Monday, October 31, 2022

പുനർജന്മം - ഇത് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത

കുട്ടിക്കാലം മുതലേ എല്ലാവർക്കും പരിചയമുണ്ടാകാൻ സാധ്യതയുള്ള ഒരു വാക്കാണ് 'പുനർജന്മം'. എത്രയൊക്കെ ഇഷ്ടമുള്ള മുത്തച്ഛനോ മുത്തശ്ശിയോ ആകട്ടെ, മരിച്ചു കഴിഞ്ഞാൽ പിന്നെ അവർ പ്രേതമായി... പ്രശ്നമായി... പേടിയായി.. അങ്ങനെ പ്രേതമായവരൊക്കെ വീണ്ടും പുനർജനിക്കുമെന്ന് സിനിമകളിലൂടെയാണ് മനസ്സിലായത്. വളരെയധികം പേടി തന്നിരുന്ന ഒരു കാര്യമായിരുന്നു ഈ 'പ്രേതം', 'പുനർജന്മം' എന്നതൊക്കെയെങ്കിലും, ഒരു പ്രത്യേക curiosity ഇവയൊക്കെ നൽകിയിരുന്നു. കുറച്ച് വലുതായപ്പോൾ ഇതൊന്നും സംഭവിക്കുന്ന കാര്യമല്ലെന്ന് മനസ്സിലായി. എങ്കിലും ഇതിനോടുള്ള curiosity കുറയാതെ നിറഞ്ഞു നിന്നു.
 
ഭഗവദ് ഗീത, അദ്ധ്യായം 2, ശ്ലോകം 12 ആണ് ഇതൊക്കെ ഉള്ളത് തന്നെയാണെന്ന ആദ്യത്തെ spark തന്നത്. യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് തളർന്നിരുന്നു അർജുനനോട് കൃഷ്ണൻ പറയുന്നു... "നീയും ഞാനും ഈ രാജാക്കന്മാരും ഇല്ലാതിരുന്ന ഒരു കാലമില്ല, ഇല്ലാതിരുന്ന കാലവുമുണ്ടാകാനും പോകുന്നില്ല". ആദ്യത്തെ പ്രാവശ്യം ഇത് കേട്ടപ്പോൾ തലയുടെ മുകളിലൂടെയാണ് പോയത്. പിന്നെയാണ് ഇതിന്റെയർത്ഥം മനസ്സിലായത്. എന്നും എപ്പോഴും എല്ലായിടത്തും നിലനിൽക്കുന്ന ബ്രഹ്‌മത്തിന്റെ - ആത്മാവിന്റെ വെറും സ്ഫുരണങ്ങൾ മാത്രമാണ് നമ്മളൊക്കെ എന്ന് മനസ്സിലാക്കിപ്പിച്ചു തരുന്ന ശ്ലോകമാണിത്. "നീ പണ്ടും ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ട്.. ഇനിയും ഉണ്ടാകും" എന്ന് പറയുന്നതിന്റെ അർഥം, ആത്മാവിന്റെ തലത്തിൽ നമ്മൾക്കൊന്നും ഒരിക്കലും നാശമില്ല എന്നാണ്. പക്ഷെ, ദിവസം തോറും ഷർട്ട് മാറുന്ന പോലെ, നമ്മൾ ഒന്നിന് പുറകെ മറ്റൊരു ശരീരമെടുത്ത് വീണ്ടും അവതരിക്കുന്നു. അതാണ് പുനർജന്മം 

ഭഗവദ് ഗീത കേട്ട് philosophically അതൊക്കെ മനസ്സിലാക്കിയെങ്കിലും, ശരിക്കും അങ്ങനെയോക്കെ ഉണ്ടാകുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയിരിക്കുന്പോൾ Jay Lakhani യുടെ Hinduism Basics 03 - Study of Reincarnation എന്ന പ്രഭാഷണം കേട്ടപ്പോഴാണ് ഇതൊക്കെ ശരിക്കും ഉള്ളതാണെന്ന് മനസ്സിലായത്. പൊതുവെ ഒരു ഇന്ത്യൻ, അതും ഒരു ഹിന്ദുവായ ഒരാൾ, ഹിന്ദു scriptures നെ ആധാരമാക്കി ഇതൊക്കെ പറഞ്ഞാൽ.. ഇതൊന്നും ശാസ്ത്രീയമല്ല എന്ന് പറഞ്ഞ് തള്ളിക്കളയാൻ വെന്പി നിൽക്കുന്ന ഒരു സമൂഹമാണ് നിലനിക്കുന്നത്.  പക്ഷെ, Jay Lakhani സൂചിപ്പിച്ച, പുനർജന്മത്തെ പറ്റി ഒരായുസ്സ് മുഴുവൻ ഗവേഷണം നടത്തിയ Ian Stenveson എന്ന ഡോക്ടറുടെ ഗവേഷണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പുനർജന്മം എന്നത് നമുക്ക് ചുറ്റും നടക്കുന്നത് തന്നെയാണെന്ന് മനസ്സിലാകും  (Scientific Evidence for Reincarnation by Dr Ian Stevenson, Reincarnation, Part One: The Research of Ian Stevenson, with Walter Semkiw). 40 കൊല്ലത്തോളം ലോകം മുഴുവൻ സഞ്ചരിച്ച് 3000 ത്തിൽ അധികം പുനർജന്മമെന്ന് കരുതപ്പെടുന്ന കുട്ടികളെ പറ്റി വിശദമായി വിവരങ്ങൾ ശേഖരിച്ചു. (ഉദാഹരണം: മുൻജന്മത്തിലെ ആളുടെ പേര്, മരിച്ച രീതി, മുൻജന്മത്തിലെ  ഭാഷ, കുടുംബവിവരങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ - പുനർജനിച്ച കുട്ടി സംസാരിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ പറയുന്ന കേസുകൾ). അതിൽ 1200-ഓളം കേസുകളിൽ മുൻജന്മത്തിലെ വ്യക്തിയെ കണ്ട് പിടിച്ച് correlate ചെയ്തിട്ടുണ്ട്. മുൻജന്മത്തിലെ ശരീരത്തിന്റെ അവസ്ഥകൾ വരെ birth marks ആയി പുനർജന്മത്തിൽ കാണപ്പെട്ട കേസുകൾ correlate ചെയ്യപ്പെട്ടിട്ടുണ്ട്. Ian Stenveson ന്റെ പിൻഗാമിയായ Walter Semkiw ഇതിൽ കൂടുതൽ ഡാറ്റ ശേഖരിച്ച്.. ആളുകൾ ഒരു ഗ്രൂപ്പ് ആയി പുനർജ്ജന്മം നടത്തുമെന്ന് പറയുന്നു.. Elon Musk ബൾബ് കണ്ടുപിടിച്ച എഡിസന്റെ പുനർജന്മമാണെന്ന് പറയുന്നു...  Walter Semkiw പ്രശസ്തരായ പല ആളുകളുടെയും പുനർജന്മം ആരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട് (Reincarnations Research).

എന്താണ് പുനർജന്മത്തിനെ പറ്റി ജനങ്ങൾ മനസ്സിലാക്കേണ്ട ആവശ്യകത? 

പുനർജന്മത്തിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ മതിലുകളില്ല. ഹിന്ദു മുസ്ലിമായും, മുസ്ലിം ഹിന്ദുവായും, ജൂതൻ മുസ്ലിമായും, ആണ് പെണ്ണായും, കമ്മ്യൂണിസ്റ് കാരൻ ബിജെപി ക്കാരനായും, തിരിച്ചും മറഞ്ഞുമൊക്കെ പുനർജനിക്കാം. ഈ ഒരു ബോധമുണ്ടായാൽ പിന്നെയെന്തിന് നമ്മൾ തമ്മിൽ തല്ലണം?  കൊല്ലണം..? ഒരു ഗ്രൂപ്പിലെ ആളുകൾ മറ്റേ ഗ്രൂപ്പിലെ ആളെ കൊന്നാൽ, ചത്തവൻ പിന്നീട് പുനർജനിച്ച് കൊന്നവന്റെ ഗ്രൂപ്പിൽ വന്ന് കുത്തിത്തിരുപ്പുണ്ടാക്കില്ല എന്ന് പറയാൻ പറ്റില്ല. അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ ഒരാളെ കൊല്ലാൻ പറ്റും? അത് മാത്രമല്ല, Suicide Bombers എന്ന പരിപാടി മിക്കവാറും അവസാനിക്കും. മരിച്ചാൽ സ്വർഗത്തിൽ സുന്ദരികൾ കാത്തിരിക്കുന്നു.. അതിനാൽ മരിച്ചാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് brain wash ചെയ്യപ്പെട്ടവരാണല്ലോ ഈ Suicide Bombing എന്നതിനൊക്കെ തുനിയുന്നത്. പക്ഷെ, മരിച്ചാൽ നീ ഇവിടെ തന്നെ പുനർജനിക്കും.. ഇങ്ങോട്ടു തന്നെ വരേണ്ടി വരും... എന്ന് മനസ്സിലായാൽ, പിന്നെ ഈ വക അഭ്യാസങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല. കൊല്ലില്ല.. തല്ലില്ല.. എന്നതല്ല.. അതിനേക്കാൾ മേലെ, നമ്മളൊക്കെ ഒന്ന് തന്നെയാണെന്ന ബോധം ഉള്ളിലുറക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം.

സ്വർഗ്ഗമുണ്ട് നരകമുണ്ട് എന്നൊക്കെ പഠിപ്പിച്ചു വിടുന്ന mono-theistic മതങ്ങളാണ് (e.g.  christianity) പുനർജന്മത്തിനെതിരെ എന്ന് പറയുന്നു. ഇത് ജനം മനസ്സിലാക്കിയാൽ മതത്തിന്റെ അടിത്തറ ഇളകുമെന്ന ഭയം കാരണം, സ്വർഗ്ഗം-നരകം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കൂട്ടിലിടുന്നു. ഇതിനെ പറ്റി വ്യക്തമായി പറയുന്ന Hindu Phiolosophy, Buddism ഒക്കെ മനസ്സിലാക്കാത്ത ഹിന്ദുക്കൾ പുനർജന്മം, പ്രേതം എന്നിവയുടെ പേരിൽ പൂജകളും ഹോമങ്ങളും ചെയ്തു മറ്റൊരു പെരുവഴിയിലുമാണ് ഉള്ളത്. 
 
അതിനാൽ പുനർജന്മത്തെ പറ്റി ശരിയായ ബോധവൽക്കരണം സമൂഹത്തിൽ ഉണ്ടാകുന്നത് സമൂഹത്തിൽ കൂടുതൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ സഹായിക്കും.

PS: പൗരസ്ത്യർ പണ്ട് പറഞ്ഞ് വച്ചതിനെ,
പാശ്ചാത്യർ വളരെ കഷ്ടപ്പെട്ട് data ശേഖരിച്ച് ശരിയാണെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു എന്നതല്ലാതെ ഇതിൽ കൂടുതലൊന്നുമില്ല. ഞങ്ങൾക്ക് ഇതിനെ പറ്റി പൗരസ്ത്യരേക്കാൾ കൂടുതലറിയാമെന്ന ഒരു മനോഭാവം Walter Semkiw കാണിക്കുന്നുണ്ട്. Ian Stevenson  ചെയ്തിരുന്നോ എന്നറിയില്ല... എന്തായാലും വിജ്ഞാനത്തിന്റെ കാര്യത്തിൽ  ലോകം ഭാരതത്തിനോട് നന്ദി പറയുന്ന ഒരു കാലം വരുമെന്നുറപ്പാണ്. 

[10312022]
 

Friday, October 14, 2022

അർജുനൻ vs ദുര്യോധനൻ

എല്ലാ മനുഷ്യരുടെയും ലക്‌ഷ്യം സന്തോഷവും സുഖവും ഉണ്ടാക്കുക എന്നാണ്. അതിന് രണ്ട് വഴികളുണ്ട് 
- ലൗകികമായ/ഭൗതികമായ കാര്യങ്ങൾ വഴി (worldly pleasures)
- ആത്മീയമായ വഴി (spiritual)
 
ഭൂരിപക്ഷം ആൾക്കാരും ലൗകികകാര്യങ്ങൾ വഴിയാണ് ഇതിനുള്ള പരിശ്രമം നടത്തുക (വീട്, ഭാര്യ, കുട്ടികൾ, മദ്യപാനം, സിനിമ.. എന്നിവയൊക്കെ ഉദാഹരണങ്ങൾ). ആത്മീയമായ വഴിയിൽ വളരെ കുറച്ച് പേരെ സഞ്ചരിക്കാറുള്ളൂ. ഇതിൽ ആത്മീയമായ വഴിയുടെ പ്രാധ്യാന്യം അർജുനനും ദുര്യോധനനും തമ്മിലുള്ള താരതമ്യത്തിലൂടെ മഹാഭാരതവും ഭഗവദ് ഗീതയും കാണിച്ചു തരുന്നു 
 
1)  മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുൻപ് കൃഷ്ണന്റെ സഹായം ചോദിക്കാൻ ദുര്യോധനൻ ആദ്യം തന്നെയെത്തി. കൃഷ്ണൻ ഉറക്കം നടിച്ച് കിടന്നു. എഴുന്നേൽക്കുന്പോൾ ആദ്യം എന്നെ തന്നെ കാണണം എന്ന ചിന്തയോടെ, ദുര്യോധനൻ കൃഷ്‍ണന്റെ തലയുടെ ഭാഗത്തിരുന്നു. കുറച്ചു കഴിഞ്ഞു അർജുനനും അവിടെ വന്നു. കൃഷ്ണൻ ഉറങ്ങുന്നത് കണ്ടപ്പോൾ കൃഷ്‍ണന്റെ കാലിന്റെയടുത്ത് നിന്നു. കള്ളയുറക്കത്തിൽ നിന്ന് എഴുന്നേറ്റ കൃഷ്ണൻ ആദ്യം കണ്ടത് അർജുനനെ ആണെന്നും, പ്രായത്തിൽ ഇളയത് അർജുനൻ ആണെന്നുമുള്ള ന്യായത്തിന്റ പേരിൽ ആദ്യം സഹായം ചോദിക്കാൻ അർജുനനെ അനുവദിച്ചു. കൃഷ്ണൻ യുദ്ധം ചെയ്യില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് കൃഷ്ണനെ മാത്രം മതിയെന്ന് അർജുനൻ പറഞ്ഞു. വെറും കൃഷ്‍ണനെ കിട്ടിയിട്ട് എന്ത് കാര്യമെന്നും, അർജുനൻ ഒരു മരമണ്ടനാണെന്നും സ്വയം ആലോചിച്ച്, ദുര്യോധനൻ കൃഷ്ണന്റെ സൈന്യത്തെ മുഴുവൻ ആവശ്യപ്പെട്ടു. കൃഷ്ണൻ കൊടുക്കുകയും ചെയ്തു, 

സാധാരണ ചിന്താഗതി അനുസരിച്ച്, ഭൗതികമായാത് മാത്രമേ നമുക്ക് വിജയം തരൂ എന്ന സാധാരണ ബുദ്ധിയാണ് ദുര്യോധനൻ കാണിച്ചത്. കൃഷ്ണന്റെ ദൈവീക വശം അപ്പോൾ അർജുനൻ മനസ്സിലാക്കിയിരുന്നില്ലയെങ്കിലും, ലൗകിക/ഭൗതിക മാർഗങ്ങളെ ഉപേക്ഷിച്ച്, ദൈവീകമായ വഴിയിലൂടെ ചിന്തിച്ച അർജുനൻ കൃഷ്ണനെ മാത്രമേ ചോദിച്ചുള്ളൂ. അന്തിമവിജയം അർജ്ജുനന്റേതുമായിരുന്നു. (ഭൗതിക കാര്യങ്ങളുടെ പിന്നാലെ ഓടുന്ന നമ്മൾക്ക് അർജുനൻ കാണിച്ച വിവേകത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നല്ലൊരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കുമെന്നുറപ്പാണ്)

2) മഹാഭാരത യുദ്ധത്തിന് മുൻപ് സന്ധിസംഭാഷണത്തിന് കൃഷ്ണൻ പോയപ്പോൾ, ദുര്യോധനനെ കണ്ട്, ദുര്യോധനൻ ചെയ്യുന്നത് അധർമ്മമാണെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നു. തന്നെ ഉപദേശിക്കണ്ട എന്നും, ഏതാണ് ശരി/തെറ്റ് എന്നൊക്കെ  തനിക്കറിയാമെന്നും, താൻ ചെയ്യുന്നത് ശരിയല്ലാത്തത് ആണെന്ന ബോധ്യമുണ്ടെന്നും, പക്ഷെ തനിക്ക് ശരി ചെയ്യാൻ തോന്നുന്നില്ലെന്നുമാണ് ദുര്യോധനൻ പറഞ്ഞത്. ഇനി അർജുനന്റെ കാര്യം നോക്കാം. യുദ്ധത്തിന് തൊട്ടുമുൻപ് തനിക്ക് യുദ്ധം ചെയ്യണ്ട എന്ന് പറഞ്ഞ് തളർന്ന അർജുനന് ഗീതോപദേശം കൊടുക്കുന്നതിനിടയിൽ, "ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ആ തെറ്റുകൾ ചെയ്യുന്നത്? അങ്ങനെ തെറ്റുകൾ ചെയ്യാതിരിക്കാൻ എന്താണ് മാർഗം?" എന്ന് അർജുനൻ കൃഷ്ണനോട് ചോദിക്കുന്നു. മാനസികമായി അധഃപതിച്ച അവസ്ഥയിൽ നിന്ന് എങ്ങനെ മോചനം നേടാമെന്ന ഈ ചോദ്യം, അർജുനന്റെ ആത്മീയമായ ഉയർച്ചയെ കാണിക്കുന്നു. കാരണം ഇതിൽ നിന്നുള്ള മോചനം മനസ്സിന്റെയും ബുദ്ധിയുടെയും വികാസം വഴിയാണ്. പക്ഷെ, താൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് വരാൻ ദുര്യോധനൻ തയ്യാറായിരുന്നില്ല. 

നമ്മളൊക്കെ സ്വീകരിക്കേണ്ടത് അർജുനന്റെ വഴിയാണ്. ആത്മീയമായ വഴിയാണ് സ്വീകരിക്കേണ്ടത്. പരിപൂർണ്ണമായി ആത്മീയ മാർഗത്തിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ആ മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം, ലൗകിക ജീവിതത്തിലെ പാളിച്ചകൾ കുറക്കാനോ ഇല്ലാതാക്കാനോ സഹായിക്കും.

[11142022]

Wednesday, October 12, 2022

അനന്തശയനം (ശരിയായ സന്ദേശം - സൃഷ്‌ടി)

പാലാഴിയിൽ കിടക്കുന്ന ആയിരം ഫണമുള്ള അനന്തന്റെ മുകളിൽ കിടക്കുന്ന നാരായണന്റെ/മഹാവിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഉണ്ടായിട്ടുള്ള താമരയിൽ ഇരിക്കുന്ന ബ്രഹ്‌മാവ്‌. ഇത് പല അന്പലങ്ങളിലും പലയിടത്തും ചിത്രങ്ങളായോ കൊത്തുപണികളായോ ഒക്കെ കാണാറുണ്ട്. ഒറ്റ നോട്ടത്തിൽ യാതൊരു യുക്തിയുമിലാത്ത അന്ധമായ ഭക്തിയെ പ്രചരിപ്പിക്കുന്ന ഒരു കാര്യമായിട്ടേ ഇതിനെ കാണാൻ പറ്റൂ.

-------- 

പക്ഷെ, ഇത് സൃഷ്ടിയുടെ ഒരു ചിത്രീകരണമാണ്. 
 
ആയിരം ഫണമുള്ള അനന്തൻ - ആയിരം നാളങ്ങളുള്ള അഗ്നി 
പാലാഴി - വെള്ളം 
നാരായണൻ - ചൈതന്യം/ഈശ്വരൻ 
താമരത്തണ്ട് - പ്രാണൻ 
താമര - മനസ്സ് 
ബ്രഹ്‌മാവിന്റെ 4 തലകൾ - അന്തക്കരണം (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം)
 
----------
 
അഗ്നി (അനന്തൻ) -
ഏതൊരു രൂപം ഉണ്ടാകണമെങ്കിലും അഗ്നി വേണം. (ഉദാഹരണം, ഭക്ഷണം പാചകം ചെയ്യാൻ, ദഹിക്കാൻ, അത് ചോരയാകാൻ, ചോരയിൽ നിന്നും ബീജം ഉണ്ടാകാൻ, ആ ബീജം അഗ്നി വഴി ഉണ്ടായ അണ്ഡവുമായി ചേരാൻ, അങ്ങനെ ഉണ്ടായ കുട്ടി ഗർഭപാത്രത്തിൽ ചൂടോടുകൂടി വളരാൻ... നമ്മുടെ വസ്ത്രം, പാത്രം, വാഹനങ്ങൾ ഉണ്ടാക്കാൻ.... ഇങ്ങനെയിങ്ങനെ... ഏത് രൂപം ഉണ്ടാവണമെങ്കിലും അഗ്നി വേണം). അതുകൊണ്ടു ശരീരം അഗ്നിയോടു കടപ്പെട്ടിരിക്കുന്നു.

വെള്ളം (പാലാഴി) -
ഏത് ജീവി ജനിക്കണമെങ്കിലും വെള്ളത്തിന്റെ സാന്നിധ്യം വേണം. (ബീജം, അണ്ഡം ഒക്കെ വെള്ളം). ശരീരം വെള്ളത്തോടും കടപ്പെട്ടിരിക്കുന്നു.

[ 4 തരത്തിൽ ജീവൻ പ്രകടമാകുന്നു  - ഗർഭത്തിലൂടെ, മുട്ടയുടെ, വിത്തിലൂടെ, ഈർപ്പത്തിലൂടെ.  അഗ്നിയും വെള്ളവും ഉണ്ടെങ്കിൽ മാത്രമേ ജീവന് പ്രകടമാക്കാൻ പറ്റുകയുള്ളൂ.]

ചൈതന്യം (നാരായണൻ) -
അഗ്നിയും വെള്ളവും ഉണ്ടായത് കൊണ്ട് മാത്രം ജീവന് പ്രകടമാകാൻ പറ്റില്ല. ചൈതന്യം കൂടി ചേർന്നാലേ, ജീവൻ ഉണ്ടാവുകയുള്ളൂ.

[അഗ്നിയും, വെള്ളവും, ചൈതന്യവും ചേർന്ന് ഒരു രൂപം (ശരീരം) ഉണ്ടായി എന്ന അവസ്ഥ. പക്ഷെ, മനസ്സ് പ്രവർത്തിക്കാത്ത ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല]

പ്രാണൻ (താമരത്തണ്ട്), മനസ്സ് (താമര) -
താമരത്തണ്ട് ഉണ്ടെങ്കിലേ താമരക്ക് നിലനിൽക്കാൻ പറ്റൂ. അതുപോലെ, പ്രാണൻ ഉണ്ടെങ്കിലേ മനസ്സ് നിലനിൽക്കൂ. പ്രാണൻ പോയാൽ മനസ്സിന് നിലനിൽപ്പില്ല. പ്രാണനും മനസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ. പ്രാണനിലൂടെ മനസ്സിനെയും മനസ്സിലൂടെ പ്രാണനെയും നിയന്ത്രിക്കാം (പ്രാണായാമത്തിന്റെ അടിസ്ഥാനം)
 
അന്തക്കരണം (ബ്രഹ്‌മാവ്‌) -
താമരയിലിരിക്കുന്ന 4 തലയുള്ള ബ്രഹ്‌മാവ്‌, മനസ്സിന്റെ 4 തരത്തിലുള്ള പ്രവർത്തനങ്ങളെ/ഘടകങ്ങളെ (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം) സൂചിപ്പിക്കുന്നു. മനസ്സ് (നമ്മളെ ഉണർത്തുന്ന, പ്രവർത്തിപ്പിക്കുന്ന, സ്നേഹം, ദേഷ്യം ഒക്കെ ഉണ്ടാകുന്ന പ്രവർത്തനം/ഘടകം), ബുദ്ധി (പ്രശ്ന പരിഹാരം നടത്തുന്ന പ്രവർത്തനം, യുക്തി എന്ന പ്രവർത്തനം/ഘടകം), ചിത്തം (കണ്ടെത്തിയ അനുഭവങ്ങളെ ഓർത്ത് വയ്ക്കുന്ന പ്രവർത്തനം/ഘടകം), അഹങ്കാരം (മനസ്സ്-ബുദ്ധി-ചിത്തം എന്ന മൂന്നിലും ചേർന്നിരിക്കുന്ന ഞാൻ എന്ന ഭാവം, വ്യക്തിത്വം എന്ന പ്രവർത്തനം/ഘടകം). ഈ നാലിനേയും ഒരുമിച്ചു അന്തഃകരണം എന്ന് പറയുന്നു, ഇതാണ്  സൂക്ഷ്മശരീരം. 

അന്ധകാരണത്തിന്റെ പ്രസക്തി ഇങ്ങിനെയാണ്‌... ഏത് സൃഷ്ടി ഉണ്ടാകണമെങ്കിലും മനസ്സിൽ കാമമെന്ന വികാരം (ലൈംഗികമായ ആഗ്രഹമെന്നല്ല, എന്തും ചെയ്യാനുള്ള ഒരു ചോദന) ഉണ്ടാകണം. എത്ര വേണം, എങ്ങനെ വേണം, എന്തിനു വേണമെന്നൊക്കെയുള്ള തീരുമാനത്തിന് ബുദ്ധി വേണം. ചിത്തത്തിൽ നിറഞ്ഞിരിക്കുന്ന മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ പ്രവർത്തിക്കുക. അവനവന്റേതായ വ്യക്തിത്വം അല്ലെങ്കിൽ 'ഞാനെന്ന' ഭാവമില്ലെങ്കിൽ സൃഷ്ടി നടക്കില്ല. അതുകൊണ്ടു,  ബ്രഹ്‌മാവ്‌ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാൽ, അന്തക്കരരണത്തിന്റെ പ്രവർത്തനം എന്നാണ് ഉദ്ദേശിക്കുന്നത്. അന്തക്കരണത്തെ ഒരുമിച്ച് മനസ്സ് എന്നും വിളിക്കുന്നു.. അതിനാൽ ബ്രഹ്‌മാവിന്റെ സൃഷ്ടി എന്ന് പറഞ്ഞാൽ മനസ്സിന്റെ സൃഷ്ടി എന്ന് സൂചിപ്പിക്കുന്നു. സൃഷ്ടി എന്നാൽ ഒരു മനുഷ്യക്കുഞ്ഞിനെ ഉണ്ടാക്കുക എന്ന്  മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മൾ ഉണ്ടാക്കുന്നന്ന വസ്തുക്കൾ, ആശയങ്ങൾ ഒക്കെ.. നമ്മുടെ മനസ്സിന്റെ സൃഷ്ടി അല്ലെങ്കിൽ ബ്രഹ്‌മാവിന്റെ സൃഷ്ടി തന്നെയാണെന്ന് പറയാം. 

-------

എല്ലാം കൂട്ടി യോജിപ്പിക്കുന്പോൾ 

ജീവൻ പ്രകടമാകാൻ അവശ്യമായ അഗ്നിയിലും (അനന്തൻ) വെള്ളത്തിലും (പാലാഴി) ചൈതന്യത്തിന്റെ (നാരായണൻ) പ്രകടനമുണ്ടാകുന്പോൾ ഉണ്ടാകുന്ന രൂപത്തിൽ (ശരീരത്തിൽ)  പ്രാണൻ (താമരത്തണ്ട്) വഴി നിലനിർത്തപ്പെടുന്ന മനസ്സിന് (താമര), 'മനസ്സ്,ബുദ്ധി,ചിത്തം,അഹങ്കാരം" എന്നീ നാല് ഘടകങ്ങളുണ്ട് (4  തലയുള്ള ബ്രഹ്‌മാവ്‌). ഇപ്പറഞ്ഞെതെല്ലാം (അഗ്നി, വെള്ളം, ചൈതന്യം, പ്രാണൻ, മനസ്സ്, അന്തഃകരണം)  ചേർന്നാലേ സൃഷി ഉണ്ടാകുകയുള്ളു. അന്തഃകരണത്തിലുണ്ടാകുന്ന ചലനങ്ങളാണ് (വികാരങ്ങൾ, ചിന്തകൾ, ഓർമ്മ, ഞാനെന്ന ഭാവം) നമ്മളെ കൊണ്ട് എന്തും പ്രവർത്തിപ്പിക്കാൻ (കർമ്മം ചെയ്യാൻ) പ്രേരിപ്പിക്കുന്നത്.. അങ്ങനെയാണ് സൃഷ്ടികൾ ഉണ്ടാകുന്നത്.  രാവിലെ മുതൽ വൈകുന്നേരം വരെ ജീവികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യന്ത്രതുല്യനായ ഒരു മനുഷ്യനോ ദേവനോ ഒന്നുമല്ല ബ്രഹ്‌മാവ്‌. നമ്മുടെ മനസ്സ് തന്നെയാണ് ബ്രഹ്‌മാവ്‌

ചുരുക്കം  
-----------
അനന്തശയനം എന്നത് സൃഷ്ടിയെ സൂചിപ്പിക്കുന്നു. 
 
[10122022]

Tuesday, October 4, 2022

ഗയാ ശ്രാദ്ധം

ഈയടുത്ത് ബീഹാറിലെ ഗയയിൽ പോയിരുന്നു. ബുദ്ധന് ബോധോദയം വന്ന ബോധ് ഗയയിൽ നിന്നും15 കിലോമീറ്റർ അകലെയുള്ള, ഫൽഗു നദിയുടെ തീരത്തുള്ള സ്‌ഥലമാണ് ഗയ. ഗയയിൽ പോയി ശ്രാദ്ധം ഊട്ടി, അവിടുത്തെ വിഷ്ണുണപാദ ക്ഷേത്രത്തിലുള്ള, വിഷ്ണുപാദത്തിൽ പിണ്ഡച്ചോറു സമർപ്പിച്ചാൽ, ആർക്കു വേണ്ടിയാണോ ശ്രാദ്ധം ഊട്ടിയത്, അവരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം (ഇതാണത്രേ ഏറ്റവും ഫലപ്രദമായ പരിപാവനമായ ശ്രാദ്ധകർമ്മം). ഞാനും എന്റെ അച്ഛനമ്മമാർക്ക് വേണ്ടി ഗയാശ്രാദ്ധം ഊട്ടി. ശ്രാദ്ധകർമ്മം കഴിഞ്ഞ് ഏതെങ്കിലും ഒരു ബ്രാഹ്മണന് ദക്ഷിണ കൊടുത്ത് അച്ഛന് മോക്ഷം കിട്ടിയോ, അമ്മക്ക് മോക്ഷം കിട്ടിയോ എന്ന് ചോദിക്കണം. അങ്ങനെ ചോദിച്ചപ്പോൾ ബ്രാഹ്മണൻ പറഞ്ഞു.. കിട്ടി.. രണ്ടു പേർക്കും മോക്ഷം കിട്ടിയെന്ന്. ആ ചോദ്യോത്തരത്തിലെ നാടകീയത, ഭാഗവതത്തിലെ ഒരു കഥയെ ഓർമ്മിപ്പിച്ചു. 

ബ്രാഹ്മണ ദന്പതികളായിരുന്ന ആത്മദേവനും ദുന്ദുലിക്കും കുട്ടികളുണ്ടായിരുന്നില്ല.  ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ആത്മദേവൻ കാട്ടിലേക്ക് പോയപ്പോൾ, അവിടെ വച്ച് ഒരു  സന്യാസിയെ കണ്ടുമുട്ടി. താനൊരു വാഴ വച്ചാൽ അത് കുലക്കില്ലെന്നും, ചെടികൾ വച്ചാൽ പൂക്കളുണ്ടാകില്ലെന്നും, വീട്ടിലെ പശുവിനും തനിക്കും കുട്ടികളില്ലെന്നുമൊക്കെ, ആത്മദേവൻ തന്റെ സങ്കടം സന്യാസിയോട് പറഞ്ഞു. ആത്മദേവന്റെ തലവര നോക്കി, മുൻജന്മപാപം കാരണം അയാൾക്ക് കുട്ടികളുണ്ടാകില്ല എന്ന് സന്യാസി പറഞ്ഞു. ഉപദേശം തരാതെ, എനിക്ക് കുട്ടിയെ തന്നില്ലെങ്കിൽ തൻറെ ആത്മഹത്യക്ക് സന്യാസിയാകും കാരണക്കാരനെന്ന് ആത്മദേവൻ ഭീഷണിപ്പെടുത്തി. കണ്ടാലറിയാത്തവൻ കൊണ്ടാലേ അറിയൂ എന്ന് തീരുമാനിച്ച സന്യാസി, ധ്യാനിച്ച് പൂജിച്ച് ഒരു പഴം ആത്മദേവന് കൊടുത്തു. അത് ആത്മദേവന്റെ ഭാര്യക്ക് കൊടുക്കാനും, അവരോടു ഭക്ഷണനിയന്ത്രണം നടത്താനും സന്യാസി നിർദ്ദേശിച്ചു. 
 
വീട്ടിൽ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദുന്ദുലീ ആദ്യമത് സമ്മതിച്ചെങ്കിലും, പഴം കഴിക്കാനോ, ഭക്ഷണം നിയന്ത്രിക്കാനോ, പ്രസവിക്കാനോ ഒന്നും ദുന്ദുലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ്, അഞ്ചോ ആറോ കുട്ടികളുള്ള ദുന്ദുലിയുടെ സഹോദരി അവിടെ വന്നത്. തന്റെ ഭർത്താവിന് കുറച്ച് പണം കൊടുത്താൽ കുട്ടിയെ തരാമെന്ന ആശയം സഹോദരി അവതരിപ്പിച്ചു. ദുന്ദുലി സഹോദരിക്ക് പണം കൊടുത്തു. പഴം പശുവിനും കൊടുത്തു. പിന്നീട് 10 മാസം ഗർഭമുള്ളതായി ദുന്ദുലി അഭിനയിച്ചു. സഹോദരി പ്രസവിച്ചപ്പോൾ, കുട്ടിയെ ദുന്ദുലിക്ക് കൊടുത്തു. അച്ഛനായത്തിന്റെ സന്തോഷത്തിൽ ആത്മദേവൻ, ദാനകർമ്മങ്ങളും പൂജകളും നടത്തി. ആ കുഞ്ഞിന് ദുന്ദുകാരി എന്ന പേരിട്ടു. ഇതിനിടയിൽ, പഴം കഴിച്ച പശു, പശുവിന്റെ ചെവികളും മനുഷ്യന്റെ ശരീരവുമായിട്ടുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ആ കുട്ടിക്ക് ഗോകർണ്ണൻ എന്ന പേരിട്ടു.

ദുന്ദുകാരി കുരുത്തം കെട്ടവനും ഗോകർണ്ണൻ ആത്മീയമായി ഉയർന്നവനുമായിരുന്നു. ഒരിക്കൽ ദുന്ദുകാരിയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോഴാണ്, ആത്മദേവന്, പണ്ട് സന്യാസി പറഞ്ഞത്തിന്റെ അർഥം (മുജ്ജന്മ പാപം കാരണം കുട്ടികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശം) മനസിലായത്. ആത്മദേവൻ അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും, ഗോകർണ്ണൻ ആത്മോപദേശം കൊടുത്ത് അച്ഛനെ ഉപദേശിച്ച് മാനസികമായി ഉയർത്തുകയും ചെയ്തു. ദുന്ദുകാരിയുടെ പെരുമാറ്റം ദിനംപ്രതി മോശമായപ്പോൾ, അച്ഛൻ പോയതിന് ശേഷം ഗോകർണ്ണനും സ്‌ഥലം വിട്ടു. പിന്നീട്, ദുന്ദുകാരി കുറെ വേശ്യകളെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഇത് ചോദ്യം ചെയ്ത സ്വന്തം അമ്മ ദുന്ദുലിയെ, ദുന്ദുകാരി മർദിച്ചു. ഇതിൽ മനം നൊന്ത ദുന്ദുലി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അതിന് ശേഷം എവിടെനിന്നോ മോഷ്ടിച്ച കുറെയധികം ആഭരണങ്ങൾ ദുന്ദുകാരി വീട്ടിലുള്ള വേശ്യകൾക്ക് സമ്മാനിച്ചു. ഇതെങ്ങാനും രാജാവ് കണ്ടുപിടിച്ചാൽ തങ്ങളുടെ സ്വർണ്ണമൊക്കെ നഷ്ടപ്പെടുമെന്ന് ഭയന്ന വേശ്യകൾ, മോഷ്ടിച്ച സ്വർണത്തെ പറ്റി അറിയാവുന്ന ദുന്ദുകാരിയെ കൊന്നു കളഞ്ഞു.
 
ഒരിക്കൽ, ഗോകർണ്ണൻ തന്റെ വീട്ടിൽ ഇരിക്കുന്പോൾ എന്തോ ഒരു വിചിത്രമായ ശബ്ദം കേൾക്കുകകയും അവിടെ ആരോ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു.  വായുവിലേക്ക് നോക്കി, ആരാണെന്ന് ചോദിച്ചപ്പോൾ, ഇത് ഞാൻ ദുന്ദുകാരി ആണെന്ന് മറുപടി കിട്ടി. ക്രൂരനും ദുഷ്ടനായ തനിക്ക് മോക്ഷം കിട്ടിയിട്ടില്ലെന്നും, തന്നെ രക്ഷിക്കണമെന്നും ദുന്ദുകാരി അപേക്ഷിച്ചു. ഗോകർണ്ണൻ തന്റെ സഹോദരന് വേണ്ടി ഗയ ശ്രാദ്ധം നടത്തി. അത് നടത്തിക്കഴിഞ്ഞാൽ ദുന്ദുകാരിക്ക് മോക്ഷം കിട്ടുമെന്നാണ് ഗോകർണ്ണൻ കരുതിയത്. വീട്ടിൽ വീണ്ടും വിചിത്രശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ദുന്ദുകാരിക്ക് മോക്ഷം കിട്ടിയിട്ടില്ലയെന്ന് മനസ്സിലായ ഗോകർണ്ണൻ ദുന്ദുകാരിക്ക് വേണ്ടി 100 ഗയ ശ്രാദ്ധം നടത്തിയെങ്കിലും, ദുന്ദുകാരിക്ക് മോക്ഷം കിട്ടിയില്ല. തന്നെ രക്ഷിക്കണമെന്ന് വീണ്ടും അപേക്ഷിച്ച ദുന്ദുകാരിയോട്, താൻ 100 ഗയാശ്രാദ്ധം ഊട്ടിയതാണ്, എന്നിട്ടും എന്തുകൊണ്ടാണ്  ദുന്ദുകാരിക്ക് മോക്ഷം കിട്ടാത്തതെന്ന് ചോദിച്ചു. അപ്പോൾ, താൻ അത്രയും വലിയ പാപിയും, ക്രൂരനുമാണെന്നും, തനിക്ക് വേണ്ടി നൂറല്ല, ആയിരം ഗയാശ്രാദ്ധം നടത്തിയാലും മോക്ഷം ലഭിക്കില്ലെന്ന്, ദുന്ദുകാരി മറുപടി പറഞ്ഞു.  

ഗോകർണ്ണൻ ആശയക്കുഴപ്പത്തിലായി. ഏറ്റവും പവിത്രവും ഫലപ്രദവുമായ ഗയാശ്രാദ്ധം നടത്തിയിട്ടും മോക്ഷം കിട്ടാത്ത തന്റെ സഹോദരനെ എങ്ങനെ രക്ഷിക്കണമെന്ന് ഗോകർണ്ണൻ തലപുകഞ്ഞാലോചിച്ചു. ഗോകർണ്ണൻ സൂര്യഭഗവാനെ ധ്യാനിച്ചപ്പോൾ കിട്ടിയ പരിഹാരമായിരുന്നു, ഭാഗവതം. ഭാഗവതോപദേശം വഴി ദുന്ദുകാരിക്ക് മോക്ഷം നേടിക്കൊടുക്കാൻ സാധിക്കുമെന്ന്  സൂര്യഭഗവാനിലൂടെ ഗോകർണ്ണന് മനസ്സിലായി. അങ്ങിനെ, ഗോകർണ്ണൻ ഉപദേശിച്ചു കൊടുത്ത ഭാഗവതം കേട്ട് ദുന്ദുകാരിക്ക് മോക്ഷം കിട്ടി.

ചുരുക്കം 
-----------
ഭാഗവതം ഉണ്ടാക്കിത്തരുന്ന മോക്ഷപ്രാപ്തിയുടെ (ജീവിച്ചിരിക്കുന്പോൾ തന്നെ കിട്ടുന്ന മോക്ഷം) മുൻപിൽ കർമ്മങ്ങളും ശ്രാദ്ധങ്ങളും ഗയാ ശ്രാദ്ധവുമൊക്കെ വെറും നിസ്സാരം. എന്ന് വച്ച്, ശ്രാദ്ധം ചെയ്യണ്ട എന്നല്ല. മരിച്ചവർക്ക് വേണ്ടിയല്ല, നാം നമുക്ക് വേണ്ടി തന്നെയാണ് ഈ ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്നത്...  എന്ന് മനസ്സിലാക്കി ശ്രാദ്ധം ചെയ്യുന്നത് നന്നായിരിക്കും.

[10042022]