പരശുരാമനെ
പറ്റി ഉള്ള കഥ ഇങ്ങനെയാണ്. ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും നാലാമത്തെ
പുത്രനായിരുന്നു പരശുരാമൻ. ഒരിക്കൽ ഹൈഹേയ രാജാവായ കാർത്തവീര്യാർജ്ജുനൻ
ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ വന്നു. രാജാവിനെ സ്വീകരിക്കാൻ ജമദഗ്നി തന്റെ
പശുവായ, എന്തും തരുന്ന കാമധേനുവിനെ, ആശ്രയിച്ചു. ചോദിക്കുന്നതെന്തും തരുന്ന
കാമധേനുവിനെ കാർത്തവീര്യാർജ്ജുനൻ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി.
ജമദഗ്നിക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഇതറിഞ്ഞ പരശുരാമൻ,
തന്റെ മഴുവെടുത്ത് കാർത്തവീര്യാർജ്ജുനനെ വധിച്ച് കാമധേനുവിനെ തിരികെ
കൊണ്ടുവന്ന് ജമദഗ്നിക്ക് കൊടുത്തു. ഇതിന്റെ പ്രതികാരമായി
കാർത്തവീര്യാർജുനന്റെ മകനും സൈന്യവും ജമദഗ്നിയെ വധിച്ചു. അതിന്
പ്രതികാരമായി പരശുരാമൻ ക്ഷത്രിയന്മാരെ ഉന്മൂലനം ചെയ്ത് ഭൂമിയുടെ ഭാരം
കുറക്കുമെന്ന് ശപഥം ചെയ്തു. പരശുരാമൻ അങ്ങനെ ക്ഷത്രിയന്മാരെ കൊന്നൊടുക്കി,
അവിടെയൊക്കെ ബ്രാഹ്മണന്മാരെ സ്‌ഥാപിച്ചു. ഇതൊരു ക്ഷത്രിയ-ബ്രാഹ്‌മണ കലഹം
എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പോലെയാണ്, പരശുരാമന്റെ കഥ കേട്ടിട്ടുള്ളത്.
എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ ശരിയായ സന്ദേശം? ഇതിന്റെ താത്വികമായ വിശദീകരണം കൊടുക്കുന്പോൾ പരിഗണിക്കേണ്ട രണ്ടു കാര്യങ്ങളാണ്, കർമ്മവും ജ്ഞാനവും.
---
ജ്ഞാനം - തന്നെ നിലനിർത്തുന്ന ചൈതന്യം (ഈശ്വരൻ) തന്നെയാണ് എപ്പോഴും കൂടെയുള്ളതെന്ന അറിവ്. ആ ചൈതന്യം മാത്രമാണ് അനശ്വരമായി നിലനിൽക്കുന്നതെന്നും ബാക്കി ഉള്ള സകലചരാചരങ്ങളും നശ്വരമാണെന്നുമുള്ള അറിവ്. എന്നും നിലനിൽക്കുന്നതിനാൽ, ആ ചൈതന്യത്തെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ്. ഈ അറിവുകളൊക്കെയാണ് ജ്ഞാനം എന്ന് പറയുന്നത്.
---
കർമ്മം എന്നത്, എല്ലാ പ്രവർത്തികളെയും സൂചിപ്പിക്കുന്നു. എല്ലാ കർമ്മങ്ങൾക്കും 2 ഫലങ്ങൾ ഉണ്ടാകും. ഭൗതികമായ (materialistic) ഫലവും സൂക്ഷ്മമായ ഫലവും. സൂക്ഷ്മമായ ഫലം നമ്മുടെ ഉള്ളിലും (മനസ്സിൽ), ഭൗതികമായ ഫലം ശരീരത്തിന് പുറത്തുമുണ്ടാകുന്നു.
ഉദാഹരണം:
കർമ്മം = പരീക്ഷ എഴുതി
ഭൗതികമായ ഫലം =100/100 മാർക്ക്സ് കിട്ടി. പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു
സൂക്ഷ്മമായ ഫലം = മനസ്സിൽ അതിരു കവിഞ്ഞ സന്തോഷം ഉണ്ടായി. അല്ലെങ്കിൽ സുഖമുണ്ടായി.
ഉദാഹരണം:
കർമ്മം = പരീക്ഷ എഴുതി
ഭൗതികമായ ഫലം =100/100 മാർക്ക്സ് കിട്ടി. പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു
സൂക്ഷ്മമായ ഫലം = മനസ്സിൽ അതിരു കവിഞ്ഞ സന്തോഷം ഉണ്ടായി. അല്ലെങ്കിൽ സുഖമുണ്ടായി.
--
മറ്റൊരു ഭൗതികമായ ഫലം = 0 മാർക്ക് കിട്ടി. പരീക്ഷയിൽ തോറ്റു.
സൂക്ഷ്മമായ ഫലം = മനസ്സിൽ നിയന്ത്രിക്കാൻ പറ്റാത്ത വിഷമം ഉണ്ടായി. അല്ലെങ്കിൽ ദുഖമുണ്ടായി.
ഭൗതികമായ ഫലം എന്തായാലും, സൂക്ഷ്മായ ഫലത്തിൽ അതിരുകടന്ന സുഖമോ ദുഖമോ ഇല്ലാതെ ജീവിക്കണം എന്നതാണ് 'കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനാ" എന്ന് ഭഗവദ് ഗീതയിൽ പറയുന്നത്. ഭൗതികഫലം എന്തായാലും മനസ്സിൽ സുഖത്തിന്റെയും ദുഖത്തിന്റെയും ഒരു സമഭാവം നിലനിർത്തണം എന്ന് സൂചിപ്പിക്കുന്നു (അല്ലാതെ, പരീക്ഷയിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ല എന്നല്ല. പരീക്ഷയിൽ നല്ല മാർക്ക് കിട്ടി ജയിക്കണം എന്നത് തന്നെയായിരിക്കണം ലക്‌ഷ്യം. പക്ഷെ, ജയിച്ചാലും തോറ്റാലും മനസ്സിലെ സമഭാവം നഷ്ടപ്പെടാതിരിക്കണമെന്ന് മാത്രം). ഏത് കർമ്മം ചെയ്താലും അതിന്റെ ഭൗതിക ഫലം എന്തായാലും, ഇതേ പോലെ മനസ്സിൽ സമഭാവം നിലനിർത്താൻ സാധിച്ചാൽ, താൻ ചെയ്യുന്ന കർമ്മങ്ങളൊന്നും തനിക്ക് വേണ്ടി ചെയ്യുന്നതല്ല, എല്ലാം ഈശ്വരന് വേണ്ടി ചെയ്യുന്നതാണ് എന്ന നിലയിലേക്ക് മനസ്സ് ഉയരും. അങ്ങനെ ഈശ്വരൻ (ചൈതന്യം) മാത്രമാണ് ശാശ്വതമായി നിലനിക്കുന്നത് എന്ന് മനസ്സിലാകും. ആ ഈശ്വരനെ ആശ്രയിച്ചാലാണ് ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുക എന്ന അറിവ് (ജ്ഞാനം) ഉണ്ടാകും.
ചുരുക്കം പറഞ്ഞാൽ, മനസ്സിൽ സമഭാവം നിലനിർത്തി നിരന്തരം കർമ്മങ്ങൾ ചെയ്‌താൽ, ആ വ്യക്തിക്ക് ജ്ഞാനമുണ്ടാകും. അതായത്, കർമ്മമാർഗ്ഗത്തിലൂടെ ജ്ഞാനമാർഗത്തിൽ എത്തിച്ചേരും.
---
പക്ഷെ, സമഭാവത്തോടെ കർമ്മങ്ങൾ ചെയ്യാൻ പറ്റാതായാൽ, ആ വ്യക്തിയിൽ ഭൗതികമായ ഫലങ്ങൾ, അതിയായ സന്തോഷമോ (സുഖമോ) വിഷമമോ (ദുഖമോ) ഉണ്ടാക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തി, സുഖത്തിന്റെയോ ദുഖത്തിന്റെയോ വലയത്തിൽ പെട്ട്, കൂടുതൽ കുഴപ്പങ്ങൾ ചെയ്തുകൂട്ടുന്നു. അത് ഒരു ഭോഗ സംസ്കാരത്തിലേക്കോ വെറുപ്പിന്റെ സംസ്കാരത്തിലേക്കോ വഴി തെളിക്കുന്നു. അങ്ങനെയുള്ള വ്യക്തികൾ നിറഞ്ഞ ഒരു സമൂഹത്തിൽ അനീതികളും അരാജകത്വവും ഉണ്ടായിക്കൊണ്ടിരിക്കും.
അതിന്റെ ഒരു ഉദാഹരണമാണ്, ജമദഗ്നിയുടെയും-കാമധേനുവിന്റെയും കഥ. ഒരു കുറ്റവും ചെയ്യാത്ത ജമദഗ്നി വധിക്കപ്പെട്ടു. ഇങ്ങനെ സമൂഹത്തിൽ ഭോഗസംസ്കാരവും വെറുപ്പിന്റെ സംസ്കാരവും അഴിച്ചുവിട്ട ക്ഷത്രിയന്മാരെയാണ് ഭഗവാന്റെ അവതാരമായ പരശുരാമൻ ഇല്ലാതാക്കിയത്. എന്നിട്ട് അവിടെയൊക്കെ ബ്രാഹ്മണരെ കൊണ്ട് വന്ന് സ്‌ഥാപിച്ചത്, ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുങ്ങിയ സമൂഹത്തെ ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുവാൻ വേണ്ടിയാണ്. അന്നത്തെ കാലത്ത് ഏറ്റവും വലിയ ജ്ഞാനം (ബ്രഹ്മജ്ഞാനം) നേടിയവർ ബ്രാഹ്മണരായിരുന്നുവെന്നത് കൊണ്ട്, ബ്രാഹ്മണർക്ക് മാത്രമേ ഇത്രയും താണ ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമായിരുന്നത് (അല്ലാതെ ബ്രാഹ്മണനായ പരശുരാമൻ, സ്വാർത്ഥമായി തന്റെ ആൾക്കാരെ കൊണ്ട് സ്‌ഥാപിച്ചതല്ല).
കേരളത്തിലെ ഒട്ടുമിക്കവാറും അന്പലങ്ങൾ പരശുരാമന്റെ കാലത്ത് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വെറുതെ പ്രാർത്ഥിക്കാനോ പൂജിക്കാനോ മാത്രമായിരുന്നില്ല, മറിച്ച്
സത്‌സംഗങ്ങൾ നടത്താനുള്ള ഒരു വേദിയായിട്ടാണ്, അക്കാലത്ത് ക്ഷേത്രങ്ങൾ
നിർമിച്ചിരുന്നത്. ബ്രാഹ്മണന്മാരെ കൊണ്ടുവന്ന് അവിടെ സ്‌ഥാപിച്ചത്, പൂജാരികൾ ആയിട്ടല്ല. ഭോഗസംസ്കാരത്തിലും വെറുപ്പിന്റെ സംസ്കാരത്തിലും മുഴുകിയ ജനതയെ, ബ്രാഹ്മണന്മാരുമായുള്ള സത്‌സംഗങ്ങളിലൂടെ, ജ്ഞാനത്തിന്റെ മാർഗത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു പരശുരാമന്റെ ലക്‌ഷ്യം. പരശു എന്നാൽ മഴു എന്നർത്ഥം. ഭോഗത്തിലും വെറുപ്പിലും മുങ്ങിക്കിടന്നിരുന്ന കേരളസംസ്കാരത്തെ (കേരളത്തിലെ ജനങ്ങളുടെ മനസ്സുകളെ) ജ്ഞാനമാകുന്ന മഴു (പരശു) കൊണ്ട് വെട്ടി മാറ്റി, അവരെ (ആ മനസ്സുകളെ) മഹത്തരമായ ഒരു നിലയിലേക്ക് (ഈശ്വരനിലേക്ക്) ഉയർത്തി അല്ലെങ്കിൽ പൊക്കിക്കൊണ്ടുവന്നു, എന്നതാണ് "പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തിനെ പൊക്കിക്കൊണ്ടുവന്നു" എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
[From Swami Udit Chaithanya Bhagavathamrutham - Episode 62]
[05242022]