Monday, August 17, 2026

രാമായണത്തിന്റെ പ്രാധാന്യവും രാമായണം മനസ്സിലാക്കേണ്ട രീതികളും

വാല്മീകി എഴുതിയ രാമായണത്തെ പലരും പല കാലങ്ങളിലായി തർജ്ജമ ചെയ്യുകയും, അവരവരുടെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ പല വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത് പുതിയ രാമായണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ വിരലിലെണ്ണാവുന്ന രാമായണങ്ങൾ മാത്രമേ ഇക്കാലത്ത് കൂടുതൽ പ്രചാരത്തിലുള്ളവയായിട്ടുള്ളൂവെങ്കിലും, 300 മുതൽ 1000-ത്തിലേറെ വ്യത്യസ്ത രാമായണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഇങ്ങനെ അനവധി രാമായണങ്ങൾ പല ഭാഷകളിലും ദേശങ്ങളിലും ഉണ്ടായിട്ടുള്ളതുകൊണ്ടുതന്നെയാണ് ആദികവിയായ വാല്മീകിയുടെ രാമായണം ഇന്നും പ്രചാരത്തിലുള്ളത്. പക്ഷെ, കാലത്തിന്റെ കുത്തൊഴുക്കിൽ, എന്തിനാണ് വാല്മീകി രാമായണം എഴുതിയത് എന്നത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തതും അതിനായി ശ്രമിക്കാത്തതുമായ ജനങ്ങളുള്ള ഒരു കാലഘട്ടമാണിത്.
രാമായണം ഒരു ഇതിഹാസമാണ്. ഇതിഹാസത്തിന്റെ നിർവചനം ഇങ്ങനെയാണ്:
"ധർമാർത്ഥകാമമോക്ഷാണാമുപദേശസമന്വിതം
പൂർവ്വവൃത്തകഥായുക്തമിതിഹാസം പ്രചക്ഷതെ"
പണ്ട് നടന്ന സംഭവങ്ങളെ കഥാരൂപത്തിൽ വിവരിച്ചിരിക്കുന്നതാണ് ഇതിഹാസങ്ങൾ. അങ്ങനെയെങ്കിൽ, അവ ചരിത്രം തന്നെയാണ്. പണ്ട് നടന്ന സംഭവങ്ങളെയും അവയിൽ ജീവിച്ചിരുന്ന വ്യക്തികളെയും കുറിച്ച് എഴുതിവച്ചിരിക്കുന്നത് ഭാവിതലമുറ വായിച്ച് മനസ്സിലാക്കുന്നതിനും, അവരവരുടെ ജീവിതത്തിൽ "ധാർമികമായി പ്രവർത്തിച്ച് ആവശ്യമായതൊക്കെ നേടിയെടുത്ത് (അർത്ഥം), അർഹിക്കുന്ന ആഗ്രഹങ്ങളൊക്കെ (കാമ) സഫലമാക്കി, മോക്ഷത്തിന്റെ പാതയിലേക്ക് എത്തി മോക്ഷം നേടുന്നതിനു വേണ്ടിയാണ്".

വാല്മീകി രാമായണത്തിൽ രാമനെ ഒരു മനുഷ്യനായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു സാധാരണ മനുഷ്യന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ, രാമന്റേത് ദുഃഖങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്. പക്ഷെ, ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങളിൽ തളരാതെ, "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് രാമൻ എങ്ങനെ ജീവിച്ചു, ആ സാഹചര്യങ്ങളെ എങ്ങനെ നേരിട്ടു, എങ്ങനെ തരണം ചെയ്തു എന്നതാണ് രാമായണത്തിൽ പ്രതിപാദിക്കുന്നത്.

രാമൻ എങ്ങനെ ജീവിച്ചുവോ, നമ്മളും അത് മാതൃകയാക്കി "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് ജീവിക്കണമെന്ന ഉദ്ദേശമാണ് യഥാർത്ഥ വാല്മീകി രാമായണത്തിന്റേത്.

പക്ഷെ, ഇക്കാലത്ത് അങ്ങനെയാണോ രാമായണത്തെ ആളുകൾ കാണുന്നത്? വായിക്കുന്നത്? മനസ്സിലാക്കുന്നത്?

"അല്ല" എന്നുതന്നെയാണ് ഉത്തരം.

വാല്മീകി രാമായണത്തിന് ശേഷം വന്ന രാമായണങ്ങൾ വായിച്ചും കേട്ടും മനസ്സിലാക്കിയും,
"രാമൻ ദൈവമാണോ, അതോ മനുഷ്യനാണോ?"
"രാമായണം ഒരു കഥയാണോ, അതോ ശരിക്കും സംഭവിച്ചിട്ടുള്ളതാണോ?"
"രാമായണം ശരിക്കും സംഭവിച്ചിട്ടുള്ളതാണെങ്കിൽ, എങ്ങനെയാണ് ഹനുമാൻ ലങ്കയിലേക്ക് ചാടുക? രാവണന് എങ്ങനെയാണ് പത്ത് തലയുണ്ടാകുക? വാനരന്മാർക്ക് സംസാരിക്കാൻ പറ്റുമോ? ഇങ്ങനെ അവിശ്വസനീയമായ കാര്യങ്ങൾ ഉള്ള രാമായണം എങ്ങനെ സംഭവിക്കും? അതിനാൽ അത് ഒരു കഥ തന്നെയല്ലേ?"
എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളാൽ ആശയക്കുഴപ്പത്തിലായ തലമുറകൾ അനവധി കടന്നുപോയി.

അങ്ങനെ രാമായണത്തെ ഒരു കഥ മാത്രമായി കണ്ട്, അത് ജീവിതത്തിൽ പകർത്തേണ്ട ഒന്നാണെന്ന് മനസ്സിലാക്കാതെ, മിക്കവാറും എല്ലാവരും രാമായണം വായിക്കുന്നു.

എങ്ങനെ ഇതിനൊരു മാറ്റം വരുത്താം?

"രാമൻ ദൈവമാണോ, അതോ മനുഷ്യനാണോ?"
തദ്ദേശീയമായി പ്രചാരത്തിലുള്ള രാമായണങ്ങൾ വാല്മീകി രാമായണത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമം നടത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, കേരളത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്" ആണ് കൂടുതൽ പ്രചാരത്തിലുള്ളത്. ഇതിലെ രാമൻ ഒരു ദൈവമാണ്. എന്നാൽ വാല്മീകി രാമായണത്തിലെ രാമൻ ഒരു മനുഷ്യനാണ്. "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് ജീവിച്ച വാല്മീകി രാമായണത്തിലെ മനുഷ്യനായ രാമനെപ്പോലെ ജീവിക്കണമെന്ന രീതിയിലല്ല, "അദ്ധ്യാത്മരാമായണം" വായിക്കുമ്പോൾ രാമനെ കാണുന്നത്. അദ്ധ്യാത്മരാമായണത്തിൽ രാമൻ ദൈവമായതുകൊണ്ട്, "ദൈവത്തിന് എന്തും പറ്റും; പക്ഷെ മനുഷ്യനായ എനിക്ക് രാമനെപ്പോലെ ചെയ്യാൻ പറ്റില്ല" എന്ന ഒരു conclusion-ലാണ് മിക്കവാറും പേരും എത്തുന്നത്. അതിനാൽ, "രാമൻ ഒരു ദൈവം, ഞാൻ ഒരു മനുഷ്യൻ" എന്ന രീതിയിലുള്ള അന്ധമായ ഒരു surrender ആണ് നടക്കുന്നത്. രാമായണം മുഴുവൻ വായിക്കും... എന്നിട്ട് എല്ലാ കള്ളത്തരങ്ങളും ചെയ്യും എന്ന അവസ്ഥ.

എങ്ങനെ ഈ തെറ്റിദ്ധാരണയിൽ നിന്ന് മാറാം?

അതിന് ആദ്യമായി, എവിടെ നിന്നാണ് തുഞ്ചത്തെഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്" ഉണ്ടായത് എന്ന് നോക്കണം. ബ്രഹ്മാണ്ഡപുരാണത്തിൽ വ്യാസൻ എഴുതിയിട്ടുള്ള അദ്ധ്യാത്മരാമായണത്തിന്റെ തർജ്ജമയാണ് തുഞ്ചത്തെഴുത്തച്ഛന്റെ *അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്* (മുഴുവൻ word-by-word തർജ്ജമയല്ല). വ്യാസൻ മഹാഭാരതം എഴുതിയ ആളല്ലേ? വാല്മീകി രാമായണം എഴുതിയ കാലഘട്ടത്തിനും വളരെ മുൻപ് എഴുതപ്പെട്ട രാമായണം വ്യാസൻ എന്തിന് വീണ്ടും എഴുതി?

മഹാഭാരതവും മറ്റൊരു ഇതിഹാസമാണ്. അതായത്, മഹാഭാരതവും ചരിത്രമാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുന്ന മനുഷ്യർ തന്നെയാണ്. വാല്മീകി രാമായണം എഴുതുമ്പോഴും വ്യാസൻ മഹാഭാരതം എഴുതുമ്പോഴും, അന്നത്തെ ചരിത്രം അന്നത്തെ വ്യക്തികളെക്കുറിച്ച് തന്നെ വിവരിച്ച് എഴുതിയാൽ, വരുംതലമുറ അത് വേണ്ടവിധം മനസ്സിലാക്കുമെന്ന് അവർ കരുതിയിരിക്കണം. പക്ഷെ, ക്രൂരതകളും ചതികളും സ്വാർത്ഥതയും നിറഞ്ഞ ദുഷ്ടവ്യക്തികളുടെ നാശത്തിന്റെ കഥ പറയുന്ന മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ ശ്രീകൃഷ്ണനെ "വേണ്ടത്ര വരുംതലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റുമോ?" എന്ന ചിന്ത കൊണ്ടായിരിക്കണം, 18 പുരാണങ്ങളിലൊന്നായ ഭാഗവതപുരാണത്തിൽ ദൈവീകപരിവേഷത്തോടുകൂടി ശ്രീകൃഷ്ണന്റെ ജീവിതം എഴുതിയത്. ഭാഗവതത്തിൽ ശ്രീകൃഷ്ണന്റെ അമാനുഷികമായ പല കാര്യങ്ങളും പറയുന്നുണ്ട്. (പക്ഷെ, മഹാഭാരതത്തിൽ അങ്ങനെയില്ല.) അങ്ങനെ എഴുതിയതുകൊണ്ടാണ്, തലമുറകളായി അതൊക്കെ കേട്ടും പറഞ്ഞും വായിച്ചുമൊക്കെയാണ് ഇന്നും ശ്രീകൃഷ്ണൻ ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നത്. വെറും മനുഷ്യനെപ്പോലെ എഴുതിയ മഹാഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, നമ്മളൊന്നും കൃഷ്ണനെ വേണ്ടത്ര ആരാധിക്കില്ലായിരുന്നു. അതേ ചിന്താഗതിയിൽ തന്നെയായിരിക്കാം, ഒരു മനുഷ്യനെപ്പോലെ രാമനെക്കുറിച്ച് പറയുന്ന രാമായണത്തെ, ദൈവിക ഭാവത്തിലുള്ള രാമന്റെ കഥയായി വ്യാസൻ *അദ്ധ്യാത്മരാമായണത്തിൽ* എഴുതിയത്. അതുകൊണ്ടുതന്നെയാണ് രാമനെ ഇന്നും ജനങ്ങൾ ആരാധിക്കുന്നത്. രാമനോടും കൃഷ്ണനോടും ജനങ്ങൾക്കുള്ള 'ഭക്തി'യാണ് ഇന്നും രാമനെയും കൃഷ്ണനെയും പ്രസക്തരാക്കുന്നത്.

രാമനെയും കൃഷ്ണനെയും പറ്റി മനുഷ്യരെപ്പോലെ മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂവെങ്കിൽ, ഇന്ന് ജനങ്ങൾക്കുണ്ടാകുന്ന അതേ ഭക്തി ഉണ്ടാകുമോ എന്നത് സംശയമാണ്. പക്ഷെ, മിക്കവാറും ആളുകളും ആ ഭക്തിയിൽ മാത്രം കുടുങ്ങിക്കിടക്കുകയാണ്. വെറുതെ അലഞ്ഞുനടക്കുന്ന കുഞ്ഞാടുകളെ രാമനോടും കൃഷ്ണനോടും അടുപ്പിക്കാൻ വേണ്ടിയുള്ളതാണ് അവരെക്കുറിച്ച് 'ദൈവികമായ' രീതിയിൽ എഴുതിയിരിക്കുന്നത്. അതിന്റെ അടുത്ത പടിയായി, രാമന്റെയും കൃഷ്ണന്റെയും മാനുഷികമായ ജീവിതത്തെക്കുറിച്ച് പഠിക്കണം. അത് മനസ്സിലാക്കാൻ ശ്രമിക്കണം. പറ്റാവുന്നത്ര പ്രാവർത്തികമാക്കാൻ നോക്കണം. ആ രീതിയിൽ രാമായണം മനസ്സിലാക്കിയാലേ, വാല്മീകി എഴുതിയതിന്റെ പ്രയോജനം നമുക്ക് ലഭ്യമാകൂ.

ചുരുക്കിപ്പറഞ്ഞാൽ, തദ്ദേശീയമായി പഠിച്ചിട്ടുള്ള രാമായണങ്ങളിൽ നിന്ന് മാറി, വാല്മീകി എഴുതിയ original രാമായണം പഠിക്കാൻ ശ്രമിക്കണം. (രാമൻ ദൈവമാണോ അതോ മനുഷ്യനാണോ എന്നതിന് കുറച്ചെങ്കിലും വ്യക്തത ഉണ്ടാകാൻ ഇത് സഹായിച്ചേക്കും.)

"രാമായണം ഒരു കഥയാണോ, അതോ ശരിക്കും സംഭവിച്ചിട്ടുള്ളതാണോ?"
പുരാതന കാലഘട്ടങ്ങളിലെ സംഭവങ്ങളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് പലപ്പോഴും പുരാവസ്തുശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. ഭൂമിക്കടിയിലും ഭൂമിയുടെ ഉപരിതലത്തിലും കണ്ടെത്തുന്ന ഖനനാവശിഷ്ടങ്ങൾ, പുരാവസ്തുക്കൾ, കെട്ടിടാവശിഷ്ടങ്ങൾ, മറ്റ് ചരിത്രാവശിഷ്ടങ്ങൾ എന്നിവ ചരിത്രകാലക്രമം നിർണ്ണയിക്കുന്നതിനുള്ള പ്രധാന തെളിവുകളാണ്.

എന്നാൽ പുരാവസ്തുശാസ്ത്രം മാത്രം മതിയോ?

ഇവിടെയാണ് നിലേഷ് ഓക്കിന്റെ ഗവേഷണം ശ്രദ്ധേയമാകുന്നത്. എക്സിക്യൂട്ടീവ് എം.ബി.എ. നേടിയ ഒരു കെമിക്കൽ എഞ്ചിനീയറായ അദ്ദേഹം പിന്നീട് തന്റെ ശ്രദ്ധ പ്രാചീന ഭാരതീയ കാലഗണനയെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക് തിരിച്ചു.

പുരാവസ്തുശാസ്ത്രം, ജ്യോതിശാസ്ത്രം, പുരാജീവശാസ്ത്രം (പാലിയന്റോളജി), ഭൂമിശാസ്ത്രം, ഭൗമശാസ്ത്രം, ജനിതകശാസ്ത്രം, സമുദ്രശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രശാഖകളുടെ സഹായത്തോടെ അദ്ദേഹം രാമായണത്തെയും മഹാഭാരതത്തെയും പഠിക്കുന്നു. ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങൾ, ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾ, ഭൗമശാസ്ത്രപരമായ സംഭവങ്ങൾ, സമുദ്രത്തിലെ മാറ്റങ്ങൾ, പുരാതന ജീവികളുടെ തെളിവുകൾ എന്നിവ പരസ്പരം താരതമ്യം ചെയ്യുകയും ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട്, ഈ ഇതിഹാസങ്ങളിൽ വിവരിക്കപ്പെടുന്ന സംഭവങ്ങൾ ഏത് കാലഘട്ടത്തിലാണ് നടന്നതെന്ന് ഏകദേശമായി നിർണ്ണയിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

നീലേഷ് ഓക്കിന്റെ പഠനപ്രകാരം, രാമന്റെ കാലം 12,000 വർഷങ്ങൾക്ക് മുൻപാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് നോക്കൂ: puTTuNNi Notes: Nilesh Oak - How old are the Itihasas, Ramayana and Mahabharata? അല്ലെങ്കിൽ YouTube-ൽ "നിലേഷ് ഓക്ക്" എന്ന് search ചെയ്താൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

ഇതിലൂടെ രാമായണത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടന്നിട്ടുള്ളതുതന്നെയാണെന്നുള്ള ഒരു ബോധ്യം തീർച്ചയായും ഉണ്ടാകും.

"രാമായണം ശരിക്കും സംഭവിച്ചിട്ടുള്ളതാണെങ്കിൽ, എങ്ങനെ ഹനുമാൻ ലങ്കയിലേക്ക് ചാടും? രാവണന് എങ്ങനെയാണ് പത്ത് തലയുണ്ടാകുക? വാനരന്മാർക്ക് സംസാരിക്കാൻ പറ്റുമോ?"

"പൂർവവൃത്തകഥായുക്തം" എന്നാണ് ഇതിഹാസത്തിന്റെ നിർവചനത്തിൽ പറയുന്നത്.

അതായത്, പണ്ട് നടന്ന കാര്യങ്ങൾ — ചരിത്രം — കഥയായി എഴുതിയിരിക്കുന്നു.കഥാകാരന്റെ ഭാവനയ്ക്കനുസരിച്ച് കഥകൾ രചിക്കാം. അതിനാൽ, വാല്മീകി രാമായണത്തിന് പിൽക്കാലത്ത് വന്ന പല രാമായണങ്ങളിലും അവിശ്വസനീയമായ കഥകളിലൂടെ രാമന്റെ കഥ വിവരിച്ചിരിക്കുന്നു. ഭൂരിഭാഗം ആളുകളും ആ കഥകളിൽ ഇപ്പോഴും കുരുങ്ങിക്കിടക്കുന്നു. അതുകൊണ്ടാണ് ഇപ്പോഴും രാമായണം ഒരു ചരിത്രമാണെന്ന് മനസ്സിലാക്കാൻ പലർക്കും കഴിയാത്തത്.

ഇതിൽനിന്നുള്ള മോചനത്തിന് സഹായിക്കുന്നതാണ് "21 Notes – Valmiki Ramayan" എന്ന YouTube ചാനൽ: https://youtu.be/dvhDQVCJcX8?si=7KVk8Ac9weINC-04
വേണമെങ്കിൽ ഇവിടെ വായിച്ചുതുടങ്ങാം:

മറ്റൊരു ഉദാഹരണം, ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളുടെയും അവ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളുടെയും വ്യാപ്തി കാണിച്ചുതരും. ശ്രീ ശരത് ഹരിദാസിന്റെ "സുന്ദരകാണ്ഡത്തിലെ ഹനുമാൻ" എന്ന വീഡിയോയിൽ നിന്ന്: https://www.youtube.com/watch?v=EwsAuSVhL2g

ഭീമാകാരനായി ലങ്കയിലേക്ക് ചാടിയ ഹനുമാൻ, പൂച്ചയെപ്പോലെ വളരെ ചെറിയ രൂപം പ്രാപിച്ച് ലങ്കയിലേക്ക് പ്രവേശിച്ചു എന്നാണ് വാല്മീകി രാമായണത്തിൽ പറയുന്നത്. ഹനുമാൻ പൂച്ചയായിട്ട് ലങ്കയിൽ പ്രവേശിച്ചുവെന്ന് വാല്മീകി രാമായണം പറയുന്നില്ല.

പക്ഷെ, പദ്മപുരാണത്തിന്റെ ബംഗാളി വേർഷനിലും, പല നാടോടിക്കഥകളിലും, ഗുജറാത്തിലെ രാമായണ സാരം എന്ന ഗ്രന്ഥത്തിലുമൊക്കെ, ഹനുമാൻ പൂച്ചയുടെ രൂപമല്ല, സാക്ഷാൽ പൂച്ചയായിട്ട് തന്നെയാണ് ലങ്കയിലേക്ക് പ്രവേശിക്കുന്നതെന്ന് പറയുന്നു. തുളസീദാസിന്റെ രാമചരിതമാനസത്തിൽ കൊതുകിന്റെ രൂപത്തിലും, ഗുണഭദ്രൻ എഴുതിയ ഉത്തരപുരാണത്തിൽ വണ്ടായിട്ടും, അഗ്നിപുരാണത്തിൽ എലിയായിട്ടും, മലേഷ്യ/തായ്‌ലൻഡ് എന്നിവിടങ്ങളിലെ രാമായണത്തിൽ ബ്രാഹ്മണനായിട്ടും, ചില ആദിവാസി വേർഷനുകളിൽ തത്തയായിട്ടും, പഞ്ചാബിൽ കാക്കയായിട്ടും, ഇന്തോനേഷ്യയിൽ പോത്തായിട്ടും, കൊറിയ ഭാഗത്തുള്ള വേർഷനിൽ ഒരു രാക്ഷസനായിട്ടും ഹനുമാൻ ലങ്കയിൽ കയറിയതായി പറയുന്നു.

ഒന്നാമതായി, ഹനുമാൻ ഒരു കുരങ്ങനല്ല, മനുഷ്യൻ തന്നെയായിരുന്നുവെന്ന് മുൻപ് എഴുതിയ "21 Notes – Valmiki Ramayan" എന്ന YouTube ചാനലിലെ പ്രഭാഷണങ്ങൾ കേട്ടാൽ ബോധ്യമാകും.

ഹനുമാൻ ലങ്കയിലേക്ക് ചാടിയതല്ല, നീന്തിയതാണെന്നും മനസ്സിലാകും.

ഹനുമാൻ വലിയ രൂപം എടുക്കുന്നതും ചെറിയ രൂപം എടുക്കുന്നതും 'വാല്മീകിയുടെ കഥാരൂപത്തിലുള്ള വർണ്ണനയാണ്.'

ചെറിയ രൂപത്തിൽ ലങ്കയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞാൽ, ആർക്കും മനസ്സിലാക്കാൻ പറ്റാത്തവിധം നുഴഞ്ഞുകയറി എന്ന് മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ.

പക്ഷെ, പിൽക്കാലത്തെ രാമായണങ്ങളിൽ വാല്മീകി ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത രൂപങ്ങളിൽ ഹനുമാൻ ലങ്കയിൽ കയറിയതായി പറയുന്നു.

കൊതുകാണോ, പൂച്ചയാണോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കി, രാമായണം വെറും കഥയാണെന്ന് പറയുന്നതിന് പകരം, ഏത് രൂപമായാലും, ആർക്കും മനസ്സിലാക്കാൻ പറ്റാത്തവിധം ലങ്കയിലേക്ക് നുഴഞ്ഞുകയറി എന്ന് മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ.
---
അങ്ങനെ, ഇക്കാലമത്രയും രാമനെയും രാമായണത്തെയും 'ദൈവികമായ രീതിയിൽ' മനസ്സിലാക്കിയതിനെ താൽക്കാലികമായി ഒരു വശത്തേക്ക് മാറ്റിവച്ച്, രാമായണത്തെ മനുഷ്യനായ രാമന്റെ ജീവിതമായി മനസ്സിലാക്കാൻ ശ്രമിക്കാനും, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും എല്ലാവർക്കും പ്രചോദനമുണ്ടാകട്ടെ...
[08172026]

No comments:

Post a Comment