Sunday, November 28, 2021

കഴിവും അറിവും

കഴിവ് നിശ്ചയിക്കുന്നത് മനസ്സും അറിവ് നിശ്ചയിക്കുന്നത്  ബുദ്ധിയുമാണ്. 

ഓരോരോ കാര്യങ്ങൾ എത്ര നന്നായി ചെയ്തുതീർക്കാൻ പറ്റുന്നു എന്നത് ഓരോരുത്തരുടെയും കഴിവ് അനുസരിച്ചിരിക്കും. കഴിവ് എന്നത് മനസ്സിന്റെ ഒരു ബലമാണ് - WillPower. ഓരോരുത്തരുടെയും കഴിവുകൾ ഓരോരോ വിഷയങ്ങളിൽ ആയിരിക്കും. രണ്ട് കാര്യങ്ങളാണ് കഴിവിനെ നിശ്ചയിക്കുന്നത് - 
- വിഷയത്തെ പറ്റിയുള്ള അറിവ് 
- അനുകൂലമായ സാഹചര്യങ്ങൾ 

പക്ഷെ, വിഷയങ്ങളെ പറ്റി വേണ്ടത്ര അറിവുണ്ടെങ്കിലും, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും, അനവധി കാര്യങ്ങളിൽ വളരെയധികം കഴിവ്  (WillPower) പ്രകടിപ്പിക്കുന്നവർ പോലും ചില പ്രവർത്തികളിൽ പരാജയമാകുന്നത് കാണാം.  പല കാര്യങ്ങളിലും വേണ്ടത്ര അറിവുണ്ടെങ്കിലും, വളരെ പ്രധാനമായ ചില അറിവുകളില്ലാത്തതാണ് അതിന്റെ കാരണം.  ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇത് തുറന്ന് കാട്ടുന്ന സംഭവങ്ങൾ ഉണ്ട് 
- അസ്ത്രശസ്ത്രവിദ്യയിലും പുറം ലോകത്തെ വിഷയങ്ങളിലുമൊക്കെ നിപുണനായിരുന്ന അർജുനൻ, അവനവന്റെ ഉള്ളിനെ പറ്റിയുള്ള ആത്മീയമായ അറിവില്ലാത്തതിനാൽ, മഹാഭാരതയുദ്ധത്തിന് തൊട്ടുമുൻപ്, യുദ്ധം ചെയ്യാൻ പറ്റാതെ തളർന്നവശനായി.  (കൃഷ്ണന്റെ ഗീതോപദേശം ആത്മീയമായ അറിവിനെ കുറിച്ചായിരുന്നു)
- എല്ലാ ആഢംബരങ്ങളും ഉപേക്ഷിച്ച് രാമന്റെ കൂടെ കാട്ടിലേക്ക് പോയ, കടുത്ത സാഹചര്യങ്ങളെ നേരിടാൻ അത്രക്കും കഴിവ് - WillPower ഉണ്ടായിരുന്ന സീത, സ്വർണ്ണമാനെ കണ്ടപ്പോൾ മനസ്സിളകി അതിനെ വേണമെന്ന് വാശി പിടിച്ചത്, ആത്മീയമായി വേണ്ടത്ര അറിവ് ഇല്ലാത്തതിന്റെ ഉദാഹരണമാണ്. 
- ധർമ്മശീലനും, സത്യസന്ധനും ആയ പരീക്ഷിത്ത്,  ദേഷ്യപ്പെട്ട് ഒരു ചത്ത പാന്പിനെ ശമീക മഹർഷിയുടെ കഴുത്തിൽ കൊണ്ടിട്ടു. അതെ പരീക്ഷിത്ത്, തക്ഷകന്റെ കടിയേറ്റ് മരിക്കാൻ തയ്യാറായി ഇരിക്കുന്പോൾ, കടിക്കാൻ വരുന്ന തക്ഷകനെ ഓർത്ത് വിഷമിച്ചു. ഇതും അവനവന്റെ ഉള്ളിനെ പറ്റിയുള്ള ആത്മീയമായ അറിവില്ലാത്തതിനാലാണ് ഉണ്ടായത്. 

നമ്മുടെ ചുറ്റും ഉള്ള മനുഷ്യരിലും ഇതൊക്കെ കാണാം  
- വളരെ നന്നായി പാടാൻ "കഴിവ്" ഉള്ള ഒരു വ്യക്തിക്ക് സംഗീതത്തെ പറ്റിയുള്ള "അറിവ്" ഇല്ലെങ്കിൽ, പാടുന്ന സമയത്ത് അനവധി തെറ്റുകൾ ഉണ്ടാകും. (ഇത്, പുറം ലോകത്തുള്ള ഒരു വിഷയത്തെ പറ്റിയുള്ള അറിവില്ലാത്ത അവസ്ഥയാണ്)
- അവനവന്റെ ജോലി മേഖലയിൽ നിപുണനാണെങ്കിലും, ഏതൊരു ജോലിയിലും നിപുണൻ ആകാനുള്ള കഴിവുണ്ടെങ്കിലും, മക്കളുടെ മുന്നിൽ തകർന്ന് തരിപ്പണമായ എത്രയോ വ്യക്തികളുണ്ട്. (ഇത്, പുറം ലോകത്തെ പറ്റിയുള്ള അറിവ് ഇഷ്ടം പോലെയുണ്ടെങ്കിലും, അവനവന്റെ ഉള്ളിനെ പറ്റിയുള്ള വ്യക്തമായ അറിവില്ലാത്തതിന്റെ ഉദാഹരണമാണ്)

സാഹചര്യങ്ങൾ കഴിവിനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണം 
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായി അതിനെ ചോദ്യം ചെയ്യാൻ പോകണമെങ്കിൽ നമ്മുടെ കൂടെ കുറെ ആൾക്കാർ ഉണ്ടെങ്കിൽ, മനസ്സിന്റെ ബലം കൂടും. പക്ഷെ നമ്മളൊറ്റക്കാണെങ്കിൽ, വേണ്ടത്ര ധൈര്യം അല്ലെങ്കിൽ കഴിവ് - WillPower  - ഉണ്ടാകില്ല.
- നമ്മൾ എന്തെങ്കിലും ഒരു project ചെയ്യുന്നു. ആ വിഷയത്തിൽ ഒരറിവുമില്ലെങ്കിലും ഒരു സുഹൃത്തോ കുടുംബാംഗങ്ങളോ, മാനസികമായി ഒരു support തന്നാൽ, ചിലപ്പോൾ നമ്മുടെ കഴിവ് - മനസ്സിന്റെ ബലം - കൂടും. ആരോ കൂടെ ഉണ്ടെന്ന തോന്നൽ തന്നെയാണ് അവിടെ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്  

അങ്ങിനെ നോക്കുന്പോൾ, 
- പുറം ലോക വിഷയത്തെ പറ്റിയുള്ള അറിവ് 
- അവനവന്റ ഉള്ളിനെ കുറിച്ചുള്ള ആത്മീയമായ അറിവ് 
- കൂടെ ആരെങ്കിലും ഉണ്ടെന്ന അറിവ് 
എന്നിവ ഉണ്ടായാൽ, വേണ്ടത്ര കഴിവ് ഉണ്ടാകും. 

പുറം ലോകവിഷയത്തെ പറ്റിയുള്ള അറിവ് (ഉദാഹരണം: സംഗീതത്തെ കുറിച്ചുള്ള അറിവ്), വേണമെങ്കിൽ പഠിച്ചെടുക്കാവുന്നതേയുള്ളൂ. അങ്ങനെയുള്ള പുറംലോക അറിവിനെ പറ്റിയില്ല ഇവിടെ എഴുതുന്നത്. ബാക്കി രണ്ടറിവുകളെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. 

പുറം ലോകത്തെ ഏത് വിഷയത്തെ പറ്റി അറിവുണ്ടായാലും, മറ്റേതെങ്കിലും ഒരു വ്യക്തി കൂടെ ഉണ്ടെന്ന് തോന്നിയാലും, അതൊന്നും എല്ലാ സന്ദർഭങ്ങളിലും നമ്മളെ സഹായിക്കില്ല. അതിനാൽ ആ അറിവുകൾ ശാശ്വതമായ അറിവുകളല്ല (മേല്പറഞ്ഞ ഉദാഹരണങ്ങൾ നോക്കിയാൽ മനസ്സിലാകും... പുറംലോക അറിവുകളുള്ള അർജുനന്റെ അവസ്ഥ... പിന്നെ, കൂടെയുണ്ടെന്ന തോന്നൽ തരുന്ന സുഹൃത്തോ കുടുംബാംഗങ്ങളോ എന്നും കൂടെയുണ്ടാകണമെന്നോ, ഉണ്ടെങ്കിലും എന്നും അത് പോലെ ഒരു support തരുമെന്നോ പറയാൻ പറ്റില്ല). അപ്പൊൾ എന്താണ് ശാശ്വതമായ അറിവ്?

- നമ്മുടെ ഉള്ളിനെ പറ്റിയുള്ള അറിവാണ് ശരിയായ ശാശ്വതമായ ആത്മീയമായ അറിവ്. ആ അറിവ് ഇതാണ്  - "ശരീരത്തിനും മനസ്സിനും ബുദ്ധിക്കും അധിഷ്ഠാനമായി എല്ലാവരുടെയും ഉള്ളിൽ ഒരു ചൈതന്യമുണ്ട്. ആ ചൈതന്യമില്ലെങ്കിൽ മനസ്സ് ഉണരില്ല, ബുദ്ധി പ്രവർത്തിക്കില്ല, ശരീരം ചലിക്കില്ല. ആ ചൈതന്യം തന്നെയാണ് ഈശ്വരൻ.  ആര് കൂടെ ഉണ്ടായാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുള്ളത് ആ ചൈതന്യമാണ് - ഈശ്വരനാണ്. എല്ലാവരിലും ഉള്ള ആ ചൈതന്യം - ഈശ്വരൻ - ഒന്ന് തന്നെ. ആ ചൈതന്യം - ഈശ്വരൻ - എന്നും നിലനിൽക്കുന്നു. അതിന് ജനനവുമില്ല..  മരണവുമില്ല."

ഈ അറിവ് കൊണ്ട് വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ വേണ്ട പോലെ ചെയ്യാനുള്ള കഴിവ് ഉണ്ടാകും. എങ്ങിനെ? ഒരു ഉദാഹരണം വഴി പറയാൻ ശ്രമിക്കാം. 

അമിതമായ പുത്രവാത്സല്യം കൊണ്ടാണ്, തെറ്റാണെന്നറിഞ്ഞിട്ടും ധൃതരാഷ്ട്രർ ദുര്യോധനന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട് നിന്നത്. താനും തന്റെ മകനും ശരീരം/മനസ്സ്/ബുദ്ധി തലത്തിൽ വേറെ വേറെയാണെന്ന ബോധം കൊണ്ടാണ് ധൃതരാഷ്ട്രർ അങ്ങിനെ ചെയ്തത്. താനും മകനും വേറെ വേറെയെന്ന ബോധം. പക്ഷെ, ശരീരം/മനസ്സ്/ബുദ്ധി എന്നിവക്ക് അധിഷ്ഠാനമായ "ആ ചൈതന്യം - ഈശ്വരൻ" എന്ന രീതിയിൽ നോക്കിയാൽ ദുര്യോധനും ധൃതരാഷ്ത്രരും ഒന്ന് തന്നെ. ആ തലത്തിൽ നോക്കിക്കാണാൻ പറ്റിയാൽ,  ഒരാൾ മറ്റൊരാളെ എന്തിന് വെറുക്കണം, ഇഷ്ടപ്പെടണം?  

ഉദാഹരണം: ഇടത് കൈ വലത് കയ്യിനെ അടിച്ചാൽ വലത് കൈ ഇടത് കയ്യിനെ വെറുക്കുമോ? അതിന് പകരം തലോടുകയാണ് ചെയ്തതെങ്കിൽ വലത് കൈ ഇടത് കയ്യിനെ ഇഷ്ടപ്പെടുമോ? ഇല്ലല്ലോ.. കാരണം, രണ്ടും കയ്യും ഒരേ ശരീരത്തിന്റെ ഭാഗമാണെന്ന ബോധം ഉള്ളതാണ്. ഇതിനെ extend ചെയ്ത്, രണ്ട്  വ്യക്തികൾ ഒന്നാണെന്ന ബോധം വരണമെങ്കിൽ ഏറ്റവും fundamental ആയ ലെവലിൽ നോക്കികാണണം . ആ fundamental level ശരീരം/മനസ്സ്/ബുദ്ധി എന്ന ലെവലിൽ അല്ല. കാരണം, ശരീരം/മനസ്സ്/ബുദ്ധി തലങ്ങൾ നമ്മളോരുത്തരും, വേറെ വേറെ എന്ന തോന്നൽ ഉണ്ടാക്കിത്തരുന്ന അനവധി വ്യത്യാസങ്ങൾക്ക് കാരണമാണ്. (ഒരാളുടെ ശരീരം പോലെയല്ല മറ്റൊരാളുടെ ശരീരം. ഒരാൾ ചിന്തിക്കുന്ന പോലെയല്ല മറ്റൊരാള് ചിന്തിക്കുക)  പക്ഷെ, ശരീരം/മനസ്സ്/ബുദ്ധി എന്നിവക്ക് അധിഷ്ഠാനമായ ചൈതന്യം - ഈശ്വരൻ എല്ലാവരിലും ഒന്നും തന്നെ. അതാണ് നോക്കിക്കാണേണ്ട fundamental ലെവൽ. ആ ലെവലിൽ നോക്കിയാൽ, നമ്മളെല്ലാവരും ഒന്ന് തന്നെ. 

അങ്ങിനെ, ആ  fundamental  ലെവലിൽ ലോകത്തെ മുഴുവൻ കാണാൻ പറ്റിയാൽ, വേണ്ട കാര്യങ്ങൾ വേണ്ട രീതിയിൽ ചെയ്യാൻ പറ്റും. ധൃതരാഷ്ട്രർക്ക് ആ തലത്തിൽ ദുര്യോധനനെ കാണാൻ   പറ്റിയിരുന്നെങ്കിൽ, ദുര്യോധനനോട് പുത്രനെന്ന രീതിയിലുള്ള അമിത വാത്സല്യം ഉണ്ടാകില്ലായിരുന്നു. അത് കൊണ്ട് ദുര്യോധനൻ ചെയ്യുന്ന കുരുത്തക്കേടുകളെ എതിർക്കാനുള്ള ശക്തി ഉണ്ടാകുമായിരുന്നു.  (നമ്മളൊക്കെയും ആ ധൃതരാഷ്ട്രരെ പോലെയാണ്. മക്കളോടുള്ള വാത്സല്യം കാരണം, അവർ ചെയ്യുന്ന തെറ്റുകൾക്ക് മുന്നിൽ കണ്ണടക്കാറില്ലേ? അല്ലെങ്കിൽ കണ്ണടക്കാൻ തയ്യാറായിട്ടല്ലേ ഇരിക്കുന്നത്)

Fundamental ആയ ഇതേ അറിവ് തന്നെയാണ് അർജുനനെക്കൊണ്ട് യുദ്ധം ചെയ്യിപ്പിച്ചത്. ഭീഷ്മരെയും ദ്രോണനെയും തന്റെ മുത്തച്ചനായും ആചാര്യനായും കണ്ടുകൊണ്ടിരുന്നപ്പോൾ യുദ്ധം ചെയ്യാൻ പറ്റാതിരുന്ന  അർജുനനെ, ഭീഷ്മരും ദ്രോണരും അർജുനനും കൃഷ്ണനും എല്ലാം ഒരേ ചൈതന്യം തന്നെ എന്ന നിലയിലേക്ക് കൃഷ്ണൻ ഉയർത്തിയത് കൊണ്ടാണ്, അർജുനന് യുദ്ധം ചെയ്യാൻ പറ്റിയത്. (ഇത് വായിച്ച്, ആർക്ക് ആരെയും കൊല്ലാനുള്ള സ്വാതന്ത്ര്യം ആയി ഇതിനെ കരുതണ്ട... ആ ഒരു തലത്തിലേക്ക് ഉയർന്നാൽ "തനിക്ക് വേണ്ടി" എന്നൊരു സ്വാർത്ഥത ഉണ്ടാകില്ല. അത് കൊണ്ട്, "ഒരുത്തനെ കൊന്ന് അവന്റെ സ്വത്ത് തട്ടിയെടുക്കാമെന്ന" ഇപ്പോഴത്തെ ചിന്ത ആ തലത്തിലെത്തിയാൽ ഉണ്ടാകില്ല)

തന്നെ ശരീരവും മനസ്സും ബുദ്ധിയും ഒക്കെ ആയി കണ്ട് കൊണ്ടിരുന്നത് കാരണമാണ് പരീക്ഷിത്തിന് ശമീക മഹർഷിയെ വേറെയായി കാണാൻ തോന്നിയത്. അതിനാലാണ് ദേഷ്യം വന്നതും ചത്ത പാന്പിനെ മഹർഷിയുടെ തോളിൽ ഇട്ടതും. പരീക്ഷിത്തും ശമീക മഹർഷിയും ഒന്ന് തന്നെയെന്ന ബോധം പരീക്ഷിത്തിന് ഉണ്ടായിരുന്നെങ്കിൽ, അങ്ങിനെ ചെയ്യാൻ തോന്നില്ലായിരുന്നു. ആരെങ്കിലും ദേഷ്യം വന്ന്, അവനവന്റെ കഴുത്തിൽ ചത്ത  പാന്പിനെ ഇടുമോ? (നമ്മളോരുരത്തർക്കും ദേഷ്യം വരുന്പോൾ, മറ്റുള്ളവരെ നമ്മളായി തന്നെ കാണാൻ പറ്റിയാൽ, എത്രത്തോളം അടിയും ബഹളവും കൊലപാതകങ്ങളും യുദ്ധങ്ങളും ഒഴിവാക്കാം)

അടിസ്ഥാനപരമായി, "പരീക്ഷിത്ത് എന്ന് പറഞ്ഞാൽ ഉള്ളിലെ ആ ചൈതന്യമാണ് - ഈശ്വരൻ തന്നെയാണ്.. അതിന് ജനനവും മരണവുമില്ല" എന്ന അറിവാണ്,  പരീക്ഷിത്തിനെ ശരീരം/മനസ്സ്/ബുദ്ധി എന്ന തലങ്ങളോടുള്ള ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചത്.  ആ മോചനം (മോക്ഷം/മുക്തി) കിട്ടിയ പരീക്ഷിത്തിന്, കടിക്കാൻ വരുന്ന തക്ഷകനെ പേടിയുണ്ടായില്ല. (കൊല്ലാൻ വരുന്നവന്റെ മുൻപിൽ "എന്നെ കൊന്നോളൂ" എന്ന് പറഞ്ഞ് തല കാണിച്ചു കൊടുക്കണമെന്നല്ല അർത്ഥം.  മരിക്കുന്നതിന് മുൻപ് പരീക്ഷിത്തിനെ പോലെ മോക്ഷം/മുക്തി കിട്ടിയാൽ മരണത്തെ അഭിമുഖീകരിക്കാൻ ഒരു ബുദ്ധിമുട്ടും ഭയവും ഉണ്ടാകില്ല എന്നതാണ് സൂചിപ്പിക്കുന്നത്)

അത് പോലെ, "എപ്പോഴും ആ ചൈതന്യം നമ്മുടെ ഉള്ളിലുണ്ട്. ആ ചൈതന്യമില്ലെങ്കിൽ നമ്മുടെ ഈ ശരീരവും മനസ്സും ബുദ്ധിയും ഇല്ല. അതായത് നമ്മൾ  ഒറ്റക്കല്ല, എപ്പോഴും ഈശ്വരൻ കൂടെയുണ്ട്. പുറം ലോകത്തെ ഏത് വ്യക്തി നമ്മുടെ support ന് കൂടെ ഉണ്ടായാലും, ആ support എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. പക്ഷെ, നമ്മുടെ ഉള്ളിലെ ചൈതന്യം - ഈശ്വരൻ - എപ്പോഴും നമ്മുടെ കൂടെയുണ്ട്. അപ്പോൾ, വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനെ നാം എന്തിന് പേടിക്കണം?" എന്ന അറിവ്, നമുക്ക് വേണ്ടത്ര ബലം അല്ലെങ്കിൽ Willpower തരും. അതായത്, കൂടെ ഈശ്വരനുണ്ടെങ്കിൽ, നമ്മൾ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങളെ നോക്കിയിരിക്കേണ്ട കാര്യമില്ല. 

PS1: ഈ കാര്യങ്ങൾ, ഉദാഹരണങ്ങൾ ഇല്ലാതെ എഴുതണമെങ്കിൽ വളരെയധികം എഴുതണം. ഇതിലെ ഉദാഹരണങ്ങളെ എളുപ്പത്തിൽ ഖണ്ഡിക്കാവുന്നതുമാണ്. പക്ഷെ അടിസ്ഥാനപരമായി ഉള്ള ആ ശാശ്വതമായ ആത്മീയമായ അറിവ്, ലോകത്തിൽ കർമ്മങ്ങൾ ചെയ്യാനും (അർജുനൻ) ലോകത്തെ എളുപ്പത്തിൽ വിടാനും (പരീക്ഷിത്ത്) നമ്മളെ സഹായിക്കും. ആ അറിവ് നമ്മളുടെ കഴിവിനെ വർദ്ധിപ്പിക്കും.

PS2: ആശയരൂപത്തിൽ ഈ അറിവുണ്ടായാൽ നല്ലത്. അത് തന്നെ നമ്മളിൽ കുറെ മാറ്റങ്ങൾ വരുത്തും. പക്ഷെ, നമ്മുടെ ഉള്ളിൽ ഈ അറിവ് സാക്ഷാത്കരിച്ചാൽ മാത്രമേ, നമ്മളിലെ മാറ്റങ്ങൾ പരിപൂർണ്ണമാകൂ. അതിനു, അവനവൻ സ്വയം ശ്രമിക്കണം. 

[11282021]

Sunday, November 21, 2021

അവതാരങ്ങൾ

അവതരിക്കുക എന്ന് പറഞ്ഞാൽ പ്രകടമാകുക എന്നർത്ഥം. എന്താണ് പ്രകടമാകുന്നത്? പൊതുവേ അവതാരങ്ങളെ,  "വിഷ്ണുവിന്റെ അവതാരങ്ങൾ" എന്ന പേരിലാണ് അറിയുന്നത്.  പക്ഷേ, നാം കാണുന്നതും (കാണാത്തതും) ആയ ഈ ലോകത്തെ നിലനിർത്തുന്ന ആ ശക്തിയുടെ  (ചൈതന്യത്തിന്റെ) പ്രകടനത്തെയാണ് അവതാരങ്ങളെന്ന് പറയുന്നത്. ശംഖ-ചക്ര-ഗദാ-ധാരിയായിട്ടാണ് വിഷ്ണുവിനെ നാം അറിയുന്നതെങ്കിലും,  നേരത്തെ പറഞ്ഞ ആ ശക്തി (ചൈതന്യം) തന്നെയാണ് വിഷ്ണു. 

പൊതുവെ 10 അവതാരങ്ങളെ പറ്റിയാണ് അധികവും പറയുന്നതെങ്കിലും, അവതാരങ്ങൾ അനവധിയാണ്. ഭാഗവതം പറയുന്ന 22 അവതാരങ്ങൾ ഇതൊക്കെയാണ് 

Category 1 
1. 4 കുമാരന്മാർ (സനകൻ, സനാതനൻ, സനന്ദൻ, സനത് കുമാരൻ)
2. വരാഹം 
3. നാരദൻ 
4. നര നാരായണൻ 
5. കപിലൻ 
6. ദത്താത്രേയൻ 
7. യജ്ഞ
8. ഋഷഭ 
9. പൃഥു 
10. മത്സ്യം 
11. കൂർമ്മം 
12. ധന്വന്തരി 
13. മോഹിനി 
14. നരസിംഹം 
15. വാമനൻ 
16. പരശുരാമൻ 
17.വേദവ്യാസൻ 
18. രാമൻ 
19. ബലരാമൻ 
20. ശ്രീ കൃഷ്ണൻ 
21. ബുദ്ധൻ 
22. കൽക്കി 

Category 2 
ഇത് കൂടാതെ, താഴെ പറയുന്നവരും അവതാരങ്ങളാണ് 
- ഋഷികൾ 
- മനുക്കൾ 
- മനു പുത്രന്മാർ (മനുവിന്റെ പുത്രന്മാർ എന്ന് പറയുന്പോൾ നമ്മളൊക്കെ അതിൽ പെടും)

അവതാരങ്ങളെ 3 വിഭാഗങ്ങൾ ആയി കണക്കാക്കാം 
- കലാവതാരം  (കല അവതാരം)
- അംശാവതാരം (അംശം അവതാരം)
- പൂർണ്ണാവതാരം (പൂർണ്ണം അവതാരം)

തുടക്കത്തിൽ എഴുതിയിരുന്ന പോലെ, അവതാരം എന്നത് ലോകത്തെ നിലനിർത്തുന്ന ആ ശക്തിയുടെ (ചൈതന്യത്തിന്റെ) പ്രകടനമാണ്.  ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ആ ശക്തിയുടെ സാന്നിധ്യം ഉണ്ട്. മണ്ണിലും വിണ്ണിലും തൂണിലും തുരുന്പിലും എന്ന് മാത്രമല്ല, നമ്മൾ എല്ലാ മനുഷ്യരിലും ആ ചൈതന്യത്തിന്റെ സാന്നിധ്യം ഉണ്ട്. ശരീരം വഴിയാണ് നമ്മൾ ഈ ലോകത്തിൽ എല്ലാം ചെയ്യുന്നത്.. അല്ലെങ്കിൽ എല്ലാം പ്രകടിപ്പിക്കുന്നത്. നമ്മുടെ ഉള്ളിലുള്ള ആ പരമമായ ചൈതന്യത്തിന്റെ പ്രകടനത്തിന്റെ intensity അനുസരിച്ചാണ് "കല", "അംശം", "പൂർണ്ണം" എന്ന രീതിയിൽ അവതാരങ്ങളെ തരം തിരിച്ചിട്ടുള്ളത്.  ശരീരത്തിലൂടെ പരമമായ ചൈതന്യത്തിന്റെ പ്രകടനം വളരെ കുറച്ച് മാത്രമേ ഉള്ളൂ എങ്കിൽ, അതിനെ "കലാവതാരമെന്നും",  കുറച്ച് അധികം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ "അംശാവതാരമെന്നും," പരിപൂർണ്ണമായി പ്രകടിപ്പിക്കുന്നുവെങ്കിൽ അതിനെ "പൂർണ്ണാവതാരമെന്നും" പറയുന്നു. 

Category 2 എല്ലാം കലാവതാരങ്ങളാണ്.   
Category 1 ൽ,  ശ്രീ കൃഷ്ണൻ ഒഴികെ എല്ലാവരും അംശാവതാരങ്ങളാണ് 
ശ്രീ കൃഷ്ണൻ മാത്രമാണ് പൂർണ്ണാവതാരമായിട്ടുള്ളത്. 

നമ്മളിലുള്ള ആ ചൈതന്യത്തിന്റെ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അതിന്റെ പൂർണ്ണ പ്രകടനം നടത്തുന്ന ഒരു അവതാരമായി മാറാൻ നമ്മളേവരും ശ്രമിക്കേണ്ടതാണ്.

(From സ്വാമി ഉദിത് ചൈതന്യ ഭാഗവത പ്രഭാഷണം)

[11212021]