Monday, October 31, 2022

പുനർജന്മം - ഇത് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത

കുട്ടിക്കാലം മുതലേ എല്ലാവർക്കും പരിചയമുണ്ടാകാൻ സാധ്യതയുള്ള ഒരു വാക്കാണ് 'പുനർജന്മം'. എത്രയൊക്കെ ഇഷ്ടമുള്ള മുത്തച്ഛനോ മുത്തശ്ശിയോ ആകട്ടെ, മരിച്ചു കഴിഞ്ഞാൽ പിന്നെ അവർ പ്രേതമായി... പ്രശ്നമായി... പേടിയായി.. അങ്ങനെ പ്രേതമായവരൊക്കെ വീണ്ടും പുനർജനിക്കുമെന്ന് സിനിമകളിലൂടെയാണ് മനസ്സിലായത്. വളരെയധികം പേടി തന്നിരുന്ന ഒരു കാര്യമായിരുന്നു ഈ 'പ്രേതം', 'പുനർജന്മം' എന്നതൊക്കെയെങ്കിലും, ഒരു പ്രത്യേക curiosity ഇവയൊക്കെ നൽകിയിരുന്നു. കുറച്ച് വലുതായപ്പോൾ ഇതൊന്നും സംഭവിക്കുന്ന കാര്യമല്ലെന്ന് മനസ്സിലായി. എങ്കിലും ഇതിനോടുള്ള curiosity കുറയാതെ നിറഞ്ഞു നിന്നു.
 
ഭഗവദ് ഗീത, അദ്ധ്യായം 2, ശ്ലോകം 12 ആണ് ഇതൊക്കെ ഉള്ളത് തന്നെയാണെന്ന ആദ്യത്തെ spark തന്നത്. യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് തളർന്നിരുന്നു അർജുനനോട് കൃഷ്ണൻ പറയുന്നു... "നീയും ഞാനും ഈ രാജാക്കന്മാരും ഇല്ലാതിരുന്ന ഒരു കാലമില്ല, ഇല്ലാതിരുന്ന കാലവുമുണ്ടാകാനും പോകുന്നില്ല". ആദ്യത്തെ പ്രാവശ്യം ഇത് കേട്ടപ്പോൾ തലയുടെ മുകളിലൂടെയാണ് പോയത്. പിന്നെയാണ് ഇതിന്റെയർത്ഥം മനസ്സിലായത്. എന്നും എപ്പോഴും എല്ലായിടത്തും നിലനിൽക്കുന്ന ബ്രഹ്‌മത്തിന്റെ - ആത്മാവിന്റെ വെറും സ്ഫുരണങ്ങൾ മാത്രമാണ് നമ്മളൊക്കെ എന്ന് മനസ്സിലാക്കിപ്പിച്ചു തരുന്ന ശ്ലോകമാണിത്. "നീ പണ്ടും ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ട്.. ഇനിയും ഉണ്ടാകും" എന്ന് പറയുന്നതിന്റെ അർഥം, ആത്മാവിന്റെ തലത്തിൽ നമ്മൾക്കൊന്നും ഒരിക്കലും നാശമില്ല എന്നാണ്. പക്ഷെ, ദിവസം തോറും ഷർട്ട് മാറുന്ന പോലെ, നമ്മൾ ഒന്നിന് പുറകെ മറ്റൊരു ശരീരമെടുത്ത് വീണ്ടും അവതരിക്കുന്നു. അതാണ് പുനർജന്മം 

ഭഗവദ് ഗീത കേട്ട് philosophically അതൊക്കെ മനസ്സിലാക്കിയെങ്കിലും, ശരിക്കും അങ്ങനെയോക്കെ ഉണ്ടാകുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയിരിക്കുന്പോൾ Jay Lakhani യുടെ Hinduism Basics 03 - Study of Reincarnation എന്ന പ്രഭാഷണം കേട്ടപ്പോഴാണ് ഇതൊക്കെ ശരിക്കും ഉള്ളതാണെന്ന് മനസ്സിലായത്. പൊതുവെ ഒരു ഇന്ത്യൻ, അതും ഒരു ഹിന്ദുവായ ഒരാൾ, ഹിന്ദു scriptures നെ ആധാരമാക്കി ഇതൊക്കെ പറഞ്ഞാൽ.. ഇതൊന്നും ശാസ്ത്രീയമല്ല എന്ന് പറഞ്ഞ് തള്ളിക്കളയാൻ വെന്പി നിൽക്കുന്ന ഒരു സമൂഹമാണ് നിലനിക്കുന്നത്.  പക്ഷെ, Jay Lakhani സൂചിപ്പിച്ച, പുനർജന്മത്തെ പറ്റി ഒരായുസ്സ് മുഴുവൻ ഗവേഷണം നടത്തിയ Ian Stenveson എന്ന ഡോക്ടറുടെ ഗവേഷണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പുനർജന്മം എന്നത് നമുക്ക് ചുറ്റും നടക്കുന്നത് തന്നെയാണെന്ന് മനസ്സിലാകും  (Scientific Evidence for Reincarnation by Dr Ian Stevenson, Reincarnation, Part One: The Research of Ian Stevenson, with Walter Semkiw). 40 കൊല്ലത്തോളം ലോകം മുഴുവൻ സഞ്ചരിച്ച് 3000 ത്തിൽ അധികം പുനർജന്മമെന്ന് കരുതപ്പെടുന്ന കുട്ടികളെ പറ്റി വിശദമായി വിവരങ്ങൾ ശേഖരിച്ചു. (ഉദാഹരണം: മുൻജന്മത്തിലെ ആളുടെ പേര്, മരിച്ച രീതി, മുൻജന്മത്തിലെ  ഭാഷ, കുടുംബവിവരങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ - പുനർജനിച്ച കുട്ടി സംസാരിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ പറയുന്ന കേസുകൾ). അതിൽ 1200-ഓളം കേസുകളിൽ മുൻജന്മത്തിലെ വ്യക്തിയെ കണ്ട് പിടിച്ച് correlate ചെയ്തിട്ടുണ്ട്. മുൻജന്മത്തിലെ ശരീരത്തിന്റെ അവസ്ഥകൾ വരെ birth marks ആയി പുനർജന്മത്തിൽ കാണപ്പെട്ട കേസുകൾ correlate ചെയ്യപ്പെട്ടിട്ടുണ്ട്. Ian Stenveson ന്റെ പിൻഗാമിയായ Walter Semkiw ഇതിൽ കൂടുതൽ ഡാറ്റ ശേഖരിച്ച്.. ആളുകൾ ഒരു ഗ്രൂപ്പ് ആയി പുനർജ്ജന്മം നടത്തുമെന്ന് പറയുന്നു.. Elon Musk ബൾബ് കണ്ടുപിടിച്ച എഡിസന്റെ പുനർജന്മമാണെന്ന് പറയുന്നു...  Walter Semkiw പ്രശസ്തരായ പല ആളുകളുടെയും പുനർജന്മം ആരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട് (Reincarnations Research).

എന്താണ് പുനർജന്മത്തിനെ പറ്റി ജനങ്ങൾ മനസ്സിലാക്കേണ്ട ആവശ്യകത? 

പുനർജന്മത്തിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ മതിലുകളില്ല. ഹിന്ദു മുസ്ലിമായും, മുസ്ലിം ഹിന്ദുവായും, ജൂതൻ മുസ്ലിമായും, ആണ് പെണ്ണായും, കമ്മ്യൂണിസ്റ് കാരൻ ബിജെപി ക്കാരനായും, തിരിച്ചും മറഞ്ഞുമൊക്കെ പുനർജനിക്കാം. ഈ ഒരു ബോധമുണ്ടായാൽ പിന്നെയെന്തിന് നമ്മൾ തമ്മിൽ തല്ലണം?  കൊല്ലണം..? ഒരു ഗ്രൂപ്പിലെ ആളുകൾ മറ്റേ ഗ്രൂപ്പിലെ ആളെ കൊന്നാൽ, ചത്തവൻ പിന്നീട് പുനർജനിച്ച് കൊന്നവന്റെ ഗ്രൂപ്പിൽ വന്ന് കുത്തിത്തിരുപ്പുണ്ടാക്കില്ല എന്ന് പറയാൻ പറ്റില്ല. അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ ഒരാളെ കൊല്ലാൻ പറ്റും? അത് മാത്രമല്ല, Suicide Bombers എന്ന പരിപാടി മിക്കവാറും അവസാനിക്കും. മരിച്ചാൽ സ്വർഗത്തിൽ സുന്ദരികൾ കാത്തിരിക്കുന്നു.. അതിനാൽ മരിച്ചാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് brain wash ചെയ്യപ്പെട്ടവരാണല്ലോ ഈ Suicide Bombing എന്നതിനൊക്കെ തുനിയുന്നത്. പക്ഷെ, മരിച്ചാൽ നീ ഇവിടെ തന്നെ പുനർജനിക്കും.. ഇങ്ങോട്ടു തന്നെ വരേണ്ടി വരും... എന്ന് മനസ്സിലായാൽ, പിന്നെ ഈ വക അഭ്യാസങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല. കൊല്ലില്ല.. തല്ലില്ല.. എന്നതല്ല.. അതിനേക്കാൾ മേലെ, നമ്മളൊക്കെ ഒന്ന് തന്നെയാണെന്ന ബോധം ഉള്ളിലുറക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം.

സ്വർഗ്ഗമുണ്ട് നരകമുണ്ട് എന്നൊക്കെ പഠിപ്പിച്ചു വിടുന്ന mono-theistic മതങ്ങളാണ് (e.g.  christianity) പുനർജന്മത്തിനെതിരെ എന്ന് പറയുന്നു. ഇത് ജനം മനസ്സിലാക്കിയാൽ മതത്തിന്റെ അടിത്തറ ഇളകുമെന്ന ഭയം കാരണം, സ്വർഗ്ഗം-നരകം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കൂട്ടിലിടുന്നു. ഇതിനെ പറ്റി വ്യക്തമായി പറയുന്ന Hindu Phiolosophy, Buddism ഒക്കെ മനസ്സിലാക്കാത്ത ഹിന്ദുക്കൾ പുനർജന്മം, പ്രേതം എന്നിവയുടെ പേരിൽ പൂജകളും ഹോമങ്ങളും ചെയ്തു മറ്റൊരു പെരുവഴിയിലുമാണ് ഉള്ളത്. 
 
അതിനാൽ പുനർജന്മത്തെ പറ്റി ശരിയായ ബോധവൽക്കരണം സമൂഹത്തിൽ ഉണ്ടാകുന്നത് സമൂഹത്തിൽ കൂടുതൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ സഹായിക്കും.

PS: പൗരസ്ത്യർ പണ്ട് പറഞ്ഞ് വച്ചതിനെ,
പാശ്ചാത്യർ വളരെ കഷ്ടപ്പെട്ട് data ശേഖരിച്ച് ശരിയാണെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു എന്നതല്ലാതെ ഇതിൽ കൂടുതലൊന്നുമില്ല. ഞങ്ങൾക്ക് ഇതിനെ പറ്റി പൗരസ്ത്യരേക്കാൾ കൂടുതലറിയാമെന്ന ഒരു മനോഭാവം Walter Semkiw കാണിക്കുന്നുണ്ട്. Ian Stevenson  ചെയ്തിരുന്നോ എന്നറിയില്ല... എന്തായാലും വിജ്ഞാനത്തിന്റെ കാര്യത്തിൽ  ലോകം ഭാരതത്തിനോട് നന്ദി പറയുന്ന ഒരു കാലം വരുമെന്നുറപ്പാണ്. 

[10312022]
 

Friday, October 14, 2022

അർജുനൻ vs ദുര്യോധനൻ

എല്ലാ മനുഷ്യരുടെയും ലക്‌ഷ്യം സന്തോഷവും സുഖവും ഉണ്ടാക്കുക എന്നാണ്. അതിന് രണ്ട് വഴികളുണ്ട് 
- ലൗകികമായ/ഭൗതികമായ കാര്യങ്ങൾ വഴി (worldly pleasures)
- ആത്മീയമായ വഴി (spiritual)
 
ഭൂരിപക്ഷം ആൾക്കാരും ലൗകികകാര്യങ്ങൾ വഴിയാണ് ഇതിനുള്ള പരിശ്രമം നടത്തുക (വീട്, ഭാര്യ, കുട്ടികൾ, മദ്യപാനം, സിനിമ.. എന്നിവയൊക്കെ ഉദാഹരണങ്ങൾ). ആത്മീയമായ വഴിയിൽ വളരെ കുറച്ച് പേരെ സഞ്ചരിക്കാറുള്ളൂ. ഇതിൽ ആത്മീയമായ വഴിയുടെ പ്രാധ്യാന്യം അർജുനനും ദുര്യോധനനും തമ്മിലുള്ള താരതമ്യത്തിലൂടെ മഹാഭാരതവും ഭഗവദ് ഗീതയും കാണിച്ചു തരുന്നു 
 
1)  മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുൻപ് കൃഷ്ണന്റെ സഹായം ചോദിക്കാൻ ദുര്യോധനൻ ആദ്യം തന്നെയെത്തി. കൃഷ്ണൻ ഉറക്കം നടിച്ച് കിടന്നു. എഴുന്നേൽക്കുന്പോൾ ആദ്യം എന്നെ തന്നെ കാണണം എന്ന ചിന്തയോടെ, ദുര്യോധനൻ കൃഷ്‍ണന്റെ തലയുടെ ഭാഗത്തിരുന്നു. കുറച്ചു കഴിഞ്ഞു അർജുനനും അവിടെ വന്നു. കൃഷ്ണൻ ഉറങ്ങുന്നത് കണ്ടപ്പോൾ കൃഷ്‍ണന്റെ കാലിന്റെയടുത്ത് നിന്നു. കള്ളയുറക്കത്തിൽ നിന്ന് എഴുന്നേറ്റ കൃഷ്ണൻ ആദ്യം കണ്ടത് അർജുനനെ ആണെന്നും, പ്രായത്തിൽ ഇളയത് അർജുനൻ ആണെന്നുമുള്ള ന്യായത്തിന്റ പേരിൽ ആദ്യം സഹായം ചോദിക്കാൻ അർജുനനെ അനുവദിച്ചു. കൃഷ്ണൻ യുദ്ധം ചെയ്യില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് കൃഷ്ണനെ മാത്രം മതിയെന്ന് അർജുനൻ പറഞ്ഞു. വെറും കൃഷ്‍ണനെ കിട്ടിയിട്ട് എന്ത് കാര്യമെന്നും, അർജുനൻ ഒരു മരമണ്ടനാണെന്നും സ്വയം ആലോചിച്ച്, ദുര്യോധനൻ കൃഷ്ണന്റെ സൈന്യത്തെ മുഴുവൻ ആവശ്യപ്പെട്ടു. കൃഷ്ണൻ കൊടുക്കുകയും ചെയ്തു, 

സാധാരണ ചിന്താഗതി അനുസരിച്ച്, ഭൗതികമായാത് മാത്രമേ നമുക്ക് വിജയം തരൂ എന്ന സാധാരണ ബുദ്ധിയാണ് ദുര്യോധനൻ കാണിച്ചത്. കൃഷ്ണന്റെ ദൈവീക വശം അപ്പോൾ അർജുനൻ മനസ്സിലാക്കിയിരുന്നില്ലയെങ്കിലും, ലൗകിക/ഭൗതിക മാർഗങ്ങളെ ഉപേക്ഷിച്ച്, ദൈവീകമായ വഴിയിലൂടെ ചിന്തിച്ച അർജുനൻ കൃഷ്ണനെ മാത്രമേ ചോദിച്ചുള്ളൂ. അന്തിമവിജയം അർജ്ജുനന്റേതുമായിരുന്നു. (ഭൗതിക കാര്യങ്ങളുടെ പിന്നാലെ ഓടുന്ന നമ്മൾക്ക് അർജുനൻ കാണിച്ച വിവേകത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നല്ലൊരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കുമെന്നുറപ്പാണ്)

2) മഹാഭാരത യുദ്ധത്തിന് മുൻപ് സന്ധിസംഭാഷണത്തിന് കൃഷ്ണൻ പോയപ്പോൾ, ദുര്യോധനനെ കണ്ട്, ദുര്യോധനൻ ചെയ്യുന്നത് അധർമ്മമാണെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നു. തന്നെ ഉപദേശിക്കണ്ട എന്നും, ഏതാണ് ശരി/തെറ്റ് എന്നൊക്കെ  തനിക്കറിയാമെന്നും, താൻ ചെയ്യുന്നത് ശരിയല്ലാത്തത് ആണെന്ന ബോധ്യമുണ്ടെന്നും, പക്ഷെ തനിക്ക് ശരി ചെയ്യാൻ തോന്നുന്നില്ലെന്നുമാണ് ദുര്യോധനൻ പറഞ്ഞത്. ഇനി അർജുനന്റെ കാര്യം നോക്കാം. യുദ്ധത്തിന് തൊട്ടുമുൻപ് തനിക്ക് യുദ്ധം ചെയ്യണ്ട എന്ന് പറഞ്ഞ് തളർന്ന അർജുനന് ഗീതോപദേശം കൊടുക്കുന്നതിനിടയിൽ, "ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ആ തെറ്റുകൾ ചെയ്യുന്നത്? അങ്ങനെ തെറ്റുകൾ ചെയ്യാതിരിക്കാൻ എന്താണ് മാർഗം?" എന്ന് അർജുനൻ കൃഷ്ണനോട് ചോദിക്കുന്നു. മാനസികമായി അധഃപതിച്ച അവസ്ഥയിൽ നിന്ന് എങ്ങനെ മോചനം നേടാമെന്ന ഈ ചോദ്യം, അർജുനന്റെ ആത്മീയമായ ഉയർച്ചയെ കാണിക്കുന്നു. കാരണം ഇതിൽ നിന്നുള്ള മോചനം മനസ്സിന്റെയും ബുദ്ധിയുടെയും വികാസം വഴിയാണ്. പക്ഷെ, താൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് വരാൻ ദുര്യോധനൻ തയ്യാറായിരുന്നില്ല. 

നമ്മളൊക്കെ സ്വീകരിക്കേണ്ടത് അർജുനന്റെ വഴിയാണ്. ആത്മീയമായ വഴിയാണ് സ്വീകരിക്കേണ്ടത്. പരിപൂർണ്ണമായി ആത്മീയ മാർഗത്തിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ആ മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം, ലൗകിക ജീവിതത്തിലെ പാളിച്ചകൾ കുറക്കാനോ ഇല്ലാതാക്കാനോ സഹായിക്കും.

[11142022]

Wednesday, October 12, 2022

അനന്തശയനം (ശരിയായ സന്ദേശം - സൃഷ്‌ടി)

പാലാഴിയിൽ കിടക്കുന്ന ആയിരം ഫണമുള്ള അനന്തന്റെ മുകളിൽ കിടക്കുന്ന നാരായണന്റെ/മഹാവിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഉണ്ടായിട്ടുള്ള താമരയിൽ ഇരിക്കുന്ന ബ്രഹ്‌മാവ്‌. ഇത് പല അന്പലങ്ങളിലും പലയിടത്തും ചിത്രങ്ങളായോ കൊത്തുപണികളായോ ഒക്കെ കാണാറുണ്ട്. ഒറ്റ നോട്ടത്തിൽ യാതൊരു യുക്തിയുമിലാത്ത അന്ധമായ ഭക്തിയെ പ്രചരിപ്പിക്കുന്ന ഒരു കാര്യമായിട്ടേ ഇതിനെ കാണാൻ പറ്റൂ.

-------- 

പക്ഷെ, ഇത് സൃഷ്ടിയുടെ ഒരു ചിത്രീകരണമാണ്. 
 
ആയിരം ഫണമുള്ള അനന്തൻ - ആയിരം നാളങ്ങളുള്ള അഗ്നി 
പാലാഴി - വെള്ളം 
നാരായണൻ - ചൈതന്യം/ഈശ്വരൻ 
താമരത്തണ്ട് - പ്രാണൻ 
താമര - മനസ്സ് 
ബ്രഹ്‌മാവിന്റെ 4 തലകൾ - അന്തക്കരണം (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം)
 
----------
 
അഗ്നി (അനന്തൻ) -
ഏതൊരു രൂപം ഉണ്ടാകണമെങ്കിലും അഗ്നി വേണം. (ഉദാഹരണം, ഭക്ഷണം പാചകം ചെയ്യാൻ, ദഹിക്കാൻ, അത് ചോരയാകാൻ, ചോരയിൽ നിന്നും ബീജം ഉണ്ടാകാൻ, ആ ബീജം അഗ്നി വഴി ഉണ്ടായ അണ്ഡവുമായി ചേരാൻ, അങ്ങനെ ഉണ്ടായ കുട്ടി ഗർഭപാത്രത്തിൽ ചൂടോടുകൂടി വളരാൻ... നമ്മുടെ വസ്ത്രം, പാത്രം, വാഹനങ്ങൾ ഉണ്ടാക്കാൻ.... ഇങ്ങനെയിങ്ങനെ... ഏത് രൂപം ഉണ്ടാവണമെങ്കിലും അഗ്നി വേണം). അതുകൊണ്ടു ശരീരം അഗ്നിയോടു കടപ്പെട്ടിരിക്കുന്നു.

വെള്ളം (പാലാഴി) -
ഏത് ജീവി ജനിക്കണമെങ്കിലും വെള്ളത്തിന്റെ സാന്നിധ്യം വേണം. (ബീജം, അണ്ഡം ഒക്കെ വെള്ളം). ശരീരം വെള്ളത്തോടും കടപ്പെട്ടിരിക്കുന്നു.

[ 4 തരത്തിൽ ജീവൻ പ്രകടമാകുന്നു  - ഗർഭത്തിലൂടെ, മുട്ടയുടെ, വിത്തിലൂടെ, ഈർപ്പത്തിലൂടെ.  അഗ്നിയും വെള്ളവും ഉണ്ടെങ്കിൽ മാത്രമേ ജീവന് പ്രകടമാക്കാൻ പറ്റുകയുള്ളൂ.]

ചൈതന്യം (നാരായണൻ) -
അഗ്നിയും വെള്ളവും ഉണ്ടായത് കൊണ്ട് മാത്രം ജീവന് പ്രകടമാകാൻ പറ്റില്ല. ചൈതന്യം കൂടി ചേർന്നാലേ, ജീവൻ ഉണ്ടാവുകയുള്ളൂ.

[അഗ്നിയും, വെള്ളവും, ചൈതന്യവും ചേർന്ന് ഒരു രൂപം (ശരീരം) ഉണ്ടായി എന്ന അവസ്ഥ. പക്ഷെ, മനസ്സ് പ്രവർത്തിക്കാത്ത ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല]

പ്രാണൻ (താമരത്തണ്ട്), മനസ്സ് (താമര) -
താമരത്തണ്ട് ഉണ്ടെങ്കിലേ താമരക്ക് നിലനിൽക്കാൻ പറ്റൂ. അതുപോലെ, പ്രാണൻ ഉണ്ടെങ്കിലേ മനസ്സ് നിലനിൽക്കൂ. പ്രാണൻ പോയാൽ മനസ്സിന് നിലനിൽപ്പില്ല. പ്രാണനും മനസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ. പ്രാണനിലൂടെ മനസ്സിനെയും മനസ്സിലൂടെ പ്രാണനെയും നിയന്ത്രിക്കാം (പ്രാണായാമത്തിന്റെ അടിസ്ഥാനം)
 
അന്തക്കരണം (ബ്രഹ്‌മാവ്‌) -
താമരയിലിരിക്കുന്ന 4 തലയുള്ള ബ്രഹ്‌മാവ്‌, മനസ്സിന്റെ 4 തരത്തിലുള്ള പ്രവർത്തനങ്ങളെ/ഘടകങ്ങളെ (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം) സൂചിപ്പിക്കുന്നു. മനസ്സ് (നമ്മളെ ഉണർത്തുന്ന, പ്രവർത്തിപ്പിക്കുന്ന, സ്നേഹം, ദേഷ്യം ഒക്കെ ഉണ്ടാകുന്ന പ്രവർത്തനം/ഘടകം), ബുദ്ധി (പ്രശ്ന പരിഹാരം നടത്തുന്ന പ്രവർത്തനം, യുക്തി എന്ന പ്രവർത്തനം/ഘടകം), ചിത്തം (കണ്ടെത്തിയ അനുഭവങ്ങളെ ഓർത്ത് വയ്ക്കുന്ന പ്രവർത്തനം/ഘടകം), അഹങ്കാരം (മനസ്സ്-ബുദ്ധി-ചിത്തം എന്ന മൂന്നിലും ചേർന്നിരിക്കുന്ന ഞാൻ എന്ന ഭാവം, വ്യക്തിത്വം എന്ന പ്രവർത്തനം/ഘടകം). ഈ നാലിനേയും ഒരുമിച്ചു അന്തഃകരണം എന്ന് പറയുന്നു, ഇതാണ്  സൂക്ഷ്മശരീരം. 

അന്ധകാരണത്തിന്റെ പ്രസക്തി ഇങ്ങിനെയാണ്‌... ഏത് സൃഷ്ടി ഉണ്ടാകണമെങ്കിലും മനസ്സിൽ കാമമെന്ന വികാരം (ലൈംഗികമായ ആഗ്രഹമെന്നല്ല, എന്തും ചെയ്യാനുള്ള ഒരു ചോദന) ഉണ്ടാകണം. എത്ര വേണം, എങ്ങനെ വേണം, എന്തിനു വേണമെന്നൊക്കെയുള്ള തീരുമാനത്തിന് ബുദ്ധി വേണം. ചിത്തത്തിൽ നിറഞ്ഞിരിക്കുന്ന മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ പ്രവർത്തിക്കുക. അവനവന്റേതായ വ്യക്തിത്വം അല്ലെങ്കിൽ 'ഞാനെന്ന' ഭാവമില്ലെങ്കിൽ സൃഷ്ടി നടക്കില്ല. അതുകൊണ്ടു,  ബ്രഹ്‌മാവ്‌ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാൽ, അന്തക്കരരണത്തിന്റെ പ്രവർത്തനം എന്നാണ് ഉദ്ദേശിക്കുന്നത്. അന്തക്കരണത്തെ ഒരുമിച്ച് മനസ്സ് എന്നും വിളിക്കുന്നു.. അതിനാൽ ബ്രഹ്‌മാവിന്റെ സൃഷ്ടി എന്ന് പറഞ്ഞാൽ മനസ്സിന്റെ സൃഷ്ടി എന്ന് സൂചിപ്പിക്കുന്നു. സൃഷ്ടി എന്നാൽ ഒരു മനുഷ്യക്കുഞ്ഞിനെ ഉണ്ടാക്കുക എന്ന്  മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മൾ ഉണ്ടാക്കുന്നന്ന വസ്തുക്കൾ, ആശയങ്ങൾ ഒക്കെ.. നമ്മുടെ മനസ്സിന്റെ സൃഷ്ടി അല്ലെങ്കിൽ ബ്രഹ്‌മാവിന്റെ സൃഷ്ടി തന്നെയാണെന്ന് പറയാം. 

-------

എല്ലാം കൂട്ടി യോജിപ്പിക്കുന്പോൾ 

ജീവൻ പ്രകടമാകാൻ അവശ്യമായ അഗ്നിയിലും (അനന്തൻ) വെള്ളത്തിലും (പാലാഴി) ചൈതന്യത്തിന്റെ (നാരായണൻ) പ്രകടനമുണ്ടാകുന്പോൾ ഉണ്ടാകുന്ന രൂപത്തിൽ (ശരീരത്തിൽ)  പ്രാണൻ (താമരത്തണ്ട്) വഴി നിലനിർത്തപ്പെടുന്ന മനസ്സിന് (താമര), 'മനസ്സ്,ബുദ്ധി,ചിത്തം,അഹങ്കാരം" എന്നീ നാല് ഘടകങ്ങളുണ്ട് (4  തലയുള്ള ബ്രഹ്‌മാവ്‌). ഇപ്പറഞ്ഞെതെല്ലാം (അഗ്നി, വെള്ളം, ചൈതന്യം, പ്രാണൻ, മനസ്സ്, അന്തഃകരണം)  ചേർന്നാലേ സൃഷി ഉണ്ടാകുകയുള്ളു. അന്തഃകരണത്തിലുണ്ടാകുന്ന ചലനങ്ങളാണ് (വികാരങ്ങൾ, ചിന്തകൾ, ഓർമ്മ, ഞാനെന്ന ഭാവം) നമ്മളെ കൊണ്ട് എന്തും പ്രവർത്തിപ്പിക്കാൻ (കർമ്മം ചെയ്യാൻ) പ്രേരിപ്പിക്കുന്നത്.. അങ്ങനെയാണ് സൃഷ്ടികൾ ഉണ്ടാകുന്നത്.  രാവിലെ മുതൽ വൈകുന്നേരം വരെ ജീവികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യന്ത്രതുല്യനായ ഒരു മനുഷ്യനോ ദേവനോ ഒന്നുമല്ല ബ്രഹ്‌മാവ്‌. നമ്മുടെ മനസ്സ് തന്നെയാണ് ബ്രഹ്‌മാവ്‌

ചുരുക്കം  
-----------
അനന്തശയനം എന്നത് സൃഷ്ടിയെ സൂചിപ്പിക്കുന്നു. 
 
[10122022]

Tuesday, October 4, 2022

ഗയാ ശ്രാദ്ധം

ഈയടുത്ത് ബീഹാറിലെ ഗയയിൽ പോയിരുന്നു. ബുദ്ധന് ബോധോദയം വന്ന ബോധ് ഗയയിൽ നിന്നും15 കിലോമീറ്റർ അകലെയുള്ള, ഫൽഗു നദിയുടെ തീരത്തുള്ള സ്‌ഥലമാണ് ഗയ. ഗയയിൽ പോയി ശ്രാദ്ധം ഊട്ടി, അവിടുത്തെ വിഷ്ണുണപാദ ക്ഷേത്രത്തിലുള്ള, വിഷ്ണുപാദത്തിൽ പിണ്ഡച്ചോറു സമർപ്പിച്ചാൽ, ആർക്കു വേണ്ടിയാണോ ശ്രാദ്ധം ഊട്ടിയത്, അവരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം (ഇതാണത്രേ ഏറ്റവും ഫലപ്രദമായ പരിപാവനമായ ശ്രാദ്ധകർമ്മം). ഞാനും എന്റെ അച്ഛനമ്മമാർക്ക് വേണ്ടി ഗയാശ്രാദ്ധം ഊട്ടി. ശ്രാദ്ധകർമ്മം കഴിഞ്ഞ് ഏതെങ്കിലും ഒരു ബ്രാഹ്മണന് ദക്ഷിണ കൊടുത്ത് അച്ഛന് മോക്ഷം കിട്ടിയോ, അമ്മക്ക് മോക്ഷം കിട്ടിയോ എന്ന് ചോദിക്കണം. അങ്ങനെ ചോദിച്ചപ്പോൾ ബ്രാഹ്മണൻ പറഞ്ഞു.. കിട്ടി.. രണ്ടു പേർക്കും മോക്ഷം കിട്ടിയെന്ന്. ആ ചോദ്യോത്തരത്തിലെ നാടകീയത, ഭാഗവതത്തിലെ ഒരു കഥയെ ഓർമ്മിപ്പിച്ചു. 

ബ്രാഹ്മണ ദന്പതികളായിരുന്ന ആത്മദേവനും ദുന്ദുലിക്കും കുട്ടികളുണ്ടായിരുന്നില്ല.  ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ആത്മദേവൻ കാട്ടിലേക്ക് പോയപ്പോൾ, അവിടെ വച്ച് ഒരു  സന്യാസിയെ കണ്ടുമുട്ടി. താനൊരു വാഴ വച്ചാൽ അത് കുലക്കില്ലെന്നും, ചെടികൾ വച്ചാൽ പൂക്കളുണ്ടാകില്ലെന്നും, വീട്ടിലെ പശുവിനും തനിക്കും കുട്ടികളില്ലെന്നുമൊക്കെ, ആത്മദേവൻ തന്റെ സങ്കടം സന്യാസിയോട് പറഞ്ഞു. ആത്മദേവന്റെ തലവര നോക്കി, മുൻജന്മപാപം കാരണം അയാൾക്ക് കുട്ടികളുണ്ടാകില്ല എന്ന് സന്യാസി പറഞ്ഞു. ഉപദേശം തരാതെ, എനിക്ക് കുട്ടിയെ തന്നില്ലെങ്കിൽ തൻറെ ആത്മഹത്യക്ക് സന്യാസിയാകും കാരണക്കാരനെന്ന് ആത്മദേവൻ ഭീഷണിപ്പെടുത്തി. കണ്ടാലറിയാത്തവൻ കൊണ്ടാലേ അറിയൂ എന്ന് തീരുമാനിച്ച സന്യാസി, ധ്യാനിച്ച് പൂജിച്ച് ഒരു പഴം ആത്മദേവന് കൊടുത്തു. അത് ആത്മദേവന്റെ ഭാര്യക്ക് കൊടുക്കാനും, അവരോടു ഭക്ഷണനിയന്ത്രണം നടത്താനും സന്യാസി നിർദ്ദേശിച്ചു. 
 
വീട്ടിൽ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദുന്ദുലീ ആദ്യമത് സമ്മതിച്ചെങ്കിലും, പഴം കഴിക്കാനോ, ഭക്ഷണം നിയന്ത്രിക്കാനോ, പ്രസവിക്കാനോ ഒന്നും ദുന്ദുലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ്, അഞ്ചോ ആറോ കുട്ടികളുള്ള ദുന്ദുലിയുടെ സഹോദരി അവിടെ വന്നത്. തന്റെ ഭർത്താവിന് കുറച്ച് പണം കൊടുത്താൽ കുട്ടിയെ തരാമെന്ന ആശയം സഹോദരി അവതരിപ്പിച്ചു. ദുന്ദുലി സഹോദരിക്ക് പണം കൊടുത്തു. പഴം പശുവിനും കൊടുത്തു. പിന്നീട് 10 മാസം ഗർഭമുള്ളതായി ദുന്ദുലി അഭിനയിച്ചു. സഹോദരി പ്രസവിച്ചപ്പോൾ, കുട്ടിയെ ദുന്ദുലിക്ക് കൊടുത്തു. അച്ഛനായത്തിന്റെ സന്തോഷത്തിൽ ആത്മദേവൻ, ദാനകർമ്മങ്ങളും പൂജകളും നടത്തി. ആ കുഞ്ഞിന് ദുന്ദുകാരി എന്ന പേരിട്ടു. ഇതിനിടയിൽ, പഴം കഴിച്ച പശു, പശുവിന്റെ ചെവികളും മനുഷ്യന്റെ ശരീരവുമായിട്ടുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ആ കുട്ടിക്ക് ഗോകർണ്ണൻ എന്ന പേരിട്ടു.

ദുന്ദുകാരി കുരുത്തം കെട്ടവനും ഗോകർണ്ണൻ ആത്മീയമായി ഉയർന്നവനുമായിരുന്നു. ഒരിക്കൽ ദുന്ദുകാരിയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോഴാണ്, ആത്മദേവന്, പണ്ട് സന്യാസി പറഞ്ഞത്തിന്റെ അർഥം (മുജ്ജന്മ പാപം കാരണം കുട്ടികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശം) മനസിലായത്. ആത്മദേവൻ അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും, ഗോകർണ്ണൻ ആത്മോപദേശം കൊടുത്ത് അച്ഛനെ ഉപദേശിച്ച് മാനസികമായി ഉയർത്തുകയും ചെയ്തു. ദുന്ദുകാരിയുടെ പെരുമാറ്റം ദിനംപ്രതി മോശമായപ്പോൾ, അച്ഛൻ പോയതിന് ശേഷം ഗോകർണ്ണനും സ്‌ഥലം വിട്ടു. പിന്നീട്, ദുന്ദുകാരി കുറെ വേശ്യകളെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഇത് ചോദ്യം ചെയ്ത സ്വന്തം അമ്മ ദുന്ദുലിയെ, ദുന്ദുകാരി മർദിച്ചു. ഇതിൽ മനം നൊന്ത ദുന്ദുലി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അതിന് ശേഷം എവിടെനിന്നോ മോഷ്ടിച്ച കുറെയധികം ആഭരണങ്ങൾ ദുന്ദുകാരി വീട്ടിലുള്ള വേശ്യകൾക്ക് സമ്മാനിച്ചു. ഇതെങ്ങാനും രാജാവ് കണ്ടുപിടിച്ചാൽ തങ്ങളുടെ സ്വർണ്ണമൊക്കെ നഷ്ടപ്പെടുമെന്ന് ഭയന്ന വേശ്യകൾ, മോഷ്ടിച്ച സ്വർണത്തെ പറ്റി അറിയാവുന്ന ദുന്ദുകാരിയെ കൊന്നു കളഞ്ഞു.
 
ഒരിക്കൽ, ഗോകർണ്ണൻ തന്റെ വീട്ടിൽ ഇരിക്കുന്പോൾ എന്തോ ഒരു വിചിത്രമായ ശബ്ദം കേൾക്കുകകയും അവിടെ ആരോ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു.  വായുവിലേക്ക് നോക്കി, ആരാണെന്ന് ചോദിച്ചപ്പോൾ, ഇത് ഞാൻ ദുന്ദുകാരി ആണെന്ന് മറുപടി കിട്ടി. ക്രൂരനും ദുഷ്ടനായ തനിക്ക് മോക്ഷം കിട്ടിയിട്ടില്ലെന്നും, തന്നെ രക്ഷിക്കണമെന്നും ദുന്ദുകാരി അപേക്ഷിച്ചു. ഗോകർണ്ണൻ തന്റെ സഹോദരന് വേണ്ടി ഗയ ശ്രാദ്ധം നടത്തി. അത് നടത്തിക്കഴിഞ്ഞാൽ ദുന്ദുകാരിക്ക് മോക്ഷം കിട്ടുമെന്നാണ് ഗോകർണ്ണൻ കരുതിയത്. വീട്ടിൽ വീണ്ടും വിചിത്രശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ദുന്ദുകാരിക്ക് മോക്ഷം കിട്ടിയിട്ടില്ലയെന്ന് മനസ്സിലായ ഗോകർണ്ണൻ ദുന്ദുകാരിക്ക് വേണ്ടി 100 ഗയ ശ്രാദ്ധം നടത്തിയെങ്കിലും, ദുന്ദുകാരിക്ക് മോക്ഷം കിട്ടിയില്ല. തന്നെ രക്ഷിക്കണമെന്ന് വീണ്ടും അപേക്ഷിച്ച ദുന്ദുകാരിയോട്, താൻ 100 ഗയാശ്രാദ്ധം ഊട്ടിയതാണ്, എന്നിട്ടും എന്തുകൊണ്ടാണ്  ദുന്ദുകാരിക്ക് മോക്ഷം കിട്ടാത്തതെന്ന് ചോദിച്ചു. അപ്പോൾ, താൻ അത്രയും വലിയ പാപിയും, ക്രൂരനുമാണെന്നും, തനിക്ക് വേണ്ടി നൂറല്ല, ആയിരം ഗയാശ്രാദ്ധം നടത്തിയാലും മോക്ഷം ലഭിക്കില്ലെന്ന്, ദുന്ദുകാരി മറുപടി പറഞ്ഞു.  

ഗോകർണ്ണൻ ആശയക്കുഴപ്പത്തിലായി. ഏറ്റവും പവിത്രവും ഫലപ്രദവുമായ ഗയാശ്രാദ്ധം നടത്തിയിട്ടും മോക്ഷം കിട്ടാത്ത തന്റെ സഹോദരനെ എങ്ങനെ രക്ഷിക്കണമെന്ന് ഗോകർണ്ണൻ തലപുകഞ്ഞാലോചിച്ചു. ഗോകർണ്ണൻ സൂര്യഭഗവാനെ ധ്യാനിച്ചപ്പോൾ കിട്ടിയ പരിഹാരമായിരുന്നു, ഭാഗവതം. ഭാഗവതോപദേശം വഴി ദുന്ദുകാരിക്ക് മോക്ഷം നേടിക്കൊടുക്കാൻ സാധിക്കുമെന്ന്  സൂര്യഭഗവാനിലൂടെ ഗോകർണ്ണന് മനസ്സിലായി. അങ്ങിനെ, ഗോകർണ്ണൻ ഉപദേശിച്ചു കൊടുത്ത ഭാഗവതം കേട്ട് ദുന്ദുകാരിക്ക് മോക്ഷം കിട്ടി.

ചുരുക്കം 
-----------
ഭാഗവതം ഉണ്ടാക്കിത്തരുന്ന മോക്ഷപ്രാപ്തിയുടെ (ജീവിച്ചിരിക്കുന്പോൾ തന്നെ കിട്ടുന്ന മോക്ഷം) മുൻപിൽ കർമ്മങ്ങളും ശ്രാദ്ധങ്ങളും ഗയാ ശ്രാദ്ധവുമൊക്കെ വെറും നിസ്സാരം. എന്ന് വച്ച്, ശ്രാദ്ധം ചെയ്യണ്ട എന്നല്ല. മരിച്ചവർക്ക് വേണ്ടിയല്ല, നാം നമുക്ക് വേണ്ടി തന്നെയാണ് ഈ ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്നത്...  എന്ന് മനസ്സിലാക്കി ശ്രാദ്ധം ചെയ്യുന്നത് നന്നായിരിക്കും.

[10042022]

Thursday, September 29, 2022

മോക്ഷം, പുനർജന്മം, സനാതനധർമ്മം, ആത്മീയത, ഭാരതീയ സംസ്കാരം

മനുഷ്യൻ എന്നാൽ വെറും ശരീരം മാത്രമല്ല, ശരീരവും മനസ്സും കൂടിയതാണ്.

ശരീരം പ്രകൃതിയിൽ നിന്ന് വരുന്നു,  മരിക്കുന്പോൾ അത് പ്രകൃതിയിലേക്ക് തന്നെ തിരിച്ചു പോകുന്നു. ഇവിടെ പ്രകൃതി എന്ന് പറഞ്ഞാൽ പഞ്ചഭൂതങ്ങളെയാണ് സൂചിപ്പിക്കുന്നത് (ഭൂമി, വെള്ളം, വായു, അഗ്നി, ആകാശം എന്നിവ). മനുഷ്യശരീരം 
പഞ്ചഭൂത നിർമ്മിതമാണ്, 
പഞ്ചഭൂത ആശ്രിതമാണ് (നിലനിൽക്കാൻ), 
പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചു ചേരുന്നതാണ്.  
 
ഒരു രീതിയിൽ നോക്കിയാൽ, 
[ഉള്ളതിൽ നിന്നേ എന്തെങ്കിലും ഉണ്ടാവുകയുള്ളൂ], 
[ഉള്ളത് തന്നെയാണ് ഉണ്ടായതിനെ നിലനിർത്തുന്നത്], മാത്രമല്ല 
[ഉണ്ടായത് എന്തിൽ നിന്ന് വന്നുവോ അതിലേക്ക് തന്നെയാണ്  തിരിച്ചു പോകുന്നത്]. 

അങ്ങനെ നോക്കിയാൽ, മനസ്സ് എവിടെ നിന്ന് വരുന്നു? അതെങ്ങോട്ടേക്ക് പോകുന്നു? മനസ്സിനെ ആര് നിലനിർത്തുന്നു?  കണ്ണുകൾ കൊണ്ട് കാണാൻ പറ്റുന്ന സ്‌ഥൂലമായ ശരീരം എവിടെ നിന്ന് വന്നു, ആര് ശരീരത്തെ നിലനിർത്തുന്നു, ശരീരം എങ്ങോട്ടു പോയി എന്നൊക്കെ ഗ്രഹിക്കാൻ എളുപ്പമാണ്. പക്ഷെ, സൂക്ഷ്മമായ (പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ പറ്റാത്ത)  മനസ്സ് എവിടെ നിന്ന് വന്നു, എങ്ങോട്ടു പോകുന്നു, ആരാണ് മനസ്സിനെ നിലനിർത്തുന്നത് എന്നൊക്കെ ഗ്രഹിക്കാൻ എളുപ്പമല്ല. 

ഭാരതീയ സംസ്കാരത്തെ ലോകത്തിലെ മറ്റുള്ള സംസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്നത് ഇതാണ്. മനസ്സ് എവിടെ നിന്ന് വന്നു, എങ്ങോട്ടു പോകുന്നു എന്ന ചോദ്യത്തിന്റെ അന്വേഷണവും അതിന്റെ കണ്ടെത്തലുകളുമൊക്കെയാണ് ഭാരതീയ സംസ്കാരത്തിന്റ അടിത്തറ. ആധുനിക ലോകവും പണ്ട് ഭാരത ദേശമല്ലാതെ മറ്റ് ദേശങ്ങളും ഭൗതിക കാര്യങ്ങളിൽ ഗവേഷണങ്ങളും, പുരോഗതിയും ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ആർഷഭാരതത്തിലെ ഋഷിമാർ മനസ്സിനെ തേടിയുള്ള അന്വേഷണമാണ് നടത്തിയിരുന്നത്. അവരുടെ കണ്ടെത്തലുകളാണ് വേദങ്ങളിൽ പ്രതിപാദിക്കുന്നത്. ഇക്കാലത്തു എത്രയൊക്കെ കാര്യങ്ങളിൽ ജനങ്ങൾ തമ്മിൽ വളരെയധികം വ്യത്യാസവും ഭേദങ്ങളും ഉണ്ടെങ്കിലും ഭാരതത്തെ ഒന്നിപ്പിച്ചു നിർത്തുന്നത്  ഋഷിമാർ കണ്ടെത്തിയ സത്യങ്ങളുടെ ഒരംശം ജന്മജന്മങ്ങളായി പകർന്ന് വന്ന് ജനങ്ങളിൽ ഇപ്പോഴും ഉണ്ടെന്നതാണ്. അല്ലാതെ, ജനങ്ങളുടെ ഒത്തൊരുമയും പരസ്പര സഹനശേഷിയുമൊക്കെ  നിയമം കൊണ്ടോ, ഡെമോക്രസി കൊണ്ടോ ഒന്നുമല്ല ഉണ്ടായിട്ടുള്ളത്. 
--------
ശരീരം - ഉണ്ടാകുന്നു.. നിലനിർത്തപ്പെടുന്നു... തിരിച്ചു പോകുന്നു..  (എല്ലാത്തിനും ഉത്തരം പഞ്ചഭൂതങ്ങൾ). അതെ പോലെ മനസ്സിന്റെ കാര്യം നോക്കാം. 
 
ആദ്യമായി മനസ്സ് [എവിടെ നിന്ന് വന്നു]? മനസ്സിനെ [ആര് നിലനിർത്തുന്നു] എന്ന് നോക്കാം.

ഉള്ളതിൽ നിന്നേ മറ്റൊന്ന് ഉണ്ടാവുകയുള്ളു എങ്കിൽ, മനസ്സ് മുൻപേ ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ.
- അങ്ങനെയാണെങ്കിൽ അത് നമ്മുടെ അച്ഛന്റെയോ അമ്മയുടേയോ മനസ്സിൽ നിന്നാണോ വന്നിരിക്കുന്നത്? ആണെന്ന് പറയാൻ പറ്റില്ല. കാരണം, അച്ഛനമ്മമാരുടെ മനസ്സും കുട്ടികളുടെ മനസ്സും അത്രക്കധികം വ്യത്യാസമുണ്ട്. കൂടാതെ, ഒരേ അച്ഛനമ്മമാരുടെ മക്കളുടെ മനസ്സുകൾ തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. 
 
- ശരീരം വന്നത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. അപ്പോൾ മനസ്സ് വന്നതും പഞ്ചഭൂതങ്ങളിൽ നിന്നാണോ? അതുമല്ല. മരിച്ചു കിടക്കുന്ന ഒരാളുടെ ശരീരം അവിടെയുണ്ട്, പക്ഷെ അത് വെറും ശവമാണ്. ശവത്തിന് ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം ആ ശരീരത്തിൽ മനസ്സില്ല. 
 
 - അപ്പോൾ ജീവനുള്ള ഒരാളുടെ അവസ്‌ഥ നോക്കുക. അയാൾ ഉറങ്ങുന്നു, ഉണരുന്നു, ഉറങ്ങുന്നു, ഉണരുന്നു... ഇതാണ് സ്‌ഥിരം നടക്കുന്നത്. ഉറങ്ങുന്ന സമയത്ത് അയാൾ ഒന്നും അറിയുന്നില്ല... (ഒരു ശവത്തിന്റെ അതെ അവസ്‌ഥ), ഉണരുന്പോൾ അയാൾ എല്ലാം അറിയുന്നു. കാരണം... ഉറങ്ങുന്പോൾ മനസ്സ് പ്രവർത്തിക്കുന്നില്ല, ഉണരുന്പോൾ മനസ്സ് പ്രവർത്തിക്കുന്നു.. ഉറങ്ങിയപ്പോൾ ഇല്ലാതായ മനസ്സ് ഉണരുന്പോൾ വീണ്ടും ഉണ്ടാകുന്നു. അല്ലെങ്കിൽ, ഉണരുന്പോൾ മനസ്സിനെ ഉണർത്തുന്നു. ആരാണ് മനസ്സിനെ ഉണർത്തുന്നത്? അതുപോലെ,  ഉറങ്ങുന്പോൾ  ആരാണ് മനസ്സിനെ നഷ്ടപ്പെടാതെ നിലനിർത്തിയത്?  മനസ്സിനെ ഉണർത്തുന്നതും, നിലനിർത്തുന്നതും ഒരേ ഒരു ശക്തിയാണ്. ആ ശക്തിയാണ് അല്ലെങ്കിൽ ആ ചൈതന്യമാണ് ഈശ്വരൻ.
 
ഈശ്വരനില്ല  എന്ന് പറഞ്ഞ് നടക്കുന്ന നിരീശ്വരവാദികളുടെ മനസ്സിനെയും നിലനിർത്തുന്ന ആ ശക്തിയാണ് ഈശ്വരൻ. 

ശരീരം പ്രകൃതിയിൽ നിന്ന് വന്ന് പ്രകൃതിയിലേക്ക് തിരിച്ചു പോകുന്നത് പോലെ,  ഈശ്വരനിൽ നിന്ന് വരുന്ന മനസ്സ്, ഈശ്വരനിലേക്ക് തന്നെ തിരിച്ചു പോകുന്നു. പക്ഷെ, തിരിച്ചുപോകുന്ന കാര്യത്തിൽ ശരീരവും മനസ്സും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നമ്മൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മരിച്ചു കഴിഞ്ഞാൽ ശരീരം പ്രകൃതിയിലേക്ക് തിരിച്ചു പോകും.  പക്ഷെ, മനസ്സ് ഈശ്വരനിലേക്ക് തിരിച്ചു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈശ്വരനിലേക്ക് തിരിച്ചെത്താത്ത മനസ്സിന്  മറ്റൊരു ശരീരമെടുത്തു വീണ്ടും ജനിക്കേണ്ടി വരുന്നു. ഇതിനെ പുനർജന്മം എന്ന് പറയുന്നു. 
മനസ്സ് എവിടെ നിന്ന് വന്നുവോ (ഈശ്വരനിൽ നിന്ന്) അവിടേക്ക് മനസ്സിനെ തിരിച്ചെത്തിക്കുന്നതിനെ മോക്ഷമെന്നും പറയുന്നു. മോക്ഷമെന്നത് മരിക്കുന്പോൾ കിട്ടുന്നതല്ല, ജീവിക്കുന്പോൾ തന്നെയുണ്ടാകുന്നതാണ്.  ജീവിക്കുന്പോൾ തന്നെ, മനസ്സിന് ഈശ്വരനിൽ ലയിക്കാം, ഈശ്വരനുമായി യോജിക്കാം... ഇങ്ങനെ മനസ്സിനെ ഈശ്വരനിൽ എത്തിക്കുന്നതിനെ, ഈശ്വരനുമായി യോജിപ്പിക്കുന്നതിനെയാണ് യോഗം എന്ന് പറയുന്നത്. (യോഗ അല്ലെങ്കിൽ യോഗാസനങ്ങൾ ഒക്കെ മനസ്സിനെ ഈശ്വരനിൽ എത്തിക്കുന്നതിന് വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താൻ വേണ്ടിയുള്ള അഭ്യാസങ്ങളാണ്, ഇക്കാലത്ത് യോഗ എന്ന് പറഞ്ഞ് തലകുത്തിമറയുന്നവർ പലരും ഇത് മനസ്സിലാക്കാതെയാണ് എല്ലാ അഭ്യാസങ്ങളും ചെയ്യുന്നത്) 
 
----
 
നമ്മൾ അനുചരിക്കേണ്ട ജീവിതരീതിയാണ് ധർമ്മം.  

പ്രകൃതിയിൽ നിന്ന് വന്ന ശരീരം പ്രകൃതിയിലേക്ക് പോകുന്നത് വരെ അതിനെ നിലനിർത്താൻ നമ്മൾ സ്വീകരിക്കേണ്ട ജീവിതരീതിയെ വ്യവഹാര ധർമ്മം എന്ന് പറയുന്നു. ഭൂരിപക്ഷം മനുഷ്യരും മറ്റുള്ളവരുമായി ഇടപഴകുന്പോൾ പാലിക്കുന്ന ധർമ്മം. നമുക്കോരോരുത്തർക്കും സ്വയം വിലയിരുത്താം, നമ്മൾ ശരിയായിട്ടാണോ വ്യവഹാര ധർമ്മം പാലിക്കുന്നതെന്ന്.
 
മനസ്സിനെ എത്തിക്കേണ്ടത് നശിക്കാത്ത ശാശ്വതമായ സനാതനമായ ഈശ്വരനിലേക്കാണ്. അതിന് വേണ്ടുന്ന ജീവിതരീതിയാണ് പരമധർമ്മം അല്ലെങ്കിൽ സനാതന ധർമ്മം. വേദങ്ങളും, ഉപനിഷത്തുകളും, ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും, ഭഗവദ് ഗീതയും, ഭാഗവതവുമൊക്കെ കഥകളിലൂടെയും ജീവിതമുഹൂർത്തങ്ങളിലൂടെയും, ഈ പരമധർമ്മത്തെയാണ് കാണിച്ചു തരുന്നത്. മനസ്സിനെ ഈശ്വരനിലെത്തിക്കാൻ ഒരു മാർഗ്ഗമല്ല, കർമ്മം, ഭക്തി, ജ്ഞാനം, അഷ്ടാംഗയോഗം എന്നിങ്ങനെ അനവധി മാർഗ്ഗങ്ങൾ, ഈ ഗ്രന്ഥങ്ങൾ കാണിച്ചു തരുന്നു. ഇതാണ് ഭാരതീയ സംസ്കാരവും ലോകത്തിലെ മറ്റ് മത സംസ്കാരങ്ങളും തമ്മിലുള്ള വ്യത്യാസം. മറ്റ് മതങ്ങളിൽ, അവരുടെ പ്രവാചകൻ പറയുന്ന വഴിയല്ലാതെ മറ്റേത് വഴിയും അവർക്ക് സ്വീകാര്യമല്ല എന്ന സങ്കുചിതമനോഭാവം അവരുടെ മുഖമുദ്രയാകുന്നു. ഭാരതീയ സംസ്കാരം എന്നത് "ലക്ഷ്യമൊന്ന്, മാർഗം പലത്" എന്നതിൽ ഊന്നി നിൽക്കുന്നു.. അല്ലാതെ മറ്റു സംസ്കാരങ്ങളെ പോലെ ഒരു വ്യക്തിയിൽ ഊന്നി നിൽക്കുന്നതല്ല.
 
പക്ഷെ, അങ്ങിനെയാണോ ഭൂരിഭാഗം മനുഷ്യരും ജീവിക്കുന്നത്? അല്ല...  അത് കൊണ്ട് ശരീരം മരിക്കുന്പോൾ, ശരീരം പ്രകൃതിയിലേക്ക് തിരിച്ചു പോകുമെങ്കിലും, ഈശ്വരനിൽ നിന്ന് വന്ന മനസ്സ് ഈശ്വരനിൽ  തിരിച്ചെത്തുന്നില്ല. ആ മനസ്സ് വീണ്ടും ഒരു ശരീരമെടുത്ത് തിരിച്ചു വരുന്നു (പുനർജന്മം). പുതിയതായി ഉണ്ടായ ജന്മത്തിലും മനസ്സ് ഈശ്വരനിൽ  എത്തുന്നില്ല എങ്കിൽ, വീണ്ടും ആ മനസ്സ് പുനർജനിക്കുന്നു. 
 
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  വേദങ്ങൾ,  ഉപനിഷത്തുകൾ, ഭഗവദ്  ഗീത,ഭാഗവതം എന്നിവയൊക്കെ. "സഹായിക്കുന്ന ഉപാധികൾ" മാത്രമാണ്. കാരണം, ഇവയൊക്കെ പഠിച്ചത് കൊണ്ട് മാത്രം മനസ്സ് ഈശ്വരനിൽ എത്തിച്ചേരില്ല. അതിന് അവനവൻ സ്വയം ശ്രമിക്കണം. ഈശ്വരനിൽ നിന്ന് മുഖം തിരിച്ച് ഭൗതികതയിലേക്ക് തിരിഞ്ഞു നിൽക്കുന്ന മനസ്സിനെ, ഈശ്വരനിലേക്ക് തിരിക്കാൻ ഈ ഗ്രന്ഥങ്ങൾ സഹായിക്കുന്നുവെന്ന് മാത്രം.
------
മുൻപ് പറഞ്ഞത് പോലെ,ഭാരതീയ സംസ്കാരം അന്വേഷണത്തിന്റെ സംസ്കാരമാണ്. രണ്ടു തരം അന്വേഷണങ്ങളുണ്ട്. 
- മനസ്സു കൊണ്ട് മനസ്സിനെ കുറിച്ചുള്ള അന്വേഷണം (ആത്മീയത, ആത്മീയ ജ്ഞാനം)
- മനസ്സ് കൊണ്ട് മനസ്സല്ലാത്ത ലോകത്തെ കുറിച്ചുള്ള അന്വേഷണം (ഭൗതികത, ഭൗതിക ജ്ഞാനം)

സ്‌കൂളിൽ പഠിക്കുന്നതും, ജോലിസ്ഥലങ്ങളിൽ ചെയ്യുന്നതും, മറ്റുള്ളവരുമായി ഇടപഴകുന്പോൾ ഒക്കെ ഉള്ളത് ഭൗതികതയും ഭൗതിക ജ്ഞാനവും ആണ്. ഇതാണ് ഭൂരിപക്ഷം ആൾക്കാരും മനസ്സ് കൊണ്ട് നടത്തുന്ന അന്വേഷണം. പക്ഷെ, കൃഷ്ണൻ, രാമൻ, ശ്രീരാമകൃഷ്ണപരമഹംസൻ എന്നിവരൊക്കെ മനസ്സിനെ കുറിച്ചുള്ള അന്വേഷണമാണ് നടത്തിയിരുന്നത്... അവർക്കുണ്ടായ ജ്ഞാനം ആത്മീയജ്ഞാനമായിരുന്നു. 

ചുരുക്കം 
-----------
മോക്ഷം, പുനർജന്മം, ധർമ്മം, സനാതന ധർമ്മം, യോഗം, ആത്മീയത ഇവയൊക്കെ മനസ്സ് എവിടെ നിന്ന് വന്നു എന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കണ്ടെത്തലുകളാണ്. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ അതിലാണ് നിലനിൽക്കുന്നത്  

[09292022]

Tuesday, August 30, 2022

മരം, മരം വെട്ടുകാരൻ, കിളി

ഒരു മരം വെട്ടുകാരൻ മരം വെട്ടുന്നു. മരം വീഴുന്നതിനു മുൻപ് ആ മരത്തിലിരിക്കുന്ന ഒരു കിളി   അവിടെനിന്ന് പറന്നു പോകുന്നു. 
 
നമ്മളൊക്കെ എങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കിത്തരാൻ വേദവ്യാസൻ ഭാഗവതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഉദാഹരണമാണിത്. ഇതിൽ, 
- മരം എന്നത് നമ്മുടെ ശരീരവും
- മരം വെട്ടുകാരൻ എന്നത് കാലവും 
- കിളി എന്നത് നമ്മുടെ മനസ്സും 
ആയി കണക്കാക്കാം.
 
- മരം വെട്ടുകാരൻ മരത്തെ വെട്ടി അതിന്റെ സ്ഥിരത നഷ്ടപ്പെടുത്തുന്ന പോലെ, കാലം നമ്മുടെ ശരീരത്തെ ദിനം പ്രതി ദുർബലമാക്കിക്കൊണ്ടിരിക്കുന്നു. 
 
- അവസാനം മരം വീഴുന്നത് പോലെ, നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം നിലക്കുന്നു, മരിക്കുന്നു.
 
- മരം വീഴുന്നതിന് മുൻപ് കിളി അതിന്റെ കുട്ടികളെയും, കൂടും, സംഭരിച്ചു വച്ച ഭക്ഷണവുമൊക്കെ വിട്ട് പറന്നകലുന്നു. മരിക്കുന്നതിന് മുൻപ് തന്നെ മനസ്സിന് ശരീരവുമായും (മരം), ശരീരവുമായി ബന്ധപ്പെട്ട ആൾക്കാരുമായും (കിളിക്കുഞ്ഞുങ്ങൾ), ശരീരവുമായി ബന്ധപ്പെട്ട വസ്തുക്കളുമായുമുള്ള (സംഭരിച്ച ഭക്ഷണം) ഉള്ള ബന്ധനങ്ങളിൽ (attachments) നിന്ന് വിമുക്തമാവാൻ പറ്റുകയാണെങ്കിൽ മാത്രമേ, മനസ്സിന് ശരീരത്തെ വിട്ട് ഭഗവാനിലേക്ക് ഉയരാൻ (മോക്ഷം) സാധിക്കുകയുള്ളൂ. 
അതിനാൽ, സ്വന്തം ശരീരത്തോടും, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ എന്നിവരോടും, വീട്/കാർ എന്നിവയോടുമൊക്കെ ഉള്ള ബന്ധനങ്ങൾ ഉപേക്ഷിച്ചു ജീവിച്ചാൽ വളരെ നല്ലത്. (ഇതിന്റെ അർഥം, ഭാര്യ/കുട്ടികൾ/അച്ഛനമ്മമാർ ഇവർക്ക് വേണ്ടി ഒന്നും ചെയ്യരുതെന്നോ  ലൗകിക സൗകര്യങ്ങൾ നേടരുതെന്നോ അല്ല.  വളരെ ആത്മാർത്ഥതയോടെ അവർക്കൊക്കെ വേണ്ടി എല്ലാം ചെയ്യണം,.. ലൗകിയ സൗകര്യങ്ങൾ ഒക്കെ നേടിയെടുക്കണം. പക്ഷെ, അവരോടൊക്കെയുള്ള പെരുമാറ്റങ്ങൾ ഉണ്ടാക്കുന്ന സുഖദുഃഖങ്ങളിലും ലൗകിക സൗകര്യങ്ങൾ വഴി ഉണ്ടാകുന്ന സുഖദുഃഖങ്ങളിലും മനസ്സിനെ കുരുക്കിയിടരുതെന്നു മാത്രം). 
 
എത്രയും നേരത്തെ attachments ൽ നിന്ന് മോചനം ലഭിക്കുന്നുവോ അന്ന് മുതൽ ശാന്തിയും സമാധാനവുമായി ജീവിക്കാം. ജീവിച്ചിരിക്കുന്പോൾ തന്നെ ഉണ്ടാകുന്ന ഈ അവസ്ഥയെ ജീവന്മുക്തി എന്ന് പറയുന്നു. 

[08302022]

Wednesday, August 24, 2022

മഹാബലി (ഭഗവാന്റെ ദൃഷ്ടിയിൽ)

അങ്ങനെ മറ്റൊരു ഓണം കൂടി ഇതാ എത്തിയിരിക്കുന്നു. അസുരചക്രവർത്തിയായ മഹാബലിയെ വരവേൽക്കാൻ. 
 
മലയാളികൾ ഓണം ആഘോഷിക്കുന്നതിന്റെ അടിസ്‌ഥാനം വെറും പൊള്ളയാണ്. ഇതിനെ പറ്റി മുൻപൊരിക്കൽ എഴുതിയിരുന്നു (https://puttunninotes.blogspot.com/2021/08/blog-post.html). വാമനനെയാണ് നാം പൂജിക്കേണ്ടത്, ആദരിക്കേണ്ടത് എന്ന സത്യം വിശദീകരിച്ചപ്പോൾ ചില സുഹൃത്തുക്കളിൽ നിന്നും അതിശക്തമായ എതിർപ്പുണ്ടായി. ശീലിച്ചതേ പാലിക്കൂ എന്നതിൽ നിന്ന് സത്യാന്വേഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ആ ആർജ്ജവം ഒട്ടുമിക്കവാറും  മലയാളികളും കാണിക്കാത്ത ഇക്കാലത്ത്, എങ്ങനെയാണ് "ഭഗവാൻ മഹാബലിയെ വിലയിരുത്തിയിരുന്നത്" എന്ന് നോക്കാം. 
----
 ഭഗവാൻ ശ്രീകൃഷ്ണൻ, ഗുരുസ്‌ഥാനത്ത് നിന്ന് തന്റെ ശിഷ്യരായ അർജുനനെയും ഉദ്ധവരെയും, ഉയർത്തുന്നതാണ് മഹാഭാരതത്തിലെ ഭഗവദ് ഗീതയും ഭാഗവതത്തിലെ ഉദ്ധവ ഗീതയും. രണ്ടു ശിഷ്യന്മാരുടെയും മാനസികമായ തളർച്ചയെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം. 
 
- യുദ്ധത്തിന് തൊട്ടു മുൻപ്, ശത്രുപക്ഷത്ത് നിന്നിരുന്ന ഭീഷ്മരെയും ദ്രോണരെയും കണ്ട് തളർന്ന്, യുദ്ധം ചെയ്യില്ലെന്ന് വാശി പിടിച്ച അർജുനനെ തളർച്ചയിൽ നിന്നുയർത്തി യുദ്ധം ചെയ്യിക്കാൻ വേണ്ടി കൊടുത്ത ഉപദേശമായിരുന്നു, ഭഗവദ് ഗീത 
- കൃഷ്ണന്റെ മരണമടുത്ത സമയത്ത് ദ്വാരക വിട്ടു പോകാൻ കൃഷ്‌ണൻ ഒരുങ്ങിയപ്പോൾ, "കൃഷ്ണനില്ലാതായാൽ ഉണ്ടാകുന്ന വിരഹത്തെ" ഓർത്ത് തളർന്നവശനായ ഉദ്ധവരെ, ഉയർത്തി ശക്തനാക്കാൻ കൊടുത്ത ഉപദേശമായിരുന്നു ഉദ്ധവ ഗീത. 
 
രണ്ട് ഗീതയിലും ഉള്ള ഉപദേശത്തിന്റെ സാരം ഒന്ന് തന്നെ.
 
ഈ ഉപദേശത്തിന്റെ ഭാഗമായി, മനസ്സ്-ബുദ്ധി-ഈഗോ-ആത്മാവ്-ബ്രഹ്മം എന്നൊക്കെയുള്ളതിനെ പറ്റി വളരെ ശാസ്ത്രീയമായി വിശദീകരിച്ചു. ബ്രഹ്മം തന്നെയാണ് ഭഗവാൻ അല്ലെങ്കിൽ ഈശ്വരൻ. ജ്ഞാനം (knowledge, ബ്രഹ്മത്തെ പറ്റിയുള്ള ജ്ഞാനം) നേടി അത് വിജ്ഞാനമായി (knowledge turned to wisdom through experience) മാറിയാൽ മാത്രമേ, ബ്രഹ്മത്തെ (ഭഗവാനെ)  അനുഭവിച്ചറിയാൻ പറ്റുകയുള്ളൂ എന്നും ബ്രഹ്മം എന്നത് നിർഗുണമായതാണെന്നും പറയുന്നു. (നിർഗുണം എന്ന് വച്ചാൽ ഒരു ഗുണവും ഇല്ലാത്ത useless എന്ന് കരുതരുത്. നാം പൊതുവേ - വലുത്-ചെറുത്-പ്രകാശമുള്ളത്-നീളമുള്ളത്-മിനുസമുള്ളത് എന്നിങ്ങനെ അനവധി സ്വഭാവ വിശേഷങ്ങളെ കൊണ്ടാണ്, നമുക്ക് ചുറ്റുമുള്ള വ്യക്തികളെയും സാധനകളെയും മനസ്സിലാക്കുന്നത്. പക്ഷെ ബ്രഹ്മം എന്നാൽ അങ്ങനെ യാതൊരു സ്വഭാവ വിശേഷവും ഇല്ലാത്തതാണ്)

ഈ രീതിയിലുള്ള ശാസ്ത്രീയവിശദീകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ അർജുനനും ഉദ്ധവരും, "ഭഗവാനെ, അങ്ങയുടെ വിഭൂതികൾ (manifestations) ഏതാണെന്ന് പറഞ്ഞാലും", എന്ന് ചോദിച്ചിരുന്നു. വിഭൂതികളെ പറ്റി മനസ്സിലാക്കി, അങ്ങനെ ഭഗവാനിലേക്കു/ബ്രഹ്മത്തിലേക്ക് ശ്രദ്ധ തിരിച്ച് ഭഗവാനെ മനസിലാക്കുക, എന്നതായിരുന്നു ഉദ്ദേശം. വിഭൂതി എന്ന് പറഞ്ഞാൽ - "One above the many manifests as one among the many". "One above the many" എന്നത് ഭഗവാൻ/ഈശ്വരൻ/ബ്രഹ്മം  ആകുന്നു. "One among the many" ആയി manifest ചെയ്തതാണ് വിഭൂതികൾ. അപ്പോൾ കൃഷ്ണൻ, തന്റെ (ഭഗവാന്റെ) അനവധി വിഭൂതികൾ വിശദീകരിച്ചു. 
 
അതിൽ ചിലത് 
- യുഗങ്ങളിൽ ഞാൻ സത്യയുഗമാണ് (most moral yuga among 4 yugas)
- ദേവന്മാരിൽ ഞാൻ ഇന്ദ്രനാണ് (ഏറ്റവും ശക്തൻ ഇന്ദ്രൻ)
- യക്ഷന്മാരിൽ ഞാൻ കുബേരനാണ്  (ഏറ്റവും സന്പന്നൻ)
- കുതിരകളിൽ ഞാൻ ഉച്ചൈശ്രവസ്സാണ് (സമുദ്രത്തിൽ നിന്നും പൊന്തിവന്നവൻ, ചിരഞ്ജീവി )
- ആനകളിൽ ഞാൻ ഐരാവതമാണ് 
- ആയുധങ്ങളിൽ ഞാൻ ഇടിമിന്നലാണ് 
- നദികളിൽ ഞാൻ ഗംഗയാണ്
ഇങ്ങനെ അനവധി വിഭൂതികൾ വിവരിച്ചു. 
 
നമ്മുടെ ചുറ്റുപാട് എടുത്താൽ കാണാവുന്ന വിഭൂതികൾ

- നമുക്ക് ചുറ്റും നല്ലൊരു ചിത്രകാരനോ, പാട്ടുകാരനോ, സിനിമാനടനോ ഉണ്ടെന്ന് കരുതുക. അവരുടെ കഴിവുകൾ - ചിത്രം വരക്കാനുള്ള കഴിവ്, പാട്ട് പാടാനുള്ള കഴിവ്, അഭിനയിക്കാനുള്ള കഴിവ് - ഒക്കെ ഭഗവാന്റെ വിഭൂതിയാണ്. 
- നമ്മളിൽ ഉള്ളതോ മറ്റുള്ളവരിൽ കാണുന്നതോ ആയ - വിജയം, സാഹസികത, ശക്തി, ക്ഷമ ഇവയൊക്കെ ഭഗവാന്റെ വിഭൂതികളാണ്. 
- ഞാൻ നല്ലൊരു ഫോട്ടോ എടുത്തു എങ്കിൽ ആ കഴിവ് ഭഗവാന്റെ ഒരു വിഭൂതിയാണ്. 
- ഞാൻ ഭാഗവതവും ഭഗവദ് ഗീതയും മനസ്സിലാക്കാൻ ശ്രമിക്കുന്നു. അതിന് എനിക്കുള്ള പ്രചോദനം ഭഗവാന്റെ വിഭൂതിയാണ്. 
-----
വിഭൂതികളെ പറ്റി ഇത്രയും പറഞ്ഞു... വിഭൂതിയും മഹാബലിയും തമ്മിലുള്ള ബന്ധമെന്താണ്? 
 
ഉദ്ധവ ഗീതയിൽ കൃഷ്ണൻ പറയുന്ന ഒരു വിഭൂതിയാണ് (ഭഗവാന്റെ manifestation)
- ബ്രാഹ്മണരിൽ ഞാൻ ബലിയാണ്... മഹാബലിയാണ്. 
 
ജന്മം കൊണ്ട് മഹാബലി അസുരനാണെങ്കിലും ഒരു ബ്രാഹ്മണശ്രേഷ്ഠൻ ആയിട്ടാണ്, ഭഗവാൻ കണക്കാക്കുന്നത്. ജന്മം കൊണ്ടല്ല ഒരാൾ ബ്രാഹ്മണൻ ആകുന്നത് എന്നതും ഇവിടെ വ്യക്തമാകുന്നു.
-----
ഇനി നമ്മൾ മലയാളികളുടെ കാര്യം നോക്കാം..
 
ഭഗവാൻ വളരെ ശ്രേഷ്ഠൻ (തന്റെ വിഭൂതി or manifestation) ആയി കണക്കാക്കുന്ന മഹാബലിയെ, നമ്മൾ മലയാളികൾ അങ്ങനെയാണോ കാണുന്നത്? മഹാബലിയെ അവഹേളിക്കുന്ന കാർട്ടൂണുകളും, തമാശകളും (കുന്പവയറില്ലാത്ത മഹാബലി അപൂർവ്വം) പ്രചരിപ്പിച്ച് ആഹ്ലാദിക്കുന്ന മലയാളികൾ, മഹാബലി ആരാണെന്നോ മഹാബലി എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നോ ചിന്തിക്കുന്നുപോലുമില്ല.
 
ഈ ഓണക്കാലത്ത്, നമ്മൾ ഓരോരുത്തരും മഹാബലിയെ പറ്റിയുള്ള കാർട്ടൂണുകളും ചിത്രങ്ങളും വീഡിയോയും മറ്റൊരാൾക്ക് ഷെയർ ചെയ്യില്ല.. അയക്കില്ല.. എന്ന തീരുമാനമെടുത്താൽ...  മഹാബലിയോടുള്ള അവഹേളനങ്ങൾ കുറക്കാനെങ്കിലും സാധിക്കും..
 -----
 ലോകാ സമസ്താ സുഖിനോ ഭവന്തു.

[08242022]

Thursday, August 18, 2022

ശ്രീകൃഷ്ണജയന്തി (കൃഷ്ണനെ അറിയാതെ)

അങ്ങനെ ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തിയും കഴിഞ്ഞു. 

ഭഗവാൻറെ അവതാരങ്ങളിൽ പൂർണ്ണാവതാരമായിട്ടുള്ളത് കൃഷ്ണൻ മാത്രം (അവതാരങ്ങളെ പറ്റി മുൻപ് എഴുതിയിരുന്നു. വേണമെങ്കിൽ  വായിക്കാം https://puttunninotes.blogspot.com/2021/11/blog-post.html). നമ്മളൊക്കെയും ഭഗവാന്റെ അവതാരങ്ങൾ തന്നെ. അതായത് നമ്മളേവരിലും ഈശ്വരന്റെ പ്രഭാവമുണ്ട്.  പക്ഷെ, നമ്മൾ അതറിയുന്നില്ല. എന്ത് കൊണ്ട്? 
 
അതിന് കാരണം ഇതാണ് - മിക്കവാറും മനുഷ്യന്മാരുടെ ശ്രദ്ധ താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലാണ്. ഇവയെ താപത്രയം എന്ന് പറയുന്നു
- ശരീരം
- ശരീരവുമായി ബന്ധപ്പെട്ട വ്യക്തികൾ (ഭാര്യ, മക്കൾ, മാതാപിതാക്കൾ)
- അവനവന്റെ വസ്തുക്കൾ (കാർ, ഫോൺ, ജോലി, പദവി) 
 
ഇവ മൂന്നിലുമാണ് മനുഷ്യന്റെ ചിന്തകൾ വ്യാപാരിക്കുന്നത്. അതിനാൽ അവന്റെ ആശ്രയം എല്ലായിപ്പോഴും ഈ മൂന്ന് കാര്യങ്ങളിലാണ്. സ്വന്തം സുഖത്തിനു വേണ്ടിയും, ദുഖമോ/വിഷമമോ ഉണ്ടാകുന്പോൾ സമാധാനത്തിന് വേണ്ടിയും ഈ മൂന്ന് കാര്യങ്ങളെയാണ് മനുഷ്യൻ ആശ്രയിക്കുന്നത്. (ഉദാഹരണം: വിഷമം വന്നാൽ സിനിമ കാണുന്നു, അല്ലെങ്കിൽ സുഹൃത്തുക്കളോട് സംസാരിക്കുന്നു. സന്തോഷം ഉണ്ടാവാൻ കൂട്ടുകാരെ ആശ്രയിച്ച് ഒരു ടൂറിന് പോകുന്നു, അല്ലെങ്കിൽ മുഖത്ത് makeup ഇടുന്നു). പക്ഷെ ഇതൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല. അത് ജീവിതാനുഭവങ്ങളിൽ നിന്ന് എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ. (ഉദാഹരണം: കൂട്ടുകാർ എന്നും കൂടെ ഉണ്ടായിരിക്കണമെന്നില്ല, എത്ര makeup ഇട്ടാലും സൗന്ദര്യം കൂടാത്ത അവസ്ഥയിൽ ശരീരം എത്തിച്ചേരും, ആശ്രയമായി കരുതുന്ന ഭാര്യയോ ഭർത്താവോ എന്ന് വേണമെങ്കിലും മരിച്ചു പോയേക്കാം). നാം ആശ്രയമായി കരുതുന്നതൊന്നും നമുക്ക് ശാശ്വത സമാധാനം തരുന്നില്ല എന്ന് മാത്രമല്ല, അത് മനസ്സിലാകാത്ത മനുഷ്യൻ അവയുടെ പിന്നാലെ  നിർത്താതെ ഓട്ടപ്പാച്ചിൽ നടത്തിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള ഓട്ടാപ്പാച്ചിലിൽ (അല്ലെങ്കിൽ മായയിൽ), അവനവനിൽ ഉള്ള ഈശ്വരപ്രഭാവത്തെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ്, നമ്മളിലൊക്കെ ഈശ്വരപ്രഭാവമുണ്ടെങ്കിലും, നമ്മുടെ വാക്കിലോ, പ്രവർത്തികളിലോ ഒന്നും ആ പ്രഭാവം പ്രകടമാകാത്തത്.
 
ശ്രീരാമനും, പരശുരാമനുമൊക്കെ ഭഗവാന്റെ അവതാരങ്ങളായിരുന്നെങ്കിലും അവരൊന്നും പൂർണ്ണാവതാരമായിരുന്നില്ല. ജീവിതത്തിന്റെ അപൂർവ്വം ചില സന്ദർഭങ്ങളിൽ അവർക്ക് വികാരത്തിന് അടിമപ്പെടേണ്ടി വന്നിട്ടുണ്ട്. വിവേകത്തിൽ നിന്ന് മാറി വികാരം ജീവിതത്തെ നിയന്ത്രിക്കുന്ന അവസ്ഥ. (ഉദാഹരണം: ദശരഥന്റെ മരണവാർത്ത കേട്ട് ശ്രീരാമൻ തകർന്നു. ശ്രീരാമന് ദുഃഖമെന്ന വികാരത്തിന് കീഴടങ്ങേണ്ടി വന്നു. സീതയെ രാവണൻ അപഹരിച്ചപ്പോൾ ശ്രീരാമൻ തകർന്നു). പക്ഷെ, ജീവിതത്തിൽ എന്ത് വന്നാലും ഒരിക്കൽ പോലും വിവേകത്തിൽ നിന്ന് മാറി വികാരത്തിന് കൃഷ്ണൻ വശംവദനായിട്ടില്ല. അതിനാൽ തന്നെ, ഈശ്വരന്റെ പരിപൂർണ്ണ പ്രകടനമായിരുന്നു കൃഷ്ണന്റെ ജീവിതം മുഴുവൻ. കൃഷ്ണന്റെ വാക്കിലും പ്രവർത്തിയിലും ചിന്തകളിലും ഒക്കെ ഈശ്വരപ്രഭാവം നിറഞ്ഞ് നിന്നിരുന്നു. അത് കൊണ്ടാണ് കൃഷ്ണനെ പൂർണ്ണാവതാരമായി കണക്കാക്കുന്നത്. 
 
പക്ഷെ, ഇതൊന്നും മനസ്സിലാക്കിയിട്ടുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളൊന്നുമല്ല മിക്കവാറും ആൾക്കാരും കൊണ്ടാടുന്നത്. അമ്പലത്തിൽ പോകുക, മധുരപലഹാരങ്ങൾ ഉണ്ടാക്കുക, കൃഷ്ണന്റെ ബാലലീലകളെ ഓർക്കുക.. അങ്ങനെ, വളരെ primitive ആയ ആഘോഷങ്ങൾ മാത്രമാണ് എല്ലാ കൊല്ലവും ഉണ്ടാകുന്നത്. അത് കൂടാതെ, മറ്റു ചിലർ കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടായിരുന്നുവെന്നും, ചിലർ അത് പൊക്കിക്കൊണ്ടുവന്ന് കൃഷ്ണനെ ഇടിച്ച് താഴ്‌ത്തിയും ഒക്കെ പോസ്റ്റുകളിടുന്നു. ഭാരതീയർക്ക് ഭാരതത്തിന്റെയും ആ സംസ്കാരത്തിന്റെയും വില അറിയില്ല എന്ന രീതിയിലുള്ള ആഘോഷങ്ങളും മെസ്സേജുകളും മാത്രം. 
 
കൃഷ്ണൻ ആരാണ്.. എന്താണ് എന്ന് വ്യക്തമായി മനസ്സിലാകണമെങ്കിൽ ഭാഗവതം പത്തും, പതിനൊന്നും സ്കന്ദങ്ങൾ മനസ്സിലാക്കണം.
 
- പത്താം സ്കന്ധത്തിൽ, കൃഷ്‍ണന്റെ ജനനം, കൗമാരം, യവ്വനം എന്നീ സമയത്തുള്ള കൃഷ്ണന്റെ ജീവിതത്തെ കാണിക്കുന്നു. കൃഷ്ണൻ വെണ്ണ കക്കുന്നതും, ഗോപികമാരുടെ കൂടെ രാസലീല ആടുന്നതുമൊക്കെ പത്താം സ്കന്ധത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ഓരോന്നിന്റെ പിന്നിലും വളരെ ആഴത്തിലുള്ള ഫിലോസഫി ഉണ്ടെന്നുള്ളതാണ് വാസ്തവം. രാസലീലക്ക് പിന്നിലും, കൃഷ്ണൻ പല അസുരന്മാരെ കൊല്ലുന്നതിന്റെ പിന്നിലും, നാം മനസ്സിലാക്കേണ്ട പല തത്വങ്ങളുമുണ്ട്. അതൊന്നും മനസ്സിലാക്കാതെ പെണ്ണുങ്ങളുടെ പിന്നാലെ കാമവെറി പൂണ്ടു ഓടി നടന്ന കോമാളിയായിരുന്നു കൃഷ്ണനെന്ന പോലെയാണ് പല മെസ്സേജുകളും. ഇതിന്റെ പിന്നിലെ തത്വങ്ങൾ മനസ്സിലാക്കുന്നവർക്ക് അവരുടെ മനസ്സിലെ അനവധി വികലതകളെ ഇല്ലാതാക്കാൻ സാധിക്കും. 
 
- പതിനൊന്നാം സ്കന്ധത്തിൽ (ഇതിനെ മുക്തിസ്കന്ധം എന്ന് പറയുന്നു), സ്വന്തം കുലം തമ്മിൽ തല്ലി  നശിച്ചുകൊണ്ടിരിക്കുന്പോൾ കൃഷ്ണൻ ദ്വാരക വിട്ടു പോകാറായപ്പോൾ, കൃഷ്ണന്റെ ഏറ്റവും നല്ല സുഹൃത്തായ ഉദ്ധവൻ തകർന്നു. അർജുനൻ പോലും ഉദ്ധവരുടെയത്ര കൃഷ്ണനോട് അടുത്തിരുന്നില്ല. കൃഷ്ണൻ ഇല്ലാതായാൽ എന്ന ചിന്ത ഉദ്ധവരെ തകർത്തു. അങ്ങനെയുള്ള ഉദ്ധവരെ ഉയർത്താൻ, കൃഷ്ണൻ ഉദ്ധവർക്ക് കൊടുക്കുന്ന ഉപദേശമാണ് ഉദ്ധവ ഗീത. ഇത് ഭഗവദ് ഗീതയെക്കാൾ ഗംഭീരം തന്നെ. (ഇങ്ങനെയൊരു ഉദ്ധവനുണ്ടെന്നും ഉദ്ധവഗീതയുണ്ടെന്നും മിക്കവർക്കും അറിയില്ല).
 
പത്താം സ്കന്ധത്തിലെ, കൃഷ്ണന്റെ ബാലലീലകളും, രാസലീലയുമൊക്കെ മറ്റുള്ളവരെ കൃഷ്‌ണനിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടി ഉള്ളതാണ്. ഒരിക്കൽ ആകർഷിക്കപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആ ബാലലീലകളെ വിട്ട് തത്വങ്ങളിലേക്ക് കടക്കണം. പക്ഷെ, ഭൂരിപക്ഷം ആൾക്കാരും ബാലലീല, രാസലീല, ഗോപികമാർ എന്നിവയിലെ "തത്വത്തെ ഊറ്റിക്കളഞ്ഞ ചണ്ടിയായ കഥകൾ" എന്ന ആദ്യത്തെ പടിയിൽ തന്നെ നിൽക്കുന്നു. മുകളിലോട്ടുള്ള സ്റ്റെപ്പ് വയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ആ സ്റ്റെപ്പ് വച്ചാൽ മാത്രമേ, പതിനൊന്നാം സ്കന്ധത്തിലൂടെ - 'കൃഷ്ണൻ ഒരു ഗുരുവാണ്' - എന്ന വളരെ പ്രധാനമായ ഒരു കാര്യത്തെ മനസ്സിലാക്കാൻ സാധിക്കൂ. നമ്മളെ ഉയർത്തുന്നവനാണ് ഗുരു. അത് കൊണ്ട്, കൃഷ്ണനെ ഗുരുവായി സ്വീകരിച്ചാൽ, കൃഷ്ണൻ ജീവിച്ച് കാണിച്ച് തന്ന തത്വങ്ങൾ മനസ്സിലാക്കിയാൽ നമ്മളും ഉയരും.. എങ്ങോട്ടു ഉയരും? നമ്മൾ ഈശ്വരനിലേക്ക് ഉയരും.. എന്ന് പറഞ്ഞാൽ, താപത്രയത്തിൽ മുങ്ങിത്തപ്പുന്ന നമ്മൾ ഉയർന്ന്, നമ്മളിലെ ഈശ്വരപ്രഭാവത്തെ തിരിച്ചറിയും. ഇപ്പോൾ ഉള്ള രാക്ഷസസ്വഭാവങ്ങൾ ഇല്ലാതായി നമ്മളുടെ വാക്കിലും പ്രവർത്തികളിലും ഈശ്വരീയത നിറയും.
 
അടുത്ത ശ്രീകൃഷ്ണജയന്തി ആവുന്പോഴേക്കും, കൃഷ്ണൻ എന്താണ് ആരാണ് എന്നൊക്കെ മനസ്സിലാക്കി.. കൃഷ്ണനെ നിന്ദിക്കാതെ, ഒരു ആശ്രയമായി, ഗുരുവായി കണ്ട്, തന്നിലുള്ള ഈശ്വരപ്രഭാവത്തെ തിരിച്ചറിയാനുള്ള ശ്രമം നടത്താൻ നമ്മളെല്ലാവർക്കും പ്രചോദനമുണ്ടാകട്ടെ, എന്ന് ആശംസിച്ചുകൊണ്ട്.. നിർത്തുന്നു 
 
[08182022]
 

Tuesday, May 24, 2022

പരശുരാമൻ + മഴു + കേരളം - ഒരു തെറ്റിദ്ധാരണ

പരശുരാമൻ മഴുവെറിഞ്ഞപ്പോൾ പൊങ്ങിവന്നതാണ് കേരളം എന്ന് കുട്ടിക്കാലം മുതലേ കേൾക്കുന്നതാണ്. പരശുരാമൻ കർണാടക അതിർത്തിയിൽ നിന്ന് ഒരു മഴു എറിയുന്നു, അതാ കാസർഗോഡും, മലപ്പുറവും, തൃശൂരും, തിരുവന്തപുരവും, സഹ്യപർവതവും ഇടുക്കിയുമൊക്കെ ഇങ്ങനെ പൊങ്ങിവരുന്നു. ഒരു ലോജിക്കിനും വിശദീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണിത്. ഈയടുത്താണ് ഇതിന്റെ പിന്നിലെ ശരിയായ കാര്യമെന്താണെന്ന് മനസ്സിലായത്. 
 
പരശുരാമനെ പറ്റി ഉള്ള കഥ ഇങ്ങനെയാണ്. ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും നാലാമത്തെ പുത്രനായിരുന്നു പരശുരാമൻ. ഒരിക്കൽ ഹൈഹേയ രാജാവായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ വന്നു. രാജാവിനെ സ്വീകരിക്കാൻ ജമദഗ്നി തന്റെ പശുവായ, എന്തും തരുന്ന കാമധേനുവിനെ, ആശ്രയിച്ചു. ചോദിക്കുന്നതെന്തും തരുന്ന കാമധേനുവിനെ കാർത്തവീര്യാർജ്ജുനൻ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി. ജമദഗ്നിക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഇതറിഞ്ഞ പരശുരാമൻ, തന്റെ മഴുവെടുത്ത് കാർത്തവീര്യാർജ്ജുനനെ വധിച്ച് കാമധേനുവിനെ തിരികെ കൊണ്ടുവന്ന് ജമദഗ്നിക്ക് കൊടുത്തു. ഇതിന്റെ പ്രതികാരമായി കാർത്തവീര്യാർജുനന്റെ മകനും സൈന്യവും ജമദഗ്നിയെ വധിച്ചു. അതിന് പ്രതികാരമായി പരശുരാമൻ ക്ഷത്രിയന്മാരെ ഉന്മൂലനം ചെയ്ത് ഭൂമിയുടെ ഭാരം കുറക്കുമെന്ന് ശപഥം ചെയ്തു. പരശുരാമൻ അങ്ങനെ ക്ഷത്രിയന്മാരെ കൊന്നൊടുക്കി, അവിടെയൊക്കെ ബ്രാഹ്മണന്മാരെ സ്‌ഥാപിച്ചു. ഇതൊരു ക്ഷത്രിയ-ബ്രാഹ്‌മണ കലഹം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പോലെയാണ്, പരശുരാമന്റെ കഥ കേട്ടിട്ടുള്ളത്. 
 
എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ ശരിയായ സന്ദേശം? ഇതിന്റെ താത്വികമായ വിശദീകരണം കൊടുക്കുന്പോൾ പരിഗണിക്കേണ്ട രണ്ടു കാര്യങ്ങളാണ്, കർമ്മവും ജ്ഞാനവും.
---
ജ്ഞാനം - തന്നെ നിലനിർത്തുന്ന ചൈതന്യം (ഈശ്വരൻ) തന്നെയാണ് എപ്പോഴും കൂടെയുള്ളതെന്ന അറിവ്. ആ ചൈതന്യം മാത്രമാണ് അനശ്വരമായി നിലനിൽക്കുന്നതെന്നും ബാക്കി ഉള്ള സകലചരാചരങ്ങളും നശ്വരമാണെന്നുമുള്ള അറിവ്. എന്നും നിലനിൽക്കുന്നതിനാൽ, ആ ചൈതന്യത്തെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ്. ഈ അറിവുകളൊക്കെയാണ് ജ്ഞാനം എന്ന് പറയുന്നത്.
 ---
കർമ്മം എന്നത്, എല്ലാ പ്രവർത്തികളെയും സൂചിപ്പിക്കുന്നു. എല്ലാ കർമ്മങ്ങൾക്കും 2 ഫലങ്ങൾ ഉണ്ടാകും. ഭൗതികമായ (materialistic) ഫലവും സൂക്ഷ്മമായ ഫലവും. സൂക്ഷ്മമായ ഫലം നമ്മുടെ ഉള്ളിലും (മനസ്സിൽ), ഭൗതികമായ ഫലം ശരീരത്തിന് പുറത്തുമുണ്ടാകുന്നു. 
ഉദാഹരണം:
കർമ്മം = പരീക്ഷ എഴുതി
ഭൗതികമായ ഫലം =100/100 മാർക്ക്സ് കിട്ടി. പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു
സൂക്ഷ്മമായ ഫലം = മനസ്സിൽ അതിരു കവിഞ്ഞ സന്തോഷം ഉണ്ടായി. അല്ലെങ്കിൽ സുഖമുണ്ടായി.
--
മറ്റൊരു ഭൗതികമായ ഫലം = 0 മാർക്ക് കിട്ടി. പരീക്ഷയിൽ തോറ്റു.
സൂക്ഷ്മമായ ഫലം = മനസ്സിൽ നിയന്ത്രിക്കാൻ പറ്റാത്ത വിഷമം ഉണ്ടായി. അല്ലെങ്കിൽ ദുഖമുണ്ടായി.

ഭൗതികമായ ഫലം എന്തായാലും, സൂക്ഷ്മായ ഫലത്തിൽ അതിരുകടന്ന സുഖമോ ദുഖമോ ഇല്ലാതെ ജീവിക്കണം എന്നതാണ് 'കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനാ" എന്ന് ഭഗവദ് ഗീതയിൽ  പറയുന്നത്. ഭൗതികഫലം എന്തായാലും മനസ്സിൽ സുഖത്തിന്റെയും ദുഖത്തിന്റെയും ഒരു സമഭാവം നിലനിർത്തണം എന്ന് സൂചിപ്പിക്കുന്നു (അല്ലാതെ, പരീക്ഷയിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ല എന്നല്ല. പരീക്ഷയിൽ നല്ല മാർക്ക് കിട്ടി ജയിക്കണം എന്നത് തന്നെയായിരിക്കണം ലക്‌ഷ്യം. പക്ഷെ, ജയിച്ചാലും തോറ്റാലും മനസ്സിലെ സമഭാവം നഷ്ടപ്പെടാതിരിക്കണമെന്ന് മാത്രം). ഏത് കർമ്മം ചെയ്താലും അതിന്റെ ഭൗതിക ഫലം എന്തായാലും, ഇതേ പോലെ മനസ്സിൽ സമഭാവം നിലനിർത്താൻ സാധിച്ചാൽ, താൻ ചെയ്യുന്ന കർമ്മങ്ങളൊന്നും തനിക്ക് വേണ്ടി ചെയ്യുന്നതല്ല, എല്ലാം ഈശ്വരന് വേണ്ടി ചെയ്യുന്നതാണ് എന്ന നിലയിലേക്ക് മനസ്സ് ഉയരും. അങ്ങനെ ഈശ്വരൻ (ചൈതന്യം) മാത്രമാണ് ശാശ്വതമായി നിലനിക്കുന്നത് എന്ന് മനസ്സിലാകും. ആ ഈശ്വരനെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ് (ജ്ഞാനം) ഉണ്ടാകും.
 
ചുരുക്കം പറഞ്ഞാൽ, മനസ്സിൽ സമഭാവം നിലനിർത്തി നിരന്തരം കർമ്മങ്ങൾ ചെയ്‌താൽ, ആ വ്യക്തിക്ക് ജ്ഞാനമുണ്ടാകും. അതായത്, കർമ്മമാർഗ്ഗത്തിലൂടെ ജ്ഞാനമാർഗത്തിൽ എത്തിച്ചേരും. 
---
പക്ഷെ, സമഭാവത്തോടെ കർമ്മങ്ങൾ ചെയ്യാൻ പറ്റാതായാൽ, ആ വ്യക്തിയിൽ ഭൗതികമായ ഫലങ്ങൾ, അതിയായ സന്തോഷമോ (സുഖമോ) വിഷമമോ (ദുഖമോ) ഉണ്ടാക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തി, സുഖത്തിന്റെയോ ദുഖത്തിന്റെയോ വലയത്തിൽ പെട്ട്, കൂടുതൽ കുഴപ്പങ്ങൾ ചെയ്തുകൂട്ടുന്നു. അത് ഒരു ഭോഗ സംസ്കാരത്തിലേക്കോ വെറുപ്പിന്റെ സംസ്കാരത്തിലേക്കോ വഴി തെളിക്കുന്നു. അങ്ങനെയുള്ള വ്യക്തികൾ നിറഞ്ഞ ഒരു സമൂഹത്തിൽ അനീതികളും അരാജകത്വവും ഉണ്ടായിക്കൊണ്ടിരിക്കും. 

അതിന്റെ ഒരു ഉദാഹരണമാണ്, ജമദഗ്നിയുടെയും-കാമധേനുവിന്റെയും കഥ. ഒരു കുറ്റവും ചെയ്യാത്ത ജമദഗ്നി വധിക്കപ്പെട്ടു. ഇങ്ങനെ സമൂഹത്തിൽ ഭോഗസംസ്കാരവും വെറുപ്പിന്റെ സംസ്കാരവും അഴിച്ചുവിട്ട ക്ഷത്രിയന്മാരെയാണ് ഭഗവാന്റെ അവതാരമായ പരശുരാമൻ ഇല്ലാതാക്കിയത്. എന്നിട്ട് അവിടെയൊക്കെ ബ്രാഹ്മണരെ കൊണ്ട് വന്ന് സ്‌ഥാപിച്ചത്, ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുങ്ങിയ സമൂഹത്തെ ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുവാൻ വേണ്ടിയാണ്. അന്നത്തെ കാലത്ത് ഏറ്റവും വലിയ ജ്ഞാനം (ബ്രഹ്മജ്ഞാനം) നേടിയവർ ബ്രാഹ്മണരായിരുന്നുവെന്നത് കൊണ്ട്, ബ്രാഹ്മണർക്ക് മാത്രമേ ഇത്രയും താണ ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമായിരുന്നത്  (അല്ലാതെ ബ്രാഹ്മണനായ പരശുരാമൻ, സ്വാർത്ഥമായി തന്റെ ആൾക്കാരെ കൊണ്ട് സ്‌ഥാപിച്ചതല്ല). 

കേരളത്തിലെ ഒട്ടുമിക്കവാറും അന്പലങ്ങൾ പരശുരാമന്റെ കാലത്ത് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വെറുതെ പ്രാർത്ഥിക്കാനോ പൂജിക്കാനോ മാത്രമായിരുന്നില്ല, മറിച്ച് സത്‌സംഗങ്ങൾ നടത്താനുള്ള ഒരു വേദിയായിട്ടാണ്, അക്കാലത്ത് ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്. ബ്രാഹ്മണന്മാരെ കൊണ്ടുവന്ന് അവിടെ സ്‌ഥാപിച്ചത്‌, പൂജാരികൾ ആയിട്ടല്ല.  ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുഴുകിയ ജനതയെ, ബ്രാഹ്മണന്മാരുമായുള്ള സത്‌സംഗങ്ങളിലൂടെ, ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു പരശുരാമന്റെ ലക്‌ഷ്യം. പരശു എന്നാൽ മഴു എന്നർത്ഥം. ഭോഗത്തിലും വെറുപ്പിലും മുങ്ങിക്കിടന്നിരുന്ന കേരളസംസ്കാരത്തെ  (കേരളത്തിലെ ജനങ്ങളുടെ മനസ്സുകളെ) ജ്ഞാനമാകുന്ന മഴു (പരശു) കൊണ്ട് വെട്ടി മാറ്റി, അവരെ (ആ മനസ്സുകളെ) മഹത്തരമായ ഒരു നിലയിലേക്ക് (ഈശ്വരനിലേക്ക്) ഉയർത്തി അല്ലെങ്കിൽ പൊക്കിക്കൊണ്ടുവന്നു, എന്നതാണ് "പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തിനെ പൊക്കിക്കൊണ്ടുവന്നു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
 
[From Swami Udit Chaithanya Bhagavathamrutham - Episode 62]
 
[05242022]

Thursday, May 19, 2022

ത്രിവേണി സംഗമം

ഇക്ഷ്വാകു വംശത്തിലെ രാജാവായിരുന്ന ശ്രീരാമന്റെ ഒരു മുൻഗാമി ആയിരുന്നു സഗര രാജാവ്. 60000 പുത്രന്മാർ ഉണ്ടായിരുന്ന സഗരരാജാവ്  ഒരിക്കൽ അശ്വമേധയാഗം ചെയ്യുന്പോൾ, യാഗാശ്വത്തിനെ കാണാതായി. യാഗാശ്വമില്ലാതെ യാഗം പൂർത്തീകരിക്കാൻ പറ്റില്ല. ഇന്ദ്രൻ യാഗാശ്വത്തെ കട്ടുകൊണ്ടുപോയതാണെന്ന് കരുതുന്നു. യാഗാശ്വത്തിനെ കിട്ടാൻ സഗര രാജാവിന്റെ 60000 മക്കളും ഭൂമി മുഴുവൻ അരിച്ചുപെറുക്കി. അതിനിടയിൽ അവർ അവിടവിടെ കുഴിച്ചുനോക്കിയതാണ് സമുദ്രങ്ങൾ (സാഗരങ്ങൾ) ആയിത്തീർന്നതെന്ന് പറയുന്നു. കുതിരയെ അന്വേഷിച്ച് സഗര രാജാവിന്റെ മക്കൾ, കപിലമഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ, അദ്ദേത്തിന്റെ തപസ്സ് മുടങ്ങി. കപില മഹർഷിയുടെ ദേഷ്യത്തിൽ 60000 പേരും കത്തിച്ചാന്പലായി. ഗംഗാ നദിയെ ഭൂമിയിലേക്ക് കൊണ്ടുവന്നാൽ മാത്രമേ അവർക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് മനസ്സിലാക്കിയെങ്കിലും, സഗര രാജാവിന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ പറ്റിയില്ല. പിന്നീട് സഗര രാജാവിന്റെ പിൻഗാമികളിൽ ഒരുവനായ ഭഗീരഥൻ കഠിനതപസ്സ് ചെയ്താണ് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ഗംഗ താഴേക്ക് വരുന്നത് താങ്ങാനുള്ള ശക്തി ഭൂമിക്ക് ഇല്ലാതിരുന്നത് കൊണ്ട് പരമശിവൻ ആണ് ഗംഗയുടെ പതനത്തെ സ്വീകരിച്ചത്. അതിനായി ഭഗീരഥൻ പരമശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തിയിരുന്നു. ശിവൻ തന്റെ ജടയിൽ സ്വീകരിച്ച ഗംഗയുടെ ഒരു ചെറിയ അംശം മാത്രമാണ് ഭൂമിയിലേക്ക് വിട്ടത്. അത് തന്നെ വളരെ ശക്തമായ ഒഴുക്കും ശക്തിയിലുള്ളതും ആയിരുന്നു. ആ ഒഴുക്കിൽ ഗംഗ ജാഹ്‌ന മഹർഷിയുടെ ആശ്രമം നശിപ്പിച്ചു. ഇതിൽ കോപം പൂണ്ട ഗംഗയെ ജാഹ്‌ന മഹർഷി കുടിച്ചു കളഞ്ഞു. ഭഗീരഥന്റെ അപേക്ഷ പ്രകാരം മഹർഷി ഗംഗയെ തന്റെ ചെവിയിലൂടെ പുറത്ത് വിട്ടു. (ചില പൂജകൾക്കിടയിൽ, ചെറുവിരൽ കൊണ്ട് ചെവി തൊട്ട് ശുദ്ധം ആക്കാറുണ്ടെന്ന് പറയുന്നു. ചെറുവിരൽ എന്നത് ശരീരത്തിന്റെ പ്രതീകമാണ്. ചെറുവിരൽ കൊണ്ട് ചെവി തൊടുക.. എന്നത് കൊണ്ട് 'ശരീരം ഗംഗയിൽ മുങ്ങി ശുദ്ധം ആക്കുന്നതിന്' തുല്യമായി കരുതുന്നു). അങ്ങനെ ഭഗീരഥൻ ഗംഗയെ തന്റെ പൂർവികരുടെ ചിതാഭസ്മത്തിലൂടെ ഒഴുക്കുകയൂം അവർക്ക് മോക്ഷം ലഭിക്കുകയും ചെയ്തു.
 
ഇതാണ് ഗംഗയുടെ ഉത്ഭവത്തിന് പിന്നിലുള്ള കഥ. 

----
 
ഗംഗാ നദി എന്നത് അനവധി നദികൾ കൂടിച്ചേർന്നതാണ്. അല്ലെങ്കിൽ ഗംഗ നദി പല  സ്‌ഥലങ്ങളിൽ  പല പേരിലും അറിയപ്പെടുന്നു. ബദരീനാഥിൽ അളകനന്ദ, കേദാർനാഥിൽ മന്ദാകിനി. ഗംഗോത്രിയിൽ ഭാഗീരഥി, യമുനോത്രിയിൽ യമുന, ബദരീനാഥിന് മേലെ ഒരു സ്‌ഥലത്തു സരസ്വതി... എന്നിങ്ങനെ പല സ്‌ഥലത്ത് പല പേരിൽ അറിയപ്പെടുന്നു. (സരസ്വതി എന്ന നദി ഇപ്പോൾ ഇല്ല)
 
പ്രയാഗിൽ (മുൻപത്തെ അലഹബാദ്) ഗംഗയും യമുനയും സരസ്വതിയും ഒന്നിച്ച് ചേരുന്നതാണ് ത്രിവേണി സംഗമം. 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്നത് ഇവിടെയാണ്. ഇതൊരു പുണ്യസ്‌ഥലമായി കണക്കാക്കുന്നു. അവിടുത്തെ വെള്ളത്തിൽ മുങ്ങിയാൽ എല്ലാ പാപങ്ങളും തീരുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു. 
 
----

എന്താണ് ഇതിന്റെ പിന്നിലുള്ള തത്വം..
 
നമ്മുടെ ശരീരവും പുറമെയുള്ള ഭൗതിക വസ്തുക്കളും വ്യക്തികളുമൊക്ക നശ്വരമാണ്. നമ്മെ നിലനിർത്തുന്ന ആ ചൈതന്യം (ഈശ്വരൻ) മാത്രമാണ് എന്നും നമ്മുടെ കൂടെയുള്ളത്.  ആ ചൈതന്യത്തെ കണ്ടെത്തി അതിൽ ലയിക്കുന്നതിനെയാണ് ആത്മസാക്ഷാത്കാരം എന്ന് പറയുന്നത്. പക്ഷെ അങ്ങനെ ഒരു ചൈതന്യം ഉള്ളിൽ ഉണ്ടെന്ന് കണ്ടെത്തി അനുഭവിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ, ശ്രമിച്ചാൽ പറ്റും. അതിന് വേണ്ട ചില പ്രക്രിയകളാണ് 

ഭക്തി - ജ്ഞാനം - വൈരാഗ്യം 
 
ഭക്തി - എന്ന് പറഞ്ഞാൽ, ഇക്കാലത്ത് അന്പലത്തിൽ പോയി നമ്മൾ കാണിച്ചു കൂട്ടുന്ന ഭക്തിയല്ല. നമ്മുട ശ്രദ്ധ ഈശ്വരനിലേക്ക് (ആ ചൈതന്യത്തിലേക്കു) തിരിക്കുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. നാം ചെയ്യുന്നതെന്തും ഈശ്വരന് വേണ്ടി എന്ന മനോഭാവത്തോടെ  ചെയ്യുന്ന അവസ്‌ഥ. "ചെയ്യുന്നതെന്തും" എന്ന് പറഞ്ഞാൽ - ഉദാഹരണം: ഭക്ഷണം കഴിക്കുന്നത്, ക്രിക്കറ്റ് കളിക്കുന്നത്. ഓഫിസിൽ ജോലി ചെയ്യുന്നത്, മറ്റുള്ളവരെ സഹായിക്കുന്നത് - ഇവയൊക്കെ ഈശ്വരന് വേണ്ടി മാത്രമാണ് ചെയ്യുന്നത് എന്ന മനോഭാവത്തിൽ എത്തിയാൽ, ആ വ്യക്തി യഥാർത്ഥ ഭക്തനായി എന്ന് പറയാം 
 
ജ്ഞാനം - ഇത് നമ്മുടെ ചുറ്റുപാടുകളെ പറ്റിയോ ഭൗതികവസ്തുക്കളെ പറ്റിയോ ഉള്ള അറിവ് അല്ല. ഈശ്വരൻ (ചൈതന്യം) തന്നെയാണ് ഇപ്പോഴും നമ്മുടെ കൂടെ ഉള്ളത് എന്നുള്ള അറിവിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. കൂടെ ഭാര്യയോ മക്കളോ നല്ല വീടോ കാറോ ഒക്കെ ഉണ്ടായിട്ടെന്ത് കാര്യം. അവരാരും നമ്മുടെ കൂടെ എന്നും ഉണ്ടാകില്ല. നമ്മുടെ കൂടെയുള്ള ചൈതന്യം ഇല്ലെങ്കിൽ നമ്മൾ വെറും ശവം. അതോടെ നമ്മുടെ ലോകം അവസാനിക്കും. എന്നും നിലനിക്കുന്നത് സത്യം (സത്), ബാക്കിയുള്ളതൊക്കെ എന്നും നിലനിൽക്കാത്തത്  (അസത്) എന്നുള്ള അറിവ്. 
 
വൈരാഗ്യം - മുൻപ്  എഴുതിയ ജ്ഞാനത്തിലൂടെ ഉണ്ടാകുന്ന വിരക്തിയെയാണ് വൈരാഗ്യം  (detachment) എന്ന് പറയുന്നത്. അല്ലാതെ,  മറ്റുള്ളവരോടുള്ള ദേഷ്യത്തെയല്ല ഇത് കൊണ്ട് സൂചിപ്പിക്കുന്നത്.  ജ്ഞാനം വഴി ഈശ്വരൻ ആണ് ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുന്നത് എന്ന് ബോധ്യം വന്നാൽ, ചുറ്റുവട്ടത്തുള്ള ഭൗതികമായ (ഉദാഹരണം: ഭാര്യ, കുട്ടികൾ, കാർ) എല്ലാറ്റിനോടും ഉള്ള ബന്ധനം (attachment) കുറയുന്നു
 
ഭക്തി വഴി [ഈശ്വരനിലേക്ക് ശ്രദ്ധ തിരിച്ച്] ജ്ഞാനം വഴി [ഈശ്വരൻ മാത്രമാണ് നമ്മുടെ കൂടെ ഇപ്പോഴും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി] വൈരാഗ്യം വഴി [ഭൗതിക ലോകത്തോട് വിരക്തി വരുന്നു] ആ അവസ്‌ഥയിൽ എത്തിയാൽ, പിന്നെ നമുക്ക് ചുറ്റും കാണുന്ന എല്ലാറ്റിനെയും നിലനിർത്തുന്നത്, തന്നെ നിലനിർത്തുന്ന തന്റെ കൂടെയുള്ള ഈശ്വരൻ (ചൈതന്യം)  തന്നെയാണെന്ന് സാക്ഷാത്കാരം ഉണ്ടാകുന്നു (ആത്മസാക്ഷാത്‍കാരം). അപ്പോൾ ചുറ്റും കാണുന്ന എന്തും നമ്മളിൽ നിന്ന് വ്യത്യസ്തമല്ല എന്ന് ബോധ്യമാകുന്നു. നമുക്ക് ഇവിടുന്ന് ഒന്നും നേടാനും കൊടുക്കാനും ഇല്ല എന്ന് ബോധ്യമാകുന്നു. ശരീരം പോലും തന്റെയല്ല എന്നത്  ബോധ്യമാകുന്നു. ജീവിച്ചിരിക്കുന്പോൾ തന്നെ നമ്മൾ എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തമാകുന്നു. അതാണ് മോക്ഷം.. ജീവന്മുക്തി.. (liberation while alive)
 
---- 
ഇനി ത്രിവേണി സംഗമത്തിലേക്ക് കടക്കാം.
 
ഗംഗ - ജ്ഞാനം : ഹിമാലയ സാനുക്കളിലൂടെ, തപോഭൂമികളിലൂടെ, ജ്ഞാനത്തിന്റെ വഴികളിലൂടെ ഒഴുകിവരുന്ന ഗംഗ, ജ്ഞാനത്തിന്റെ പ്രതീകം ആണ് 
 
യമുന - ഭക്തി : ഭക്തിയുടെ നാട്ടിലൂടെ ഒഴുകിവരുന്നത് കൊണ്ട് യമുനയെ, ഭക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. 
 
സരസ്വതി - വൈരാഗ്യം : വിരക്തി അല്ലെങ്കിൽ വൈരാഗ്യം (detachment) ഉള്ള ആളുകൾ തപസ്സു ചെയ്ത സ്‌ഥലങ്ങളിലൂടെ ഒഴുകി വന്നിരുന്നത് കൊണ്ട് സരസ്വതിയെ, വൈരാഗ്യത്തിന്റെ പ്രതീകമായി കണക്കാണുന്നു.
 
ആത്മീയമായി ഉയരണമെങ്കിൽ, ജീവന്മുക്തി/മോക്ഷം  കിട്ടണമെങ്കിൽ വേണ്ട "ഭക്തി - ജ്ഞാനം - വൈരാഗ്യം", എന്നിവയുടെ സംഗമസ്‌ഥലമായിട്ടാണ്, അല്ലെങ്കിൽ പ്രതീകമായിട്ടാണ്,  ത്രിവേണി സംഗമത്തെ കണക്കാക്കുന്നത്. അവിടെ പോയി വെറുതെ ഒന്ന് മുങ്ങിയത് കൊണ്ട് മാത്രം ഇതൊന്നും നടക്കാൻ പോകുന്നില്ല.  ലോകത്തിലെ ചളി മുഴുവൻ നിറഞ്ഞിരിക്കുന്ന നമ്മുടെയൊക്കെ മനസ്സിനെ ആത്മീയമായി ഉയർത്തി ജീവന്മുക്തി/മോക്ഷം കിട്ടണമെങ്കിൽ "ഭക്തി - ജ്ഞാനം - വൈരാഗ്യം" എന്നിവക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമം ഉണ്ടാവേണ്ടതാണ് 
 
[05192022]

Saturday, May 14, 2022

പാലാഴിമഥനം - ശരിയായ സന്ദേശം

കോപിഷ്ഠനായ ദുർവാസാവ് മഹർഷിക്ക് ഭഗവാൻ പാരിജാതപ്പൂവിന്റെ ഒരു മാല കൊടുത്തു. ദുർവാസാവ് ആ മാല ഇന്ദ്രന് കൊടുത്തു, ഇന്ദ്രൻ അത്  ഐരാവത്തിന് കൊടുത്തു. മാലയിലെ പൂവിന്റെ നല്ല ഗന്ധം അനവധി ഈച്ചകളെയും വണ്ടുകളെയും തേനീച്ചകളെയും ആകർഷിച്ചു. അവയുടെ ശല്യം കാരണം, ഐരാവതം ആ മാല നിലത്തിട്ട് ചവിട്ടിയരച്ചു. ഇത്  കണ്ട് കോപിഷ്ഠനായ ദുർവാസാവ്, "നിങ്ങൾക്കെല്ലാവർക്കും ജരാനര ബാധിക്കട്ടെ" എന്ന് ഇന്ദ്രനെയും എല്ലാ ദേവന്മാരെയും ശപിച്ചു. ഒരു പരിഹാരത്തിന് വേണ്ടി ഇന്ദ്രൻ ദുർവ്വാസാവിന്റെ കാല് പിടിച്ചു.  പാലാഴി കടഞ്ഞെടുത്ത് അമൃത് കുടിച്ചാൽ ജരാനര മാറിക്കിട്ടുമെന്ന് ദുർവാസാവ് ഇന്ദ്രനെ അറിയിച്ചു. എങ്ങനെ അത് ചെയ്യണമെന്ന് പറഞ്ഞുമില്ല. ദേവന്മാർ ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു.  ബ്രഹ്‌മാവ്‌ അവരെ ഭഗവാന്റെ (മഹാവിഷ്ണു) അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പാലാഴി കടഞ്ഞെടുത്ത് കിട്ടുന്ന അമൃത് തന്നെയാണ് പരിഹാരം എന്ന് ഭഗവാനും സമ്മതിച്ചു. മന്ഥര പർവതത്തെ കടകോലായി ഉപയോഗിച്ച് വാസുകി എന്ന പാന്പിനെ കയറായി ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞു. (ജരാനര ബാധിച്ച ദേവന്മാർ അസുരന്മാരെ സഹായിക്കാൻ പ്രേരിപ്പിച്ചിരുന്നത് കൊണ്ട് അസുരന്മാരും ഈ പ്രവർത്തിയിൽ ഭാഗമായി). കടയുന്നതിനിടയിൽ മന്ഥര പർവതം താഴ്ന്നുപോയപ്പോൾ ഭഗവാൻ ഒരു ആമയുടെ രൂപമെടുത്ത് പർവതത്തെ പൊക്കിക്കൊണ്ടുവന്നു. അങ്ങിനെ കുറെ കഴിഞ്ഞപ്പോൾ, പാലാഴിയിൽ നിന്ന് കാളകൂട വിഷം പൊന്തിവന്നു. അത് പരമശിവന് കൊടുത്തു. ശിവൻ അത് കുടിച്ചു. വിഷം കഴുത്തിനെ  നീലനിറമാക്കി മാറ്റിയപ്പോൾ അത് ശിവന് ഒരു അലങ്കാരമായി. (ശിവന്റെ ഭാര്യ കഴുത്തിൽ പിടിച്ചത് കൊണ്ടാണ് വിഷം കഴുത്തിൽ നിന്നത് എന്നൊന്നും മൂലഭാഗവതത്തിൽ ഇല്ല എന്ന് പറയുന്നു). അതിന് ശേഷം പൊന്തിവന്ന പലതും, പലരും എടുത്തു. അവസാനം അമൃത് പൊന്തിവന്നതും അസുരന്മാർ അത് കൊണ്ടോട്ടി. ഭഗവാൻ മോഹിനിയുടെ രൂപമെടുത്ത് അസുരന്മാരിൽ നിന്നും അമൃതെടുത്ത് ദേവന്മാർക്ക് കൊടുത്തു. ദേവന്മാർ ജരാനരയിൽ നിന്നും മുക്തരായി. 

ഇങ്ങനെ ഒരു കഥയായി മാത്രമാണ് പാലാഴിമഥനത്തെ പറ്റി കേട്ടിരുന്നത്. ദേവന്മാർ അസുരന്മാരെ പറ്റിച്ചു എന്ന ഒരു അനീതിയുടെ ഉദാഹരണമായും, അതിനായി വന്ന മോഹിനിയുമൊക്കെയാണ് കഥയുടെ പ്രധാന ഭാഗങ്ങളായി മനസ്സിലാക്കിയിരുന്നത്.

പക്ഷെ ഇതിന്റെ പിന്നിലുള്ള സന്ദേശം അല്ലെങ്കിൽ തത്വം വളരെ മഹത്തരമായിട്ടുള്ളതാണ്. ആദ്യം അതിലെ വാക്കുകൾ എന്താണെന്ന് വിശദീകരിക്കാം, അതിനു ശേഷം എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന സന്ദേശമെന്താണെന്നും എഴുതാം. 
----
പാലാഴി - പാലാഴി എന്നത് മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അനവധി സംസ്കാരങ്ങൾ നിറഞ്ഞ, സത്വ-രജസ്സ്‌-തമോ ഗുണങ്ങൾ നിറഞ്ഞ, അറ്റമില്ലാത്ത ആഴമേറിയ ഒരു സാഗരമാണ് ഓരോ മനുഷ്യമനസ്സും
----
മന്ഥര പർവതം - വിവേകബുദ്ധി. ശരിയെന്തെന്നും തെറ്റെന്തെന്നും തിരിച്ചറിയാൻ സഹായിക്കുന്ന ബുദ്ധി.
----
വാസുകി എന്ന പാന്പ് - നാമ സങ്കീർത്തനം, പ്രാണായാമം എന്ന പ്രവർത്തികൾ. 
----
ദേവന്മാർ, അസുരന്മാർ - മനസ്സിന്റെ രണ്ട് ഭാവങ്ങൾ. ഉയരണമെന്നും നന്നാവണമെന്നും എല്ലാം ചെയ്യാൻ പറ്റുമെന്നും ചിന്തിക്കുന്ന മനോഭാവത്തെ ദേവന്മാർ ആയും, ആലസ്യം നിറഞ്ഞതും സംശയം നിറഞ്ഞതുമായ മനോഭാവത്തെ അസുരന്മാർ ആയും കണക്കാക്കുന്നു. (for simplicity consider these as positive mindset and negative mindset)
----
കാളകൂട വിഷം - സ്വാർത്ഥത. 
----
അമൃത് - ഇത് കുടിക്കാൻ ഉള്ള ഒരു പാനീയമല്ല. അമൃത് എന്നാൽ 'മൃതം അല്ലെങ്കിൽ മരണം അല്ലെങ്കിൽ നാശം' ഇല്ലാത്തത്. അതാണ് നമ്മളെയും ഈ പ്രപഞ്ചത്തെയും നിലനിർത്തുന്ന ചൈതന്യം അല്ലെങ്കിൽ ഭഗവാൻ..
----

ഇനി ഇവയൊക്കെ ചേർത്താൽ.. പാലാഴി മഥനം എന്നാൽ 

ദേവാസുര ഭാവങ്ങൾ നിറഞ്ഞ മനുഷ്യർ. നാമസങ്കീർത്തനം/പ്രാണായാമം (വാസുകി എന്ന കയർ) എന്നീ പ്രക്രിയകളിലൂടെ അവനവന്റെ വിവേകബുദ്ധിയെ  (മന്ഥര പർവതം) ഉദ്ദീപിപ്പിച്ചാൽ (കടഞ്ഞാൽ), ആഴമേറിയ അനവധി സംസ്കാരങ്ങൾ നിറഞ്ഞ മനസ്സിൽ നിന്ന് (പാലാഴിയിൽ നിന്ന്) ആദ്യം തന്നെ അവനവന്റെ സ്വാർത്ഥത ഇല്ലാതാകുകയും (കാളകൂടവിഷം പുറത്തുവരുന്നു), അങ്ങനെ പരിശുദ്ധമായ മനസ്സിന് മൃതമല്ലാത്ത ഭഗവാനെ/ചൈതന്യത്തെ മനസ്സിലാക്കാനും അതിനോട് ലയിക്കാനും (അമൃത് കുടിക്കൽ) സാധിക്കുന്നു. 

ഇതൊക്കെ നടക്കേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മൾ വെറുതെ അന്പലത്തിൽ പോയി പൂജയും വെടിവഴിപാടും നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ഭഗവാനോട് അടുക്കണമെങ്കിൽ ലയിക്കണമെങ്കിൽ അതിനു വേണ്ടമാറ്റങ്ങൾ നടക്കേണ്ടത് ഓരോരുത്തരുടേയും മനസ്സിലാണ്. പരിവർത്തനം വരുത്തേണ്ടത് മനസ്സിലാണ്. അതിന് വേണ്ട ഉപാസനയെ ആണ് പാലാഴിമഥനം കൊണ്ട് സൂചിപ്പിക്കുന്നത്. 

മറ്റു രണ്ട് കാര്യങ്ങൾ 
- പാലാഴി കടയുന്പോൾ, മന്ഥര പർവതം താഴ്ന്നു പോകുന്പോൾ ഭഗവാൻ ആമയുടെ രൂപമെടുത്ത്  പർവതത്തെ പൊക്കിക്കൊണ്ടുവരുന്നു. മന്ഥര പാർവ്വതമെന്നാൽ വിവേക ബുദ്ധി. നമ്മുടെ ബുദ്ധിയെ (വിവേക ബുദ്ധി) ഉറപ്പിച്ചു നിർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബുദ്ധിയെ ഉറപ്പിച്ച് നിർത്താൻ വേണ്ടത് സംയമനമാണ്. ആമ - കൂർമ്മം - സംയമനത്തിന്റെ പ്രതീകമാണ്. ബുദ്ധിയെ ഉറപ്പിച്ച് നിർത്താൻ പറ്റാതായാൽ (പർവതം താഴ്ന്ന് പോയാൽ) സംയമനം പാലിച്ച് ബുദ്ധിയെ ഉറപ്പിച്ച് നിർത്തേണ്ടതാണ് (ആമയെ പോലെ പൊക്കി കൊണ്ട് വരേണ്ടതാണ്)

- ശിവൻ കാളകൂട വിഷം കഴിക്കുന്നു. നാമസങ്കീർത്തനത്തിലൂടെയൊക്കെ മനസ്സ് ഭഗവാനോട് അടുത്താൽ (ശിവം എന്നാൽ ഭഗവാൻ തന്നെ.. ചൈതന്യം തന്നെ) നമ്മുടെ സ്വാർത്ഥത നമുക്ക് തന്നെ ഒരു അലങ്കാരമാകുന്നു. എന്ന് വച്ചാൽ, മനസ്സ് ഭഗവാനോട് അടുത്താൽ, എല്ലാവരെയും നിലനിർത്തുന്ന ചൈതന്യം ഒന്ന് തന്നെ എന്ന് ബോധ്യം വരുകയും, അതിന് ശേഷം തനിക്കായി ഒന്നും നേടാനോ കരുതി വക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ലായെന്നുമെന്ന നിലയിലെത്തുകയും ചെയ്യും. പിന്നെയും നമുക്ക് എന്തെങ്കിലും ചെയ്യണമെന്നോ നേടണമെന്നോ ഉള്ള സ്വാർത്ഥത ഉണ്ടെങ്കിൽ അത് സമൂഹത്തിനോ ലോകനന്മക്കോ വേണ്ടിയുള്ളതായിരിക്കും.. അത് കൊണ്ട് ആ സ്വാർത്ഥത ഒരു അലങ്കാരമായിത്തീരുന്നു. 

ചുരുക്കം പറഞ്ഞാൽ പാലാഴി മഥനം എന്നത് എല്ലാവരും ചെയ്യേണ്ട ഒരു ഉപാസനയാണ്. അല്ലാതെ "പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ' എന്നതിലല്ല പ്രാധാന്യം. 

[From Swami Udit Chaithanya Bhagavathamrutham - Episode 55]

[05142022]

Tuesday, April 5, 2022

ക്ഷേത്രങ്ങൾ

ശങ്കരാചാര്യർ രചിച്ചിട്ടുള്ള ഭജഗോവിന്ദത്തിലെ ഒരു ശ്ലോകമാണ് 

'സത്‌സംഗത്വെ നിസ്സംഗത്വം
 നിസ്സംഗത്വെ നിർമോഹത്വം 
 നിർമോഹത്വെ നിശ്ചലതത്വം 
 നിശ്ചലതത്വെ ജീവന്മുക്തി"

- സജ്ജനങ്ങളുമായുള്ള സന്പർക്കം വഴി (സത്‌സംഗം വഴി - In company of good people), 
              
- മനസ്സ് കൂടുതൽ ഭഗവാനോട് അടുക്കുന്നത് കൊണ്ട്, ചുറ്റുമുള്ള വസ്തുക്കളോടും വ്യക്തികളോടും ഉള്ള മാനസികമായ അടുപ്പം കുറയുന്നു (നിസ്സംഗത്വം - non-attachment)
        
- നിസ്സംഗത്വം വഴി തെറ്റായ വിശ്വാസങ്ങൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇല്ലാതാകുന്നു (നിർമോഹത്വം - freedom from delusion)

- നിർമോഹത്വം വഴി മനസ്സ് സ് ഥിരമാകുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും അടിസ്ഥാനമായി ഉള്ള ഈശ്വരൻ എന്ന ആ തത്വത്തെ അറിഞ്ഞ് മനസ്സ് ആ തത്വത്തിൽ സ്ഥിരമാകുന്നു (നിശ്ചലതത്വം - steadfastness or settledness)

- അങ്ങനെ കൈവരിച്ച, മനസ്സിന്റെ ആ സ്ഥിരതയിലൂടെ മനസ്സിലാക്കിയ, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായിട്ടുള്ള ഈശ്വരൻ എന്ന തത്വത്തെ (ആത്മാവ്, ബ്രഹ്മം), സാക്ഷാത്കരിക്കപ്പെടുന്നു അല്ലെങ്കിൽ അനുഭവിക്കുന്നു. അത് വഴി ജീവിച്ചിരിക്കുന്പോൾ തന്നെ, സർവചരാചരങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുന്നു. (ജീവന്മുക്തി - liberation while alive)

ഏതൊരു മനുഷ്യനും എത്താൻ ശ്രമിക്കേണ്ട ഒരു ലക്ഷ്യമാണ് ജീവന്മുക്തി. അതിനു തുടക്കം കുറിക്കേണ്ടത് സത്‌സംഗങ്ങളിൽ നിന്നാണ്. പണ്ട് കാലത്ത് വീടുകളിൽ സത്‌സംഗങ്ങൾ ഉണ്ടാകാറുണ്ട്. അതിലുമുപരി,  ക്ഷേത്രങ്ങൾ സത്‌സംഗങ്ങൾക്കുള്ള ഒരു വേദിയായിരുന്നു. (വെറുതെ വഴിപാടു കഴിച്ചു വരേണ്ട സ്ഥലമായിരുന്നില്ല  ക്ഷേത്രങ്ങൾ). ഇക്കാലത്തെ സപ്‌താഹം ഒക്കെ പണ്ടത്തെ  സത്‌സംഗങ്ങളുടെ അവശിഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ, ഇക്കാലത്തെ സപ്‌താഹങ്ങൾ കഥയെ മാത്രം അവതരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനാൽ അതിനെ സത്‌സംഗങ്ങൾ ആണെന്ന് പറയാൻ പറ്റില്ല.

അവിശ്വാസികളായ ആൾക്കാരും രാഷ്ട്രീയപാർട്ടികളും ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ കേരളത്തിൽ കാണാം. ക്ഷേത്രങ്ങളുടെ സന്പാദ്യത്തിൽ താല്പര്യം കാണിക്കുന്ന ഗവൺമെന്റുകളും വ്യക്തികളും, ക്ഷേത്രങ്ങളെ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് കാലാകാലങ്ങളായി കാണുന്നത്. ക്ഷേത്രത്തിൽ പോകുന്ന ഭക്തന്മാർക്കും വഴിപാട്, ആചാരങ്ങൾ എന്നതിനപ്പുറം ക്ഷേത്രങ്ങളെയോ ദൈവങ്ങളെയോ കാണാൻ പറ്റുന്നില്ല. അതിനപ്പുറം, അതിനേക്കാൾ മഹത്തരമായ കാര്യങ്ങൾക്കാണ് ക്ഷേത്രങ്ങൾ കെട്ടിയിട്ടുള്ളതെന്ന് ഭക്തർ അറിയുന്നുമില്ല. 

പൊതുവെ, ക്ഷേത്രങ്ങളുടെ സന്പാദ്യത്തിൽ മാത്രം താല്പര്യം കാണിച്ച്, സംഘടിതരല്ലാത്ത ഹിന്ദുക്കളുടെ മെക്കട്ട് കയറുന്ന പ്രവണത, രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും കാണിക്കുന്നത് കൊണ്ട്, അവരെ പുറത്താക്കി ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ നിയന്ത്രണത്തിൽ തന്നെ ആക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. പക്ഷെ, അതിനേക്കാൾ ഗൗരവമേറിയതും പ്രാധാന്യമുള്ളതുമായ വിഷയം, "വെറും ആചാരാനുഷ്ഠാനങ്ങളിൽ മാത്രമൊതുക്കി ക്ഷേത്രങ്ങളെ സത് സംഗങ്ങളുടെ ഒരു വേദിയാക്കണമെന്ന ബോധം ക്ഷേത്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഇല്ല" എന്നതാണ്.  സത്‌സംഗസംസ്കാരത്തിലേക്ക് നീങ്ങിയാൽ ഇപ്പോൾ നടത്തുന്ന അമിതമായ ആചാരാനുഷ്ഠാനങ്ങൾ കുറയും. (വെറുതെ വെടി വഴിപാട് നടത്തിയാലോ,  തുലാഭാരം നടത്തിയാലോ നമ്മൾ വിചാരിക്കുന്നത് നടത്തി തരുന്ന ആളല്ല ഈശ്വരനെന്ന ബോധം ഉള്ളിൽ ഉറക്കും).

നമ്മുടെ പൂർവ്വികർ പുലർത്തിക്കൊണ്ട് വന്നിരുന്ന ആ സത്‌സംഗ സംസ്കാരത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ്,  മുഗളന്മാരും ബ്രിട്ടീഷുകാരും ബുദ്ധിസവും ഒക്കെ ഇവിടെ വന്നെങ്കിലും, ഇപ്പോഴും ഹിന്ദുയിസം നിലനിൽക്കുന്നത്.  അതിനാൽ, ശരിയായ  ഹൈന്ദവ സംസ്കാരത്തെ പുനർജ്ജനിപ്പിക്കാൻ, ക്ഷേത്രങ്ങൾ കൊണ്ട് നടത്തേണ്ടത്, ഹൈന്ദവ സംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന, സത്‌സംഗസംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന വ്യക്തികളോ സംഘടനകളോ ആണ്. 

[04052022]

Monday, February 7, 2022

വരാഹ അവതാരം

വരാഹ അവതാരത്തെ പറ്റി കേൾക്കാത്തവർ ഉണ്ടാവില്ല. ഹിരണ്യാക്ഷൻ ഭൂമിയെ സമുദ്രത്തിലേക്ക് (Cosmic Ocean) വലിച്ചു താഴ്‌ത്തി. മഹാവിഷ്ണു ഒരു പന്നിയുടെ അവതാരം എടുത്ത് ഭൂമിയെ സമുദ്രത്തിൽ നിന്ന് തിരിച്ചെടുത്ത് അതിന്റെ സ്‌ഥാനത്ത്‌  പ്രതിഷ്ഠിച്ചു. ഹിരണ്യാക്ഷനെ കൊല്ലുകയും ചെയ്തു.
 
വരാഹ അവതാരത്തെപ്പറ്റി, ഇങ്ങനെ ഒരു കഥയായി മാത്രമേ കേൾക്കാറുള്ളൂ. പക്ഷെ, ഇതിൽ അടങ്ങിയിരിക്കുന്ന കാതലായ സന്ദേശം മഹത്തരമാണ്. 
 
ആദ്യം ഇത്തിരി ഫിലോസഫി. എന്നിട്ട് കഥയിലേക്ക് കടക്കാം.

മനുഷ്യൻ എന്നത് വെറും ശരീരം മാത്രമല്ല. മനസ്സ് കൂടിയുണ്ട്. മനസ്സ് എന്നത് കൊണ്ട് - മനസ്സ്, ബുദ്ധി, അഹങ്കാരം (ഞാൻ എന്ന ചിന്ത, എന്റെ എന്ന ചിന്ത) ഇവയൊക്കെ കൂടിയതായി കണക്കാക്കാം.  മനസ്സ് അധികവും ശരീരത്തോടും, പുറംലോക വസ്തുക്കളോടും, പുറമെയുള്ള ആൾക്കാരിലും ഒട്ടി നിൽക്കുന്നു. നമ്മുടെ വിഷമങ്ങളും സന്തോഷങ്ങളും നിശ്ചയിക്കുന്നത് നമ്മുടെ ശരീരമോ (e.g. ശരീര സൗന്ദര്യം)  , മറ്റെന്തെങ്കിലും സാധനമോ (e.g. ടെലിവിഷൻ, Whatsapp) , അല്ലെങ്കിൽ മറ്റ് ആൾക്കാരോ (e.g. ഭാര്യ, കുട്ടികൾ) ആണ്. ഈ സുഖങ്ങളും ദുഖങ്ങളും മനസ്സിൽ എത്തുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്. അപ്പോൾ, അടിസ്‌ഥാനപരമായി ഇന്ദ്രിയങ്ങളോടാണ് മനസ്സ് ഒട്ടി നിൽക്കുന്നത്. പക്ഷെ, "ശരീരം-മറ്റു വസ്തുക്കൾ-മറ്റ് ആൾക്കാർ",  എന്നിവ സന്തോഷം തന്നാലും അത് ഉള്ളിൽ അനുഭവിക്കണമെങ്കിൽ, നമ്മുടെ ഉള്ളിൽ ഒരു ചൈതന്യം ഉണ്ടാകണം. ആ ചൈതന്യമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല.. അതായത്, ഉള്ളിലെ ചൈതന്യം ഇല്ലെങ്കിൽ, പിന്നെ സൗന്ദര്യമോ-ടെലിവിഷനോ-കുട്ടികളോ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല, സന്തോഷവും ദുഖവുമൊന്നും അനുഭവിക്കാൻ പറ്റില്ല. ആ ചൈതന്യമാണ് 'ഈശ്വരൻ'. നമ്മളെ എല്ലാവരെയും ജീവിപ്പിച്ചു നിർത്തുന്ന ആ ശക്തിയാണ് ഈശ്വരൻ (മരിക്കുന്നത് വരെ നമ്മുടെ കൂടെയുള്ളതും, മരിച്ചാൽ ശരീരത്തിൽ നിന്ന് ഇല്ലാതാകുന്നതും ആയ ആ ശക്തി). ഏറ്റവും പ്രധാനമായ ആ ഈശ്വരനെ മനസ്സിലാക്കാനോ, ആ ഈശ്വരന് പ്രാധാന്യം കൊടുത്തു ജീവിക്കാനോ, മിക്കവാറും ആൾക്കാരും ശ്രമിക്കില്ല. മനസ്സ് പഞ്ചേന്ദ്രിയങ്ങളോടും ശരീരത്തോടുമല്ല ഒട്ടി നിൽക്കേണ്ടത്, മറിച്ച് നമ്മളെ ജീവിപ്പിച്ച് നിർത്തുന്ന ഈശ്വരനോടാണ് ഒട്ടി നിൽക്കേണ്ടത്. അങ്ങിനെ നമ്മുടെ മനസ്സിനെ ഈശ്വരനോട് അടുപ്പിക്കാൻ പറ്റിയാൽ,  ഈശ്വരനെ മനസ്സിൽ സാക്ഷാത്ക്കരിക്കാൻ പറ്റിയാൽ, സകലചരാചരങ്ങളെയും  നിലനിർത്തുന്നത് ഒരേ ഈശ്വരൻ തന്നെയാണെന്ന് മനസ്സിലാകും. പിന്നെ "ഞാൻ-നീ" എന്നത് മാറി "നമ്മൾ എല്ലാവരും ഒന്ന് തന്നെ" എന്ന നിലയിലെ എല്ലാം കാണാൻ പറ്റൂ. അപ്പോൾ ആരെയും വെറുക്കാനോ, മറ്റുള്ളവരോട് ദേഷ്യപ്പെടാനോ ഒന്നും തോന്നില്ല.  അങ്ങനെ,  ഏറ്റവും വലിയ ശാന്തിയും സമാധാനവും നമുക്കുണ്ടാകും. 

അപ്പോൾ 3 കാര്യങ്ങൾ - [പഞ്ചേന്ദ്രിയങ്ങൾ - മനസ്സ് - ഈശ്വരൻ]
അതവിടെ നിൽക്കട്ടെ.
 
ഇനി ഹിരണ്യാക്ഷന്റെ കാര്യത്തിലേക്കു വരാം. അവിടെയും മൂന്ന് കാര്യങ്ങളാണുള്ളത് 
[ഹിരണ്യാക്ഷൻ - ഭൂമി - (യജ്ഞ)വരാഹം]

ഹിരണ്യാക്ഷൻ 
-------------------
ഹിരണ്യം എന്നാൽ സ്വർണ്ണം. അപ്പോൾ ഹിരണ്യാക്ഷൻ എന്നാൽ സ്വർണ്ണം പോലത്തെ കണ്ണുള്ളവൻ എന്നോ സ്വർണ്ണത്തിൽ അതിയായ ആഗ്രഹം ഉള്ളവൻ എന്നോ പറയാം. സ്വർണ്ണത്തിൽ - അതായത് സന്പത്തിൽ, പുറം ലോക വസ്തുക്കളിൽ - അതിയായ ആഗ്രഹം ഉണ്ടായിരുന്നവൻ. ശരീരവും, വസ്തുക്കളും, മറ്റ് വ്യകതികളുമൊക്കെയാണ് എല്ലാ സുഖങ്ങൾക്കും അടിസ്‌ഥാനം എന്ന് കരുതി ജീവിച്ചിരുന്നവനായിരുന്നു ഹിരണ്യാക്ഷൻ. മനസ്സാണല്ലോ നമ്മളെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത്.  ഹിരണ്യാക്ഷന്റെ മനസ്സ്, 'ശരീരം-വസ്തുക്കൾ-വ്യക്തികൾ' എന്നിവക്ക് അടിമയായിരുന്നു. ഇന്ദ്രിയങ്ങൾ വഴി 'ശരീരം-വസ്തുക്കൾ-വ്യക്തികൾ' എന്നിവയോട്  മനസ്സ് ഒട്ടിനിന്നിരുന്ന അവസ്‌ഥ.  അതായത്, മനസ്സ് ഇന്ദ്രിയങ്ങളോട് അമിതമായി ഒട്ടി നിന്നിരുന്ന അവസ്‌ഥ.  മനസ്സ് ഇന്ദ്രിയങ്ങളുടെ അടിമയായിരുന്നത് കാരണം മറ്റുള്ളവരെ ദ്രോഹിച്ചോ, കൊന്നോ ഒക്കെ ഹിരണ്യാക്ഷൻ എല്ലാം കൈക്കലാക്കിയിരുന്നു. കാരണം, കൈക്കലാക്കുന്നതൊക്കെയാണ് സുഖം തരുന്നതെന്ന രീതിയിലാണ്, ഇന്ദ്രിയങ്ങൾക്ക് അടിമയായ മനസ്സ് ഹിരണ്യാക്ഷനെ കൊണ്ട് പ്രവർത്തിപ്പിച്ചിരുന്നത്. അതിന്റെ അങ്ങേയറ്റമെത്തി ഭൂമിയെ സമുദ്രത്തിലേക്ക് താഴ്ത്തി. 
 
ഭൂമി  
-----
ഭൂമി എന്നാൽ മനസ്സ് എന്നൊരു അർത്ഥമുണ്ട്. ഭൂമിയെ സമുദ്രത്തിൽ താഴ്‌ത്തി എന്നാൽ "ഇന്ദ്രിയങ്ങൾക്ക് അടിമയായ മനസ്സിനെ താഴ്‌ത്തി അല്ലെങ്കിൽ അധഃപതിപ്പിച്ചു' എന്ന് സൂചിപ്പിക്കുന്നു. 

അതായത്, "ഹിരണ്യാക്ഷൻ ഭൂമിയെ സമുദ്രത്തിലേക്ക് താഴ്‌ത്തി" എന്ന് പറഞ്ഞാൽ "സ്വർണ്ണത്തിൽ-സന്പത്തിൽ-വസ്തുക്കളിൽ-വ്യക്തികളിൽ-ശരീരത്തിൽ അഭയം തേടുന്നവർ ഇന്ദ്രിയങ്ങൾക്ക് അടിമകളായി തന്റെ മനസ്സിനെ അധഃപതിപ്പിക്കുന്നു", എന്നർത്ഥം 
 
വരാഹത്തെ, യജ്ഞവരാഹം എന്നാണ് പറയുന്നത്.

യജ്ഞം
----------
യജ്ഞം എന്ന് പറഞ്ഞാൽ, നാം സ്‌ഥിരം കരുതുന്ന യാഗം, ഹോമം എന്ന പോലത്തെ യജ്ഞങ്ങൾ അല്ല. യജ്ഞം എന്നാൽ "കൂട്ടായ കർമ്മം". പ്രപഞ്ചം നിലനിൽക്കുന്നത് യജ്ഞം (കൂട്ടായ കർമ്മം) വഴിയാണ്. ഉദാഹരണം: ചെടികൾ ഓക്സിജൻ പുറത്തേക്ക് വിടുന്നു, മനുഷ്യൻ ഓക്സിജൻ ശ്വസിക്കുന്നു, കാർബൺ ഡയോക്‌സൈഡ് പുറത്തുവിടുന്നു. ചെടികൾ അത് ശ്വസിക്കുന്നു. ഇനിയും പരസ്പര ആശ്രയത്തോടെ ജീവിക്കുന്ന അനവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാം. ഇത് പോലെ, പ്രപഞ്ചത്തിൽ കാണുന്ന കാര്യമാണ് 
- എടുക്കുക 
- കൊടുക്കുക 
എല്ലാം വേണ്ടത് എടുക്കുന്നു, വേണ്ടാത്തതും അധികമുള്ളതും കൊടുക്കുന്നു. ഇതാണ് കൂട്ടായ കർമ്മം അല്ലെങ്കിൽ യജ്ഞം. ഏതെങ്കിലും ഒന്ന് ആരെങ്കിലും കൊടുക്കാതെ എടുത്ത് വക്കാൻ എന്ന് തുടങ്ങിയോ, അന്ന് മുതൽ പ്രശ്നങ്ങൾ തുടങ്ങി. നമ്മൾ എല്ലാ മനുഷ്യന്മാരും അങ്ങനെയല്ലേ, അവനവന് വേണ്ടി മത്സരിച്ച് എടുത്ത് വക്കാൻ നോക്കുന്നത് കൊണ്ടല്ലേ, സ്വാർത്ഥതയും പരസ്പരം കലഹവും യുദ്ധങ്ങളും ഉണ്ടാകുന്നത്. അപ്പോൾ ശരിയായ യജ്ഞം എന്ന് പറയുന്നത്, "എടുക്കുക, കൊടുക്കുക, അവനവനെന്ന് കരുതി എടുത്ത് വക്കാതിരിക്കുക", എന്നതാണ്. അങ്ങനെ യജ്ഞമായി എല്ലാ കർമ്മങ്ങളും ചെയ്‌താൽ, മനസ്സിന് ശുദ്ധി വരും... മനസ്സിന്റെ സ്വാർത്ഥ സ്വഭാവം ഇല്ലാതാകും,  ഇന്ദ്രിയങ്ങളോട് ഒട്ടി നിൽക്കാതെ, 'വസ്തുക്കൾ-വ്യക്തികൾ-ശരീരം' ഇവയിൽ ഒട്ടിനിൽക്കാതെ, "മനസ്സ് ഈശ്വരനോട് അടുക്കും". 

വരാഹം 
----------
വരാഹം എന്ന് പറഞ്ഞാൽ 'വരാൻ അഹം', 
'വരാൻ' - കൈവരാൻ - കൈവരിക്കാൻ 
'അഹം' - ഞാൻ - ഉള്ളിലെ ചൈതന്യം - ഈശ്വരൻ 

അപ്പോൾ. "ഹിരണ്യാക്ഷനെ കൊന്നു സമുദ്രത്തിൽ താഴ്ന്നു പോയ ഭൂമിയെ യജ്ഞവരാഹം പൊക്കിയെടുത്ത് വേണ്ടിടത്ത് വച്ചു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് ഇതാണ് 
"ഇന്ദ്രിയങ്ങളോടുള്ള അമിതമായ ഒട്ടൽ വഴി അധഃപതിച്ച [മനസ്സിനെ], [കർമ്മങ്ങളെല്ലാം യജ്ഞമാകുന്ന രീതിയിൽ ചെയ്ത്] [ഇന്ദ്രിയനിഗ്രഹം നടത്തി] (മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഒട്ടൽ ഇല്ലാതാക്കി) ഉയർത്തിക്കൊണ്ടുവന്നാൽ, [ഈശ്വരനെ കൈവരിക്കാൻ പറ്റും]"


[യജ്ഞം വഴി] -  "എടുക്കുക, കൊടുക്കുക, തനിക്ക് വേണ്ടി എടുത്ത് വക്കാതിരിക്കുക" - ഇങ്ങനെ ജീവിക്കുക 
[ഇന്ദ്രിയനിഗ്രഹം]  - "ഹിരണ്യാക്ഷനെ വധിച്ചു എന്ന് പറഞ്ഞാൽ ഇന്ദ്രിയനിഗ്രഹം ആണ് സൂചിപ്പിക്കുന്നത്. അതായത്, മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഒട്ടൽ ഇല്ലാതാക്കി.
[മനസ്സിനെ] -  ഭൂമിയെ
[ഈശ്വരനെ കൈവരിക്കാം ] -  വരാഹം

PS: ഇത് പോലെ തന്നെ ബാക്കി ഉള്ള അവതാരങ്ങൾ നൽകുന്ന സന്ദേശങ്ങളും മഹത്തരമാണ്. ഈ സന്ദേശങ്ങൾ മനസ്സിലാക്കാതെയാണ് മിക്കവാറും ആൾക്കാരും അവതാരങ്ങളുടെ കഥ മാത്രം കേട്ട് രസിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു നാൾ മുൻപ് മഹാബലിയെ കുറിച്ചുള്ള  തെറ്റിദ്ധാരണകളെ പറ്റി എഴുതിയിരുന്നു. (https://puttunninotes.blogspot.com/2021/08/blog-post.html)

[2/7/2022]