അങ്ങനെ മറ്റൊരു ഓണം കൂടി ഇതാ എത്തിയിരിക്കുന്നു. അസുരചക്രവർത്തിയായ മഹാബലിയെ വരവേൽക്കാൻ.
മലയാളികൾ ഓണം ആഘോഷിക്കുന്നതിന്റെ അടിസ്‌ഥാനം വെറും പൊള്ളയാണ്. ഇതിനെ പറ്റി മുൻപൊരിക്കൽ എഴുതിയിരുന്നു (https://puttunninotes.blogspot.com/2021/08/blog-post.html). വാമനനെയാണ് നാം പൂജിക്കേണ്ടത്, ആദരിക്കേണ്ടത് എന്ന സത്യം വിശദീകരിച്ചപ്പോൾ ചില സുഹൃത്തുക്കളിൽ നിന്നും അതിശക്തമായ എതിർപ്പുണ്ടായി. ശീലിച്ചതേ പാലിക്കൂ എന്നതിൽ നിന്ന് സത്യാന്വേഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ആ ആർജ്ജവം ഒട്ടുമിക്കവാറും മലയാളികളും കാണിക്കാത്ത ഇക്കാലത്ത്, എങ്ങനെയാണ് "ഭഗവാൻ മഹാബലിയെ വിലയിരുത്തിയിരുന്നത്" എന്ന് നോക്കാം.
----
ഭഗവാൻ ശ്രീകൃഷ്ണൻ, ഗുരുസ്‌ഥാനത്ത് നിന്ന് തന്റെ ശിഷ്യരായ അർജുനനെയും ഉദ്ധവരെയും, ഉയർത്തുന്നതാണ് മഹാഭാരതത്തിലെ ഭഗവദ് ഗീതയും ഭാഗവതത്തിലെ ഉദ്ധവ ഗീതയും. രണ്ടു ശിഷ്യന്മാരുടെയും മാനസികമായ തളർച്ചയെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം.
- യുദ്ധത്തിന് തൊട്ടു മുൻപ്, ശത്രുപക്ഷത്ത് നിന്നിരുന്ന ഭീഷ്മരെയും ദ്രോണരെയും കണ്ട് തളർന്ന്, യുദ്ധം ചെയ്യില്ലെന്ന് വാശി പിടിച്ച അർജുനനെ തളർച്ചയിൽ നിന്നുയർത്തി യുദ്ധം ചെയ്യിക്കാൻ വേണ്ടി കൊടുത്ത ഉപദേശമായിരുന്നു, ഭഗവദ് ഗീത
- കൃഷ്ണന്റെ മരണമടുത്ത സമയത്ത് ദ്വാരക വിട്ടു പോകാൻ കൃഷ്‌ണൻ ഒരുങ്ങിയപ്പോൾ, "കൃഷ്ണനില്ലാതായാൽ ഉണ്ടാകുന്ന വിരഹത്തെ" ഓർത്ത് തളർന്നവശനായ ഉദ്ധവരെ, ഉയർത്തി ശക്തനാക്കാൻ കൊടുത്ത ഉപദേശമായിരുന്നു ഉദ്ധവ ഗീത.
രണ്ട് ഗീതയിലും ഉള്ള ഉപദേശത്തിന്റെ സാരം ഒന്ന് തന്നെ.
ഈ ഉപദേശത്തിന്റെ ഭാഗമായി, മനസ്സ്-ബുദ്ധി-ഈഗോ-ആത്മാവ്-ബ്രഹ്മം എന്നൊക്കെയുള്ളതിനെ പറ്റി വളരെ ശാസ്ത്രീയമായി വിശദീകരിച്ചു. ബ്രഹ്മം തന്നെയാണ് ഭഗവാൻ അല്ലെങ്കിൽ ഈശ്വരൻ. ജ്ഞാനം (knowledge, ബ്രഹ്മത്തെ പറ്റിയുള്ള ജ്ഞാനം) നേടി അത് വിജ്ഞാനമായി (knowledge turned to wisdom through experience) മാറിയാൽ മാത്രമേ, ബ്രഹ്മത്തെ (ഭഗവാനെ) അനുഭവിച്ചറിയാൻ പറ്റുകയുള്ളൂ എന്നും ബ്രഹ്മം എന്നത് നിർഗുണമായതാണെന്നും പറയുന്നു. (നിർഗുണം എന്ന് വച്ചാൽ ഒരു ഗുണവും ഇല്ലാത്ത useless എന്ന് കരുതരുത്. നാം പൊതുവേ - വലുത്-ചെറുത്-പ്രകാശമുള്ളത്-നീളമുള്ളത്-മിനുസമുള്ളത് എന്നിങ്ങനെ അനവധി സ്വഭാവ വിശേഷങ്ങളെ കൊണ്ടാണ്, നമുക്ക് ചുറ്റുമുള്ള വ്യക്തികളെയും സാധനകളെയും മനസ്സിലാക്കുന്നത്. പക്ഷെ ബ്രഹ്മം എന്നാൽ അങ്ങനെ യാതൊരു സ്വഭാവ വിശേഷവും ഇല്ലാത്തതാണ്)
ഈ രീതിയിലുള്ള ശാസ്ത്രീയവിശദീകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ അർജുനനും ഉദ്ധവരും, "ഭഗവാനെ, അങ്ങയുടെ വിഭൂതികൾ (manifestations) ഏതാണെന്ന് പറഞ്ഞാലും", എന്ന് ചോദിച്ചിരുന്നു. വിഭൂതികളെ പറ്റി മനസ്സിലാക്കി, അങ്ങനെ ഭഗവാനിലേക്കു/ബ്രഹ്മത്തിലേക്ക് ശ്രദ്ധ തിരിച്ച് ഭഗവാനെ മനസിലാക്കുക, എന്നതായിരുന്നു ഉദ്ദേശം. വിഭൂതി എന്ന് പറഞ്ഞാൽ - "One above the many manifests as one among the many". "One above the many" എന്നത് ഭഗവാൻ/ഈശ്വരൻ/ബ്രഹ്മം ആകുന്നു. "One among the many" ആയി manifest ചെയ്തതാണ് വിഭൂതികൾ. അപ്പോൾ കൃഷ്ണൻ, തന്റെ (ഭഗവാന്റെ) അനവധി വിഭൂതികൾ വിശദീകരിച്ചു.
അതിൽ ചിലത്
- യുഗങ്ങളിൽ ഞാൻ സത്യയുഗമാണ് (most moral yuga among 4 yugas)
- ദേവന്മാരിൽ ഞാൻ ഇന്ദ്രനാണ് (ഏറ്റവും ശക്തൻ ഇന്ദ്രൻ)
- യക്ഷന്മാരിൽ ഞാൻ കുബേരനാണ് (ഏറ്റവും സന്പന്നൻ)
- കുതിരകളിൽ ഞാൻ ഉച്ചൈശ്രവസ്സാണ് (സമുദ്രത്തിൽ നിന്നും പൊന്തിവന്നവൻ, ചിരഞ്ജീവി )
- ആനകളിൽ ഞാൻ ഐരാവതമാണ്
- ആയുധങ്ങളിൽ ഞാൻ ഇടിമിന്നലാണ്
- നദികളിൽ ഞാൻ ഗംഗയാണ്
ഇങ്ങനെ അനവധി വിഭൂതികൾ വിവരിച്ചു.
നമ്മുടെ ചുറ്റുപാട് എടുത്താൽ കാണാവുന്ന വിഭൂതികൾ
- നമുക്ക് ചുറ്റും നല്ലൊരു ചിത്രകാരനോ, പാട്ടുകാരനോ, സിനിമാനടനോ ഉണ്ടെന്ന് കരുതുക. അവരുടെ കഴിവുകൾ - ചിത്രം വരക്കാനുള്ള കഴിവ്, പാട്ട് പാടാനുള്ള കഴിവ്, അഭിനയിക്കാനുള്ള കഴിവ് - ഒക്കെ ഭഗവാന്റെ വിഭൂതിയാണ്.
- നമ്മളിൽ ഉള്ളതോ മറ്റുള്ളവരിൽ കാണുന്നതോ ആയ - വിജയം, സാഹസികത, ശക്തി, ക്ഷമ ഇവയൊക്കെ ഭഗവാന്റെ വിഭൂതികളാണ്.
- ഞാൻ നല്ലൊരു ഫോട്ടോ എടുത്തു എങ്കിൽ ആ കഴിവ് ഭഗവാന്റെ ഒരു വിഭൂതിയാണ്.
- ഞാൻ ഭാഗവതവും ഭഗവദ് ഗീതയും മനസ്സിലാക്കാൻ ശ്രമിക്കുന്നു. അതിന് എനിക്കുള്ള പ്രചോദനം ഭഗവാന്റെ വിഭൂതിയാണ്.
-----
വിഭൂതികളെ പറ്റി ഇത്രയും പറഞ്ഞു... വിഭൂതിയും മഹാബലിയും തമ്മിലുള്ള ബന്ധമെന്താണ്?
ഉദ്ധവ ഗീതയിൽ കൃഷ്ണൻ പറയുന്ന ഒരു വിഭൂതിയാണ് (ഭഗവാന്റെ manifestation)
- ബ്രാഹ്മണരിൽ ഞാൻ ബലിയാണ്... മഹാബലിയാണ്.
ജന്മം കൊണ്ട് മഹാബലി അസുരനാണെങ്കിലും ഒരു ബ്രാഹ്മണശ്രേഷ്ഠൻ ആയിട്ടാണ്, ഭഗവാൻ കണക്കാക്കുന്നത്. ജന്മം കൊണ്ടല്ല ഒരാൾ ബ്രാഹ്മണൻ ആകുന്നത് എന്നതും ഇവിടെ വ്യക്തമാകുന്നു.
-----
ഇനി നമ്മൾ മലയാളികളുടെ കാര്യം നോക്കാം..
ഭഗവാൻ വളരെ ശ്രേഷ്ഠൻ (തന്റെ വിഭൂതി or manifestation) ആയി കണക്കാക്കുന്ന മഹാബലിയെ, നമ്മൾ മലയാളികൾ അങ്ങനെയാണോ കാണുന്നത്? മഹാബലിയെ അവഹേളിക്കുന്ന കാർട്ടൂണുകളും, തമാശകളും (കുന്പവയറില്ലാത്ത മഹാബലി അപൂർവ്വം) പ്രചരിപ്പിച്ച് ആഹ്ലാദിക്കുന്ന മലയാളികൾ, മഹാബലി ആരാണെന്നോ മഹാബലി എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നോ ചിന്തിക്കുന്നുപോലുമില്ല.
ഈ ഓണക്കാലത്ത്, നമ്മൾ ഓരോരുത്തരും മഹാബലിയെ പറ്റിയുള്ള കാർട്ടൂണുകളും ചിത്രങ്ങളും വീഡിയോയും മറ്റൊരാൾക്ക് ഷെയർ ചെയ്യില്ല.. അയക്കില്ല.. എന്ന തീരുമാനമെടുത്താൽ... മഹാബലിയോടുള്ള അവഹേളനങ്ങൾ കുറക്കാനെങ്കിലും സാധിക്കും..
-----
ലോകാ സമസ്താ സുഖിനോ ഭവന്തു.
[08242022]