മനസ്സിനും ബുദ്ധിക്കും ആണ് ശുദ്ധി ഉണ്ടാക്കുന്നത്. മനസ്സിനും ബുദ്ധിക്കും ഏറ്റവും ശുദ്ധി ഉള്ളവരാണ് ബ്രഹ്മർഷികൾ)
തപസ്സ് 3 : "എനിക്ക് കിട്ടിയില്ലല്ലോ" എന്ന പരിഭവം മനസ്സിന്റെ ശുദ്ധിയില്ലായ്മയാണെന്ന് മനസ്സിലാക്കിയ വിശ്വാമിത്രൻ, അത് മാറ്റാനായി വീണ്ടും വളരെ കാലം തപസ്സ് ചെയ്തു. അതിനിടയിൽ മേനക വന്ന് വിശ്വാമിത്രന്റെ തപസ്സ് മുടങ്ങി. വിശ്വാമിത്രനും മേനകയും ഒരുമിച്ച് ജീവിച്ചു. കുറെ നാൾ കഴിഞ്ഞപ്പോൾ, ബ്രഹ്മർഷിയാകാനുള്ള തപസ്സിൽ നിന്നും താൻ വഴി മാറിപ്പോയിയെന്ന്, വിശ്വാമിത്രന് ബോധ്യമായി. മേനകയെ സ്നേഹത്തോടെ പറഞ്ഞയച്ചു.
തപസ്സ് 4 : മനസ്സ് കാമത്തിന് അടിമയായതാണ് തന്റെ തപസ്സിന് മുടക്കം വരുത്തിയതെന്നും, അല്ലാതെ മേനകയല്ല തപസ്സ് മുടക്കിയതെന്നും മനസ്സിലാക്കിയ വിശ്വാമിത്രൻ, കാമത്തെ അതിജീവിക്കാൻ വളരെയധികം നാൾ വീണ്ടും തപസ്സ് ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് വിശ്വാമിത്രനെ ഋഷിമുഖ്യൻ (മഹർഷി) ആയി പ്രഖ്യാപിച്ചു. അപ്പോൾ താൻ ജിതേന്ദ്രിയൻ (ഇന്ദ്രിയങ്ങളെ ജയിച്ചവൻ... ഇന്ദ്രിയങ്ങൾ വഴി മനസ്സിനുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയനല്ലാതെ ജീവിക്കാൻ പറ്റുന്നവൻ) ആയോ എന്ന് വിശ്വാമിത്രൻ ബ്രഹ്മാവിനോട് ചോദിച്ചു. "കാമം" എന്ന വികാരത്തിനെ താൻ അതിജീവിച്ചിരിക്കുന്നു എന്ന ബലത്തിലാണ് വിശ്വാമിത്രൻ അങ്ങിനെ ചോദിച്ചത്. വിശ്വാമിത്രൻ ജിതേന്ദ്രിയൻ ആയിട്ടില്ലെന്നും അതിന് ഇനിയും പരിശ്രമിക്കണമെന്നും ബ്രഹ്മാവ് പറഞ്ഞു.
തപസ്സ് 5 : ജിതേന്ദ്രിയനാകുവാൻ, വിശ്വാമിത്രൻ വീണ്ടും കുറെ കാലം തപസ്സ് ചെയ്തു. അതിനിടയിൽ രംഭ വിശ്വാമിത്രന്റെ തപസ്സ് മുടക്കുവാൻ വന്നു. ഇപ്രാവശ്യം വിശ്വാമിത്രൻ കാമത്തിന് അടിമയായില്ല. പക്ഷെ, ദേഷ്യത്തോടെ രംഭയെ ശപിച്ച് ഒരു കല്ലാക്കി മാറ്റി. പക്ഷെ, ഉടനെ തന്നെ, തന്റെ മനസ്സ് ക്രോധത്തിന് അടിമയായിരുന്നുവെന്ന് (അത് കൊണ്ടാണ് ജിതേന്ദ്രിയൻ ആയിട്ടില്ലെന്ന് ബ്രഹ്‌മാവ് പറഞ്ഞത്) മനസ്സിലാക്കിയ വിശ്വാമിത്രൻ, ഇനി ആരോടും ഒന്നിനും ദേഷ്യപ്പെടില്ല എന്ന നിലയിലെത്താൻ വേണ്ടി, വീണ്ടും തപസ്സു ചെയ്തു.
തപസ്സ് 6 : അങ്ങിനെ സൗശീല്യം വളർത്തിയെടുക്കാൻ കുറെ നാൾ നീണ്ട് നിന്ന തപസ്സ് കഴിഞ്ഞ്, വിശന്ന് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് ഇന്ദ്രൻ ബ്രാഹ്മണന്റെ വേഷത്തിൽ വന്ന് ഭക്ഷണം ചോദിച്ചു. താൻ കഴിക്കാനിരുന്ന ഭക്ഷണം ബ്രാഹ്മണന് കൊടുത്ത് വിശ്വാമിത്രൻ വീണ്ടും തപസ്സ് ചെയ്തു.
തപസ്സ് 7 : വളരെ കാലം വീണ്ടും തപസ്സ് ചെയ്തപ്പോൾ ബ്രഹ്മാവ് വീണ്ടും പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രന് ബ്രഹ്മർഷി പദം കൊടുത്തു. "എന്റെ ജീവിതത്തിലെ പരമമായ ആഗ്രഹം ബ്രഹ്മർഷിയായ വസിഷ്ഠൻ എന്നെ ബ്രഹ്മർഷിയാണെന്ന് വിളിക്കുന്നതാണെന്നും, അങ്ങനെ സാധിച്ചാൽ ഞാൻ കൃതാർത്ഥനാകുമെന്നും" വിശ്വാമിത്രൻ ബ്രഹ്മാവിനോട് പറഞ്ഞു. വസിഷ്ഠൻ അവിടെ പ്രത്യക്ഷപ്പെട്ട്, വിശ്വാമിത്രൻ ബ്രഹ്മർഷിയായിക്കഴിഞ്ഞിരിക്കുന്നുവെന്നും ഇനി മുതൽ താനും വിശ്വാമിത്രനും തമ്മിൽ ഒരു വ്യത്യാസവുമുണ്ടായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. (കുട്ടിക്കാലത്ത് ഇതിനെ പറ്റി കേട്ടിരിക്കുന്നത്, വസിഷ്ഠന്റെ വായിൽ നിന്ന് തന്നെ "ബ്രഹ്മർഷി" എന്ന് കേൾക്കാൻ വിശ്വാമിത്രൻ വാശി പിടിച്ചുവെന്നാണ്. പക്ഷെ വാശി പിടിക്കുകയല്ല.. അപേക്ഷിക്കുകയാണ് വിശ്വാമിത്രൻ ചെയ്തിട്ടുള്ളത്)
Summary
------------
ലോകത്തിൽ മനുഷ്യന്മാരെ കൊണ്ട് എല്ലാ കുരുത്തക്കേടുകളും ചെയ്യിപ്പിക്കുന്നത്, "കാമ-ക്രോധ-ലോഭ-മദ-മാത്സര്യം" ആണ്. ഇവയിൽ നിന്നും മോചനം കിട്ടിയാൽ മാത്രമേ, പരബ്രഹ്മത്തെ അറിയാനും ആത്മസാക്ഷാത്‍കാരം ഉണ്ടാകാനും പറ്റുകയുള്ളൂ. (At least, നമുക്കെല്ലാവർക്കും നല്ലൊരു വ്യക്തിത്വം ഉണ്ടാകണമെങ്കിൽ ഇവയിൽ നിന്നും മോചനം നേടേണ്ടത് ആവശ്യമാണ്). വിശ്വാമിത്രൻ ഘട്ടം ഘട്ടമായി ഇപ്പറഞ്ഞ "കാമ-ക്രോധ-ലോഭ-മദ-മാത്സര്യ" ങ്ങളിലെ ഓരോന്നിൽ നിന്നും മോചനം നേടുന്നത് കാണാം. മനസ്സിന്റെയും ബുദ്ധിയുടെയും ശുദ്ധീകരണം വഴിയാണ്, ഈ മോചനം നേടുന്നത്. ആ ശുദ്ധീകരണമാണ് തപസ്സ് ഉണ്ടാക്കി തരുന്നത് (സാത്വിക തപസ്സ് ചെയ്യുന്നത് മനസ്ഥലത്തിലും ബുദ്ധിതലത്തിലും ആയിരിക്കും). വസിഷ്ഠന്റെ ബ്രഹ്മശക്തിയുടെയും ബ്രഹ്മദണ്ഡിന്റെയും മുന്നിലെ തോൽവി, "ലോഭ-മദ-മാത്സര്യ" ങ്ങളിൽ നിന്നുള്ള മോചനത്തിന് വഴി തെളിച്ചു. പിന്നീട് വിശ്വാമിത്രൻ ബ്രഹ്മർഷിയാകാനാണ് (ബ്രഹ്മജ്ഞാനത്തിന്) പരിശ്രമിച്ചത്. മേനകയുമായുള്ള സഹവാസത്തിന് ശേഷം ചെയ്ത തപസ്സ് വഴി, "കാമ" ത്തിൽ നിന്ന് മോചനം നേടി. രംഭയെ ശപിച്ചതിന് ശേഷം ചെയ്ത തപസ്സ് വഴി, "ക്രോധത്തിൽ" നിന്ന് മോചനം നേടി.
വിശ്വാമിത്രൻ ഒരു ക്ഷത്രിയനായിരുന്നു. ക്ഷത്രിയന്മാർക്ക് 4 ആശ്രമങ്ങളായ "ബ്രഹ്മചര്യം-ഗാർഹസ്ഥ്യം-വാനപ്രസ്ഥം-സന്യാസം" എന്നിവയിൽ വാനപ്രസ്ഥം വരെയെത്താനേ പറ്റൂ എന്നും, സന്യാസത്തിലേക്ക് എത്തിച്ചേരാൻ പറ്റില്ലായെന്നുമാണ് പൊതുവെ കരുതുന്നത്. പക്ഷെ, വിശ്വാമിത്രൻ എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് "സന്യാസം" എന്നതിൽ എത്തുകയും, അതിന്റെ പരമോന്നതിയിൽ എത്തുകയും ചെയ്തു.
കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങൾ ഓരോന്നോരോന്നായി തരണം ചെയ്യുന്നതിനിടയിലും വിശ്വാമിത്രൻ ഒരു തപോധനനും, ഋഷിയും, രാജർഷിയും, മഹർഷിയുമൊക്കെ തന്നെയായിരുന്നു. "വിശ്വാമിത്രൻ ആരായിരുന്നു? എന്തായി? എങ്ങിനെയാണ് ആയത്" എന്നത് മുഴുവൻ മനസ്സിലാക്കിയാൽ തെറ്റിധാരണകൾ ഉണ്ടാകില്ല. അവിടന്നവിടന്ന് ഓരോ സംഭവങ്ങൾ മാത്രമെടുത്ത് നോക്കുന്പോൾ ആണ് എല്ലാ തെറ്റിദ്ധാരണകളും ഉണ്ടാകുന്നത്. മേനകയുടെ കൂടെ കഴിഞ്ഞു എന്ന് വച്ച്, പെണ്ണിനെ കണ്ടാൽ പെട്ടെന്ന് അടിതെറ്റുന്ന പോലെ ചിത്രീകരിക്കേണ്ട ആളല്ല വിശ്വാമിത്രൻ. അത് പോലെ, ദേഷ്യം കൊണ്ട് രംഭയെ ശപിച്ച് കല്ലാക്കി എന്ന് കരുതി, ഒരു കോപിഷ്ഠനായി ചിത്രീകരിക്കേണ്ട ആളല്ല വിശ്വാമിത്രൻ. ഒരു ക്ഷത്രീയനായ വിശ്വാമിത്രന് കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങളെ തരണം ചെയ്ത് ആത്മസാക്ഷാത്കാരം നേടാൻ പറ്റുമെങ്കിൽ, ആർക്കും ഈ നിലയിലേക്ക് എത്തിച്ചേരാൻ പറ്റുമെന്നാണ് വിശ്വാമിത്രന്റെ ജീവിതം കാണിച്ചു തരുന്നത്.
ഇനി നമുക്കേവർക്കും ചിന്തിക്കാം.. നമ്മളും കാമ-ക്രോധ-ലോഭ-മദ-മാത്സര്യങ്ങൾക്ക് അടിമകളല്ലേ? ആണെന്നറിഞ്ഞിട്ടും അതിനെ തരണം ചെയ്യാൻ നമ്മൾ ശ്രമിക്കുന്നുണ്ടോ?
PS: രാമായണത്തിൽ സീതാസ്വയവരത്തിന് വിശ്വാമിത്രൻ രാമനെ ജനകന്റെ രാജസദസ്സിൽ കൊണ്ടുപോയപ്പോൾ, ജനകന്റെ പുരോഹിതൻ ശതാനന്ദൻ വിശ്വാമിത്രനെ പറ്റി വിവരിക്കുന്നതാണ് മുകളിൽ എഴുതിയിരിക്കുന്നത്. അതിൽ നിന്നാണ് വിശ്വാമിത്രന്റെ മാഹാത്മ്യം മനസ്സിലാക്കുന്നത്. അതാണ് രാമായണത്തെ പറ്റി ശരിയായ അറിവ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം.
[10172021]